ലൈംഗീക ശേഷിക്കുറവ് ,വിഷാദം ,ഉത്കണ്ഠ ,ഉറക്കക്കുറവ് ,പ്രധിരോധശേഷിക്കുറവ് ,ശരീരപുഷ്ടി മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് അമുക്കുരം .സംസ്‌കൃതത്തിൽ പൊതുവെ അശ്വഗന്ധ എന്ന പേരിൽ അറിയപ്പെടുന്നു .കൂടാതെ ഗന്ധപത്രീ ,ഹയഗന്ധ ,ഗാത്രകാരി ,അശ്വാവരോഹക , പുത്രദ ,ബലദാ ,മരുതഘ്‌നി, വൃഷ തുടങ്ങിയ നിരവധി സംസ്‌കൃത നാമങ്ങളും അമുക്കുരത്തിനുണ്ട് .
കുതിരയുടെ മണമുള്ളത് എന്ന അർത്ഥത്തിൽ അശ്വഗന്ധ.ഹയഗന്ധ എന്നീ സംസ്‌കൃതനാമങ്ങളിലും .കുതിരയുടെ മണമുള്ള ഇലകലുള്ളത് എന്ന അർത്ഥത്തിൽ ഗന്ധപത്രീ എന്ന പേരിലും .ശരീരത്തിന് ഗുണകരമായത് എന്ന അർത്ഥത്തിൽ ഗാത്രകാരി എന്ന പേരിലും .കുതിരയെ പോലെ ലൈംഗീക ശക്തി നൽകുന്നു എന്ന അർത്ഥത്തിൽ അശ്വാവരോഹക എന്ന പേരിലും .ഇതിന്റെ ഇലകൾ പന്നിയുടെ ചെവിയുടെ ആകൃതി എന്ന അർത്ഥത്തിൽ വരാഹകർണി എന്ന പേരിലും .പുത്രനെ അഥവാ സന്താനത്തെ നൽകുന്നത് എന്ന അർത്ഥത്തിൽ പുത്രദ എന്ന പേരിലും .ശരീരത്തിന് ബലം നൽകുന്നത് അല്ലെങ്കിൽ ശക്തി നൽകുന്നത് എന്ന അർത്ഥത്തിൽ ബലദാ എന്ന പേരിലും .വാതരോഗത്തെ ശമിപ്പിക്കുന്നു എന്ന അർത്ഥത്തിൽ മരുതഘ്‌നി എന്ന പേരിലും .പൗരുഷം നൽകുന്നത് എന്ന അർത്ഥത്തിൽ വൃഷ എന്ന സംസ്‌കൃത നാമത്തിലും അമുക്കുരം അറിയപ്പെടുന്നു .
Botanical name : Withania somnifera .
Family : Solanaceae (Potato family).
വിതരണം .
പഞ്ചാബ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അമുക്കുരം സാധാരണയായി വളരുന്നു .എന്നാൽ ഇന്ന് പല സ്ഥലങ്ങളിലും വൻതോതിൽ അമുക്കുരം കൃഷി ചെയ്യുന്നുണ്ട്.കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്ന അമുക്കുരവും സാധാരണ വളരുന്ന അമുക്കുരവും തമ്മിൽ ആകൃതിയിലും ഗുണത്തിലും വിത്യാസമുണ്ടന്ന് ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നു .
അക്കാന്തേസി സസ്യകുടുംബത്തിൽപ്പെട്ട Ruellia tuberosa എന്ന ശാത്രനാമത്തിൽ അറിയപ്പെടുന്ന ചെറുസസ്യത്തിന്റെ ഉരുണ്ട വേരാണ് പല അങ്ങാടിക്കടകളിലും അമുക്കുരമായി വിറ്റുവരുന്നത് എന്നു പറയപ്പെടുന്നു മലയാളത്തിൽ ഈ സസ്യത്തെ നാട്ടുമുക്കുരം അഥവാ ശിവകരന്ത എന്ന പേരിൽ അറിയപ്പെടും .ഇതിന്റെ വേരിന് അമുക്കുരത്തിന്റെ യാതൊരു ഗുണങ്ങളുമില്ല .
സസ്യവിവരണം .
ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് അമുക്കുരം .ഇതിന്റെ കാണ്ഡവും ശാഖകളും ഇലകളും രോമിലമാണ് .ഇലകൾ ലഘു .ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു . ദീർഘവൃത്താകാരം .ഇലകൾക്ക് 5 -10 സെ.മി നീളവും 3 -7 സെ.മി വീതിയുമുണ്ടാകും .പൂക്കൾ പത്രകക്ഷങ്ങളിൽ ഒറ്റയായോ കൂട്ടമായോ ഉണ്ടാകുന്നു .പൂക്കൾക്ക് പച്ചകലർന്ന മഞ്ഞനിറം.ബാഹ്യദളപുടവും ദളപുടവും പഞ്ചപാളിതമാണ് .കേസരങ്ങൾ 5 .കേസരതന്തുക്കൾ ലോലവും കുഴൽ രൂപത്തിലുള്ളതുമാണ് .
അമുക്കുരത്തിന്റെ ഫലങ്ങൾ ഉരുണ്ട് പച്ചനിറത്തിൽ ചുണ്ടക്കായുടെ ആകൃതിയിൽ കാണപ്പെടുന്നു .കായകൾ പഴുക്കുമ്പോൾ നല്ല ചുവപ്പുനിറത്തിലാകും .ഒരു ഫലത്തിൽ തന്നെ ചെറിയ അനേകം പരന്ന വിത്തുകൾ കാണപ്പെടും .അമുക്കുരത്തിന്റെ വേരുകൾക്ക് ഏതാണ്ട് 25 സെമി നീളവും വിരൽ വണ്ണവുമുണ്ട് .വേരുകൾക്ക് മങ്ങിയ വെള്ളനിറമാണ് .വേരിന്റെ അഗ്രഭാഗത്ത് നാരുകൾ വളരെ കുറവായിരിക്കും .അതുകൊണ്ടുതന്നെ ഒടിച്ചാൽ പെട്ടന്ന് ഒടിയുകയും .ഉണക്കിപ്പൊടിച്ചാൽ നല്ല മാവുപോലെയുള്ള പൊടി കിട്ടുകയും ചെയ്യും .
പ്രാദേശിക നാമങ്ങൾ .
Common name : Winter Cheery ,Withania Root .
Malayalam : Amukkuram, Aswagandham .
Sanskrit : Aswagandha .
Tamil : Auchakenthi Kilangu,Amukirakilangu .
Hindi : Aswagandh ,Akri .
Telugu : Pilliamga .
Kannada : Amgura , Amugura .
Bengali : Aswagandha .
Marati : Asandha ,Aswandha.
ഔഷധയോഗ്യഭാഗം .
വേര് .
രസാദിഗുണങ്ങൾ.
രസം : തിക്തം, കഷായം .
ഗുണം : സ്നിഗ്ധം.
വീര്യം : ഉഷ്ണം.
വിപാകം : മധുരം.
അമുക്കുരത്തിന്റെ ഔഷധഗുണങ്ങൾ .
ആയുർവേദത്തിലെ വാതഹരൗഷധവും വാജീകരണൌഷധവുമാണ് അമുക്കുരം.അമുക്കുരത്തിന്റെ കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുന്നത് .ആയുർവേദ ഗ്രന്ഥങ്ങളിൽ അമുക്കുരം കൊണ്ടുള്ള രസായന പ്രയോഗം വളരെ പ്രസിദ്ധമാണ് .ഇത് ശരീരത്തിന് ബലവും ആരോഗ്യവും പുഷ്ടിയും വർധിപ്പിക്കും .ലൈംഗീകശക്തി വർധിപ്പിക്കും .ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,സ്വപ്നസ്കലനം എന്നിവ പരിഹരിക്കും .മുലപ്പാലും ശുക്ലവും വർധിപ്പിക്കും .മൂത്രം വർധിപ്പിക്കും .കൂടാതെ വാതരോഗങ്ങൾ ,നേത്രരോഗങ്ങൾ ,വെള്ളപോക്ക് ,മലബന്ധം എന്നിവയ്ക്കും നല്ലതാണ് .വിഷാദം ,ഉത്കണ്ഠ ,ഉറക്കക്കുറവ് ,പ്രധിരോധശേഷിക്കുറവ് .രക്തസമ്മർദം എന്നിവയ്ക്കുംനല്ലതാണ് .കഫം ,പനി ,വിഷം ,വ്രണം ,വെള്ളപ്പാണ്ട് ,ചർമ്മരോഗങ്ങൾ ,ആമവാതം ,ശരീരമാസകലമുള്ള വേദന ,നീര് ,ക്ഷതം ,ക്ഷയം ,ചുമ ,ശ്വാസംമുട്ട് എന്നിവയെ ശമിപ്പിക്കുകയും സപ്തധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ചെയ്യും .
