ഇഞ്ചിയും മഞ്ഞളും പോലെ ഒരു സുഗന്ധ വ്യജ്ഞനമാണ് കച്ചോലം. ആയുർവേദത്തിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ കച്ചോലം ഔഷധമായി ഉപയോഗിക്കുന്നു .കേരളത്തിൽ ചില ഭാഗങ്ങളിൽ കച്ചൂരി ,കച്ചൂരം , പൂലാങ്കിഴങ്ങ് തുടങ്ങിയ പേരുകളിലും അറിയപ്പെടും .സംസ്‌കൃതത്തിൽ ശടി ,കാൽപ്പകഃ , ചണ്ഡാ ,ഗന്ധമൂലകഃ എന്നീ പേരുകളിൽ അറിയപ്പെടുന്നു .
Botanical name : Kaempferia galanga.
Family : Zingiberaceae (Ginger family).
വിതരണം ,
കച്ചോലം പ്രധാനമായി കാണപ്പെടുന്നത് ഇന്ത്യ ,ചൈന, തായ്‌വാൻ,കമ്പോഡിയ എന്നിവിടങ്ങളിലാണ് .കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും സാധാരണ ഔഷധാവശ്യങ്ങൾക്ക് നട്ടുവളർത്തുന്നു .കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു .
സസ്യവിവരണം .
നിലംപറ്റി വളരുന്ന ഒരു ഔഷധി .ഇലകൾക്ക് ഏകദേശം 10 സെ.മീ നീളവും 6 -8 സെ.മീ വീതിയും കാണും . ഇലയ്ക്ക് നല്ല സുഗന്ധമുണ്ട് .മൂന്നോ നാലോ ഇലകൾ പ്രകന്ദത്തിൽ നിന്നും ഉണ്ടാകുന്നു .ഇവയുടെ വെള്ള നിറത്തിലുള്ള പൂക്കളിൽ പാടലനിറത്തിലുള്ള പൊട്ടുകൾ കാണാം .പൂക്കൾ രാവിലെ വിരിഞ്ഞാൽ ഉച്ചയോടുകൂടി വാടിപ്പോകുന്നു .ഈ സസ്യത്തിന്റെ മൂട്ടിൽ വേരുകൾക്കൊപ്പം കിഴങ്ങുകളും ഉണ്ടാകുന്നു .കിഴങ്ങിന് കർപ്പൂരത്തിന്റെ സമാനമായ രൂക്ഷഗന്ധമുണ്ട് .
കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളിൽ കൂടുതലും കച്ചോലമായി ഉപയോഗിക്കുന്നത് hedychium spicatum എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യത്തെയാണ് .
രാസഘടകങ്ങൾ .
കച്ചോലത്തിന്റെ കിഴങ്ങിൽ ആൽക്കലോയിഡുകൾ ,സ്റ്റാർച്ച് , സുഗന്ധദ്രവ്യം ,തൈലം തുടങ്ങിയവ അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
Common name : Aromatic Ginger,Sand ginger , Lesser galangal , Resurrection lily.
Malayalam Name : Kacholam, Kachoori.
Hindi : Chandramula.
Marathi : Kachri.
Tamil : Kacholum.
Kannada : Kachchura.
Bengali : Ekang.
ഔഷധയോഗ്യഭാഗം .
കിഴങ്ങ് .
രസാദിഗുണങ്ങൾ .
രസം : തിക്തം,കടു.
ഗുണം : ലഘു,തീക്ഷ്ണം.
വീര്യം : ഉഷ്ണം.
വിപാകം : കടു.
കച്ചോലത്തിന്റെ ഔഷധഗുണങ്ങൾ .
രക്തം ശുദ്ധീകരിക്കും .വായുകോപം ശമിപ്പിക്കുകയും ദഹനം വർധിപ്പിക്കുകയും ചെയ്യും .ഉദര വിരകളെ നശിപ്പിക്കും .ലൈംഗീകശക്തി വർധിപ്പിക്കും .പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,തലവേദന ,സൈനസൈറ്റിസ് എന്നിവയ്ക്കും നല്ലതാണ് .ചർമ്മരോഗങ്ങൾ ,വാതരോഗങ്ങൾ ,സന്ധിവേദന, മുറിവുകൾ എന്നിവയ്ക്കും നല്ലതാണ് .നേത്രരോഗങ്ങൾ ,പ്ലീഹാരോഗങ്ങൾ , മുഴകൾ, മലേറിയ എന്നിവയ്ക്കും നല്ലതാണ് .സ്വരം നന്നാക്കും .വായ്‌നാറ്റം ഇല്ലാതാക്കും .മൂത്രത്തിൽ കല്ലിനെ അലിയിച്ചു കളയും .ഛർദ്ദി ശമിപ്പിക്കും .വയറിളക്കം ,വയറുവേദന എന്നിവയ്ക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
കച്ചോലം ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
കച്ചുരാദി ചൂർണം (Kachuradi Churnam)..
