ഭക്ഷണ വിഭവങ്ങൾക്ക് രുചിയും മണവും നൽകുന്നതിനും ആയുർവേദ ഔഷധ നിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് (ഉലുവ/Fenugreek) .ഇതിനെ വെന്തയം എന്നും അറിയപ്പെടുന്നു .കയ്പ്പ് രുചിയുള്ള ഈ ചെറുധാന്യം ഒരു മികച്ച ഔഷധമായിട്ടാണ് ആയുർവേദം കണക്കാക്കുന്നത് 'മേഥി' (Methi) എന്ന പേരിലാണ് ആയുർവേദത്തിൽ ഇത് അറിയപ്പെടുന്നത്.ആസ്മ ,ബ്രോങ്കൈറ്റിസ് ,പ്രമേഹം ,ലൈംഗീക പ്രശ്നങ്ങൾ ,ചർമ്മരോഗങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ഉലുവ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു .സംസ്‌കൃതത്തിൽ മേഥിക (Methikā) എന്ന പേരിലാണ് ഉലുവ കൂടുതലായും അറിയപ്പെടുന്നത് .കൂടാതെ നിരവധി സംസ്‌കൃത പര്യായപദങ്ങളും ഉലുവയ്ക്കുണ്ട് .
🌿 ഉലുവയുടെ സംസ്‌കൃത പര്യായങ്ങൾ .
ദീപനി (Deepani), ബോധനി (Bodhani), ഉഗ്ര (Ugra): വിശപ്പും ദഹനവും വർധിപ്പിക്കുന്നത് .
ബഹുപർണി (Bahuparni) / ബഹുപത്രിക (Bahupatrika) : ധാരാളം ഇലകളും പൂക്കളും ഉള്ളത് എന്ന് സൂചിപ്പിക്കുന്നു .
പീതബീജ (Peetha beeja) : വിത്തുകൾ മഞ്ഞ നിറത്തിലുള്ളത് എന്ന് സൂചിപ്പിക്കുന്നു .
ഗന്ധഫല (Gandhaphala) : വിത്തുകൾക്ക് പ്രത്യേക സുഗന്ധമുള്ളത് എന്ന് സൂചിപ്പിക്കുന്നു .
കുഞ്ചിക (Kunchika) : വിത്തുകൾക്ക് വളവുള്ളത് എന്നു സൂചിപ്പിക്കുന്നു .
ചന്ദ്രിക (Chandrika) : പൂക്കളുടെ നിറത്തെ സൂചിപ്പിക്കുന്നു .വെള്ളയോ ,മഞ്ഞ കലർന്ന വെള്ളയോ ആകാം .
Botanical name: Trigonella foenum-graecum.
Family: Fabaceae (Pea family).
വിതരണം
ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ ഉലുവ ഉത്പാദക രാജ്യം. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഉലുവ കൃഷി ചെയ്യപ്പെടുന്നുണ്ട്. രാജസ്ഥാൻ ,തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഒരു സുഗന്ധവ്യഞ്ജനമായും ഇലക്കറിയായും കൃഷി ചെയ്യപ്പെടുന്നു. രാജസ്ഥാനിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉലുവ ഉത്പാദിപ്പിക്കുന്നത് .
🧪 ഉലുവയിലെ പ്രധാന രാസഘടകങ്ങൾ (Chemical Constituents) .
ഉലുവയുടെ ഇലകളിലും വിത്തുകളിലും ട്രൈഗോനെല്ലൈൻ (Trigonelline) എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു .ഇതാണ് ഉലുവയുടെ കൈപ്പുരുചിക്ക് കാരണം .ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന 4-ഹൈഡ്രോക്സി ഐസോല്യൂസിൻ (4-Hydroxyisoleucine) എന്ന അമിനോ ആസിഡ് ഇൻസുലിൻ ഉത്പാദനം ഉത്തേജിപ്പിക്കുകയും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഇവയ്ക്കു പുറമെ സുഗന്ധ തൈലങ്ങൾ .ഫ്ലേവനോയിഡുകൾ ,കൊഴുപ്പുകൾ ,പ്രോട്ടീനുകൾ ,വിറ്റാമിനുകൾ (പ്രത്യേകിച്ച് വിറ്റാമിൻ സി, എ ), ധാതുക്കൾ (ഇരുമ്പ്) എന്നിവയും ഉലുവയിൽ അടങ്ങിയിരിക്കുന്നു.ഇതിൽ അടങ്ങിയിരിക്കുന്ന സോടോലോൺ (Sotolone) എന്ന ഘടകമാണ് ഉലുവയ്ക്ക് പ്രത്യേക സുഗന്ധം നൽകുന്നത് .
