ഒരു ഔഷധസസ്യമാണ് മരമഞ്ഞൾ .ആയുർവേദത്തിൽ പ്രമേഹം ,മൂത്രാശയ രോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,നേത്രരോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിൽ മരമഞ്ഞൾ ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ട്രീ ടർമെറിക് എന്നും സംസ്‌കൃതത്തിൽ ദാരുഹരിദ്രാ എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ കാലീയകം ,ദർവി ,പീതദാതു ,പീതദാദ്രു തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .
Botanical name : Berberis aristata.
Family : Berberidaceae (Barberry family).
Synonyms: Berberis chitria, Berberis coccinea, Berberis macrophylla.
വിതരണം .
ഹിമാലയം ,നേപ്പാൾ എന്നിവിടങ്ങളിൽ 1300 മുതൽ 10000 അടി വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്നു .
സസ്യവിവരണം .
5 മീറ്റർ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള ഒരു ചെറിയ വൃക്ഷമാണ് മരമഞ്ഞൾ .കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും Berberis aristata എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ ചെറിയ മരത്തെ മരമഞ്ഞളായി ഉപയോഗിക്കുന്നു .ഇതിനു പകരമായി കേരളത്തിൽ Coscinium fenestratum എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന വള്ളി സസ്യത്തെ മരമഞ്ഞളായി ഉപയോഗിക്കുന്നു .ആയുർവേദ ഔഷധ നിർമ്മാണത്തിലും ഈ വൃക്ഷത്തെയാണ് മരമഞ്ഞളായി ഉപയോഗിക്കുന്നത് .
വംശനാശ ഭീക്ഷണി നേരിടുന്നൊരു സസ്യമാണ് വള്ളിച്ചെടിയായ മരമഞ്ഞൾ. ഇതിനെ മഞ്ഞവള്ളി എന്നും അറിയപ്പെടുന്നു .ഇന്ത്യയാണ് ഈ സസ്യത്തിന്റെ ജന്മദേശം .ഇത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും പശ്ചിമഘട്ടങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത് .കരുത്തുറ്റ വള്ളികളുള്ളതും മറ്റു മരങ്ങളിൽ പടർന്നു വളരുകയും ചെയ്യുന്നു .ഇലകൾ കട്ടിയുള്ളതും തിളക്കമുള്ളതുമാണ് .വൃത്താകൃതിയുള്ള ഇലകളുടെ അറ്റം കൂർത്തതാണ് .ഇതിന്റെ വേരുകളും കനമുള്ള തണ്ടുകളും മുറിച്ചു നോക്കിയാൽ മഞ്ഞ നിറമാണ് .ഇതിന്റെ തണ്ടിൽ അടങ്ങിയിരിക്കുന്ന ബെർബെറിൻ എന്ന ഘടകമാണ് ഈ മഞ്ഞ നിറത്തിനു കാരണം .
രാസഘടകങ്ങൾ .
ഇതിന്റെ തണ്ടിലും പുറംതൊലിയിലും ബെർബെറിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു .
പ്രാദേശികനാമങ്ങൾ .
English name: Tree Turmeric, False Calumba , Indian berberi.
Malayalam name : Maramanjal.
Tamil name: Maramanjal.
Kannada name : Haladadaru.
Telugu name : Kasturipasupu.
Hindi name : Daruhaldi.
Marathi name : Daruharidra.
Bengali name : Daruharidra.
Punjabi name: Daruhaldi.
Gujarati name : Daruhaldi.
രസാദിഗുണങ്ങൾ .
രസം -തിക്തം ,കഷായം .
ഗുണം -ലഘു ,രൂക്ഷം .
വീര്യം -ഉഷ്‌ണം .
വിപാകം -കടു .
ഔഷധയോഗ്യഭാഗങ്ങൾ .
വേര് ,തൊലി ,വള്ളി .
മരമഞ്ഞളിന്റെ ഔഷധഗുണങ്ങൾ .
