ആയുർവേദത്തിൽ 'കേശരാജൻ' എന്ന് അറിയപ്പെടുന്ന കയ്യോന്നി (Eclipta Prostrata), ഒരു സാധാരണ സസ്യമാണെങ്കിലും അതിന്റെ അവിശ്വസനീയമായ ഔഷധ ഗുണങ്ങൾ വളരെ വലുതാണ്. മുടിയുടെ വളർച്ചയ്ക്ക് മാത്രമല്ല, കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും, പലതരം രോഗങ്ങൾക്കും ഉത്തമമായ ഈ അത്ഭുത സസ്യം നമ്മുടെ പറമ്പുകളിൽ സുലഭമായി കാണപ്പെടുന്നു.
നിങ്ങൾ മുടികൊഴിച്ചിൽ, അകാല നര, അല്ലെങ്കിൽ കരൾ സംബന്ധമായ പ്രശ്നങ്ങൾക്ക് പ്രകൃതിദത്തമായ പരിഹാരം തേടുന്നവരാണോ?എങ്കിൽ, ആയുർവേദത്തിലെ ഈ മഹത്തായ സസ്യത്തിന്റെ ശാസ്ത്രീയവും പരമ്പരാഗതവുമായ ഉപയോഗങ്ങളെക്കുറിച്ചും, കയ്യോന്നിയുടെ ഗുണങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും, കയ്യോന്നി എങ്ങനെയാണ് മികച്ച ഹെയർ ടോണിക്ക് ആയി പ്രവർത്തിക്കുന്നതെന്നും, മറ്റു പ്രധാന ഔഷധ ഗുണങ്ങൾ എന്തൊക്കെയാണെന്നും അറിയാൻ തുടർന്ന് വായിക്കുക.
Botanical Name : Eclipta Prostrata
Family : Asteraceae: (Sunflower Family)
Synonyms : Eclipta Alba, Eclipta Punctata , Eclipta Erecta .
വിതരണം .
ഇന്ത്യയിൽ കയ്യോന്നി വളരെ സാധാരണമാണ്. ഇത് ഒരു കളസസ്യമായി എല്ലായിടത്തും കാണപ്പെടുന്ന ഒരു പ്രധാന ഔഷധസസ്യമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഈർപ്പമുള്ള പ്രദേശങ്ങളിലും വയൽവരമ്പുകളിലും ഇത് സുലഭമായി വളരുന്നു.
🌿 കയ്യോന്നി (Eclipta Prostrata): പ്രധാന ആയുർവേദ ഔഷധ ഗുണങ്ങൾ .
കേശ്യ (Keshya): മുടിയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നു.
കൃമിഹര (Krumihara): ഉദരകൃമി ശല്യത്തിനും അണുബാധയുള്ള മുറിവുകൾക്കും ഫലപ്രദമാണ്.
പാണ്ഡുനുത് (Pandunut): വിളർച്ച (അനീമിയ) മാറ്റാൻ സഹായിക്കും, കരളിനെ ഉത്തേജിപ്പിക്കുന്നു.
ശോഫഹര (Shophahara): നീർക്കെട്ട് (Anti-inflammatory) കുറയ്ക്കുന്ന ഔഷധമാണ്; വേദനയും വീക്കവും ചുവപ്പ് നിറവും കുറയ്ക്കും.
ശ്വാസഹര (Shwasahara): ആസ്ത്മ, ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങൾക്ക് ഉത്തമം.\
കാസഹര (Kasahara): ചുമ, കഫക്കെട്ട് എന്നിവ കുറയ്ക്കുന്നു.
രസായനം (Rasayana): പുനരുജ്ജീവന ഗുണമുണ്ട്, വാർദ്ധക്യം തടയുന്നു.
അക്ഷീരോഗഹൃത് (Akshirogahrut): നേത്രരോഗങ്ങൾക്ക് ഉത്തമമാണ്.
ദന്ത്യ (Dantya): പല്ലുകൾക്ക് ബലം വർദ്ധിപ്പിക്കുന്നു.
ത്വച്യ (Tvachya) / കുഷ്ഠഹര: ചർമ്മത്തിൻ്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നു, ത്വക്ക് രോഗങ്ങൾക്ക് ഫലപ്രദമാണ്.
വിഷഘ്ന (Vishaghna): വിഷാംശം ഇല്ലാതാക്കുന്നു, രക്തം ശുദ്ധീകരിക്കുന്നു
കേശരഞ്ജന (Kesharanjana): നരച്ച മുടിക്ക് നിറം നൽകാൻ ഉപയോഗിക്കുന്നു.
ആമനുത് (Amanut): ദഹനക്കേട് (ആമം) കുറയ്ക്കാൻ സഹായിക്കുന്നു.
ചക്ഷുഷ്യ (Chakshushya): കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ശിരോ ആർട്ടിനുത് (Shiro artinut): തലവേദനയ്ക്ക് ഉത്തമമാണ്..
🌿കയ്യോന്നിയുടെ ആയുർവേദത്തിലെ മറ്റ് ചില ഉപയോഗങ്ങൾ.
💪ശരീരബലം വർദ്ധിപ്പിക്കാൻ: ശരീരത്തിന്റെ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന് ബലം നൽകാനും ഇത് രസായനമായി ഉപയോഗിക്കുന്നു. ഇതിന്റെ വിത്തുകൾ ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന ചികിത്സകളിൽ ഉപയോഗിക്കുന്നു.ഇതിന്റെ നീര് ദീർഘകാലം കഴിക്കുന്നത് ശക്തി, പ്രതിരോധശേഷി, പ്രത്യുൽപാദനശേഷി, ആയുസ്സ് എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കും.
💚 കരളിന് ടോണിക് :കയ്യോന്നിക്ക് കരളിനെ സംരക്ഷിക്കാനുള്ള കഴിവുണ്ട്.കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും കരൾ എൻസൈമുകൾ സാധാരണ നിലയിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. കരളിനെ ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു.മഞ്ഞപ്പിത്തം പോലുള്ള കരൾ സംബന്ധമായ രോഗങ്ങൾക്ക് പരമ്പരാഗതമായി ഇത് ഉപയോഗിക്കുന്നു.
🛡️ രക്തശുദ്ധി (രക്തത്തെ ശുദ്ധീകരിക്കുന്നു) : കയ്യോന്നി രക്തം ശുദ്ധീകരിക്കുന്നു .ഇതിന് രക്തത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും നീക്കം ചെയ്യാനുള്ള കഴിവുണ്ട് .
വീക്കം കുറയ്ക്കുന്നു: ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ വീക്കവും നീർക്കെട്ടും കുറയ്ക്കാൻ സഹായിക്കുന്നു.
മുറിവുണക്കാൻ: മുറിവുകളിലും ചതവുകളിലും ഇതിന്റെ നീര് ലേപനം ചെയ്യുന്നത് വേഗത്തിൽ ഉണങ്ങാൻ സഹായിക്കും.
നസ്യം (Nasal drops): നരച്ച മുടിക്കും തലവേദനയ്ക്കും ആട്ടിൻപാലിൽ കലർത്തി ഭൃംഗരാജാവിൻ്റെ നീര് നസ്യമായി ഉപയോഗിക്കുന്നു.
🌿 കയ്യോന്നിയിലെ പ്രധാന രാസഘടകങ്ങൾ.
1. കൗമെസ്റ്റാനുകൾ (Coumestans) - പ്രധാന ഘടകം .
വെഡിലോലാക്ടോൺ (Wedelolactone): കയ്യോന്നിയിലെ ഏറ്റവും പ്രധാനപ്പെട്ടതും ശാസ്ത്രീയമായി കൂടുതൽ പഠനം നടന്നതുമായ ഘടകമാണിത്. ഇതിന് ശക്തമായ കരൾ സംരക്ഷണ (Hepatoprotective) ഗുണങ്ങളുണ്ട്. കരൾ രോഗങ്ങൾ തടയാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
2. ആൽക്കലോയിഡുകൾ (Alkaloids) .
