ഒരു ഔഷധസസ്യമാണ് കറ്റാർവാഴ .ആയുർവേദത്തിൽ സ്ത്രീകൾക്കുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നു .കൂടാതെ സൗന്ദര്യവർധക വസ്തുക്കളിലും കറ്റാർവാഴ വ്യാപകമായി ഉപയോഗിക്കുന്നു .ഇതിനെ കറ്റുവാഴ എന്നും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ അലോവേര എന്നും സംസ്‌കൃതത്തിൽ കുമാരി എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ ഘൃതകുമാരി ,ഗൃഹകന്യ തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .
Botanical name: Aloe barbadensis , Aloe vera chinensis.
Family: Asphodelaceae (Aloe family).
വിതരണം .
ആഫ്രിക്ക ,അമേരിക്ക ,യൂറോപ്പ് ,ഏഷ്യ എന്നിവിടങ്ങളിലെ വരണ്ട പ്രദേശങ്ങളിലാണ് കറ്റാർവാഴ സ്വാഭാവികമായി വളരുന്നത് .ഇന്ത്യയിൽ രാജസ്ഥാൻ ,ഗുജറാത്ത് ,മഹാരാഷ്ട്ര ,തമിഴ്‌നാട് ,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കറ്റാർവാഴ വളരുന്നു .കേരളത്തിൽ ഔഷധ ആവിശ്യങ്ങൾക്കായി മിക്ക വീടുകളിലും നട്ടു വളർത്തുന്നു .
സസ്യവിവരണം .
ശരാശരി 50 സെ.മീ ഉയരത്തിൽ വരെ വളരുന്ന മാംസളമായ തണ്ടുകളോട് കൂടിയ ഒരു ബഹുവർഷ സസ്യം ..ഇലകൾക്ക് 30 മുതൽ 50 സെ.മീ നീളവും 5 .8 സെ.മീ വീതിയുമുണ്ട് .ഇലകളുടെ രണ്ടു വശത്തും മുള്ളുകളുണ്ട് .ചെടിയുടെ മധ്യഭാഗത്തു നിന്നും പൂങ്കുലത്തണ്ട് ഉണ്ടാകുന്നു .പൂക്കൾക്ക് ചുവപ്പു കലർന്ന മഞ്ഞനിറം .ഇവയുടെ വിത്തുകൾക്ക് കറുപ്പു നിറമാണ് .ഇവയുടെ ചുവട്ടിൽ നിന്നും പൊട്ടി വരുന്ന തൈകൾ നട്ട് പ്രജനനം നടത്തുന്നു .
കറ്റാർവാഴ ഇനങ്ങൾ .
കറ്റാർവാഴ നിരവധി ഇനങ്ങളുണ്ട് .Aloe barbadensis ,Aloe vera chinensis എന്നീ ഇനങ്ങളാണ് പ്രധാനമായും കുമാരി അഥവാ കറ്റാർവാഴയായി ഉപയോഗിക്കുന്നത് .എന്നാൽ മറ്റു പല ഇനങ്ങളും കൃഷി ചെയ്യുകയും കുമാരി എന്ന പേരിൽ വിൽക്കുകയും ചെയ്യുന്നുണ്ട് .
രാസഘടകങ്ങൾ .
കറ്റാർവാഴയുടെ ഇലയിൽ ബാർബലോയിൻ ,ഐസോബാർബലോയിൻ എന്നീ അലോയിനുകളും .അലോ -ഇമോഡിൻ ,അലോയെക്റ്റിൻ എന്നീ ബാഷ്പശീല തൈലങ്ങളും അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
English Name- Indian Aloe .
Malayalam Name- Kattar Vazha.
Tamil Name- Kathaazhai.
Kannada name- Lolisara.
Telugu Name- Kalabanda
Hindi name- Gheekuvar.
Bengali Name - Ghrita Kumari
ഔഷധയോഗ്യഭാഗം .
ഇല .
രസാദിഗുണങ്ങൾ .
