.ഒരു ഔഷധസസ്യമാണ് കുറുന്തോട്ടി .ആയുർവേദത്തിൽ വാതരോഗങ്ങൾ ,സന്ധിവാതം ,പക്ഷാഘാതം ,ഞരമ്പ് സംബന്ധമായ പ്രശ്നങ്ങൾ ,ശരീരബലക്കുറവ് മുതലായവയുടെ ചികിത്സയിൽ കുറുന്തോട്ടി ഔഷധമായി ഉപയോഗിക്കുന്നു. ഇംഗ്ലീഷിൽ Country Mallow എന്ന പേരിൽ അറിയപ്പെടുന്നു .
സംസ്‌കൃതത്തിൽ ബലാ എന്ന പേരിലാണ് കുറുന്തോട്ടി അറിയപ്പെടുന്നത് .കൂടാതെ വാത്യാ ,ബലാഢ്യാ ,പീതപുഷ്പി ,വാത്യാലിക ,ഖരയഷ്ടിക തുടങ്ങിയ സംസ്കൃതനാമങ്ങളും കുറുന്തോട്ടിക്കുണ്ട് .ശരീരബലം നൽകുന്നത് എന്ന അർത്ഥത്തിൽ ബല , ബലാഢ്യാ എന്നീ സംസ്‌കൃതനാമങ്ങളിലും .വാതരോഗങ്ങൾ ശമിപ്പിക്കുന്നത് എന്ന അർത്ഥത്തിൽ വാത്യാ ,വാത്യാലിക എന്നീ പേരുകളിലും .മഞ്ഞ പൂക്കളുള്ളത് എന്ന അർത്ഥത്തിൽ പീതപുഷ്പി എന്ന പേരിലും .ഇതിന്റെ തണ്ടുകൾ പരുപരുത്തത് എന്ന അർത്ഥത്തിൽ ഖരയഷ്ടിക എന്ന സംസ്കൃതനാമത്തിലും കുറുന്തോട്ടി അറിയപ്പെടുന്നു .
കുറുന്തോട്ടി ഇനങ്ങൾ .
കുറുന്തോട്ടി ,വള്ളികുറുന്തോട്ടി ,വൻകുറുന്തോട്ടി ,ചെറു കുറുന്തോട്ടി ,മലങ്കുറുന്തോട്ടി , ആനക്കുറുന്തോട്ടി, വെള്ളൂരം,കാട്ടുവെന്തിയം എന്നിങ്ങനെ കുറുന്തോട്ടി വിവിധ ഇനങ്ങളുണ്ട് .ഇവയെ സംസ്‌കൃതത്തിൽ ബലാ ,അതിബല , മഹാബല , നാഗബല എന്നിങ്ങനെ അറിയപ്പെടുന്നു .ഇവയെല്ലാം മാൽവേസിയേ (Malvaceae) കുടുംബത്തിലെ സിഡ (Sida) ജീനസ്സിൽ ഉൾപ്പെടുന്നതും, കുറുന്തോട്ടിക്ക് സമാനമായ ഔഷധഗുണൾ ഉള്ളതുമായ സസ്യങ്ങളാണ് .എങ്കിലും ഇതിൽ ആയുർവേദത്തിൽ പ്രധാനമായും കുറുന്തോട്ടിയായി കണക്കാക്കപ്പെടുന്നത് 3 ഇനങ്ങളെയാണ് .
1 .ബല (Sida cordifolia - വെള്ളൂരം) .
2 .അതിബല' (Abutilon indicum - ഊരം അഥവാ ഊർപ്പം).
3 മഹാബല- (Sida rhombifolia -ആനക്കുറുന്തോട്ടി)
ചുരുക്കത്തിൽ ഔഷധ ആവിശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ ബല അഥവാ കുറുന്തോട്ടിയായി ഉപയോഗിക്കുന്നത് (ബല -Sida cordifolia - വെള്ളൂരം) എന്ന സസ്യത്തെയാണ് .എന്നാൽ ചികിത്സയുടെ ഭാഗമായി ഇതിന്റെ മറ്റു വകഭേദങ്ങളായ അതിബല, നാഗബല, മഹാബല ,ചെറു ബല എന്നിവയും ഉപയോഗിക്കാറുണ്ട് .
കേരളത്തിൽ: ബല അഥവാ കുറുന്തോട്ടിയായി ഉപയോഗിക്കുന്നത് Sida retusa എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചെറു ബല അഥവാ ചെറു കുറുന്തോട്ടിയാണ് .ചിലയിടങ്ങളിൽ നാഗബല എന്നും ഇതിനെ വിളിക്കാറുണ്ട്, എങ്കിലും നാഗബലയായി കൂടുതലും അറിയപ്പെടുന്നത് Sida veronicaefolia എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന വള്ളി കുറുന്തോട്ടിയാണ് .
