പനി ,ചുമ ,ആസ്മ ,മൂലക്കുരു ,ഫിസ്റ്റുല മുതലായവയുടെ ചികിത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കടലാടി .സംസ്‌കൃതത്തിൽ ഇതിനെ അപമാർഗഃ , മയൂരഃ , ശിഖരി , മർകടപിപ്പലീ , ദുർഗ്രഹഃ ,കമജ്ഞരി, ഇന്ദുലേഖ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
Botanical name : Achyranthes aspera ,Cyathula prostrata.
Family : Amaranthaceae (Amaranth family).
![]() |
വലിയ കടലാടി |
വിതരണം .
ഇന്ത്യയിലുടനീളം വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു കള സസ്യമാണ് കടലാടി .
സസ്യവിവരണം .
ചെറിയ കടലാടി (Cyathula prostrata) ,വലിയ കടലാടി (Achyranthes aspera) എന്നിങ്ങനെ രണ്ടുതരത്തിൽ ഈ സസ്യം കാണപ്പെടുന്നു ,വലിയ കടലാടിയെ വൻകടലാടി എന്നും ചെറിയ കടലാടിയെ ചുവന്ന കടലാടി എന്നും അറിയപ്പെടുന്നു .
ഏകദേശം അര മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു കുറ്റിച്ചെടിയാണ് വൻകടലാടി അഥവാ വലിയ കടലാടി .എന്നാൽ ചെറിയ കടലാടി തറയിൽ പടർന്നു വളരുന്ന ഒരു സസ്യമാണ് .ഇവയുടെ പർവസന്ധികളിൽ വേരുകളുണ്ടാകുന്നു .ഇവ രണ്ടും ഏകവർഷ സസ്യങ്ങളാണ് .
വലിയ കടലാടിയുടെ തണ്ടിനും ഇലയ്ക്കും പച്ചനിറമായിരിക്കും .ചെറിയ കടലാടിയുടെ തണ്ടിനും ഇലകളിലെ സിരകൾക്കും ചുവപ്പുനിറമായിരിക്കും ,ഇവയുടെ ഇലകൾ ഓരോ പർവസന്ധിയിലും സമ്മുഖമായി വിന്യസിച്ചിരിക്കുന്നു . ഇവയുടെ നീളം കൂടിയ പൂങ്കുലവൃന്ദത്തിൽ ധാരാളം പൂക്കളുണ്ടാകും .
വെള്ള ,ചുവപ്പ് എന്നീ നിറങ്ങളിൽ പൂക്കളുണ്ടാകുന്ന കടലാടികളുണ്ട്. ഇവയുടെ വിത്തിന് വസ്ത്രങ്ങളിലും മൃഗങ്ങളുടെ ശരീരത്തിലും പറ്റിപ്പിടിക്കുന്ന സ്വഭാവമുണ്ട് . ഇങ്ങനെയാണ് ഈ സസ്യത്തിന്റെ വിത്ത് വിതരണം നടക്കുന്നതും .ഇവയിൽ വലിയ കടലാടിക്കാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളതും ഔഷധങ്ങൾക്കായി കൂടുതൽ ഉപയോഗിക്കുന്നതും .
രാസഘടകങ്ങൾ .
കടലാടിയുടെ വിത്തിൽ ഹെൻട്രിയ കോൺടേൺ എന്ന ഹൈഡ്രോകാർബണും ,സാപോണിനും അടങ്ങിയിരിക്കുന്നു .ഇതിന്റെ വേരിൽ ഒലിയാനോലിക് അമ്ലം അടങ്ങിയിരിക്കുന്നു .കടലാടി കത്തിച്ചു കിട്ടുന്ന ചാരത്തിൽ ധാരാളം പൊട്ടാഷ് അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
Common name : Prickly Chaff Flower,Crokars staff,Chaff-flower,Devil's horsewhip,Crocus stuff.
Malayalam : Kadaladi.
Hindi : Ulta kanta, Aghara, Apamarga, Chirchira.
Tamil : Akatam, Apamarkkam.
Telugu : Antish, Apamaargamu, Dubbinachettu.
