ഒരു ഔഷധസസ്യമാണ് പാൽമുതുക്ക് .ഇതിനെ മുതുക്ക് , മുതലക്കിഴങ്ങ് ,അഞ്ചിലത്താളി എന്നീ പേരുകളിലും അറിയപ്പെടുന്നു .ആയുർവേദത്തിൽ ലൈംഗീക ശേഷിക്കുറവ് ,ശരീരഭാരക്കുറവ് ,മുലപ്പാൽ വർധന ,പനി മുതലായവയുടെ ചികിത്സയിൽ പാൽമുതുക്ക് ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ഇന്ത്യൻ കുഡ്‌സു ,ജയൻ്റ് പൊട്ടറ്റോ തുടങ്ങിയ പേരുകളിലും സംസ്‌കൃതത്തിൽ വിദാരി എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ ക്ഷീരവിദാരി ,പയസ്വനി ,ഇക്ഷവള്ളി തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .
Botanical name : Pueraria tuberosa . Ipomoea digitata , Ipomoea paniculata.
Family: Convolvulaceae , Fabaceae .
വിതരണം .
ഇന്ത്യയിലുടനീളം വനങ്ങളിലും ചതുപ്പു പ്രദേശങ്ങളിലും പാൽമുതുക്ക് വളരുന്നു .
സസ്യവിവരണം .
പടർന്നു വളരുന്ന ഒരു ബഹുവർഷ വള്ളിച്ചെടി .ഇലകൾ കൈപ്പത്തിയുടെ ആകൃതിയിൽ കാണപ്പെടുന്നു .ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .പൂക്കൾ ചോർപ്പിന്റെ ആകൃതിയിൽ നീല കലർന്ന ചുവപ്പു നിറത്തിൽ കാണപ്പെടുന്നു .മണ്ണിനടിയിൽ കിഴങ്ങ് രൂപത്തിലുള്ള തടിച്ച വേരുകളുണ്ട് .ആയുർവേദ ഗ്രന്ഥങ്ങളിൽ (വിരാദി - Pueraria tuberos) ,(ക്ഷീരവിദാരി - Ipomoea digitata) എന്നിങ്ങനെ രണ്ടിനങ്ങളെക്കുറിച്ച് പറയുന്നുണ്ട് .ഇതിൽ ക്ഷീരവിദാരിയാണ് കേരളത്തിൽ ഉപയോഗിക്കുന്നത് .ഔഷധ നിർമാണത്തിന് കൂടുതലും ഉപയോഗിക്കുന്നത് വിദാരിയാണ്
രാസഘടകങ്ങൾ .
ഇതിന്റെ കിഴങ്ങിൽ റെസിൻ ,സ്റ്റാർച്ച് ,പ്രോട്ടീൻ ,പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു .കൂടാതെ β–സിറ്റോസ്റ്റെറോൾ ,സ്റ്റിഗ്മാസ്റ്റെറോൾ എന്നീ ഘടകങ്ങളും അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
English name -Giant potato.
Malayalam name - Palmutuku, anchila tali.
Hindi name -Bhilayakhand.
Kannada name - Nadakumbala.
Tamil name -Paalmudukkan kizhangu.
Telugu name -Nelagummundu.
ഔഷധയോഗ്യഭാഗം .
കിഴങ്ങ് .
രസാദിഗുണങ്ങൾ .
രസം -മധുരം .
ഗുണം -ഗുരു ,സ്‌നിഗ്ധം.
വീര്യം -ശീതം .
വിപാകം -മധുരം .
പാല്‍മുതുക്കിന്‍ കിഴങ്ങിന്‍റെ ഔഷധഗുണങ്ങൾ .
ശരീരബലം വർധിപ്പിക്കുകയും ശരീരം പുഷ്ടിപ്പെടുത്തുകയും പ്രധിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും .ലൈംഗീകശേഷി വർധിപ്പിക്കും .ബീജങ്ങളുടെ എണ്ണം വർധിപ്പിക്കും .മുലപ്പാൽ വർധിപ്പിക്കും .വാതരോഗങ്ങൾ ശമിപ്പിക്കും .ചർമ്മത്തിന്റെ നിറം വർധിപ്പിക്കും .ആർത്തവ ക്രമക്കേടുകൾ ,അമിത ആർത്തവം ,ആർത്തവ വേദന ,മൂക്കിലൂടെയുള്ള രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .സ്വരം നന്നാക്കും .ഉദരരോഗങ്ങൾക്കും നല്ലതാണ് .വായുകോപം ,ദഹനക്കേട് എന്നിവ ഇല്ലാതാക്കും .വിരശല്യത്തിനും നല്ലതാണ് .രക്തം ശുദ്ധീകരിക്കും .ത്വക്ക് രോഗങ്ങൾ ,കുഷ്ഠം ,ക്ഷതം ,വീക്കം എന്നിവയ്ക്കും നല്ലതാണ് ,കരൾ പ്ലീഹാ രോഗങ്ങൾ ,മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .ഓക്കാനം ,ഛർദ്ദി ,പനി ,ബ്രോങ്കൈറ്റിസ് എന്നിവയ്ക്കും നല്ലതാണ് .ഉത്കണ്ഠ ,വിഷാദം എന്നിവയ്ക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിത്സിക്കരുത് .പാൽമുതുക്ക് ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ് .