അമുക്കുരം സ്ത്രീകൾക്കുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും ഫലപ്രദമാണ് .ശരീരം മെലിഞ്ഞവർക്കും വെള്ളപോക്ക് മൂലം കഷ്ട്ടപ്പെടുന്നവർക്കും അമുക്കുരം ദിവസവും ഉപയോഗിക്കാവുന്നതാണ് .അമുക്കുരം ലേഹ്യമാക്കിയോ അരിഷ്ടമാക്കിയോ കഴിക്കുന്നതിനേക്കാൾ ഗുണം പച്ചയ്ക്ക് പൊടിച്ചു കഴിക്കുന്നതാണ് എന്ന് അടുത്തിടെ നടത്തിയ ഗെവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് . കൂടാതെ കാൻസർ ശമിപ്പിക്കാനുള്ള കഴിവും അമുക്കുരത്തിന് ഉണ്ടന്ന് ഗെവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . അമുക്കുരം ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.
അമുക്കുരം ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
അശ്വഗന്ധാരിഷ്ടം (Aswagandharishtam).
ലൈംഗീകപ്രശ്നങ്ങൾ ,വിഷാദരോഗം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അശ്വഗന്ധാരിഷ്ടം.പുരുഷന്മാരിലെ ലൈംഗീക ബലഹീനത, ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,സ്ത്രീ-പുരുഷ വന്ധ്യത തുടങ്ങിയവയ്‌ക്കെല്ലാം അശ്വഗന്ധാരിഷ്ടം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .കൂടാതെ വിഷാദം , ഉത്കണ്ഠ, ഉറക്കമില്ലായ്‌മ , ശരീരക്ഷീണം , അലസത , ഉന്മേഷക്കുറവ് ,ശ്രദ്ധക്കുറവ് ,പ്രധിരോധശേഷിക്കുറവ് ,ആവർത്തിച്ചുള്ള പനി ,ജലദോഷം ,ശരീരഭാരം കുറയുക ,പാർക്കിൻസൺസ്,നാഡി-പേശി ബലഹീനത ,വിറയൽ തുടങ്ങിയ അവസ്ഥകളിലെല്ലാം അശ്വഗന്ധാരിഷ്ടം ഒറ്റയ്ക്കും മറ്റ് മരുന്നുകളോടൊപ്പവും ഡോക്ടർമാർ നിർദേശിക്കുന്നു .
അശ്വഗന്ധാദി ലേഹ്യം (Ashwagandhadi Lehyam).
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു ലേഹ്യമാണ് അശ്വഗന്ധാദി ലേഹ്യം.ശരീരത്തിലുണ്ടാകുന്ന ക്ഷീണമകറ്റാനും ശരീരം ക്ഷീണിച്ചവർക്ക് ശരീരപുഷ്ടിയുണ്ടാക്കാനും ഉന്മേഷം വർധിപ്പിക്കാനും.സ്ത്രീകളുടെ സ്തനവലിപ്പം മെച്ചപ്പെടുത്താനും .സ്ത്രീ -പുരുഷ വന്ധ്യത പരിഹരിക്കുന്നതിനും അശ്വഗന്ധാദി ലേഹ്യം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീക പ്രശ്നങ്ങൾ പരിഹരിച്ച് നല്ലൊരു ലൈംഗീക ജീവിതത്തിനും ഈ ഔഷധം സഹായിക്കുന്നു .പലതരം രോഗങ്ങൾ വന്നുപോയതിനു ശേഷമുള്ള ശരീരക്ഷീണത്തിനും ജിമ്മിൽ പോകുന്നവർക്ക് മസിൽ വികസിപ്പിക്കുന്നതിനും ഈ ഔഷധം ഉപയോഗിക്കുന്നു . വാതസംബധമായി ഉണ്ടാകുന്ന മുട്ടുവേദന ,നടുവേദന ,തോളുവേദന തുടങ്ങിയ അവസ്ഥയിലും രക്തശുദ്ധിക്കും, പ്രസവാനന്തര ചികിത്സയിലും അശ്വഗന്ധാദി ലേഹ്യം ഉപയോഗിക്കുന്നു .