വിതരണം .
ലോകമെമ്പാടുമുള്ള ഉഷ്ണമേഖല, മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ ഈ സസ്യങ്ങൾ കാണപ്പെടുന്നു .
രാസഘടകങ്ങൾ .
കുറുന്തോട്ടിയിൽ എഫെഡ്രിൻ ,സൈഡോഫെഡ്രിൻ ,സൈനപ്രിൻ ,ക്വിനസെലിൻ ,ഹൈപ്പോഫോറിൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു .കൂടാതെ ഫൈറ്റോസ്റ്റീറോളുകൾ ,ഫ്ലേവനോയിഡുകൾ , ആസ്പാരാഗിൻ ,ഫാറ്റി ആസിഡുകൾ എന്നീ ഘടകങ്ങളും അടങ്ങിയിരിക്കുന്നു.ഈ രാസഘടകങ്ങളുടെ സംയോജനമാണ് വാതരോഗങ്ങളെ ശമിപ്പിക്കുന്നതും നാഡീവ്യൂഹത്തിന് ഉത്തേജനം നൽകുന്നതുമായ ഔഷധമാക്കി കുറുന്തോട്ടിയെ മാറ്റുന്നത് .ഇതിൽ അടങ്ങിയിരിക്കുന്ന എഫെഡ്രിൻ ഘടകത്തിന് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്, ഇത് ശരീരത്തിന് ഊർജ്ജസ്വലതയും ബലവും നൽകുന്നു.
പ്രാദേശികനാമങ്ങൾ .
ഇംഗ്ലീഷ്: Country Mallow, Heart-leaf Sida, Flannel Weed .
മലയാളം -കുറുന്തോട്ടി .
തമിഴ് - നിലത്തുത്തി ചിത്തമുട്ടി .
ഹിന്ദി - ബലാ ,ഖരേട്ടി .
തെലുങ്ക് - ചെറുബേല , ചിന്നമുഷ്ടി. .
കന്നഡ - ചിക്കണ , ചിത്തുഹരളു.
മറാത്തി - ബല.
ബംഗാളി - ബെരേല.
ഒറിയ - ബാജ്‌രോമുളി.
ഔഷധയോഗ്യഭാഗങ്ങൾ : സമൂലം .
രസാദിഗുണങ്ങൾ :
രസം : മധുരം .
ഗുണം : സ്നിഗ്ധം,സരം .
വീര്യം :ശീതം .
വിപാകം :കടു .
കുറുന്തോട്ടിയുടെ ഔഷധഗുണങ്ങൾ .
വാതസംബന്ധമായ രോഗങ്ങൾ, സന്ധിവാതം, നാഡീരോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നു .വേദന കുറയ്ക്കാൻ സഹായിക്കുന്നു .ശരീരത്തിന് ശക്തിയും ഓജസ്സും നൽകുന്നു.ശരീരം ക്ഷയിക്കുന്ന അവസ്ഥ തടയാൻ സഹായിക്കുന്നു. എല്ലുകൾ, പേശികൾ, സന്ധികൾ എന്നിവയുടെ ശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു .ഒടിവു ചതവുകൾക്കും നല്ലതാണ് .
കാമവർധകമാണ് ,ലൈംഗീകശേഷി വർധിപ്പിക്കും .ശുക്ലദോഷം അകറ്റും .പ്രധിരോധശേഷി വർധിപ്പിക്കും .ക്ഷയം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .രക്തപിത്തം ,മൂക്കിൽ കൂടിയുള്ള രക്തസ്രാവം ,അമിത ആർത്തവ രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .ചർമ്മത്തിന്റെ ആരോഗ്യവും തിളക്കവും വർധിപ്പിക്കുന്നു .
മൂത്രാശയരോഗങ്ങൾ ,മൂലക്കുരു ,വയറിളക്കം ,വയറുവേദന ,ഉന്മാദം ,മലബന്ധം ,എന്നിവയ്ക്കും നല്ലതാണ് .ഹൃദയസംബന്ധമായ രോഗങ്ങൾ, ചുമ, പനി എന്നിവയ്ക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . കുറുന്തോട്ടി ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.
കുറുന്തോട്ടി ബല (Sida cordifolia - വെള്ളൂരം) ചേരുവയുള്ള ചുരുക്കം ചില ആയുർവേദ ഔഷധങ്ങൾ .
ബലാശ്വഗന്ധാദി തൈലം (Balaswagandhadi Thailam).
