പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴുന്ന് .ഇന്ത്യയിലെ തെക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും ഉഴുന്ന് ഭക്ഷണത്തിന്റെ ഒരു ഭാഗമാണ് .ഇത് ഉപയോഗിച്ച് ഇഡലി ,ദോശ ,വട, പപ്പടം എന്നിവതയാറാക്കാൻ ഉപയോഗിക്കുന്നു .ഉഴുന്നിനെ ഒരു വാജീകരണ ഔഷധമായി ആയുർവേദം കണക്കാക്കുന്നു.ശരീരത്തിന് ശക്തിയും ഓജസ്സും നൽകുന്ന ഒരു മഹത്തായ ഔഷധമാണ്. ഉഴുന്ന് .കൂടാതെ ഹിന്ദു ആചാരങ്ങളിൽ പ്രത്യേകിച്ച് പിതൃക്കൾക്ക് ബലി അർപ്പിക്കുന്ന ചടങ്ങുകളിൽ ഒരു പ്രധാന ഘടകമാണ് ഉഴുന്ന് .ഇംഗ്ലീഷിൽ "ബ്ലാക്ക് ഗ്രാം" (Black Gram) എന്ന പേരിൽ അറിയപ്പെടുന്നു .
സംസ്‌കൃതത്തിൽ മാഷ എന്ന പേരിലാണ് ഉഴുന്ന് പൊതുവെ അറിയപ്പെടുന്നത് .കൂടാതെ വൃഷാംകുരം ,കുരുവിന്ദ ,പിതൃഭോജന തുടങ്ങിയ സംസ്കൃത നാമങ്ങളും ഉഴുന്നിന്നുണ്ട് .ഇതിന് ലൈംഗീക ശേഷി വർധിപ്പിക്കാൻ കഴിവുള്ളത് എന്ന അർത്ഥത്തിൽ വൃഷാംകുരം എന്ന സംസ്കൃതനാമത്തിലും .മുടിവളർച്ചയെ സഹായിക്കുന്നു എന്ന അർത്ഥത്തിൽ കുരുവിന്ദ എന്ന പേരിലും .പിതൃക്കൾക്കുള്ള ഭക്ഷണം എന്ന അർത്ഥത്തിൽ പിതൃഭോജന എന്ന സംസ്കൃതനാമത്തിലും ഉഴുന്ന് അറിയപ്പെടുന്നു .
Botanical name: Vigna mungo .
Family: Fabaceae (Pea family).
Synonyms: Phaseolus mungo, .Phaseolus roxburghii .
വിതരണം .
ഇന്ത്യൻ ഉപഭൂഖണ്ഡമാണ് ഉഴുന്നിൻ്റെ ഉത്ഭവ സ്ഥലം . മഹാരാഷ്ട്ര , ആന്ധ്രാപ്രദേശ് , മധ്യപ്രദേശ് , തമിഴ്‌നാട് , ഉത്തർപ്രദേശ് ,ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഉഴുന്ന് വൻതോതിൽ കൃഷി ചെയ്യുന്നു .
രാസഘടകങ്ങൾ .
ഉഴുന്നിൽ ഏകദേശം 24% മുതൽ 26% വരെ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു .കാർബോഹൈഡ്രേറ്റ് ,നാരുകൾ ,കൊഴുപ്പ് ,അമിനോ ആസിഡുകൾ എന്നീ പോഷക ഘടകങ്ങളും .ഫീനോളിക് സംയുക്തങ്ങൾ ,ഫ്ലേവനോയിഡുകൾ ,ആന്തോസയാനിനുകൾ എന്നീ ഘടകങ്ങളും .ഇരുമ്പ് ,കാൽസ്യം,മഗ്നീഷ്യം ,പൊട്ടാസ്യം ,സിങ്ക് ,ഫോസ്ഫറസ് ,ബി കോംപ്ലക്സ് വിറ്റാമിനുകൾ എന്നീ പോഷകങ്ങളും ധാതുക്കളും .ട്രൈപ്സിൻ ഇൻഹിബിറ്ററുകൾ ,ഫൈറ്റിക് ആസിഡ് എന്നീ ആന്റി-ന്യൂട്രീഷണൽ ഘടകങ്ങളും അടങ്ങിയിരിക്കുന്നു .ഈ ഘടകങ്ങളാണ് ഉഴുന്നിന് പോഷകമൂല്യവും വാജീകരണ ശക്തിയും നൽകുന്നത് .
