നിങ്ങളുടെ അടുക്കളയിലെ സൂപ്പർ ഹീറോ: കറിവേപ്പില നൽകും സൗന്ദര്യവും ആരോഗ്യവും.

കറികൾക്ക് ഉപയോഗിക്കുന്ന ഒരു സുഗന്ധ വൃക്ഷമാണ് കറിവേപ്പ് .ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾക്ക് രുചിയും മണവും നൽകുന്നതിന്  കറിവേപ്പില പ്രധാന പങ്കു വഹിക്കുന്നു .എന്നാൽ വെറുമൊരു കറിക്ക് കൂട്ടാനുള്ള ഇല എന്നതിലുപരി നിരവധി ആരോഗ്യപരമായ ഗുണങ്ങൾ കറിവേപ്പിനുണ്ട് .ആയുർവേദത്തിൽ പനി ,വയറിളക്കം  ,ഛർദ്ദി ,ചർമ്മരോഗങ്ങൾ ,താരൻ ,മുടികൊഴിച്ചിൽ ,അമിതവണ്ണം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കറിവേപ്പില ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ഇതിനെ കറിലീഫ് ട്രീ എന്ന പേരിൽ അറിയപ്പെടുന്നു . 

സംസ്‌കൃതത്തിൽ കൈഡര്യം എന്ന നാമത്തിലാണ് കറിവേപ്പ് കൂടുതലായും അറിയപ്പെടുന്നത് .കൂടാതെ സുരഭി,കാളശാഖ ,മഹാനിംബം ,രാമണോ , രമണ,ഗിരിനിംബം ,മഹാരിഷ്ട ,ശുക്ലശാല തുടങ്ങിയ സംസ്‌കൃത നാമങ്ങളും കറിവേപ്പിനുണ്ട് .ഇലകൾക്ക് സുഗന്ധമുള്ളത് എന്ന അർത്ഥത്തിൽ സുരഭി എന്ന സംസ്‌കൃത നാമത്തിലും ,കൂടുതൽ ശാഖകളുള്ളത് എന്ന അർത്ഥത്തിൽ കാലശാഖ എന്ന പേരിലും ,ശ്രേഷ്ഠമായ വേപ്പ് എന്ന അർത്ഥത്തിൽ മഹാനിംബ എന്ന പേരിലും ,ആകർഷകമായത് എന്ന അർത്ഥത്തിൽ രാമണോ , രമണ എന്നീ പേരുകളിലും ,മലഞ്ചെരുവുകളിൽ കാണുന്ന വേപ്പ് എന്ന അർത്ഥത്തിൽ ഗിരിനിംബ എന്ന പേരിലും ,വലിയ രോഗങ്ങൾ മാറ്റുന്നത് എന്ന അർത്ഥത്തിൽ മഹാരിഷ്ട എന്ന പേരിലും ,വെളുത്ത തൊലിയുള്ള ശാഖകളുള്ളത് എന്ന അർത്ഥത്തിൽ ശുക്ലശാല എന്ന സംസ്‌കൃത നാമത്തിലും കറിവേപ്പ് അറിയപ്പെടുന്നു . 

Botanical name: Murraya koenigii.  

Family: Rutaceae (Lemon family).

രോഗ നിയന്ത്രണം,കൊളസ്‌ട്രോൾ കുറയ്ക്കാൻ കറിവേപ്പില,,പ്രമേഹത്തിന് കറിവേപ്പില,,അലർജി മാറാൻ കറിവേപ്പില,ഉപയോഗ രീതി,കറിവേപ്പില ചായ,,കറിവേപ്പില വെറും വയറ്റിൽ ,കറിവേപ്പില പൊടി ഉപയോഗം,സൗന്ദര്യ/ആരോഗ്യം,മുടി വളരാൻ കറിവേപ്പില, ,ശരീര പുഷ്ടിക്ക് കറിവേപ്പില,ദഹനത്തിന് കറിവേപ്പില,കറിവേപ്പില ഔഷധ ഗുണങ്ങൾ,Murraya koenigii benefits,കറിവേപ്പില ആരോഗ്യ ഗുണങ്ങൾ,കറിവേപ്പില ആയുർവേദം


വിതരണം .