വാതസംബന്ധമായ രോഗങ്ങൾ ,വേദന, സന്ധി വേദന, സന്ധികളിലെ പിരിമുറുക്കം ,പേശീക്ഷയം ,നാഡീസംബന്ധമായ ബലഹീനതകൾ ,തളർച്ച , പക്ഷാഘാതം ,ക്ഷീണം, മെലിച്ചിൽ, കൈകാൽ കഴപ്പ് ,തരിപ്പ് ,തലവേദന ,പനി തുടങ്ങിയവയുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് ബലാശ്വഗന്ധാദി തൈലം .ബല എന്നാൽ കുറുന്തോട്ടി എന്നും അശ്വഗന്ധ എന്നാൽ അമുക്കുരം എന്നുമാണ് അർത്ഥമാക്കുന്നത് .
സ്പാർക്ക് റോയൽ കാപ്സ്യൂൾ (Spark Royal Capsule).
പുരുഷന്മാരിലെ ലൈംഗീകപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ഔഷധമാണ് സ്പാർക്ക് റോയൽ കാപ്സ്യൂൾ.താൽപര്യമില്ലായ്മ ,ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,ബീജത്തിന്റെ കൗണ്ട് കുറവ് എന്നിവ പരിഹരിക്കുന്നതിന് ഈ ഔഷധം ഉപയോഗിക്കുന്നു .
ശുദ്ധബലാ തൈലം (Sudhabala Tailam) .
വാത രോഗങ്ങളെ ശമിപ്പിക്കാനും നാഡീവ്യൂഹത്തിനും പേശീഘടനയ്ക്കും ബലം നൽകാനും വേണ്ടിയാണ് ശുദ്ധബലാ തൈലം പ്രധാനമായും ഉപയോഗിക്കുന്നത് .നാഡീ സംബന്ധമായ പ്രശ്നങ്ങൾ ,പക്ഷാഘാതം ,പാരാപ്ലീജിയ ( അരയ്ക്ക് താഴെയുള്ള തളർച്ച), മുഖത്തുണ്ടാകുന്ന പക്ഷാഘാതം , നാഡീവ്യൂഹ സംബന്ധമായ ബലഹീനതകൾ എന്നിവയുടെ ചികിത്സയ്ക്ക് ശുദ്ധബലാ തൈലം വ്യാപകമായി ഉപയോഗിക്കുന്നു.
ക്ഷീരബല 101ആവർത്തി (Kshirabala (101)) .
വാതസംബന്ധമായ രോഗങ്ങൾക്കും നാഡീവ്യൂഹത്തെ ബലപ്പെടുത്തുന്നതിനും വേണ്ടിയാണ് ക്ഷീരബല -101 തൈലം പ്രധാനമായും ഉപയോഗിക്കുന്നത് .ശക്തിയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിന് 101 ആവർത്തനങ്ങൾ നടത്തിയതിനാലാണ് ഇതിനെ ക്ഷീരബല (101) എന്ന് വിളിക്കുന്നത്.വാത രോഗങ്ങൾ, സന്ധിവാതം , സന്ധി വേദന, നീർക്കെട്ട്, പേശീ വേദന ,ഞരമ്പുകൾക്കുണ്ടാകുന്ന ബലഹീനത, മരവിപ്പ്, വിറയൽ, മറ്റ് നാഡീരോഗങ്ങൾ ,പക്ഷാഘാതം ,എല്ലുകൾ, പേശികൾ, സന്ധികൾ എന്നിവയുടെ ബലക്കുറവ് ,ശരീര ബലക്കുറവ് ,ഉറക്കമില്ലായ്മ തുടങ്ങിയവയുടെ ചികിത്സയിൽ ഇത് ഉള്ളിലേയ്ക്ക് കഴിക്കാനും ,നസ്യം ചെയ്യാനും ,പുറമെ പുരട്ടുവാനും ഉപയോഗിക്കുന്നു .
രാസ്നാദി ഘൃതം (Rasnadi Ghritam) .
വാതരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധ നെയ്യാണ് രാസ്നാദി ഘൃതം ,വാതരോഗങ്ങൾ ,സന്ധികളിലെ വീക്കം, വേദന, നീർക്കെട്ട് , സന്ധികളുടെ ബലക്കുറവ് ,പുറം വേദന ,ഉളുക്ക് ,പരുക്ക് ,കണങ്കാൽ വേദന മുതലായവയുടെ ചികിത്സയിൽ രാസ്നാദി ഘൃതം ഉപയോഗിച്ചു വരുന്നു .
ച്യവനപ്രാശം (Chyavanaprasam) .
ആയുർവേദത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു രസായന ഔഷധമാണ് ച്യവനപ്രാശം .രസായനം എന്നാൽ വാർദ്ധക്യം തടയുന്നതും ശരീരത്തിലെ എല്ലാ ധാതുക്കളെയും പോഷിപ്പിക്കുന്നതും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതുമാണ് .ഇത് ഉപയോഗിക്കുന്നത് മൂലം സാധാരണയുണ്ടാകുന്ന രോഗങ്ങളായ ജലദോഷം, ചുമ, പനി എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു.ചുമ ,ആസ്മ ,ശ്വാസം മുട്ട് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കുന്നു .ഇത് ചർമ്മത്തിനും മുടിക്കും പോഷണം നൽകുന്നു .ഇത് ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുകയും, കരളിൻ്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും .ഇത് ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു .ഇത് ഓർമ്മശക്തി വർധിപ്പിക്കാനും തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു .
മാനസമിത്രവടകം (Manasamithravatakam).
മനോരോഗങ്ങൾക്കും നാഡീവ്യൂഹ സംബന്ധമായ രോഗങ്ങൾക്കും ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് മാനസമിത്രവടകം .ഉറക്കമില്ലായ്മ ,ഉത്കണ്ഠ ,ഓർമ്മക്കുറവ് ,വിഷാദം ,അപസ്മാരം ,സംസാര വൈകല്യങ്ങൾ മുതലായവയുടെ ചികിത്സയിൽ മാനസമിത്രവടകം ഉപയോഗിക്കുന്നു .
സുദർശനാസവം (Sudarsanasavam).
പ്രധാനമായും പനി ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് സുദർശനാസവം ,പനി, വൈറൽ പനി, വിട്ടുമാറാത്ത പനി, ഇടവിട്ട് വരുന്ന പനി തുടങ്ങിയ എല്ലാത്തരം പനികൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
മഞ്ചിഷ്ഠാദി ക്വാഥം (Manjishthadi kwatham Tablet) .
ചർമ്മ സംബന്ധമായ രോഗങ്ങൾക്കും സന്ധി രോഗങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മഞ്ചിഷ്ഠാദി ക്വാഥം .ഇത് ഗുളിക രൂപത്തിലും കഷായ രൂപത്തിലും ലഭ്യമാണ് .എക്‌സിമ ,സോറിയാസിസ് ,രക്തശുദ്ധി ,കുരുക്കൾ, തിണർപ്പ് , ചൊറിച്ചിൽ,ഉണങ്ങാത്ത വ്രണങ്ങൾ ,വാത രോഗങ്ങളുമായി ബന്ധപ്പെട്ട വേദന, നീർക്കെട്ട് മുതലായവയുടെ ചികിത്സയിൽ മഞ്ചിഷ്ഠാദി ക്വാഥം ഉപയോഗിക്കുന്നു .
ധാന്വന്തരാരിഷ്ടം -Dhanwanthararishtam.
പ്രധാനമായും പ്രസവാനന്തര ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ധന്വന്തരാരിഷ്ടം.പ്രസവാനന്തരം സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുന്നതിന് ഈ ഔഷധം ഗുണകരമാണ് .മലബന്ധം ,ഹെർണിയ ,പൈൽസ് എന്നിവ ഇല്ലാതാക്കും .ദഹനവും പ്രതിരോധശേഷിയും വർധിപ്പിക്കും .ഗ്യാസ്ട്രബിളും വയറ്റിലെ മറ്റ് അശ്വസ്തതകളും ഇല്ലാതാക്കുകയും ചെയ്യുന്നു .
സഹചരബലാദി കഷായം (Sahacharabaladi Kashayam) .
വാതസംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സഹചരബലാദി കഷായം .വാത സംബന്ധമായ പേശികളിലെയും സന്ധികളിലെയും വേദന, വീക്കം, മരവിപ്പ് ,സന്ധികളുടെ തേയ്മാനം മൂലമുള്ള വേദന ,കഴുത്തിലെയും നടുവിലെയും കശേരുക്കളുടെ തേയ്മാനം മൂലമുള്ള വേദനകൾ ,നാഡീ സംബന്ധമായ തളർച്ചയും മരവിപ്പും ,സയാറ്റിക്ക ,ഡിസ്ക് പ്രശ്നങ്ങൾ ,അരക്കെട്ട്, കാൽമുട്ടുകൾ, കാലുകൾ തുടങ്ങിയ ശരീരഭാഗങ്ങളിലെ പേശികൾക്കും നാഡികൾക്കും ശക്തിയും ചലനശേഷിയും കുറയൽ ,വേരിക്കോസ് വെയിൻ ,വൈറൽ പനി പോലുള്ള രോഗങ്ങൾവന്നു മാറിയ ശേഷം ശരീരത്തിൽ അനുഭവപ്പെടുന്ന പേശിവേദന ,സന്ധി വേദന തുടങ്ങിയവയുടെ ചികിത്സയിൽ സഹചരബലാദി കഷായം ഉപയോഗിച്ചു വരുന്നു .
ത്രിഫലാദി തൈലം (Thriphaladi Tailam) .
മുടി കൊഴിച്ചിൽ ,അകാല നര ,മുടിയുടെ അറ്റം പിളരൽ ,തലവേദന, സൈനസൈറ്റിസ് മുതലായവയുടെ ചികിത്സയിൽ ത്രിഫലാദി തൈലം ഉപയോഗിച്ചു വരുന്നു .
