ഒരു വിഷസസ്യമാണ് എരുക്ക് .ഇതിനെ എരിക്ക് എന്നും അറിയപ്പെടുന്നു .ആയുർവേദത്തിൽ ആസ്മ ,ചുമ ,ചർമ്മരോഗങ്ങൾ ,വീക്കം ,വേദന മുതലായവയുടെ ചികിത്സയിൽ എരുക്ക് ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ Madar എന്ന പേരിലും .സംസ്‌കൃതത്തിൽ അർക്ക ,അളർക്കം ,മന്ദാര ,ക്ഷീരപർണ്ണി ,ഭാസ്കരം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
Botanical name : Calotropis gigantea ,Calotropis procera.
Family : Apocynaceae (Oleander family).
വിതരണം .
ഉഷ്ണമേഖല പ്രദേശങ്ങളിലെ വിജനപ്രദേശങ്ങളിലും ,ശ്മശാനങ്ങളിലും സാധാരണയായി ഈ സസ്യം വളരുന്നു .
സസ്യവിവരണം .
3 മീറ്റർ ഉയരത്തിൽ വരെ നേരെ വളരുന്നതും തണ്ടുകൾക്ക് നല്ല ബലമുള്ളതുമായ ഒരു കുറ്റിച്ചെടിയാണ് എരിക്ക്.പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി ചുവന്ന എരുക്ക് (Calotropis procera ) ,വെള്ള എരുക്ക് (Calotropis gigantea ) എന്നിങ്ങനെ രണ്ടിനങ്ങളുണ്ട്. ചുവന്ന എരുക്കാണ് കേരളത്തിൽ സാധാരണ കാണപ്പെടുന്നത് .
എരിക്കിന്റെ ഇലയ്ക്ക് നല്ല കട്ടിയുള്ളതും പരുക്കനുമാണ് .ഇലകൾ ലഘുവും സമ്മുഖമായി വിന്യസിച്ചിരിക്കുന്നു .ഇലകളുടെ അടിവശം വെള്ള പൂപ്പൽ പോലെ കാണപ്പെടും .ഇവയുടെ ഇലയോ തണ്ടോ ഒടിച്ചാൽ വെളുത്ത പാലുപോലെയുള്ള കറ ഊറിവരും .ഇലയ്ക്കും ,കറയ്ക്കും രൂക്ഷഗന്ധമുണ്ട് .
ഇലകളുടെ കക്ഷത്തുനിന്നും ഏകാന്തരക്രമത്തിൽ പൂക്കളുണ്ടാകുന്നു .പൂക്കൾ കുലകളായിട്ടാണ് ഉണ്ടാകുന്നത് .വെള്ള എരിക്കിന്റെ പൂക്കൾക്ക് മണമുണ്ടായിരിക്കില്ല .എന്നാൽ ചുവന്ന എരിക്കിന്റെ പൂക്കൾക്ക് മണമുണ്ടായിരിക്കും
വെള്ള എരിക്കിന്റെ പൂക്കൾക്ക് 3 -5 സെ.മി വലിപ്പമുണ്ടായിരിക്കും .എന്നാൽ ചുവന്ന എരിക്കിന്റെപൂക്കൾക്ക് 2 സെ.മി വലിപ്പം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ . ഇവ വസന്ത കാലത്ത് പുഷ്പ്പിക്കുകയും വേനൽക്കാലത്ത് കായ ഉണ്ടാകുകയും ചെയ്യുന്നു .വെള്ള എരിക്കിൽ എല്ലാക്കാലവും പൂക്കളുണ്ടായിരിക്കും .
ഇവയുടെ കായകൾക്ക് 7 -10 സെ.മി നീളമുള്ളതും തടിച്ചതും മിനുസമുള്ളതുമായ ഫോളിക്കിളാണ് .ഒരു കായിൽ തന്നെ നിരവധി വിത്തുകൾ കാണും .വിത്തിനോട് ചേർന്ന് സിൽക്ക് പോലെയുള്ള രോമങ്ങളുടെ കൂട്ടമുണ്ട് .അതിനാൽ തന്നെ കാറ്റ് വഴിയാണ് ഈ സസ്യത്തിന്റെ വിത്തുവിതരണം നടക്കുന്നത് .
