ഒരു ഔഷധസസ്യമാണ് നായ്ക്കരുണ .ഇതിനെ ചില സ്ഥലങ്ങളിൽ ചൊണങ്ങ് എന്ന പേരിലും അറിയപ്പെടുന്നു .ആയുർവേദത്തിൽ ലൈംഗീകശേഷി വർധിപ്പിക്കുന്നതിന് നായ്ക്കരുണ ഔഷധമായി ഉപയോഗിക്കുന്നു .സംസ്‌കൃതത്തിൽ കപികച്ഛു എന്ന പേരിൽ അറിയപ്പെടുന്നു .കൂടാതെ മർക്കടീ ,കുലക്ഷയ ,ശുകശിംബി ,അജഡാ തുടങ്ങിയ സംസ്‌കൃത നാമങ്ങളിലും ഈ സസ്യം അറിയപ്പെടുന്നു .
Botanical name : Mucuna pruriens .
Family : Fabaceae (bean family).
വിതരണം .
ഇന്ത്യയിലുടനീളം വനങ്ങളിലും പറമ്പുകളിലും കാണപ്പെടുന്നു .
സസ്യവിവരണം .
പടർന്നു വളരുന്ന വള്ളിച്ചെടി .ഏകവർഷിയോ ബഹുവർഷിയോ ആണ് .മൂന്നിതൾ ഉള്ള ഇലകൾ .ഇതിന്റെ കായിലും ഇളം തണ്ടുകളിലും രോമങ്ങൾ ഉണ്ട് .പൂക്കൾക്ക് നീലകലർന്ന ചുവപ്പു നിറമാണ് .അനേകം പൂക്കൾ ഒരു കുലയിൽ തന്നെ ഉണ്ടാകുന്നു .ഉണങ്ങുമ്പോൾ ഇവ കറുത്ത നിറത്തിലാകും .ഇവയുടെ ഫലം രോമങ്ങൾ കൊണ്ട് പൊതിഞ്ഞതാണ് .ഒരു ഫലത്തിൽ അഞ്ചോ ആറോ വിത്തുകൾ കാണപ്പെടുന്നു .വിത്തിനു കറുപ്പു നിറമോ തവിട്ടു നിറമോ ആയിരിക്കും .ചില വിത്തുകളിൽ പുള്ളിയും കാണാം .ഇതിന്റെ തളിരിലയും മൂക്കാത്ത കായും പച്ചക്കറിയായി ഉപയോഗിക്കാം .
വിഷസസ്യങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് നായ്ക്കരുണ .ഇതിന്റെ കായുടെ പുറത്തെ രോമമാണ് വിഷമയ ഭാഗം .ഇത് ശരീരത്തിൽ വീണാൽ അധികമായ ചൊറിച്ചിലും തടിപ്പും നീറ്റലുമുണ്ടാകും .രോമങ്ങൾ ശരീരത്തിൽ സ്പർശിക്കുമ്പോൾ അവിടെ ഹിസ്റ്റമിൻ എന്ന വസ്‌തു ഉല്പാദിപ്പിക്കപ്പെടുകയും അതിന്റെ ഫലമായി അസഹ്യനീയമായ ചൊറിച്ചിലുണ്ടാകുകയും ചെയ്യുന്നു .ഇത് മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ ചൊറിച്ചിലുണ്ടാകും .ഈ പൊടി ശ്വസിക്കാനിടയായാൽ ശ്വസനമാർഗങ്ങളിൽ വീക്കവും വേദനയും ശ്വാസംമുട്ടലുമുണ്ടാകാം .
നായ്ക്കരുണ രോമം ശരീരത്തിൽ പറ്റിയുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ തുമ്പച്ചെടിയുടെ നീര് ഒരു പ്രതിവിധിയാണ് .തൈര് പുരട്ടുന്നതും നല്ലതാണ് .സോഡിയം കാർബണേറ്റ് ചേർത്ത വെള്ളം കൊണ്ട് കഴുകിയാലും മതിയാകും .ഉള്ളിൽ കഴിച്ചുണ്ടാകുന്ന വിഷവികാരങ്ങൾ ശമിക്കാൻ ഒലിവെണ്ണ കഴിക്കുന്നത് നല്ലതാണ് .