ആയുർവേദത്തിലും സിദ്ധ ,യുനാനി ,പാരമ്പര്യ ,നാട്ടുവൈദ്യത്തിലും മരമഞ്ഞൾ ഔഷധമായി ഉപയോഗിക്കുന്നു .നാലു വർഷത്തിൽ കൂടുതൽ പ്രായമുള്ള ചെടികളാണ് സാധാരണ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .രക്തം ശുദ്ധീകരിക്കുകയും എല്ലാവിധ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യും .ചർമ്മത്തിന്റെ നിറം വർധിപ്പിക്കും .മുറിവുകളും വ്രണങ്ങളും സുഖപ്പെടുത്തും . മഞ്ഞപ്പിത്തം ,പനി ,പ്രമേഹം,മൂത്രാശയ രോഗങ്ങൾ ,മൂലക്കുരു ,ഫിസ്റ്റുല എന്നിവയ്ക്കും നല്ലതാണ് .ശരീരക്ഷീണം ഇല്ലാതാക്കും .വയറിളക്കം ,വയറുവേദന ,വെള്ളപോക്ക് എന്നിവയ്ക്കും നല്ലതാണ് .നീരും വേദനയും കുറയ്ക്കും ,വായിലും തൊണ്ടയിലുമുണ്ടാകുന്ന അണുബാധകളെ ചെറുക്കും .നേത്രരോഗങ്ങൾക്കും നല്ലതാണ് .വിഷശമന ശക്തിയുണ്ട് .തേൾ ,ചിലന്തി ,പ്രാണികൾ ,പാമ്പ് മുതലായവയുടെ വിഷം ശമിപ്പിക്കും .ശാരീരികാരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്തും .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിത്സിക്കരുത് .
മരമഞ്ഞൾ ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
ദേവദാർവൃരിഷ്ടം -Devadarvyarishtam.
ഡയബറ്റിക് ന്യൂറോപ്പതി,മൂത്രാശയരോഗങ്ങൾ ,മലബന്ധം ,ദഹനക്കേട്,എക്സിമ മുതലായവയുടെ ചികിൽത്സയിൽ ദേവദാർവൃരിഷ്ടം ഉപയോഗിച്ചുവരുന്നു .
നിംബഹരിദ്രാദി ചൂർണം -Nimbaharidradi Churnam.
ചൊറി ,ചൊറിച്ചിൽ ,എക്സിമ ,അലർജി ത്വക്ക് രോഗങ്ങൾ ,മുഖക്കുരു മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ആയുർവേദ മരുന്നാണ് നിംബഹരിദ്രാദി ചൂർണം.
അശോകാരിഷ്ടം -Asokarishtam.
സ്ത്രീരോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അശോകാരിഷ്ടം.ക്രമം തെറ്റിയ ആർത്തവം ,ആർത്തവവേദന ,അമിത ആർത്തവം ,വെള്ളപോക്ക് മുതലായവയുടെ ചികിൽത്സയിൽ അശോകാരിഷ്ടം ഉപയോഗിക്കുന്നു .
വലിയ അരിമേദാസ് തൈലം -Valiya Arimedas Tailam .
ദന്തരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അരിമേദാസ് തൈലം .മോണകളിലുണ്ടാകുന്ന നീര്,വേദന,പല്ലിന്റെ ബലക്കുറവ് മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു.
അരിമേദാദി തൈലം -Arimedadi Tailam.
ആയുർവേദത്തിൽ മുഖരോഗ ചികിൽത്സയിൽ നിർദ്ദേശിച്ചിരിക്കുന്ന ഒരു തൈലമാണ് അരിമേദാദി തൈലം.മുഖരോഗം എന്നാൽ വായിലുണ്ടാകുന്ന രോഗങ്ങൾ എന്നാണ് .ദന്തരോഗങ്ങളുടെ ചികിൽത്സയിലാണ് ഈ തൈലം പ്രധാനമായും ഉപയോഗിക്കുന്നത് .പല്ലുകളുടെയും മോണകളുടേയും ബലം വർധിപ്പിക്കുന്നതിനും വായിലുണ്ടാകുന്ന പല രോഗങ്ങളെ തടയുന്നതിനും ഈ തൈലം ഉപയോഗിക്കുന്നു .
ജാത്യാദി ഘൃതം -Jatyadi Ghritam.
ഉണങ്ങാത്ത മുറിവുകൾ ,ഫിസ്റ്റുല ,ചൊറി ,ചൊറിച്ചിൽ ,പുഴുക്കടി ,പ്രാണി വിഷം തുടങ്ങിയവയുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ജാത്യാദി ഘൃതം.
വില്വാദി ഗുളിക - Vilwadi Gulika.