രസം -മധുരം .
ഗുണം -ഗുരു ,സ്‌നിഗ്ധം,പിശ്ചിലം .
വീര്യം -ശീതം .
വിപാകം -കടു .
കറ്റാർവാഴയുടെ ഔഷധഗുണങ്ങൾ .
കഫ പിത്ത രോഗങ്ങൾ ശമിപ്പിക്കുന്നു .രക്തം ശുദ്ധീകരിക്കും .വായുകോപം ഇല്ലാതാക്കും .മൂത്രം വർധിപ്പിക്കും .മലബന്ധം ഇല്ലാതാക്കും .ബീജങ്ങളുടെ എണ്ണം വർധിപ്പിക്കും .ത്വക്ക് രോഗങ്ങൾ, സോറിയാസിസ് ,അലർജി ത്വക്ക് രോഗങ്ങൾ ,മുഖക്കുരു ,കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകൾ ,മുടികൊഴിച്ചിൽ ,താരൻ, പൊള്ളൽ എന്നിവയ്ക്കും നല്ലതാണ് .നിലച്ചുപോയ ആർത്തവം തിരികെ കൊണ്ടുവരും .ആർത്തവ ക്രമക്കേടുകൾക്കും ആർത്തവ കാലത്തെ വയറുവേദനയ്ക്കും നല്ലതാണ് .എന്നാൽ ആർത്തവം ക്രമമായി ഉള്ളവരും ഗർഭിണികളും കറ്റാർവാഴ ഉപയോഗിക്കരുത് .
കറ്റാർവാഴയ്ക്ക് രക്തം നേർപ്പിക്കാനുള്ള കഴിവുണ്ട് .അതിനാൽ രക്തം കട്ട പിടിക്കുന്നതിനും കൊളസ്ട്രോളിനും ഹൃദയാരോഗ്യത്തിനും നല്ലതാണ് .കരൾ രോഗങ്ങൾക്കും പ്ലീഹാരോഗങ്ങൾക്കും പ്രമേഹത്തിനും,മൂലക്കുരുവിനും നല്ലതാണ് .അണുബാധ ,വിരബാധ, മുറിവുകൾ ,വ്രണങ്ങൾ എന്നിവയ്ക്കും നല്ലതാണ് .പനി,ചുമ ,ജലദോഷം ,ആസ്മ ,തലവേദന എന്നിവയ്ക്കും നല്ലതാണ് .നേത്രരോഗങ്ങൾ ,മഞ്ഞപ്പിത്തം ,പക്ഷാഘാതം ,വയറ്റിലെ മുഴകൾ ,പൊണ്ണത്തടി എന്നിവയ്ക്കും നല്ലതാണ് . വാർദ്ധക്യം തടയും .ശരീരശക്തിയും പ്രതിരോധശേഷിയും ലൈംഗീകശേഷിയും മെച്ചപ്പെടുത്തും..വിഷശമന ശക്തിയുമുണ്ട് .
കറ്റാർവാഴയുടെ ഇല നീര് ഉണക്കി എടുക്കുന്നതാണ് ചെന്നിനായകം (Musabbar). .ഇതിന് നല്ല കയ്പ്പു രുചിയുള്ളതും കറുത്ത നിറത്തിൽ തിളക്കമുള്ളതുമാണ് .ഇത് ഉള്ളിൽ കഴിക്കുന്നതിനും ബാഹ്യ ഉപയോഗത്തിനും ഉപയോഗിക്കുന്ന ഔഷധമാണ് .ഇത് കുട്ടികളുടെ വിരശല്യത്തിനും വയറിളക്കത്തിനും നല്ലതാണ് .കുട്ടികളുടെ മുലകുടി നിർത്തുന്നതിനും ഇത് ഉപയോഹിക്കുന്നു .ഇത് ഒടിവിനും ,ചതവിനും ,ഉളുക്കിനും നീരിനും ക്ഷതങ്ങൾക്കും നല്ലതാണ് .മലബന്ധത്തിനും ആർത്തവ ക്രമക്കേടുകൾക്കും ,ചർമ്മരോഗങ്ങൾക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
കറ്റാർവാഴ ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
കുമാര്യാസവം (Kumaryasavam).
