ഒരു സുഗന്ധവ്യഞ്ജനമാണ് തിപ്പലി .കുരുമുളക് ചെടിയോട് സാദൃശ്യമുള്ള ഒരു വള്ളിച്ചെടി .ആയുർവേദത്തിൽ ചുമ ,ആസ്മ ,ജലദോഷം ,ദഹനക്കേട് ,വിശപ്പില്ലായ്മ മുതലായവയുടെ ചികിത്സയിൽ തിപ്പലി ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ലോങ്പെപ്പർ എന്നും .സംസ്‌കൃതത്തിൽ പിപ്പലി ,മഗധി ,ഉപകുല്യാ, കൃഷ്ണഃ, മഗധ, വൈദേഹി, കണഃ, കൃകലാ എന്നീ പേരുകളിലും അറിയപ്പെടുന്നു
Botanical name : Piper longum .
Family : Piperaceae (Pepper family).
വിതരണം .
ഇന്ത്യയാണ് തിപ്പലിയുടെ ജന്മദേശം .ആസ്സം ,ബംഗാൾ ,കേരളം എന്നിവിടങ്ങളിൽ തിപ്പലി കണ്ടുവരുന്നു.
സസ്യവിവരണം .
കുരുമുളക് ചെടിയോട് സാദൃശ്യമുള്ള ഒരു വള്ളിച്ചെടിയാണ് തിപ്പലി .കുരുമുളക് ചെടിയുടെ അത്ര .ഉയരത്തിൽ വളരാറില്ല .ധാരാളം മുട്ടുകളുള്ള തണ്ടുകളിൽ കുരുമുളക് ചെടിയുടെ പോലെ താങ്ങുചെടിയിൽ പറ്റിപിടിച്ചു വളരുവാനുള്ള വേരുകളില്ല .ഇലകൾ ഏതാണ്ട് കുരുമുളകുചെടിയുടെ ആകൃതിയാണങ്കിലും അത്ര കട്ടിയില്ല .തിപ്പലിയുടെ ഇലകൾക്ക് നല്ല എരിവും ഗന്ധവുമുണ്ട് .
തിപ്പലിയുടെ ആൺ ,പെൺ പുഷ്പ്പങ്ങൾ വെവ്വേറെയാണ് ഉണ്ടാകുന്നത് .ഇതിൽ തിരിപോലെയുള്ള പെൺ പൂക്കളാണ് കായായി മാറുന്നത്.പഴുക്കാത്ത പച്ച നിറത്തിലുള്ള കായ്കളാണ് ചെടിയിൽ നിന്നും ശേഖരിക്കുന്നത് .ഇത് നന്നായി ഉണങ്ങി കഴിയുമ്പോൾ നല്ല കറുപ്പു നിറത്തിലാകും .ഇതിന് നല്ല എരിവ് ഉണ്ടാകും.തിപ്പലി ,വൻതിപ്പലി ,ചെറുതിപ്പലി ,കാട്ടുതിപ്പലി ,കുഴിതിപ്പലി എന്നിങ്ങനെ തിപ്പലി ഒരുപാടു തരമുണ്ട് .ഇവയുടെ ഗുണങ്ങൾ എല്ലാം സമാനമാണെങ്കിലും കാട്ടുതിപ്പലി വർഗ്ഗത്തിൽ പെട്ടതിനാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത് .
രാസഘടന .
തിപ്പലിയുടെ കായ്കളിൽ ഏറ്റവും അധികം അടങ്ങിയിട്ടുള്ളത് Piperine എന്ന രാസപദാർഥമാണ് .ഇതാണ് തിപ്പലിക്ക് എരിവ് നൽകുന്നത് .തിപ്പലിയുടെ തണ്ടിൽ നിന്നും ഡിഹൈഡ്രോ സ്റ്റിഗ്മാസ്റ്റെറിൻ ,സ്റ്റിറോയിഡ് എന്നിവ വേർതിരിച്ചെടുക്കുന്നു .
പ്രാദേശികനാമങ്ങൾ .
English Name - Long Pepper.
Malayalam Name -Tippali,Kattutipali,pippali.
Tamil Name- Tippili, Argadi.
Telugu Name- Pippallu, Pippali.
Kannada Name - Hippali, Hipli.
Hindi Name- Pipala, Pipal.
Bengali Name- Pipal, Pipul.
Punjabi Name- Maghaun.
ഔഷധയോഗ്യഭാഗങ്ങൾ .