പ്രാദേശികനാമങ്ങൾ .
കേരളം (Kerala) : ഉലുവ,Uluva .
തമിഴ്‌നാട് (Tamil Nadu) : വെന്തയം,Vendhayam.
കർണ്ണാടക (Karnataka) : മേഥ്യ / മേഥിക,Menthe / Methya.
തെലങ്കാന(Telugu) : മെന്തിലൂ ,Menthulu.
മഹാരാഷ്ട്ര (Maharashtra) : മേഥി,Methi.
ഗുജറാത്ത് (Gujarat) : മേഥി,Methi.
ബംഗാൾ (Bengal) : മേഥി ശാഖ്,Methi / Shak.
പഞ്ചാബ്/ഹിമാചൽ (North India) : മേഥി,Methi.
ഹിന്ദി ഭാഷാപ്രദേശം (Hindi Belt) : മേഥി,Methi.
ഔഷധയോഗ്യഭാഗങ്ങൾ .
വിത്ത് ,ഇല .
രസാദിഗുണങ്ങൾ .
രസം -കടു .
ഗുണം -ലഘു ,സ്നിഗ്ദ്ധം.
വീര്യം -ഉഷ്‌ണം .
വിപാകം -കടു .
🌿 ഉലുവ (Fenugreek - മേഥി): ആയുർവേദ ഗുണങ്ങളും പ്രയോഗങ്ങളും .
ഉലുവയുടെ കയ്പ്പ് പ്രധാന രസമായതിനാലും ചൂടുള്ള വീര്യമുള്ളതിനാലും പല രോഗങ്ങൾക്കും ഇത് ഉത്തമമായി ആയുർവേദം കണക്കാക്കുന്നു.
ദീപനീയ/പാചനീയ: ദഹനശക്തി മെച്ചപ്പെടുത്താനും വിശപ്പ് വർധിപ്പിക്കാനും സഹായിക്കുന്നു.
ബല്യ: ശരീരത്തിന് ശക്തിയും ബലവും നൽകാൻ സഹായിക്കുന്നു .
വൃഷ്യ: ശുക്ലം ,ബലം ,കാമം ,ഓജസ്സ് എന്നിവ വർധിപ്പിക്കുന്നു .
വാതഹര: വാതദോഷത്തെ ശമിപ്പിക്കുന്നു, നാഡീസംബന്ധമായ വേദനകൾ ,പക്ഷാഘാതം , മലബന്ധം , വയറുവീർപ്പ് , മറ്റ് വാത രോഗങ്ങൾ ,നീര് എന്നിവയെ ശമിപ്പിക്കുന്നു .
മൂത്രാള: മൂത്രം കൂടുതലായി ഉത്പാദിപ്പിക്കാനും പുറംതള്ളാനും സഹായിക്കുന്നു .
മധുമേഹം : പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നു .
സ്തന്യ ജനന : മുലയൂട്ടുന്ന അമ്മമാരിലെ മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നു .
കഫഹര : കഫദോഷത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്നു.കഫത്തോടുകൂടിയ ചുമ, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ശമിപ്പിക്കുന്നു .
രക്തപിത്ത : മൂക്കിൽ കൂടിയുള്ള രക്തസ്രാവം ,അമിത ആർത്തവ രക്തസ്രാവം തുടങ്ങിയ രക്തസ്രാവ വൈകല്യങ്ങൾ ശമിപ്പിക്കുന്നു .
മറ്റു ഉപയോഗങ്ങൾ : മുടികൊഴിച്ചിൽ ,മൂലക്കുരു ,കുരുക്കൾ ,പരുക്കൾ ,മുറിവുകൾ ,വീക്കം ,വയറുവേദന എന്നിവയ്ക്കും നല്ലതാണ് .
📢 ശ്രദ്ധിക്കുക : ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . ഉലുവ ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.
💧ഉലുവ ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
🍯മുസ്താരിഷ്ടം (Mustarishtam) .
പ്രധാനമായും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മുസ്താരിഷ്ടം .പേരു സൂചിപ്പിക്കുന്ന പോലെ ഇതിലെ പ്രധാന ചേരുവ മുസ്ത (Musta - മുത്തങ്ങ) -യാണ് .ദഹനക്കേട് ,വിശപ്പില്ലായ്മ , അരുചി, ഗ്യാസ്ട്രബിൾ , വയറുവേദന, ഗ്രഹണി ,ദഹനക്കുറവ് മൂലമുണ്ടാകുന്ന വയറിളക്കം, അതിസാരം, പോഷകങ്ങൾ ശരീരത്തിന് വലിച്ചെടുക്കാൻ കഴിയാത്ത അവസ്ഥ (മാൽ അബ്സോർപ്ഷൻ സിൻഡ്രോം), ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) എന്നിവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
🍯സ്പതാരിഷ്ടം (Saptarishtam).