സ്ത്രീരോഗങ്ങളുടെ ചികിൽത്സയിലും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മൂത്രനാളി സംബന്ധമായ രോഗങ്ങൾക്കും .കുമാര്യാസവം ഉപയോഗിക്കുന്നു .മൂത്രതടസ്സം .മൂത്രച്ചൂടിച്ചിൽ ,മൂത്രത്തിൽ കല്ല് ,ആർത്തവ ക്രമക്കേടുകൾ ,മലബന്ധം ,വിശപ്പില്ലായ്‌മ മുതലായവയുടെ ചികിൽത്സയിൽ കുമാര്യാസവം ഉപയോഗിച്ചുവരുന്നു .കൂടാതെ മെലിഞ്ഞവർ തടിക്കുന്നതിനും പുരുഷന്മാരിലെ ശുക്ലത്തിന്റെ അളവ് വർധിപ്പിക്കുന്നതുനും പ്രമേഹരോഗ ചികിൽത്സയിലും കുമാര്യാസവം ഉപയോഗിക്കുന്നു .
കറുത്ത ഗുളിക (Karutha Gulika).
തലവേദന ,നടുവേദന മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് കറുത്ത ഗുളിക.ഇത് ബാഹ്യമായി മാത്രമാണ് ഉപയോഗിക്കുന്നത് .പശുവിൻ പാൽ ,മുലപ്പാൽ ,മോര് ,ആവണക്കെണ്ണ ഇവയിൽ ഏതെങ്കിലും ഒന്നിൽ ചാലിച്ച് നെറ്റിയിലൊ നാടുവിനോ ലേപനം ചെയ്യാൻ ഉപയോഗിക്കുന്നു .
മുറിവെണ്ണ (Murivenna).
മുറിവ് ,വ്രണങ്ങൾ ,പൊള്ളൽ .ഒടിവ് ,ചതവ് ,ഉളുക്ക് ,വേദന എന്നിവയ്‌ക്കെല്ലാം മുറിവെണ്ണ സാധാരണയായി ഉപയോഗിക്കുന്നു .വാതസംബന്ധമായ രോഗങ്ങൾ .അസ്ഥികളുടെ തേയ്‌മാനം തുടങ്ങിയ അവസ്ഥകളിൽ ഇത് ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .
മഞ്ജിഷ്ഠാദി തൈലം (Manjishthadi Tailam).
തലവേദന ,നേത്രരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് മഞ്ജിഷ്ഠാദി തൈലം .തലവേദന ,തലകറക്കം ,കാഴ്ചക്കുറവ് ,തിമിരം ,കണ്ണുവേദന എന്നിവയുടെ ചികിത്സയിൽ മഞ്ജിഷ്ഠാദി തൈലം ഉപയോഗിച്ചു വരുന്നു .ഇത് ബാഹ്യമായി മാത്രമാണ് ഉപയോഗിക്കുന്നത്.
അസന മഞ്ചിഷ്ടാദി തൈലം (Asanamanjishtadi Thailam).
തലവേദന ,ഉറക്കക്കുറവ് ,നേത്രരോഗങ്ങൾ ,കർണ്ണരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ അസന മഞ്ചിഷ്ടാദി തൈലം ഉപയോഗിക്കുന്നു .
വിഭാ സ്കിൻ കെയർ ക്രീം (Vibha Skin Care Cream)..
മുഖക്കുരു ,കറുത്തപാടുകൾ ,ചുളിവുകൾ എന്നിവ ഇല്ലാതാക്കി ചർമ്മത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കുന്നു .
രജപ്രവർത്തിനീ വടി (Rajahpravartani vati).