വേര് ,കായ .
രസാദിഗുണങ്ങൾ .
രസം-കടു.
ഗുണം-ലഘു,സ്നിഗ്ധം ,തീക്ഷ്ണം.
വീര്യം-അനുഷ്ണശീതം.
വിപാകം-കടു.
തിപ്പലിയുടെ ഔഷധഗുണങ്ങൾ .
രോഗങ്ങൾ ഉന്മൂലനം ചെയ്‌ത് ശരീരശക്തി വീണ്ടെടുക്കാൻ കഴിവുള്ള ഒരു ഔഷധമായിട്ടാണ് തിപ്പലിയെ ആയുർവേദം കണക്കാക്കുന്നത്. അഥർവ്വവേദത്തിൽ തിപ്പലിയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് .പാലാഴി മഥനസമയത്ത് അമൃതിനൊപ്പം പൊന്തിവന്നവയിൽ തിപ്പലിയും ഉണ്ടായിരുന്നു എന്നാണ് ഐതിഹ്യം.ആയുർവേദത്തിലെ വളരെ പ്രസിദ്ധമായ ഔഷധക്കൂട്ടുകളായ ത്രികടു .പഞ്ചകോലം എന്നിവയിൽ ഉൾപ്പെടുന്ന ഒന്നാണ് തിപ്പലി .
ത്രികടു.
ചുക്ക് ,കുരുമുളക് ,തിപ്പലി എന്നിവ മൂന്നും ചേരുന്നതാണ് ത്രികടു എന്ന് അറിയപ്പെടുന്നത് .ഇവ മൂന്നും കൂടി സമമായി പൊടിച്ചെടുക്കുന്നതിനെ ത്രികടു ചൂർണ്ണം എന്ന് അറിയപ്പെടുന്നു .ഈ ഔഷധക്കൂട്ട് പനി ,ചുമ ,കഫക്കെട്ട് ,ബ്രോങ്കൈറ്റിസ് , ദഹനക്കേട് എന്നിവയെ ശമിപ്പിക്കും .ഈ ഔഷധക്കൂട്ടുകൾ ചേർത്ത് ആയുർവേദത്തിൽ അശ്വഗന്ധാരിഷ്ടം , ദശമൂലകടുത്രയാദി കഷായം തുടങ്ങിയ നിരവധി മരുന്നുകൾ തയാറാക്കുന്നു .
പഞ്ചകോലം.
ചുക്ക് ,കുരുമുളക് ,തിപ്പലി , കാട്ടു തിപ്പലി വേര് ,കൊടുവേലിക്കിഴങ്ങ് എന്നിവ അഞ്ചും ചേർന്നതാണ് പഞ്ചകോലം എന്ന് അറിയപ്പെടുന്നത് .ഈ ഔഷധക്കൂട്ട് പനി ,കഫക്കെട്ട് ,വിളർച്ച ,ദഹനക്കേട് ,ഗ്യാസ്ട്രബിൾ , നെഞ്ചെരിച്ചിൽ ,പുളിച്ചുതികട്ടൽ ,വിശപ്പില്ലായ്‌മ ,ഓക്കാനം ,ഛർദ്ദി എന്നിവയെല്ലാം ശമിപ്പിക്കും .പഞ്ചകോലം കഷായം , .ദശമൂലപഞ്ചകോലാദി കഷായം തുടങ്ങിയ നിരവധി മരുന്നുകൾ ഈ ഔഷധക്കൂട്ടുകൾ ചേർത്ത് തയ്യാറാക്കുന്നതാണ് .
വേര് ,കായ .എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ .ദഹനശക്തി വർധിപ്പിക്കും .വായുകോപം ഇല്ലാതാക്കും. രോഗാണുക്കളെ നശിപ്പിക്കും.ശോണാണുക്കളും ഹീമോഗ്ലോബിനും വർധിപ്പിക്കും .കഫമിളക്കും .പനിയെ ചെറുക്കും ,ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് ,അപസ്‌മാരം ,പ്രമേഹം എന്നിവയ്ക്കും നല്ലതാണ് .മുലപ്പാൽ വർധിപ്പിക്കും .കാമം വർധിപ്പിക്കും .ഓർമ്മശക്തി വർധിപ്പിക്കും .മൂത്രത്തിൽ കല്ലിനെ അലിയിച്ചു കളയും .വേദന ,വയറുവേദന ,വിരശല്യം ,ശരീരവേദന ,വാതം എന്നിവയ്ക്കും നല്ലതാണ് .ആർത്തവക്രമക്കേടുകൾ ,പ്ലീഹാരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .മൂലക്കുരു ,വയറ്റിലെ മുഴകൾ ,ചർമ്മരോഗങ്ങൾ ,വിളർച്ച എന്നിവയ്ക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
തിപ്പലി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
പിപ്പല്യാസവം (Pippalyasavam).
