ചർമ്മരോഗങ്ങൾ ,മുറിവുകൾ ,മുലപ്പാൽ വർധന ,പനി മുതലായവയുടെ ചികിത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് എരുമനാക്ക് .കേരളത്തിൽ ഇതിനെ കാട്ടത്തി .പേയത്തി ,പാറകം തുടങ്ങിയ പേരുകളിലും അറിയപ്പെടും .സംസ്‌കൃതത്തിൽ കാകോദുംബരികാ ,യജ്ഞാംഗം ,അജാജി ,ഖരപത്രീ ,സദാഫലഃ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
Botanical name : Ficus hispida.
Family : Moraceae (Mulberry family).
Synonyms : Ficus compressa, Covellia hispida ,Ficus oppositifolia.
വിതരണം .
ഇന്ത്യയിലുടനീളം വനങ്ങളിലും ചതുപ്പു പ്രദേശങ്ങളിലും എരുമനാക്ക് വളരുന്നു .കല്ലിടകളിലും കിണറിൻ പടവുകളിലും തഴച്ചുവളരുന്ന ഇവ സർവ്വസാധാരണമായി കേരളത്തിലെങ്ങും കണ്ടു വരുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്ക ,ചൈന ,മലയ എന്നീ രാജ്യങ്ങളിൽ എരുമനാക്ക് കാണപ്പെടുന്നു .
രൂപവിവരണം .
സാമാന്യം ഉയരത്തിൽ വളരുന്ന ഒരു ചെറു വൃക്ഷമാണ് എരുമനാക്ക് .അത്തിയുടെ കുടുംബത്തിൽ പെട്ടതാണ് ഈ സസ്യം .ഇവയിൽ നിറയെ ഇലകളും ശാഖകളുമുണ്ട് .ഇലകൾക്ക് നല്ല പരുപരുപ്പുള്ളതാണ് .ഇലയുടെ അടിവശം രോമാവൃതമാണ് . ഇത്തരത്തിലുള്ള ഇലകളായതിനാലാണ് എരുമനാക്ക് എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .
ഈ സസ്യത്തിന്റെ പുറംതൊലിക്ക് നല്ല ചാരനിറമാണ് .വെട്ടുപാടിന് പിങ്ക് നിറമായിരിക്കും .തൊലിയുടെ ഉൾവശം വെള്ളനിറമാണ് .ഈ സസ്യത്തിൽ ക്രീം നിറത്തിലുള്ള കറ ധാരാളമായി അടങ്ങിയിരിക്കുന്നു .ഇതിന്റെ തണ്ടിന്റെ ഉൾവശം ഈറ്റ പോലെ പൊള്ളയായിരിക്കും.
പൂങ്കുല ഒറ്റയ്ക്കോ കൂട്ടമായോ ഉണ്ടാകുന്നു .ഇവയുടെ നെല്ലിക്ക പോലെയുള്ള കായകൾ ആദ്യം പച്ചനിറത്തിലും വിളഞ്ഞു കഴിയുമ്പോൾ മങ്ങിയ പച്ച നിറത്തിലും കാണപ്പെടുന്നു .ഫലത്തിനുള്ളിൽ ധാരാളം വിത്തുകൾ ഉണ്ടായിരിക്കും ഫലത്തിൽ പാൽ പോലെയുള്ള കറയുണ്ട് .മുള്ളൻ പന്നിയുടെ ഇഷ്ട്ട ഭക്ഷണമാണ് ഇവയുടെ കായകൾ .അത്തി, ഇത്തി ,തേരകം ,തൊണ്ടി ,ഈ നാലു ഇനം വൃക്ഷങ്ങളുടെയും ഇലകളും കായ്കളും ഏകദേശം ഒരേ ആകൃതിയാണ് .
എരുമനാക്കിന്റെ ഉപയോഗങ്ങൾ .