ഇന്ത്യയിൽ ഉടനീളം കറിവേപ്പ് സ്വാഭാവികമായി വളരുന്നു,  കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ കൃഷി ചെയുന്നു .കറിവേപ്പിലയ്ക്ക് ഏഷ്യൻ രാജ്യങ്ങളിൽ ഭക്ഷണത്തിൽ വലിയ പ്രാധാന്യമുള്ളതിനാൽ, ഇപ്പോൾ  ലോകമെമ്പാടുമുള്ള നിരവധി ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കറിവേപ്പ് കൃഷി ചെയ്യപ്പെടുന്നു.

സസ്യവിവരണം .

സാധാരണയായി 4 മുതൽ 6 മീറ്റർ വരെ ഉയരം വെക്കുന്ന ഒരു ചെറിയ മരമായോ  ഇടതൂർന്ന ഒരു കുറ്റിച്ചെടിയായോ കറിവേപ്പ് വളരുന്നു .പുറംതൊലിക്ക് ചാര നിറം .ഇലകൾക്ക് അണ്ഡാകൃതി ,അല്ലെങ്കിൽ നീളമേറിയ അണ്ഡാകൃതിയാണ്. അഗ്രം കൂർത്തതുമായിരിക്കും .കറിവേപ്പിലയുടെ ഏറ്റവും പ്രധാന സവിശേഷത അതിൻ്റെ ഇലകളുടെ സുഗന്ധമാണ് . ഇലകൾ കൈകൊണ്ട് തിരുമ്മുമ്പോൾ നല്ല സുഗന്ധം  അനുഭവപ്പെടും.

പൂക്കൾ ചെറുതും, തണ്ടിൻ്റെ അറ്റത്ത് കൂട്ടമായി ഉണ്ടാകുകയും ചെയ്യുന്നു .പൂക്കൾക്ക് നല്ല സുഗന്ധമുണ്ട്.പൂക്കളുടെ നിറം പച്ചകലർന്ന വെള്ള നിറമാണ് .പച്ച നിറത്തിലുള്ള ഉരുണ്ട കായകളാണ് ഇവയുടേത് .ഇവ പാകമാകുമ്പോൾ കറുപ്പ് അല്ലെങ്കിൽ കറുപ്പ് കലർന്ന നീല നിറത്തിലായിരിക്കും.കായക്കുള്ളിൽ ഒന്നോ രണ്ടോ തിളക്കമുള്ള വിത്തുകൾ ഉണ്ടാകും .

വിത്തിൽ നിന്ന് പുതിയ തൈകൾ തയാറാക്കാം .അല്ലെങ്കിൽ കറിവേപ്പ് മരത്തിൻ്റെ ചുവട്ടിൽ നിന്ന് വേരിൽ നിന്ന് മുളകൾ  ഉണ്ടാകാറുണ്ട് .ഇവയെ വേർപെടുത്തി പുതിയ തൈകൾ ഉണ്ടാക്കാം. ഇതാണ് സാധാരണയായി കൃഷിക്കാർ ഉപയോഗിക്കുന്ന എളുപ്പവഴി.ചില വീടുകളിൽ എത്ര കറിവേപ്പ് തൈകൾ നട്ടാലും പിടിക്കില്ല .അതിന്റെ പിന്നിലെ  രഹസ്യം എന്താണെന്ന് അറിയില്ല .

രാസഘടന .

കറിവേപ്പിൽ മഹാനിംബിൻ ,ഗിരിനിംബിൻ ,കോനിഗിൻ ,മഹാനൈൻ എന്നീ ആൽക്കലോയിഡുകളും ,β-Caryophyllen ,α-Pinene ,Linalool ,Methyl Salicylate എന്നീ തൈലങ്ങളും .മൈറിസെറ്റിൻ ,ക്വെർസെറ്റിൻ ,റുട്ടിൻ എന്നീ  ഫീനോളിക് സംയുക്തങ്ങളും ഫ്ലേവനോയിഡുകളും ,വിറ്റാമിൻ A, വിറ്റാമിൻ B, വിറ്റാമിൻ C, വിറ്റാമിൻ E,ഇരുമ്പ് , കാൽസ്യം , ഫോസ്ഫറസ്, ഫൈബർ എന്നീ പോഷക ഘടകങ്ങളും അടങ്ങിയിരിക്കുന്നു .ഇതിൽ അടങ്ങിയിരിക്കുന്ന തൈലങ്ങളാണ് കറിവേപ്പിലയ്ക്ക് സുഗന്ധം തരുന്നത് .കറിവേപ്പിൻ്റെ ഔഷധഗുണങ്ങൾക്ക് പിന്നിലെ പ്രധാന രഹസ്യം ഇതിൽ അടങ്ങിയിരിക്കുന്ന മഹാനിംബിൻ എന്ന ഘടകമാണ് .

