ഒരു ഔഷധ വൃക്ഷമാണ് താന്നി .ആയുർവേദത്തിൽ ചുമ ,ആസ്മ ,നേത്രരോഗങ്ങൾ ,മലബന്ധം മുതലായവയ്ക്ക് താന്നി ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ബെല്ലെറിക് മൈറോബലാൻ എന്ന പേരിലും സംസ്‌കൃതത്തിൽ വിഭീതകി എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ അക്ഷം ,ഭൂതവശ ,കലിമുദ്ര ,ആക്ഷിക തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ വൃക്ഷത്തിനുണ്ട് .
Botanical name: Terminalia bellirica.
Family: Combretaceae (Rangoon creeper family).
Synonyms: Myrobalanus bellirica.
വിതരണം .
ഇന്ത്യയിലുടനീളം കാണപ്പെടുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്ക ,നേപ്പാൾ ,മ്യാന്മാർ ,മലേഷ്യ ,കംബോഡിയ ,തായ്‌ലാന്റ്,വിയറ്റ്നാം എന്നിവിടങ്ങളിലും താന്നി വളരുന്നു .
രൂപവിവരണം .
30 മീറ്റർ ഉയരത്തിൽ വരെ വളരുന്ന വൻമരം .പുറം തൊലിക്ക് നല്ല കട്ടിയുള്ളതും ചാര നിറവുമാണ് .ഇലകൾക്ക് അണ്ഡാകൃതി .ഇലകൾക്ക് 9 മുതൽ 20 സെ.മീ നീളവും 5 മുതൽ 8 സെ.മീ വീതിയും ഉണ്ടാകും .പൂക്കൾക്ക് പച്ച കലർന്ന മഞ്ഞ നിറമാണ് .രൂക്ഷഗന്ധമുണ്ട് .ഫലം പച്ചനിറത്തിലുള്ളതും ഒരു നെല്ലിക്കയോളം വലിപ്പവും ഉണ്ടാകും .ഫലത്തിൽ തവിട്ടു നിറത്തിലുള്ള രോമങ്ങളാൽ ആവൃതമാണ് .ഒരു ഫലത്തിൽ ഒറ്റ വിത്തു മാത്രമേയൊള്ളു .
പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള ഒരു വൃക്ഷമാണ് താന്നി .നളന്റെ കലിബാധ മാറിയത് താന്നിമരത്തിന്റെ ചുവട്ടിൽ വച്ചാണത്രെ .അതിനാലാണ് കലിമുദ്ര എന്ന സംസ്‌കൃതനാമം .പൗരാണിക കാലത്ത് ചൂതു കളിയ്ക്കാൻ താന്നിക്ക ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു .
പ്രാദേശികനാമങ്ങൾ .
English Name – Baheda.
Hindi Name – Baheda.
Malayalam name -Thanni.
Bengali Name – Bayada.
Punjabi Name – Baheda.
Telugu Name – Vadikaya.
Marathi name – Behda.
Tamil name – ThandrI.
Gujarati name – Baheda.
![]() |
Terminalia bellirica |
ഔഷധയോഗ്യഭാഗം .
ഫലം .
രസാദിഗുണങ്ങൾ .
രസം -കഷായം ,തിക്തം .
ഗുണം -രൂക്ഷം ,ലഘു .
വീര്യം -ശീതം .
വിപാകം -മധുരം .
താന്നിയുടെ ഔഷധഗുണങ്ങൾ .