പനി ,ചുമ ,തലവേദന ,തലകറക്കം ,ഉറക്കക്കുറവ് ,ഉത്കണ്ഠ എന്നിവയുടെ ചികിത്സയിൽ കച്ചുരാദി ചൂർണം ഉപയോഗിക്കുന്നു .ഇത് ബാഹ്യ ഉപയോഗത്തിന് മാത്രമാണ് .
തുംഗദ്രുമാദി തൈലം (Thungadrumadi Tailam.).
തലവേദന ,നേത്രരോഗങ്ങൾ ,ഉറക്കക്കുറവ് എന്നിവയുടെ ചികിത്സയിൽ തുംഗദ്രുമാദി തൈലം ഉപയോഗിക്കുന്നു .ഇത് ബാഹ്യ ഉപയോഗത്തിന് മാത്രമാണ് .
ഏലാദി കേര തൈലം (Eladi Kera Tailam ).
ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു എണ്ണയാണ് ഏലാദി കേര തൈലം.പുഴുക്കടി ,ചർമ്മ അലർജി ,സ്കാബീസ് ,ചൊറി തുടങ്ങിയ മറ്റു ത്വക്ക് രോഗങ്ങളുടെ ചിൽത്സയിലും ചർമ്മത്തിന്റെ നിറം വർധിപ്പിക്കുന്നതിനും ഏലാദി കേര തൈലം ഉപയോഗിക്കുന്നു .കൂടാതെ മോണരോഗങ്ങൾ ,ദന്തരോഗങ്ങൾ ,ചെവിവേദന തുടങ്ങിയവയ്ക്കും ഡോക്ടർമാർ ഈ ഔഷധം നിർദ്ദേശിക്കുന്നു .വെളിച്ചെണ്ണയിൽ തയാറാക്കുന്നതിനെ ഏലാദി കേര തൈലം എന്നും എള്ളെണ്ണയിൽ തയാറാക്കുന്നതിനെ ഏലാദി തൈലം എന്നും അറിയപ്പെടുന്നു .
നാല്‍പാമരാദി തൈലം (Nalpamaradi Tailam).
ചർമ്മസംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു എണ്ണയാണ് നാല്‍പാമരാദി തൈലം.നാല്പാമരാദി തൈലവുമുണ്ട് നാല്പാമരാദി കേര തൈലവുമുണ്ട് .എള്ളണ്ണയിൽ തയാറാക്കുന്നതിനെ നാല്‍പാമരാദി തൈലമെന്നും വെളിച്ചെണ്ണയിൽ തയാറാക്കുന്നതിനെ നാല്പാമരാദി കേര തൈലമെന്നും അറിയപ്പെടുന്നു .ചൊറി ,ചിരങ്ങ് ,കരപ്പൻ ,കുഷ്ടം എന്നിവയുൾപ്പടെ എല്ലാ ചർമ്മരോഗങ്ങൾക്കും ഉപയോഗിക്കാം .കൂടാതെ ചർമ്മസൗന്ദര്യം വർധിപ്പിക്കാനും ഉപയോഗിക്കാം .മുഖക്കുരു ,മുഖത്തെ കറുത്തപാടുകൾ ,കരുവാളിപ്പ് എന്നിവയെല്ലാം ഇല്ലാതാക്കി മുഖത്തിന്റെ നിറം വർധിപ്പിക്കാനും നാല്‍പാമരാദി തൈലം ഉപയോഗിക്കാം .
ത്രിഫലാദി കേരതൈലം -Thriphaladi Kera Tailam.
തലവേദന ,സൈനസൈറ്റിസ് ,മൂക്കൊലിപ്പ് ,തുമ്മൽ ,എന്നിവയുടെ ചികിൽത്സയിലും .മുടികൊഴിച്ചിൽ അകാലനര എന്നിവയുടെ ചികിൽത്സയിലും തിഫലാദി കേരതൈലം ഉപയോഗിക്കുന്നു .കൂടാതെ കഴുത്ത് ,കണ്ണ് ,ചെവി ,തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളുടെയും ചികിൽത്സയിലും ത്രിഫലാദി കേരതൈലം ഉപയോഗിക്കുന്നു .
