ഒരു വിഷസസ്യമാണ് ഉമ്മം .ഇതിനെ ഉമ്മത്ത് എന്ന പേരിലും അറിയപ്പെടുന്നു .ആയുർവേദത്തിൽ ചർമ്മരോഗങ്ങൾ ,ആസ്മ ,പനി മുതലായവയുടെ ചികിൽത്സയിൽ ഉമ്മം ഔഷധമായി ഉപയോഗിക്കുന്നു .ഇത് പുറമെ ഉള്ള ഉപയോഗത്തിനാണ് കൂടുതലും ഉപയോഗിക്കുന്നത് .അപൂർവമായി ഉള്ളിലേക്ക് കഴിക്കാനും ഉപയോഗിക്കുന്നു .വിഷ സസ്യമായതിനാൽ ശുദ്ധി ചെയ്ത ശേഷമാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .ഇംഗ്ലീഷിൽ ഡെവിൾസ് ആപ്പിൾ എന്നും സംസ്‌കൃതത്തിൽ ധത്തൂരഃ ,ധൂസ്തുരഃ ,ഉന്മത്തഃ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .ഉന്മാദം ഉണ്ടാക്കുന്നു എന്ന അർത്ഥത്തിൽ ഉന്മത്തഃ എന്ന പേര് സംസ്‌കൃതത്തിലും അതിൽനിന്നും ഉമ്മം എന്ന പേരുമുണ്ടായി .നീല ,വെള്ള എന്നിങ്ങനെ രണ്ടു തരത്തിലുള്ള ഉമ്മം കാണപ്പെടുന്നു .
വെളുത്ത ഉമ്മം .
Binomial name : Datura stramonium , Datura metal.
Family : Solanaceae.
Common name : Thorn apple, jimsonweed , Devil's snare.
നീല ഉമ്മം .
Binomial name : Datura fastuosa , Datura hummatu.
Family : Solanaceae.
Common name : Purple datura , Thrown apple .
വിതരണം .
ഇന്ത്യയിലുടനീളം വ്യാപകമായി വളരുന്നു .
സസ്യവിവരണം .
ഒന്നര മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു കുറ്റിച്ചെടി .ഇവയുടെ കാണ്ഡം പച്ചനിറത്തിലോ പാടലനിറത്തിലോ കാണപ്പെടുന്നു .ഇലകൾ വലുതും ഇളം പച്ച നിറമുള്ളതുമാണ് .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് 12 സെ.മി നീളവും 8 സെ.മി വീതിയുമുണ്ട് . ഇവയുടെ പുഷ്പങ്ങൾ വെള്ള നിറത്തിലോ ,നീല നിറത്തിലോ ചോർപ്പിന്റെ ആകൃതിയിൽ കാണപ്പെടുന്നു .ഇവയുടെ ഫലം ഉരുണ്ടതും പച്ചനിറത്തോടു കൂടിയതും കൂർത്ത മുള്ളുകളാൽ ആവരണം ചെയ്യപ്പെട്ടതുമാണ് .ഇവയുടെ ഫലം മൂക്കുന്നതോടുകൂടി മഞ്ഞയോ ചാര നിറമോ ആയി മാറുന്നു .ഈ കായകൾ നാലായി പൊട്ടലുണ്ടായി വിത്തുകൾ പുറത്തുവരുന്നു .വിത്തുകൾക്ക് വൃക്കാകൃതിയാണ് .
ഉമ്മം വെള്ള, നീല, കറുപ്പ്, ചുവപ്പ്, മഞ്ഞ പുഷ്പങ്ങളോടു കൂടിയ അഞ്ച് ഇനം ഉണ്ടെന്നും അതിൽ കറുത്ത പുഷ്പമുള്ളത് ശ്രേഷ്ഠമാണെന്നും ഗ്രന്ഥങ്ങളിൽ പറയുന്നു.
ഉമ്മത്തിന്റെ വിഷലക്ഷണങ്ങൾ .