പ്രാദേശികനാമങ്ങൾ .

മലയാളം-കറിവേപ്പ്, കരിവേപ്പില.

തമിഴ്-കറുവേപ്പിലൈ.

ഹിന്ദി-കഥാനീം,.

തെലുങ്ക്-കറേവേപ്പാകു.

കന്നഡ-കറിബേവു.

മറാത്തി-കഢീ ലിംബ്.

ബംഗാളി-ബാർസാംഗ.

ഗുജറാത്തി-ലീംഡോ.

ഔഷധയോഗ്യഭാഗങ്ങൾ .

തൊലി ,ഇല ,വേര് .

രസാദിഗുണങ്ങൾ .

രസം -കടു ,തിക്തം ,മധുരം .

ഗുണം -രൂക്ഷം ,ഗുരു .

വീര്യം -ഉഷ്‌ണം .

വിപാകം -കടു .

കറിവേപ്പിലയുടെ ഔഷധഗുണങ്ങൾ 

കറിവേപ്പില ഭക്ഷണത്തിന് രുചിയും മണവും  നൽകുന്നു .ദഹനശക്തി വർധിപ്പിക്കുന്നു ,വിശപ്പുണ്ടാക്കുന്നു ,രുചി വർധിപ്പിക്കുന്നു .ദഹനക്കേട് ,പനി ,വയറിളക്കം ,ഛർദ്ദി ,മലബന്ധം ,വയറുവേദന എന്നിവയ്ക്കും നല്ലതാണ് .പ്രമേഹം ,വിളർച്ച ,വിരശല്യം ,പൊണ്ണത്തടി എന്നിവയ്ക്കും നല്ലതാണ് .താരൻ ,മുടികൊഴിച്ചിൽ എന്നിവ ഇല്ലാതാക്കി മുടി വളരാൻ സഹായിക്കുന്നു .ചർമ്മരോഗങ്ങൾ ,മുഖക്കുരു ,മുറിവ് ,വ്രണം ,പൊള്ളൽ എന്നിവയ്ക്കും നല്ലതാണ് .അണുബാധ ,നീർവീക്കം ,കരൾ രോഗങ്ങൾ .ഹൃദ്രോഗം എന്നിവയ്ക്കും നല്ലതാണ് .നേത്രരോഗങ്ങൾ ,തിമിരം എന്നിവയ്ക്കും നല്ലതാണ് .വിഷശമന ശക്തിയുണ്ട് .കറിവേപ്പില ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ആഹാരത്തിലുള്ള വിഷം നീക്കാൻ സഹായിക്കുന്നു .കൂടാതെ തേൾ ,പഴുതാര മുതലായവയുടെ വിഷം ശമിപ്പിക്കും .

വേപ്പിലക്കട്ടി :കേരളത്തിലെ ചില പ്രദേശങ്ങളിൽ പരമ്പരാഗതമായി ഉണ്ടാക്കുന്ന ഒരുതരം ഔഷധക്കൂട്ടാണ് വേപ്പിലക്കട്ടി .കറിവേപ്പില ,ചെറുനാരകത്തിന്റെ ഇല ,ജീരകം ,അയമോദകം ,കുരുമുളക് ,ചുക്ക് ,വാളൻ പുളി ,ഇന്തുപ്പ് തുടങ്ങിയവയാണ് ഇതിലെ പ്രധാന ചേരുവ .ഇവയെല്ലാം കൂടി ഇടിച്ചെടുക്കുന്നതിനെയാണ് വേപ്പിലക്കട്ടി എന്ന് അറിയപ്പെടുന്നത് .ഇത് ചോറിനൊപ്പം ചമ്മന്തി പോലെ ഉപയോഗിക്കാം .ഇത് ദഹനപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ,പ്രധിരോധശേഷി വർധിപ്പിക്കുന്നതിനും ,രക്തശുദ്ധിക്കും ,പ്രമേഹ നിയന്ത്രണത്തിനും നല്ലതാണ് .

