ഒരു ഔഷധസസ്യമാണ് മുള്ളൻ ചീര ,ആയുർവേദത്തിൽ ആർത്തവ പ്രശ്നങ്ങൾ ,മൂത്രാശയ രോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,പ്രമേഹം ,മഞ്ഞപ്പിത്തം മുതലായ രോഗങ്ങൾക്ക് മുള്ളൻ ചീര ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ പ്രിക്ലി അമരാന്ത് എന്ന പേരിലും സംസ്‌കൃതത്തിൽ താണ്ഡുലീയക എന്ന പേരിലും അറിയപ്പെടുന്നു .
Botanical name: Amaranthus spinosus.
Family: Amaranthaceae (Amaranth family).
വിതരണം .
ഇന്ത്യയിലുടനീളം ഒരു കള സസ്യമായി വളരുന്നു .
സസ്യവിവരണം .
ഒരു മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വാർഷിക സസ്യം .തടിച്ച തണ്ടുകളും അണ്ഡാകൃതിയിലുള്ള ഇലകളുമാണ് .തണ്ടുകളിൽ മുള്ളുകൾ കാണപ്പെടുന്നു .ഇളം ചുവപ്പു നിറത്തിലുള്ള തണ്ടുകൾ ഉള്ളതും പച്ചനിറത്തിലുള്ള തണ്ടുകളുള്ളതുമായ രണ്ടിനങ്ങൾ കേരളത്തിൽ കാണപ്പെടുന്നു .തണ്ടിന്റെ അറ്റത്ത് പൂക്കളും വിത്തുകളും ഉണ്ടാകുന്നു .
പത്തിലകളിൽ ഉൾപ്പെടുന്ന ഒന്നാണ് മുള്ളൻ ചീര .കർക്കിടക മാസത്തിലെ ഔഷധക്കഞ്ഞിക്കൊപ്പം കഴിക്കുന്ന ഒരു വിഭവമാണ് പത്തിലത്തോരൻ .നെയ്യുണ്ണി,കുമ്പളത്തില ,മത്തയില ,മണിത്തക്കാളി , മുള്ളൻചീര ,പയറില ,ഉപ്പൂഞ്ഞല്‍, തഴുതാമയില ,തകരയില ,കുടങ്ങല്‍ എന്നിവയാണ് പത്തിലകൾ എന്ന് അറിയപ്പെടുന്നത് .എന്നാൽ ചില സ്ഥലങ്ങളിൽ ചേമ്പില ,തകരയില ,തഴുതാമയില ,കുമ്പളത്തില, മത്തയില ,ചീര, ചേനയില, പയറില, ചൊറിതനത്തിന്റെ ഇല,കോവൽ ഇല എന്നിവയും പത്തിലകളായി കണക്കാക്കുന്നു .
രാസഘടകങ്ങൾ .
മുള്ളൻചീരയിൽ ആൽക്കലോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ഗ്ലൈക്കോസൈഡുകൾ, ഫെനോളിക് ആസിഡുകൾ, സ്റ്റിറോയിഡുകൾ, അമിനോ ആസിഡുകൾ ,ടെർപെനോയിഡുകൾ , ലിപിഡുകൾ, സപ്പോണിനുകൾ, ബെറ്റാലെയ്നുകൾ ,ബീറ്റാ-സിറ്റോസ്റ്റെറോൾ, സ്റ്റിഗ്മാസ്റ്ററോൾ , ലിനോലെയിക് ആസിഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
English Name – Prickly amaranth, Thorny amaranth, Spiny pigweed.
Malayalam Name –Mullan cheera.
Tamil Name – Mullukkeerai.
Hindi Name – Chaulai, Chaurayi .
Kannada Name – Mulluharive soppu.
Telugu Name – Mola tota kura.
Bengali Name – Kanta nate, Kantanotya.
Gujarati Name – Kantalo Damo.
Marathi Name – Kante math.
Sanskrit Name – Tanduliyaka.
ഔഷധയോഗ്യഭാഗം .
സമൂലം .
രസാദിഗുണങ്ങൾ .
രസം :മധുരം, കഷായം, ക്ഷാരം.
ഗുണം :ലഘു, സരം.
വീര്യം :ശീതം.
വിപാകം :മധുരം.
മുള്ളൻ ചീരയുടെ ഔഷധഗുണങ്ങൾ .