ബലാശ്വഗന്ധാദി തൈലം (Balaswagandhadi thailam).
അസ്ഥികളുടെയും ,പേശികളുടെയും ,സന്ധികളുടെയും ബലഹീനത പരിഹരിക്കാൻ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു തൈലമാണ് ബലാശ്വഗന്ധാദി തൈലം.പനി ,തലവേദന ,പേശി ക്ഷയിക്കൽ ,സന്ധിവേദന ,എല്ലുവേദന ,സന്ധിവാതം .കൈ തളര്‍ച്ച (Brachial Plexus Injury),സെർവിക്കൽ വേദന,ഞരമ്പ് വേദന ,ഞരമ്പ് വലിവ് ,തളർവാതം ,ഉന്മാദം ,തിമിരം തുടങ്ങിയവയ്ക്ക് ബലാശ്വഗന്ധാദി തൈലം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .
അശ്വഗന്ധാദി ഘൃതം(Ashwagandhadi Ghritam).
നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അശ്വഗന്ധ ഘൃതം.മെലിഞ്ഞവർ തടിക്കുന്നതിനും സ്ത്രീ -പുരുഷ വന്ധ്യതയുടെ ചികിൽത്സയിലും അശ്വഗന്ധ ഘൃതം ഉപയോഗിക്കുന്നു .ലൈംഗീകശക്തി വർധിപ്പിക്കാനും ഈ ഔഷധം ഉപയോഗിക്കാം. പ്രത്യേകിച്ച് വൃദ്ധന്മാർക്ക് കഴിക്കാൻ പറ്റിയ ഒരു മരുന്നുകൂടിയാണിത് .സ്ഥിരമായി ജിമ്മിൽ പോകുന്നവർക്ക് കഴിക്കാൻ പറ്റിയ ഒരു ഔഷധമാണിത് .ഇത് സന്ധികളെയും ,ഞരമ്പുകളെയും ,പേശികളെയും ബലപ്പെടുത്താൻ സഹായിക്കുന്നു .ചുമ ,ആസ്മ ,വിട്ടുമാറാത്ത പനി എന്നിവയുടെ ചികിൽത്സയിലും അശ്വഗന്ധ ഘൃതം ഉപയോഗിക്കുന്നു .
ച്യവനപ്രാശം (Chyavanaprasam),
ആയുർവേദ മരുന്നുകളിൽ ഏറെ പ്രശസ്‌തമായ ഒന്നാണ് ച്യവനപ്രാശം .ഇതൊരു രസായനൗഷധമാണ്. ആയുർവേദത്തിൽ രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും യൗവനം നിലനിർത്താനുമുള്ള ഒരു ഔഷധമാണ് ച്യവനപ്രാശം.
ധാന്വന്തരം കഷായം (Dhanvantaram Kashayam) .
പ്രസവാനന്തര ക്ഷീണം അകറ്റാനും ,ദഹനപ്രശ്‌നങ്ങൾ ,ചുമ, ജലദോഷം, ബ്രോങ്കൈറ്റിസ്,വാതരോഗങ്ങൾ ,മൂത്രാശയരോഗങ്ങൾ ,ഹെർണിയ തുടങ്ങിയ രോഗങ്ങൾക്ക് ധാന്വന്തരം കഷായം ഉപയോഗിച്ചു വരുന്നു .
മഹാമാഷതൈലം (Mahamasha Tailam).