വയറിളക്കം ,ഛർദ്ദി ,മലബന്ധം ,പനി ,ഗ്യാസ്ട്രബിൾ ,ഭക്ഷ്യ വിഷബാധ ,തേൾ ,ചിലന്തി ,പ്രാണികൾ ,പാമ്പ് എന്നിവയുടെ വിഷബാധ തുടങ്ങിയവയുടെ ചികിത്സയിൽ വില്വാദി ഗുളിക ഉപയോഗിക്കുന്നു .
ദശമൂലാരിഷ്ടം -Dasamularishtam.
ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഉപയോഗിക്കുന്നു .
പീതക ചൂർണം -Pitaka Churnam.
മോണവീക്കം ,മോണപഴുപ്പ് ,വായ്പ്പുണ്ണ് ,ദന്തക്ഷയം ,വായ്‌നാറ്റം തുടങ്ങിയ വായിലുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ഔഷധമാണ് പീതക ചൂർണം.
ഖദിരാരിഷ്ടം -Khadirarishtam.
വിട്ടുമാറാത്ത എല്ലാ ചർമ്മരോഗങ്ങളുടെ ചികിത്സയിലും വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഖദിരാരിഷ്ടം .കൂടാതെ വിളർച്ച ,ഹൃദ്രോഗം ,വയറ്റിലെ ട്യൂമർ ,ഉദരകൃമി, വയറു വീർപ്പ് മുതലായവയിലും .ചുമ ,ആസ്മ തുടങ്ങിയവയുടെ ചികിത്സയിലും ഖദിരാരിഷ്ടം ഉപയോഗിക്കുന്നു .
അശ്വഗന്ധാരിഷ്ടം -Aswagandharishtam.
ലൈംഗീകപ്രശ്നങ്ങൾ ,വിഷാദരോഗം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അശ്വഗന്ധാരിഷ്ടം.പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,സ്ത്രീ-പുരുഷ വന്ധ്യത തുടങ്ങിയവയ്‌ക്കെല്ലാം അശ്വഗന്ധാരിഷ്ടം ഉപയോഗിച്ചുവരുന്നു .കൂടാതെ വിഷാദം , ഉത്കണ്ഠ, ഉറക്കമില്ലായ്‌മ , ശരീരക്ഷീണം ,പ്രധിരോധശേഷിക്കുറവ് ,പനി ,ജലദോഷം ,ശരീരഭാരം കുറയുക ,തുടങ്ങിയ അവസ്ഥകളിലെല്ലാം അശ്വഗന്ധാരിഷ്ടം ഒറ്റയ്ക്കും മറ്റ് മരുന്നുകളോടൊപ്പവും ഡോക്ടർമാർ നിർദേശിക്കുന്നു .
ശ്രീഖണ്ഡാസവം - Srikhandasavam.
മദ്യപാനത്തിൽ നിന്നും മോചനം നേടാൻ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് ശ്രീഖണ്ഡാസവം.
പഠാദി ഗുളിക - Patadi Gulika.
വയറിളക്കം ,മലബന്ധം ,ത്വക്ക് രോഗങ്ങൾ ,ഗ്രഹണി ,അപസ്‌മാരം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് പഠാദി ഗുളിക.
നളദാദി ഘൃതം - Naladadi Ghritam.
(ADHD) അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ ,ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാവാതെ വരുന്ന അവസ്ഥ . (അഫേസിയ ) ആശയവിനിമയം തകരാറിലാക്കുന്ന അവസ്ഥ ,ഓട്ടിസം മുതലായവയുടെ ചികിൽത്സയിൽ നളദാദി ഘൃതം ഉപയോഗിക്കുന്നു .
ഷഡ്ധരണ ചൂർണം ടാബ്‌ലെറ്റ് - Shaddharanachurnam Tablet.
വാതരോഗങ്ങൾ ,ത്വക്ക് രോഗങ്ങൾ ,പ്രമേഹം ,മൂലക്കുരു ,മലബന്ധം ,വായുകോപം ,ഗ്രഹണി തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് ഷഡ്ധരണ ചൂർണം ടാബ്‌ലെറ്റ്.
പുനർനവാമണ്ഡൂരം -Punarnavamanduram.
അനീമിയ ,പൈൽസ് ,വിട്ടുമാറാത്ത പനി ,ഗ്രഹണി ,ഡെർമറ്റൈറ്റിസ്, കൃമിശല്ല്യം ,ദഹനക്കേട് മുതലായവയുടെ ചികിൽത്സയിൽ പുനർനവാമണ്ഡൂരം ഉപയോഗിക്കുന്നു .
ഇളനീർ കുഴമ്പ് -Elaneer Kuzhampu.