പ്രാദേശിക നാമങ്ങൾ .
ഇംഗ്ലീഷ്-ബ്ലാക്ക് ഗ്രാം.
മലയാളം-ഉഴുന്ന്.
ഹിന്ദി-ഉറദ് ദാൽ.
തമിഴ്-ഉഴുന്ന് (ഉളുന്ത്).
തെലുങ്ക്-മിനുമുലു.
കന്നഡ-ഉദ്ദിന ബെലെ.
ബംഗാളി-മാഷ്കലൈ, കലൈ ദാൽ.
ഗുജറാത്തി-അദദ്.
മറാത്തി-ഉഡിദ.
പഞ്ചാബി-മാഹ്.
ഒറിയ-ബിരി.
ഔഷധയോഗ്യഭാഗം .
വിത്ത് ,വേര് .
രസാദിഗുണങ്ങൾ .
രസം-മധുരം,
ഗുണം-ഗുരു , സ്നിഗ്ദ്ധം.
വീര്യം-ഉഷ്ണം.
വിപാകം-മധുരം.
ഉഴുന്നിന്റെ ഔഷധഗുണങ്ങൾ .
ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഔഷധങ്ങളിൽ ഒന്നായി ഉഴുന്നിനെ ആയുർവേദം കണക്കാക്കപ്പെടുന്നു.ലൈംഗീകശേഷിയും ബീജങ്ങളുടെ എണ്ണവും വർധിപ്പിക്കുന്നു .മുലപ്പാൽ വർധിപ്പിക്കുന്നു .ശരീരഭാരം വർധിപ്പിക്കും .വാതരോഗങ്ങൾ ,പക്ഷാഘാതം എന്നിവയ്ക്കും നല്ലതാണ് .വാതദോഷം മൂലമുണ്ടാകുന്ന സന്ധി വേദന, സന്ധിവാതം, നാഡീസംബന്ധമായ പ്രശ്നങ്ങൾ, മരവിപ്പ് എന്നിവ ശമിപ്പിക്കുന്നു .
മലബന്ധം ,പൈൽസ് ,ചുമ ,ആസ്മ എന്നിവയ്ക്കും നല്ലതാണ് .ത്വക്ക് രോഗങ്ങൾ, ചൊറിച്ചിൽ ,സോറിയാസിസ് ,എക്സിമ ,വെള്ളപ്പാണ്ട് എന്നിവയ്ക്കും നല്ലതാണ് .നേത്രരോഗങ്ങൾ ,തലവേദന ,മൂത്രാശയരോഗങ്ങൾ ,കരൾ രോഗങ്ങൾ ,ഹൃദ്രോഗം എന്നിവയ്ക്കും നല്ലതാണ് .ഉളുക്ക് ,ചതവ് ,വ്രണങ്ങൾ ,രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . ഉഴുന്ന് ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്..
🍶 ഉഴുന്ന് (Vigna mungo) ചേരുന്ന ചില ആയുർവേദ ഔഷധങ്ങൾ .
മഹാമാഷ തൈലം (Maha Masha Thailam) .
