ഒരു പച്ചക്കറിയാണ് കോവൽ .അതിലുപരി ഒരു ഔഷധസസ്യം കൂടിയാണ് .ആയുർവേദത്തിൽ ചർമ്മരോഗങ്ങൾ ,മുറിവുകൾ ,മഞ്ഞപ്പിത്തം ,കൃമിശല്യം മുതലായവയുടെ ചികിത്സയിൽ കോവൽ ഔഷധമായി ഉപയോഗിക്കുന്നു .ആയുർവേദത്തിൽ ബിംബി എന്ന പേരിൽ പൊതുവെ ഈ സസ്യം അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ ബിംബി, ബിംബിക , കരഭപ്രിയ ,ചിതപത്രിക ,ദ്രോണപുഷ്‌പി എന്നീ പേരുകളിലും .ഇംഗ്ലീഷിൽ ഐവി ഗുർഡ് എന്ന പേരിലും അറിയപ്പെടുന്നു .
Botanical name: Coccinia grandis .
Family: Cucurbitaceae (Pumpkin family).
Synonyms: Coccinia indica, Bryonia grandis, Cucurbita dioica.
വിതരണം .
ഇന്ത്യയിലുടനീളം കാട്ടു ചെടിയായി കാണപ്പെടുന്നു .കൂടാതെ ഭക്ഷണാവിശ്യങ്ങൾക്കായി നട്ടുവളർത്തുന്നു .
സസ്യവിവരണം .
കോവൽ രണ്ടിനങ്ങളുണ്ട് .കയ്‌പ്പുള്ളത് കയ്‌പ്പില്ലാത്തത് എന്നിങ്ങനെ .കയ്‌പ്പുള്ളതിനെ കയ്പ്പൻ കോവൽ എന്ന് അറിയപ്പെടുന്നു .കാട്ടുകോവൽ എന്നും പറയാറുണ്ട് .ഇതിനാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത് .കയ്പ്പില്ലാത്ത കോവയ്ക്ക കറികൾക്ക് ഉപയോഗിക്കുന്നു .പടർന്നു വളരുന്ന ഒരു ബഹുവർഷ സസ്യമാണ് കോവൽ .ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .ഇലയുടെ ഉപരിതലം മിനുസമുള്ളതും ഇളം പച്ചനിറത്തോടും കൂടിയതാണ് .ഇലയുടെ അടിഭാഗം പരുപരുത്തതാണ് .
ഒരു ചെടിയിൽ തന്നെ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകുന്നു .പൂക്കളുടെ നിറം വെള്ളയാണ് .ഇവയുടെ ഫലം ആദ്യം പച്ചനിറത്തിലും പഴുക്കുമ്പോൾ ചുവന്ന നിറത്തിലുമാകും .ഫലത്തിനുള്ളിൽ വിത്തുകളുണ്ട് .വിത്തുകൾ ഇളം മഞ്ഞനിറത്തോടു കൂടിയതുമാണ് .കോവലിന്റെ വള്ളികളാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത് .
കോവലിന്റെ ഇല ഭക്ഷ്യയോഗ്യമാണ് .പത്തിലകളിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് കോവൽ .കർക്കിടക മാസത്തിലെ ഔഷധക്കഞ്ഞിക്കൊപ്പം കഴിക്കുന്ന ഒരു വിഭവമാണ് പത്തിലത്തോരൻ .
രാസഘടകങ്ങൾ .
ചെടിയുടെ ഫലത്തിൽ ബീറ്റാ അമൈറിൻ ,ലൂപ്പോൾ അസറ്റേറ്റ് ,ബീറ്റാ സിറ്റോസ്റ്റെറോൾ ,ബീറ്റാകരോട്ടിൻ ,ലൈക്കോപ്പിൻ ,ടെറ്റാസ്റ്റെറോൾ ,ക്രിപ്റ്റോസാൻഥിൻ എന്നിവയും ചെടിയുടെ വേരിൽ അന്നജവും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
English Name- Ivy gourd, Scarlet gourd.
Malayalam Name- Kovakka .
Tamil name- Kovaikkai, Kovakkai.
Telugu name -Kaki donda, donda .
Kannada Name- Tondekai.
Hindi name- Kunduru, Tirkol.
Marathi Name- Tadali.
Bengali name- Telakucha.
Punjabi Name- Kanduri.
Gujarati Name- Tindora, Gove.
ഔഷധയോഗ്യഭാഗം .
സമൂലം .
കോവലിന്റെ ഔഷധഗുണങ്ങൾ .
രക്തം ശുദ്ധീകരിക്കും .ദഹനം വർധിപ്പിക്കും .മുലപ്പാൽ വർധിപ്പിക്കും .ഉദരവിരകളെ നശിപ്പിക്കും .പനിയെ ചെറുക്കും .കഫക്കെട്ട് ഇല്ലാതാക്കും .പകർച്ചവ്യാധികളെ തടയും .ത്വക്ക് രോഗങ്ങൾ ,വ്രണം ,വീക്കം ,മുറിവ് , വായ്പ്പുണ്ണ് എന്നിവയ്ക്കും നല്ലതാണ് .ചുമ , ജലദോഷം ,ആസ്മ ,മഞ്ഞപ്പിത്തം ,പ്രമേഹം ,വിളർച്ച, ശരീരഭാരക്കുറവ് ,ഛർദ്ദിൽ ,ക്ഷയം എന്നിവയ്ക്കും നല്ലതാണ് .രക്തപിത്തം ,മൂക്കിലൂടെയുള്ള രക്തസ്രാവം ,ആർത്തവ കാലത്തെ അമിത രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .മൂത്രാശയ രോഗങ്ങൾക്കും നല്ലതാണ് .ബുദ്ധിശക്തി മെച്ചപ്പെടുത്താനുള്ള കഴിവുണ്ട് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
കോവൽ ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
ബ്രാഹ്മരസായനം (Brahma Rasayanam).