പാൽമുതുക്കിൻ കിഴങ്ങ് ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
വിദാര്യാദി ലേഹ്യം-Vidaryadi Leham.
പേശിക്ഷയം ,ശരീരവേദന ,വയറുവീർപ്പ് ,ഗ്യാസ്ട്രബിൾ ,ആസ്മ ,ശരീരക്ഷീണം ,ഉറക്കക്കുറവ് മുതലായവയുടെ ചികിൽത്സയിലും ശരീരഭാരം വർധിപ്പിക്കുന്നതിനും ,ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും വിദാര്യാദി ലേഹ്യം ഉപയോഗിക്കുന്നു .കൂടാതെ പൈൽസ് ,ഹൃദയ സംബന്ധമായ രോഗങ്ങൾ മുതലായവയുടെ ചികിൽത്സയിലും വിദാര്യാദി ലേഹ്യം ഉപയോഗിക്കുന്നു
വിദാര്യാദി കഷായം -Vidaryadi Kashayam .
ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,ജലദോഷം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ വിദാര്യാദി കഷായം ഉപയോഗിക്കുന്നു ,കൂടാതെ ശരീരം പുഷ്ടിപ്പെടുത്തുന്നതിനും ശരീരക്ഷീണം അകറ്റുന്നതിനും പ്രസവാനന്തര ചികിത്സയിലും വിദാര്യാദി കഷായം ഉപയോഗിക്കുന്നു .
വിദാര്യാദ്യാസവം -Vidaryadyasavam.
വാതരോഗങ്ങൾ ,ശരീരവേദന ,ദഹനസംബന്ധമായ പ്രശ്‍നങ്ങൾ ,ചുമ ,ആസ്മ എന്നിവയുടെ ചികിൽത്സയിലും ശരീരഭാരം വർധിപ്പിക്കുന്നതിനും വിദാര്യാദ്യാസവം ഉപയോഗിച്ചു വരുന്നു .
വിദാര്യാദി ഘൃതം -Vidaryadi Ghritam .
ചുമ ,ആസ്മ ,ശ്വാസ തടസം ,ക്ഷയം മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് വിദാര്യാദി ഘൃതം ,കൂടാതെ ശരീരക്ഷീണം ,ശരീരവേദന തുടങ്ങിയവയ്ക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
വിദാര്യാദി ചൂർണം -Vidyaradi Choornam .
ഓജസും ബലവും കാമവും വർധിപ്പിക്കും .ബീജത്തിന്റെ എണ്ണം വർധിപ്പിക്കും .ശരീരബലവും പ്രതിരോധശേഷിയും വർധിപ്പിക്കും .
അശ്വഗന്ധാരിഷ്ടം -Aswagandharishtam.
ലൈംഗീകപ്രശ്നങ്ങൾ ,വിഷാദരോഗം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അശ്വഗന്ധാരിഷ്ടം.പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,സ്ത്രീ-പുരുഷ വന്ധ്യത തുടങ്ങിയവയ്‌ക്കെല്ലാം അശ്വഗന്ധാരിഷ്ടം ഉപയോഗിച്ചുവരുന്നു .കൂടാതെ വിഷാദം , ഉത്കണ്ഠ, ഉറക്കമില്ലായ്‌മ , ശരീരക്ഷീണം ,പ്രധിരോധശേഷിക്കുറവ് ,പനി ,ജലദോഷം ,ശരീരഭാരം കുറയുക ,തുടങ്ങിയ അവസ്ഥകളിലെല്ലാം അശ്വഗന്ധാരിഷ്ടം ഒറ്റയ്ക്കും മറ്റ് മരുന്നുകളോടൊപ്പവും ഡോക്ടർമാർ നിർദേശിക്കുന്നു .
ബ്രാഹ്മരസായനം -Brahma Rasayanam.
ച്യവനപ്രാശത്തിന് സമാനമായ ഒരു ആയുർവേദ ഔഷധമാണ് ബ്രാഹ്മരസായനം. ബുദ്ധിശക്തി , ഓർമ്മശക്തി , മാനസിക പിരിമുറുക്കം, ബുദ്ധിമാന്ദ്യം , ശരീരക്ഷീണം ,ചർമ്മത്തിലെ ചുളിവുകൾ ,അകാലനര, മുടികൊഴിച്ചിൽ ,പ്രധിരോധശേഷിക്കുറവ് മുതലായവയുടെ ചികിത്സയിൽ ബ്രാഹ്മരസായനം ഉപയോഗിച്ചുവരുന്നു .