ദഹനശക്തി വർധിപ്പിക്കും .വിശപ്പില്ലായ്മ ,വയറുവേദന ,വയറിളക്കം ,വായുകോപം ,മലബന്ധം എന്നിവയ്ക്കും നല്ലതാണ് .മുലപ്പാൽ വർധിപ്പിക്കും .ചർമ്മരോഗങ്ങൾ ,മൂത്രാശയ രോഗങ്ങൾ ,ആർത്തവ പ്രശ്നങ്ങൾ, വെള്ളപോക്ക് ,വാതരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .പ്രമേഹം ,മൂലക്കുരു ,ഗൊണോറിയ എന്നിവയ്ക്കും നല്ലതാണ് .മഞ്ഞപ്പിത്തം ,വിളർച്ച ,ഛർദ്ദി ,ഷീണം ,ക്ഷതം, മുറിവുകൾ ,രക്തസ്രാവം ,ഗ്രഹണി എന്നിവയ്ക്കും നല്ലതാണ് .പനി ,ചുമ ,ആസ്മ ,കഫക്കെട്ട് എന്നിവയ്ക്കും നല്ലതാണ് .പിത്തം ,എരിച്ചിൽ എന്നിവയ്ക്കും നല്ലതാണ് .വിഷശമന ശക്തിയുണ്ട് ,പാമ്പിൻ വിഷത്തിനും നല്ലതാണ് . മാനസികാരോഗ്യം മെച്ചപ്പെടുത്തും .വിഷാദരോഗത്തിനും നല്ലതാണ് .
മുള്ളൻ ചീരയിൽ കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്,പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം,നാരുകൾ, മാംഗനീസ്, ചെമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നു .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിത്സിക്കരുത് .
മുള്ളൻ ചീര ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
അശോക ഘൃതം-Asoka Ghritam .
നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അശോക ഘൃതം.സ്ത്രീകളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അശോക ഘൃതം ഉപയോഗിക്കുന്ന .കൂടാതെ അമിത രക്തശ്രാവം ,ആർത്തവ വേദന ,വെള്ളപോക്ക് ,യോനിവേദന ,ഗർഭാശയ രോഗങ്ങൾ ,നടുവേദന ,വിളർച്ച ,മഞ്ഞപ്പിത്തം ,വിശപ്പില്ലായ്മ ,ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ അശോക ഘൃതംഉപയോഗിക്കുന്നു .
കന്മദ ഭസ്മം -Kanmada Bhasmam .
ഗൊണോറിയ ,മൂത്രാശയ രോഗങ്ങൾ ,മൂത്രനാളിയിലെ അണുബാധ ,മൂത്ര തടസം ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,മൂത്രത്തിൽ കല്ല് ,വെള്ളപോക്ക് ,പ്രമേഹം തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഭസ്മ രൂപത്തിലുള്ള ഒരു ഔഷധമാണ് കന്മദ ഭസ്മം . ഇത് ക്യാപ്‌സൂൾ രൂപത്തിലും ( Kanmada Bhasmam Capsule ) ലഭ്യമാണ് .
ചന്ദനാദി തൈലം -Chandanadi Thailam .
ഒരു ആയുർവേദ തൈലമാണ് ചന്ദനാദി തൈലം .തലകറക്കം ,തലപുകച്ചിൽ,ശരീരം പുകച്ചിൽ ,മൂക്കിലെ രക്തസ്രാവം ,മഞ്ഞപ്പിത്തം ,സന്ധിവാതം ,അമിത ആർത്തവം തുടങ്ങിയ അവസ്ഥകളിൽ നസ്യം ചെയ്യാനും തലയിലും ശരീരത്തിലും പുരട്ടുവാനും ചന്ദനാദി തൈലം ഉപയോഗിക്കുന്നു .കൂടാതെ മാനസികരോഗ ചികിത്സയിലും ചന്ദനാദി തൈലം ഉപയോഗിക്കുന്നു .
മുള്ളൻ ചീരയുടെ ചില ഔഷധപ്രയോഗങ്ങൾ .
മുള്ളൻ ചീരയുടെ വേര് അരച്ച് 10 ഗ്രാം വീതം രാവിലെയും വൈകിട്ടും പതിവായി കുറച്ചുനാൾ കഴിച്ചാൽ ഗൊണോറിയ (Gonorrhea) എന്ന ലൈംഗീകരോഗം ശമിക്കും .
മുള്ളൻ ചീരയുടെ വേര് ,അശോക തൊലി ,മരമഞ്ഞൾ തൊലി ,നെല്ലിക്ക എന്നിവ സമമായി എടുത്ത് അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ കഴിക്കുന്നത് ആർത്തവകാലത്തെ അമിത രക്തസ്രാവം തടയാൻ നല്ലതാണ് .മുള്ളൻ ചീരയുടെ വേര് അരിക്കാടിയിൽ അരച്ച് തേനും ചേർത്ത് കഴിക്കുന്നതും അമിത രക്തസ്രാവം തടയാൻ നല്ലതാണ് ,
മുള്ളൻ ചീരയുടെ വേര് ,വയമ്പ് എന്നിവ ഓരോന്നും 10 ഗ്രാം വീതമെടുത്ത് കഷായമുണ്ടാക്കിയതിൽ 5 ഗ്രാം വീതം എള്ള് പൊടിയും അയമോദകപ്പൊടിയും ചേർത്ത് 7 ദിവസം തുടർച്ചായി കഴിച്ചാൽ എല്ലാ ആർത്തവ ക്രമക്കേടുകളും മാറിക്കിട്ടും .