എരുക്കിന്റെ വിഷഗുണങ്ങൾ .
എരിക്ക് ഒരു വിഷച്ചെടിയാണ് .ഇതിന്റെ കറ, ഇല, വേര്, പുഷ്പം എന്നിവയിലെല്ലാം വിഷാംശം അടങ്ങിയിട്ടുണ്ട് .എരിക്കിൻ കറ ത്വക്കിൽ വീണാൽ ചുവപ്പുനിറവും വീക്കവും പൊള്ളലും ഉണ്ടാകും.എരിക്കിന്റെ ഏതെങ്കിലും ഭാഗം അധിക അളവിൽ ഉള്ളിൽ കഴിച്ചാൽ .ഛർദിയും വയറിളക്കവും ഉണ്ടാകും .കൂടാതെ വിറയൽ ഉണ്ടാകുകയും ചെയ്യും .എരുക്കിന്റെ കറ കണ്ണിൽ വീണാൽ കണ്ണില് നിന്നും വെള്ളമൊലിപ്പിന് കാരണമാകും .കാഴ്ച്ച ശക്തിയേയും ബാധിക്കാം .കറ ഗർഭാശയ മുഖത്ത് പുരണ്ടാൽ ഗർഭഛിദ്രം സംഭവിക്കും .എരുക്കിന്റെ കറയോ വേരോ 10 ഗ്രാമിൽ കൂടുതൽ കഴിച്ചാൽ മാരക വിഷമാണ് മരണം സംഭവിക്കാം . ആയുർവേദത്തിൽ എരുക്കിൻ വിഷത്തിന് മറുമരുന്നായി വയറിളക്കിയ ശേഷം പഞ്ചസാര ലായനിയോ പുളിയില നീരോ കൊടുക്കുന്നു .
എരുക്കിന്റെ ഉപയോഗം .
എരുക്കിന്റെ കായകൾക്കുള്ളിലെ പഞ്ഞി തലയിണ നിറയ്ക്കാൻ ഉപയോഗിക്കാറുണ്ട് .പണ്ടുകാലങ്ങളിൽ ആസ്മയും അലർജിയുംമുള്ളവർ എരുക്കിന്റെ ഇലകൊണ്ട് തലയിണ നിറച്ച് ഉപയോഗിച്ചിരുന്നു . എരിക്കിൻ പൂവ് ശിവ ക്ഷേത്രങ്ങളിൽ പൂജകൾക്കും ഉപയോഗിക്കുന്നു .പണ്ടു കാലത്തു മൃഗങ്ങളെ കൊല്ലുന്നതിനും എരിക്ക് ഉപയോഗിച്ചിരുന്നു . എരിക്കിന്റെ ഗന്ധം പാമ്പുകൾക്ക് സഹിക്കാൻ പറ്റില്ല .പാമ്പുകളെ കൊല്ലുന്നതിനും എരിക്ക് ഉപയോഗിക്കാറുണ്ട്.
രാസഘടകങ്ങൾ .
എരിക്കിന്റെ തൊലിയിലും വേരിന്മേൽ തൊലിയിലും അമേരിൻ ,ജൈജാന്റിയോൾ ,കാലോട്രോപ്പിയോൾ ,എന്നീ മൂന്ന് രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു .എരിക്കിന്റെ വേരിൽ തിക്തരസപ്രധാനമായ ചില രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നു .എരിക്കിന്റെ കറയിൽ പാൽ മുതലായവ പുളിപ്പിക്കാൻ പര്യാപ്തമായ പതാർഥങ്ങളും ,മഡർ ,അൽബാ ,മഡർ ഫ്ലാബിൽ ,റെസിൻ ,കറുത്ത അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു .പ്രായമായ എരിക്കിന്റെ വേരിലാണ് ഏറ്റവും കൂടുതൽ രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നത് .
പ്രാദേശികനാമങ്ങൾ .
English Name - Madar, Crown flower, Giant Milkweed crown.
Malayalam name - Erukku.
Tamil Name - Pellerukku, Erukku .
Hindi Name - Madara, Akavan.
Telugu Name – Jilledu, Mandaram.
Marathi Name - Rui / Akamadar.