Marathi : Aghada,Apamarga.
Kannada : Uttarani, Uttareni, Shaikharika.
Bengali : Apamarga, Apang.
Gujarati : Aghedo, Apamarga.
Rajasthani : Aagijaado.
Punjabi : Putth kanda.
![]() |
ചെറിയ കടലാടി |
ഔഷധയോഗ്യഭാഗങ്ങൾ .
വേര് ,ഫലം ,സമൂലം .
രസാദിഗുണങ്ങൾ .
കടലാടിയുടെ വിത്തിനും വേരിനും വിത്യസ്ത രസാദിഗുണങ്ങളാണ് .കടലാടിയുടെ വേര് തിക്ത കടു രസത്തോടും ,തീഷ്ണ സര ഗുണത്തോടും ,ഉഷ്ണ വീര്യത്തോടും ,കടു വിപാകത്തോടും കൂടിയതാണ്.കടലാടിയുടെ ഫലം മധുര രസത്തോടും,രൂക്ഷ സര ഗുണത്തോടും ,ശീത വീര്യത്തോടും ,മധുര വിപാകത്തോടും കൂടിയതാണ്.
കടലാടിയുടെ ഔഷധഗുണങ്ങൾ .
വാതരോഗങ്ങൾ ,കരൾരോഗങ്ങൾ ,ഗർഭാശയരോഗങ്ങൾ എന്നിവയെ ശമിപ്പിക്കും .ദഹനം വർധിപ്പിക്കുകയും വായുകോപം ഇല്ലാതാക്കുകയും ചെയ്യും .മൂത്രം വർധിപ്പിക്കും .മൂത്രത്തിൽ കല്ലിനെ അലിയിച്ചു കളയും .രക്തം ശുദ്ധീകരിക്കും .വയറിളക്കം ,വയറുവേദന എന്നിവയ്ക്കും നല്ലതാണ് .പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയ്ക്കും നല്ലതാണ് .നീര് ,വേദന ,ക്ഷീണം,വിളർച്ച എന്നിവയ്ക്കും നല്ലതാണ് .പൈൽസ് ,ഫിസ്റ്റുല എന്നിവയ്ക്കും നല്ലതാണ് .കുഷ്ഠം ,ചർമ്മരോഗങ്ങൾ ,നേത്രരോഗങ്ങൾ ,ഹൃദ്രോഗം എന്നിവയ്ക്കും നല്ലതാണ് .പ്രാണി ,പഴുതാര .തേൾ മൂതലായവയുടെ വിഷം ശമിപ്പിക്കാനുള്ള കഴിവുണ്ട് .
വൻകടലാടി സമൂലം ഉണക്കി കത്തിച്ചു കിട്ടുന്ന ചാരം വെള്ളത്തിൽ കലക്കി സൂര്യപ്രകാശത്തിൽ വറ്റിച്ച് കിട്ടുന്ന വസ്തുവിനെ ആയുർവേദത്തിൽ അപമാർഗ്ഗ ക്ഷാരം അഥവാ കടലാടി ഉപ്പ് എന്ന് അറിയപ്പെടുന്നു . ഈ ക്ഷാരം ചുമ ,ജലദോഷം ,ആസ്മ ,മൂത്ര തടസ്സം ,കരൾ രോഗങ്ങൾ ,കർണ്ണരോഗങ്ങൾ .വെള്ളപ്പാണ്ട് ,പൊണ്ണത്തടി ,വയറുവേദന ,ദഹനക്കേട് ,രുചിയില്ലായ്‌മ ,ഹെർണിയ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു .ഈ ക്ഷാരം നിരവധി ആയുർവേദ മരുന്നുകളിൽ ഒരു ചേരുവയായി ഉപയോഗിക്കുന്നു .കൂടാതെ ക്ഷാരസൂത്ര ചികിത്സയിലും ഇത് ഉപയോഗിക്കുന്നു .