ആയുർവേദത്തിലെ പ്രസിദ്ധമായ ഔഷധക്കൂട്ടായ ത്രിഫലയിലെ ഒരു ചേരുവയാണ് താന്നിക്ക .നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവ മൂന്നും ചേരുന്നതാണ് ത്രിഫല എന്ന് അറിയപ്പെടുന്നത് .ഇവയുടെ ഉണങ്ങിയ ഫലങ്ങൾ കുരു കളഞ്ഞ് സമമായി പൊടിച്ചതിനെയാണ് ത്രിഫലാചൂർണം എന്ന് അറിയപ്പെടുന്നത് .ഈ ഔഷധക്കൂട്ട് ഉപയോഗിച്ച് ത്രിഫലാദി ഘൃതം ,ത്രിഫലാദി തൈലം തുടങ്ങിയ നിരവധി ഔഷധങ്ങൾ തയാറാക്കുന്നു .ഒരു രസായനദ്രവ്യമാണ് ത്രിഫലാചൂർണം .യൗവനം നിലനിർത്തും. രക്തം ശുദ്ധീകരിക്കും .കാഴ്ച്ചശക്തി വർധിപ്പിക്കും .വിട്ടുമാറാത്ത പനി ,ചുമ ,മലബന്ധം ,വിളർച്ച ,പ്രമേഹം ,പൊണ്ണത്തടി ,ത്വക്ക് രോഗങ്ങൾ ,വ്രണങ്ങൾ ,ആർത്തവ സംബന്ധമായ വേദന എന്നിവയ്‌ക്കെല്ലാം ത്രിഫലാചൂർണം ഔഷധമാണ് .ഇതു ഗുളിക രൂപത്തിലും (Triphala Tablet) ലഭ്യമാണ് .
![]() |
Triphala |
താന്നിയുടെ കായും വിത്തിൽ നിന്നും എടുക്കുന്ന എണ്ണയുമാണ് ഔഷധയോഗ്യഭാഗങ്ങൾ .എണ്ണ മുടിയുടെ നിറവും ആരോഗ്യവും വർധിപ്പിക്കും .വാതരോഗങ്ങൾക്കും നല്ലതാണ് .കുരു ശരീരബലം വർധിപ്പിക്കും .വാർദ്ധക്യം തടയും .പ്രതിരോധശേഷി വർധിപ്പിക്കും .നീരും വേദനയും കുറയ്ക്കും .രക്തസ്രാവം തടയും .പനി ,ചുമ ,ആസ്മ ,കഫക്കെട്ട് ,ബ്രോങ്കൈറ്റിസ് എന്നിവയ്ക്കും നല്ലതാണ് .ത്വക്ക് രോഗങ്ങൾ ,വെള്ളപ്പാണ്ട് ,കുഷ്ഠം ,വ്രണം ,മുറിവ് എന്നിവയ്ക്കും നല്ലതാണ് ,ദഹനവും വിശപ്പും വർധിപ്പിക്കും .വയറിളക്കത്തിനും ഛർദ്ദിക്കും വിരശല്യത്തിനും നല്ലതാണ് .പ്രമേഹം ,വിളർച്ച ,നേത്രരോഗങ്ങൾ .തിമിരം ,പ്ലീഹാരോഗങ്ങൾ ,മൂത്രാശയരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .തലവേദന ,ഉറക്കക്കുറവ് ,അകാലനര ,മൂലക്കുരു എന്നിവയ്ക്കും നല്ലതാണ് .അണുബാധകളെ തടയും .കാമം വർധിപ്പിക്കും .പുരുഷന്മാരിലെ ശീഘ്രസ്കലനത്തിനും നല്ലതാണ് .ചേരിൻ വിഷത്തിനുള്ള പ്രത്യൗഷധമാണ് താന്നിക്കാത്തോട് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിത്സിക്കരുത് .
താന്നിക്ക ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
നരസിംഹരസായനം -Narasimha Rasayanam.
ശരീരഭാരം വർധിപ്പിക്കുന്നതിനും, യൗവ്വനം നിലനിർത്തുന്നതിനും, ലൈംഗീകാരോഗ്യം നിലനിർത്തുന്നതിനും ,മുടിവളർച്ചയ്ക്കുമൊക്കെ നരസിംഹരസായനം ഉപയോഗിക്കുന്നു .
അഭയാമൃത രസായനം - Abhayamrita Rasayanam.
ശീഘ്രസ്‌ഖലനം ,സ്വപ്ന സ്ഖലനം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ലേഹ്യ രൂപത്തിലുള്ള ഒരു ഔഷധമാണ് അഭയാമൃത രസായനം .
സൂര്യപ്രഭാ ഗുളിക -Suryaprabha gulika .
പനി .വിട്ടുമാറാത്ത പനി ,ചുമ ,ആസ്മ ,ജലദോഷം ,ബ്രോങ്കൈറ്റിസ് ,വയറുവേദന ,പേശിവേദന ,സന്ധിവേദന ,വീക്കം തുടങ്ങിയവയുടെ ചികിത്സയിൽ സൂര്യപ്രഭാ ഗുളിക ഉപയോഗിക്കുന്നു .