ദഹനക്കേട് ,വിശപ്പില്ലായ്‌മ ,വിളർച്ച ,മൂലക്കുരു ,ശരീരഭാരക്കുറവ് മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് പിപ്പല്യാസവം .
തിപ്പലി രസായനം (Thippili Rasayanam).
ചുമ ,ആസ്മ ,വിട്ടുമാറാത്ത പനി ,ബ്രോങ്കൈറ്റിസ് ,വീക്കം ,വിളർച്ച മുതലായവയുടെ ചികിത്സയിലും യൗവനം നിലനിർത്തുന്നതിനും തിപ്പലി രസായനം ഉപയോഗിക്കുന്നു .
ദശമൂലകടുത്രയാദി കഷായം (Dasamulakatutrayadi Kashayam).
ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,ശ്വാസ തടസം ,ജലദോഷം മുതലായവയുടെ ചികിത്സയിൽ ദശമൂലകടുത്രയാദി കഷായം ഉപയോഗിക്കുന്നു .
ബാലാമൃതം (Balamritam).
കുട്ടികളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ദ്രാവകരൂപത്തിലുള്ള മരുന്നാണ് ബാലാമൃതം .കുട്ടികളുടെ ശരീരപുഷ്ടിയും ,ആരോഗ്യവും ,രോഗപ്രതിരോധശേഷിയും വർധിപ്പിക്കാൻ ബാലാമൃതം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .ഇത് കുട്ടികളുടെ ദഹനം മെച്ചപ്പെടുത്തുകയും വിശപ്പ് വർധിപ്പിക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്നു .പ്രതിരോധശേഷി വർധിപ്പിക്കുന്നു .ഇടവിട്ടുണ്ടാകുന്ന പനി,ജലദോഷം ,ചുമ എന്നിവയെ തടയുന്നു .കുട്ടികൾക്കുണ്ടാകുന്ന ശരീരക്ഷീണം ,രക്തക്കുറവ് ,എപ്പോഴും രോഗാവസ്ഥ ,വിശപ്പില്ലായ്‌മ തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഒരു മരുന്നായി ബാലാമൃതം ഉപയോഗിച്ചു വരുന്നു .
വായുഗുളിക (Vayugulika).
ചുമ ,ജലദോഷം ,അലർജി ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിൽത്സയിലും .ദഹനക്കേട് ,വിശപ്പില്ലായ്‌മ ,വയറുവേദന , അപസ്‌മാരം ,എക്കിൾ എന്നിവയുടെ ചികിൽത്സയിലും വായുഗുളിക ഉപയോഗിച്ചു വരുന്നു.
മൃദ്വീകാരിഷ്ടം (Mridwikarishtam).
ശരീരക്ഷീണം ,വിളർച്ച ,വിരശല്യം ,വിശപ്പില്ലായ്‌മ ,ചുമ ,ശ്വാസം മുട്ടൽ മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് മൃദ്വീകാരിഷ്ടം.കൂടാതെ മഞ്ഞപ്പിത്തം ,മൂലക്കുരു തുടങ്ങിയവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
വാശകാദ്യരിഷ്ടം (Vasakadyarishtam).
ജലദോഷം ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,അലർജി ,ഇസിനോഫീലിയ ,രക്തപിത്തം ,വീക്കം ,രക്തസ്രാവം മുതലായവയുടെ ചികിൽത്സയിൽ വാശകാദ്യരിഷ്ടം ഉപയോഗിച്ചു വരുന്നു .
ച്യവനപ്രാശം (Chyavanaprasam),
ആയുർവേദ മരുന്നുകളിൽ ഏറെ പ്രശസ്‌തമായ ഒന്നാണ് ച്യവനപ്രാശം .ഇതൊരു രസായനൗഷധമാണ്. ആയുർവേദത്തിൽ രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും യൗവനം നിലനിർത്താനുമുള്ള ഒരു ഔഷധമാണ് ച്യവനപ്രാശം.