പക്ഷാഘാതത്തിന്റെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു തൈലമാണ് മഹാമാഷതൈലം .ഇത് ഉള്ളിലേക്ക് കഴിക്കാനും പുറമെ പുരട്ടാനും ഉപയോഗിക്കുന്നു .കൂടാതെ കേൾവിക്കുറവ് ,ചെവിയിലെ മൂളൽ ,താടിയെല്ല് വേദന ,തോളുവേദന ,കൈകാലുകൾ ,കഴുത്ത് എന്നിവിടങ്ങളിലുണ്ടാകുന്ന വേദനകൾ ,തലവേദന ,നേത്രരോഗങ്ങൾ ,വാതരോഗങ്ങൾ ,ശരീരവേദന ,പേശിവേദന ,സന്ധിവേദന തുടങ്ങിയ രോഗങ്ങൾക്ക് മഹാമാഷതൈലം ഉപയോഗിച്ചുവരുന്നു .ഇതിൽ അമുക്കുരം ഒരു ചേരുവയാണങ്കിലും ഈ എണ്ണയിലെ പ്രധാന ചേരുവ ഉഴുന്നാണ് .മാഷ എന്നാൽ ഉഴുന്ന് എന്നാണ് .
പെയിൻ ബാം (Kottakkal Ayurveda Pain Balm) .
സന്ധിവേദന ,പേശിവേദന ,പുറംവേദന ,തലവേദന ,ഉളുക്ക് മുതലായവയ്ക്ക് പുറമെ പുരട്ടുവാൻ പെയിൻ ബാം ഉപയോഗിക്കുന്നു .
സ്പെർമക്കോട്ട് ടാബ്‌ലെറ്റ് (Spermakot Tablet).
സ്ത്രീ- പുരുഷ വന്ധ്യത ,ലൈംഗീക താൽപര്യക്കുറവ് ,ബീജങ്ങളുടെ എണ്ണക്കുറവ് ,ശീഘ്രസ്‌ഖലനം മുതലായവയുടെ ചികിൽത്സയിൽ സ്പെർമക്കോട്ട് ടാബ്‌ലെറ്റ് ഉപയോഗിച്ചു വരുന്നു .
അശ്വഗന്ധാദി യമകം (Aswagandhadi Yamakam).
നാഡിതളർച്ച ,ബലഹീനത ,ലിംഗത്തിന്റെ വലിപ്പക്കുറവ് മുതലായവയുടെ ചികിൽത്സയിൽ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അശ്വഗന്ധാദി യമകം.
അമുക്കുരത്തിന്റെ ചില ഔഷധപ്രയോഗങ്ങൾ .
ലൈംഗീകശേഷി വർധിപ്പിക്കാൻ അമുക്കുരം : അമുക്കുരം പൊടി 10 ഗ്രാം വീതം 200 മില്ലി പാലും 400 മില്ലി വെള്ളവും ചേർത്ത് നന്നായി വേവിച്ചു ചെറിയ ചൂടോടെ രാത്രിയിൽ കിടക്കുന്നതിന് മുമ്പ് കഴിക്കുന്നത് ലൈംഗീക ശേഷിക്കുറവ് ,ഉദ്ധാരണക്കുറവ്, ശീഘ്രസ്‌ഖലനം ,സ്വപ്നസ്കലനം ,ശുക്ളക്ഷയം , ഉറക്കക്കുറവ് ,ശരീരക്ഷീണം ,തലവേദന, ശരീരവേദന, വാതരോഗങ്ങൾ എന്നിവയ്‌ക്കെല്ലാം നല്ലതാണ് .ഇത് ശരീരം പുഷ്ടിപ്പെടുത്തുന്നതിനും നല്ലതാണ് .
വെള്ളപോക്കിന് അമുക്കുരം : അമുക്കുരം വേര് പാലിൽ വേവിച്ച് ഉണക്കിപ്പൊടിച്ച ചൂർണം 3 ഗ്രാം വീതം ഒരു ടീസ്പൂൺ നെയ്യിൽ ചേർത്ത് പതിവായി കഴിച്ചാൽ സ്ത്രീകളിലെ വെള്ളപോക്ക് മാറാൻ നല്ലതാണ് .ഇങ്ങനെ കഴിക്കുന്നത് പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും നല്ലതാണ് .