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ച്യവനപ്രാശത്തിന് സമാനമായ ഒരു ആയുർവേദ ഔഷധമാണ് ബ്രാഹ്മരസായനം.ബുദ്ധിശക്തി ,ഓർമ്മശക്തി ,മാനസിക പിരിമുറുക്കം, ബുദ്ധിമാന്ദ്യം , ശരീരക്ഷീണം ,ചർമ്മത്തിലെ ചുളിവുകൾ ,അകാലനര, മുടികൊഴിച്ചിൽ ,പ്രധിരോധശേഷിക്കുറവ് മുതലായവയുടെ ചികിത്സയിൽ ബ്രാഹ്മരസായനം ഉപയോഗിച്ചുവരുന്നു .
വിദാര്യാദി ലേഹ്യം(Vidaryadi Leham).
പേശിക്ഷയം ,ശരീരവേദന ,വയറുവീർപ്പ് ,ഗ്യാസ്ട്രബിൾ ,ആസ്മ ,ശരീരക്ഷീണം ,പോഷകാഹാരക്കുറവ്, ഉറക്കക്കുറവ് മുതലായവയുടെ ചികിൽത്സയിലും ശരീരഭാരം വർധിപ്പിക്കുന്നതിനും ,ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും വിദാര്യാദി ലേഹ്യം ഉപയോഗിക്കുന്നു .കൂടാതെ പൈൽസ് ,ഹൃദയ സംബന്ധമായ രോഗങ്ങൾ മുതലായവയുടെ ചികിൽത്സയിലും വിദാര്യാദി ലേഹ്യം ഉപയോഗിക്കുന്നു .ഗുളിക രൂപത്തിലും കഷായ രൂപത്തിലും നെയ്യ് രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .
അമൃതപ്രാശ ഘൃതം (Amrithaprasa Ghritam)
പനി ,ആസ്മ ,ചുമ ,ലൈംഗീകശേഷിക്കുറവ് ,ബീജങ്ങളുടെ എണ്ണക്കുറവ് ,വെള്ളപോക്ക് മുതലായവയുടെ ചികിൽത്സയിൽ അമൃതപ്രാശഘൃതം ഉപയോഗിക്കുന്നു .
മഹാകല്യാണക ഘൃതം (Mahakalyanaka Ghritam).
മാനസികരോഗങ്ങൾ ,അപസ്‌മാരം ,ബുദ്ധിക്കുറവ് ,വന്ധ്യത ,പനി ,വീക്കം മുതലായവയുടെ ചികിൽത്സയിൽ മഹാകല്യാണക ഘൃതം ഉപയോഗിച്ചു വരുന്നു .
ദേഹപോഷണയമകം (Dehaposhana Yamakam).
ശരീരഭാരവും ബലവും വർധിപ്പിക്കുന്നതിന് ദേഹപോഷണയമകം ഉപയോഗിച്ചു വരുന്നു .
വസ്ത്യാമയാന്തകഘൃതം (Vastyamayantaka Ghritam).
മൂത്രാശയരോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വസ്ത്യാമയാന്തകഘൃതം. അറിയാതെ മൂത്രം പോകുക ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,മൂത്രത്തിൽ കല്ല് ,പ്രോസ്റ്റേറ്റ് വീക്കം എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
Nagarjuna Galacto Plus Granules.
മുലയൂട്ടുന്ന അമ്മമാരിൽ മുലപ്പാൽ വർധിപ്പിക്കാൻ ഉപയോഗിക്കുന്നു .
കോവലിന്റെ ചില ഔഷധപ്രയോഗങ്ങൾ .
കോവലിന്റെ ഇല അരച്ച് ചൂടാക്കി ചെറിയ ചൂടോടെ പുറമെ പുരട്ടുന്നത് നീരും വേദനയും മാറാൻ നല്ലതാണ് .കോവലിന്റെ ഇളം കായും ഇലയും കൂടി ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നത് വായ്പ്പുണ്ണ് മാറാൻ നല്ലതാണ് .ഇളം കായ ചവച്ച് കഴിക്കുന്നതും നല്ലതാണ് .കോവൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 15 -20 മില്ലി വീതം തുടർച്ചയായി കഴിച്ചാൽ പ്രമേഹം ശമിക്കും .
ALSO READ : കൂവളം പ്രമേഹത്തിന് പ്രകൃതിദത്ത മരുന്ന്.
കോവലിന്റെ ഇലയും കായും കൂടി ഇടിച്ചു പിഴിഞ്ഞ നീര് 20 മില്ലി വീതം കുറച്ചു ദിവസം കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .കോവലിന്റെ ഇല അരച്ച് പുരട്ടുന്നത് മുടി വട്ടത്തിൽ കൊഴിച്ചിൽ ,ശരീരത്തിലുണ്ടാകുന്ന പരുക്കൾ ,കുരുക്കൾ .പുഴുക്കടി എന്നിവ മാറാൻ നല്ലതാണ് .ഇല അരച്ച് എണ്ണ കാച്ചി പുരട്ടിയാൽ കരപ്പൻ ,ചൊറി മുതലായവ മാറിക്കിട്ടും. കോവലിന്റെ ഇല അരച്ച് പുറമേ പുരട്ടിയാൽ ചിക്കൻപോക്സ് വന്നതു മൂലമുള്ള ശരീരത്തെയും മുഖത്തെയും പാടുകൾ മാറിക്കിട്ടും . കയ്പ്പുള്ള കോവലാണെങ്കിൽ കൂടുതൽ നന്ന് .