ബലാധാത്ര്യാദി തൈലം (Baladhathryadi Tailam) .
തലവേദന ,ശരീരം പുകച്ചിൽ ,തലപുകച്ചിൽ ,കണ്ണ് പുകച്ചിൽ ,സന്ധിവാതം മുതലായവയുടെ ചികിൽത്സയിൽ ബലാധാത്ര്യാദി തൈലം ഉപയോഗിച്ചു വരുന്നു .
വലിയഭൃംഗാമലകാദി തൈലം (Valiya Bhringamalakadi Tailam).
ഉറക്കക്കുറവ് ,തലവേദന, വിഷാദം, മുടികൊഴിച്ചിൽ മുതലായവയ്ക്ക് വലിയഭൃംഗാമലകാദി തൈലം ഉപയോഗിക്കുന്നു .
കുന്തളകാന്തി തൈലം ( Kuntalakantitailam).
മുടികൊഴിച്ചിൽ ഇല്ലാതാക്കാനും ,മുടിക്ക് നല്ല ഉള്ള് വെയ്ക്കാനും ,മുടിക്ക് നല്ല കറുപ്പു നിറം കിട്ടാനും കുന്തളകാന്തി തൈലം ഉപയോഗിക്കുന്നു .
അസനേലാദി കേരതൈലം (Asanailadi Kera Tailam).
തലവേദന ,തിമിരം തുടങ്ങിയവയുടെ ചികിത്സയിൽ അസനേലാദി കേരതൈലം ഉപയോഗിക്കുന്നു .
നാഗരാദി തൈലം (Nagaradi Tailam).
ചെവി വേദന ,ചെവിയിലെ മൂളൽ തുടങ്ങിയ കഴുത്തിനു മുകളിലുണ്ടാകുന്ന രോഗങ്ങളുടെ ചികിൽത്സയിൽ നാഗരാദി തൈലം ഉപയോഗിക്കുന്നു .
മഞ്ജിഷ്ഠാദി ക്വാതം - Manjishthadi Kwatham.
വിട്ടുമാറാത്ത ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മഞ്ജിഷ്ഠാദി ക്വാതം.സോറിയാസിസ് ,എക്സിമ,,ചർമ്മത്തിലെ ചൊറിച്ചിൽ ,ഉണങ്ങാത്ത മുറിവുകൾ ,വെരിക്കോസ് അൾസർ മുതലായവയുടെ ചികിൽത്സയിൽ മഞ്ജിഷ്ഠാദി ക്വാതം ഉപയോഗിച്ചുവരുന്നു .
ഹിമസാഗര തൈലം (Himasagara Tailam).
വാതസംബന്ധമായി ഉണ്ടാകുന്ന വേദന ,പുകച്ചിൽ ,ശരീരവേദന ,തോള് ,കഴുത്ത് എന്നിവിടങ്ങളിലുണ്ടാകുന്ന വേദന, മരവിപ്പ് .എന്നിവയുടെ ചികിൽത്സയിലും .ഉറക്കക്കുറവ് ,മാനസിക രോഗങ്ങൾ ,അമിത കോപം .മുടികൊഴിച്ചിൽ ,അകാല നര എന്നിവയുടെ ചിൽത്സയിലും ഹിമസാഗര തൈലം ഉപയോഗിച്ചു വരുന്നു .ഈ തൈലം പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .
വലിയ കർപ്പൂരാദി ചൂർണ്ണം (Valiya Karpuradi Churnam).
ചുമ ,ആസ്മ ,ദഹനക്കേട് ,വയറിളക്കം ,ഛർദ്ദി മുതലായവയുടെ ചികിത്സയിൽ വലിയ കർപ്പൂരാദി ചൂർണ്ണം ഉപയോഗിക്കുന്നു .
ചെറിയ നാരായണ തൈലം (Cheriya Narayana Tailam).
സന്ധിവാതം ,നാഡി രോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് ചെറിയ നാരായണ തൈലം.
മഹാകുക്കുടുമാംസ തൈലം (Mahakukkutamamsa Tailam).
പക്ഷാഘാതം ,മുഖ പക്ഷാഘാതം,പാർക്കിൻസൺസ്,സയാറ്റിക്ക ,ഫ്രോസണ്‍ ഷോള്‍ഡര്‍ തുടങ്ങിയവയുടെ ചികിത്സയിലും തലവേദന ,കൈകാൽ വേദന ,നേത്രരോഗങ്ങൾ ,കേൾവിക്കുറവ് തുടങ്ങിയവയുടെ ചികിത്സയിലും പുരുഷ വന്ധ്യതയുടെ ചികിത്സയിലും മഹാകുക്കുടുമാംസ തൈലം ഉപയോഗിക്കുന്നു .