ശ്രദ്ധിക്കുക : ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . കറിവേപ്പില  ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.

കറിവേപ്പ് ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

 ജാത്യാദി ഘൃതം -jatyadi ghritam .

മുറിവുകൾ ,ഉണങ്ങാത്ത വ്രണങ്ങൾ ,പ്രാണി കടിമൂലം ഉണ്ടാകുന്ന ചർമ്മ പ്രശ്‌നങ്ങൾ എന്നിവയുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ്  ജാത്യാദി ഘൃതം .

ജാത്യാദി കേര തൈലം (Jathyadi Kera Tailam).

മുറിവുകൾ, വ്രണങ്ങൾ ,അണുബാധ ,പൊള്ളൽ ,പൊള്ളലേറ്റ പാടുകൾ ,ചർമ്മരോഗങ്ങൾ ,ചർമ്മത്തിലെ വീക്കം, ചൊറിച്ചിൽ , ചുവപ്പ് .വിണ്ടുകീറിയ പാദങ്ങൾ ,ഫിസ്റ്റുല മുതലായവയുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ ജാത്യാദി കേര തൈലം ഉപയോഗിക്കുന്നു .

കൈഡര്യാദി കഷായം (Kaidaryaadi Kashayam).

പ്രധാനമായും വയറുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കൈഡര്യാദി കഷായം .ഛർദ്ദി, വയറിളക്കം ,ദഹനക്കേട് ,വിശപ്പില്ലായ്മ ,കൃമിശല്യം മുതലായവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൈഡര്യം എന്നാൽ കറിവേപ്പ് എന്നാണ് സൂചിപ്പിക്കുന്നത് .

കേശ്യം ഓയിൽ (Keshyam Oi) .

മുടി സംരക്ഷണത്തിനും തലയോട്ടിയുടെ  ആരോഗ്യത്തിനും വേണ്ടിയാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.മുടി കൊഴിച്ചിൽ ,താരൻ,അകാല നര എന്നിവ ഇല്ലാതാക്കി മുടിക്ക് നല്ല തിളക്കവും നല്ല രീതിയിൽ മുടി വളരാനും  സഹായിക്കുന്നു .ഇത് തലയ്ക്ക് നല്ല തണുപ്പ് നൽകുന്നു ,ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും നല്ല ഉറക്കം കിട്ടുന്നതിനും  സഹായിക്കുന്നു .

കാളശാകാദി കഷായം (Kalasakadi Kashayam) .

പനി ,മലബന്ധം ,ദഹനക്കേട് ,വയറിളക്കം മുതലായവയുടെ ചികിത്സയിൽ കാളശാകാദി കഷായം ഉപയോഗിക്കുന്നു ,കാളശാക എന്നത് കറിവേപ്പ് എന്നാണ് സൂചിപ്പിക്കുന്നത് .

പാമാന്തക തൈലം (Pamanthaka Tailam).

പ്രധാനമായും ചർമ്മരോഗങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് പാമാന്തക തൈലം ,പാമാന്തക എന്നാൽ ത്വക്ക് രോഗങ്ങളെ ഇല്ലാതാക്കുന്നു എന്ന അർത്ഥത്തിലാണ് .ചൊറി ,ചൊറിച്ചിൽ ,കരപ്പൻ ,വട്ടച്ചൊറി ,ഉണങ്ങാത്ത വ്രണങ്ങൾ ,തലയിലെ താരൻ ,അലർജി ത്വക്ക് രോഗങ്ങൾ മുതലായവയുടെ ചികിത്സയിൽ ഈ തൈലം പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്നു .

കുറുഞ്ഞി കുഴമ്പ് (Kurunji Kuzhambu).