ഉമ്മത്തിന്റെ എല്ലാ ഭാഗങ്ങളിലും വിഷാംശം അടങ്ങിയിരിക്കുന്നു .എങ്കിലും കായ്കൾക്കാണ് കൂടുതൽ വിഷശക്തിയുള്ളത് .കനം കൂടിയ വേരിനെ അപേക്ഷിച്ച് കനം കുറഞ്ഞ വേരിലാണ് വിഷഘടകങ്ങൾ കൂടുതലുള്ളത് .ഉമ്മം ഉള്ളിൽ കഴിച്ചാൽ ആദ്യം വായിലും തൊണ്ടയിലും നീറ്റൽ ഉണ്ടാകും .അര മണിക്കൂറിനുള്ളിൽ വിഷലക്ഷണങ്ങൾ പ്രകടമാകും .പെരുമാറ്റത്തിൽ വ്യത്യാസം കാണുകയും .അല്പ സമയത്തിന് ശേഷം മയക്കമുണ്ടാകുകയും ചെയ്യും .
അധിക അളവിൽ ഉമ്മം ഉള്ളിൽ കഴിച്ചാൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും.ഒരു ഗ്രാമോ അതിൽ കൂടുതലോ വിഷഘടകം ഉള്ളിൽ കഴിച്ചാൽ മരണം സംഭവിക്കുന്നതാണ് . കുട്ടികൾ ഉമ്മത്തിൻ കായ് കഴിച്ച് അപകട ത്തിൽപ്പെടുന്നത് സാധാരണയാണ്. ഉമ്മം ഉള്ളിൽ കഴിക്കാനിടയായാൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കണം .ആയുർവേദത്തിൽ ഉമ്മത്തിൻ വിഷത്തിന് പ്രതിവിധിയായി വയറിളക്കിയ ശേഷം പശുവിൻ പാലിൽ പഞ്ചസാര ചേർത്ത് കൊടുക്കുകയോ കരിക്കിൻ വെള്ളത്തിൽ ചന്ദനം അരച്ചു കൊടുക്കുകയോ ചെയ്യുന്നു .
രാസഘടകങ്ങൾ .
ഉമ്മത്തിൽ പ്രധാനമായും ആൽക്കലോയിഡുകളാണ് അടങ്ങിയിരിക്കുന്നത് .ഇവയിൽ മിക്കവയിലും വിഷാംശം അടങ്ങിയിരിക്കുന്നു .ഹയോസയമൈൻ ,സ്‌കോപോളമിൻ ,അട്രോപ്പിൻ ,ഹയോസൈൻ എന്നിവയാണ് പ്രധാനപ്പെട്ട ആൽക്കലോയിഡുകൾ.
ഉമ്മം ശുദ്ധി ചെയ്യേണ്ട വിധം.
ഉമ്മത്തിൻകായ് 12 മണിക്കൂർ ഗോമൂത്രത്തിലിട്ടുവച്ചിരുന്ന് കഴുകി ഉമി കളഞ്ഞെടുത്താൽ ശുദ്ധിയാകും . ഉമ്മത്തിൻ കായ് മോരിൽ പുഴുങ്ങിയെടുത്താലും ശുദ്ധിയാകും.
പ്രാദേശികാണാമങ്ങൾ .
English Name- Thorn apple, Devil's trumpet.
Malayalam Name- Ummam .
Tamil Name- Ummattangani.
Kannada name - Datura.
Telugu Name- Ummetta.
Bengal Name- Datura.
Marathi Name- Datura..
Gujarati name - Datura.
ഔഷധയോഗ്യഭാഗങ്ങൾ .
കായ .ഇല ,വേര് ,പൂവ് .
രസാദി ഗുണങ്ങൾ.
രസം : തിക്തം, കടു.
ഗുണം : ലഘു, രൂക്ഷം.
വീര്യം : ഉഷ്ണം.
വിപാകം: കടു.
ഉമ്മത്തിന്റെ ഔഷധഗുണങ്ങൾ .