കുടജത്വഗാദി ലേഹം (Kutajatwagadi Leham).
വയറിളക്കം ,വയറുകടി ,ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം,മൂലക്കുരു മുതലായവയുടെ ചികിൽത്സയിൽ കുടജത്വഗാദി ലേഹം ഉപയോഗിച്ചു വരുന്നു.
വ്യാഘ്രാദി ലേഹം (Vyaghryadi Leham).
ആസ്മ ,ചുമ ,ബ്രോങ്കൈറ്റിസ് ,ജലദോഷം എന്നിവയുടെ ചികിത്സയിലും വായുകോപം ,വയറുവേദന ,പൈൽസ് ,തുടങ്ങിയവയുടെ ചികിത്സയിലും വ്യാഘ്രാദി ലേഹം ഉപയോഗിച്ചു വരുന്നു .
ചിത്രകാസവം (Chitrakasavam).
വെള്ളപ്പാണ്ടിനുള്ള ചികിത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് ചിത്രകാസവം.കൂടാതെ അൾസർ ,വിളർച്ച എന്നിവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
മഹാവില്വാദി ലേഹം (Mahavilwadi Leham).
ദഹനക്കേട് ,ഛർദ്ദി ,വിശപ്പില്ലായ്‌മ ,ഇറിറ്റബിൾ ബവൽ സിൻഡ്രോം തുടങ്ങിയവയുടെ ചികിത്സയിലും ,ആസ്മാ ,ചുമ ,മഞ്ഞപ്പിത്തം ,പൈൽസ് ,വിളർച്ച ,വിരശല്യം തുടങ്ങിയവയുടെ ചികിത്സയിലും മഹാവില്വാദി ലേഹം ഉപയോഗിക്കുന്നു .
പഞ്ചജീരകഗുഡം (Panchajirakagudam)
പനി ,ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ശുശ്രൂഷയ്ക്കും പഞ്ചജീരകഗുഡം ഉപയോഗിക്കുന്നു .
മഹാതിക്തകഘൃതം (Mahatiktakaghritam).
ചർമ്മരോഗങ്ങൾ ,ഹെർപ്പിസ് ,ഗ്യാസ്ട്രൈറ്റിസ്,സന്ധിവാതം ,അനീമിയ ,മഞ്ഞപ്പിത്തം ,പനി ,അമിത ആർത്തവം ,വെള്ളപോക്ക് ,പെപ്റ്റിക് അൾസർ ,മാനസിക സമ്മർദം ,ഉത്ക്കണ്ഠ ,അപസ്‌മാരം മുതലായവയുടെ ചികത്സയിൽ മഹാതിക്തകഘൃതം ഉപയോഗിച്ചു വരുന്നു .
ചന്ദ്രപ്രഭാ ഗുളിക (Chandraprabha Vatika).
പ്രധാനമായും പ്രമേഹം ,മൂത്രാശയരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിലാണ് ചന്ദ്രപ്രഭാ ഗുളിക ഉപയോഗിക്കുന്നത് . കിഡ്നി സ്റ്റോൺ, മൂത്രത്തിൽ പഴുപ്പ് ,മൂത്രമൊഴിക്കുമ്പോൾ വേദന ,പുകച്ചിൽ ,അറിയാതെ മൂത്രം പോകുക , മലബന്ധം , ഹെർണിയ , മൂലക്കുരു ,തലവേദന ,പുരുഷന്മാരിലെ ലൈംഗീകശേഷിക്കുറവ് ,തുടങ്ങിയ രോഗങ്ങൾക്ക് ചന്ദ്രപ്രഭാ ഗുളിക ഉപയോഗിക്കുന്നു .
പുളിലേഹം (Pulileham).
പ്രസവാനന്തര പരിചരണം ,ആർത്തവ വേദന ,അമിതവണ്ണം ,ദഹനക്കേട് മുതലായവയുടെ ചികിത്സയിൽ പുളിലേഹം ഉപയോഗിക്കുന്നു .ഇതിനെ പുളിലേഹ്യം ,പുളിങ്കുഴമ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു .
വിശ്വാമൃതം (Viswamritam).
വയറിളക്കം ,ദഹനക്കുറവ് ,വിശപ്പില്ലായ്‌മ ,ഗ്രഹണി ,പനി മുതലായവയുടെ ചികിൽത്സയിലും പ്രസവാനന്തര ചികിൽത്സയിലും വിശ്വാമൃതം ഉപയോഗിച്ചു വരുന്നു .