പ്രധാനമായും പ്രസവാനന്തര ചികിത്സയിൽ ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ഔഷധമാണ് കുറുഞ്ഞി കുഴമ്പ് .പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനും ഗർഭാശയ ശുദ്ധിക്കും ഇത് ഉപയോഗിക്കുന്നു .ഗർഭപാത്രത്തെ ശുദ്ധീകരിക്കാനും  ഗർഭപാത്രം സാധാരണ അവസ്ഥയിലേക്ക് വേഗത്തിൽ തിരിച്ചെത്തിക്കാനും  ഇത് സഹായിക്കുന്നു.ശരീരവേദന, സന്ധിവേദന, പേശികളുടെ ബലക്കുറവ് എന്നിവ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു .

കോട്ടക്കൽ  ആൻ്റി ഡാൻഡ്രഫ് ഹെയർ ഓയിൽ (Anti-dandruff Hair Oil) .

പ്രധാനമായും താരനും അതുമായി ബന്ധപ്പെട്ട് തലയോട്ടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും  ഇത് ഉപയോഗിക്കുന്നു 

കറിവേപ്പിന്റെ ചില ഔഷധപ്രയോഗങ്ങൾ .

മുഖക്കുരു മാറാൻ കറിവേപ്പില : കറിവേപ്പിലയും മഞ്ഞളും നന്നായി അരച്ച് മുഖത്ത് പതിവായി പുരട്ടുന്നത് മുഖക്കുരു മാറാൻ സഹായിക്കുന്നു .ഇത് കരിമംഗല്യം ,മുഖത്തെ എണ്ണ മയം എന്നിവ മാറ്റുന്നതിനും നല്ലതാണ് .

അമിത വണ്ണം കുറയ്ക്കാൻ കറിവേപ്പില കഷായം : കറിവേപ്പില ഉണക്കി പൊടിച്ചും ഔഷധമായി ഉപയോഗിക്കാം .5 ഗ്രാം കറിവേപ്പില പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ,തണുത്തതിനു ശേഷം അരിച്ചെടുത്ത് രാവിലെ വെറുവയറ്റിൽ കഴിക്കാം .ഇത് ഒരുമാസം തുടർച്ചയായി കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു .ഇങ്ങനെ കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും നല്ലതാണ് .

കൊളസ്‌ട്രോൾ കുറയ്ക്കാൻ കറിവേപ്പില : കറിവേപ്പില അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കൻ സഹായിക്കുന്നു .ഇത് നല്ല കൊളസ്‌ട്രോൾ നിലനിർത്തുന്നു, കറിവേപ്പിലയുടെ ഉപഭോഗം മൊത്തത്തിലുള്ള കൊളസ്‌ട്രോൾ നില മെച്ചപ്പെടുത്തുകയും, നല്ല കൊളസ്‌ട്രോളിനെ  പിന്തുണയ്ക്കുകയും ചെയ്യും.

വായ്പ്പുണ്ണ് മാറാൻ കറിവേപ്പില : കറിവേപ്പില അരച്ചതോ ,ഉണക്കിപ്പൊടിച്ചതോ തേനിൽ ചാലിച്ച് പുരട്ടുന്നത് വായ്പ്പുണ്ണ് മാറാൻ സഹായിക്കുന്നു .

തലയിലെ താരനും പേൻ ശല്യവും മാറാൻ കറിവേപ്പില : കറിവേപ്പില പുളിച്ച തൈരും ചേർത്ത് നന്നായി അരച്ച് തലയിൽ തേച്ചു പിടിപ്പിച്ച് ഉണങ്ങിയതിനു ശേഷം കഴുകി കളയുന്നത് തലയിലെ താരനും പേനും ഇല്ലാതാകാൻ സഹായിക്കുന്നു .

ALSO READ : ലൈംഗികാരോഗ്യത്തിനും ബലത്തിനും: ഉഴുന്നിലെ ആയുർവേദ രഹസ്യങ്ങൾ.

ഛർദ്ദിക്കും ,ഭക്ഷ്യ വിഷബാധയ്ക്കും കറിവേപ്പില :4 ടീസ്പൂൺ കറിവേപ്പില പൊടി ,ഒരു ടീസ്പൂൺ ഏലയ്ക്ക പൊടി എന്ന അനുപാതത്തിൽ ഈ മിശ്രിതം തയാറാക്കി വയ്ക്കുക .ഇത് ഒന്നോ രണ്ടോ നുള്ള് ഓരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലക്കി കഴിക്കുന്നത് ഭക്ഷ്യ വിഷബാധ മാറാൻ സഹായിക്കുന്നു .ഇത് ഛർദ്ദിക്കും ,ഗ്യാസ്‌ട്രബിളിനും ,വായ്‌നാറ്റം മാറുന്നതിനും നല്ലതാണ് .കറിവേപ്പിലയുടെ എക്സ്ട്രാക്റ്റ് കരളിലെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു..