ആയുർവേദത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഔഷധ എണ്ണയാണ് മഹാമാഷ തൈലം. ഇതിൻ്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഉഴുന്നാണ് അഥവാ മാഷം ആണ് ഇതിലെ പ്രധാന ചേരുവ. 'മഹാ' എന്നത് ഈ തൈലത്തിൻ്റെ ശക്തിയും മറ്റ് ചേരുവകളെയും സൂചിപ്പിക്കുന്നു..വാത രോഗങ്ങൾ ,ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള വാതജന്യമായ സന്ധി വേദന, നീർക്കെട്ട് ,വാത ദോഷം കാരണം കൈകാലുകൾക്ക് ഉണ്ടാകുന്ന ബലക്കുറവ്, തളർച്ച ,മുഖത്തെ തളർച്ച (Facial Paralysis) ,സന്ധിബന്ധമായ വേദനകൾ തുടങ്ങിയ വാതസംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ മഹാമാഷ തൈലം ഉപയോഗിക്കുന്നു .
വിദാര്യാദി ലേഹം (Vidaryadi Leham).
ശരീരപുഷ്ടിക്കും ,ശരീരബലം വർധിപ്പിപ്പിക്കുന്നതിനും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുമാണ് വിദാര്യാദി ലേഹം പ്രധാനമായും ഉപയോഗിക്കുന്നത് .ഇത് ശരീരത്തിന് ബലവും ഓജസ്സും വർധിപ്പിക്കുന്നു .മെലിഞ്ഞവർക്ക് ശരീരഭാരം കൂട്ടാനും സഹായിക്കുന്നു .ചുമ ,ശ്വാസം മുട്ടൽ ,കഫക്കെട്ട് എന്നിവ ഇല്ലാതാക്കി ശ്വാസകോശത്തിന് ബലം നൽകാൻ സഹായിക്കുന്നു .ഇത് ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും, ബീജങ്ങളുടെ എണ്ണം വർധിപ്പിക്കാനും സഹായിക്കുന്നു .വിദാരി എന്നാൽ പാൽമുതുക്ക് എന്നാണ് അർത്ഥമാക്കുന്നത് .പാൽമുതുക്കാണ് ഇതിലെ പ്രധാന ചേരുവ .
കർപ്പാസാസ്ഥ്യാദി തൈലം (Karpasasthyadi Tailam) .
പ്രധാനമായും വാത സംബന്ധമായ നാഡീ-പേശീ രോഗങ്ങൾക്കും വേദനകൾക്കും ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് കർപ്പാസാസ്ഥ്യാദി തൈലം .പക്ഷാഘാതം ,നാഡീ സംബന്ധമായ പ്രശ്നങ്ങൾ, മരവിപ്പ് , തരിപ്പ് ,മുഖത്തെ കോട്ടം (Facial Palsy ),പേശീ വേദന, സന്ധികളിലെ പിരിമുറുക്കം, ചലനശേഷി കുറയൽ ,ഫ്രോസൺ ഷോൾഡർ ,സെർവിക്കൽ സ്പോണ്ടിലോസിസ് ,ശരീരത്തിൽ വാത ദോഷം വർദ്ധിച്ചുണ്ടാകുന്ന വേദന, വരൾച്ച, തണുപ്പ്, പേശീക്ഷയം തുടങ്ങിയ എല്ലാ അവസ്ഥകളിലും കർപ്പാസാസ്ഥ്യാദി തൈലം പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്നു .
പ്രസാരണ്യാദി കഷായം (Prasaranyadi Kashayam) .
വാത സംബന്ധമായ രോഗങ്ങൾക്കും, പേശികൾക്കും സന്ധികൾക്കുമുണ്ടാകുന്ന വേദന, കാഠിന്യം, തളർച്ച എന്നിവയ്ക്കും ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് പ്രസാരണ്യാദി കഷായം .ഫ്രോസൺ ഷോൾഡർ ,സെർവിക്കൽ സ്പോണ്ടിലോസിസ് ,സന്ധികളിലെ വേദന, വീക്കം, മറ്റ് വാത സംബന്ധമായ പ്രശ്നങ്ങൾ,പേശീ കാഠിന്യം ,മരവിപ്പ്, തളർച്ച മുതലായവയുടെ ചികിത്സയിൽ പ്രസാരണ്യാദി കഷായം ഉപയോഗിക്കുന്നു .