ചവികാസവം -Chavikasavam.
ഉദരസംബന്ധമായ രോഗങ്ങളുടെയും മൂത്രസംബന്ധമായ രോഗങ്ങളുടെയും ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ചവികാസവം .വയറുവേദന ,വയറുവീർപ്പ് ,ഹെർണിയ ,വയറ്റിലെ മുഴകൾ ,മൂത്രനാളിയിലെ തകരാറുകൾ എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ചുമ ,ജലദോഷം ,ആസ്മ ,അലർജി മൂലമുണ്ടാകുന്ന മൂക്കൊലിപ്പ് ,തുമ്മൽ തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു
മഹാതിക്തക ഘൃതം -Mahatiktakaghritam.
ചർമ്മരോഗങ്ങൾ ,ഹെർപ്പിസ് ,ഗ്യാസ്ട്രൈറ്റിസ്,സന്ധിവാതം ,അനീമിയ ,മഞ്ഞപ്പിത്തം ,പനി ,അമിത ആർത്തവം ,വെള്ളപോക്ക് ,പെപ്റ്റിക് അൾസർ ,മാനസിക സമ്മർദം ,ഉത്ക്കണ്ഠ ,അപസ്‌മാരം മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് മഹാതിക്തകഘൃതം .ഇത് .ക്യാപ്സൂൾ രൂപത്തിലും ലഭ്യമാണ് .
വജ്രകം കഷായം (Vajrakam Kashayam).
സോറിയാസിസ്,എക്സിമ,ഡെർമറ്റൈറ്റിസ്,മഞ്ഞപ്പിത്തം ,പനി തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വജ്രകം കഷായം.
തൃഫലാദി തൈലം -Triphaladi Tailam.
മുടികൊഴിച്ചിൽ ,മുടിയുടെ അറ്റം പിളരൽ ,അകാല നര ,തലവേദന ,സൈനസൈറ്റിസ് ,ജലദോഷം എന്നിവയുടെ ചികിത്സയിൽ തൃഫലാദി തൈലം ഉപയോഗിക്കുന്നു .കൂടാതെ ചെവി വേദന ,തൊണ്ടവേദന ,കഴുത്തുവേദന ,കാഴ്ചക്കുറവ് തുടങ്ങിയ കഴുത്ത് ,കണ്ണ് ,ചെവി ,തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളിലും തൃഫലാദി തൈലം ഉപയോഗിക്കുന്നു .ഈ തൈലം രണ്ടു തരത്തിലുണ്ട് .എള്ളെണ്ണയിൽ തയാറാക്കുന്നതിനെ തൃഫലാദി തൈലം എന്നും .വെളിച്ചെണ്ണയിൽ തയാറാക്കുന്നതിനെ തൃഫലാദി കേര തൈലം എന്നും അറിയപ്പെടുന്നു .പ്രായം ശരീരഘടന എന്നിവ മനസിലാക്കി ഒരു ഡോക്ടറാണ് തീരുമാനിക്കേണ്ടത് ഇതിൽ ഏത് തൈലമാണ് ഉപയോഗിക്കേണ്ടത് എന്ന് .
ത്രിഫലാരിഷ്ടം-Thriphalaristam.
ചർമ്മരോഗങ്ങൾ ,പ്രമേഹം ,വിളർച്ച ,ചുമ ,ആസ്മ മുതലായവയുടെ ചികിത്സയിൽ ത്രിഫലാരിഷ്ടം ഉപയോഗിക്കുന്നു .
കുമാര്യാസവം -Kumaryasavam.