ആയുർവേദത്തിൽ പ്രധാനമായും ഒരു ജനറൽ ടോണിക് ആയും, ശരീരത്തിന് ബലവും പുഷ്ടിയും നൽകുന്നതിനും, ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് സ്പതാരിഷ്ടം പ്രധാനമായും ഉപയോഗിക്കുന്നത്.ശരീരത്തിലെ ഏഴ് ധാതുക്കൾക്ക് (Saptadhatus - രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം) എന്നിവയ്ക്ക് ശരിയായ പോഷണം നൽകാൻ സഹായിക്കുന്നു.രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു , ശരീരക്ഷീണം ഇല്ലാതാക്കുന്നു .ദഹനശക്തി മെച്ചപ്പെടുത്തുന്നു,വിശപ്പ് വർദ്ധിപ്പിക്കുന്നു ,സമ്മർദ്ദം , ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.ശരീരത്തിന് ഉന്മേഷം നൽകുന്നു .
🍯മൃതസഞ്ജീവനി അരിഷ്ടം (Mritasanjeevani Arishtam) .
മൃതസഞ്ജീവനി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, ജീവൻ നൽകുന്ന ഒരു ടോണിക് എന്ന നിലയിലാണ് ആയുർവേദത്തിൽ അറിയപ്പെടുന്നത്.ഇതൊരു ആസവ വിഭാഗത്തിൽപ്പെട്ട മരുന്നാണ്, അതായത് സ്വാഭാവികമായ പുളിപ്പിക്കൽ വഴി തയ്യാറാക്കുന്ന ഒരു ദ്രാവക രൂപത്തിലുള്ള മരുന്ന്. ശരീരത്തിന് ക്ഷീണം, തളർച്ച, ഉന്മേഷമില്ലായ്മ ,വിവിധ രോഗങ്ങൾ വന്നു പോയതിനു ശേഷമുള്ള ശരീര ക്ഷീണം ,ദഹനക്കേട് ,വിശപ്പില്ലായ്‌മ ,പ്രതിരോധശേഷിക്കുറവ് ,പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവ് എന്നിവയുടെ ചികിത്സയിലും . പ്രസവശേഷമുണ്ടാകുന്ന ക്ഷീണം, ബലക്കുറവ്, വിഷാദം എന്നിവ കുറയ്ക്കുന്നതിനും, ഗർഭപാത്രത്തിന് ശക്തി നൽകുന്നതിനും ഈ ഔഷധം ഉപയോഗിക്കുന്നു .
🍯ധാന്വന്തരം കഷായം ( Dhanvantaram Kashayam).
പ്രധാനമായും വാത രോഗങ്ങൾക്കും പ്രസവാനന്തര പരിചരണത്തിനും. വേണ്ടിയാണ് ധാന്വന്തരം കഷായം ഉപയോഗിക്കുന്നത് .നാഡീസംബന്ധമായ പ്രശ്നങ്ങൾ : പക്ഷാഘാതം ,മുഖത്തുണ്ടാകുന്ന പക്ഷാഘാതം , നാഡീവ്യൂഹത്തിലെ ബലക്കുറവ് ,സന്ധിവേദന , റുമാറ്റിക് രോഗങ്ങൾ ,കൈകളിലും കാലുകളിലുമുള്ള തരിപ്പ്, വീക്കം , പേശികളുടെ ബലക്കുറവ് ,നടുവേദന, കഴുത്തുവേദന എന്നിവയ്ക്കും ,പ്രസവാനന്തരം ഗർഭാശയത്തെ ശക്തിപ്പെടുത്താനും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിക്കാനും , ശരീരത്തിനുണ്ടാകുന്ന ബലക്കുറവും വേദനകളും കുറച്ച്, ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാനും ധാന്വന്തരം കഷായം ഉപയോഗിക്കുന്നു .പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ധാന്വന്തരം തൈലവും ഉണ്ട് .
🍯ത്രിവൃതസ്നേഹം (Trivritasneham) .