Bengali Name - Aakand.
Gujarati Name - Akad, Akado .
രസാദിഗുണങ്ങൾ .
രസം -കടു ,തിക്തം .
ഗുണം -ലഘു ,രൂക്ഷം ,തീക്ഷ്‌ണം ,സരം .
വീര്യം -ഉഷ്ണം .
വിപാകം -കടു .
ഔഷധയോഗ്യഭാഗങ്ങൾ .
വേര് ,വേരിന്മേൽ തൊലി ,കറ ,പൂവ് ,ഇല . .
എരുക്കിന്റെ ഔഷഗുണങ്ങൾ .
എരുക്ക് ഒരു വിഷച്ചെടി ആണെങ്കിലും വിഷത്തിന് മറുമരുന്നായി എരുക്ക് ഉപയോഗിക്കുന്നു .പാമ്പിൻ വിഷത്തിനു മറുമരുന്നായിയാണ് എരുക്ക് ഉപയോഗിക്കുന്നത് ..പാമ്പിൻ വിഷം ശമിപ്പിക്കും .ചർമ്മരോഗങ്ങൾ ,ചൊറി, ചൊറിച്ചിൽ ,ചിരങ്ങ് ,അരിമ്പാറ ,വ്രണങ്ങൾ ,മുറിവ്,രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .സന്ധിവേദന ,നീര്.മുഴ എന്നിവയ്ക്കും നല്ലതാണ് .
ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,ശ്വാസംമുട്ടൽ ,കഫക്കെട്ട് എന്നിവയ്ക്കും നല്ലതാണ് .രക്തം ശുദ്ധീകരിക്കും . ഉദര വിരകളെ നശിപ്പിക്കും .ഉദരരോഗങ്ങൾ ,വായുകോപം ,ദഹനക്കേട് ,വിശപ്പില്ലായ്‌മ എന്നിവയ്ക്കും നല്ലതാണ് .കാമം വർധിപ്പിക്കും ,മൂലക്കുരുവിനും പനിക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
എരുക്ക് ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
വലിയ ചിഞ്ചാദി തൈലം (Valiya Chinchadi Tailam).
വാതരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് വലിയ ചിഞ്ചാദി തൈലം . കൂടാതെ പരിക്കുകൾ മൂലമുണ്ടാകുന്ന വേദന ,ഉളുക്ക് തുടങ്ങിയവയുടെ ചികിത്സയിലും ഈ തൈലം ഉപയോഗിക്കുന്നു .ഇത് പുറമെയുള്ള ഉപയോഗത്തിനു മാത്രമാണ് ഉപയോഗിക്കുന്നത് .
വജ്രക തൈലം (Vajraka Tailam).
ചർമ്മരോഗങ്ങൾ ,വ്രണങ്ങൾ ,കുരുക്കൾ ,ഫിസ്റ്റുല ,വാതരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ വജ്രക തൈലം ഉപയോഗിക്കുന്നു .പുറമെയുള്ള ഉപയോഗത്തിനു മാത്രമാണ് ഈ തൈലം ഉപയോഗിക്കുന്നത് .
ജീവന്ത്യാദി യമകം (Jivantyadi yamakam).
വിവിധ ചർമ്മരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ജീവന്ത്യാദി യമകം.സോറിയാസിസ് ,എക്സിമ ,ചർമ്മ അലർജി ,കാൽപാദം വീണ്ടുകീറുക മുതലായവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .പുറമെയുള്ള ഉപയോഗത്തിനു മാത്രമാണ് ഈ തൈലം ഉപയോഗിക്കുന്നത് .
ദിനേശവല്യാദി കുഴമ്പ് (Dinesavalyadi Kuzhampu).
ചർമ്മരോഗങ്ങൾ ,മുറിവുകൾ എന്നിവയുടെ ചികിൽത്സയിലും ചർമ്മത്തിന്റെ നിറം വർധിപ്പിക്കാനും ദിനേശവല്യാദി കുഴമ്പ് ഉപയോഗിക്കുന്നു .ഇത് പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .
മുസ്താദി മർമ്മകഷായം (Mustadi Marmakashayam) .