ബലാഹഠാദി കേരതൈലം (Balahathadi keratailam ) .
മൈഗ്രേൻ ഉൾപ്പെടെയുള്ള പലതരം തലവേദനകളുടെ ചികിത്സയിൽ ഈ തൈലം ഉപയോഗിക്കുന്നു .കൂടാതെ തലകറക്കം ,ഉറക്കക്കുറവ് എന്നിവയുടെ ചികിത്സയിലും ബലാഹഠാദി കേരതൈലം ഉപയോഗിക്കുന്നു .
മൈഗ്രാകോട്ട് ഓയിൽ (Migrakot Oil) .
മൈഗ്രാകോട്ട് ഓയിൽ ബാഹ്യ ഉപയോഗത്തിനുള്ള ഒരു വേദനാസംഹാരി തൈലമാണ് .മൈഗ്രേനും മറ്റ് തരത്തിലുള്ള തലവേദനകൾക്കും വേണ്ടിയാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
ബൃഹച്ഛാഗലാദി ഘൃതം - Brihachagaladi Ghritam .
ലൈംഗീകശേഷി വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധ നെയ്യാണ് ബൃഹച്ഛാഗലാദി ഘൃതം .കൂടാതെ പക്ഷാഘാതം ,സന്ധിവാതം ,മാംസ പേശികളുടെ ബലഹീനത ,ചലനശേഷി കുറയുന്ന അവസ്ഥ തുടങ്ങിയവയുടെ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു .
തെങ്ങിൻ പുഷ്പാദി തൈലം (Thengin Pushpadi Thailam) .
തലയിൽ ഉണ്ടാകുന്ന അമിതമായ ചൂടുമൂലം ഉണ്ടാകുന്ന തലവേദന, നേത്രരോഗങ്ങൾ ,വാതസംബന്ധമായ വേദന, വീക്കം ,പുകച്ചിൽ,ഉറക്കക്കുറവ് മുതലായവയുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ തെങ്ങിൻ പുഷ്പാദി തൈലം ഉപയോഗിക്കുന്നു .തെങ്ങിൻ്റെ പൂങ്കുല( Cocos nucifera) ആണ് ഇതിലെ പ്രധാന ചേരുവ .
മഹാകുക്കുടുമാംസ തൈലം (Mahakukkutamamsa Tailam).
പക്ഷാഘാതം ,മുഖ പക്ഷാഘാതം,പാർക്കിൻസൺസ്,സയാറ്റിക്ക ,ഫ്രോസണ്‍ ഷോള്‍ഡര്‍ ,ഒടിവ് ,ചതവ് തുടങ്ങിയവയുടെ ചികിത്സയിലും തലവേദന ,കൈകാൽ വേദന ,നേത്രരോഗങ്ങൾ ,കേൾവിക്കുറവ് തുടങ്ങിയവയുടെ ചികിത്സയിലും പുരുഷ വന്ധ്യതയുടെ ചികിത്സയിലും മഹാകുക്കുടുമാംസ തൈലം ഉപയോഗിക്കുന്നു .കുക്കുടുമാംസം എന്നാൽ കോഴിയിറച്ചി എന്നാണ് സൂചപ്പിക്കുന്നത് .ഈ തൈലത്തിൽ കോഴിയിറച്ചി ഒരു ഘടകമാണ് .
ഉഴുന്നിന്റെ ചില ഔഷധപ്രയോഗങ്ങൾ .
ലൈംഗിക ശേഷിക്കും പ്രത്യുത്പാദന വ്യവസ്ഥയ്ക്കും ഉഴുന്ന് : ഇതിന് ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട് .പുരുഷന്മാരിൽ ശുക്ലത്തിന്റെ അളവും ഗുണവും വർദ്ധിപ്പിക്കാനും നല്ലതാണ് .10 ഗ്രാം ഉഴുന്ന് വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ച് പാലിൽ വേവിച്ച് അരച്ച് ആവിശ്യത്തിന് പഞ്ചസാര ചേർത്ത് വൈകുന്നേരം പതിവായി കഴിക്കുന്നത് ലൈംഗിക ശേഷിക്കും പ്രത്യുത്പാദന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ് .