ആയുർവേദത്തിലെ ഒരു ശസ്ത്രക്രിയ സമ്പ്രദായമാണ് ക്ഷാരസൂത്ര ചികിത്സ. പൈൽസ് ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾക്ക് ക്ഷാരസൂത്ര ചികിത്സ. ഫലപ്രദമാണ് .ഇതു വളരെ ചിലവു കുറഞ്ഞതുമാണ് .കടലാടി, എരുക്കിന്‍പാൽ .കള്ളിപ്പാൽ ,മഞ്ഞൾപ്പൊടി എന്നിവ കൂട്ടിക്കലർത്തി ഒരു പ്രത്യേക നൂലിൽ പുരട്ടി ഉണക്കി എടുക്കുന്നതാണ് ക്ഷാരസൂത്രം എന്ന് അറിയപ്പെടുന്നത് .ഈ നൂല് ഫിസ്റ്റുലയുടെ പുറമെയുള്ള ദ്വാരത്തിലൂടെ കടത്തിവിട്ട് ഉള്ളിലുള്ള ദ്വാരത്തിലൂടെ പുറത്തെടുത്ത് കെട്ടിവെയ്ക്കുന്നു. ഉള്ളിലുള്ള വ്രണത്തെ ക്ഷാരസൂത്രത്തിലെ ഔഷധഗുണങ്ങൾ കൊണ്ട് സുഖപ്പെടുത്തുന്നു.വീഡിയോ കാണാം .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
കടലാടി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
അഗസ്ത്യരസായനം (Agasthya Rasayanam).
ആസ്മയ്ക്കും മറ്റു ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ലേഹ്യ രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അഗസ്ത്യരസായനം.ആസ്മ ,ചുമ ,ശ്വാസം മുട്ടൽ ,ക്ഷയം ,ശരീരക്ഷീണം ,ഏമ്പക്കം ,വിട്ടുമാറാത്ത പനി ,മലമ്പനി മുതലായവയുടെ ചികിൽത്സയിൽ അഗസ്ത്യരസായനം ഉപയോഗിക്കുന്നു .
ആവിൽതോലാദി ഭസ്‌മം (Aviltoladi Bhasmam)..
അസൈറ്റിസ് അഥവാ മഹോദരം, നീർവീക്കം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ഔഷധമാണ് ആവിൽതോലാദി ഭസ്‌മം.
ഹരീതക്യാദി രസായനം (Haritakyadi Rasayanam).
ചുമ ,ആസ്മ ,വിട്ടുമാറാത്ത പനി തുടങ്ങിയവയുടെ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഹരീതക്യാദി രസായനം ..കൂടാതെ മലബന്ധം ,വയറുവേദന .പൈൽസ് ,വിളർച്ച മുതലായവയുടെ ചികിത്സയിലും ഡോക്ടർമാർ ഈ ഔഷധം നിർദേശിക്കുന്നു .
വലിയ ലാക്ഷാദി തൈലം (Valiya Lakshadi Tailam).
വിട്ടുമാറാത്ത പനി ,അപസ്‌മാരം തുടങ്ങിയവയുടെ ചികിത്സയിൽ വലിയ ലാക്ഷാദി തൈലം ഉപയോഗിച്ചു വരുന്നു .
അർദ്ധവില്വം കഷായം (Ardhavilvam Kashayam).
ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് കാലുകളിലും മുട്ടിലും എല്ലാം നീരും വേദനയും വര്‍ദ്ധിക്കുന്ന അവസ്ഥയിൽ അർദ്ധവില്വം കഷായം ഉപയോഗിക്കുന്നു .
മിശ്രകസ്നേഹം (Misrakasneham).
മലബന്ധം ,വയറുവേദന ,ഹെർണിയ ,വൃഷണവീക്കം മുതലായവയുടെ ചികിത്സയിലും പഞ്ചകർമ്മ ചികിത്സയിലും മിശ്രകസ്നേഹം ഉപയോഗിച്ചു വരുന്നു .
സുവർണ്ണമുക്താദി ഗുളിക (Suvarnamukthadi Gulika).