വിവിധ തരം വാത സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ത്രിവൃതസ്നേഹം .എണ്ണ (തൈലം) അല്ലെങ്കിൽ നെയ്യ് (ഘൃതം) അതായത് സ്നേഹ രൂപത്തിലാണ് ഇത് നിർമ്മിക്കപ്പെടുന്നത് .സന്ധിവാതം ,സന്ധികളിലെ വേദന, നീർക്കെട്ട് ,നാഡീ തളർച്ച ,വാതം കാരണമുണ്ടാകുന്ന വയറുവേദന ,വയറുവീർപ്പ് തുടങ്ങിയവയുടെ ചികിത്സയിൽ ത്രിവൃതസ്നേഹം ഉപയോഗിക്കുന്നു .ത്രിവൃതസ്നേഹം എന്നാൽ മൂന്നു തരം എണ്ണകളെയാണ് സൂചിപ്പിക്കുന്നത് ,ആവണക്കെണ്ണ ,വേപ്പെണ്ണ ,എള്ളെണ്ണ എന്നിവ ഈ തൈലത്തിലെ പ്രധാന ഘടകമാണ് .ഇത് ബാഹ്യമായ ഉപയോഗത്തിനു മാത്രമുള്ളതാണ് .
🍯വൈദ്യരത്നം മേഹനിൽ ടാബ്‌ലെറ്റ് (Vaidyaratnam Mehanil Tablets).
ടൈപ്പ് 2 പ്രമേഹത്തിൻ്റെ ചികിത്സയ്ക്കും അതിൻ്റെ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് മേഹനിൽ ടാബ്‌ലെറ്റ് പ്രധാനമായും ഉപയോഗിക്കുന്നത് .
🔬 പ്രമേഹവും കൊഴുപ്പും കുറയ്ക്കുന്നതിൽ ഉലുവയുടെ ഒരു പഠന റിപ്പോർട്ട് .
ഇറാനിലെ ഇസ്ഫഹാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ സാംക്രമിക രോഗ ഗവേഷണ കേന്ദ്രത്തിൽ ഉലുവയെ കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി .24 പ്രമേഹ രോഗികളിൽ ദിവസവും 10 ഗ്രാം ഉലുവാപ്പൊടി ചൂടുവെള്ളത്തിലും തൈരിലും കലർത്തി 8ആഴ്ച്ചയോളം കൊടുത്താണ് പരീക്ഷണം നടത്തിയത് .ഇതിൽ 11 പേർക്കാണ് ഉലുവപ്പൊടി ചൂടുവെള്ളത്തിൽ കുതിർത്ത് കൊടുത്തത് .ബാക്കിയുള്ളവർക്ക് തൈരിലും .
ചൂടുവെള്ളത്തിൽ കുതിർത്ത ഉലുവ കഴിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിലും കൊഴുപ്പുകളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി.എന്നാൽ തൈരിൽ കലർത്തി കഴിച്ചവരിൽ യാതൊരുവിധ മാറ്റവും കണ്ടില്ല .ഈ പഠനം കാണിക്കുന്നത്, ടൈപ്പ് 2 പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിൻ്റെയും അളവ് നിയന്ത്രിക്കുന്നതിൽ ചൂടുവെള്ളത്തിൽ കുതിർത്ത ഉലുവ ഒരു സഹായക ചികിത്സയായി ഉപയോഗിക്കാൻ സാധിക്കും എന്നാണ്.
🌿 ഉലുവയുടെ (Fenugreek) ചില ഔഷധപ്രയോഗങ്ങൾ .
🌿 പ്രമേഹം കുറയ്ക്കാൻ ഉലുവപ്പൊടി : 5 ഗ്രാം ഉലുവപ്പൊടി ചൂടുവെള്ളത്തിൽ കലക്കി രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം (Type 2 Diabetes) നിയന്ത്രിക്കുന്നതിൽ വളരെ ഫലപ്രദമായ ഒരു പ്രകൃതിദത്ത മാർഗ്ഗമാണ്. ഔഷധങ്ങൾ ചൂടുവെള്ളത്തിൽ കഴിക്കുന്നത് അതിൻ്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കാൻ സഹായിക്കും .ഉലുവയും മഞ്ഞൾപ്പൊടിയും തുല്യ അളവിൽ കലർത്തി 5 ഗ്രാം വീതം കഴിക്കുന്നതും നല്ലതാണ് .
ഉലുവയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ വയറ്റിൽ ഒരു ജെൽ രൂപീകരിക്കുകയും, ഇത് കാർബോഹൈഡ്രേറ്റിന്റെയും ഗ്ലൂക്കോസിന്റെയും ആഗിരണം സാവധാനത്തിലാക്കുകയും ചെയ്യുന്നു. തൽഫലമായി, ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി ഉയരുന്നത് തടയുകയും ചെയ്യുന്നു .