നേത്രരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു കുഴമ്പാണ് ഇളനീർ കുഴമ്പ് .തിമിരം ,കണ്ണിലെ അണുബാധ തുടങ്ങിയ വിവിധ നേത്രരോഗങ്ങളുടെ ചികിത്സയിൽ ഇത് കണ്ണിലൊഴിക്കാൻ ഉപയോഗിക്കുന്നു .
സിദ്ധാർത്ഥക സ്നാന ചൂർണം -Siddharthaka Snana Choornam.
സോറിയാസിസ് ,എക്സിമ ,വരണ്ട ചർമ്മം ,മുഖക്കുരു മറ്റു ത്വക്ക് രോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ സോപ്പിനു പകരം ശരീരത്തിൽ തേച്ചു കുളിക്കാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ പൊടിയാണ് സിദ്ധാർത്ഥക സ്നാന ചൂർണം .
മേഹാരിദ്രാവകം കഷായം -Meharidravakam Kashayam.
പ്രമേഹരോഗത്തിന് ഉപയോഗിക്കുന്ന ഒരു കഷായമാണ് മേഹാരിദ്രാവകം കഷായം .
പുഷ്യാനുകം ചൂർണം - Pushyanugam Choornam.
ആർത്തവ പ്രശ്‌നങ്ങൾ ,വെള്ളപോക്ക് ,മൂലക്കുരു ,വയറിളക്കം മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് പുഷ്യാനുകം ചൂർണം .
വസ്ത്യാമയാന്തകം ഘൃതം .Vasthyamayanthakam Ghrutham .
മൂത്രാശയ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ മരുന്നാണ് വസ്ത്യാമയാന്തകം . മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ ,മൂത്ര തടസം ,മൂത്രത്തിൽ കല്ല് തുടങ്ങിയവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു
സുദർശനം ഗുളിക -Sudarshanam Gulika.
പനി ,വിട്ടുമാറാത്ത പനി ,കരൾ പ്ലീഹ വീക്കം തുടങ്ങിയവയുടെ ചികിത്സയിൽ സുദർശനം ഗുളിക ഉപയോഗിക്കുന്നു .
മഹാതിക്തക ഘൃതം -Mahatiktakaghritam.
ചർമ്മരോഗങ്ങൾ ,ഹെർപ്പിസ് ,ഗ്യാസ്ട്രൈറ്റിസ്,സന്ധിവാതം ,അനീമിയ ,മഞ്ഞപ്പിത്തം ,പനി ,അമിത ആർത്തവം ,വെള്ളപോക്ക് ,പെപ്റ്റിക് അൾസർ ,മാനസിക സമ്മർദം ,ഉത്ക്കണ്ഠ ,അപസ്‌മാരം മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് മഹാതിക്തകഘൃതം .ഇത് .ക്യാപ്സൂൾ രൂപത്തിലും ലഭ്യമാണ് .
മഞ്ജിഷ്ഠാദി ക്വാതം - Manjishthadi Kwatham.
വിട്ടുമാറാത്ത ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് മഞ്ജിഷ്ഠാദി ക്വാതം.സോറിയാസിസ് ,എക്സിമ,,ചർമ്മത്തിലെ ചൊറിച്ചിൽ ,ഉണങ്ങാത്ത മുറിവുകൾ ,വെരിക്കോസ് അൾസർ മുതലായവയുടെ ചികിൽത്സയിൽ മഞ്ജിഷ്ഠാദി ക്വാതം ഉപയോഗിച്ചുവരുന്നു .
മരമഞ്ഞളിന്റെ ചില ഔഷധ പ്രയോഗങ്ങൾ .
മരമഞ്ഞൾ തൊലി ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം അത്രയും തെന്നെ തേനും ചേർത്ത് ദിവസം രണ്ടു നേരം എന്ന കണക്കിൽ കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .മരമഞ്ഞൾ ഉണക്കിപ്പൊടിച്ച പൊടി 3 ഗ്രാം വീതം തേനിൽ ചാലിച്ചു കഴിച്ചാലും മതിയാകും .ഇത് കുറച്ചു നാൾ പതിവായി കഴിച്ചാൽ എല്ലാ വിധ കരൾ രോഗങ്ങളും ശമിക്കും .