ഹിമസാഗര തൈലം -Himasagara Tailam.
വാതസംബന്ധമായി ഉണ്ടാകുന്ന വേദന ,പുകച്ചിൽ ,ശരീരവേദന ,തോള് ,കഴുത്ത് എന്നിവിടങ്ങളിലുണ്ടാകുന്ന വേദന, മരവിപ്പ് .എന്നിവയുടെ ചികിൽത്സയിലും .ഉറക്കക്കുറവ് ,മാനസിക രോഗങ്ങൾ ,അമിത കോപം .മുടികൊഴിച്ചിൽ ,അകാല നര എന്നിവയുടെ ചികിത്സയിലും ഹിമസാഗര തൈലം ഉപയോഗിച്ചു വരുന്നു .ഈ തൈലം പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .
സാരസ്വതാരിഷ്ടം -Saraswatarishtam.
ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കുന്ന ഒരു ടോണിക്കാണ് സാരസ്വതാരിഷ്ടം.മാനസികമായും ഞരമ്പു സംബന്ധമായും ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കുവാനും ശരീരാരോഗ്യം മെച്ചപ്പെടുത്താനും സാധാരണയായി ഈ ഔഷധം ഉപയോഗിക്കുന്നു .അപസ്‌മാരം ,ഭ്രാന്ത് ,വിഷാദരോഗം എന്നിവയുടെ ചികിൽത്സയിലും പ്രധിരോധ ശേഷിക്കുറവ് ,ആർത്തവക്രമക്കേടുകൾ ,രക്തക്കുറവ് ,ബീജത്തിന്റെ കൗണ്ട് കുറവ് എന്നിവയുടെ ചികിൽത്സയിലും സാരസ്വതാരിഷ്ടം ഉപയോഗിക്കുന്നു .
ധാന്വന്തരാരിഷ്ടം -Dhanwanthararishtam.
പ്രധാനമായും പ്രസവാനന്തര ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ധന്വന്തരാരിഷ്ടം.പ്രസവാനന്തരം സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുന്നതിന് ഈ ഔഷധം ഗുണകരമാണ് .മലബന്ധം ,ഹെർണിയ ,പൈൽസ് എന്നിവ ഇല്ലാതാക്കും .ദഹനവും പ്രതിരോധശേഷിയും വർധിപ്പിക്കും .ഗ്യാസ്ട്രബിളും വയറ്റിലെ മറ്റ് അശ്വസ്തതകളും ഇല്ലാതാക്കുകയും ചെയ്യുന്നു .
മഹാസ്നേഹം -Mahasneham Ghrutham.
പ്രധാനമായും വാതരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് മഹാസ്നേഹം.
ധാന്വന്തരം തൈലം -Dhanwantharam Thailam .
എല്ലാത്തരം വാതരോഗങ്ങളുടെയും ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് ധന്വന്തരം തൈലം. കൂടാതെ ഒടിവ് ,ചതവ് ,മുറിവ് ,ക്ഷതം , വേദന, തലവേദന തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് ധാന്വന്തരം തൈലം ഉപയോഗിച്ചു വരുന്നു .പ്രസവശേഷം സ്ത്രീകളുടെ ശരീരബലം വർധിപ്പിക്കുന്നതിന് ഇത് മസ്സാജിങ്ങിനായി ഉപയോഗിക്കുന്നു
ശതാവര്യാദി ഘൃതം -Satavaryadi Ghritam.
മൂത്രാശയ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ മരുന്നാണ് ശതാവര്യാദി ഘൃതം. മൂത്രതടസ്സം ,മൂത്രത്തിൽ കല്ല് മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .കൂടാതെ കൈകാൽ വേദന ,വയറുവേദന തുടങ്ങിയവയുടെ ചികിൽത്സയിലും ശതാവര്യാദി ഘൃതം ഉപയോഗിക്കുന്നു .
ധാത്ര്യാദി ഘൃതം -Dhathryadi Ghritam.
വെള്ളപോക്ക് ,അമിത ആർത്തവം ,വിളർച്ച ,സ്ത്രീവന്ധ്യത മുതലായവയുടെ ചികിൽത്സയിൽ ധാത്ര്യാദി ഘൃതം ഉപയോഗിച്ചു വരുന്നു .
ച്യവനപ്രാശം - Chyavanaprasam.
ഇതൊരു രസായനൗഷധമാണ്. ആയുർവേദത്തിൽ രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും യൗവനം നിലനിർത്താനുമുള്ള ഒരു ഔഷധമാണ് ച്യവനപ്രാശം.
