ഒരു ഔഷധസസ്യമാണ് തുമ്പ .ആയുർവേദത്തിൽ ചുമ ,ജലദോഷം ,ആസ്മ ,മഞ്ഞപ്പിത്തം മുതലായ രോഗങ്ങളുടെ ചികിത്സയിൽ തുമ്പ ഔഷധമായി ഉപയോഗിക്കുന്നു .കൂടാതെ ഹിന്ദുക്കളുടെ മതപരമായ ആചാരങ്ങളിലും തുമ്പ ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ തുംബ എന്ന പേരിലും സംസ്‌കൃതത്തിൽ ദ്രോണപുഷ്‌പി എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ ചിത്രപത്രിക ,കരഭപ്രിയ ,ദ്രോണ ,ഫലെപുഷ്പാ തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .
Botanical name: Leucas aspera ,Leucas cephalotes .
Family: Lamiaceae (Mint family).
വിതരണം .
ഇന്ത്യയിലുടനീളം വഴിവക്കുകളിലും പറമ്പുകളിലും ഒരു പാഴ്‌ച്ചെടിയായി തുമ്പ വളരുന്നു .
സസ്യവിവരണം .
ശരാശരി 60 സെ.മീ ഉയരത്തിൽ വളരുന്ന ഒരു ലഘുസസ്യം .ഈ ചെടിയിൽ മുഴുവനായും രോമങ്ങൾ കാണാം .തണ്ടുകൾ ചതുരാകൃതിയാണ് .ഇലകളുടെ അഗ്രം കൂർത്തതാണ് .ഇലകൾക്ക് 3 -6 സെ.മീ നീളവും 1 -4 സെ.മീ വീതിയും കാണും .പുഷ്പങ്ങൾ ശാഖാഗ്രങ്ങളിലോ ഇലകളുടെ മുട്ടുകളിലോ കുലകളായി ഉണ്ടാകുന്നു .പൂക്കൾക്ക് തൂവെള്ള നിറമാണ് .ഇതിന്റെ വിത്തുകൾ വളരെ ചെറുതും നാലെണ്ണം ഒരുമിച്ചാണ് കാണപ്പെടുന്നത് .വിത്തുവഴിയാണ് തുമ്പയുടെ സ്വാഭാവിക പ്രജനനം .
ഓണക്കാലത്താണ് തുമ്പ സമൃദ്ധമായി പുഷ്പ്പിക്കുന്നത് .ഓണപ്പൂക്കളം തയാറാക്കാനായി തുമ്പയുടെ പൂക്കൾ ഉപയോഗിച്ചു വരുന്നു .തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പൂവാണ് തുമ്പപ്പൂ. കേരളത്തിൽ ചിലയിടങ്ങളിൽ തുമ്പപ്പൂ കൊണ്ട് അട ഉണ്ടാക്കി ഓണത്തപ്പന് നിവേദിക്കുന്ന ചടങ്ങുണ്ട്. പൂവട എന്നാണ് ഇതിന് അറിയപ്പെടുന്നത്. കർക്കിടക വാവുബലി തുടങ്ങിയ മരണാനന്തരക്രിയകളിൽ ഹൈന്ദവർ തുമ്പപൂവ് ഉപയോഗിക്കുന്നു. കേരളത്തിലെ മുത്തപ്പൻ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട പ്രസാദമാണ് തുമ്പപൂവും തുമ്പയിലയും..
തുമ്പ ഇനങ്ങൾ .
തുമ്പ നിരവധി ഇനങ്ങളുണ്ട് .ആയുർവേദ ഗ്രന്ഥങ്ങളിൽ ദ്രോണപുഷ്‌പി (Leucas aspera ) മഹാദ്രോണ (Leucas cephalotes ) എന്നിങ്ങനെ രണ്ടിനം തുമ്പയെ കുറിച്ചു പറയുന്നുണ്ട് .കൂടാതെ Leucas lavandulifolia , Leucas linifilia ,Leonurus indices തുടങ്ങിയ ശാസ്ത്രനാമങ്ങളിൽ അറിയപ്പെടുന്ന സസ്യങ്ങളെയും തുമ്പയായി ഉപയോഗിച്ചു വരുന്നു .