സ്ത്രീരോഗങ്ങളുടെ ചികിൽത്സയിലും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മൂത്രനാളി സംബന്ധമായ രോഗങ്ങൾക്കും .കുമാര്യാസവം ഉപയോഗിക്കുന്നു .മൂത്രതടസ്സം .മൂത്രച്ചൂടിച്ചിൽ ,മൂത്രത്തിൽ കല്ല് ,ആർത്തവ ക്രമക്കേടുകൾ ,മലബന്ധം ,വിശപ്പില്ലായ്‌മ മുതലായവയുടെ ചികിൽത്സയിൽ കുമാര്യാസവം ഉപയോഗിച്ചുവരുന്നു .കൂടാതെ മെലിഞ്ഞവർ തടിക്കുന്നതിനും പുരുഷന്മാരിലെ ശുക്ലത്തിന്റെ അളവ് വർധിപ്പിക്കുന്നതുനും പ്രമേഹരോഗ ചികിൽത്സയിലും കുമാര്യാസവം ഉപയോഗിക്കുന്നു .കുമാരി എന്നാൽ കറ്റാർവാഴ എന്നാണ് .കറ്റാർവാഴയാണ് ഇതിലെ പ്രധാന ചേരുവ .
നീരുര്വാദി ഗുളിക -Niruryadi Gulika.
പ്രമേഹ രോഗത്തിന് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു മരുന്നാണ് നീരുര്യാദി ഗുളിക.പ്രമേഹ രോഗം മൂലമുണ്ടാകുന്ന എല്ലാ ശാരീരിക ബുദ്ധിമുട്ടുകൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
പത്ഥൃാക്ഷ ധാത്ര്യാദി കഷായം -Pathyaksha Dhatryadi Kashayam.
വിവിധ കാരണങ്ങളാലുണ്ടാകുന്ന തലവേദന ,മൈഗ്രെയ്ൻ എന്നിവയുടെ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു കഷായമാണ് പത്ഥൃാക്ഷ ധാത്ര്യാദി കഷായം .കൂടാതെ നേത്രരോഗങ്ങൾ ,കാഴ്ച്ചക്കുറവ് ,തിമിരം തുടങ്ങിയവയുടെ ചികിത്സയിലും ഈ കഷായം ഉപയോഗിക്കുന്നു .
വജ്രക തൈലം - Vajraka Tailam.
ചർമ്മരോഗങ്ങൾ ,പഴുപ്പും അണുബാധയുമുള്ള വ്രണങ്ങൾ ,കുരുക്കൾ ,ഫിസ്റ്റുല ,വാതരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ വജ്രക തൈലം ഉപയോഗിക്കുന്നു .പുറമെയുള്ള ഉപയോഗത്തിനു മാത്രമാണ് ഈ തൈലം ഉപയോഗിക്കുന്നത് .
ദശമൂലാരിഷ്ടം -Dasamularishtam.
ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഉപയോഗിക്കുന്നു .
ഖദിരാരിഷ്ടം -Khadirarishtam.
വിട്ടുമാറാത്ത എല്ലാ ചർമ്മരോഗങ്ങളുടെ ചികിത്സയിലും വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഖദിരാരിഷ്ടം .കൂടാതെ വിളർച്ച ,ഹൃദ്രോഗം ,വയറ്റിലെ ട്യൂമർ ,ഉദരകൃമി, വയറു വീർപ്പ് മുതലായവയിലും .ചുമ ,ആസ്മ തുടങ്ങിയവയുടെ ചികിത്സയിലും ഖദിരാരിഷ്ടം ഉപയോഗിക്കുന്നു .
മഞ്ജിഷ്ഠാദി ക്വാതം - Manjishthadi Kwatham.
വിട്ടുമാറാത്ത ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് മഞ്ജിഷ്ഠാദി ക്വാതം.സോറിയാസിസ് ,എക്സിമ,,ചർമ്മത്തിലെ ചൊറിച്ചിൽ ,ഉണങ്ങാത്ത മുറിവുകൾ ,വെരിക്കോസ് അൾസർ മുതലായവയുടെ ചികിൽത്സയിൽ മഞ്ജിഷ്ഠാദി ക്വാതം ഉപയോഗിച്ചുവരുന്നു .
പുനർനവാമണ്ഡൂരം -Punarnavamanduram.
അനീമിയ ,പൈൽസ് ,വിട്ടുമാറാത്ത പനി ,ഗ്രഹണി ,ഡെർമറ്റൈറ്റിസ്, കൃമിശല്ല്യം ,ദഹനക്കേട് മുതലായവയുടെ ചികിൽത്സയിൽ പുനർനവാമണ്ഡൂരം ഉപയോഗിക്കുന്നു .