അമൃതപ്രാശ ഘൃതം -Amrithaprasa Ghritam.
പനി ,ആസ്മ ,ചുമ ,ലൈംഗീകശേഷിക്കുറവ് ,ബീജങ്ങളുടെ എണ്ണക്കുറവ് ,വെള്ളപോക്ക് മുതലായവയുടെ ചികിൽത്സയിൽഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് അമൃതപ്രാശഘൃതം .
സുദർശനാസവം - Sudarsanasavam.
എല്ലാത്തരം പനികളുടെയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചുമ ,ശരീരവേദന ,ശരീരക്ഷീണം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് സുദർശനാസവം.
മദന കാമേശ്വരി ലേഹ്യം -Madanakameswari Lehyam.
പ്രധാനമായും ലൈംഗീക സംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മദന കാമേശ്വരി ലേഹ്യം. ലൈംഗീക താല്പര്യം വർധിപ്പിക്കുന്നതിനും ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും മദന കാമേശ്വരി ലേഹ്യം ഉപയോഗിക്കുന്നു .
ജീവബന്ധു -Jeevabandhu.
ബ്രോങ്കൈറ്റിസ് ,ആസ്മ ,ചുമ തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് ജീവബന്ധു.ഇതു പ്രസവാനന്തര ചികിത്സയിലും ഉപയോഗിക്കുന്നു .
മാനസമിത്ര വടകം -Manasamitra Vatakam .
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാനസമിത്ര വടകം . വിഷാദരോഗം , ടെൻഷൻ, ഉന്മാദം, ഉറക്കക്കുറവ് ,അപസ്‌മാരം തുടങ്ങിയ അവസ്ഥകളുടെ ചികിത്സയിൽ മാനസമിത്ര ഗുളിക ഉപയോഗിക്കുന്നു .
പാൽമുതുക്കിൻ കിഴങ്ങിന്റെ ചില ഔഷധപ്രയോഗങ്ങൾ .
പാൽമുതുക്കിൻ കിഴങ്ങ് ഉണക്കിപ്പൊടിച്ച ചൂർണം 3 ഗ്രാം വീതം പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ പ്രസവാനന്തരം സ്ത്രീകളിലെ മുലപ്പാൽ വർധിക്കും . 3 മുതൽ 5 ഗ്രാം വരെ ചൂർണം പാലിൽ ചേർത്ത് കഴിക്കുന്നത് പുരുഷൻമാരിലെ ലൈംഗീക ശേഷിക്കുറവിനും ബീജങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും നല്ലതാണ് .ഇത് മെലിഞ്ഞവർ തടിക്കുന്നതിനും നല്ലതാണ് .
പാൽമുതുക്കിൻ കിഴങ്ങ് ഉണക്കിപ്പൊടിച്ച ചൂർണം പാൽമുതുക്കിൻ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരിൽ ഭാവന ചെയ്‌ത് (വിദാരി ചൂർണം ) തേനും നെയ്യും ചേര്‍ത്തു കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗീക ശക്തി വർധിക്കുമെന്ന് ആചാര്യന്മാർ പറയുന്നു .ഈ പൊടി എത്ര പ്രാവശ്യം ഭാവന ചെയുന്നുവോ അത്രയും ഗുണം ഇരട്ടിക്കും എന്നു പറയുന്നു .പാൽമുതുക്കിൻ പൊടി നീരില്‍ മുങ്ങത്തക്ക വിധം ഒരു രാത്രി ഇട്ടു വച്ച് പിറ്റേന്ന് വെയിലിൽ ഉണക്കി എടുക്കുന്നതിനെയാണ് ഭാവന ചെയ്യുക എന്നു പറയുന്നത് .
ALSO READ : മണിത്തക്കാളി , രക്ത ശുദ്ധിക്കും ചർമ്മരോഗങ്ങൾക്കും ഔഷധം .
പാൽമുതുക്കിൻ കിഴങ്ങ് ഉണക്കിപ്പൊടിച്ച ചൂർണം തേനും കുങ്കുമപ്പൂവും ചേർത്ത് പതിവായി കഴിച്ചാൽ ചർമ്മത്തിന്റെ നിറം വർധിക്കും .പാൽമുതുക്കിൻ കിഴങ്ങ് കഷായമുണ്ടാക്കി കഴിക്കുന്നത് പനിമാറാൻ നല്ലതാണ് .കിഴങ്ങ് അരച്ച് പുറമെ പുരട്ടുന്നത് നീരും വേദനയും മാറാൻ നല്ലതാണ് .ചൂർണം 3 ഗ്രാം വീതം പാലിൽ ചേർത്ത് കഴിക്കുന്നത് സ്ത്രീകളിലെ ആർത്തവ ക്രമക്കേടുകൾ മാറാൻ നല്ലതാണ് .