മരമഞ്ഞളിന്റെ തണ്ടും തൊലിയും ഇട്ട് കഷായമുണ്ടാക്കി 30 മില്ലി വീതം ദിവസം 3 നേരം വീതം കഴിക്കുകയും ഈ കഷായം കൊണ്ടുതന്നെ കഴുകയും ചെയ്‌താൽ അലർജി മൂലം ശരീരത്തിൽ തടിച്ചുപൊങ്ങുകയും അസഹനീയമായ ചൊറിച്ചിൽ ഉണ്ടാകുകയും ചെയ്യുന്ന ശീതപിത്തം (Urticaria) എന്ന രോഗം ശമിക്കും .കൂടാതെ ചൊറി ,ചിരങ്ങ് ,വ്രണം എന്നിവയ്‌ക്കെല്ലാം നല്ലതാണ് .
മരമഞ്ഞൾ ,വേപ്പിൻ തൊലി ,ചിറ്റമൃത് ,ഏകനായകം ,വേങ്ങാക്കാതൽ ,കരിങ്ങാലി എന്നിവ സമമായി എടുത്ത് കഷായമുണ്ടാക്കിയതിൽ ത്രിഫലാചൂർണം ചേർത്ത് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും. മരമഞ്ഞൾ ഉണക്കിപ്പൊടിച്ച പൊടി അര ടീസ്പൂൺ വീതം വെള്ളത്തിൽ കലർത്തി ദിവസവും കഴിക്കുന്നതും പ്രമേഹം കുറയ്ക്കാൻ നല്ലതാണ്.
മരമഞ്ഞൾ ഉണക്കിപ്പൊടിച്ച പൊടി അര ടീസ്പൂൺ വീതം തേനുമായി ചേർത്തു കഴിക്കുന്നത് ആർത്തവ കാലത്തേ അമിത രക്തസ്രാവം തടയാൻ നല്ലതാണ് .മുള്ളൻ ചീരയുടെ വേര് ,അശോക തൊലി ,മരമഞ്ഞൾ തൊലി ,നെല്ലിക്ക എന്നിവ സമമായി എടുത്ത് അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ കഴിക്കുന്നതും ആർത്തവകാലത്തെ അമിത രക്തസ്രാവം തടയാൻ നല്ലതാണ് .
മരമഞ്ഞൾ കൊത്തിയരിഞ്ഞ് അതിന്റെ 16 ഇരട്ടി വെള്ളത്തിൽ തിളപ്പിച്ച് നാലിലൊന്നാക്കി വറ്റിച്ച് അരിച്ചെടുത്ത ശേഷം അതെ അളവിൽ പശുവിൻ പാലും ചേർത്ത് വീണ്ടും തിളപ്പിച്ച് ജലാംശം മുഴുവൻ വറ്റിച്ചു ഉണക്കി എടുക്കുന്നതിനെ രസാഞ്ജനം എന്ന് അറിയപ്പെടുന്നു .(ഇതു വാങ്ങാൻ കിട്ടും ) ഇത് നേത്ര രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു .രസാഞ്ജനം ദിവസവും രാവിലെ കണ്ണിലെഴുതിയാൽ കാഴ്ച്ച ശക്തി വർധിക്കും .ചെങ്കണ്ണിനും നല്ലതാണ് . നേത്ര രോഗങ്ങൾ വരാതിരിക്കാനും സഹായിക്കും .കൂടാതെ മൂലക്കുരു ,മഞ്ഞപ്പിത്തം ,ആസ്മ ,ചർമ്മരോഗങ്ങൾ ,വ്രണം ,വായിലുണ്ടാകുന്ന രോഗങ്ങൾ ,പ്ലീഹാവീക്കം ,പനി എന്നിവയ്‌ക്കെല്ലാം രസാഞ്ജനം ഔഷധമായി ഉപയോഗിക്കുന്നു .ഇതിന് ചർമ്മത്തിന്റെ നിറം വർധിപ്പിക്കാനുള്ള കഴിവുണ്ട് .