എരുമനാക്കിന്റെ തടിക്ക് ഈടും ബലവുമില്ല അതിനാൽ തടികൊണ്ട് യാതൊരു പ്രയോജനവുമില്ല .യജ്ഞങ്ങളിൽ എരുമനാക്കിന്റെ വിറക് ഉപയോഗിക്കുന്നുണ്ട് അതിനാൽ യജ്ഞാംഗം എന്നും .വർഷം മുഴുവൻ ഈ സസ്യത്തിൽ ഫലങ്ങൾ കാണുന്നതിനാൽ സദാഫലഃ എന്ന പേരുകളിലും സംസ്‌കൃതത്തിൽ അറിയപ്പെടുന്നു .
പണ്ടുകാലങ്ങളിൽ ആനക്കൊമ്പ് പോളിഷ് ചെയ്യാൻ ഇതിന്റെ ഇല ഉപയോഗിച്ചിരുന്നു . നാട്ടിൻപുറങ്ങളിൽ പശു ,ആട് എന്നിവയുടെ പ്രസവ ശേഷം മറുപിള്ള പോകാനായി ഇതിന്റെ ഇലകൾ അവയ്ക്ക് ഭക്ഷിക്കാൻ കൊടുക്കുമായിരുന്നു .കൂടാതെ പാത്രങ്ങൾ ചാരമുപയോഗിച്ച് ഉരച്ചു കഴുകാനും ഇതിന്റെ ഇല ഉപയോഗിച്ചിരുന്നു . ഇതിന്റെ കായകൾ ഉണക്കിപ്പൊടിച്ച് കന്നുകാലികൾക്ക് കൊടുത്താൽ അവയുടെ കറവ പറ്റും എന്ന് പറയപ്പെടുന്നു .
പ്രാദേശികനാമങ്ങൾ .
Common name : Hairy Fig, Opposite-leaved fig-tree,Devil fig, Rough-leaved fig.
Malayalam : Erumanakku, Kattatthi, Parakam, Peyatti, Thonditherakam, Thondi.
Hindi: Gobla, Kagsha, Kala umbar, Katgularia, Phalgu.
Tamil : Peyatti .
Telugu : Bomma medi.
Kannada: Kaadatthi, Adavi atthi, Kallatthi.
Marathi : Bokeda, Bokhada, Bokheda.
Gujarati : Dhed umbar.
ഔഷധയോഗ്യഭാഗങ്ങൾ .
ഫലം ,പട്ട ,വേര് ,കറ .
രസാദിഗുണങ്ങൾ .
രസം-കഷായം, മധുരം.
ഗുണം-രൂക്ഷം, ഗുരു.
വീര്യം-ഉഷ്ണം.
വിപാകം-മധുരം.
എരുമനാക്കിന്റെ ഔഷധഗുണങ്ങൾ .
രക്തം ശുദ്ധീകരിക്കും .മുലപ്പാൽ വർധിപ്പിക്കും .ശരീരശക്തി വർദ്ധിപ്പിക്കുകയും ശരീരത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യും . ചർമ്മരോഗങ്ങൾ ,സോറിയാസിസ്, കരപ്പൻ , വട്ടച്ചൊറി ,വെള്ളപ്പാണ്ട് ,വ്രണങ്ങൾ , മുറിവുകൾ ,രക്തസ്രാവം ,ശരീരം ചുട്ടുനീറ്റൽ എന്നിവയ്ക്കും നല്ലതാണ് ,പനി ,ഇടവിട്ടുണ്ടാകുന്ന പനി ,വയറിളക്കം ,മഞ്ഞപ്പിത്തം , മൂലക്കുരു ,വയറുവേദന ,വിശപ്പില്ലായ്‌മ ,വിരശല്യം ,വിളർച്ച എന്നിവയ്ക്കും നല്ലതാണ് ,ഗർഭരക്ഷയ്ക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
എരുമനാക്ക് ചേരുവയുള്ള ആയുർവേദ ഔഷധങ്ങൾ .
മഹാപഞ്ചഗവ്യഘൃതം (Mahapanchagavya Ghritam).