ചെറിയ കുറുന്തോട്ടി ( Sida rhombifolia ssp.retusa ) ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
മഹാസുദർശനം ടാബ്‌ലെറ്റ് (Mahasudarsanam Tablet).
പനി ,മഞ്ഞപ്പിത്തം ,രോഗപ്രതിരോധ ശേഷിക്കുറവ് ,രക്തദുഷ്ടി ,ദഹന പ്രശ്നങ്ങൾ ,ഓക്കാനം ,ഛർദ്ദി മുതലായവയുടെ ചികിത്സയിൽ മഹാസുദർശനം ടാബ്‌ലെറ്റ് ഉപയോഗിക്കുന്നു .
റൂക്കോട്ട് ടാബ്ലെറ്റ് (Rhukot Tablet) .
പ്രധാനമായും സന്ധിവാതംപോലുള്ള വാതസംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് റൂക്കോട്ട് ടാബ്ലെറ്റ് .വാതരോഗങ്ങൾ ,വേദന, നീർക്കെട്ട് ,സന്ധികൾക്ക് ഉണ്ടാകുന്ന മുറുക്കം മുതലായവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
മുസ്താദി മർമ്മക്വാഥം (Mustadi MarmaKwatham) .
ഒടിവ് ,ചതവ് ,നീർക്കെട്ട് ,പരിക്കുകൾ മൂലമുണ്ടാകുന്ന വേദന,, ആന്തരിക ക്ഷതങ്ങൾ ,മുറിവ് ,സന്ധികളിലും പേശികളിലുമുണ്ടാകുന്ന വേദന, വീക്കം മുതലായവയുടെ ചികിത്സയിൽ മുസ്താദി മർമ്മക്വാഥം ഉപയോഗിക്കുന്നു .മുസ്ത എന്നത് മുത്തങ്ങ എന്നാണ് സൂചിപ്പിക്കുന്നത് .
രസ തൈലം (Rasa Thailam) .
വാതരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധ എണ്ണയാണ് രസ തൈലം .പക്ഷാഘാതം , മുഖ പക്ഷാഘാതം ,വിവിധ നാഡീ സംബന്ധമായ വേദനകൾ ,സന്ധികളിൽ ഉണ്ടാകുന്ന വേദന, വീക്കം ,മരവിപ്പ് ,തലവേദന ശരീരവേദന മുതലായവയുടെ ചികിത്സയിൽ രസ തൈലം ഉപയോഗിക്കുന്നു .
സുപ്തി തൈലം (Supthi Thailam) .
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന മരവിപ്പ്, തളർച്ച, തരിപ്പ് തുടങ്ങിയ അവസ്ഥകളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് സുപ്തി തൈലം .
അഷ്ടവർഗ്ഗം കഷായം (Ashtavargam Kashayam)
എല്ലാത്തരം വാതരോഗങ്ങളുടെയും ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അഷ്ടവർഗ്ഗം കഷായം .വാതസംബന്ധമായ വേദനകൾ ,ഇടുപ്പുവേദന , സന്ധിവേദന ,നാഡീസംബന്ധമായ തളർച്ച ,പക്ഷാഘാതം മുതലായവയുടെ ചികിത്സയിൽ അഷ്ടവർഗ്ഗം കഷായം ഉപയോഗിക്കുന്നു .
ദശമൂലരാസ്നാദി കഷായം (Dasamoolarasnadi Kashayam).
സന്ധിവാതം , സന്ധികളിലെ വേദന, നീർക്കെട്ട് ,സന്ധികൾക്ക് ഉണ്ടാകുന്ന മുറുക്കം ,സന്ധികൾക്ക് ഉണ്ടാകുന്ന തേയ്മാനം മൂലമുള്ള വേദന.നാഡീ സംബന്ധമായ പ്രശ്നങ്ങൾ മുതലായവയുടെ ചികിത്സയിൽ ദശമൂലരാസ്നാദി കഷായം ഉപയോഗിക്കുന്നു .
കുറുന്തോട്ടിയുടെ ചില ഔഷധപ്രയോഗങ്ങൾ .
വാതരോഗത്തിനുള്ള മരുന്നുകളിൽ പ്രധാനമായ ഒരു ചേരുവയാണ് കുറുന്തോട്ടി .ഇതിന്റെ വേരും. ഇലയും ചതച്ച് നീരെടുത്ത് ദിവസവും കഴിക്കുന്നത് വാതത്തിനുള്ള നല്ലൊരു മരുന്നാണ് .വാത സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഇതിന്റെ കഷായവും ഉപയോഗിക്കുന്നു.