രാസഘടന .
നായ്ക്കരുണയുടെ വിത്തിലും വേരിലും റെസിൻ ,ടാനിൻ ,കൊഴുപ്പ് ,മാൻഗനീസ് എന്നിവ അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
English name : Cow-hage, Cow itch, Velvet beans.
Malayalam : Naikurana.
Tamil name : Poonai Kaali Vithu, poonaiKali Vithu.
Hindi name : Kaunch, Kevanch.
Marathi name : Khaj-kuiri.
Telugu name : Pilliadugu
Kannada name : Nasugunni.
Bengali name : Akolchi.
Nepaliname : Simee.
ഔഷധയോഗ്യഭാഗങ്ങൾ .
വിത്ത് ,വേര് ,ഫലത്തിലെ രോമം .
രസാദിഗുണങ്ങൾ.
രസം : മധുരം, തിക്തം.
ഗുണം:സ്നിഗ്ധം, ഗുരു.
വീര്യം: ഉഷ്‌ണം.
വിപാകം : മധുരം.
നായ്ക്കരുണയുടെ ഔഷധഗുണങ്ങൾ .
ലൈംഗീകശക്‌തി വർധിപ്പിക്കും .ശരീരബലം വർധിപ്പിക്കുകയും ശരീരം പുഷ്ടിപ്പെടുത്തുകയും ചെയ്യും .പ്രതിരോധശേഷി വർധിപ്പിക്കും .ശുക്ലം വർധിപ്പിക്കും .ഉദരവിരകളെ നശിപ്പിക്കും, മൂത്രം വർധിപ്പിക്കും .ആർത്തവപ്രശ്നങ്ങൾ ,വെള്ളപോക്ക് ,വന്ധ്യത ,പനി ,മന്ത് , വൃക്കരോഗങ്ങൾ ,മലബന്ധം എന്നിവയ്ക്കും നല്ലതാണ് .തലവേദന ,വീക്കം ,ഞരമ്പുരോഗങ്ങൾ ,ക്ഷീണം എന്നിവയ്ക്കും നല്ലതാണ് .പക്ഷാഘാതം ,പാർക്കിൻസൺസ് , ആസ്മ എന്നിവയ്ക്കും നല്ലതാണ്. മുറിവ് ,വ്രണങ്ങൾ ,രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .ഉറക്കക്കുറവ് ,മാനസികപിരിമുറുക്കം, ഉത്കണ്ഠ ,രക്തസമ്മർദം എന്നിവയ്ക്കും നല്ലതാണ് .ശരീരവേദന ,പേശിവേദന ,വാതരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
നായ്ക്കരുണ ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
മൃതസഞ്ജീവനി അരിഷ്ടം (Mritasanjeevani Arishtam).
വിട്ടുമാറാത്ത ക്ഷീണം ,ലൈംഗീക ശേഷിക്കുറവ് ,പ്രധിരോധ ശേഷിക്കുറവ് ,ശരീരപുഷ്ടി മുതലായവയുടെ ചികിത്സയിൽ മൃതസഞ്ജീവനി അരിഷ്ടം ഉപയോഗിച്ചു വരുന്നു .
വിദാര്യാദ്യാസവം (Vidaryadyasavam).
വാതരോഗങ്ങൾ ,ശരീരവേദന ,ദഹനസംബന്ധമായ പ്രശ്‍നങ്ങൾ ,ചുമ ,ആസ്മ എന്നിവയുടെ ചികിൽത്സയിലും ശരീരഭാരം വർധിപ്പിക്കുന്നതിനും വിദാര്യാദ്യാസവം ഉപയോഗിച്ചു വരുന്നു .
