ഒരു ഔഷധസസ്യമാണ് കാട്ടുപടവലം .ആയുർവേദത്തിൽ രക്തദുഷ്ടി ,ചർമ്മരോഗങ്ങൾ മുതലായവയുടെ ചികിത്സയിൽ കാട്ടുപടവലം ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ വൈൽഡ് സ്‌നേക്ക് ഗുഡ് ,ബിറ്റർ സ്‌നേക്ക് ഗുഡ് എന്നീ പേരുകളിലും സംസ്‌കൃതത്തിൽ പടോലാ എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ തിക്തപടോലാ ,കുല ,തിക്തക ,രാജികാഫല ,അമൃതാഫല ,കുഷ്ഠഘ്ന ,പാണ്ഡുഫല തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .
Botanical name: Trichosanthes dioica.
Family: Cucurbitaceae (Pumpkin family).
വിതരണം .
ഇന്ത്യയിലുടനീളം കാടുകളിൽ കാട്ടുപടവലം വളരുന്നു .
സസ്യവിവരണം .
മറ്റു സസ്യങ്ങളിൽ പടർന്നു കയറി വളരുന്ന ഒരു മൃദു സസ്യമാണ് കാട്ടുപടവലം .ഇലകൾ ഹസ്താകൃതിയിലോ ഹൃദയാകൃതിയിലോ കാണപ്പെടുന്നു .പൂക്കൾക്ക് വെള്ളനിറം .ഇവയുടെ ഫലത്തിന് 2 .5 മുതൽ 10 സെ.മീ നീളവും .2 5 മുതൽ 5 സെ.മീ വ്യാസവും ഉണ്ടാവും .കോവയ്ക്കയോട് സാദൃശ്യമുള്ള ഇവയുടെ ഫലത്തിന്റെ ഉപരിതലത്തിൽ വെളുത്ത രേഖകൾ കാണാം .ഫലം ഭക്ഷ്യയോഗ്യമാണ് .പച്ചയ്ക്കും പാചകം ചെയ്‌തും ഉപയോഗിക്കാം .ഇതിനു കയ്പ്പു രുചിയാണ് .അതിനാൽ കയ്പ്പൻ പടവലം എന്ന പേരിൽ അറിയപ്പെടുന്നു .ഇതിന്റെ കായകൾ കറികൾക്കോ ഔഷധാവിശ്യങ്ങൾക്കോ എടുക്കുമ്പോൾ ഇരുമ്പു തൊടാതെ വേണം എടുക്കാൻ എന്നാണ് പറയാറ് .ഇരുമ്പുപോലെയുള്ള വസ്‌തുക്കൾ ഇവയിൽ കൊണ്ടാൽ ഇവയുടെ കയ്പ്പുരുചി വർധിക്കുമെന്നും ഔഷധഗുണങ്ങൾ കുറയുമെന്നും പഴമക്കാർ പറയുന്നു .
രാസഘടകങ്ങൾ .
കാട്ടു പടവലത്തിന്റെ വേരിൽ ഹെൻട്രിയാകൊൺടേൻ ,സാപോനിൻ ,ഫൈറ്റൊസ്റ്റിറോൾ എന്നിവയും ഒരു തൈലവും അടങ്ങിയിരിക്കുന്നു .ഫലത്തിൽ പ്രോട്ടീൻ ,കാർബോ ഹൈഡ്രേറ്റ് എന്നിവയും അടങ്ങിയിരിക്കുന്നു.
പ്രാദേശികനാമങ്ങൾ .
English name – Pointed Gourd, Wild Snake Guard.
Malayalam name –Kattupadavalam.
Tamil name – Kambupudalai.
Kannada name – Kaadu Padaval.
Telugu name – Kommu Potla.
Hindi name – Parval.
Marathi Name – Paraval.
Bengali name – Patol.
Punjabi name – Parwal, Palwal.
Gujarati name – Patola.
ഔഷധയോഗ്യഭാഗങ്ങൾ .
സമൂലം .
രസാദിഗുണങ്ങൾ .
രസം -തിക്തം .
ഗുണം -ലഘു ,സ്‌നിഗ്ധം.
വീര്യം -ഉഷ്‌ണം .
വിപാകം -കടു .
കാട്ടുപടവലത്തിന്റെ ഔഷധഗുണങ്ങൾ .