സാരസ്വതാരിഷ്ടം -Saraswatarishtam.
ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കുന്ന ഒരു ടോണിക്കാണ് സാരസ്വതാരിഷ്ടം.മാനസികമായും ഞരമ്പു സംബന്ധമായും ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കുവാനും ശരീരാരോഗ്യം മെച്ചപ്പെടുത്താനും സാധാരണയായി ഈ ഔഷധം ഉപയോഗിക്കുന്നു .അപസ്‌മാരം ,ഭ്രാന്ത് ,വിഷാദരോഗം എന്നിവയുടെ ചികിൽത്സയിലും പ്രധിരോധ ശേഷിക്കുറവ് ,ആർത്തവക്രമക്കേടുകൾ ,രക്തക്കുറവ് ,ബീജത്തിന്റെ കൗണ്ട് കുറവ് എന്നിവയുടെ ചികിൽത്സയിലും സാരസ്വതാരിഷ്ടം ഉപയോഗിക്കുന്നു .
മാനസമിത്ര വടകം -Manasamitra Vatakam .
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാനസമിത്ര വടകം . വിഷാദരോഗം , ടെൻഷൻ, ഉന്മാദം, ഉറക്കക്കുറവ് ,അപസ്‌മാരം തുടങ്ങിയ അവസ്ഥകളുടെ ചികിത്സയിൽ മാനസമിത്ര ഉഗുളിക പയോഗിക്കുന്നു .
വലിയ അരിമേദാസ് തൈലം -Valiya Arimedas Tailam .
ദന്തരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അരിമേദാസ് തൈലം .മോണകളിലുണ്ടാകുന്ന നീര്,വേദന,പല്ലിന്റെ ബലക്കുറവ് മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു.
ചന്ദ്രപ്രഭാ ഗുളിക - Chandraprabha Vatika.
പ്രധാനമായും പ്രമേഹം ,മൂത്രാശയരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിലാണ് ചന്ദ്രപ്രഭാ ഗുളിക ഉപയോഗിക്കുന്നത് . കിഡ്നി സ്റ്റോൺ, മൂത്രത്തിൽ പഴുപ്പ് ,മൂത്രമൊഴിക്കുമ്പോൾ വേദന ,പുകച്ചിൽ ,അറിയാതെ മൂത്രം പോകുക , മലബന്ധം , ഹെർണിയ , മൂലക്കുരു ,തലവേദന ,പുരുഷന്മാരിലെ ലൈംഗീകശേഷിക്കുറവ് ,തുടങ്ങിയ രോഗങ്ങൾക്ക് ചന്ദ്രപ്രഭാ ഗുളിക ഉപയോഗിക്കുന്നു .
മൂലകാസവം - Moolakasavam .
ചർമ്മരോഗങ്ങൾ ,മുഖക്കുരു ,താരൻ ,രക്തദുഷ്ടി മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് മൂലകാസവം.
പടോലമൂലാദി കഷായം -Patolamooladi kashayam.
ചർമ്മരോഗങ്ങൾ ,മുഖക്കുരു ,പരു ,ചൊറിച്ചിൽ മുതലായവയുടെ ചികിത്സയിൽ പടോലമൂലാദി കഷായം ഉപയോഗിക്കുന്നു ,കൂടാതെ മഞ്ഞപ്പിത്തം ,പനി എന്നിവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
നവയാസം ഗുളിക - Navayasam Gulika.
മഞ്ഞപ്പിത്തം ,വിളർച്ച ,ചർമ്മരോഗങ്ങൾ ,മൂലക്കുരു എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് നവയാസം ഗുളിക . ഇത് ചൂർണ രൂപത്തിലും ലഭ്യമാണ് .നവ എന്നാൽ 9 എന്നും അയസ് എന്നാൽ ഇരുമ്പ് എന്നുമാണ് .ഇരുമ്പ് ഉൾപ്പടെ ഒന്പത് ഔഷധക്കൂട്ടുകൾ ചേർത്താണ് ഈ മരുന്ന് തയാറാക്കുന്നത് .