ശരീരത്തിലെ നീർക്കെട്ട് ഉള്ള സ്ഥലങ്ങളിൽ കുറുന്തോട്ടി അരച്ചുപുരട്ടുന്നത് നീർക്കെട്ട് മാറാൻ സഹായിക്കും .കുറുന്തോട്ടിയുടെ വേരിന്റെ കഷായത്തിൽ അരിയിട്ട് കഞ്ഞി ഉണ്ടാക്കി കഴിക്കുന്നതും എല്ലാ വാതരോഗങ്ങൾക്കും നല്ലതാണ് .കുറുന്തോട്ടി വേരുകൊണ്ട് കഷായമുണ്ടാക്കി അതിൽ പാല് ചേർത്ത് കഴിച്ചാൽ എല്ലാവിധ വാതരോഗങ്ങളും ശമിക്കും .ഈ കഷായം ഒടിവു ചതവുകൾക്കും നല്ലതാണ് .
കാൽക്കിലോ കുറുന്തോട്ടി വേര് 4 ലിറ്റർ പാലിൽ അരച്ചുകലക്കി ഒരു ലിറ്റർ എണ്ണ ചേർത്ത് ചെറുതീയിൽ കാച്ചി അരിച്ചെടുക്കുന്ന ക്ഷീരബല എന്ന തൈലം എല്ലാവിധ വാതരോഗങ്ങൾക്കും ഉത്തമമാണ് .ഇത് ഉള്ളിലേയ്ക്ക് കഴിക്കുകയും .പുറമെ പുരട്ടുകയും ,നസ്യം ചെയ്യുകയും ചെയ്യാം .
ALSO READ : മുഖക്കുരു മുതൽ മഞ്ഞപ്പിത്തം വരെ: മൈലാഞ്ചി ഇലകളുടെ അത്ഭുത രോഗശമന ശേഷി.
കുറുന്തോട്ടി വേര് ,ആടലോടകത്തിൻ വേര് ,കരിങ്കുറിഞ്ഞി വേര് ,ദേവതാരം എന്നിവ 250 ഗ്രാം വീതം ചതച്ച് 5 നാഴി വെള്ളത്തിൽ തിളപ്പിച്ച് 5 തുടമാക്കി വറ്റിച്ചെടുക്കണം .ഈ കഷായത്തിലേക്ക് വെണ്ടയ്ക്ക സൂപ്പും ചേർത്ത് ചൂടാക്കി നാഴിയാക്കി വറ്റിച്ചെടുത്ത് അരിച്ച് കാലത്തും വൈകിട്ടും ഓരോ തുടം വീതം കഴിച്ചാൽ വിട്ടുമാറാത്ത നടുവേദന മാറും .
കുറുന്തോട്ടി സമൂലം പച്ചയ്ക്ക് അരച്ച് പിഴിഞ്ഞ് നീരെടുത്ത് അതിന്റെ നാലിലൊന്ന് നല്ലെണ്ണയും ചേർത്ത് കാച്ചി എല്ലാവിധ വാതരോഗങ്ങൾക്കും ഒരു ബാഹ്യലേപനമായി ഉപയോഗിക്കാം .കൂടാതെ വാതപ്രധാനമായ തലവേദനയ്ക്കും ഉത്തമമാണ് .
20 ഗ്രാം കുറുന്തോട്ടിയുടെ വേരും. 30 ഗ്രാം അമൃതും .10 ഗ്രാം ദേവതാരം എന്നിവ പാൽകഷായം വച്ചു കഴിച്ചാൽ രക്തവാതം ശമിക്കും.കുറുന്തോട്ടി ,കരിനൊച്ചി ,വെളുത്തുള്ളി എന്നിവ ഒരേ അളവിൽ എടുത്ത് കഷായമുണ്ടാക്കി ദിവസം രണ്ടുനേരം അരത്തുടം വീതം കഴിക്കുന്നതും രക്തവാതത്തിന് നല്ലതാണ് .
ഗർഭിണികൾ ഒന്നാം മാസം മുതൽ കുറുന്തോട്ടി കഷായത്തിൽ പാൽ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിനും സുഖപ്രസവത്തിനും നല്ലതാണ് .കുറുന്തോട്ടി വേര് ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ വീതം പാലിൽ ചേർത്ത് കാച്ചി ദിവസവും കഴിച്ചാൽ ഗർഭസ്ഥശിശുവിന് നല്ല പോഷണം കിട്ടാനും സുഖപ്രസവത്തിനും നല്ലതാണ്.
കുറുന്തോട്ടി ഇടിച്ചുപിഴിഞ്ഞ നീരിൽ അരിയിട്ടു വേവിച്ചെടുക്കുന്ന കഞ്ഞി ഗർഭിണികൾ കഴിക്കുന്നത് ആരോഗ്യത്തിനും സുഖപ്രസവത്തിനും നല്ലതാണ് .ആയിരം കുറുന്തോട്ടി അകത്തു ചെന്നാൽ "ആവൂ " എന്നു പറയുമ്പോഴേക്കും പ്രസവിക്കും എന്നാണ് പഴഞ്ചൊല്ല് .