രക്തം ശുദ്ധീകരിക്കും .ചർമ്മരോഗങ്ങൾ ,വെള്ളപ്പാണ്ട്, ചൊറിച്ചിൽ ,കുഷ്ഠം ,വ്രണം ,പൊള്ളൽ ,വിഷം എന്നിവ ശമിപ്പിക്കും .പകർച്ചവ്യാധികളെ തടയും .ദഹനവും രുചിയും വിശപ്പും വർധിപ്പിക്കും .വായുകോപം ശമിപ്പിക്കും .പനിയെ ചെറുക്കും .വേദന ,വീക്കം ,ക്ഷതം ,മുറിവ് എന്നിവയ്ക്കും നല്ലതാണ് ,മഞ്ഞപ്പിത്തം ,ഛർദ്ദി ,ക്ഷീണം ,വിരശല്യം എന്നിവയ്ക്കും നല്ലതാണ് .ചുമ, കഫക്കെട്ട് ,ആസ്മ ,ബ്രോങ്കൈറ്റിസ് ,തലവേദന, ഹൃദ്രോഗം എന്നിവയ്ക്കും നല്ലതാണ് ,മുടി വട്ടത്തിൽ കൊഴിയുന്നതിനും നല്ലതാണ് .
കാട്ടു പടവലത്തിനു പകരമായി നാട്ടുപടവലവും (Trichosanthes cucumerina) ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്നു .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
കാട്ടുപടവലം ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
പടോലകരോഹിണ്യാദി കഷായം (Patolakaturohinyadi Kashayam).
മഞ്ഞപ്പിത്തം ,സോറിയാസിസ് ,ചർമ്മഅലർജി ,അണുബാധ ,ഛർദ്ദി ,വിശപ്പില്ലായ്‌മ തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു കഷായമാണ് പടോലകരോഹിണ്യാദി കഷായം.
പടോലാദി കഷായം (Patoladi Kashayam ).
പ്രധാനമായും ചർമ്മരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് പടോലാടി കഷായം .സോറിയാസിസ് ,ചുണങ്ങ് ,ചൊറിച്ചിൽ എന്നിവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ നെഞ്ചുവേദന ,മൂലക്കുരു ,ടൈഫോയ്ഡ് തുടങ്ങിയവയുടെ ചികിത്സയിലും പടോലാദി കഷായം ഉപയോഗിക്കുന്നു .
പടോലാദി ഘൃതം (Patoladi Ghritam).
ചർമ്മരോഗങ്ങൾ ,ചെവി ,മൂക്ക് ,തൊണ്ട എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ ,നേത്രരോഗങ്ങൾ ,പനി തുടങ്ങിയവയുടെ ചികിത്സയിലും പഞ്ചകർമ്മ ചികിത്സയിലും ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് പടോലാദി ഘൃതം.
പടോലാദി ചൂർണ്ണം Patoladi Choornam).
ഹൃദയസംബന്ധമായ രോഗങ്ങൾ ,വെള്ളപ്പാണ്ട് ,വിളർച്ച ,ഗ്രഹണി ,മഞ്ഞപ്പിത്തം ,വയറുവേദന ,വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,പനി മുതലായവയുടെ ചികിത്സയിൽ പടോലാദി ചൂർണ്ണം ഉപയോഗിക്കുന്നു .
പടോലാസവം (Patolasavam).
ത്വക്ക് രോഗങ്ങൾ ,മഞ്ഞപ്പിത്തം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് പടോലാസവം.
പുനർനവാദി കഷായം (Punarnavadi Kashayam)
ശരീരത്തിലുണ്ടാകുന്ന വേദന ,നീര് എന്നിവയ്ക്കും , പനി ,ചുമ ,ജലദോഷം ,ശ്വാസതടസ്സം ,വിളർച്ച തുടങ്ങിയ രോഗങ്ങൾക്കും പുനർനവാദി കഷായം ഉപയോഗിക്കുന്നു ,
ചവികാസവം (Chavikasavam).
ഉദരസംബന്ധമായ രോഗങ്ങളുടെയും മൂത്രസംബന്ധമായ രോഗങ്ങളുടെയും ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ചവികാസവം .വയറുവേദന ,വയറുവീർപ്പ് ,ഹെർണിയ ,വയറ്റിലെ മുഴകൾ ,മൂത്രനാളിയിലെ തകരാറുകൾ എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ചുമ ,ജലദോഷം ,ആസ്മ ,അലർജി മൂലമുണ്ടാകുന്ന മൂക്കൊലിപ്പ് ,തുമ്മൽ തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
തിക്തകം കഷായം (Tiktakam Kashayam).
ത്വക്ക് രോഗങ്ങൾ ,വെള്ളപ്പാണ്ട് ,അനീമിയ ,ഉണങ്ങാത്ത വ്രണങ്ങൾ , ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് അഥവാ ഐ ബി ഡി,കരൾ രോഗങ്ങൾ ഉത്കണ്ട ,മാനസിക സമ്മർദം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഔഷധമാണ് തിക്തകം കഷായം .ഇത് ഗുളിക രൂപത്തിലും (തിക്തകം ക്വാഥം) ലഭ്യമാണ് .