അമൃതാദി തൈലം (Amritadi Tailam).
വാതസംബദ്ധമായ രോഗങ്ങളുടെ ചികിത്സയിലും. ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് മുതലായവയുടെ ചികിത്സയിലും അമൃതാദി തൈലം ഉപയോഗിക്കുന്നു .
Kottakkal Ayurveda Pain Balm.
സന്ധിവേദന ,പേശിവേദന ,തലവേദന ,പുറംവേദന ,ഉളുക്ക് മുതലായവയ്ക്ക് ഉപയോഗിക്കുന്നു .
കച്ചോലത്തിന്റെ ചില ഔഷധപ്രയോഗങ്ങൾ .
കച്ചോലക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ ചുമ മാറും .ഇത് നീണ്ടു നിൽക്കുന്ന ഛർദ്ദി മാറാനും നല്ലതാണ് .വാഹനങ്ങളിൽ കയറുമ്പോഴുള്ള ഛർദ്ദി ഒഴിവാക്കാൻ കച്ചോലം മണപ്പിച്ചാൽ മതി .കച്ചോലക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് അര ടീസ്പൂൺ വീതം രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ വിരശല്യം മാറിക്കിട്ടും .കച്ചോലവും തുമ്പയും ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നതും വിരശല്യം മാറാൻ നല്ലതാണ് .കച്ചോലം അരച്ച് കാൽവെള്ളയിൽ തേച്ചാൽ തലവേദനയ്ക്ക് ശമനമുണ്ടാകും .കച്ചോലം എണ്ണകാച്ചി നസ്യം ചെയ്യുന്നതും തലവേദന മാറാൻ നല്ലതാണ് .ഈ എണ്ണ തലയിൽ തേയ്ക്കുന്നത് പീനസം മാറാൻ നല്ലതാണ് .
കച്ചോലം ചതച്ച് വേദനയുള്ള ഭാഗത്ത് കടിച്ചു പിടിച്ചാൽ പല്ലുവേദനയ്‌ക്ക് ശമനമുണ്ടാകും .കച്ചോലത്തിന്റെ നീരും ഇഞ്ചി നീരും സമാസമം ചേർത്ത് കഴിച്ചാൽ വയറുവേദന ,ദഹനക്കേട് എന്നിവ മാറിക്കിട്ടും .കച്ചോലം ഒരു ചെറിയ കഷണം അരച്ച് ദിവസവും കഴിച്ചാൽ രക്തം ശുദ്ധീകരിക്കും .ഇത് വിയർപ്പ് മൂലമുണ്ടാകുന്ന ശരീര ദുർഗന്ധം മാറാനും നല്ലതാണ് .കച്ചോലത്തിന്റെ ഇല താളിയാക്കി തലയിൽ പതിവായി തേച്ചുകുളിച്ചാൽ തലയിലെ താരൻ ,പേൻശല്ല്യം എന്നിവ മാറിക്കിട്ടുകയും മുടിക്ക് നല്ല സുഗന്ധം ഉണ്ടാകുകയും ചെയ്യും .
കച്ചോലത്തിൻ്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് 3 ഗ്രാം പൊടി മോരിലോ ,ചൂടുവെള്ളത്തിലോ ചേർത്ത് കഴിച്ചാൽ വയറിളക്കം ,ദഹനക്കേട് മുതലായവ മാറിക്കിട്ടും .കച്ചോലവും ,ഇഞ്ചിയും ഒരേ അളവിൽ അരച്ചു കഴിക്കുന്നത് മൂലക്കുരുവിനു നല്ലതാണ് .കച്ചോലത്തിൻ്റെ കിഴങ്ങ് എണ്ണയിൽ മൂപ്പിച്ച് കിട്ടുന്ന എണ്ണകൊണ്ട് നസ്യം ചെയ്താൽ സൈനസൈറ്റിസ് ശമിക്കും .കച്ചോലനീരും , നാരങ്ങാനീരും ,ഇഞ്ചിനീരും, സമമെടുത്ത് കാൽ ടീസ്പൂൺ വീതം ആഴ്ചയിൽ മൂന്നു പ്രാവശ്യം കുഞ്ഞുങ്ങൾക്ക് കൊടുത്താൽ കുഞ്ഞുങ്ങൾക്ക് മറ്റ് അസുഖങ്ങളൊന്നും വരാതിരിക്കാൻ സഹായിക്കും.