ഗുൽഗുലുപഞ്ചപല ചൂർണ്ണം -Gulgulu Panchapala Churnam .
ത്വക്ക് രോഗങ്ങൾ ,മുറിവുകൾ ,പ്രമേഹ രോഗികളിലെ ഉണങ്ങാത്ത മുറിവുകൾ ,ഫിസ്റ്റുല ,വിരശല്യം മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഗുൽഗുലുപഞ്ചപല ചൂർണ്ണം .
ജീവന്ത്യാദി ഘൃതം -Jeevanthyadi Ghrutham.
നേത്രരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ജീവന്ത്യാദി ഘൃതം.ഇത് തിമിരത്തിന്റെ ചികിത്സയിൽ ഉപയോഗിക്കുന്നു .കൂടാതെ പഞ്ചകർമ ചികിത്സയിലും ജീവന്ത്യാദി ഘൃതം ഉപയോഗിക്കുന്നു .
ത്രിഫലാദി ഘൃതം -Triphaladi Ghrutham .
തിമിരത്തിനുള്ള നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ത്രിഫലാദി ഘൃതം.
ദശമൂലപഞ്ചകോലാദി കഷായം -Dasamulapanchakoladi Kashayam.
അസൈറ്റിസ് അഥവാ മഹോദരത്തിന് പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ദശമൂലപഞ്ചകോലാദി കഷായം .കൂടാതെ മലബന്ധത്തിനും ഈ ഔഷധം ഉപയോഗിക്കുന്നു .
താന്നിക്കയുടെ ചില ഔഷധപ്രയോഗങ്ങൾ .
താന്നിക്ക ,കടുക്ക ,നെല്ലിക്ക ഇവ ഉണക്കി കുരുകളഞ്ഞ് സമമായി പൊടിച്ചെടുക്കുന്ന ചൂർണ്ണം ( ത്രിഫലാചൂർണം ) ഒരു ഗ്രാം മുതൽ 3 ഗ്രാം വരെ തേനിലോ ,നെയ്യിലോ ,ചൂടുവെള്ളത്തിലോ കലർത്തി ദിവസം രണ്ടുനേരം വീതം കഴിക്കുന്നത് വിളർച്ച ,പനി ,ചുമ ,നേത്രരോഗങ്ങൾ ,കാഴ്ച്ചക്കുറവ് ,തിമിരം ,മലബന്ധം ,രുചിയില്ലായ്‌മ ,വിശപ്പില്ലായ്‌മ ,ദഹനക്കേട് ,പ്രമേഹം,കൊളസ്‌ട്രോൾ ,പൊണ്ണത്തടി ,ചർമ്മരോഗങ്ങൾ ,മൂത്രാശയ രോഗങ്ങൾ ,വായ്പ്പുണ്ണ് എന്നിവയ്‌ക്കെല്ലാം ശമനമുണ്ടാകും .ഇത് നിത്യ യൗവനം നിലനിർത്തുന്നതിനും നല്ലതാണ് .
ഒരു ഇരുമ്പു പാത്രത്തിൽ ത്രിഫല അരച്ചു പുരട്ടി ഒരു രാത്രിയും ഒരു പകലും വച്ചിരുന്ന ശേഷം ഇതെടുത്ത് തേനും വെള്ളവും ചേർത്ത് ഒരു വർഷം കഴിച്ചാൽ രോഗങ്ങൾ വരാതെയും ജരാനരകൾ ബാധിക്കാതെയും ദീർഘായുസ്സോടെ ഇരിക്കാം .
ഒരു സ്പൂൺ ത്രിഫലാചൂർണം ഒരു ഗ്ലാസ് വെള്ളത്തിൽ ചെറിയ ചൂടിൽ തിളപ്പിച്ച് പകുതിയാക്കി വറ്റിച്ച് തണുത്തതിനു ശേഷം തലയിൽ നന്നായി തേച്ചു പിടിപ്പിച്ച് 30 മിനിട്ടിനു ശേഷം കഴുകി കളയാം .ഇപ്രകാരം ആഴ്ച്ചയിൽ മൂന്നു പ്രാവിശ്യം ചെയ്‌താൽ താരനും മുടികൊഴിച്ചിലും മാറിക്കിട്ടും .കടുക്കാത്തോട് കഷായം വെച്ചതിൽ കടുക്കയുടെ ഉള്ളിലെ കുരുവും അരച്ച് ചേർത്ത് എണ്ണകാച്ചി തലയിൽ തേച്ചു കുളിച്ചാൽ മുടി നന്നായി വളരും .