രാസഘടകങ്ങൾ .
തുമ്പയുടെ ഇലകളിൽ Nectandrin-B , Meso-dihydroguaiaretic acid ,Mecelignan എന്നീ ലിഗ്നാനുകളും . Acacetin , Chrysoseriol എന്നീ ഫ്ലവനോയിഡുകളും ബാഷ്പശീലതൈലവും അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
English name - Thumba.
Malayalam name - Tumba.
Tamil Name- Thumbai.
Kannada name - Tumbe.
Telugu Name- Tummi, Peddatumani.
Hindi Name- Guma.
Marati Name- Tubari, Tumba.
Bengali Name- Dandakalas, Halaksa.
Gujarati Name- Kubo.
ഔഷധയോഗ്യഭാഗങ്ങൾ .
സമൂലം .
രസാദിഗുണങ്ങൾ .
രസം :കടു, ലവണം.
ഗുണം :ഗുരു,രൂക്ഷം,തീക്ഷ്ണം.
വീര്യം :ഉഷ്ണം.
വിപാകം :കടു.
തുമ്പയുടെ ഔഷധഗുണങ്ങൾ .
അണുനാശകശക്തിയും വിഷശമനശക്തിയുമുണ്ട് .പനി,ചുമ ,ജലദോഷം ,ആസ്മ ,മഞ്ഞപ്പിത്തം എന്നിവയെ ശമിപ്പിക്കും .രുചി വർധിപ്പിക്കും .ദഹനശക്തി വർധിപ്പിക്കും .വായുകോപം ശമിപ്പിക്കും .മുലപ്പാൽ വർധിപ്പിക്കും .രക്തം ശുദ്ധീകരിക്കും .വയറുവേദന ,തലവേദന ,മൈഗ്രെയ്ൻ, കൃമിശല്യം ,ഗ്രഹണി ,മുറിവുകൾ ,വ്രണം ,വീക്കം ,ആർത്തവ ക്രമക്കേടുകൾ എന്നിവയ്ക്കും നല്ലതാണ് .ത്വക്ക് രോഗങ്ങൾ ,സോറിയാസിസ് ,ചൊറി ,ചിരങ്ങ് ,ചുണങ്ങ് ,മുടി വട്ടത്തിൽ കൊഴിച്ചിൽ എന്നിവയ്ക്കും നല്ലതാണ് .സന്ധിവേദന ,മൂലക്കുരു .തൊണ്ടവീക്കം എന്നിവയ്ക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
തുമ്പ ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
ഗോരോചനാദി ഗുളിക (Gorochanadi Gulika).
പനി ,ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് ,ടോൺസിലൈറ്റിസ് തുടങ്ങിയവയുടെ ചികിത്സയിലും .ദഹനക്കേട് ,ഗ്യാസ്ട്രബിൾ ,നെഞ്ചെരിച്ചിൽ മുതലായവയുടെ ചികിത്സയിലും ഗോരോചനാദി ഗുളിക ഉപയോഗിക്കുന്നു .
കൊമ്പഞ്ചാദി ഗുളിക (Kombanchadi Gulika).
കുട്ടികളിലെ പനി ,ചുമ ,ജലദോഷം ,തലവേദന എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കൊമ്പഞ്ചാദി ഗുളിക..
തുമ്പയുടെ ചില ഔഷധപ്രയോഗങ്ങൾ .
തുമ്പ അമിത അളവിൽ ഉള്ളിൽ കഴിച്ചാൽ വയറെരിച്ചിൽ പോലെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകും .തുമ്പ തോരനുണ്ടാക്കി കഴിച്ച് ഒരു മലയാളി വീട്ടമ്മ മരിച്ചതായും സ്ഥിതികരിക്കാത്ത റിപ്പോർട്ടുകളുണ്ട് .അതിനാൽ തുമ്പ ഔഷധമായി ഉപയോഗിക്കുമ്പോൾ ഒരു വൈദ്യ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക .
തുമ്പയുടെ ഇല നീര് 2 തുള്ളി വീതം മൂക്കിലൊഴിക്കുന്നത് ,തലവേദന ,മൈഗ്രെയ്ന്‍ തലവേദന ,ജലദോഷം എന്നിവ മാറാൻ നല്ലതാണ് .തുമ്പയുടെ ഇല നീര് സൂര്യോദയത്തിനു മുമ്പ് കാലിന്റെ തള്ളവിരലിൽ ഒരു മണിക്കൂർ ഒഴിച്ചു നിർത്തിയാൽ മൈഗ്രെയ്ന്‍ തലവേദന മാറും .ഇങ്ങനെ മൂന്നു ദിവസം ആവർത്തിച്ചാൽ മൈഗ്രെയ്ന്‍ പൂർണ്ണമായും മാറും .തുമ്പയുടെ നീര് കഴിക്കുന്നത് വയർ ശുദ്ധിയാകാനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നല്ലതാണ് .
തുമ്പയില നീര് രണ്ടു തുള്ളി വീതം കണ്ണിലൊഴിക്കുന്നത് കണ്ണിനുണ്ടാകുന്ന ചതവ് മാറാൻ നല്ലതാണ് . 10 മില്ലി തുമ്പനീര് രാവിലെ വെറുംവയറ്റിൽ കുറച്ചു ദിവസം പതിവായി കഴിച്ചാൽ വായുകോപം മാറിക്കിട്ടും .തുമ്പയുടെ ഇലയും പൂവും കൂടി ചതച്ചു പിഴിഞ്ഞ നീര് 10 മുതൽ 20 മില്ലി വരെ പാലിൽ ചേർത്ത് കഴിച്ചാൽ കൃമിശല്യം ,വിരശല്യം എന്നിവ മാറിക്കിട്ടും .പൂവിന്റെ നീര് കണ്ണിലൊഴിക്കുന്നത് മഞ്ഞപ്പിത്തം മൂലമുള്ള കണ്ണിന്റെ മഞ്ഞ നിറം മാറാൻ നല്ലതാണ് .
തുമ്പയില ഒരു ടീസ്പൂൺ വീതം കുട്ടികൾക്ക് കൊടുക്കുന്നത് അവരുടെ പനി മാറാൻ നല്ലതാണ് .ഒരു ടീസ്പൂൺ തുമ്പയില നീരിൽ കുറച്ച് പാൽക്കായം ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ വിരശല്യം മാറിക്കിട്ടും .ഇല നീര് മോരിൽ ചേർത്ത് കഴിച്ചാൽ എക്കിൾ മാറിക്കിട്ടും .തുമ്പപ്പൂവ് ,മുത്തങ്ങ ,അയമോദകം എന്നിവ ഉണക്കി പാലിൽ ചേർത്ത് കഴിച്ചാൽ ഗ്രഹണി മാറും .മൂന്നോ നാലോ തുമ്പപ്പൂവ് അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ വയറിളക്കം മാറിക്കിട്ടും .ഇതു പനി മാറാനും നല്ലതാണ് .