കൃമിഘ്ന വടിക (Krimighna Vatika).
വിരശല്യം ,കൃമിശല്യം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു ,
കുമാര്യാസവം (Kumaryasavam).
സ്ത്രീരോഗങ്ങളുടെ ചികിൽത്സയിലും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മൂത്രനാളി സംബന്ധമായ രോഗങ്ങൾക്കും .കുമാര്യാസവം ഉപയോഗിക്കുന്നു .മൂത്രതടസ്സം .മൂത്രച്ചൂടിച്ചിൽ ,മൂത്രത്തിൽ കല്ല് ,ആർത്തവ ക്രമക്കേടുകൾ ,മലബന്ധം ,വിശപ്പില്ലായ്‌മ മുതലായവയുടെ ചികിൽത്സയിൽ കുമാര്യാസവം ഉപയോഗിച്ചുവരുന്നു .കൂടാതെ മെലിഞ്ഞവർ തടിക്കുന്നതിനും പുരുഷന്മാരിലെ ശുക്ലത്തിന്റെ അളവ് വർധിപ്പിക്കുന്നതുനും പ്രമേഹരോഗ ചികിൽത്സയിലും കുമാര്യാസവം ഉപയോഗിക്കുന്നു .കുമാരി എന്നാൽ കറ്റാർവാഴ എന്നാണ് .കറ്റാർവാഴയാണ് ഇതിലെ പ്രധാന ചേരുവ .
അഗസ്ത്യരസായനം (Agasthya Rasayanam).
ആസ്മയ്ക്കും മറ്റു ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ലേഹ്യ രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അഗസ്ത്യരസായനം.ആസ്മ ,ചുമ ,ശ്വാസം മുട്ടൽ ,ക്ഷയം ,ശരീരക്ഷീണം ,ഏമ്പക്കം ,വിട്ടുമാറാത്ത പനി ,മലമ്പനി. പ്രധിരോധശേഷിക്കുറവ് മുതലായവയുടെ ചികിത്സയിൽ അഗസ്ത്യരസായനം ഉപയോഗിക്കുന്നു .
സ്തന്യജനനരസായനം (Stanyajanana Rasayanam).
പ്രസവാനന്തര പരിചരണത്തിനു ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സ്തന്യജനനരസായനം.
വസിഷ്ഠരസായനം (Vasishtha Rasayanam).
ചുമ ,ജലദോഷം ,ആസ്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വസിഷ്ഠരസായനം . കൂടാതെ പനി ,വിശപ്പില്ലായ്‌മ ,ആരോഗ്യക്കുറവ് മുതലായവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
അജാശ്വഗന്ധാദി ലേഹം (Ajaswagandhadi Leham).
ലൈംഗീക ശേഷിക്കുറവ് ,ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,ശരീരം മെലിച്ചിൽ ,പ്രധിരോധ ശേഷിക്കുറവ് ,ഉറക്കക്കുറവ് മുതലായവയുടെ ചികിത്സയിൽ അജാശ്വഗന്ധാദി ലേഹം ഉപയോഗിച്ചു വരുന്നു .
ഹരീതക്യാദി രസായനം (Haritakyadi Rasayanam).
ചുമ ,ആസ്മ ,വിട്ടുമാറാത്ത പനി തുടങ്ങിയവയുടെ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഹരീതക്യാദി രസായനം ..കൂടാതെ മലബന്ധം ,വയറുവേദന .പൈൽസ് ,വിളർച്ച മുതലായവയുടെ ചികിത്സയിലും ഡോക്ടർമാർ ഈ ഔഷധം നിർദേശിക്കുന്നു .
നീരുര്വാദി ഗുളിക (Niruryadi Gulika).
പ്രമേഹ രോഗത്തിന് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു മരുന്നാണ് നീരുര്യാദി ഗുളിക.പ്രമേഹ രോഗം മൂലമുണ്ടാകുന്ന എല്ലാ ശാരീരിക ബുദ്ധിമുട്ടുകൾക്കും ഈ ഔഷധം ഫലപ്രദമാണ് .