അസ്ഥികളുടെ ഒടിവ് ,ഉളുക്ക് ,ക്ഷതം ,ഓസ്റ്റിയോപൊറോസിസ് തുടങ്ങിയവയുടെ ചികിൽത്സയിൽ മുസ്‌താദി മർമ്മകഷായം ഉപയോഗിക്കുന്നു .
അഭ്രഭസ്മം ഗുളിക (Abhra Bhasmam (101) capsule).
ആസ്മ ,പ്രമേഹം ,മൂത്രാശയ രോഗങ്ങൾ ,വിളർച്ച ,ചർമ്മരോഗങ്ങൾ ,രോഗപ്രതിരോധ ശേഷിക്കുറവ് ,ലൈംഗികശേഷിക്കുറവ് എന്നിവയുടെ ചികിൽത്സയിലും സ്ത്രീപുരുഷ വന്ധ്യതാ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
ഭുക്തഞ്ജരി ഗുളിക (Bhukthanjari Gulika).
ദഹനക്കേട് ,വിശപ്പില്ലായ്‌മ എന്നിവയ്ക്കും .ചുമ ,ജലദോഷം ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിത്സയിലും ഭുക്തഞ്ജരി ഗുളിക ഉപയോഗിക്കുന്നു .
സർവാമയാന്തക ഘൃതം (Sarvamayantaka Ghritam).
നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് സർവാമയാന്തക ഘൃതം ,പേരുപോലെ തന്നെ ആയുർവേദത്തിൽ ഒട്ടുമിക്ക രോഗങ്ങളുടെയും ചികിത്സയിലും പഞ്ചകർമ്മ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
നാഗരാദി തൈലം (Nagaradi Tailam).
ചെവി വേദന ,ചെവിയിലെ മൂളൽ തുടങ്ങിയ കഴുത്തിനു മുകളിലുണ്ടാകുന്ന രോഗങ്ങളുടെ ചികിൽത്സയിൽ നാഗരാദി തൈലം ഉപയോഗിക്കുന്നു .
എരുക്കിന്റെ ചില ഔഷധപ്രയോഗങ്ങൾ .
എരുക്കിന്റെ കറ അരിമ്പാറയുടെ മുകളിൽ കുറച്ചുദിവസം പതിവായി പുരട്ടിയാൽ അരിമ്പാറ തനിയെ കൊഴിഞ്ഞും പോകും .ഇത് കാലിലെ ആണിരോഗം മാറാനും വളംകടി മാറാനും നല്ലതാണ് .എരിക്കിൻ കറ പഞ്ഞിയിൽ മുക്കി വേദനയുള്ള ഭാഗത്ത് കടിച്ചു പിടിച്ചാൽ പല്ലുവേദന മാറിക്കിട്ടും .എരുക്കിന്റെ വേര് വായിലിട്ടു ചവയ്ക്കുന്നതും പല്ലുവേദന മാറാൻ നല്ലതാണ് .ഉള്ളിൽ പോകാതെ സൂക്ഷിക്കണം .പുഴുപ്പല്ല് മാറാനും എരിക്കിൻ കറ പുരട്ടുന്നത് നല്ലതാണ് .എരുക്കിന്റെ കറ തേനും ചേർത്ത് പുരട്ടുന്നത് വായ്പ്പുണ്ണ് മാറാൻ നല്ലതാണ് .മുറിവുകൾക്കും വ്രണങ്ങൾക്കും എരുക്കിന്റെ കറ പുരട്ടുന്നത് നല്ലതാണ് .കാലിൽ മുള്ളോ കുപ്പിച്ചില്ലോ തറച്ചാൽ എരുക്കിൻ കറ പുരട്ടിയാൽ അവ തനിയെ പുറത്തു വരാൻ സഹായിക്കും .കുഴി നഖത്തിനും എരിക്കിൻ കറ പുരട്ടുന്നത് നല്ലതാണ് .