പനി ,ചുമ ,അപസ്‌മാരം ,ഫിഷർ ,ഫിസ്റ്റുല ,കരൾരോഗങ്ങൾ ,വിളർച്ച ,മാനസികരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ മഹാപഞ്ചഗവ്യഘൃതം ഉപയോഗിക്കുന്നു .
ഗോജിഹ്വാദി കഷായം (Gojihwadi kashayam).
പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് മുതലായവയുടെ ചികിൽത്സയിൽ ഗോജിഹ്വാദി കഷായം ഉപയോഗിക്കുന്നു .
എരുമനാക്കിന്റെ ചില ഔഷധപ്രയോഗങ്ങൾ .
എരുമനാക്കിന്റെ പഴുക്കാത്ത കായ ഇടിച്ചു പിഴിഞ്ഞ നീരിൽ ശർക്കരയും ചേർത്ത് കഴിക്കുന്നത് വെള്ളപ്പാണ്ടിന് ഔഷധമാണ് .തൊലി കഷായമുണ്ടാക്കി കഴിക്കുന്നത് പനി മാറാൻ നല്ലതാണ് .എരുമനാക്കിന്റെ ഫലത്തിൽ നിന്നും കിട്ടുന്ന കറ പുറമെ പുരട്ടിയാൽ പുഴുക്കടി മാറും .ഈ കറ മുറിവിൽ പുരട്ടിയാൽ മുറിവ് വേഗം കരിയും ,ഈ കറ പ്രമേഹ രോഗികളിലെ ഉണങ്ങാത്ത മുറിവുകൾക്കും നല്ലതാണ് .എരുമനാക്കിന്റെ ഇല എണ്ണ കാച്ചി പുരട്ടുന്നത് ത്വക്ക് രോഗങ്ങൾ മാറാൻ നല്ലതാണ് .ഇല അരച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ച് പുരട്ടുന്നത് കുഴിനഖം മാറാൻ നല്ലതാണ് .
എരുമനാക്കിന്റെ വേര് അരച്ച് പുറമെ പുരട്ടുന്നത് കരപ്പൻ മാറാൻ നല്ലതാണ് .എരുമനാക്കിന്റെ പഴുത്ത പഴം തേനുമായി ചേർത്ത് കഴിക്കുന്നത് ആർത്തവ സമയത്തെ അമിത രക്തസ്രാവം നിയന്ത്രിക്കുന്നതിന് നല്ലതാണ്. എരുമനാക്കിന്റെ വേര് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം മോരിൽ ചേർത്ത് കഴിച്ചാൽ വിശപ്പില്ലായ്‌മ മാറിക്കിട്ടും .ദഹനക്കേടിനും നല്ലതാണ് .എരുമനാക്കിന്റെ പഴുത്ത പഴം കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാരിലെ മുലപ്പാൽ വർധിപ്പിക്കാൻ നല്ലതാണ് .ഈ പഴം ശരീരശക്തി വർദ്ധിപ്പിക്കുകയും ശരീരത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യും.
ALSO READ : എരുക്ക് ആസ്മയ്ക്കും അലർജിക്കും ഔഷധം .
എരുമനാക്കിന്റെ തൊലിയും മാവിന്റെ തളിരിലയും കൂടി വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വയറിളക്കം മാറാൻ നല്ലതാണ് .തൊലി കഷായമുണ്ടാക്കി കഴിക്കുന്നത് വയറുവേദന ,മഞ്ഞപ്പിത്തം ,മൂലക്കുരു എന്നിവയ്ക്ക് നല്ലതാണ് .എരുമനാക്കിന്റെ വേരും ഉമ്മത്തിന്റെ കായും ചേർത്തരച്ച് അരിക്കാടിയിൽ ചേർത്ത് കഴിച്ചാൽ പേപ്പട്ടി വിഷം ശമിക്കുമെന്ന് പറയപ്പെടുന്നു .എരുമനാക്കിന്റെ കായുടെ കറ അല്പാല്പമായി ദിവസം പലപ്രാവിശ്യമായി കഴിക്കുന്നത് രക്തപിത്തം എന്ന രോഗത്തിന് നല്ലതാണ് .