പനി ,തലവേദന ,തലകറക്കം ,കേൾവിക്കുറവ് ,കാഴ്ചക്കുറവ് മുതലായവയുടെ ചികിത്സയിൽ സുവർണ്ണമുക്താദി ഗുളിക ഉപയോഗിച്ചു വരുന്നു .
സുരസാദി തൈലം (Surasadi Tailam).
ചുമ ,ആസ്മ ,മൂക്കൊലിപ്പ് ,മൂക്കിലെ ദശവളർച്ച ,സൈനസൈറ്റിസ് തുടങ്ങിയവയുടെ ചികിത്സയിൽ സുരസാദി തൈലം ഉപയോഗിക്കുന്നു .
കടലാടിയുടെ ചില ഔഷധപ്രയോഗങ്ങൾ .
അപമാർഗ്ഗ ക്ഷാരം അഥവാ കടലാടി ഉപ്പ് ഒരു നുള്ള് വീതം തേനിൽ ചാലിച്ച് കഴിച്ചാൽ വയറുവേദന മാറും .കടലാടി കത്തിച്ചു കിട്ടുന്ന ചാരം വെള്ളത്തിൽ കലക്കി തെളിവെള്ളമെടുത്ത് അതിൽ കടലാടിയുടെ ചാരവും ചേർത്ത് എള്ളെണ്ണയിൽ കാച്ചിയെടുക്കുന്ന തൈലം ചെവിയിലൊഴിച്ചാൽ ചെവിവേദന ,ചെവി പഴുപ്പ് , ചെവി ചൊറിച്ചിൽ എന്നിവ മാറിക്കിട്ടും .കടലാടി ചതച്ച് വെളിച്ചെണ്ണ കാച്ചി ചെവിയിലൊഴിക്കുന്നതും ചെവിവേദന മാറാൻ നല്ലതാണ് . കടലാടിയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുട്ടികളെ കുളിപ്പിച്ചാൽ അവർക്കുണ്ടാകുന്ന ചൊറി ,കരപ്പൻ എന്നിവ മാറിക്കിട്ടും .
കടലാടിയുടെ വിത്ത് അരച്ച് തേനിൽ ചാലിച്ചു കഴിച്ചാൽ ചുമ,ആസ്മ എന്നിവയ്ക്ക് ശമനമുണ്ടാകും .കടലാടി സമൂലം കത്തിച്ച ചാരം തേനിൽ ചാലിച്ച് കഴിക്കുന്നത് ചുമയും കഫക്കെട്ടും മാറാൻ നല്ലതാണ് .ഈ ചാരം വെള്ളത്തിൽ കലക്കി തെളിയൂറ്റി കുടിച്ചാൽ വയറുവേദന മാറും .പ്രാണി ,തേൾ ,പഴുതാര മുതലായവയുടെ വിഷം ശമിക്കാൻ കടലാടിയുടെ വിത്ത് അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടിയാൽ മതി .
കടലാടിയുടെ വേര് അരച്ച് പല്ലുതേച്ചാൽ ഒരുവിധപ്പെട്ട എല്ലാ ദന്തരോഗങ്ങൾക്കും നല്ലതാണ് .കടലാടിയുടെ വേരിട്ട് തിളപ്പിച്ച വെള്ളം ദിവസം പലപ്രാവശ്യം കവിൾ കൊണ്ടാൽ വായ്പ്പുണ്ണ് മാറും .കൂടാതെ പല്ല് വേദനയ്ക്കും നല്ലതാണ് ..ഇരുട്ടിലും മങ്ങിയ വെളിച്ചത്തിലും കണ്ണുകാണാൻ പറ്റാത്ത നിശാന്ധത എന്ന രോഗത്തിന് കടലാടിയുടെ വേര് അരച്ച് ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ ദിവസവും കഴിച്ചാൽ മതി .
ALSO READ : കച്ചോലത്തിന്റെ ഔഷധഗുണങ്ങൾ .