കുറുന്തോട്ടി വേര് കഷായം ഉണ്ടാക്കി അരിച്ചെടുത്ത് അതിൽ അത്രയും തന്നെ പാൽ ചേർത്ത് പാലിന്റെ അളവിൽ വീണ്ടും വറ്റിച്ചെടുത്ത് രാവിലെയും വൈകിട്ടും ദിവസം 2 നേരം എന്ന കണക്കിൽ അഞ്ചാം മാസം മുതൽ പ്രസവം വരെ ഗർഭിണികൾ പതിവായി കഴിച്ചാൽ സുഖപ്രസവം ഉണ്ടാകും .കൂടാതെ ശരീരക്ഷീണം ,വലിച്ചിൽ എന്നിവ മാറുകയും നല്ല ഉറക്കം കിട്ടുകയും ചെയ്യും . കുറുന്തോട്ടി വേര് ,കൂവളത്തിൻ വേര് എന്നിവ പാൽകഷായമുണ്ടാക്കി കഴിച്ചാൽ ഗർഭിണികളിലെ വയറുവേദന ശമിക്കും .
കുറുന്തോട്ടി വേര് ,കൂവളത്തിൻ വേര് എന്നിവ കൊണ്ട് കഷായമുണ്ടാക്കി എണ്ണയും, നെയ്യും ,ശർക്കരയും ചേർത്ത് പ്രസവിച്ച സ്ത്രീകൾ 12 ദിവസം കഴിക്കുന്നത് നല്ലതാണ് .
കുറുന്തോട്ടി കഷായം കഴിക്കുന്നത് സ്ത്രീകളിലെ വെള്ളപോക്ക് മാറാൻ നല്ലതാണ് .കുറുന്തോട്ടിയുടെ വേരിൻമേൽ തൊലി ഉണക്കിപൊടിച്ചു പാലിൽ കലക്കി പഞ്ചസാരയും ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ സ്ത്രീകളിലെ അസ്ഥിശ്രാവം അഥവാ വെള്ളപോക്ക് മാറിക്കിട്ടും .
കുറുന്തോട്ടിയുടെ വേരിൻമേൽ തൊലി ഉണക്കിപൊടിച്ചു പാലിൽ കാച്ചി കുടിച്ചാൽ നാഡി രോഗങ്ങൾ മാറിക്കിട്ടും .കുറുന്തോട്ടി വേര് പാലിൽ അരച്ചുണക്കി പൊടിച്ച് നെയ്യും ,തേനും വിത്യസ്ത അളവിൽ ചേർത്ത് ഒരു മാസത്തോളം തുടർച്ചയായി കഴിച്ചാൽ ധാതുശക്തി വർധിക്കുകയും യൗവനം തിരിച്ചുകിട്ടുകയും ചെയ്യും .ലൈംഗിക താൽപര്യങ്ങൾ വർദ്ധിപ്പിക്കാൻ കുറുന്തോട്ടി വളരെ നല്ലൊരു മരുന്നാണ് .കുറുന്തോട്ടിയുടെ നീര് ദിവസവും രണ്ടു സ്പൂൺ വീതം കഴിക്കുന്നത് ലൈംഗിക താൽപര്യം വർധിപ്പിക്കാൻ ഒരു ഉത്തമ ഔഷധമാണ്.
കുറുന്തോട്ടിയുടെ വിത്ത് ഇടിച്ചുപിഴിഞ്ഞ നീര് കഴിച്ചാൽ പുരുഷന്മാരിലെ സ്വപ്നസ്ഖലനം മാറിക്കിട്ടും .കുറുന്തോട്ടി വേര് ,ഞെരിഞ്ഞിൽ ,വയൽച്ചുള്ളി വിത്ത് ,ശതാവരിക്കിഴങ്ങ് ,നായ്‌ക്കരുണ എന്നിവ പൊടിച്ച് രാത്രിയിൽ കിടക്കാൻ നേരം കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗീകശക്തി വർദ്ധിക്കും .കുറുന്തോട്ടിയുടെ വേര് ഉണക്കി പൊടിച്ച് നെയ്യിൽ ചാലിച്ച് ലിംഗത്തിൽ ലേപനം ചെയ്താൽ ഉദ്ധാരണശക്തി വർധിക്കും .