ഗുഗ്ഗുലുതിക്തക ഘൃതം (Guggulutiktaka ghritam).
പ്രധാനമായും ചർമ്മരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ഗുഗ്ഗുലുതിക്തക ഘൃതം.സോറിയാസിസ് ,ചർമ്മഅലർജി ,എന്നിവയുടെ ചികിത്സയിലും ഉണങ്ങാത്ത മുറിവുകൾ ,ഫിസ്റ്റുല എന്നിവയുടെ ചികിത്സയിലും എല്ലാത്തരം വാതരോഗങ്ങളുടെയും ചികിത്സയിലും ഗുഗ്ഗുലുതിക്തക ഘൃതം ഉപയോഗിക്കുന്നു .കഷായ രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .
മഞ്ജിഷ്ഠാദി ക്വാതം - Manjishthadi Kwatham.
വിട്ടുമാറാത്ത ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മഞ്ജിഷ്ഠാദി ക്വാതം.സോറിയാസിസ് ,എക്സിമ,,ചർമ്മത്തിലെ ചൊറിച്ചിൽ ,ഉണങ്ങാത്ത മുറിവുകൾ ,വെരിക്കോസ് അൾസർ മുതലായവയുടെ ചികിൽത്സയിൽ മഞ്ജിഷ്ഠാദി ക്വാതം ഉപയോഗിച്ചുവരുന്നു .
ആരഗ്വധാദി കഷായം (Aragvadhadi Kashayam).
പ്രമേഹം ,ചൊറി ,വട്ടച്ചൊറി ,കരപ്പൻ ,ഉണങ്ങാത്ത മുറിവുകൾ,പനി ,ഛർദ്ദി മുതലായവയുടെ ചികിൽത്സയിൽ ആരഗ്വധാദി കഷായം ഉപയോഗിച്ചു വരുന്നു .
ചന്ദനാസവം ( Chandanasavam).
ദഹനപ്രശ്‌നങ്ങൾ ,മൂത്രാശയരോഗങ്ങൾ ,ശ്വാസകോശരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ചന്ദനാസവം സാധാരണയായി ഉപയോഗിക്കുന്നു .മൂത്രച്ചൂടിച്ചിൽ ,മൂത്രനാളിയിലെ അണുബാധ, വെള്ളപോക്ക് ,മൂത്രത്തിൽ കല്ല് തുടങ്ങിയ അവസ്ഥകളിലും .ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളിലും .ദഹനക്കേട് ,ഗ്യാസ്ട്രൈറ്റിസ് എന്നിവയ്ക്കും ചന്ദനാസവം ഉപയോഗിക്കുന്നു .
നിംബാമൃതാദി പഞ്ചതിക്തം കഷായം (Nimbamritadi panchatiktam Kashayam).
സന്ധിവാതം ,പനി ,പരു ,കുരു ,ഉണങ്ങാത്ത മുറിവുകൾ ,അനീമിയ മുതലായവയുടെ ചികിൽത്സയിൽ നിംബാമൃതാദി പഞ്ചതിക്തം കഷായം ഉപയോഗിച്ചു വരുന്നു .
നിംബാമൃതാസവം (Nimbamritasavam).
എല്ലാത്തരം വാതരോഗങ്ങളുടെ ചികിൽത്സയിലും .എക്സിമ ,സോറിയാസിസ് ,ഉണങ്ങാത്ത മുറിവുകൾ തുടങ്ങിയ ചർമ്മരോഗങ്ങളുടെ ചികിൽത്സയിലും നിംബാമൃതാസവം ഉപയോഗിച്ചുവരുന്നു .
അരവിന്ദാസവം (Aravindasavam)
കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അരവിന്ദാസവം .കുട്ടികൾക്കുണ്ടാകുന്ന എല്ലാ ശാരീരിക മാനസിക രോഗങ്ങൾക്കും വളരെ ഫലപ്രദമാണ് ഈ ഔഷധം .വിശപ്പില്ലായ്‌മ ,ശരീര ഭാരക്കുറവ് ,ആരോഗ്യമില്ലായ്മ ,കാരണമില്ലാതെ കരയുക, ഉന്മേഷമില്ലായ്‌മ തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
പഞ്ചതിക്തകം ഘൃതം (Panchathikthakam Ghrutham )
ത്വക്ക് രോഗങ്ങൾ, വിട്ടുമാറാത്ത പനി, വിളർച്ച,മൂലക്കുരു,സന്ധിവാതം തുടങ്ങിയവയുടെ ചികിത്സയിൽ പഞ്ചതിക്തം ഉപയോഗിക്കുന്നു .
ആരഗ്വധമഹാതിക്തകം ഘൃതം (Aragwadamahathikthakam ghrutham).