പ്രധാനമായും ആർത്തവം ഉണ്ടാകാൻ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് രജപ്രവർത്തിനീ വടി.ആർത്തവം ഇല്ലാത്ത അവസ്ഥ അല്ലെങ്കിൽ ആർത്തവം നിലച്ചുപോകുന്ന അവസ്ഥ എന്നിവയ്ക്കും ആർത്തവ കാലത്തെ വയറുവേദനയ്ക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
ചുക്കുംതിപ്പല്യാദി ഗുളിക - Chukkumthippalyadi Gulika.
പനിയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് ചുക്കുംതിപ്പല്യാദി ഗുളിക.പ്രത്യേകിച്ച് വിട്ടുമാറാത്ത പനിക്ക് ഈ ഔഷധം ഫലപ്രദമായി ഉപയോഗിച്ചു വരുന്നു .കൂടാതെ കഫക്കെട്ട് ,ചുമ ,ശ്വാസം മുട്ട് ,മൈഗ്രേൻ തുടങ്ങിയ അവസ്ഥകളിലൊക്കെ മറ്റു ഔഷധങ്ങൾക്കൊപ്പം ചുക്കുംതിപ്പല്യാദി ഗുളിക ഡോക്ടർമാർ നിർദേശിക്കാറുണ്ട് .
സുവർണവംഗം ക്യാപ്സൂൾ (Suvarnavangam Capsule)..
പ്രമേഹം ,,മൂത്രാശയ അണുബാധ ,വെള്ളപോക്ക് തുടങ്ങിയവയുടെ ചികിത്സയിൽ സുവർണവംഗം ക്യാപ്സൂൾ ഉപയോഗിച്ചു വരുന്നു .
മെൻസൊകോട്ട് സിറപ്പ് (Mensokot Syrup).
ക്രമം തെറ്റിയ ആർത്തവം ,ആർത്തവ കാലത്തെ അമിത രക്തസ്രാവം ,ആർത്തവ കാലത്തെ വയറുവേദന എന്നിവയുടെ ചികിത്സയിൽ മെൻസോകോട്ട് സിറപ്പ് ഉപയോഗിച്ചു വരുന്നു .
സിദ്ധമകരധ്വജം ക്യാപ്സൂൾ (Siddhamakaradwajam Capsules).
യൗവനം നിലനിർത്തുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുമുള്ള ഒരു ഔഷധമാണ് സിദ്ധമകരധ്വജം ക്യാപ്സൂൾ .കൂടാതെ ആസ്മ ,ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം മുതലായവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഒരു മരുന്നാണ് അതിനാൽ ഒരു ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കരുത് .
മുക്കാമുക്കടുവാദി ഗുളിക (Mukkamukkatuvadi Gulika).
പനിയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മുക്കാമുക്കടുവാദി ഗുളിക.
കറ്റാർവാഴയുടെ ചില ഔഷധപ്രയോഗങ്ങൾ .
അസ്ഥികൾക്ക് ഒടിവ് സംഭവിക്കുമ്പോൾ കോഴിമുട്ടയും ചെന്നിനായകവും ചേർത്തുള്ള പ്രയോഗം നാടൻ ചികിത്സയിൽ പ്രധാനമാണ് .കോഴിമുട്ടയിൽ ചെന്നിനായകം ചേർത്ത് കഴിക്കുകയും ,കോഴിമുട്ടയുടെ വെള്ളയിൽ ചെന്നിനായകവും ചേർത്ത് ഒടിവ് സംഭവിച്ചടത്ത് തുണിയിൽ പുരട്ടി വച്ചു കെട്ടുകയുമാണ് പതിവ്. നടുവേദന ,തലവേദന ,നീര് ,ഉളുക്ക് ,ചതവ് എന്നിവയ്‌ക്കെല്ലാം കോഴിമുട്ടയിൽ ചെന്നിനായകം ചാലിച്ചു പുരട്ടുന്നത് നല്ലതാണ് .കുട്ടികളുടെ മുലകുടി നിർത്താൻ വേണ്ടി ചെന്നിനായകം സ്ത്രീകളുടെ സ്തനങ്ങളിൽ പുരട്ടുന്ന പതിവുണ്ട് .ഇതു പുരട്ടുമ്പോൾ കുട്ടിക്ക് കയ്പ്പു രുചി അനുഭവപ്പെടുകയും കുട്ടി ക്രമേണ മുലകുടി നിർത്തുകയും ചെയ്യുന്നു .