കുറുന്തോട്ടി പാൽക്കഷായം : കുറുന്തോട്ടിയുടെ വേര് നല്ലതുപോലെ കഴുകി വൃത്തിയാക്കി ചതച്ചെടുക്കുക. ശേഷം ഒരു കോട്ടൺ തുണിയിൽ കിഴികെട്ടി അഞ്ചു ഗ്ലാസ് വെള്ളവും ഒരു ഗ്ലാസ് പാലും ഒരു മൺപാത്രത്തിൽ എടുക്കുക. കിഴികെട്ടി വെച്ചിരിക്കുന്ന കുറുന്തോട്ടി ഇതിലിട്ട് വളരെ ചെറിയ ചൂടിൽ ഒരു ഗ്ലാസ് ആയി വറ്റിച്ചെടുക്കുക .ശേഷം 50 മില്ലി വെച്ച് ദിവസവും കഴിക്കാവുന്നതാണ് .ഇത് പുരുഷന്മാരുടെ ലൈംഗിക ശേഷിക്കുറവിന് വളരെ നല്ലതാണ് . സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്കിനും കുറുന്തോട്ടി പാൽക്കഷായം കഴിക്കുന്നത് വളരെ നല്ലതാണ്.
കുറുന്തോട്ടി സമൂലം കഷായം വച്ച് 30 മില്ലി വീതം ദിവസം മൂന്നു നേരം എന്ന കണക്കിൽ പതിവായി കഴിച്ചാൽ മൂലക്കുരു ശമിക്കും .ഈ കഷായം ഗൊണേറിയ്ക്കും നല്ലതാണ് . കുറുന്തോട്ടി സമൂലം ഇടിച്ചു പിഴിഞ്ഞ തെളിനീര് ഉള്ളിൽ കഴിക്കുന്നത് മൂലക്കുരുവിന് ഫലപ്രദമായ മരുന്നാണ് . കുറുന്തോട്ടിയുടെ പച്ചില വേവിച്ച് കഴിക്കുന്നത് രക്താർശ്ശസിന് നല്ലതാണ് .
കുറുന്തോട്ടി വേരും ചുക്കും കൂടി കഷായമുണ്ടാക്കി കഴിച്ചാൽ പനിക്കും വിറയലോടുകൂടിയ പനിക്കും ഉത്തമമാണ് .കുറുന്തോട്ടി വേര് ,ഉഴുന്ന് ,ദേവതാരം എന്നിവ ചേർത്ത് കഷായമുണ്ടാക്കി കഴിച്ചാൽ ഹൃദ്രോഗം ശമിക്കും .
കുറുന്തോട്ടിയുടെ വേരിന്റെ നീര് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയുന്നതാണ് .കുറുന്തോട്ടി പച്ചയ്ക്ക് അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന കുരുക്കൾ മാറിക്കിട്ടും .
കുറുന്തോട്ടി ഉണക്കിപ്പൊടിച്ച് തേനിൽ കുഴച്ച് പാലിൽ കലക്കി രാത്രിയിൽ കിടക്കാൻ നേരം കഴിക്കുന്നത് ഹീമോഫീലിയ രോഗത്തിന് ഉത്തമമാണ് .
കുറുന്തോട്ടി വേരുകൊണ്ട് പാൽക്കഷായമുണ്ടാക്കി അതിൽ അമുക്കുരവും പൊടിച്ചുചേർത്ത് പഞ്ചസാരയോ തേനോ ചേർത്ത് കഴിക്കുന്നത് ശരീരക്ഷതത്തിനും ,ക്ഷയത്തിനും നല്ലതാണ് .
മുടിക്ക് നല്ല കറുപ്പ് നിറം കിട്ടാനും, കട്ടി കൂടാനും , മുടിക്ക് നല്ല മൃദുത്വം കിട്ടാനും , മുടി കൊഴിച്ചിൽ മാറാനും കുറുന്തോട്ടി താളി ദിവസവും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. താളി തയ്യാറാക്കാനായി കുറുന്തോട്ടിയുടെ ഇലയും തളിർത്ത തണ്ടും എടുത്തു അതിലേക്ക് തലേദിവസത്തെ കഞ്ഞി വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് തലയിൽ നന്നായി തേച്ച് പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം കഴുകി കളയാം.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള ഒന്നു കൂടിയാണ് കുറുന്തോട്ടി. കുറുന്തോട്ടി വേരും ,ഇലയും, തണ്ടും സമൂലം ഇടിച്ചുപിഴിഞ്ഞ് നീര് 10 മില്ലി വീതമോ ,കുറുന്തോട്ടി സമൂലം ഉണക്കി പൊടിച്ചത് 3 ഗ്രാം വീതമോ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും .മാത്രമല്ല മഴക്കാലത്തുണ്ടാകുന്ന പനിയിൽ നിന്നും ജലദോഷത്തിൽ നിന്നും മോചനം നൽകാൻ കുറുന്തോട്ടിക്ക് കഴിവുണ്ട്.
ശ്രദ്ധിക്കുക: മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരമ്പരാഗത ചികിത്സാ രീതികളാണ്. കുറുന്തോട്ടി ഔഷധമായി അകത്തേക്ക് കഴിക്കുമ്പോൾ ഒരു വിദഗ്ദ്ധനായ ആയുർവേദ ഡോക്ടറുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്