എക്ലിപ്റ്റൈൻ (Ecliptine): മുടികൊഴിച്ചിൽ തടയാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു .
3. ഫ്ലേവനോയിഡുകൾ (Flavonoids).
ല്യൂട്ടിയോളിൻ (Luteolin),ഏപിജെനീൻ (Apigenin): ഇവ ശക്തമായ ആന്റിഓക്സിഡന്റുകളായി (Antioxidants) പ്രവർത്തിക്കുന്നു.
4. ട്രൈടെർപീൻസ് (Triterpenes) .
ആൽഫാ-അമൈറിൻ (alpha$-Amyrin) ,ഒലീനോളിക് ആസിഡ് (Oleanolic acid),അർസോളിക് ആസിഡ് (Ursolic acid) ,എക്ലൽബസാപോണിനുകൾ (Eclalbasaponins): ഇവ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു .
5. മറ്റ് ഘടകങ്ങൾ .
സ്റ്റിഗ്മാസ്റ്റീറോൾ (Stigmasterol),)പോളിഅസറ്റിലീനുകൾ (Polyacetylenes),തയോഫീൻ ഡെറിവേറ്റീവുകൾ (Thiophene Derivatives) ,റെസിൻ (Resin)
ഈ വിവിധതരം രാസവസ്തുക്കളുടെ സംയോജനമാണ് കയ്യോന്നിയുടെ ഔഷധഗുണങ്ങൾക്ക് കാരണം.
സസ്യവിവരണം .
70 സെ.മീ ഉയരത്തിൽ വരെ ധാരാളം ശാഖോപശാഖകളായി വളരുന്ന ഒരു വാർഷിക സസ്യം .ഇവയുടെ ഇലയിലും തണ്ടിലും വളരെ മൃദുവും വെളുത്തതുമായ രോമങ്ങൾ നിറഞ്ഞതാണ് .കടും പച്ചനിറമുള്ള ഇലകൾക്ക് പരുപരുത്ത പ്രകൃതമാണ് .മെയ് മുതൽ സെപ്തംബർ വരെയാണ് കയ്യോന്നിയുടെ പൂക്കാലം .വെള്ളയും ഇളം മഞ്ഞയും നിറമുള്ള തീരെ ചെറിയ പൂക്കൾ കുലകളായി ഉണ്ടാകുന്നു .പൂക്കൾ വിളഞ്ഞ് കായകളായി മാറുന്നു .ധാരാളം ചെറിയ കായകൾ ഒരുമിച്ചാണ് ഉണ്ടായി വരുക .ഒരു കായിൽ ഒരു വിത്തു മാത്രമേ കാണപ്പെടുകയൊള്ളു .വിത്തുവഴിയാണ് വംശവർദ്ധനവ് നടത്തുന്നത്.
🌿 കയ്യോന്നിയുടെ വിവിധ ഇനങ്ങൾ (Varieties of Bhringaraj).
രാജനിഘണ്ടു (Raja Nighantu) പോലുള്ള ആയുർവേദ ഗ്രന്ഥങ്ങളിൽ കയ്യോന്നിയെ പ്രധാനമായും മൂന്ന് തരത്തിൽ വർഗ്ഗീകരിച്ചിരിക്കുന്നു: വെള്ള, മഞ്ഞ, നീല പൂക്കളോടുകൂടിയ ഇനങ്ങൾ.
1. ശ്വേത ഭൃംഗരാജ (Shweta Bhringaraja) - വെള്ള കയ്യോന്നി.
സസ്യശാസ്ത്ര നാമം: Eclipta prostrata - ഔഷധ ആവശ്യങ്ങൾക്കായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതും ഏറ്റവും കൂടുതൽ ഗുണമുള്ളതുമായി കണക്കാക്കപ്പെടുന്ന ഇനമാണിത്.
2.ഭൃംഗരാജ (Bhringaraja) - മഞ്ഞ കയ്യോന്നി.
സസ്യശാസ്ത്ര നാമം: Wedelia calendulacea Less, Sphagneticola calendulacea):ഈ ഇനത്തിനും ഔഷധഗുണങ്ങളുണ്ടെങ്കിലും, വെള്ള പൂവുള്ള ഇനത്തെ അപേക്ഷിച്ച് ഔഷധ ആവശ്യങ്ങൾക്ക് കുറവാണ് ഉപയോഗിക്കാറ്. ഇത് പലപ്പോഴും ഒരു അലങ്കാര സസ്യമായി ആണ് വളർത്തപ്പെടുന്നത്.
നീല ഭൃംഗരാജ (Neela Bhringaraja) - നീല കയ്യോന്നി.
നിലവിൽ, നീല ഭൃംഗരാജ (Neela Bhringaraja) എന്ന് പറയപ്പെടുന്ന സസ്യം ഏതാണെന്ന കാര്യത്തിൽ ആയുർവേദ പണ്ഡിതന്മാർക്കിടയിലും സസ്യശാസ്ത്രജ്ഞർക്കിടയിലും വ്യക്തമായ ഒരു പൊതുധാരണയില്ല.
🌿 കയ്യോന്നിയും ദശപുഷ്പത്തിലെ സ്ഥാനവും.
ദശപുഷ്പം (പത്ത് ദിവ്യ പുഷ്പങ്ങൾ): ദശപുഷ്പം എന്നത് കേരളീയ ഹൈന്ദവ ആചാരങ്ങളുമായി ബന്ധപ്പെട്ടതും, ആയുർവേദത്തിൽ പ്രാധാന്യമുള്ളതുമായ, 10 വിശുദ്ധ സസ്യങ്ങളുടെ കൂട്ടമാണ്. ഇവ ആരോഗ്യപരമായ കാരണങ്ങളാലും ഐശ്വര്യത്തിനായും ഉപയോഗിക്കുന്നു.
ദശപുഷ്പങ്ങൾ .കറുക , കയ്യോന്നി ,വിഷ്ണുക്രാന്തി , തിരുതാളി ,പൂവാംകുറുന്തൽ , മുക്കുറ്റി ,നിലപ്പന ,ചെറൂള ,ഉഴിഞ്ഞ ,മുയൽച്ചെവിയൻ
🌸 ദശപുഷ്പങ്ങൾ: വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങൾ.
ദശപുഷ്പങ്ങൾ ഓരോന്നും ഓരോ ദേവതകളുമായും പ്രത്യേക ഫലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.പൂജാ സമയത്തും വഴിപാടുകളിലും ദേവതകൾക്ക് സമർപ്പിക്കാൻ ഈ പുഷ്പങ്ങൾ ഉപയോഗിക്കുന്നു.ചില പ്രത്യേക പൂജകൾക്കായി ഈ പുഷ്പങ്ങൾ കോർത്തെടുത്ത മാലകൾ ഉപയോഗിക്കാറുണ്ട്.ദശപുഷ്പങ്ങൾ ധരിക്കുന്നതിലൂടെ ശരീരത്തിന് ആരോഗ്യവും, കുടുംബത്തിന് ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം.
പ്രത്യേക മാസങ്ങളിലെ പ്രാധാന്യം .
കർക്കിടകം: കർക്കിടക മാസത്തിൽ (രാമായണ മാസം) ദശപുഷ്പങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഈ സമയത്ത് ദശപുഷ്പങ്ങൾ ചൂടുന്നത് ശരീരത്തിന് രോഗപ്രതിരോധ ശേഷിയും ആരോഗ്യവും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഓണം/തിരുവോണം: തിരുവോണ നാളിൽ സ്ത്രീകൾ ദശപുഷ്പം ചൂടുന്നത് ഐശ്വര്യകരമായി കണക്കാക്കുന്നു.
ഗർഭധാരണം: വിവാഹം കഴിഞ്ഞ സ്ത്രീകൾ സന്താനസൗഭാഗ്യത്തിനും ആരോഗ്യത്തിനും വേണ്ടി ദശപുഷ്പം ചൂടാറുണ്ട്.കൂടാതെ സ്ത്രീകൾ ഇവ മുടിയിൽ ചൂടുന്നത് മംഗല്യസൗഭാഗ്യത്തിനും ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും ഉത്തമമായി കണക്കാക്കുന്നു.
മരണാനന്തര കർമ്മങ്ങളിൽ: മരണാനന്തര കർമ്മങ്ങളിലും ശുദ്ധീകരണ ചടങ്ങുകളിലും ദശപുഷ്പങ്ങൾ ഉപയോഗിക്കാറുണ്ട്, ഇത് ആത്മാവിന് ശാന്തി നൽകുമെന്നും വിശ്വസിക്കപ്പെടുന്നു.
കയ്യോന്നി - സംസ്കൃത നാമങ്ങൾ .
കയ്യോന്നിയുടെ ഓരോ സംസ്കൃത നാമവും അതിൻ്റെ ഏതെങ്കിലും ഒരു പ്രത്യേക ഗുണത്തെയോ സ്വഭാവത്തെയോ സൂചിപ്പിക്കുന്നു.
ഭൃംഗരാജ (Bhringaraj) : കയ്യോന്നി സംസ്കൃതത്തിൽ പൊതുവായി അറിയപ്പെടുന്നത് ഭൃംഗരാജ എന്ന പേരിലാണ്.ഭൃംഗരാജ എന്ന വാക്കിന് 'തേനീച്ചയുടെ രാജാവ്',തേനീച്ചയെ ആകർഷിക്കുന്ന സസ്യം.(മറ്റൊരു വ്യാഖ്യാനം: മയിലിൻ്റെ തൂവൽ പോലെ മുടിക്ക് തിളക്കവും മൃദുത്വവും നൽകുന്നത്).
മാർക്കവ (Markava): അകാല നരയെ തടയുന്ന സസ്യം.മുടിക്ക് കറുപ്പും ആരോഗ്യവും നൽകുന്നതിലുള്ള പ്രാധാന്യം.
കേശരഞ്ജന (Kesharanjana): മുടിക്ക് നിറം നൽകുവാനും, നരയെ ശമിപ്പിക്കുവാനും .മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുന്നു.
കേശരാജ (Kesaraja): മുടിയുടെ രാജാവ്; കേശ സംരക്ഷണത്തിൽ ഏറ്റവും മികച്ചത്.
ഭൃംഗാഹ്വ (Bringahva) : തേനീച്ചയെ ആകർഷിക്കുന്ന സസ്യം.
മഹാനീല (Mahaneela):കടുത്ത നീല നിറമുള്ളത് .
പിതൃപ്രിയ (Pitrupriya): പിതൃക്കൾക്ക് (പൂർവ്വികർക്ക്) പ്രിയപ്പെട്ടത്/പിതൃകർമ്മങ്ങൾക്ക് ഉപയോഗപ്രദമായത് ചില ആചാരപരമായ ആവശ്യങ്ങളിൽ ഉപയോഗിക്കുന്നു.
📢 ശ്രദ്ധിക്കുക : ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . കയ്യോന്നി ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ് .
🌿 കയ്യോന്നി (ഭൃംഗരാജൻ) ചേരുന്ന പ്രധാന ആയുർവേദ ഔഷധങ്ങൾ.
ഭൃംഗരാജാസവം (Bhringarajasavam).
ശ്വാസകോശ സംബന്ധമായ രോഗങ്ങൻ: .വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടും: കഫക്കെട്ടുള്ള ചുമ, ആസ്ത്മ എന്നിവയിൽ ആശ്വാസം നൽകുന്നു.ക്ഷയം പോലുള്ള രോഗങ്ങൾ മൂലമുണ്ടാകുന്ന കഠിനമായ ക്ഷീണവും ബലഹീനതയും കുറയ്ക്കുന്നു. ശരീരത്തിന് ബലം: രോഗം, പ്രസവം, പോഷകാഹാരക്കുറവ് എന്നിവ കാരണം ഉണ്ടാകുന്ന ക്ഷീണം, ശരീരശോഷണം എന്നിവ അകറ്റി ഊർജ്ജസ്വലത നൽകുന്നു.വിളർച്ച (Anemia): രക്തക്കുറവ് പരിഹരിക്കാൻ സഹായിക്കുന്നു.ഭാരം വർദ്ധിപ്പിക്കാൻ: ആരോഗ്യകരമായി ഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമം.
നരസിംഹ രസായനം (Narasimha Rasayanam)
നരസിംഹ രസായനം ഒരു ബല്യവും വാജീകരണവുമായ രസായനമാണ്.ലൈംഗികാരോഗ്യം: ലൈംഗികശേഷി (വാജീകരണ ഗുണം), ബീജത്തിന്റെ ഗുണമേന്മ എന്നിവ മെച്ചപ്പെടുത്തുന്നു.നാഡീബലം: നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കൂട്ടാൻ സഹായിക്കുന്നു.ശരീരത്തിലെ ക്ഷീണവും ബലഹീനതയും അകറ്റി ഊർജ്ജസ്വലതയും പേശീബലവും വർദ്ധിപ്പിക്കുന്നു.ചർമ്മത്തിന് തിളക്കം നൽകി യൗവനം നിലനിർത്തുന്നു.കേശ സൗന്ദര്യം: മുടി കൊഴിച്ചിൽ, അകാല നര എന്നിവ തടഞ്ഞ് മുടിക്ക് കറുപ്പും കട്ടിയുമുള്ള വളർച്ച നൽകുന്നു.
മദന കാമേശ്വരി ലേഹ്യം - Madana Kameswari Lehyam.
പ്രധാനമായും ലൈംഗീക സംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മദന കാമേശ്വരി ലേഹ്യം.ലൈംഗീക താല്പര്യം വർധിപ്പിക്കുന്നതിനും ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും മദന കാമേശ്വരി ലേഹ്യം ഉപയോഗിക്കുന്നു .
കയ്യന്യാദി കേരതൈലം - Kayyanyadi Kera Tailam .
മുടികൊഴിച്ചിൽ ,മുടിയുടെ അറ്റം പിളരുക ,അകാലനര മുതലായവയ്ക്ക് കയ്യന്യാദി തൈലം ഉപയോഗിച്ചു വരുന്നു .ഇത് പല്ലിന്റെയും കണ്ണിന്റെയും ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ തലവേദനയ്ക്കും നന്ന് .ഇതിനെ കുഞ്ഞുണ്യാദി തൈലം എന്നും അറിയപ്പെടുന്നു .
നീലഭൃംഗാദി കേരതൈലം - Neelibringadi Keram Hair Oil.
മുടികൊഴിച്ചിൽ അകാലനര എന്നിവ ഇല്ലാതാക്കി മുടി സമൃദ്ധമായി വളരുവാൻ നീലഭൃംഗാദി കേരതൈലം ഉപയോഗിക്കുന്നു .ഇത് വെളിച്ചെണ്ണയിൽ തയാറാക്കുന്നതിനെ നീലഭൃംഗാദി കേരതൈലം എന്നും എള്ളെണ്ണയിൽ തയാറാക്കുന്നതിനെ നീലഭൃംഗാദിതൈലം എന്നും അറിയപ്പെടുന്നു .പേരു സൂചിപ്പിക്കുന്ന പോലെ നീലി (Neeli) നീല അമരി (Indigofera tinctoria).ഭൃംഗരാജ കയ്യോന്നി .കേരം (Keram)വെളിച്ചെണ്ണ എന്നിവയാണ് ഇതിലെ പ്രധാന ചേരുവ .
കുന്തളകാന്തി തൈലം . Kuntalakantitailam.
മുടികൊഴിച്ചിൽ ഇല്ലാതാക്കാനും ,മുടിക്ക് നല്ല ഉള്ള് വെയ്ക്കാനും ,മുടിക്ക് നല്ല കറുപ്പു നിറം കിട്ടാനും കുന്തളകാന്തി തൈലം ഉപയോഗിക്കുന്നു .നീലഭൃംഗാദി: നീലയമരി (നീലി) പ്രധാന ചേരുവയായതിനാൽ നരയെ തടയാൻ കൂടുതൽ ഊന്നൽ നൽകുന്നു.കുന്തളകാന്തി: വിവിധ ഔഷധങ്ങളാൽ സമ്പന്നമാണ്. തലയ്ക്ക് തണുപ്പ് നൽകാനും മുടിയുടെ തിളക്കം കൂട്ടാനും ഇത് കൂടുതൽ ഊന്നൽ നൽകുന്നു .
തേകരാജ തൈലം (Tekaraja Thailam / Thekaraja Keram).
പ്രധാനമായും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും, തലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധ തൈലമാണ്.ചുമ, ജലദോഷം, തൊണ്ട വേദന എന്നിവ ശമിപ്പിക്കുന്നു. നെഞ്ചിലെ കഫക്കെട്ട്, ശ്വാസംമുട്ട് (ബ്രോങ്കൈറ്റിസ്) എന്നിവ കുറയ്ക്കാൻ നെഞ്ചിലും തൊണ്ടയിലും തടവാനായി ഉപയോഗിക്കുന്നു. തലവേദനയ്ക്ക് ആശ്വാസം നൽകുന്നു. മാനസിക പിരിമുറുക്കം (Stress) കുറയ്ക്കാൻ സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് (കറുപ്പും ബലവും) ഉത്തമം.ശരീരത്തിലെ നീർക്കെട്ടും (വീക്കം) വേദനയും ശമിപ്പിക്കുന്നു.ഇത് പുറമെ പുരട്ടാനാണ് പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും, ഡോക്ടർമാർ അകത്തേക്ക് കഴിക്കാനും നിർദ്ദേശിക്കാറുണ്ട്.
ത്രിഫലാദി കേരതൈലം (Thriphaladi Kera Tailam).
ത്രിഫലാദി കേരതൈലം എന്നത് ആയുർവേദത്തിലെ വളരെ പ്രശസ്തമായ ഒരു ഹെർബൽ ഓയിലാണ്. ഇത് പ്രധാനമായും തലയുടെയും കണ്ണിൻ്റെയും ആരോഗ്യത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. 'കേരതൈലം' എന്നത് വെളിച്ചെണ്ണ (Coconut Oil) അടിസ്ഥാനമാക്കിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്നു.മുടികൊഴിച്ചിൽ, അകാല നര എന്നിവ തടയുന്നു. മുടിയുടെ വളർച്ചയെയും ശക്തിയെയും ഉത്തേജിപ്പിക്കുന്നു.കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നു. കണ്ണിൻ്റെ തളർച്ച, വേദന, ചുവപ്പ് തുടങ്ങിയ നേത്രരോഗങ്ങൾക്ക് ആശ്വാസം നൽകുന്നു.ഉറക്കമില്ലായ്മ (Insomnia), മാനസിക സമ്മർദ്ദം (Stress) എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. പിത്തം മൂലമുള്ള തലവേദനകൾക്ക് ആശ്വാസം നൽകുന്നു. ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.ഈ തൈലം ബാഹ്യ ഉപയോഗത്തിന് (പുറമെ തേക്കാൻ) മാത്രമുള്ളതാണ്.
വില്വംപാച്ചോറ്റൃാദി തൈലം -Vilvampachotyadi Tailam.
ഈ തൈലം പ്രധാനമായും തലയുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും വാതരോഗങ്ങൾക്കും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധ തൈലമാണ്. ഇത് പുറമെ പുരട്ടാനാണ് (ബാഹ്യലേപനം) സാധാരണയായി ഉപയോഗിക്കുന്നത്.പേരു സൂചിപ്പിക്കുന്ന പോലെ കൂവളം (വിൽവം), പാച്ചോറ്റി എന്നിവയാണ് ഇതിലെ പ്രധാന ചേരുവ .
ഗന്ധകരാജ രസായനം -Gandhakaraja Rasayanam .
ഗന്ധകരാജ രസായനം എന്നത് ഗന്ധകം (Purified Sulphur) പ്രധാന ചേരുവയായി വരുന്ന ഒരു ആയുർവേദ ഔഷധമാണ്.ചൊറിച്ചിൽ, എക്സിമ, സോറിയാസിസ്, ഫംഗസ് ബാധകൾ തുടങ്ങിയ എല്ലാതരം ത്വക്ക് രോഗങ്ങൾക്കും ഫലപ്രദം. രക്തത്തെ ശുദ്ധീകരിക്കുന്നു.ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നു. വെള്ളപോക്ക് (ശ്വേത പ്രധരം) പോലുള്ള സ്ത്രീ രോഗങ്ങൾക്ക് ഉപയോഗപ്രദം.വാത സംബന്ധമായ സന്ധി വേദന, നീർക്കെട്ട്, അർശ്ശസ് (Piles) എന്നിവയ്ക്ക് ആശ്വാസം നൽകുന്നു.ശരീരത്തിന് ബലം, രോഗപ്രതിരോധ ശേഷി, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ വർദ്ധിപ്പിക്കുന്നു.
കമെൻ്റോസ് ടാബ്ലെറ്റ് (Kamentose Tablet).
പ്രധാനമായും മാനസികാരോഗ്യത്തിനും നാഡീവ്യൂഹത്തിനും വേണ്ടി ഉപയോഗിക്കുന്ന ആയുർവേദ ഔഷധമാണ്.വിഷാദരോഗം, ഉത്കണ്ഠ (Anxiety), അമിതമായ അസ്വസ്ഥത എന്നിവയ്ക്ക് ആശ്വാസം നൽകുന്നു.ഉറക്കമില്ലായ്മ (Insomnia), ടെൻഷൻ തലവേദന എന്നിവ കുറയ്ക്കുന്നു.
കേശാമൃത് ഹെയർ ഓയിൽ (Keshamrith Hair Oil) .
കേശാമൃത് ഹെയർ ഓയിൽ മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഉത്തമമായ തൈലമാണ്.മു ടികൊഴിച്ചിൽ നിയന്ത്രിക്കുന്നു, മുടിക്ക് കട്ടിയും നീളവും നൽകി വളർച്ചയെ ഉത്തേജിപ്പിക്കുന്നു. സ്വാഭാവിക തിളക്കവും മൃദുത്വവും നൽകുന്നു.അകാല നര, താരൻ, ചൊറിച്ചിൽ, തലയോട്ടിയിലെ അണുബാധകൾ എന്നിവ തടയാൻ സഹായിക്കുന്നു.ശരീരത്തിന് തണുപ്പ് നൽകുന്നു. മാനസിക സമ്മർദ്ദം കുറച്ച് ശാന്തമായ ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. തലവേദനയ്ക്ക് ആശ്വാസം നൽകുന്നു.
കോഷ്ട സംജീവനീ ടാബ്ലെറ്റ് (Koshta Sanjivani Tablet).
ഒരു ആയുർവേദ പേറ്റൻ്റ് മരുന്നാണ്. ഈ പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് പ്രധാനമായും ദഹനവ്യവസ്ഥയുടെയും (Digestive System) വയറിൻ്റെയും ആരോഗ്യം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്."കോഷ്ട" എന്നാൽ ദഹനനാളവും വയറുമാണ്. "സംജീവനീ" എന്നാൽ പുനരുജ്ജീവിപ്പിക്കുന്നത് അല്ലെങ്കിൽ ജീവൻ നൽകുന്നത്.ദഹന പ്രശ്നങ്ങൾ ,മലബന്ധം (Constipation), ദഹനക്കേട്, വയറുവേദന, വായുക്ഷോഭം (Gas) എന്നിവയ്ക്ക് ആശ്വാസം നൽകുന്നു.കുടൽ ആരോഗ്യം, ദഹനനാളത്തെ ശുദ്ധീകരിക്കുന്നു (Detoxification). വയറിലെ അണുബാധകൾ, പൈൽസ് (Piles) എന്നിവയ്ക്ക് സഹായകമാണ്.
മേധവി തൈലം (Medhavi Taila).
മേധവി തൈലം എന്നത് പ്രധാനമായും തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനും നാഡീവ്യൂഹത്തെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധ തൈലമാണ്. 'മേധവി' എന്ന വാക്ക് തന്നെ ബുദ്ധിശക്തിയുള്ളവൻ എന്ന അർത്ഥം നൽകുന്നു. ബ്രഹ്മി ,അശ്വഗന്ധ ,കയ്യോന്നി ,ശംഖുപുഷ്പം മുതലായവയാണ് ഇതിലെ പ്രധാന ചേരുവ ,ഓർമ്മശക്തി, ഏകാഗ്രത എന്നിവ വർദ്ധിപ്പിക്കുന്നു. പഠിക്കുന്ന കുട്ടികൾക്ക് ഉത്തമം.മാനസിക സമ്മർദ്ദം (Stress), പിരിമുറുക്കം, തലച്ചോറിൻ്റെ ക്ഷീണം എന്നിവ കുറയ്ക്കുന്നു.തലവേദനയ്ക്ക് (പിത്തം മൂലമുള്ള) ആശ്വാസം നൽകുന്നു. മുടിയുടെ വളർച്ചയ്ക്കും കറുപ്പിനും നല്ലതാണ്.ഈ തൈലം പ്രധാനമായും തലയിൽ തേക്കാൻ ഉപയോഗിക്കുന്നു.
സൈലെഡിൻ ടാബ്ലെറ്റ് (Siledin Tablet).
സൈലെഡിൻ ടാബ്ലെറ്റ് പ്രധാനമായും മാനസികാരോഗ്യത്തിനും നാഡീവ്യൂഹത്തെ ശാന്തമാക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഒരു ഔഷധമാണ്.ഉത്കണ്ഠ (Anxiety), വിഷാദം, അമിതമായ മാനസിക പിരിമുറുക്കം എന്നിവയ്ക്ക് ആശ്വാസം നൽകുന്നു. മനസ്സിന് ശാന്തത നൽകുന്നു.ഉറക്കമില്ലായ്മ പരിഹരിച്ച് സ്വാഭാവിക ഉറക്കം നൽകുന്നു. തലവേദന, ഞരമ്പ് രോഗങ്ങൾ (Neurosis) എന്നിവയ്ക്ക് ഫലപ്രദമാണ്.മിതമായ രക്താതിമർദ്ദം (Hypertension) നിയന്ത്രിക്കാൻ സഹായിക്കുന്നു. ഏകാഗ്രത വർദ്ധിപ്പിക്കുന്നു.
യകൃതങ്കുശ ടാബ്ലെറ്റ് (Yakratankush Tablet).
യകൃതങ്കുശ ടാബ്ലെറ്റ് പ്രധാനമായും കരൾ സംബന്ധമായ രോഗങ്ങൾക്കും ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും വേണ്ടിയുള്ള ചികിത്സയിൽ ഉപയോഗിക്കുന്നു.ഈ മരുന്നിൻ്റെ പേര് തന്നെ അതിൻ്റെ ഉപയോഗത്തെ സൂചിപ്പിക്കുന്നു.'യകൃത്ത്' എന്നാൽ കരൾ (Liver).'അങ്കുശം' എന്നാൽ നിയന്ത്രിക്കാനുള്ള കൊളുത്ത്.മഞ്ഞപ്പിത്തം, കരൾവീക്കം എന്നിവയുടെ ചികിത്സയിൽ കരളിനെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ടോണിക് ആയി ഉപയോഗിക്കുന്നു.വിശപ്പില്ലായ്മ പരിഹരിക്കുന്നു. ദഹനക്കേട്, ഛർദ്ദി പോലുള്ള ദഹനപ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു.വിളർച്ച (Anemia) കുറയ്ക്കാൻ സഹായിക്കുന്നു. പിത്ത സംബന്ധമായ അസ്വസ്ഥതകൾ ശമിപ്പിക്കുന്നു.
വിഭ ഹെയർ കെയർ ക്രീം (Vibha Hair Care Cream).
ഇത് ഹെയർ ഓയിലിൽ നിന്ന് വ്യത്യസ്തമായി, മുടിക്ക് പോഷണവും സ്റ്റൈലിംഗിനും വേണ്ടി ഉപയോഗിക്കുന്ന ക്രീം രൂപത്തിലുള്ള ഒരു ഉൽപ്പന്നമാണ്.വിഭ (Vibha) എന്ന വാക്കിന് പ്രകാശം അല്ലെങ്കിൽ ശോഭ എന്നാണർത്ഥം. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നൽകാൻ ലക്ഷ്യമിടുന്നു.മുടിയിലെ ഈർപ്പം നിലനിർത്തുന്നു, മുടി പൊട്ടുന്നത്/പിളരുന്നത് തടയുന്നു. സൂര്യരശ്മിയിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷണം നൽകുന്നു.മുടിക്ക് സ്വാഭാവിക തിളക്കവും മൃദുത്വവും നൽകുന്നു. മുടി ചുരുളുന്നത് (Frizz) നിയന്ത്രിക്കുന്നു.മുടി വളർച്ചയെ പിന്തുണയ്ക്കുകയും തലയോട്ടിക്ക് പോഷണം നൽകുകയും ചെയ്യുന്നു.
ഹിമാലയ ലിവ് 52 (Himalaya Liv.52).
ഇത് പ്രധാനമായും കരളിന്റെ സംരക്ഷണത്തിനും (Hepatoprotective) പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്.കരളിന് കേടുപാടുകൾ (Damage) വരുന്നത് തടയുന്നു. വിഷാംശം പുറന്തള്ളാനും (Detoxification) കരളിന്റെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. മഞ്ഞപ്പിത്തം, ഫാറ്റി ലിവർ എന്നിവയ്ക്ക് സഹായകമാണ്.വിശപ്പ് വർദ്ധിപ്പിക്കുന്നു. ദഹനക്കേട് പരിഹരിക്കുകയും പോഷകങ്ങൾ ശരീരം വലിച്ചെടുക്കുന്നത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഔഷധയോഗ്യഭാഗം .
സമൂലം .
രസാദിഗുണങ്ങൾ .
രസം - കടു ,തിക്തം .
ഗുണം - രൂക്ഷം ,ലഘു ,തീഷ്‌ണം .
വീര്യം - ഉഷ്‌ണം .
വിപാകം - കടു .
പ്രാദേശികനാമങ്ങൾ .
English Name - False Daisy.
Malayalam Name - Kayyonni.
Hindi Name - Bhangaraiya, Maka .
Tamil Name - Kayanthakarra.
Kannada Name - Garagada Soppu.
Telugu Name - Guntagal Agaraku .
Marathi Name - Maka.
Bengali Name - Kesuriya.
Punjabi Name - Bhangra.
Gujarati Name - Bhangaro.
കയ്യോന്നിയുടെ ചില ഔഷധപ്രയോഗങ്ങൾ .
മഞ്ഞപ്പിത്തത്തിനുള്ള കയ്യോന്നി പ്രയോഗം (കീഴാർനെല്ലി ചേർത്ത്).
കയ്യോന്നി ഒറ്റയ്ക്കോ, അല്ലെങ്കിൽ കരൾ രോഗങ്ങൾക്ക് പേരുകേട്ട മറ്റൊരു സസ്യമായ കീഴാർനെല്ലി (Bhumyamalaki / Phyllanthus Niruri) ചേർത്തോ ഉപയോഗിക്കുന്നത് മഞ്ഞപ്പിത്ത ചികിത്സയിൽ വളരെ ഫലപ്രദമാണ്.
ചേരുവകൾ:കയ്യോന്നി സമൂലം (വേരും ഇലയും തണ്ടും).കീഴാർനെല്ലി സമൂലം (വേരും ഇലയും തണ്ടും)..
തയ്യാറാക്കുന്ന രീതി:ഈ രണ്ട് സസ്യങ്ങളും തുല്യ അളവിൽ എടുത്ത് നന്നായി കഴുകി ചതച്ച് നീര് പിഴിഞ്ഞെടുക്കുക.അല്ലെങ്കിൽ, ഇവ ഒരുമിച്ച് അരച്ച് ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഉരുളയാക്കി എടുക്കുക.
കഴിക്കേണ്ട രീതി:10-20 മില്ലിലിറ്റർ നീര്, അല്ലെങ്കിൽ അരച്ച ഉരുള രാവിലെ വെറും വയറ്റിൽ കഴിക്കുക.ഈ നീര് മോരിലോ (Buttermilk) തേങ്ങാപ്പാലിലോ ചേർത്ത് കഴിക്കുന്നതും ഉത്തമമാണ്.കീഴാർനെല്ലി ലഭ്യമല്ലെങ്കിൽ, കയ്യോന്നിയുടെ ഇല മാത്രം ചതച്ച് നീരെടുത്ത് 10-15 മില്ലിലിറ്റർ വീതം രാവിലെ കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.
🌿 മുടി വളർച്ചയ്ക്ക് കയ്യോന്നി ഉപയോഗിക്കേണ്ട വിധം.
മുടി നന്നായി വളരാനും ആരോഗ്യത്തോടെയിരിക്കാനും കയ്യോന്നി ഏറ്റവും മികച്ച ഒറ്റമൂലിയാണ്. മുടിയുടെ വളർച്ചയുടെ 'രാജാവ്' എന്നാണ് ആയുർവേദത്തിൽ കയ്യോന്നി അറിയപ്പെടുന്നത്.
കയ്യോന്നി നീരും വെളിച്ചെണ്ണയും (തൈലം കാച്ചുന്നത്):മുടിക്ക് പോഷണവും കറുപ്പും നൽകാനുള്ള ഏറ്റവും പ്രശസ്തമായ ആയുർവേദ രീതിയാണിത്.
ചേരുവകൾ:കയ്യോന്നി (ഇലയും തണ്ടും) ആവശ്യത്തിന്.ശുദ്ധമായ വെളിച്ചെണ്ണ (Coconut Oil) – 200 മില്ലിലിറ്റർ,നെല്ലിക്ക (ഉണക്കിയത്)(ആവശ്യമെങ്കിൽ).
തയ്യാറാക്കുന്ന രീതി:കയ്യോന്നി നന്നായി ചതച്ച് നീര് എടുക്കുക.വെളിച്ചെണ്ണ ഒരു ഇരുമ്പുചീനച്ചട്ടിയിൽ എടുത്ത് അതിലേക്ക് ഈ നീര് ചേർക്കുക.നെല്ലിക്ക ഉണ്ടങ്കിൽ അതും പൊടിച്ചു ചേർക്കുക .ചെറിയ തീയിൽ ചൂടാക്കുക. നീരിലെ ജലാംശം പൂർണ്ണമായി വറ്റി, എണ്ണ മാത്രം തെളിഞ്ഞുവരുന്ന പരുവത്തിൽ തീ അണയ്ക്കുക.തണുത്ത ശേഷം ഇത് അരിച്ചെടുത്ത് സൂക്ഷിക്കുക.
ഉപയോഗിക്കേണ്ട വിധം: ഈ എണ്ണ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പോ അല്ലെങ്കിൽ കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പോ തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക.
നേരിട്ടുള്ള പ്രയോഗം :കയ്യോന്നിയുടെ ഇലകൾ അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ നേരിട്ട് പുരട്ടുന്നത് മുടിക്ക് കറുപ്പ് നൽകാനും വളർച്ച കൂട്ടാനും സഹായിക്കും. 20-30 മിനിറ്റിന് ശേഷം കഴുകിക്കളയാം.
ഹെയർ മാസ്ക്:കയ്യോന്നി ഇല അരച്ചെടുത്ത പേസ്റ്റ്, അൽപ്പം തൈര് (Curd) അല്ലെങ്കിൽ മുട്ടയുടെ വെള്ള (Egg White) എന്നിവയുമായി ചേർത്ത് ഹെയർ മാസ്ക് ആയി ഉപയോഗിക്കുന്നത് മുടിക്ക് മികച്ച പോഷണം നൽകും.
കയ്യോന്നിയുടെ ഗുണങ്ങൾ (മുടിക്ക്) : മുടിക്ക് കറുപ്പും കട്ടിയും നൽകുന്നു.തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് മുടിയുടെ വേരുകളെ ബലപ്പെടുത്തുന്നു. താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
ALSO READ :ആര്യവേപ്പ്: ത്വക്ക് രോഗങ്ങൾ മാറ്റാൻ 5 അത്ഭുത ഗുണങ്ങൾ.
🌿 വിട്ടുമാറാത്ത ത്വക്ക് രോഗങ്ങൾക്ക് കയ്യോന്നി പ്രയോഗം.
ത്വക്ക് രോഗങ്ങളുടെ സ്വഭാവമനുസരിച്ച് കയ്യോന്നിയെ അകത്തും പുറത്തും ഉപയോഗിക്കാറുണ്ട്.
ആന്തരിക ഉപയോഗം (രക്തശുദ്ധിക്ക്):വിട്ടുമാറാത്ത ത്വക്ക് രോഗങ്ങൾക്ക് ചികിത്സിക്കുമ്പോൾ ആദ്യം രക്തത്തെ ശുദ്ധീകരിക്കുകയാണ് വേണ്ടത്.
കയ്യോന്നി നീര്: കയ്യോന്നി സസ്യത്തിൻ്റെ (ഇലയും തണ്ടും) പുതിയ നീര് 10-15 മില്ലിലിറ്റർ അളവിൽ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് രക്തശുദ്ധിക്ക് വളരെ ഉത്തമമാണ്.
ത്രിഫല ചേർത്ത പ്രയോഗം: കയ്യോന്നി നീരിനൊപ്പം അൽപ്പം ത്രിഫല ചൂർണ്ണം (ചെറിയ അളവിൽ) ചേർത്ത് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ത്വക്ക് രോഗങ്ങളുടെ കാരണം നീക്കം ചെയ്യാനും സഹായിക്കും.
ബാഹ്യമായ ലേപനം (പുറമെ പുരട്ടുന്നത്):ചൊറിച്ചിൽ, വീക്കം, അണുബാധകൾ എന്നിവയുള്ള ത്വക്ക് ഭാഗങ്ങളിൽ നേരിട്ട് പ്രയോഗിക്കാം.
കയ്യോന്നി പേസ്റ്റ്: കയ്യോന്നി ഇലകൾ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ചൊറിച്ചിലുള്ള ഭാഗങ്ങളിലും, ചെറിയ മുറിവുകളിലും, വിട്ടുമാറാത്ത വ്രണങ്ങളിലും (Wounds) പുരട്ടുക. ഇത് വീക്കം കുറയ്ക്കാനും മുറിവുകൾ വേഗത്തിൽ ഉണങ്ങാനും വേദന കുറയ്ക്കാനും സഹായിക്കുന്നു.
മഞ്ഞളും ചേർത്ത പ്രയോഗം: കയ്യോന്നി അരച്ച പേസ്റ്റിനൊപ്പം അൽപ്പം മഞ്ഞൾപ്പൊടി (Turmeric) കൂടി ചേർത്ത് പുരട്ടുന്നത് അണുബാധകൾ (Infections) തടയാൻ കൂടുതൽ ഫലപ്രദമാണ്.
🌿 വിട്ടുമാറാത്ത ത്വക്ക് രോഗങ്ങൾക്ക് കയ്യോന്നി കഷായം:സോറിയാസിസ് (Psoriasis) പോലുള്ള, സ്റ്റിറോയിഡ് മരുന്നുകളോട് പ്രതികരിക്കാത്ത കഠിനമായ ത്വക്ക് രോഗങ്ങൾക്ക് കയ്യോന്നി കഷായം ഫലപ്രദമായി ഉപയോഗിക്കാറുണ്ട്.
കഷായം ഉണ്ടാക്കുന്ന വിധം:ഉണങ്ങിയ കയ്യോന്നി പൊടി 1 ടേബിൾ സ്പൂൺ (ഏകദേശം 10 ഗ്രാം).ഒരു പാത്രത്തിൽ ഉണങ്ങിയ കയ്യോന്നി പൊടിയും 2 കപ്പ് വെള്ളവും ചേർക്കുക.വെള്ളം വറ്റിച്ച് ആകെ അളവ് 1 കപ്പായി കുറയുന്നത് വരെ തിളപ്പിക്കുന്നത് തുടരുക.ഇത് തണുത്ത ശേഷം അരിച്ചെടുക്കുക.ഈ കഷായം 20 മുതൽ 40 മില്ലിലിറ്റർ അളവിൽ ദിവസവും രണ്ട് തവണ (രാവിലെയും വൈകുന്നേരവും) കഴിക്കുക.
ലഭിക്കുന്ന ഫലം:സ്റ്റിറോയിഡ് പ്രതിരോധശേഷിയുള്ള രോഗങ്ങൾ. (സാധാരണ ഡോസിലുള്ള സ്റ്റിറോയിഡുകൾ ഉപയോഗിക്കുമ്പോൾ രോഗലക്ഷണങ്ങൾ കുറയാതിരിക്കുകയോ, അല്ലെങ്കിൽ മരുന്ന് നിർത്തുമ്പോൾ രോഗം അതിവേഗം തിരിച്ചുവരികയോ ചെയ്യുന്ന അവസ്ഥ).മറ്റ് മരുന്നുകളോട് പ്രതികരിക്കാത്ത വിട്ടുമാറാത്ത ത്വക്ക് രോഗങ്ങൾ, പ്രത്യേകിച്ചും സോറിയാസിസ് പോലുള്ള അവസ്ഥകളിൽ ആശ്വാസം നൽകാൻ ഈ കഷായം സഹായിക്കുന്നു. ആന്തരികമായി രക്തത്തെ ശുദ്ധീകരിക്കുകയും ത്വക്ക് രോഗങ്ങൾക്ക് കാരണമാകുന്ന വിഷാംശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു.
🌱 ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ കയ്യോന്നി വിത്തുകൾ.
ആയുർവേദത്തിൽ കയ്യോന്നിക്ക് വാജീകരണ (Vajikarana - ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നത്) ഗുണമുണ്ടെന്ന് പറയുന്നു . ഈ പ്രയോഗം പ്രധാനമായും പുരുഷന്മാരിലെ ലൈംഗിക ബലഹീനത പരിഹരിക്കാനും ബീജങ്ങളുടെ എണ്ണം കൂട്ടാനും സഹായിക്കുന്നു.
പ്രയോഗ രീതി: ചെടി പൂവിട്ട് ഉണങ്ങിയ ശേഷം, അതിലെ വിത്തുകൾ ശേഖരിച്ച് സൂക്ഷിക്കുക. 2 മുതൽ 3 നുള്ള് (Pinches) വിത്തുകൾ എടുക്കുക.ഈ വിത്തുകൾ പഞ്ചസാര ചേർത്ത വെള്ളത്തിൽ (Sugar water) അല്ലെങ്കിൽ പാലിൽ (പഞ്ചസാര ചേർത്ത) രാത്രിയിൽ കുതിർക്കാൻ ഇടുക.കുതിർത്ത ഈ വിത്തുകൾ ദിവസവും രാവിലെയും വൈകുന്നേരവും കഴിക്കുക.
ലഭിക്കുന്ന ഫലം:ഇത് ലൈംഗികപരമായ ഓജസ്സും ശക്തിയും (Sexual Vigor) മെച്ചപ്പെടുത്താൻ സഹായിക്കുന്നു.ബീജങ്ങളുടെ എണ്ണം (Sperm Count) വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
🌿 ചുമ, ജലദോഷം, ആസ്ത്മ എന്നിവയ്ക്ക് കയ്യോന്നി പ്രയോഗം.
ചുമ, ജലദോഷം, ആസ്ത്മ (ശ്വാസംമുട്ട്) തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കയ്യോന്നി ആയുർവേദത്തിൽ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. കയ്യോന്നിയുടെ കഫഹര (കഫത്തെ ഇല്ലാതാക്കുന്നത്), കാസഹര (ചുമയെ ശമിപ്പിക്കുന്നത്), ശ്വാസഹര (ശ്വാസംമുട്ട് കുറയ്ക്കുന്നത്) എന്നീ ഗുണങ്ങളാണ് ഇതിന് കാരണം.ഈ അവസ്ഥകളിൽ കയ്യോന്നിയെ പ്രധാനമായും നീരിൻ്റെ രൂപത്തിലോ കഷായരൂപത്തിലോ ആണ് ഉപയോഗിക്കാറ്.
കയ്യോന്നി നീരും തേനും: ഇത് ചുമയ്ക്കും കഫക്കെട്ടിനും പെട്ടെന്ന് ആശ്വാസം നൽകുന്ന ലളിതമായ പ്രയോഗമാണ്.കയ്യോന്നി സസ്യത്തിൻ്റെ പുതിയ നീര്: 5-10 മില്ലിലിറ്റർ 1 ടീസ്പൂൺ തേനിൽ ചാലിച്ച് ദിവസം രണ്ടോ മൂന്നോ തവണ കഴിക്കുക.ഇത് കഫത്തെ പുറത്തുകളയാനും ചുമയുടെ കാഠിന്യം കുറയ്ക്കാനും സഹായിക്കുന്നു.
കയ്യോന്നി കഷായം/ചായ: കയ്യോന്നി ഉണക്കി പൊടിച്ചതോ അല്ലെങ്കിൽ പച്ചയായതോ ആയ ഇലകൾ കഷായം വെച്ച് ഉപയോഗിക്കാം. കയ്യോന്നിയിലകൾ വെള്ളത്തിൽ തിളപ്പിച്ച് കഷായം വെച്ച് തേൻ ചേർത്ത് കുടിക്കുന്നത്, ശ്വാസനാളങ്ങളിലെ വീക്കം (Inflammation) കുറയ്ക്കാനും ആസ്ത്മ ലക്ഷണങ്ങൾ ലഘൂകരിക്കാനും സഹായിക്കും.കയ്യോന്നി ഉഷ്ണവീര്യവും (ചൂടുള്ള ഗുണം) കടു (എരിവ്), തിക്തം (കൈപ്പ്) എന്നീ രസങ്ങളുമുള്ളതിനാൽ വാതത്തെയും കഫത്തെയും ശമിപ്പിക്കാൻ സഹായിക്കുന്നു. ശ്വാസകോശ രോഗങ്ങൾക്ക് കാരണം കഫവും വാതവുമാണ്.
🌿 തലവേദനയ്ക്ക് കയ്യോന്നി പ്രയോഗങ്ങൾ.
തലവേദനയ്ക്ക് (Headache) ആശ്വാസം നൽകാൻ കയ്യോന്നി ആയുർവേദത്തിൽ പല രീതിയിൽ ഉപയോഗിക്കാറുണ്ട്. കയ്യോന്നിയുടെ ശിരോ ആർട്ടിനട്ട് (Shiro artinut - തലവേദന ശമിപ്പിക്കുന്നത്) എന്ന ഗുണമാണ് ഇതിന് കാരണം.തലവേദന പല കാരണങ്ങൾ കൊണ്ടുണ്ടാകാം (വാതം, പിത്തം, കഫം, അല്ലെങ്കിൽ മാനസിക സമ്മർദ്ദം). കയ്യോന്നി പ്രധാനമായും പിത്തം, കഫം എന്നിവ മൂലമുള്ള തലവേദനകൾക്ക് ആശ്വാസം നൽകാൻ സഹായിക്കും.
തലയിൽ തേക്കാനുള്ള തൈലം :കയ്യോന്നി നീരിൽ കാച്ചിയെടുത്ത എണ്ണ (ഭൃംഗരാജ തൈലം അല്ലെങ്കിൽ ത്രിഫലാദി കേരതൈലം പോലുള്ളവ) തലയിലും നെറുകയിലും തേച്ച് ചെറുതായി മസാജ് ചെയ്യുന്നത് ചൂട് കുറയ്ക്കാനും തലവേദനയ്ക്ക് ആശ്വാസം നൽകാനും സഹായിക്കും.ഇത് ഉറക്കമില്ലായ്മ (Insomnia) മൂലമുള്ള തലവേദനകൾക്കും ഉത്തമമാണ്.
നസ്യം (Nasal Drops):കഠിനമായ തലവേദനകൾക്കും, കഫം കെട്ടിയതു മൂലമുള്ള തലവേദനകൾക്കും ഈ പ്രയോഗം ഫലപ്രദമാണ്.കയ്യോന്നി നീര് ആട്ടിൻപാലുമായി ചേർത്ത മിശ്രിതം നസ്യമായി (മൂക്കിൽ തുള്ളിയായി ഒഴിക്കുന്നത്) കഫക്കെട്ട് മൂലമുള്ള തലവേദനകൾക്ക് ആ ശ്വാസം നൽകാൻ സഹായിക്കുന്നു.
ലേപനം (പുറമെ പുരട്ടാൻ) :കയ്യോന്നി ഇലകൾ അരച്ചെടുത്ത പേസ്റ്റ് നെറ്റിയിലോ തലയിലോ പുരട്ടുന്നത് ചില തരം തലവേദനകൾക്ക് ഉടനടി ആശ്വാസം നൽകാൻ സഹായിക്കും.
ആന്തരിക ഉപയോഗം : കയ്യോന്നിയുടെ നീര് (10-15 മില്ലി) രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തി തലവേദനയുടെ ആവർത്തന സാധ്യത കുറയ്ക്കാൻ സഹായിക്കും (പ്രത്യേകിച്ച് പിത്തം മൂലമുള്ളവ).
🌿 ഉദരകൃമി നശിക്കാൻ കയ്യോന്നി പ്രയോഗം.
കയ്യോന്നി നീരും ആവണക്കെണ്ണയും :ഇത് കൃമികളെ നശിപ്പിക്കാനും, മലബന്ധം ഒഴിവാക്കി അവയെ പുറന്തള്ളാനും സഹായിക്കുന്ന ശക്തമായ ഒരു പ്രയോഗമാണ്.കയ്യോന്നി സസ്യത്തിൻ്റെ പുതിയ നീര്: 10-15 മില്ലി.ശുദ്ധമായ ആവണക്കെണ്ണ (Castor Oil): 5-10 മില്ലി (ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം).ഇവ നന്നായി കൂട്ടിക്കലർത്തി രാവിലെ വെറും വയറ്റിൽ കഴിക്കുക. കയ്യോന്നി നീര് കൃമികളെ കൊല്ലാൻ സഹായിക്കുമ്പോൾ, ആവണക്കെണ്ണ വയറിളക്കി അവയെ പുറന്തള്ളാൻ സഹായിക്കുന്നു.
🌿 ഒച്ചയടപ്പ് മാറാൻ കയ്യോന്നി പ്രയോഗം.
കയ്യോന്നി നീരും തേനും :ഇത് തൊണ്ടയിലെ വീക്കം കുറയ്ക്കാനും ശബ്ദത്തിന് തെളിമ നൽകാനും സഹായിക്കും.കയ്യോന്നി സസ്യത്തിൻ്റെ (ഇലയും തണ്ടും) പുതിയ നീര്: 5 മില്ലിലിറ്റർ (ഏകദേശം ഒരു ടീസ്പൂൺ)ശുദ്ധമായ തേൻ: 1 ടീസ്പൂൺ .കയ്യോന്നി നീരും തേനും നന്നായി കൂട്ടിക്കലർത്തി, ദിവസം രണ്ടോ മൂന്നോ തവണ കഴിക്കുക .
കഷായം/ചായ :കഫം മൂലമുള്ള ഒച്ചയടപ്പാണെങ്കിൽ ഈ പ്രയോഗം ഫലപ്രദമാണ്.കയ്യോന്നി ഉണങ്ങിയ പൊടി വെള്ളത്തിൽ തിളപ്പിച്ച് കഷായം വെച്ച ശേഷം, ആറിയ കഷായം ഉപയോഗിച്ച് കവിൾക്കൊള്ളുന്നത് (Gargling) തൊണ്ടയിലെ കഫക്കെട്ട് കുറയ്ക്കാൻ സഹായിക്കും.
🌿 വിളർച്ച (Anemia) മാറാൻ കയ്യോന്നി പ്രയോഗം.
കയ്യോന്നിയുടെ നീര് ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ചയിൽ (Iron Deficiency Anemia) പ്രയോജനകരമാണ്.
കയ്യോന്നി നീരും തേനും :കയ്യോന്നി നീര്: 10-15 മില്ലി.ശുദ്ധമായ തേൻ: 1 ടീസ്പൂൺ. ഇവ നന്നായി കലർത്തി ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുക.ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും, രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കൽക്കവും മോരും: കയ്യോന്നി ഇലകൾ അരച്ച് ചെറിയ ഉരുളകളാക്കി (കൽക്കം) മോരിനോടൊപ്പം (Buttermilk) ദിവസവും കഴിക്കുന്നത് വിളർച്ചയ്ക്ക് ഉത്തമമാണ്.മോര് ദഹനം മെച്ചപ്പെടുത്താനും കയ്യോന്നിയുടെ ഗുണം വേഗത്തിൽ ശരീരത്തിന് ലഭിക്കാനും സഹായിക്കുന്നു.
ചെവി വേദന മാറാൻ കയ്യോന്നി പ്രയോഗം.
കയ്യോന്നി നീരും ശുദ്ധമായ എള്ളെണ്ണയും (Sesame Oil) സമം ചേർത്ത് എണ്ണ കാച്ചി ചെവിയിൽ ഒഴിക്കുന്നത് ചെവി വേദന മാറാൻ നല്ലതാണ് .ഇത് ചെവിയിലെ വീക്കം കുറയ്ക്കാനും, ചെവിയിലെ അണുബാധയെ ചെറുക്കാനും സഹായിക്കുന്നു.
🌿 ദഹനക്കേട് മാറാൻ കയ്യോന്നി പ്രയോഗം.
കയ്യോന്നി നീരും ഇഞ്ചിയും : കയ്യോന്നി സസ്യത്തിൻ്റെ പുതിയ നീര്: 5 മില്ലി.ഇഞ്ചി നീര് (Ginger Juice): 3-5 മില്ലി.അൽപ്പം തേൻ എന്നിവ കൂട്ടി കലർത്തി ഭക്ഷണം കഴിക്കുന്നതിന് മുമ്പായി കഴിക്കുന്നത് ദഹനരസം ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ദഹനക്കേട് ഒഴിവാക്കുകയും ചെയ്യുന്നു.ഇത് ദഹനക്കേട് മൂലമുള്ള വയറുവേദന, വയറുവീർപ്പ് (Bloating) എന്നിവയ്ക്ക് ആശ്വാസം നൽകുന്നു.
കയ്യോന്നി നീര് മോരുമായി (Buttermilk) ചേർത്ത് കഴിക്കുന്നത് പിത്തം മൂലമുള്ള ദഹനക്കേടിനും, വയറ്റിലെ അസ്വസ്ഥതകൾക്കും ഉത്തമമാണ്. മോര് ദഹനം മെച്ചപ്പെടുത്താനും വയറിന് തണുപ്പ് നൽകാനും സഹായിക്കുന്നു.
🌿 നേത്രരോഗങ്ങൾക്ക് കയ്യോന്നി പ്രയോഗം.
കയ്യോന്നിയുടെ 5 -10 മില്ലി നീര് രാവിലെ വെറുംവയറ്റിൽ പതിവായി കഴിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തി കൂട്ടാനും, കണ്ണിന് ഉണ്ടാകുന്ന തളർച്ച, വീക്കം എന്നിവ കുറയ്ക്കാനും നല്ലതാണ് .
🦷 പല്ലുകൾക്ക് ബലം നൽകാൻ കയ്യോന്നി.
കയ്യോന്നി ഉണക്കിപ്പൊടിച്ച്, മറ്റ് പൽപ്പൊടികളോടൊപ്പം (Herbal Tooth Powder) ചേർത്തോ അല്ലെങ്കിൽ ഒറ്റയ്ക്കോ ഉപയോഗിച്ച് പല്ലുകൾ തേക്കുന്നത് മോണയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മോണയുടെ വീക്കം (inflammation) കുറയ്ക്കുകയും, അതുവഴി പല്ലുകൾക്ക് ബലം നൽകുകയും ചെയ്യുന്നു.