മുള്ളൻ ചീരയുടെ ഇലയും ഇളം തണ്ടും തുമര പരിപ്പും ചേർത്ത് തോരനോ കറിയോ ഉണ്ടാക്കി കഴിച്ചാൽ മുലയൂട്ടുന്ന അമ്മമാരിലെ മുലപ്പാൽ വർധിക്കും .മുള്ളൻ ചീരയുടെ ഇല അരച്ച് സ്തനങ്ങളിൽ പുരട്ടുകയും ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയും ചെയ്‌താൽ സ്ത്രീകളിലെ സ്തനവീക്കം മാറിക്കിട്ടും .മുള്ളൻ ചീരയുടെ വേര് അരച്ച് 10 ഗ്രാം വീതം കുറച്ചുനാൾ പതിവായി കഴിച്ചാൽ സ്ത്രീകളിലെ അസ്ഥിസ്രാവം മാറിക്കിട്ടും .ഇലയും ഇളം തണ്ടും തോരനുണ്ടാക്കി കഴിക്കുന്നത് വിളർച്ച മാറാൻ നല്ലതാണ് .
ALSO READ :കുടകപ്പാല : എത്ര കടുത്ത വയറിളക്കത്തിനും വയറുകടിക്കും ഔഷധം .
മുള്ളൻ ചീര സമൂലം ഇടിച്ചു പിഴിഞ്ഞ നീര് വെളിച്ചെണ്ണ കാച്ചി തലയിൽ പതിവായി തേച്ചു കുളിച്ചാൽ ചുമ ,വലിവ് ,വിട്ടുമാറാത്ത ജലദോഷം എന്നിവയ്ക്ക് ശമനമുണ്ടാകും .മുള്ളൻ ചീര സമൂലം കഷായമുണ്ടാക്കി കഴിക്കുന്നത് മൂലക്കുരുവിനും മലബന്ധത്തിനും നല്ലതാണ് .ഇത് ഛർദ്ദിക്കും നല്ലതാണ് .
മുള്ളൻ ചീരയുടെ അരി തേനിൽ ചാലിച്ച് കഴിച്ചാൽ രക്തപിത്തം ശമിക്കും .മുള്ളൻ ചീരയുടെ പൂവ് അരച്ച് തേനിൽ ചാലിച്ച് പതിവായി കഴിച്ചാൽ ചുമ ,ആസ്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ശമനമുണ്ടാകും .
മുള്ളൻ ചീരയുടെ വേര് കുഴമ്പു പരുവത്തിൽ അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന കുരു ,പരു എന്നിവ മാറിക്കിട്ടും .ഇലയും വേരും ചേർത്ത് അരച്ച് പുരട്ടുന്നത് പൊള്ളൽ ,മുറിവ് ,ചതവ് ,നീര് ,എക്സിമ എന്നിവ മാറാൻ നല്ലതാണ് .
മുള്ളൻ ചീരയുടെ വേര് അരച്ച് കുട്ടികൾക്ക് കൊടുത്താൽ കുട്ടികളിലെ മലബന്ധം മാറിക്കിട്ടും .മുള്ളൻ ചീരയുടെ ഇലയിട്ടു തിളപ്പിച്ച വെള്ളം കുറച്ചുദിവസം പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് മൂത്രത്തിൽ പഴുപ്പ് ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ എന്നിവ മാറാൻ നല്ലതാണ് .
മുള്ളൻ ചീരയുടെ അര ടീസ്പൂൺ വിത്ത് ഒരു ഗ്ളാസ് വെള്ളത്തിൽ തിളപ്പിച്ച് പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് വയറിളക്കത്തിനും ദഹനക്കേടിനും നല്ലതാണ് .വേര് അരച്ച് പഞ്ചസാരയും ചേർത്ത് കഴിക്കുന്നതും വയറിളക്കം മാറാൻ നല്ലതാണ് .വേര് അരച്ച് തുല്യ അളവിൽ തേനും ചേർത്ത് കഴിച്ചാൽ ഛർദ്ദി ശമിക്കും .
മുള്ളൻ ചീരയ്ക്ക് പാമ്പിൻ വിഷത്തിന്റെ ശക്തി കുറയ്ക്കാനുള്ള കഴിവുണ്ട് .തേൾ ,പഴുതാര മുതലായ വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന വിഷവികാരങ്ങൾ ശമിക്കാൻ മുള്ളൻ ചീരയുടെ വേര് അരച്ചു പുരട്ടുന്നത് നല്ലതാണ് .