രസാഞ്ജനം തേനുമായി ചാലിച്ചു പുരട്ടുന്നത് വ്രണങ്ങൾ പെട്ടന്ന് ഉണങ്ങാൻ സഹായിക്കുന്നു .ഇത് മുഖത്തു പുരട്ടുന്നത് മുഖക്കുരുവും കറുത്ത പാടുകളും മാറാൻ നല്ലതാണ് .ഇതു വായ്പ്പുണ്ണിനു പുരട്ടാം .രസാഞ്ജനം വെള്ളത്തിൽ കലർത്തി കവിൾ കൊള്ളുന്നത് മോണവീക്കം ,മോണപഴുപ്പ് ,വായ്‌നാറ്റം എന്നിവ മാറാൻ നല്ലതാണ് .രസാഞ്ജനം 2 ഗ്രാം വീതം വെണ്ണയുമായി ചേർത്ത് കഴിക്കുന്നത് രക്തം അധികമായി പോകുന്ന മൂലക്കുരുവിന് നല്ലതാണ് . 2 ഗ്രാം വീതം വെള്ളത്തിൽ കലർത്തി കഴിക്കുന്നത് പ്ലീഹാവീകം മാറാൻ നല്ലതാണ് .
ALSO READ : മണിത്തക്കാളി , രക്ത ശുദ്ധിക്കും ചർമ്മരോഗങ്ങൾക്കും ഔഷധം .
മരോട്ടിയുടെ ഉണങ്ങിയ തോടിൽ നെയ്യൊഴിച്ച് തിരിയിട്ട് കത്തിക്കുക . തിരിയിരിക്കുന്ന ഭാഗത്ത് കരിയുണ്ടാകും .ഈ കരി പൂവാംകുറുന്തൽ ,പാച്ചോറ്റി തൊലി മരമഞ്ഞൾ എന്നിവ കഷായം വച്ചതും ചേർത്ത് അരച്ചെടുക്കുക. അതിൽ നെയ്യ് ചേർത്ത് വീണ്ടും അരച്ച് കുപ്പിയിലാക്കി സൂക്ഷിക്കാം . ഈ കരികൊണ്ട് കണ്ണെഴുതിയാൽ തിമിരം,വെള്ളെഴുത്ത് തുടങ്ങിയ നേത്രരോഗങ്ങൾ ശമിക്കും .
മരമഞ്ഞൾ തൊലി 5 ഗ്രാം വീതം അരച്ച് അരിക്കാടിയിൽ ചേർത്ത് പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറിക്കിട്ടും .മരമഞ്ഞൾ ,മഞ്ഞൾ ,തകരയരി എന്നിവ സമമായി അരച്ച് പുരട്ടിയാൽ തേനീച്ച ,കടന്നൽ ,വണ്ട് മുതലായവ കുത്തിയതു മൂലമുണ്ടാകുന്ന വിഷം ശമിക്കും .
മരമഞ്ഞൾ തൊലി ,ഇരട്ടിമധുരം ,നീർമരുതിൻ തൊലി ,മഞ്ജിഷ്ഠ എന്നിവ സമമായി ചതച്ച് വെളിച്ചെണ്ണയിൽ കാച്ചി പുരട്ടിയാൽ ചർമ്മത്തിന്റെ നിറം വർധിക്കും .നീരിനും വേദനയ്ക്കും മരമഞ്ഞൾ അരച്ചു പുരട്ടുന്നത് നല്ലതാണ് .കരിങ്ങാലിക്കാതൽ ,മരമഞ്ഞൾത്തൊലി ,വേപ്പിൻത്തൊലി എന്നിവ സമമായി അരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മാറിക്കിട്ടും .മരമഞ്ഞൾ തൊലി ചതച്ച നീര് നന്നായി അരിച്ചെടുത്ത് പനിനീരും ചേർത്ത് കണ്ണിലൊഴിക്കുന്നത് ചെങ്കണ്ണ് രോഗം മാറാൻ നല്ലതാണ് .മരമഞ്ഞൾ തൊലി പനിനീരിൽ അരച്ചു പുരട്ടുന്നത് പൊള്ളലിന് നല്ലതാണ് . തൊലിയുടെ നീര് ചെവിയിൽ ഒഴിക്കുന്നത് ചെവിവേദന മാറാൻ നല്ലതാണ് .തൊലി അരച്ചു പുരട്ടുന്നത് മുറിവുകൾക്കും വ്രണത്തിനും നല്ലതാണ്
തഴുതാമ ,വേപ്പിൻതൊലി ,പടവലം ,ചുക്ക് ,കടുകുരോഹിണി ,മരമഞ്ഞൾത്തൊലി ,അമൃത് ,കടുക്കത്തോട് എന്നിവ ചേർത്തുണ്ടാക്കുന്ന കഷായം കരൾരോഗങ്ങൾ ,പാണ്ഡുരോഗം ,ചുമ ,ശ്വാസംമുട്ട് ,നീര് എന്നിവയ്ക്ക് നല്ലതാണ് . .