പ്രമേഹം കുറയ്ക്കാൻ കറിവേപ്പില : 2 ഗ്രാം വീതം കറിവേപ്പില പൊടി വെള്ളത്തിൽ കലർത്തിയോ അല്ലാതെയോ ദിവസവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ള ഫൈബർ മെറ്റബോളിസം മെച്ചപ്പെടുത്താനും ഇൻസുലിൻ ഉത്പാദനം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു .

വിളർച്ച തടയാൻ കറിവേപ്പില : 5 മുതൽ 8 വരെ കറിവേപ്പില രാവിലെ വെറുവയറ്റിൽ കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കുന്നു .കറിവേപ്പില അരച്ച് ഒരു ഗ്ലാസ് മോരിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ്‌ .കറിവേപ്പിലയിൽ ഇരുമ്പിൻ്റെയും ഫോളിക് ആസിഡിൻ്റെയും അംശം കൂടുതലുണ്ട്. ഇത് ശരീരത്തിലെ ഇരുമ്പിൻ്റെ കുറവ് പരിഹരിക്കാനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിച്ച് വിളർച്ച തടയാനും സഹായിക്കുന്നു.

അകാല നര തടയാൻ കറിവേപ്പില : 20 ഗ്രാം കറിവേപ്പില അരച്ച് 200 മില്ലി വെളിച്ചണ്ണയിലോ എള്ളെണ്ണയിലോ ചെറിയ ചൂടിൽ കാച്ചിയെടുക്കുന്ന എണ്ണ തലയിൽ പതിവായി തേക്കുന്നത് അകാല നര ഒഴിവാക്കാൻ സഹായിക്കുന്നു ,ഇത് തലയിലെ താരൻ മാറാനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ് .

ദഹനക്കേടും വയറിളക്കവും മാറാൻ കറിവേപ്പില :കുറച്ച് കറിവേപ്പില  അരച്ച് മോരിൽ ചേർത്ത് കഴിക്കുന്നത് ദഹനപ്രക്രിയയെ മെച്ചപ്പെടുത്താനും വയറുവേദന, വയറിളക്കം, ദഹനക്കേട് എന്നിവ മാറാനും  സഹായിക്കുന്നു .ഇത് മലബന്ധം മാറാനും സഹായിക്കുന്നു .

മുറിവിനും പൊള്ളലിനും കറിവേപ്പില :കറിവേപ്പില അരച്ച് പേസ്റ്റാക്കി മുറിവുകളിലും ചെറിയ പൊള്ളലുകളിലും പുരട്ടുന്നത് വേദന കുറയ്ക്കാനും അവ വേഗത്തിൽ ഉണങ്ങാനും സഹായിക്കുന്നു .

അലർജി മാറാൻ കറിവേപ്പില : കറിവേപ്പിലയും മഞ്ഞളും തുല്യ അളവിൽ അരച്ച് ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഒരു മാസത്തോളം തുടർച്ചായി കഴിച്ചാൽ അലർജി ,മൂക്കൊലിപ്പ് ,തുമ്മൽ എന്നിവയ്ക്ക് ശമനമുണ്ടാകും .കറിവേപ്പില ഉണക്കി പൊടിച്ച ചൂർണം ,മഞ്ഞൾപ്പൊടി എന്നിവ സമമായി ഒരു ടീസ്പൂൺ വീതം തേനിൽ ചാലിച്ച് ദിവസവും കഴിക്കുന്നത് ഇസ്‌നോഫീലിയ മാറാൻ നല്ലതാണ് .