കടലാടി അരച്ച് മൂക്കിന്റെ ഉള്ളിൽ പതിവായി പുരട്ടുകയോ കടലാടിയുടെ നീര് മൂക്കിൽ നസ്യം ചെയ്യുകയോ ചെയ്താൽ മൂക്കിലെ ദശ വളർച്ച മാറും .കടലാടിയുടെ ഇല അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ രക്തസ്രാവം നിൽക്കുകയും മുറിവുകൾ പെട്ടന്ന് ഉണങ്ങുകയും ചെയ്യും .കടലാടിയുടെ ഇലയരച്ച് എരുമ നെയ്യും ചേർത്ത് പതിവായി കഴിച്ചാൽ സ്ത്രീകളിലെ വെള്ളപോക്ക് ശമിക്കും .കടലാടിയുടെ ഇല ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ വയറിളക്കം മാറും .
കടലാടി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് വെളിച്ചെണ്ണയിൽ കാച്ചി രണ്ടു തുള്ളി വീതം ദിവസവും മൂക്കിലൊഴിച്ചാൽ വിട്ടുമാറാത്ത മൂക്കൊലിപ്പ് തുമ്മൽ എന്നിവയ്ക്ക് ശമനമുണ്ടാകും .കടലാടി സമൂലം അരച്ച് ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ അരിക്കാടിയിൽ ചാലിച്ച് തേനും ചേർത്ത് കഴിക്കുന്നത് മൂലക്കുരു മാറാൻ നല്ലതാണ് .കടലാടി സമൂലം കഷായമുണ്ടാക്കി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .കടലാടിയുടെ വേര് ഉണക്കിപ്പൊടിച്ച് നെയ്യിൽ ചാലിച്ച് കഴിച്ചാൽ മലബന്ധം മാറിക്കിട്ടും .കടലാടിയുടെ വിത്ത് കഴിക്കുന്നത് അമിത വിശപ്പ് നിയന്ത്രിക്കാൻ നല്ലതാണ് .
കടലാടിയുടെ ഇല അരച്ചു കുഴമ്പു പരുവത്തിൽ പുരട്ടുന്നത് മുട്ടുവേദന .നീര് ,വേദന ,ഉളുക്ക് എന്നിവ മാറാൻ നല്ലതാണ് .കടലാടി സമൂലം കഷായം വച്ച് 30 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം വീതം കഴിച്ചാൽ മറ്റു രോഗങ്ങളുടെ ഭാഗമായും അല്ലാതെയും ശരീരത്തിലും കാൽപാദങ്ങളിലും കൺതടത്തിലുമൊക്കെ ഉണ്ടാകുന്ന നീര് മാറിക്കിട്ടും .കടലാടിയുടെ വിത്ത് അരച്ച് പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് അമിത ആർത്തവത്തിന് നല്ലതാണ് .
കടലാടിയുടെ വേരും ഫലവും കൂടി വാറ്റിയെടുക്കുന്ന അർക്കം ഒരു ഔൺസ് വീതം ദിവസം രണ്ടുനേരം കഴിച്ചാൽ ആർത്തവ ക്രമക്കേടുകൾ മാറിക്കിട്ടും .ഇത് ലേപനമായി ഉപയോഗിച്ചാൽ എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും .കടലാടി സമൂലം ഉണക്കിപ്പൊടിച്ചത് 5 ഗ്രാം വീതം ഒരു കപ്പു വെള്ളത്തിൽ തിളപ്പിച്ച് ചായ പോലെ ദിവസവും കഴിക്കുന്നത് പനി ,ചുമ ,ആസ്മ ,മൂലക്കുരു ,ഫിസ്റ്റുല ,മൂത്രത്തിൽ കല്ല് ,ചർമ്മരോഗങ്ങൾ എന്നിവയ്‌ക്കെല്ലാം നല്ലതാണ് .
വൈദ്യ നിർദേശമില്ലാതെ കടലാടി അമിതമായി ഉപയോഗിക്കരുത് .ഗർഭിണികൾ കടലാടി ഉപയോഗിക്കാൻ പാടില്ല .ഗര്‍ഭഛിദ്രമാകും.കടലാടി ഔഷധമായി ഉപയോഗിക്കുമ്പോൾ ഒരു വൈദ്യ നിർദേശ പ്രകാരം മാത്രം ഉപയോഗിക്കുക .