തിക്തക ഘൃതം (Tiktaka Ghritam).
ത്വക്ക് രോഗങ്ങൾ ,വെള്ളപ്പാണ്ട് ,അനീമിയ ,ഉണങ്ങാത്ത വ്രണങ്ങൾ , ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് അഥവാ ഐ ബി ഡി,കരൾ രോഗങ്ങൾ ഉത്കണ്ട ,മാനസിക സമ്മർദം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് തിക്തകംഘൃതം..ഈ ഔഷധം കഷായ രൂപത്തിലും ഗുളിക രൂപത്തിലും ലഭ്യമാണ് .
ധനദനയനാദി കഷായം (Dhanadanayanadi Kashayam).
മുഖം കോടൽ Facial palsy, പാർക്കിൻസൺസ് എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ധനദനയനാദി കഷായം .ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .
അഗ്നികുമാരരസം (Agnikumararasam Gulika) .
ദഹനക്കേട് ,വയറിളക്കം ,പനി ,വിട്ടുമാറാത്ത പനി .ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിത്സയിൽ അഗ്നികുമാരരസം ഉപയോഗിക്കുന്നു .
ബ്രാഹ്മരസായനം (Brahma Rasayanam).
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ച്യവനപ്രാശത്തിന് സമാനമായ ഒരു ആയുർവേദ ഔഷധമാണ് ബ്രാഹ്മരസായനം.ബുദ്ധിശക്തി ,ഓർമ്മശക്തി ,മാനസിക പിരിമുറുക്കം, ബുദ്ധിമാന്ദ്യം , ശരീരക്ഷീണം ,ചർമ്മത്തിലെ ചുളിവുകൾ ,അകാലനര, മുടികൊഴിച്ചിൽ ,പ്രധിരോധശേഷിക്കുറവ് മുതലായവയുടെ ചികിത്സയിൽ ബ്രാഹ്മരസായനം ഉപയോഗിച്ചുവരുന്നു .
ദശമൂലാരിഷ്ടം (Dasamularishtam).
ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഫലപ്രദമാണ് .
കാർപ്പാസാസ്ഥ്യാദി കുഴമ്പ് (Karpasasthyadi Kuzhampu).
തോൾ വേദന,കഴുത്ത് വേദന , മരവിപ്പ് (ഫ്രോസൺ ഷോൾഡർ), പക്ഷാഘാതം, മുഖം കോടൽ അഥവാ ഫേഷ്യൽ പാൾസി മുതലായവയ്ക്ക് കാർപ്പാസാസ്ഥ്യാദി കുഴമ്പ് ഉപയോഗിക്കുന്നു .പുറമെയുള്ള ഉപയോഗത്തിനാണ് ഇത് ഉപയോഗിക്കുന്നത് .
ചവികാസവം (Chavikasavam)..
ഉദരസംബന്ധമായ രോഗങ്ങളുടെയും മൂത്രസംബന്ധമായ രോഗങ്ങളുടെയും ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ചവികാസവം .വയറുവേദന ,വയറുവീർപ്പ് ,ഹെർണിയ ,വയറ്റിലെ മുഴകൾ ,മൂത്രനാളിയിലെ തകരാറുകൾ എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ചുമ ,ജലദോഷം ,ആസ്മ ,അലർജി മൂലമുണ്ടാകുന്ന മൂക്കൊലിപ്പ് ,തുമ്മൽ തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
ഇന്ദുകാന്തം കഷായം (Indukantam Kashayam).
പനിയുടെയും ഉദരസംബന്ധമായ രോഗങ്ങളുടെയും ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഇന്ദുകാന്തം കഷായം.നെയ്യ് രൂപത്തിലും കഷായ രൂപത്തിലും ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും വിശപ്പില്ലായ്‌മ ,വായുകോപം ,മലബന്ധം എന്നിവ ഇല്ലാതാക്കാനും ഇന്ദുകാന്തം കഷായം ഉപയോഗിക്കുന്നു ഇതോടൊപ്പം രോഗപ്രതിരോധശേഷിക്കും ശരീരപുഷ്ടിക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
സ്തന്യജനനരസായനം (Stanyajanana Rasayanam).
പ്രസവാനന്തര പരിചരണത്തിനു ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സ്തന്യജനനരസായനം.
രോഹീതകാരിഷ്ടം (Rohitakarishtam) .