വയറുകടി മാറാൻ കറിവേപ്പില : കറിവേപ്പില അരച്ച് ഒരു കോഴിമുട്ടയിൽ ചേർത്ത് പൊരിച്ചോ അല്ലാതെയോ കഴിക്കുന്നത് വയറുകടി മാറാൻ നല്ലതാണ് .കറിവേപ്പില അരച്ച് തൈരിൽ ചേർത്ത് ആവിശ്യത്തിന് ഉപ്പും ചേർത്ത് കഴിക്കുന്നതും വയറുകടി മാറാൻ നല്ലതാണ് .

തേൾ ,പഴുതാര വിഷത്തിന് കറിവേപ്പില : കറിവേപ്പില പാലിൽ വേവിച്ച് അരച്ചു പുരട്ടുന്നത് തേൾ ,പഴുതാര മുതലായ വിഷജന്തുക്കൾ കടിച്ചതു മൂലമുള്ള വിഷം ഇല്ലാതാക്കാൻ സഹായിക്കുന്നു .കറിവേപ്പിന്റെ തൊലിയോ ,വേരോ അരച്ചു പുരട്ടുന്നതും നല്ലതാണ് .പൂച്ചയുടെ കടിക്കും കറിവേപ്പില അരച്ചു പുരട്ടുന്നത് നല്ലതാണ് .

ചർമ്മരോഗങ്ങൾക്ക് കറിവേപ്പ് : കറിവേപ്പിലയും വാളൻ പുളിയിലയും ഇട്ട് വെള്ളം തിളപ്പിച്ച് കുളിക്കുന്നത് ചൊറി ,ചിരങ്ങ് മുതലായവ മാറാൻ നല്ലതാണ് .കറിവേപ്പിലയും പൂവരിശിന്റെ ഇലയും കൂടി വെള്ളം തിളപ്പിച്ച് കരപ്പനുള്ള ഭാഗം കഴുകിയാൽ കരപ്പൻ മാറാൻ സഹായിക്കുന്നു .

മുറിവിനും ,രക്തസ്രാവം നിയത്രിക്കുന്നതിനും കറിവേപ്പില :ശരീരത്തിൽ മുറിവുണ്ടായിരക്തം വാർന്നു പോകുന്ന അവസ്ഥയിൽ കറിവേപ്പില അരച്ചു മുറിവിൽ വച്ചു കെട്ടിയാൽ രക്തസ്രാവം തടയാൻ സഹായിക്കുന്നു .

കാൽപാദം വീണ്ടു കീറുന്നതിന് കറിവേപ്പില ,മഞ്ഞൾ :കറിവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു പുരട്ടിയാൽ കാൽപാദം വീണ്ടു കീറുന്നത് മാറിക്കിട്ടും .

പനി മാറാൻ കറിവേപ്പില : കറിവേപ്പില അരച്ച് നാരങ്ങാ നീരിൽ ചേർത്ത് കഴിക്കുന്നത് സാധാരണ ഉണ്ടാകുന്ന പനി മാറാൻ സഹായിക്കുന്നു .കറിവേപ്പിലയ്ക്ക് ബാക്ടീരിയ, വൈറസ് എന്നിവയെ ചെറുക്കാൻ കഴിവുണ്ട്. ഇത് പനിക്ക് കാരണമായ അണുബാധയെ തടയാൻ ഒരു പരുധിവരെ സഹായിക്കുന്നു .

ശരീരപുഷ്ടിക്ക് കറിവേപ്പില : കറിവേപ്പില അരച്ച് നെയ്യിൽ കാച്ചി കഴിക്കുന്നത് ശരീരപുഷ്ടി വരുത്താൻ നല്ലതാണ് .കറിവേപ്പില ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തി, ഊർജ്ജസ്വലതയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിലൂടെ ഇത് ശരീരപുഷ്ടിക്ക് വലിയ പിന്തുണ നൽകുന്നു.കറിവേപ്പിലയിൽ വിറ്റാമിൻ A, B, C, E, ബി കോംപ്ലക്സ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ക്ഷീണമകറ്റാനും സഹായിക്കുന്നു.

അൾസറിന് കറിവേപ്പില :കറിവേപ്പില ഇട്ട് വെള്ളം തിളപ്പിച്ച് പതിവായി കുടിക്കുന്നത് അൾസർ മാറാൻ നല്ലതാണ് .ഇത് മറ്റു ഉദരരോഗങ്ങൾക്കും നല്ലതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം - ആറാട്ടായ് .

Previous Post Next Post