രണ്ടു വർഷമെങ്കിലും പ്രായമായ ചെടിയുടെ പോളയാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കേണ്ടത് .കറ്റാർവാഴ അമിതമായ അളവിൽ കഴിക്കുന്നതും നല്ലതല്ല . കറ്റാർവാഴപ്പോളയുടെ തൊലിയോ തൊലിയിൽ നിന്നും ഊറി വരുന്ന ഇളം മഞ്ഞനിറത്തിലുള്ള കറയൊ ഉള്ളിൽ കഴിക്കാൻ പാടില്ല .പോളയ്ക്കുള്ളിലെ ജെല്ലുപോലെയുള്ള പൾപ്പ് മാത്രമേ ഉള്ളിൽ കഴിക്കാൻ പാടൊള്ളു .
കറ്റാർവാഴയുടെ നീരും ചെറുതേനും ചേർത്ത് കഴിക്കുന്നത് ക്യാൻസറിന് നല്ലതാണെന്ന് പറയപ്പെടുന്നു .കറ്റാർവാഴപ്പോള ഒരു കഷണം ഒരു ഗ്ലാസ് വെള്ളത്തിലിട്ടുവച്ചിരുന്ന് പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുന്നത് ആർത്തവക്രമക്കേടുകൾക്കും ആർത്തവ സമയത്തെ വയറുവേദനയ്ക്കും നല്ലതാണ് .ഇപ്രകാരം കുറച്ചു ദിവസം പതിവായി കഴിച്ചാൽ രക്തസമ്മർദം കുറയും .കറ്റാർവാഴയുടെ നീര് അഞ്ചോ പത്തോ മില്ലി 7 ദിവസം തുടർച്ചായി കഴിക്കുന്നതും ആർത്തവ സമയത്തെ വയറുവേദനയ്ക് നല്ലതാണ്
കറ്റാർവാഴയുടെ നീരിൽ തേനും പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് പോഷകമാണ് .ഇത് ശരീരശക്തിയും രോഗപ്രതിരോധ ശേഷിയും വർധിപ്പിക്കും .ക്ഷതങ്ങൾ സംഭവിക്കുമ്പോൾ കറ്റാർവാഴയുടെ നീരും നാടൻ കൊഴിമുട്ടയും ചാരായവും ചേർത്ത് കുടിക്കുന്ന പതിവ് നാട്ടിൻപുറങ്ങളിലുണ്ട് . കറ്റാർവാഴയുടെ നീരും സമം കയ്യോന്നി നീരും അതിന്റെ പകുതി വെളിച്ചണ്ണയിലോ എണ്ണയിലോ കാച്ചി തലയിൽ തേച്ചു കുളിച്ചാൽ മുടി സമൃദ്ധമായി വളരുകയും മുടിക്ക് നല്ല കറുപ്പുനിറം കിട്ടുകയും ചെയ്യും .ഇത് തലയ്ക്ക് നല്ല തണുപ്പു കിട്ടുന്നതിനും സഹായിക്കും .
ALSO READ :കരിങ്ങാലി എല്ലാ ചർമ്മരോഗങ്ങളും മാറ്റുന്ന ഔഷധം .