ഉമ്മം ഒരു വിഷസസ്യവും വിഷത്തിനു മറുമരുന്നുമാണ് .പ്രത്യേകിച്ച് ജന്തുവിഷങ്ങള്‍ക്ക് മറുമരുന്നായാണ് ഉമ്മം ഉപയോഗിക്കുന്നത്.പേപ്പട്ടി വിഷം ശമിപ്പിക്കും .വാതരോഗങ്ങളുമായി ബന്ധപ്പെട്ട് സന്ധികളിലുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കും .ആസ്മ ,പനി ,വ്രണങ്ങൾ ,ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .മനസികരോഗങ്ങൾ ,അപസ്‌മാരം ,തലവേദന ,ഞരമ്പു വേദന ,ചെവി വേദന ,പുറം വേദന ,ആർത്തവ വേദന എന്നിവയ്ക്കും നല്ലതാണ് .ദന്തരോഗങ്ങൾ ,കുടൽ രോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .
ഉമ്മത്തിന്റെ വിത്ത് കാമം വർധിപ്പിക്കും .മുടികൊഴിച്ചിൽ ,താരൻ ,പേൻശല്യം ,തലയിലെ ചൊറിച്ചിൽ എന്നിവയ്ക്കും നല്ലതാണ് .അരിമ്പാറ ,ചൊറി ,വട്ടച്ചൊറി ,കരപ്പൻ ,ചിരങ്ങ് ,പൊള്ളൽ എന്നിവയ്ക്കും നല്ലതാണ് .നേത്രരോഗങ്ങൾക്കും തൊണ്ടവീക്കത്തിനും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . മാത്രവുമല്ല ഉമ്മം ഒരു വിഷസസ്യം കൂടിയാണ് .സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അപകടം സംഭവിക്കും .വിദഗ്ധ മേൽനോട്ടത്തിൽ മാത്രമേ ഉമ്മം ഔഷധമായി ഉപയോഗിക്കാവു .
ഉമ്മം ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
ധുർധൂരപത്രാദി കേരതൈലം - Dhurdhurapatradi Kera Tailam .
താരൻ ,മുടികൊഴിച്ചിൽ ,തലയിലെ ചൊറിച്ചിൽ ,കുട്ടികളിലെ കരപ്പൻ ,സോറിയാസിസ് മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
കനകാസവം (Kanakasavam).
ആസ്മ ,ചുമ ,പനി ,ജലദോഷം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് കനകാസവം.കൂടാതെ രക്തസ്രാവ വൈകല്യങ്ങൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
മൃതസഞ്ജീവനി അരിഷ്ടം (Mritasanjeevani Arishtam).
വിട്ടുമാറാത്ത ക്ഷീണം ,ലൈംഗീക ശേഷിക്കുറവ് ,പ്രധിരോധ ശേഷിക്കുറവ് ,ശരീരപുഷ്ടി മുതലായവയുടെ ചികിൽത്സയിൽ മൃതസഞ്ജീവനി അരിഷ്ടം ഉപയോഗിച്ചു വരുന്നു .
ലക്ഷ്‌മിവിലാസ രസം (Naradiya Laxmi vilasa rasa ).
പ്രമേഹം ,വിട്ടുമാറാത്ത ചർമ്മരോഗങ്ങൾ ,മൂത്രനാളിയിലെ തകരാറുകൾ ,ഫിസ്റ്റുല ,ഉണങ്ങാത്ത മുറിവുകൾ ,അമിതവണ്ണം ,വാതരോഗങ്ങൾ മുതലായവയുടെ ചികിൽത്സയിൽ ലക്ഷ്‌മിവിലാസ രസം ഉപയോഗിച്ചു വരുന്നു .കൂടാതെ ചെവി ,മൂക്ക് ,തൊണ്ട ,കണ്ണ് എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .ഗുളിക രൂപത്തിലും പൊടി രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .ഈ ഔഷധത്തിൽ കഞ്ചാവും ഒരു പ്രധാന ചേരുവയാണ് .
ഉമ്മത്തിന്റെ ചില ഔഷധപ്രയോഗങ്ങൾ .