കച്ചോലം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിച്ചാൽ പനി ,മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും .കച്ചോലം അരച്ച് തുളസിയില നീരിലോ നാരങ്ങാ നീരിലോ ചാലിച്ച് നെറ്റിയിൽ പുരട്ടുന്നത് തലവേദന, ജലദോഷം എന്നിവ മാറാൻ നല്ലതാണ് .കച്ചോലം വെറ്റിലയും കൂട്ടി ചവച്ചാൽ വായ്‌നാറ്റം മാറിക്കിട്ടും .ഇത് ദന്തരോഗങ്ങൾ മാറാനും നല്ലതാണ് .കച്ചോലം ,ഇരുവേലി ,ചുക്ക് ,പഞ്ചസാര എന്നിവ അരച്ച് കഴിക്കുന്നത് വിട്ടുമാറാത്ത ചുമയ്ക്കും ആസ്മയ്ക്കും നല്ലതാണ് .കച്ചോലം അരച്ചു കഴിച്ചാൽ വയറുവേദന മാറും .കച്ചോലനീര് ,ഇഞ്ചിനീര് ,ചെറുനാരങ്ങ നീര് എന്നിവ തുല്യ അളവിൽ കുട്ടികൾക്ക് കൊടുക്കുന്നത് അവരുടെ ഉദരസംബന്ധമായ എല്ലാ രോഗങ്ങളും മാറാൻ നല്ലതാണ് .
ALSO READ : എരുമനാക്കിന്റെ ഔഷധഗുണങ്ങൾ .
കച്ചോലം ഉണക്കിപ്പൊടിച്ചത് വേപ്പെണ്ണയിൽ ചാലിച്ച് നെറുകയിൽ പുരട്ടിയാൽ ഉറക്കക്കുറവ് ഉള്ളവർക്ക് നല്ല ഉറക്കം കിട്ടും .മുറിവുണങ്ങാൻ കച്ചോലം അരച്ചു പുരട്ടുന്നത് നല്ലതാണ് .കച്ചോലം അരച്ച് 5 ഗ്രാം വീതം പതിവായി കഴിക്കുന്നത് സ്ത്രീകളിലെ അസ്ഥിസ്രാവം മാറാൻ നല്ലതാണ് .രക്തശുദ്ധിക്കും നല്ലതാണ് .കച്ചോലം അരച്ചു പുരട്ടുന്നത് ഉളുക്കിനും ചതവിനും സന്ധിവേദനയ്ക്കും നല്ലതാണ് .കച്ചോലം ഉണക്കിപ്പൊടിച്ചതിൽ തുളസിയില നീരും ആവണെക്കെണ്ണയും ചേർത്ത് കുഴച്ച് നെറുകയിൽ പുരട്ടുന്നത് ജലദോഷം ,മൂക്കൊലിപ്പ് ,മൂക്കടപ്പ് ,സൈനസൈറ്റിസ് എന്നിവയ്‌ക്കെല്ലാം ആശ്വാസം കിട്ടും .കച്ചോലം ഉണക്കിപ്പൊടിച്ചത് അര ടീസ്പൂൺ വീതം ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് വിശപ്പില്ലായ്‌മ ദഹനക്കേട് എന്നിവ മാറാൻ നല്ലതാണ് .
കച്ചോലം ,തഴുതാമ വേര് ,ചുക്ക് എന്നിവ തുല്യ അളവിൽ കഷായമുണ്ടാക്കി 25 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം വീതം 7 ദിവസം തുടർച്ചായി കഴിച്ചാൽ ആമവാതം ശമിക്കും .കച്ചോലം ,ആവണക്കിൻ വേര് ,കുറുന്തോട്ടി വേര് ,കരിംകുറുഞ്ഞി വേര് ,കൊടിത്തൂവ വേര് ,ആടലോടകത്തിന്റെ വേര് ,അമൃത് ,അരത്ത ,ദേവതാരം ,അതിവിടയം ,മുത്തങ്ങ ,വയൽചുള്ളി ,കൂവളത്തിൻ വേര് എന്നിവ സമമായി എടുത്ത് കഷായമുണ്ടാക്കി എണ്ണയും നെയ്യും മേമ്പൊടി ചേർത്ത് കഴിച്ചാൽ എല്ലാ വാതരോഗങ്ങളും ശമിക്കും .