കുഴിനഖം ,വ്രണം എന്നിവയ്ക്ക് കറ്റാർവാഴ നീരിൽ മഞ്ഞളും ചേർത്ത് ചൂടാക്കി പുരട്ടുന്നത് നല്ലതാണ് .ഇത് മുഖക്കുരു.പരു ,കണിനു ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകൾ എന്നിവയ്‌ക്കെല്ലാം നല്ലതാണ് .ഇത് വായ്പ്പുണ്ണ് മാറാനും നല്ലതാണ് .ഇത് ദിവസത്തിൽ രണ്ടോ മൂന്നോ തവണ വീതം വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടിയാൽ മതിയാകും .കറ്റാർവാഴ നീരിൽ ചെറുനാരങ്ങ നീര് ചേർത്ത് പുരട്ടുന്നത് ചർമ്മത്തിലെ ചുളിവുകൾ മാറാൻ നല്ലതാണ് .ഇത് മുഖക്കുരു മാറാനും ചർമ്മത്തിന് നല്ല തിളക്കം കിട്ടുന്നതിനും നല്ലതാണ് .കറ്റാർവാഴയുടെ നീരിൽ ഉപ്പും ചേർത്ത് ചൂടാക്കി തണുത്തതിനു ശേഷം പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് വയറിളക്കം മാറാൻ നല്ലതാണ് ..
പൊള്ളലുണ്ടായാൽ ഉടൻതന്നെ കറ്റാർവാഴ മുറിക്കുമ്പോൾ കിട്ടുന്ന നീര് പുരട്ടിയാൽ പൊള്ളൽ കൊണ്ടുള്ള നീറ്റൽ മാറുകയും കുമിളകൾ ഉണ്ടാകാതിരിക്കുകയും ചെയ്യും .വയറുവേദന വിശപ്പില്ലായ്‌മ എന്നിവയ്ക്ക് കറ്റാർവാഴ നീര് കഴിക്കുന്നത് നല്ലതാണ് .കറ്റാർവാഴ നീര് 5 മില്ലി വീതം ദിവസവും കഴിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ് .കറ്റാർവാഴ നീര് ദിവസവും തലയിൽ തേച്ചുകുളിച്ചാൽ താരൻ മാറിക്കിട്ടും .ചിലർക്ക് ഇതു പിടിക്കണമെന്നുമില്ല .കറ്റാർവാഴ നീര് തലയിൽ പുരട്ടിയാൽ താരൻ കൂടുന്നതായും ചിലർ പറയാറുണ്ട് .
ഒരു സ്പൂൺ കറ്റാർവാഴ നീരിൽ അല്‌പം ത്രിഫലപ്പൊടിയും ചേർത്ത് രാത്രി ഭക്ഷണശേഷം പതിവായി കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാൻ നല്ലതാണ് .കറ്റാർവാഴ നീര് 15 മില്ലി വീതം ദിവസവും കഴിക്കുന്നത് പ്രമേഹ രോഗശമനത്തിന് നല്ലതാണ് .കറ്റാർ വാഴപ്പോള തീയിൽ വാട്ടി അതിനുളളിലെ നീരെടുത്ത് ഒരു സ്പൂൺ വീതം രണ്ടു തുള്ളി നെയ്യും നാലു തുള്ളി തേനും ചേർത്ത് കഴിക്കുന്നത് ആസ്മയ്ക്ക് നല്ലതാണ് .കറ്റാർവാഴ നീരിൽ അതെ അളവിൽ വെള്ളവും ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് മലബന്ധം മാറാൻ നല്ലതാണ് .കറ്റാർവാഴ നീരും തേനും തുല്യ അളവിൽ കലർത്തി രാവിലെയും വൈകിട്ടും ഓരോ സ്പൂൺ വീതം പതിവായി കഴിച്ചാൽ മൂലക്കുരു ശമിക്കും .ഇത് മലബന്ധം മാറാനും നല്ലതാണ് .സോറിയാസിസിന് കറ്റാർവാഴ നീര് പുരട്ടുന്നത് നല്ലതാണ് .
കറ്റാർവാഴപ്പോള അരച്ച് വെളിച്ചെണ്ണയിൽ കാച്ചി പുരട്ടിയാൽ കന്നുകാലികളിലെ രോമം പൊഴിയുന്ന രോഗം മാറിക്കിട്ടും .