വസ്ത്യാമയാന്തകഘൃതം (Vastyamayantaka Ghritam).
മൂത്രാശയരോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വസ്ത്യാമയാന്തകഘൃതം. അറിയാതെ മൂത്രം പോകുക ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,മൂത്രത്തിൽ കല്ല് ,പ്രോസ്റ്റേറ്റ് വീക്കം എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
അമൃതപ്രാശ ഘൃതം (Amrithaprasa Ghritam)
പനി ,ആസ്മ ,ചുമ ,ലൈംഗീകശേഷിക്കുറവ് ,ബീജങ്ങളുടെ എണ്ണക്കുറവ് ,വെള്ളപോക്ക് മുതലായവയുടെ ചികിൽത്സയിൽ അമൃതപ്രാശഘൃതം ഉപയോഗിക്കുന്നു .
മഹാകല്യാണക ഘൃതം (Mahakalyanaka Ghritam).
മാനസികരോഗങ്ങൾ ,അപസ്‌മാരം ,ബുദ്ധിക്കുറവ് ,വന്ധ്യത ,പനി ,വീക്കം മുതലായവയുടെ ചികിൽത്സയിൽ മഹാകല്യാണക ഘൃതം ഉപയോഗിച്ചു വരുന്നു .
വിദാര്യാദി ലേഹ്യം(Vidaryadi Leham).
പേശിക്ഷയം ,ശരീരവേദന ,വയറുവീർപ്പ് ,ഗ്യാസ്ട്രബിൾ ,ആസ്മ ,ശരീരക്ഷീണം ,പോഷകാഹാരക്കുറവ്, ഉറക്കക്കുറവ് മുതലായവയുടെ ചികിൽത്സയിലും ശരീരഭാരം വർധിപ്പിക്കുന്നതിനും ,ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും വിദാര്യാദി ലേഹ്യം ഉപയോഗിക്കുന്നു .കൂടാതെ പൈൽസ് ,ഹൃദയ സംബന്ധമായ രോഗങ്ങൾ മുതലായവയുടെ ചികിൽത്സയിലും വിദാര്യാദി ലേഹ്യം ഉപയോഗിക്കുന്നു .ഗുളിക രൂപത്തിലും കഷായ രൂപത്തിലും നെയ്യ് രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .
സ്പെർമക്കോട്ട് ടാബ്‌ലെറ്റ് (Spermakot Tablet).
സ്ത്രീ- പുരുഷ വന്ധ്യത ,ലൈംഗീക താൽപര്യക്കുറവ് ,ബീജങ്ങളുടെ എണ്ണക്കുറവ് ,ശീഘ്രസ്‌ഖലനം മുതലായവയുടെ ചികിൽത്സയിൽ സ്പെർമക്കോട്ട് ടാബ്‌ലെറ്റ് ഉപയോഗിച്ചു വരുന്നു .
നായ്ക്കരുണയുടെ ചില ഔഷധപ്രയോഗങ്ങൾ .
നായ്ക്കരുണ പരിപ്പ് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം പാലിൽ ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ പതിവായി കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗീകശക്തി വർധിക്കും .ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം എന്നിവ മാറുകയും ശരീരശക്തി വർധിക്കുകയും ചെയ്യും .ഇത് മാനസിക പിരിമുറുക്കം ,ഉത്കണ്ഠ ,ഉറക്കക്കുറവ് എന്നിവ പരിഹരിക്കുന്നതിനും വാതരോഗങ്ങൾ മാറുന്നതിനും നല്ലതാണ് .നായ്ക്കരുണ പരിപ്പും ,എള്ളും അരച്ച് ഉണക്കിപ്പൊടിച്ച് നായ്ക്കരുണ വേരിട്ട് തിളപ്പിച്ചു കുറുക്കിയ പാലിൽ ചേർത്ത് കൂടെ പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ലൈംഗീകശക്തി വർധിപ്പിക്കാൻ നല്ലതാണ് .നായ്ക്കരുണ പരിപ്പും വയൽചുള്ളിയും സമാസമം അരച്ച് പാലിൽ പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ബീജങ്ങളുടെ എണ്ണം വർധിക്കും .