ത്രിഫലയിട്ടു തിളപ്പിച്ച വെള്ളം എല്ലാ ത്വക്ക് രോഗങ്ങൾക്കും കഴുകാൻ ഉപയോഗിക്കാം .ഈ വെള്ളം കവിൾ കൊണ്ടാൽ വായ്പ്പുണ്ണ് മാറും .
അര സ്പൂൺ ത്രിഫലാചൂർണം വെളിച്ചെണ്ണയിൽ ചാലിച്ച് മുഖത്തു പുരട്ടി 20 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം .ഇപ്രകാരം ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം ചെയ്‌താൽ മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മാറിക്കിട്ടും .
ALSO READ :ചക്രത്തകര , കർക്കിടകത്തിൽ കഴിക്കേണ്ട ഇലക്കറി .
താന്നിക്കയുടെ ഉള്ളിലെ പരുപ്പ് ഒരു ഗ്രാം മുതൽ മൂന്നു ഗ്രാം വരെ നെയ്യിൽ ചാലിച്ച് രാത്രിയിൽ കിടക്കാൻ നേരം കഴിച്ചാൽ പുരുഷന്മാരിലെ ശീഘ്രസ്‌ഖലനം മാറിക്കിട്ടും .ഇത് സ്വപ്നസ്കലനത്തിനും നല്ലതാണ് .
താന്നിക്കാത്തോട് ഉണക്കിയതും ,തിപ്പലിയും ,കുരുമുളകും സമമായി പൊടിച്ച് ഇന്തുപ്പും ചേർത്ത് കഴിച്ചാൽ വരണ്ട ചുമ മാറിക്കിട്ടും .താന്നിക്കാത്തോട് പൊടിച്ചത് 3 ഗ്രാം വീതം ചൂടുവെള്ളത്തിൽ കലർത്തി കഴിക്കുന്നത് പനി മാറാൻ നല്ലതാണ് .
താന്നിക്ക ,കടുക്ക ,നെല്ലിക്ക (ത്രിഫലത്തോട് ) എന്നിവ കൊണ്ടുള്ള കഷായം നെയ്യ് ചേർത്ത് കഴിക്കുന്നത് സുഖപ്രസവത്തിന് നല്ലതാണ് .
താന്നിക്ക ,കടുക്ക ,നെല്ലിക്ക (ത്രിഫലത്തോട് ) വിഴാലരി, കാര്‍കോകിലരി, മഞ്ഞള്‍, നറുനീണ്ടിക്കിഴങ്ങ്, ചീനപ്പാവ് , തകരയരി എന്നിവ ഓരോന്നും 30 ഗ്രാം വീതം അരച്ച് നാലു ലിറ്റര്‍ കറുക ഇടിച്ചു പിഴിഞ്ഞ നീരിൽ കലക്കി താന്നിക്കാക്കുരു ആട്ടിയെടുത്ത ഒരു ലിറ്റർ എണ്ണയിൽ അരക്കുപാകത്തിൽ കാച്ചിയെടുക്കുന്ന എണ്ണ എല്ലാ ത്വക്ക് രോഗങ്ങളെയും ശമിപ്പിക്കും .
താന്നിക്കാത്തോട് ചേരിൻ വിഷത്തിനുള്ള പ്രത്യൗഷധമാണ് . .താന്നിക്കാത്തോട് കഷായമുണ്ടാക്കി കഴിച്ചാൽ ചേരിൻ വിഷം ശമിക്കും .
താന്നിക്ക മാത്രമായിട്ടുള്ള ഔഷധപ്രയോഗങ്ങൾ ചുരുക്കമാണ് .നെല്ലിക്കയും കടുക്കയും ചേർത്തോ മറ്റു ഔഷധങ്ങൾക്കൊപ്പമൊ ആണ് താന്നിക്ക ഔഷധമായി ഉപയോഗിക്കുന്നത് .