കരൾ പ്ലീഹ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് രോഹീതകാരിഷ്ടം .കൂടാതെ പൈൽസ് ,ചർമ്മരോഗങ്ങൾ മുതലായവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
ദശമൂലപഞ്ചകോലാദി കഷായം (Dasamulapanchakoladi Kashayam).
അസൈറ്റിസ് അഥവാ മഹോദരത്തിന് പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ദശമൂലപഞ്ചകോലാദി കഷായം .കൂടാതെ മലബന്ധത്തിനും ഈ ഔഷധം ഉപയോഗിക്കുന്നു .
അശ്വഗന്ധാരിഷ്ടം (Aswagandharishtam).
ലൈംഗീകപ്രശ്നങ്ങൾ ,വിഷാദരോഗം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അശ്വഗന്ധാരിഷ്ടം.പുരുഷന്മാരിലെ ലൈംഗീക ബലഹീനത, ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,സ്ത്രീ-പുരുഷ വന്ധ്യത തുടങ്ങിയവയ്‌ക്കെല്ലാം അശ്വഗന്ധാരിഷ്ടം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .
തിപ്പലിയുടെ ചില ഔഷധപ്രയോഗങ്ങൾ .
ത്രികടു ചൂർണ്ണം 2 ഗ്രാം വീതം തേനിലോ വെള്ളത്തിലോ ചേർത്ത് കഴിച്ചാൽ പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,ദഹനക്കേട് ,വയറിളക്കം ,വായുകോപം എന്നിവയ്ക്ക് ശമനമുണ്ടാകും .ദഹനക്കേട് ,വിശപ്പില്ലായ്‌മ ,ഗ്യാസ്ട്രബിൾ , നെഞ്ചെരിച്ചിൽ ,പുളിച്ചുതികട്ടൽ എന്നിവയ്ക്ക് പഞ്ചകോല ചൂർണ്ണം 3 ഗ്രാം വീതം ചൂടുവെള്ളത്തിലോ തേനിലോ മോരിലോ ചേർത്ത് ഭക്ഷണത്തിനു മുമ്പോ ശേഷമോ കഴിച്ചാൽ മതിയാകും .
തിപ്പലി 15 ഗ്രാം ,ചുക്ക് 25 ഗ്രാം ,കുരുമുളക് 20 ഗ്രാം ,ഗ്രാമ്പു 10 ഗ്രാം .ഏലയ്ക്ക 5 ഗ്രാം ഇവ വറുത്ത് നന്നായി പൊടിച്ച് 50 ഗ്രാം കൽക്കണ്ടവും പൊടിച്ചു ചേർത്ത് സൂക്ഷിക്കാം .ഇതിൽ നിന്നും രണ്ടോ മൂന്നോ നുള്ള് ദിവസം മൂന്നു നേരം വീതം വായിലിട്ടു അലിയിച്ചിറക്കിയാൽ ചുമ ,കഫക്കെട്ട് ,ശ്വാസം മുട്ട് എന്നിവ മാറിക്കിട്ടും .തിപ്പലി പൊടിച്ച് തുളസിനീരിൽ കഴിക്കുന്നതും ചുമ ,കഫക്കെട്ട് ,ശ്വാസം മുട്ട് എന്നിവ മാറാൻ നല്ലതാണ് .തിപ്പലി നെയ്യിൽ വറുത്ത് 2 ഗ്രാം വീതം കഴിക്കുന്നത് ചുമ മാറാൻ നല്ലതാണ് .
തിപ്പലി പൊടിച്ച് കൽക്കണ്ടവും ചേർത്ത് കഴിച്ചാൽ ഒച്ചയടപ്പ് മാറിക്കിട്ടും .തിപ്പലി 10 -15 ദിവസം തേനിൽ ഇട്ടുവച്ചിരുന്ന ശേഷം ഇതിൽ നിന്നും ഓരോ തിപ്പലി ദിവസവും രാവിലെ വെറുംവയറ്റിൽ ചവച്ചിറക്കിയാൽ ഓർമ്മശക്തി വർധിക്കും . 3 ഗ്രാം തിപ്പലിപ്പൊടി ഒരു ഗ്ലാസ് മോരിൽ കലക്കി കുടിക്കുന്നത് വയറിളക്കം വയറുകടി എന്നിവ മാറാൻ നല്ലതാണ് .തിപ്പലിയും കുരുമുളകും തുല്യ അളവിൽ പൊടിച്ച് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കലക്കി കുടിക്കുന്നതും വയറിളക്കം മാറാൻ നല്ലതാണ് . 3 ഗ്രാം തിപ്പലി പൊടിച്ച് പാലിൽ ചേർത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ സന്ധിവാതം ,ആമവാതം എന്നിവയ്ക്ക് ശമനമുണ്ടാകും .