വാർധക്യത്തിലെ ക്ഷീണം മാറാൻ അമുക്കുരം : അമുക്കുരം ,നായ്ക്കുരണ ,എള്ള് എന്നിവ സമമായി പൊടിച്ച് 5 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ ചേർത്ത് പതിവായി കഴിക്കുന്നത് ക്ഷീണം ,വാതരോഗങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു .
അലർജി മൂലമുള്ള മൂക്കൊലിപ്പ് മാറാൻ അമുക്കുരം : അമുക്കുരം ,മഞ്ഞൾ ,ചുക്ക് എന്നിവ സമമായി പൊടിച്ച് 5 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലർത്തി ദിവസവും കഴിച്ചാൽ അലർജി മൂലമുള്ള മൂക്കൊലിപ്പ് മാറാൻ നല്ലതാണ് .
കുട്ടികളുടെ ശരീരപുഷ്ടിക് അമുക്കുരം :ഒരു കിലോ പശുവിൻ നെയ്യും കാൽക്കിലോ അമുക്കുരം പൊടിച്ചതും ഇതിന്റെ പത്തിരട്ടി പാലും ചേർത്ത് കാച്ചി അരിച്ചെടുത്ത് സൂക്ഷിക്കാം .ഇത് കുട്ടികൾക്ക് ദിവസവും ഒരു സ്‌പൂൺ വീതം കൊടുത്താൽ കുട്ടികളുടെ ശരീരം പുഷ്ടിപ്പെടാൻ സഹായിക്കും .
ALSO READ : അടുക്കളയിലെ ഡോക്ടർ: നമ്മുടെ കടുക് എത്ര വലിയ ഔഷധമാണെന്ന് അറിയാമോ?.
ഉറക്കക്കുറവിന് അമുക്കുരം : അമുക്കുരം പൊടിച്ച് നെയ്യും ,പഞ്ചസാരയും ചേർത്ത് ഒരു സ്‌പൂൺ വീതം ദിവസവും രാത്രിയിൽ കിടക്കുന്നതിന് മുമ്പായി കഴിച്ചാൽ ഉറക്കക്കുറവുള്ളവർക്ക് നല്ല ഉറക്കം കിട്ടും .
സ്ത്രീ വന്ധ്യത മാറാൻ അമുക്കുരം :25 ഗ്രാം അമുക്കുരം 400 മില്ലി വെള്ളത്തിൽ തിളപ്പിച്ചതിൽ 100 മില്ലി തിളപ്പിച്ച പാലും ചേർത്ത് പാലിന്റെ അളവിൽ വറ്റിച്ച് (100 മില്ലി ) തണുത്തതിനു ശേഷം അരിച്ചെടുത്ത് 30 മില്ലി വീതം അര ടീസ്പൂൺ നെയ്യും ചേർത്ത് രാവിലെ ആഹാരത്തിന് മുമ്പ് കഴിക്കുന്നത് സ്ത്രീ വന്ധ്യത മാറാൻ സഹായിക്കുന്നു .ഗർഭധാരണം ആസൂത്രണം ചെയ്യുന്ന ഏതൊരു സ്ത്രീയ്ക്കും ഒരു ഡോക്ടറുടെ നിർദേശപ്രകാരം 2 മുതൽ 3 മാസം വരെ കഴിക്കാം .ഇത് ഗർഭാശയം ,അണ്ഡാശയം ,മസിലുകൾ എന്നിവ ശക്തിപ്പെടുത്താൻ സഹായിക്കുന്നു
മെലിഞ്ഞ സ്ത്രീകൾ തടിക്കാൻ അമുക്കുരം :അമുക്കുരം കടുകെണ്ണയിൽ വറുത്തുപൊടിച്ച് 5 ഗ്രാം വീതം പതിവായി കഴിച്ചാൽ മെലിഞ്ഞ സ്ത്രീകൾ തടിക്കാൻ സഹായിക്കുന്നു .സ്തനങ്ങളുടെ വലുപ്പം കൂട്ടുവാനും ഇങ്ങനെ കഴിക്കുന്നത് നല്ലതാണ് .