എരിക്കില നീരും തേങ്ങാപ്പാലും ചേർത്ത് വെയിലിൽ വച്ച് നീര് വറ്റിച്ച് പുരട്ടിയാൽ ചൊറി ,ചിരങ്ങ്,പുഴുക്കടി,കരപ്പൻ മുതലായവ മാറിക്കിട്ടും. എരുക്കിന്റെ പൂവ് ഉണക്കിപ്പൊടിച്ച് സമം കുരുമുളകു പൊടിയും ഇന്തുപ്പും ചേർത്ത് ഇവയിൽ നിന്നും ഒരു നുള്ള് വീതം ചൂടുവെള്ളത്തിൽ കലർത്തി കഴിച്ചാൽ ചുമ ,ജലദോഷം ,ആസ്മ ,കഫക്കെട്ട് എന്നിവയ്ക്ക് ശമനമുണ്ടാകും. തുടർച്ചയായി തുമ്മലുണ്ടാകുമ്പോൾ എരിക്കിൻ പൂവ് വെറ്റിലയും കൂട്ടി ചവച്ച് തുപ്പാൻ മുത്തശ്ശിമാർ പറയുവായിരുന്നു .എരിക്കിലയുടെ നീരും അതെ അളവിൽ വേപ്പിലനീരും തേൻ ചേർത്ത് കഴിച്ചാൽ കൃമിശല്യം മാറിക്കിട്ടും .
ALSO READ : ഇരുവേലിയുടെ ഔഷധഗുണങ്ങൾ .
എരുക്കിലയിൽ എണ്ണ പുരട്ടി തീയിൽ ചൂടാക്കി അമർത്തി പിടിക്കുന്നത് വാതവേദനകൾ മാറാൻ നല്ലതാണ് .എരിക്കില അരിഞ്ഞതും കല്ലുപ്പും ചേർത്ത് വറുത്ത് തുണിയിൽ കെട്ടി സഹിക്കാവുന്ന ചൂടിൽ കിഴി കുത്തുന്നുത് നടുവേദന ,കാൽമുട്ടുവേദന ,കൈമുട്ടുവേദന ,ഉപ്പൂറ്റി വേദന എന്നിവ മാറാൻ നല്ലതാണ് .എരുക്കില അരച്ച് നെറ്റിയിൽ പുരട്ടുന്നത് തലവേദന മാറാൻ നല്ലതാണ് .ഇല നീര് ചെവി വേദനയ്ക്കും നല്ലതാണ് .തൊലിയുടെ നീര് എള്ളെണ്ണയിൽ കാച്ചി പുരട്ടുന്നത് രക്തവാതത്തിന് നല്ലതാണ് .
എരുക്കിന്റെ ഇല അരച്ചു പുരട്ടുന്നത് സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറാൻ നല്ലതാണ് .എരുക്കിന്റെ ഇല അരച്ച് എള്ളെണ്ണയിൽ കാച്ചി പുരട്ടുന്നതും സന്ധികളിലെ നീരും വേദനയും മാറാൻ നല്ലതാണ് .ഈ എണ്ണ ചൊറി ,ചിരങ്ങ് ,കരപ്പൻ എന്നിവയ്ക്കും നല്ലതാണ് .എരുക്കിന്റെ ഇല ഉണക്കി കത്തിച്ച് മലദ്വാരത്തിൽ പുകയേൽപിച്ചാൽ പൈൽസിന് ശമനമുണ്ടാകും .എരുക്കിന്റെ ഇലയും തണ്ടുമെല്ലാം ചേർത്ത് കത്തിച്ച് പുകയേൽക്കുന്നത് ശ്വാസം മുട്ടൽ മാറാൻ നല്ലതാണ് .
എരിക്കിന്റെ ഇലയിൽ നെയ്യോ ,വെളിച്ചെണ്ണയോ പുരട്ടി വൃക്ഷണങ്ങളിൽ വച്ചുകെട്ടിയാൽ പുരുഷന്മാരിലെ വൃഷണവേദനയും വീക്കവും മാറും .പാമ്പിൻ വിഷത്തിന് മുൻ കാലങ്ങളിൽ എരുക്കിന്റെ രണ്ടോ മൂന്നോ ഇലകൾ ചവച്ചിറക്കുകയും കടിയേറ്റ ഭാഗത്ത് എരുക്കിന്റെ വേര് അരച്ചു പുരട്ടുകയും ചെയ്തിരുന്നു .പേപ്പട്ടി വിഷ ചികിത്സയിലും എരിക്കിൻ കറ നിർദേശിക്കുന്നുണ്ട് .