നായ്ക്കരുണ വേരും ഞെരിഞ്ഞിലും ഒരേ അളവിൽ കഷായമുണ്ടാക്കി കഴിച്ചാൽ വൃക്കരോഗങ്ങൾ ശമിക്കും .നായ്ക്കരുണ വേരും കൊഴിഞ്ഞിൽ വേരും ചേർത്ത് കഷായമുണ്ടാക്കി കഴിച്ചാൽ മൂത്രത്തിൽ പഴുപ്പ് മാറും .നായ്ക്കരുണയുടെ ഇല അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന പരു വേഗം പഴുത്തുപൊട്ടി സുഖം പ്രാപിക്കും . നായ്ക്കരുണയുടെ കായുടെ പുറമെയുള്ള രോമങ്ങൾ പൊടിച്ച് ഒരു കടുമണിയോളം വലുപ്പത്തിൽ ശർക്കരയിലോ, വെണ്ണയിലോ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ വിരശല്യം ,കൃമിശല്യം എന്നിവ ഇല്ലാതാകും .ഇല കുരുമുളകും ചേർത്തരച്ച് ഒരു കഴഞ്ചി ക്കുരു വലുപ്പത്തിൽ രാവിലെ വെറുംവയറ്റിൽ കഴിച്ചാലും വിരശല്യം ,കൃമിശല്യം എന്നിവ ഇല്ലാതാകും.
ALSO READ : ചക്കരക്കൊല്ലി , പ്രമേഹത്തിന് കൈകൊണ്ട ഔഷധം .
നായ്ക്കരുണയുടെ വേര് അരച്ച് പുറമെ പുരട്ടിയാൽ മന്ത് രോഗത്തിന് ശമനമുണ്ടാകും .നായ്ക്കരുണപ്പരിപ്പ് ,ഞെരിഞ്ഞിൽ ,കർക്കിടകശൃംഗി എന്നിവ സമാസമം പൊടിച്ച് ഒരു ടീസ്പൂൺ വീതം പാലിൽ ചേർത്ത് ദിവസവും കഴിച്ചാൽ സ്ത്രീകളിലെ വെള്ളപോക്ക് മാറിക്കിട്ടും .നായ്ക്കരുണ, ഞെരിഞ്ഞിൽ ,ശതാവരിക്കിഴങ്ങ് എന്നിവ തുല്യ അളവിൽ ഉണക്കിപ്പൊടിച്ചത് ഒരു ടീസ്പൂൺ വീതം ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ദിവസവും കഴിക്കുന്നത് ശരീരക്ഷീണം ,ശരീരവേദന ,നടുവേദന എന്നിവ മാറാൻ നല്ലതാണ് . നായ്ക്കരുണപ്പൊടി ഒരു ടീസ്പൂൺ വീതം പാലിൽ തിളപ്പിച്ച് പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് വാർധക്യ സഹജമായ ശരീരക്ഷീണം ,ശരീരവേദന ,നടുവേദന എന്നിവ മാറാൻ നല്ലതാണ് .
നായ്ക്കരുണപ്പൊടി 2 സ്പൂൺ പൊടി ഒരു ഗ്ലാസ് പാലിൽ തിളപ്പിച്ച് കുറുക്കി ഒരു സ്‌പൂൺ നെയ്യും ചേർത്ത് പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .നായ്ക്കരുണ കുരു അരച്ച് പുറമെ പുരട്ടിയാൽ തേൾ വിഷം ശമിക്കും ,ഇതിന്റെ ഇല അരച്ച് പുറമെ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും .