ഒരു ഔഷധ വൃക്ഷമാണ് കൂവളം .ആയുർവേദത്തിൽ പനി ,ചുമ ,ആസ്മ , വയറിളക്കം ,പ്രമേഹം മുതലായവയുടെ ചികിത്സയിൽ കൂവളം ഔഷധമായി ഉപയോഗിക്കുന്നു .സംസ്‌കൃതത്തിൽ വില്വഃ ,മാലൂരഃ,, ശ്രീഫലഃ, ശാണ്ഡില്യം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .ഇംഗ്ലീഷിൽ ബേൽട്രീ എന്ന പേരിലും അറിയപ്പെടുന്നു .
Botanical name: Aegle marmelos .
Family: Rutaceae (Lemon family).
Synonyms : Crateva marmelos, Aegle marmelos .
വിതരണം .
ഇന്ത്യയിൽ മിക്കവാറും എല്ലായിടത്തും കൂവളം കാണപ്പെടുന്നു .കേരളത്തിൽ കാവുകളിലും ഗ്രഹാങ്കണങ്ങളിലും നട്ടു വളർത്തുന്നു .ഇന്ത്യ കൂടാതെ പാകിസ്ഥാൻ ,മലേഷ്യ ,തായ്‌ലാന്റ് ,കംബോഡിയ ,വിയറ്റ്നാം എന്നിവിടങ്ങളിലും കൂവളം കാണപ്പെടുന്നു .
രൂപവിവരണം .
ഒരു ഇടത്തരം വൃക്ഷമാണ് കൂവളം .പുറംതൊലി പരുപരുത്തതും വിള്ളലോടു കൂടിയതുമാണ് .ശാഖകളിലും മറ്റും ബലമുള്ള മുള്ളുകൾ ഉണ്ടായിരിക്കും .ഇവയുടെ ഇലകൾക്ക് സുഗന്ധമുണ്ട് .ഓരോ ഇലയിലും 3 പത്രകങ്ങൾ ഉണ്ട് .ഇലകൾ അണ്ഡാകൃതിയിലും അഗ്രം കൂർത്തതുമാണ് .വേനൽക്കാലത്താണ് ഇവയുടെ പൂക്കാലം .പൂക്കൾക്ക് പച്ചനിറമാണ് .പൂക്കൾക്ക് നേരിയ സുഗന്ധമുണ്ടാകും .ഫലം ഉരുണ്ടതും 5 -15 സെ.മീ വ്യാസമുള്ളതുമാണ് .പച്ചനിറത്തിലുള്ള ഫലങ്ങൾ പാകമാകുമ്പോൾ ഇളം മഞ്ഞ നിറമാകുന്നു .പുറംതോടിന് നല്ല കട്ടിയുണ്ടായിരിക്കും .ഫലത്തിനുള്ളിലെ മാംസള ഭാഗത്തിന് മധുരമുണ്ട് .കായ ഭക്ഷ്യയോഗ്യമാണ് .ഇളം കായ അച്ചാറിടാൻ ഉപയോഗിക്കാറുണ്ട് .
വിത്തുവഴി സ്വാഭാവിക വംശവർദ്ധനവ് നടത്തുന്ന കൂവളത്തിന്റെ വിത്തുവഴി തന്നെ ഉത്പാദിപ്പിച്ചെടുക്കുന്ന തൈകളാണ് നടീൽ വസ്‌തുവായി ഉപയോഗിക്കുന്നത് .കൂടാതെ വേരിൽ നിന്നും പൊട്ടി മുളയ്ക്കുന്ന തൈകളും നടീൽ വസ്തുവായി ഉപയോഗിക്കാം .
കൂവളത്തിന്റെ ഉപയോഗങ്ങൾ .
കൂവളത്തിന്റെ തടിക്ക് മഞ്ഞ കലർന്ന വെള്ള നിറമാണ് .വെള്ളയും കാതലും തിരിച്ചറിയാൻ പ്രയാസമാണ് .തടിക്കു നല്ല കട്ടിയുണ്ടങ്കിലും ഈട് ഇല്ല .അതിനാൽ ഫർണിച്ചർ നിർമ്മാണത്തിന് തടി ഉപയോഗിക്കാൻ കൊള്ളില്ല .കൂവളത്തിന്റെ കായ്ക്കുള്ളിലെ ദ്രാവകം പശയായും വാർണിഷ് ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. ഇതിന്റെ കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കുന്നതാണ് .
വിശ്വാസവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ .
പരമശിവനുമായി ബന്ധപ്പെട്ട വൃക്ഷമാണ് കൂവളം.ഹിന്ദുമത വിശ്വാസികൾ കൂവളത്തെ ഒരു പുണ്ണ്യ വൃക്ഷമായി കാണുന്നു .കൂവളത്തിന്റെ ഇല ശ്രീ പരമേശ്വരന്റെ ത്രിക്കണ്ണിനെ ഓര്‍മ്മിപ്പിക്കും വിധം 3 ഇലകളോടു കൂടിയതാണ്.ശിവക്ഷേത്രങ്ങളില്‍ ഇതിന്റെ ഇലകള്‍ അര്‍ച്ചനയ്ക്കും മാല കെട്ടുന്നതിനും ഉപയോഗിക്കുന്നു. ശിവന്റെ ഇഷ്ടവൃക്ഷം എന്ന രീതിയില്‍ ശിവദ്രുമം എന്നും ഇതിനെ വിളിക്കാറുണ്ട്. കൂവള കായിൽ സൂക്ഷിച്ച ഭസ്മം തൊട്ടാൽ എല്ലാവിധ രോഗങ്ങളും മാറും എന്നൊരു വിശ്വാസമുണ്ട് .സാക്ഷാൽ അനന്തൻ കടിച്ചാൽ പോലും കൂവള കായിൽ സൂക്ഷിച്ച ഭസ്മം തൊട്ടാലോ ഭക്ഷിച്ചാലോ വിഷം ഏൽക്കില്ലന്നാണ് വിശ്വാസം (പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പരമശ്രേഷ്ഠനായ സർപ്പമാണ് അനന്തൻ).
ദേവസാന്നിധ്യമുള്ള വൃക്ഷമായതിനാൽ ഇതിൽനിന്നും ഇലകൾ പറിക്കുമ്പോൾ കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ പാടൊള്ളു .മാത്രമല്ല തോട്ടികൊണ്ട് പറിക്കാനും പാടില്ല. വൃക്ഷത്തിൽ കയറി പറിക്കണമെന്നാണ് പറയുന്നത് .അമാവാസി ,പൗർണമി ,മാസപ്പിറവി ,തിങ്കളാഴ്ച്ച എന്നീ ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്ക് അനുസരിച്ച് കൂവളത്തിന്റെ രസ ഗുണ വീര്യ വിപാകത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നു.ആയതിനാൽ പ്രസ്തുത ദിവസങ്ങളിൽ കൂവളത്തിന്റെ ഇല ഔഷധങ്ങൾക്കോ മറ്റു അവശ്യങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ല എന്നാണ് വിശ്വാസം. എന്നാൽ ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു ഔഷധങ്ങൾക്കോ മറ്റാവശ്യങ്ങൾക്കോ ഉപയോഗിക്കാവുന്നതാണ് .
ചിത്തിര നക്ഷത്രക്കാരുടെ ജന്മ വൃക്ഷം കൂടിയാണ് കൂവളം .ഓരോ മനുഷ്യനും ഈ ഭൂമിയിൽ ജനിക്കുന്നത് 27 നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്നിലാണ് .ഈ നക്ഷത്രങ്ങൾക്ക് ഒരോന്നിന്നും വൃക്ഷം,മൃഗം, പക്ഷി, ദേവത, ഗണം, യോനി, ഭൂതം, എന്നിവ ജ്യോതിശാസ്ത്ര പ്രകാരം പറഞ്ഞിട്ടുണ്ട് . അവരവരുടെ നക്ഷത്രങ്ങൾക്ക് പറഞ്ഞിരിക്കുന്ന മൃഗത്തേയും പക്ഷിയെയും ഉപദ്രവിക്കാതെ രക്ഷിക്കുകയും .വൃക്ഷത്തെ മുറിക്കാതെയോ നശിപ്പിക്കാതെയോ നട്ടുവളർത്തുകയും. നക്ഷത്രങ്ങളുടെ ദേവതയേയും ഭൂതത്തേയും എല്ലാ ദിവസവും മനസ്സുകൊണ്ട് ആരാധിക്കുകയും ചെയ്താൽ ആയുസ്സും ഐശ്വര്യവും സമ്പത്തും വർദ്ധിക്കും എന്നാണ് വിശ്വാസം .
രാസഘടകങ്ങൾ .
കൂവളത്തിൽ Aegelin, Rutacine, Aegelemine, Aegeline എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട് .കൂവളത്തിന്റെ ഫലത്തിൽ Marmelosin, Marmin ,Marmelide, Tannin എന്നീ രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്.
പ്രാദേശികനാമങ്ങൾ .
Common name : Bael, Beli fruit, Stone apple, Wood apple .
Malayalam : Koovalam.
Tamil : Vilvam.
Telugu: Sandiliyamu .
Kannada: Bilvapatre .
Hindi: Bel.
Marathi : Maredu.
Bengali: Bel.
Gujarati: Bili.
ഔഷധയോഗ്യഭാഗങ്ങൾ .
വേര് ,ഇല ,കായ .
കൂവളത്തിന്റെ ഔഷധഗുണങ്ങൾ .
ആയുർവേദത്തിലെ പ്രസിദ്ധമായ ഔഷധക്കൂട്ടുകളായ ദശമൂലം . ബൃഹത് പഞ്ചമൂലം എന്നിവയിൽ ഉൾപ്പെടുന്ന ഒന്നാണ് കൂവളം .ദശ എന്നാൽ പത്ത് എന്നും മൂല എന്നാൽ വേര് എന്നുമാണ് അർത്ഥമാക്കുന്നത് .പത്തുതരം സസ്യങ്ങളുടെ വേരാണ് ദശമൂലം എന്ന് അറിയപ്പെടുന്നത് .കുമിഴ് ,കൂവളം ,മുഞ്ഞ ,പാതിരി ,പലകപ്പയ്യാനി ,ഓരില ,മൂവില ,ചെറുവഴുതിന ,വഴുതന ,ഞെരിഞ്ഞിൽ എന്നിവയാണ് ദശമൂലം.
ഈ ഔഷധക്കൂട്ട് വാതരോഗങ്ങൾ ,ശരീരവേദന ,നടുവേദന ,അണുബാധ ,നീര് ,ശ്വാസകോശരോഗങ്ങൾ ,ചുമ ,ആസ്മ ,വിട്ടുമാറാത്ത പനി ,വിശപ്പില്ലായ്‌മ ,വയറുവേദന ,മലബന്ധം, വായുകോപം ,ശരീരബലക്കുറവ് ,ലൈംഗീകശേഷിക്കുറവ് ,ഹൃദ്രോഗം എന്നിവയ്‌ക്കെല്ലാം നല്ലതാണ് .ഈ ഔഷധക്കൂട്ടുകൾ ചേർത്ത് ദശമൂലാരിഷ്ടം ,ദശമൂലം കഷായം ,ദശമൂലകടുത്രയം കഷായം ,ച്യവനപ്രാശം തുടങ്ങിയ നിരവധി ഔഷധങ്ങൾ തയാറാക്കുന്നു .
കൂവളം, കുമ്പിൾ, പാതിരി, പലകപ്പയ്യാനി, മുഞ്ഞ ഇവയാണ് ബൃഹത് പഞ്ചമൂലം എന്ന് അറിയപ്പെടുന്നത് .ഈ ഔഷധക്കൂട്ട് സന്ധിവാതം ,ആമവാതം ,രക്തവാതം ,പക്ഷാഘാതം ,നീര് ,വേദന , നടുവേദന ,ഉപ്പൂറ്റി വേദന ,കോച്ചിപിടുത്തം തുടങ്ങിയ എല്ലാ രോഗങ്ങളെയും ശമിപ്പിക്കും
കൂവളത്തിന്റെ വേര് ,ഇല ,കായ .എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ .കഫം ,വാതം ,പനി ,ചുമ ,ജലദോഷം ,ആസ്മ ,പ്രമേഹം ,വയറിളക്കം ,വയറുകടി ,വേദന ,നീര് , ഉദരകൃമി ,വിഷം എന്നിവയെല്ലാം ശമിപ്പിക്കാനുള്ള കഴിവുണ്ട് .വയറുവേദന ,വായുകോപം ,ദഹനക്കേട് ,ഛർദ്ദിൽ ,ഗ്രഹണി എന്നിവയ്ക്കും നല്ലതാണ് .നേത്രരോഗങ്ങൾ ,കർണ്ണരോഗങ്ങൾ ,പൈൽസ് ,ഫിസ്റ്റുല എന്നിവയ്ക്കും നല്ലതാണ് .രക്തസമ്മർദത്തിനും ,കരൾ രോഗങ്ങൾക്കും ,ഹൃദ്രോഗങ്ങൾക്കും നല്ലതാണ് .തലച്ചോറിനും ഉത്തമമാണ് .തലവേദന ,ബ്രോങ്കൈറ്റിസ് എന്നിവയ്ക്കും നല്ലതാണ് .വിഷാദം ,ഉറക്കക്കുറവ് ,ലൈംഗീക ശേഷിക്കുറവ്, ശരീരം മെലിച്ചിൽ എന്നിവയ്ക്കും നല്ലതാണ് .കൂവളക്കായുടെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണചർമ്മത്തിന്റെ നിറം വർധിപ്പിക്കാനും എല്ലാത്തരം ഫംഗസ് രോഗങ്ങളെയും ശമിപ്പിക്കുവാനുള്ള കഴിവുണ്ട് .കൈവിഷദോഷം മാറ്റാനും കൂവളത്തില ഔഷധമായി ഉപയോഗിക്കുന്നു .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
കൂവളം ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
ച്യവനപ്രാശം (Chyavanaprasam),
ആയുർവേദ മരുന്നുകളിൽ ഏറെ പ്രശസ്‌തമായ ഒന്നാണ് ച്യവനപ്രാശം .ഇതൊരു രസായനൗഷധമാണ്. ആയുർവേദത്തിൽ രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും യൗവനം നിലനിർത്താനുമുള്ള ഒരു ഔഷധമാണ് ച്യവനപ്രാശം.
വില്വാദി ലേഹം (Vilwadi Leham).
ദഹനസംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വില്വാദി ലേഹം .ദഹനക്കേട് ,വിശപ്പില്ലായ്മ ,ഓക്കാനം ,ഛർദ്ദി ,നെഞ്ചെരിച്ചിൽ മുതലായവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ആസ്മ ,ഗ്രഹണി എന്നിവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
അഗസ്ത്യരസായനം (Agasthya Rasayanam).
ആസ്മയ്ക്കും മറ്റു ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ലേഹ്യ രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അഗസ്ത്യരസായനം.ആസ്മ ,ചുമ ,ശ്വാസം മുട്ടൽ ,ക്ഷയം ,ശരീരക്ഷീണം ,ഏമ്പക്കം ,വിട്ടുമാറാത്ത പനി ,മലമ്പനി മുതലായവയുടെ ചികിത്സയിൽ അഗസ്ത്യരസായനം ഉപയോഗിക്കുന്നു .
ദന്ത്യരിഷ്ടം (Dantyarishtam).
മൂലക്കുരു ,മലബന്ധം ,അസൈറ്റിസ് അഥവാ മഹോദരം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ദന്ത്യരിഷ്ടം .കൂടാതെ പനി ,ഛർദ്ദി ,വിളർച്ച ,വിരശല്യം ,വിഷബാധ തുടങ്ങിയവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
ദശമൂലം കഷായം (Dasamulam Kashayam).
വീക്കം ,വേദന ,പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ദശമൂലം കഷായം.
ദശമൂലാരിഷ്ടം (Dasamularishtam).
ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഫലപ്രദമാണ് .
ദശമൂല രസായനം (Dasamoola Rasayanam).
ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ദശമൂല രസായനം.വിട്ടുമാറാത്ത ചുമ ,ബ്രോങ്കൈറ്റിസ് ,ആസ്മ ,ജലദോഷം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നു .കൂടാതെ വിട്ടുമാറാത്ത പനി .എക്കിൾ ,വയറുവീർപ്പ് തുടങ്ങിയവയ്ക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
മൃതസഞ്ജീവനി അരിഷ്ടം (Mritasanjeevani Arishtam).
വിട്ടുമാറാത്ത ക്ഷീണം ,ലൈംഗീക ശേഷിക്കുറവ് ,പ്രധിരോധ ശേഷിക്കുറവ് ,ശരീരപുഷ്ടി മുതലായവയുടെ ചികിത്സയിൽ മൃതസഞ്ജീവനി അരിഷ്ടം ഉപയോഗിച്ചു വരുന്നു .
രാസ്നാദശമൂലാദി തൈലം (Rasnadasamooladi Tailam).
പക്ഷാഘാതം ,മുഖ പക്ഷാഘാതം,സന്ധിവേദന ,പേശിവേദന ,വീക്കം തുടങ്ങിയവയുടെ ചികിത്സയിൽ രാസ്നാദശമൂലാദി തൈലം ഉപയോഗിക്കുന്നു .
മഹാസ്നേഹം (Mahasneham Ghrutham).
പ്രധാനമായും വാതരോഗങ്ങളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
അമൃതാരിഷ്ടം (Amritarishtam).
എല്ലാത്തരം പനികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അമൃതാരിഷ്ടം.
മഹാരാജപ്രസാരണീ തൈലം (Maharajaprasarani Tailam).
നാഡി സംബന്ധമായ രോഗങ്ങളിലും വാതസംബന്ധമായ എല്ലാ രോഗങ്ങളിലും മഹാരാജപ്രസാരണീ തൈലം ഉപയോഗിക്കുന്നു .ഈ തൈലം പുറമെ പുരട്ടുവാനും ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .ക്യാപ്‌സൂൾ രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് ,ശീഘ്രസ്കലനം തുടങ്ങിയ ലൈംഗീക പ്രശ്നങ്ങൾക്കും .സ്ത്രീകളിലെ വെള്ളപോക്ക് ,വന്ധ്യത എന്നിവയുടെ ചികിത്സയിലും ഈ ഔഷധം സൂചിപ്പിച്ചിരിക്കുന്നു .
വില്വാദി ഗുളിക (Vilwadi Gulika).
വയറിളക്കം ,ഛർദ്ദി ,മലബന്ധം ,പനി ,ഗ്യാസ്ട്രബിൾ ,ഭക്ഷ്യ വിഷബാധ ,തേൾ ,ചിലന്തി ,പ്രാണികൾ ,പാമ്പ് എന്നിവയുടെ വിഷബാധ തുടങ്ങിയവയുടെ ചികിത്സയിൽ വില്വാദി ഗുളിക ഉപയോഗിക്കുന്നു .
ബ്രാഹ്മരസായനം (Brahma Rasayanam).
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ച്യവനപ്രാശത്തിന് സമാനമായ ഒരു ആയുർവേദ ഔഷധമാണ് ബ്രാഹ്മരസായനം.ബുദ്ധിശക്തി ,ഓർമ്മശക്തി ,മാനസിക പിരിമുറുക്കം, ബുദ്ധിമാന്ദ്യം , ശരീരക്ഷീണം ,ചർമ്മത്തിലെ ചുളിവുകൾ ,അകാലനര, മുടികൊഴിച്ചിൽ ,പ്രധിരോധശേഷിക്കുറവ് മുതലായവയുടെ ചികിത്സയിൽ ബ്രാഹ്മരസായനം ഉപയോഗിച്ചുവരുന്നു .
മുസ്താദി മർമ്മക്വാഥം - Mustadi Marmakwatham.
ഒടിവ് ,ചതവ് ,ഉളുക്ക് ,പരിക്കുകൾ ,മുറിവുകൾ ,വേദന ,വീക്കം ,പേശിവേദന, അസ്ഥിക്ഷയം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിച്ചു വരുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മുസ്താദി മർമ്മക്വാഥം.
മാനസമിത്ര വടകം (Manasamitra Vatakam) .
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാനസമിത്ര വടകം. വിഷാദരോഗം , ടെൻഷൻ, ഉന്മാദം, ഉറക്കക്കുറവ് ,അപസ്‌മാരം തുടങ്ങിയ അവസ്ഥകളുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
ദശമൂലകടുത്രയാദി കഷായം (Dasamulakatutrayadi Kashayam).
ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,ശ്വാസതടസം ,ജലദോഷം മുതലായവയുടെ ചികിത്സയിൽ ദശമൂലകടുത്രയാദി കഷായം ഉപയോഗിക്കുന്നു .
ചെമ്പരുത്യാദി കേര തൈലം(Chemparuthyadi keratailam).
ത്വക്ക് രോഗങ്ങളുടെ ചികിത്സയ്ക്കായി ആയുർവേദത്തിൽ ഉപയോഗിക്കുന്ന വളരെ പ്രശസ്‌തമായ ഒരു എണ്ണയാണ് ചെമ്പരുത്യാദി കേര തൈലം .പ്രത്യേകിച്ച് കുട്ടികളുടെ ചൊറി ,കരപ്പൻ മുതലായ എല്ലാ ചർമ്മരോഗങ്ങൾക്കും ചെമ്പരുത്യാദി കേര തൈലം വളരെ ഫലപ്രദമാണ് .പുറമെ ഉപയോഗിക്കാൻ മാത്രമാണ് ഈ തൈലം ഉപയോഗിക്കുന്നത് .
കൂവളത്തിന്റെ ചില ഔഷധപ്രയോഗങ്ങൾ .
കൂവളത്തിന്റെ രണ്ടോ മൂന്നോ ഇലകൾ പറിച്ച് തലേന്ന് രാത്രി വെള്ളത്തിലിട്ടു വച്ചിരുന്ന് പിറ്റേന്ന് രാവിലെ ആ വെള്ളത്തിൽ തന്നെ ഇല അരച്ച് കലക്കി കഴിച്ചാൽ പ്രമേഹത്തിന് ശമനമുണ്ടാകും .കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി നീര് ദിവസേന കഴിക്കുന്നതും പ്രമേഹരോഗ ശമനത്തിന് നല്ലതാണ് .കൂവളത്തിന്റെ ഇല നീരും കുമ്പളങ്ങയുടെ നീരും സമാസമം ചേർത്ത് ദിവസവും രാവിലെ കഴിക്കുന്നത് പ്രമേഹ ശമനത്തിന് നല്ലൊരു ഔഷധമാണ് .കൂവളത്തില ഉണക്കിപ്പൊടിച്ചതും മഞ്ഞപ്പൊടിയും ചേർത്ത് ഓരോ സ്പൂൺ വീതം കഴിക്കുന്നത് പ്രമേഹക്കുരു ,ഉണങ്ങാത്ത വ്രണങ്ങൾ എന്നിവ മാറാൻ നല്ലതാണ് .തളിരിലയിട്ട് തിളപ്പിച്ച വെള്ളം വ്രണം കഴുകാനും ഉപയോഗിക്കാം . കൂവളത്തിന്റെ തളിരില ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം ദിവസവും കഴിക്കുന്നത് രക്തസമ്മർദത്തിനും പ്രമേഹത്തിനും കരൾ രോഗങ്ങൾക്കും നല്ലതാണ് .
കൂവളത്തില ,കുറുന്തോട്ടിയില ,ആടലോടകത്തില എന്നിവ ഒരേ അളവിൽ ഇടിച്ചു പിഴിഞ്ഞ 2 സ്പൂൺ നീരിൽ അത്രയും തന്നെ കടുകെണ്ണയും ചേർത്ത് കുറച്ചു ദിവസം പതിവായി കഴിച്ചാൽ ആസ്മ ശമിക്കും .കൂവളക്കായുടെ ഫലമജ്ജ ചുക്കുപൊടിയും ശർക്കരയും ചേർത്ത് കഴിച്ചാൽ ഗ്രഹണി മാറിക്കിട്ടും .കൂവളത്തില നീര് എണ്ണ കാച്ചി ചെവിയിലൊഴിച്ചാൽ ചെവി,വേദന ചെവി പഴുപ്പ് എന്നിവ മാറിക്കിട്ടും .ഈ എണ്ണ പതിവായി ചെവിയിലൊഴിക്കുന്നത് കേൾവിക്കുറവ് മാറാൻ നല്ലതാണ് .കൂവളത്തിന്റെ ഇളം കായ കഴിച്ചാൽ എത്ര പഴക്കം ചെന്ന അതിസാരവും ശമിക്കും .ഇളം കായ ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് വയറുകടി മാറാൻ നല്ലതാണ് .പാതി മൂത്ത കായ ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് കുട്ടികളിലെയും മുതിർന്നവരിലേയും വയറിളക്കവും വയറുകടിയും മാറാൻ നല്ലതാണ് .
കൂവളക്കായുടെ ഫലമജ്ജ ഉണക്കിപ്പൊടിച്ചത് 10 ഗ്രാം വീതം ദിവസവും കഴിച്ചാൽ ലൈംഗീകശക്തി വർധിക്കും .കൂവളത്തിന്റെ തൊലി ഇടിച്ചു പിഴിഞ്ഞ 2 സ്പൂൺ നീര് പാലിൽ ചേർത്ത് കുറച്ച് ജീരകപ്പൊടിയും ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ ശുക്ലം വർധിക്കും .കൂവളത്തിന്റെ ഇലയും കുടങ്ങലിന്റെ ഇലയും ചേർത്തരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പതിവായി കഴിക്കുന്നത് ഓർമ്മക്കുറവിനും ബുദ്ധിവികാസത്തിനും നല്ലതാണ് .കൂവളത്തില 10 എണ്ണം അരച്ച് മോരിൽ കാച്ചി കഴിച്ചാൽ കൈവിഷം മാറും .
ALSO READ : എന്താണ് കൈവിഷം .കൈവിഷം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം .
കായുടെ ഉള്ളിലെ കഴമ്പ് ഒരാഴ്ച്ച നല്ലെണ്ണയിൽ ഇട്ടു വച്ചിരുന്ന ശേഷം ഇ എണ്ണ തേച്ചാൽ കാലുകളിലുണ്ടാകുന്ന ചുട്ടുനീറ്റൽ മാറും .കൂവളത്തിലയും മലരും ചേർത്ത് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഛർദ്ദി മാറും .കൂവളത്തിന്റെ വേര് കഷായമുണ്ടാക്കി കഴിക്കുന്നത് ഉദര വ്രണങ്ങൾ മാറാൻ നല്ലതാണ് .കൂവളക്കായുടെ മജ്ജ ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം കുറച്ചു ദിവസം കഴിച്ചാൽ ഉദരകൃമി നശിക്കും ..500 ഗ്രാം ഫലമജ്ജ ഒരു നേരം ഭക്ഷണമായി കഴിച്ചാൽ കൊക്കപ്പുഴു നശിക്കും .അഞ്ചോ ആറോ ദിവസം കഴിക്കണം .
കൂവളക്കായും ഇഞ്ചിയും ശതകുപ്പയും ചേർത്ത് കഷായമുണ്ടാക്കി കഴിച്ചാൽ മൂലക്കുരു ശമിക്കും .കൂവളത്തിന്റെ ഇലയുടെ നീര് കണ്ണിലൊഴിക്കുന്നത് ചെങ്കണ്ണ് മാറാൻ നല്ലതാണ് .കൂവളത്തില നീരിൽ കുരുമുളകുപൊടിയും തേനും ചേർത്തു കഴിക്കുന്നത് പനിയും ജലദോഷവും കഫക്കെട്ടും മാറാൻ നല്ലതാണ് .ഇല അരച്ച് നെറ്റിയിൽ പുരട്ടുന്നതും പനി മാറാൻ നല്ലതാണ് .ഇത് നെഞ്ചിൽ പുരട്ടുന്നത് ചുമയ്‌ക്കും ശ്വാസം മുട്ടലിനും നല്ലതാണ് .
കൂവളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ചു കഴിക്കുന്നത് ദഹനക്കേട് മാറാൻ നല്ലതാണ് .ഇത് തലവേദനയ്ക്കും തലകറക്കത്തിനും നല്ലതാണ് .കൂവളത്തില നീരിൽ കൽക്കണ്ടം ചേർത്ത് കഴിക്കുന്നത് ബ്രോങ്കൈറ്റിസ് മാറാൻ നല്ലതാണ് .കൂവളക്കായുടെ മജ്ജ പാലിൽ ചേർത്ത് കഴിക്കുന്നത് മലബന്ധം മാറാൻ നല്ലതാണ് .മജ്ജ അരച്ച് വെണ്ണയിൽ ചാലിച്ച് മാറിടങ്ങളിൽ പുരട്ടിയാൽ മാറിടങ്ങൾക്ക് വലുപ്പം കൂടുകയും ഇടിഞ്ഞു തൂങ്ങിയ മാറിടം ഉറയ്ക്കുകയും ചെയ്യും .12 മാസം തുടർച്ചായി ചെയ്താൽ മാത്രമേ ഉദ്ദേശിച്ച ഫലം കിട്ടുകയൊള്ളു .
കൂവളത്തിന്റെ 10 തളിരിലകൾ വീതം ദിവസവും കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .രണ്ടോ മൂന്നോ കൂവളത്തില അരച്ച് വാഴപ്പിണ്ടി നീരിൽ ചേർത്ത് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ് .കൂവളത്തില ,ചുക്ക് ,അയമോദകം എന്നിവ അരച്ച് ചൂടുവെള്ളത്തിലോ മോരിലോ ചേർത്ത് കഴിച്ചാൽ മൂലക്കുരു ശമിക്കും .കൂവളത്തിന്റെ വേരിന്മേൽ തൊലി അരച്ച് വെണ്ണയിൽ ചാലിച്ച് കിടക്കാൻ നേരം കാൽവെള്ളയിൽ പുരട്ടിയാൽ ഉറക്കക്കുറവ് ഉള്ളവർക്ക് നല്ല ഉറക്കം കിട്ടും .കൂവളത്തിൻ വേര് ,കൊത്താമ്പലരി ,ചുക്ക് ,ദേവതാരം ,ആവണെക്കിൻ വേര് ,കുറുന്തോട്ടി വേര് , കരിമ്പ് എന്നിവ കഷായമുണ്ടാക്കി ഇന്തുപ്പ് കൂട്ടി കഴിച്ചാൽ ഹൃദ്രോഗം ശമിക്കും .