ലൈംഗികശേഷിക്ക് ഉഴുന്ന് ,എള്ള് ,ശർക്കര : ഉഴുന്ന് ,എള്ള് എന്നിവ തുല്യ അളവിലെടുത്ത് വറത്ത് പൊടിച്ഛ് 3 ഗ്രാം വീതം ഒരു ടീസ്പൂൺ ശർക്കരയും ചേർത്ത് ഒരു ഗ്ലാസ് പാലിനൊപ്പം ദിവസവും കഴിക്കുന്നത് പുരുഷന്മാരിലെ ലൈംഗീകശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു .ഇത് ശരീരത്തിന് നല്ല ബലവും ഊർജ്ജവും നൽകുകയും ചെയ്യും .
സന്ധിവേദന മാറാൻ ഉഴുന്ന് പേസ്റ്റ് : ഉഴുന്ന് എള്ളെണ്ണയിൽ ചാലിച്ചു പുരട്ടുന്നത് വാതരോഗങ്ങൾ മൂലം സന്ധികളിലുണ്ടാകുന്ന നീരും വേദനയും ഇല്ലാതാക്കാൻ സഹായിക്കുന്നു .ഉഴുന്ന് പൊടിച്ച് കിഴി കെട്ടി ചൂടുവെക്കുന്നതും സന്ധികളിലെ വേദനയും നീർക്കെട്ടും കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനെ ഉഴുന്ന് പിണ്ഡ സ്വേദം (Masha Pinda Sweda) എന്ന് അറിയപ്പെടുന്നു .ആയുർവേദത്തിൽ ചെയ്യുന്ന ഒരു പ്രത്യേകതരം കിഴി ചികിത്സയാണ് .ഉഴുന്നാണ് ഇതിലെ പ്രധാന ഘടകം .വാതത്തെ ശമിപ്പിക്കാനും ശരീരത്തിന് ബലം നൽകാനുംസഹായിക്കുന്ന ഒരു ധാന്യമാണ് ഉഴുന്ന് .അതിനാലാണ് ഈ കിഴിയിൽ പ്രധാനമായും ഉഴുന്ന് ഉപയോഗിക്കുന്നത് .കൂടാതെ വാതം കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രത്യേക ഔഷധങ്ങൾ കുറുന്തോട്ടി ,, ദശമൂലം തുടങ്ങിയ ഔഷധങ്ങളും ഇതിനൊപ്പം ചേർക്കാറുണ്ട് .ഈ കിഴി കുത്തുന്നതുകൊണ്ട് വാത സംബന്ധമായ വേദന ,പേശീബലക്കുറവ് ,ശരീരക്ഷീണം എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു
ALSO READ :മുഖക്കുരു മുതൽ മഞ്ഞപ്പിത്തം വരെ: മൈലാഞ്ചി ഇലകളുടെ അത്ഭുത രോഗശമന ശേഷി.
മലബന്ധം മാറാൻ ഉഴുന്നുപൊടി :ഉഴുന്ന് വറത്തു പൊടിച്ചു ഒരു സ്പൂൺ വീതം പുളിച്ച മോരിൽ ചേർത്ത് കഴിക്കുന്നത് മലബന്ധം മാറാൻ നല്ലതാണ് .
ശരീരശക്തിക് ഉഴുന്ന് ലഡ്ഡു :ഉഴുന്ന് മാവ് നെയ്യിൽ വറുത്ത് പഞ്ചസാരയോ ശർക്കരയോ ചേർത്ത് ഉരുട്ടിയെടുക്കുന്ന ലഡ്ഡു ദിവസവും കഴിക്കുന്നത് ശരീരത്തിന് ഊർജ്ജവും ബലവും കിട്ടാൻ നല്ലതാണ് .പ്രത്യേകിച്ച് തണുപ്പു കാലത്ത് കഴിക്കാൻ പറ്റിയ .ഒരു പലഹാരം കൂടിയാണിത് .ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തണുപ്പിനെ മറികടക്കാൻ ഈ മധുര പലഹാരം ഉപയോഗിക്കുന്ന പതിവുണ്ട് .