തിപ്പലി പൊടിച്ചത് 3 ഗ്രാം വീതം കാച്ചിയ പാലിൽ കലക്കിയോ തേനിൽ ചാലിച്ചൊ കഴിക്കുന്നത് വിട്ടുമാറാത്ത ജലദോഷം ,ചുമ ,പനി ,സൈനസൈറ്റിസ് എന്നിവ മാറാൻ നല്ലതാണ്.ഇത് ലൈംഗീകശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കുന്നതിനും നല്ലതാണ് .തിപ്പലി പൊടിച്ചത് 3 ഗ്രാം വീതം തേനിൽ ചാലിച്ച് കുറച്ചുനാൾ പതിവായി കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാൻ നല്ലതാണ് .തിപ്പലി പൊടിച്ചതും തേനും പഞ്ചസാരയും കൂടി മാതളനാരങ്ങാ നീരിൽ ചേർത്ത് കഴിച്ചാൽ എല്ലാവിധ ഛർദ്ദിയും മാറും .തിപ്പലി പൊടിച്ച് 2 ഗ്രാം വീതം തേനിൽ ചാലിച്ച് കഴിച്ചാൽ ഊരുസ്തംഭം എന്ന രോഗം മാറും .(തുടയ്ക്ക് കനം, തണുപ്പ്, മരവിപ്പ്, വേദന, അനക്കാൻ പാടില്ലായ്മ എന്നിവ അനുഭവപ്പെടുന്ന.അവസ്ഥ).
ALSO READ : നായ്ക്കരുണ , ആൺകരുതിന് കൈകൊണ്ട ഔഷധം .
തിപ്പലിയും ,കരിനൊച്ചിയുടെ വേരും സമം അരച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രാശയത്തിലുണ്ടാകുന്ന കല്ല് ദ്രവിച്ചു പോകും .അഞ്ചോ ആറോ തിപ്പലി രാത്രിയിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവച്ചിരുന്ന് പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലതാണ് .ഇങ്ങനെ കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാനും നല്ലതാണ് .തിപ്പലി പൊടിച്ചത് 2 ഗ്രാം വീതം ഒരു മാസം തുടർച്ചയായി കഴിച്ചാൽ ചുമ ,വിളർച്ച ,വിട്ടുമാറാത്ത പനി ,മൂലക്കുരു എന്നിവയ്ക്ക് ശമനമുണ്ടാകും .തിപ്പലി വേരും കുരുമുളകും ചേർത്ത് പാൽക്കഷായം ഉണ്ടാക്കി കഴിച്ചാൽ പ്രസവാനന്തരം സ്ത്രീകളിലെ മുലപ്പാൽ വർധിക്കും .
തിപ്പലിപ്പൊടി 2 ഗ്രാം വീതം ശർക്കരയിൽ ചേർത്ത് കഴിക്കുന്നത് ചുമ ,ആസ്മ ,വിളർച്ച ,വിരശല്യം എന്നിവ മാറാൻ നല്ലതാണ് .തിപ്പലി ,ഞെരിഞ്ഞിൽ എന്നിവ ഓരോന്നും 10 ഗ്രാം വീതം പൊടിച്ചതും ,10 ഗ്രാം ഈന്തപ്പഴവും . 10 ഗ്രാം ഉണക്കമുന്തിരിയും. 10 ഗ്രാം തേനും.5 ഗ്രാം നെയ്യും എന്നിവ യോജിപ്പിച്ച് 5 ഗ്രാം വീതം ദിവസം രണ്ടു പ്രാവിശ്യം വീതം ഒരു മാസം തുടർച്ചയായി കഴിച്ചാൽ വിട്ടുമാറാത്ത ചുമ മാറും .തിപ്പലി നെയ്യിൽ വറുത്തു പൊടിച്ചതിൽ പഞ്ചസാരയും പാലും തേനും ചേർത്ത് കുഴച്ച്3 ഗ്രാം വീതം ദിവസവും കഴിച്ചാൽ പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം എന്നിവ മാറിക്കിട്ടും .