ഉമ്മത്തിന്റെ ഇല നീരിൽ ഉമ്മത്തിൻകുരു അരച്ചു ചേർത്ത് എണ്ണകാച്ചി പുരട്ടുന്നത് തലയിലെ ചൊറിച്ചിൽ ,താരൻ ,മുടികൊഴിച്ചിൽ ,പേൻ എന്നിവ മാറാൻ നല്ലതാണ് .ഉമ്മത്തിന്റെ ഇല നീര് എണ്ണകാച്ചി തേക്കുന്നത് വാതരോഗങ്ങൾക്കും ശരീരവേദന മാറാനും നല്ലതാണ് . വേരോ ,ഇലയോ അരച്ച് പുറമെ പുരട്ടുന്നത് ആമവാതം ,സന്ധിവാതം എന്നിവ കൊണ്ടുണ്ടാകുന്ന നീരും വേദനയും മാറാൻ നല്ലതാണ് .ഉമ്മത്തിന്റെ ഇല നീര് ചൂടാക്കി ചെറിയ ചൂടോടെ പുരട്ടിയാൽ രക്തവാതം മൂലമുണ്ടാകുന്ന നീര് മാറും .
ഉമ്മത്തിന്റെ വിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ തുണി മുക്കി ചെറിയ ചൂടോടെ നാഭിയിലും അടിവയറ്റിലും ആവി പിടിച്ചാൽ ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന മാറിക്കിട്ടും .ഉമ്മത്തിന്റെ കായ ഇടിച്ചു പിഴിഞ്ഞ നീരിൽ പുളിയും ചേർത്ത് സ്തനങ്ങളിൽ പുരട്ടിയാൽ സ്തനവീക്കം മാറിക്കിട്ടും .
ALSO READ : ആവണക്ക് ഔഷധവും ഒപ്പം കൊടും വിഷവും .
ഉമ്മത്തിന്റെ പൂവും ഇലയും കൂടി ഉണക്കി ബീഡി പോലെ ചുരുട്ടി വലിച്ചാൽ അസ്മാ ,ശ്വാസം മുട്ട് എന്നിവയ്ക്ക് ശമനമുണ്ടാകും .ഇത് ഉള്ളിൽ കെട്ടിക്കിടക്കുന്ന കഫം ഇളകി പോകാനും നല്ലതാണ് .ഉമ്മത്തിന്റെ പൂവ് ചതച്ച് പല്ലിന്റെ ദ്വാരത്തിൽ വച്ചാൽ എത്ര ശക്തിയായ പല്ലുവേദനയും ശമിക്കും
ഉമ്മത്തിന്റെ വേര് ആവണക്കിൻ വേര് ,കരിനൊച്ചി വേര് ,തഴുതാമ വേര് ,മുരിങ്ങത്തൊലി ,കടുക് എന്നിവയെല്ലാം കൂട്ടിയരച്ച് പുറമെ പുരട്ടിയാൽ മന്തുരോഗത്തിന് ശമനമുണ്ടാകും .ഉമ്മത്തിന്റെ ഉണങ്ങിയ കായും തഴുതാമ സമൂലവും ഒരേ അളവിൽ കഷായമുണ്ടാക്കി പണ്ടുകാലങ്ങളിൽ പേപ്പട്ടി വിഷത്തിന് ഉപയോഗിച്ചിരുന്നു .
ഉമ്മത്തിന്റെ കായ അരച്ച് നല്ലെണ്ണയിൽ ചാലിച്ചു പുരട്ടുന്നത് തെണ്ടവീക്കം, വേദനയുള്ള മുഴകൾ ,നടു വേദന, ഞരമ്പു വലി ,എന്നിവയ്‌ക്കെല്ലാം നല്ലതാണ് .ഉമ്മത്തില എണ്ണ കാച്ചി പുരട്ടുന്നത് ചൊറിച്ചിൽ ,വീക്കം ,വ്രണങ്ങൾ,കരപ്പൻ എന്നിവയ്ക്ക് നല്ലതാണ് .ഉമ്മത്തില,മുരിക്കില ,എരുക്കില, പുളിയില, മുരിങ്ങയില എന്നിവ ഒരേ അളവിൽ അരച്ച് മുട്ടിൽ വച്ച് കെട്ടിയാൽ എത്ര ശക്തിയായ മുട്ടുവേദനയും മാറും .ഇത് മൂന്നു ദിവസത്തിനു ശേഷം മാത്രമേ അഴിച്ചു മാറ്റാൻ പാടൊള്ളു .