സോറിയാസിസ് ,എക്സിമ ,വെള്ളപ്പാണ്ട് തുടങ്ങിയ എല്ലാ ത്വക്ക് രോഗങ്ങളുടെയും ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ആരഗ്വധമഹാതിക്തകം ഘൃതം.
വജ്രകം കഷായം (Vajrakam Kashayam).
സോറിയാസിസ്,എക്സിമ,ഡെർമറ്റൈറ്റിസ്,മഞ്ഞപ്പിത്തം ,പനി തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വജ്രകം കഷായം.
ജീവന്ത്യാദി കഷായം (Jivantyadi kashayam).
ചർമ്മരോഗങ്ങളുടെയും പനിയുടെയും ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ജീവന്ത്യാദി കഷായം.
കാട്ടു പടവലത്തിന്റെ ചില ഔഷധപ്രയോഗങ്ങൾ .
കാട്ടുപടവലം സമൂലം കഷായമുണ്ടാക്കി കഴിക്കുന്നത് ചർമ്മരോഗങ്ങൾ ,മലബന്ധം ,പനി എന്നിവ മാറാൻ നല്ലതാണ് .പടവലം ,ചന്ദനം ,അമൃത് ,കടുരോഹിണി ,പാടക്കിഴങ്ങ് ,പെരുങ്കുരുമ്പ എന്നിവ സമമായി എടുത്ത് കഷായമുണ്ടാക്കി കഴിച്ചാൽ എല്ലാ ചർമ്മരോഗങ്ങൾ മാറുകയും രക്തദൂഷ്യം മാറിക്കിട്ടുകയും ചെയ്യും .കാട്ടുപടവലത്തിന്റെ വേര് അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന ,കൊടിഞ്ഞി തലവേദന എന്നിവയ്ക്ക് ശമനമുണ്ടാകും .
കാട്ടുപടവലത്തിന്റെ ഇല അരച്ച് പുരട്ടിയാൽ മുറിവുകൾ വേഗം ഉണങ്ങും .കാട്ടു പടവലത്തിന്റെ ഇല അരച്ച് പുറമെ പുരട്ടിയാൽ എത്ര പഴകിയ വ്രണവും പെട്ടന്ന് കരിയും .കൂടാതെ നീരും വേദനയ്ക്കും ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ,പരു തുടങ്ങിയവ മാറുന്നതിനും ഇല അരച്ച് പുരട്ടുന്നത് നല്ലതാണ് .കാട്ടു പടവലത്തിന്റെ വേര് അരച്ച് പുറമെ പുരട്ടിയാൽ ചർമ്മത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം മാറിക്കിട്ടും .
ALSO READ :തുമ്പയുടെ ഔഷധഗുണങ്ങൾ .
കാട്ടുപടവലത്തിന്റെ കായും ,പാടക്കിഴങ്ങും ഇരുമ്പുതൊടാതെ ഇടിച്ചു പിഴിഞ്ഞ നീര് നസ്യം ചെയ്താൽ മഞ്ഞപ്പിത്തം ശമിക്കും .കാട്ടു പടവലത്തിന്റെ കായ കുരുമുളകും ഉപ്പും ചേർത്ത് എണ്ണയിൽ വറുത്ത് കഴിച്ചാൽ മുതിർന്നവരിലേയും കുട്ടികളിലെയും കൃമിശല്ല്യം ഇല്ലാതാകും .കാട്ടുപടവലത്തിന്റെ ഇലയും കടുക് രോഹിണിയും ചേർത്തരച്ച് പുരട്ടിയാൽ വാതം കൊണ്ടുണ്ടാകുന്ന സന്ധിവീക്കത്തിനും വേദനയ്ക്കും നല്ലതാണ് .
കാട്ടുപടവലം ,കടുക്‌രോഹിണി,കുരുമുളക്, തിപ്പലി,ഞെരിഞ്ഞില്‍, ചുക്ക് ,വേപ്പിന്‍തൊലി, ചിറ്റമൃത്, ദേവതാരം, ഇരുവേലി, പര്‍പ്പടകപ്പുല്ല്, മുത്തങ്ങ കിഴങ്ങ്, ആടലോടക വേര്, പുത്തരിച്ചുണ്ട വേര്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതന വേര്, വന്‍വഴുതന വേര് ഇവ ഓരോന്നും 5 ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ കഷായം വച്ച് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറ് മില്ലി വീതം തേൻ മേമ്പൊടി ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ എത്ര ശക്തമായ പനിയും ശമിക്കും .കാട്ടുപടവലം കായ പച്ചക്കറിയായി ഉപയോഗിക്കുന്നത് പ്രമേഹരോഗശമനത്തിന് നല്ലതാണ് .