തുമ്പയുടെ ഇല അരച്ച് പുറമെ പുരട്ടിയാൽ തേൾ വിഷം ശമിക്കും .പണ്ടുകാലങ്ങളിൽ പാമ്പിൻ വിഷത്തിനും തുമ്പയുടെ ഇല അരച്ച് പാമ്പുകടിയേറ്റ ഭാഗത്ത് പുരട്ടിയിരുന്നു .തുമ്പയില ,തുളസിയില ,വെറ്റില ,കുരുമുളക് എന്നിവ ചേർത്ത് കഷായമുണ്ടാക്കി രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ കഫക്കെട്ട് മാറിക്കിട്ടും .തുമ്പയില ,കശുമാവില ,കീഴാർനെല്ലി , പപ്പായ ഇല ,കയ്യോന്നി എന്നിവ കുഴമ്പു പരുവത്തിൽ അരച്ച് പുറമെ പുരട്ടിയാൽ വെള്ളപ്പാണ്ട് മാറിക്കിട്ടും .തുമ്പ സമൂലം അരച്ച് തലയിൽ തേച്ച് 30 മിനിറ്റിന് ശേഷം കഴുകിക്കളയുക .ഇപ്രകാരം കുറച്ചുദിവസം പതിവായി ആവർത്തിച്ചാൽ തലയിലെ താരൻ പൂർണ്ണമായും മാറും ,
തുമ്പയില നീരിൽ സമം എണ്ണ ചേർത്ത് കഴിച്ചാൽ വയറുവേദന മാറിക്കിട്ടും .തുമ്പയില അരച്ച് വെളിച്ചെണ്ണയിൽ കാച്ചി കുഴിനഖമുള്ള ഭാഗത്ത് പതിവായി പുരട്ടിയാൽ കുഴിനഖം മാറിക്കിട്ടും .തുമ്പയുടെ തളിരിലയും ,വെറ്റില ഞെട്ടും കൂടി എണ്ണ കാച്ചി പുരട്ടുന്നതും കുഴിനഖം മാറാൻ നല്ലതാണ് .തലയിൽ മുടി വട്ടത്തിൽ കൊഴിഞ്ഞ ഭാഗത്ത് കത്തികൊണ്ട് ചുരണ്ടി ശേഷം തുമ്പയുടെ ഇലയും ചുണ്ണാമ്പും ചേർത്തരച്ച് പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം .ഇപ്രകാരം മൂന്നു ദിവസം ആവർത്തിച്ചാൽ രണ്ടാഴ്ച്ച കൊണ്ട് കൊഴിഞ്ഞുപോയ മുടി കിളിർത്തുവരും .
ALSO READ : തിപ്പലിയുടെ ഔഷധഗുണങ്ങൾ .
തുമ്പ സമൂലം അരച്ച് എണ്ണകാച്ചി പുരട്ടുന്നത് ചൊറി ,ചിരങ്ങ് ,ചുണങ്ങ് ,പുഴുക്കടി ,കരപ്പൻ എന്നിവ മാറാൻ നല്ലതാണ് .ഈ എണ്ണ നെറുകയിൽ പുരട്ടുന്നത് അലര്‍ജിമൂലമുള്ള തുമ്മൽ , സൈനസൈറ്റിസ് എന്നിവയ്ക്ക് നല്ലതാണ് .തുമ്പയില ഇട്ട് വെള്ളം തിളപ്പിച്ച് ആവി കൊള്ളുന്നത് ജലദോഷം മൂലമുണ്ടാകുന്ന മൂക്കടപ്പ് മാറാൻ നല്ലതാണ് .തുമ്പയില അരച്ച് മലദ്വാരത്തിനു ചുറ്റും പതിവായി പുരട്ടുന്നത് മൂലക്കുരു മാറാൻ നല്ലതാണ് .തുമ്പ സമൂലം ഉണക്കി പുകച്ചാൽ കൊതുകു ശല്യം ഒഴിവാകും .തുമ്പ സമൂലം ഉണക്കിയത് വെള്ളം തിളപ്പിച്ച് മുറിവുകളും വ്രണങ്ങളും കഴുകാൻ ഉപയോഗിക്കാം .തുമ്പയില നീര് മുറിവിൽ പുരട്ടിയാൽ മുറിവ് വേഗം കരിയും .
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ തുമ്പ നീര് പുരട്ടുന്നത് നല്ലതാണ് ,കൂടാതെ ചൊറിയണം ,നായ്ക്കരുണ എന്നിവ ശരീരത്തിൽ സ്പർശിച്ചിട്ടുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ തുമ്പ നീര് പുരട്ടിയാൽ മതിയാകും . പ്രസവാനന്തരം തുമ്പയിട്ടു തിളപ്പിച്ച വെള്ളത്തിൽ മൂന്നോ നാലോ ദിവസം കുളിക്കുന്നത് അണുബാധ ഉണ്ടാകാതെ തടയാം .തുമ്പവേര് ,കടലാടി വേര് ,പാണൽ വേര് ,ചുക്ക് എന്നിവ ചേർത്തുണ്ടാക്കുന്ന കഷായം പണ്ടുകാലങ്ങളിൽ കൊതിദോഷം മാറാൻ ഉപയോഗിച്ചിരുന്നു .