നാഡീരോഗങ്ങൾക്ക് ഉഴുന്ന് കഷായം :ഉഴുന്ന് ,അമുക്കുരം ,കുറുന്തോട്ടി എന്നിവ തുല്യ അളവിൽ കഷായമുണ്ടാക്കി കഴിക്കുന്നത് ഓർമ്മക്കുറവ് , പാർക്കിൻസൺസ് ,അപസ്മാരം ,പക്ഷാഘാതം ,നടുവേദന ,മൈഗ്രേൻ മുതലായവയ്ക്ക് നല്ലതാണ് .
ഹൃദ്രോഗം ശമിക്കാൻ ഉഴുന്ന് കഷായം : ഉഴുന്ന് ,കുറുന്തോട്ടി വേര് ,ദേവതാരം എന്നിവ തുല്യ അളവിൽ കഷായമുണ്ടാക്കി കഴിക്കുന്നത് ഹൃദ്രോഗത്തിന് നല്ലതാണ് .
വാർദ്ധക്യം തടയാൻ ഉഴുന്ന് :ഉഴുന്ന് വേവിച്ച് നെയ്യും പഞ്ചസാരയും ചേർത്ത് വൈകുന്നേരം പതിവായി കഴിക്കുന്നത് ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു .
ഉളുക്ക് മാറാൻ ഉഴുന്നുപൊടി : ഉഴുന്ന് പൊടി വെള്ളത്തിൽ ചാലിച്ചു പുരട്ടുന്നത് ഉളുക്ക് മാറാൻ നല്ലതാണ് .കൂടാതെ പഴുപ്പ് നിറഞ്ഞ വ്രണങ്ങൾ ഉണങ്ങാനും ഇത് നല്ലതാണ് .
തലയിലെ പേൻ ശല്യം മാറാൻ ഉഴുന്ന് എണ്ണ :30 ഗ്രാം ഉഴുന്ന് 100 മില്ലി എള്ളെണ്ണയും 30 മില്ലി വെള്ളവും ചേർത്ത് ചെറു തീയിൽ വേവിച്ചു വെള്ളം മുഴുവൻ വറ്റിച്ചു കിട്ടുന്ന എണ്ണ തലയിൽ പുരട്ടുന്നത് തലയിലെ പേൻ ശല്യം ഒഴിവാക്കാൻ സഹായിക്കുന്നു .ഇത് വളർത്തു മൃഗങ്ങളിലെ ചെള്ള് ,പേൻ മുതലായവയെ ഇല്ലാതാക്കാൻ സഹായിക്കുന്നു .
ചർമ്മാരോഗ്യത്തിന് ഉഴുന്നു പൊടി : ഉഴുന്നിൻ്റെ പൊടി പാലിലോ തൈരിലോ ചേർത്ത് മുഖത്തും ശരീരത്തിലും പുരട്ടുന്നത് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും മൃദുത്വം നൽകാനും സഹായിക്കുന്നു. ഉഴുന്നുപൊടി എണ്ണയിൽ ചാലിച്ച് ശരീരം മസാജ് ചെയ്യുന്നത് ചർമ്മത്തിന് തിളക്കം നൽകാനും പേശികൾക്ക് ബലം നൽകാനും സഹായിക്കും .
മുടി സംരക്ഷണത്തിന് ഉഴുന്ന് : ഉഴുന്ന് അരച്ച് തലയിൽ തേച്ചു കുളിക്കുന്നത് മുടിക്ക് നല്ല പോഷണവും ബലവും തിളക്കവും നൽകുന്നു .