🌿 കൊളസ്‌ട്രോൾ കുറയ്ക്കാൻ ഉലുവ : 10 ഗ്രാം ഉലുവാപ്പൊടി ചൂടുവെള്ളത്തിൽ കലർത്തി 30 ദിവസത്തോളം ദിവസവും കഴിച്ചാൽ കൊളസ്‌ട്രോൾ ഗണ്യമായി കുറയാൻ സഹായിക്കുന്നു .ഉലുവയിൽ ഗാലക്റ്റോമാന്നൻ പോലുള്ള ലയിക്കുന്ന നാരുകൾ ധാരാളമുണ്ട്. ഈ നാരുകൾ ദഹനനാളത്തിൽ വെച്ച് കൊളസ്‌ട്രോളിനെ (പ്രത്യേകിച്ച് ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്‌ട്രോളിനെ) വലിച്ചെടുക്കുകയും അത് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടാതെ മലത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
🌿മലബന്ധം ,മൂലക്കുരു എന്നിവയ്ക്ക് ഉലുവാ കഷായം : 10 ഗ്രാം ഉലുവ ഒരു കപ്പ് വെള്ളത്തിൽ നന്നായി വേവിച്ച് അതിൽ സ്വൽപം നെയ്യും ചേർത്ത് കഴിക്കുന്നത് മലബന്ധം ,മൂലക്കുരു എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു .
ഉലുവയിലെ ലയിക്കുന്ന നാരുകൾ ദഹനനാളത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും ,മലത്തിന് മൃദുത്വം നൽകുകയും ചെയ്യുന്നു. ഇത് മലം എളുപ്പത്തിൽ പുറന്തള്ളാൻ സഹായിക്കുന്നു.കടുപ്പമേറിയ മലം മൂലക്കുരുവിൻ്റെ സിരകളിൽ സമ്മർദ്ദം ചെലുത്തുന്നതാണ് വേദനയ്ക്കും രക്തസ്രാവത്തിനും കാരണം. ഉലുവ കഷായം മലത്തിന് മൃദുത്വം നൽകുന്നതിനാൽ, മലവിസർജ്ജനം എളുപ്പമാവുകയും മൂലക്കുരുവിൻ്റെ ലക്ഷണങ്ങൾ കുറയുകയും ചെയ്യും. നെയ്യ് മലബന്ധത്തിനും മൂലക്കുരുവിനും ഒരു പ്രതിവിധിയാണ് .ഇതിനെ കുറിച്ച് മറ്റൊരു പോസ്റ്റിൽ എഴുതിയിട്ടുണ്ട് .അതുകൂടി വായിക്കാം .
🤱 മുലപ്പാൽ വർദ്ധിപ്പിക്കാൻ ഉലുവ : 5 ഗ്രാം ഉലുവ രാത്രിയിൽ മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ചിരുന്ന് ,പിറ്റേന്ന് രാവിലെ ഇത് ഒരു ഗ്ലാസ് പാലിൽ വേവിച്ചു അൽപം ശർക്കരയും ചേർത്ത് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാരിലെ മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നു .ഉലുവയുടെ സ്നിഗ്ദ്ധ ഗുണവും ഉഷ്ണവീര്യവുമാണ് പാൽ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നത്.
ഉലുവ ലേഹ്യം (Methika Lehyam) : പ്രസവശേഷം മുലപ്പാൽ വർദ്ധിപ്പിക്കാൻ കേരളത്തിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ ലേഹ്യം .ഉലുവ വറുത്ത് പൊടിച്ച്, അതിൽ നെയ്യ്, ശർക്കര അല്ലെങ്കിൽ കൽക്കണ്ടം എന്നിവ ചേർത്ത് ലേഹ്യ രൂപത്തിൽ ദിവസവും കഴിക്കുന്നത് പാൽ ഉത്പാദനം കൂട്ടാൻ സഹായിക്കും.ശർക്കരയ്ക്കും മുലപ്പാൽ വർധിപ്പിക്കാനുള്ള കഴിവുണ്ട് .ഇതിനെ കുറിച്ച് മറ്റൊരു പോസ്റ്റിൽ എഴുതിയിട്ടുണ്ട് .അതുകൂടി വായിക്കാം .
ഉലുവ കഞ്ഞി: പ്രസവശേഷമുള്ള ആദ്യ ആഴ്ചകളിൽ ഉലുവ ചേർത്തുണ്ടാക്കിയ കഞ്ഞി കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും പാൽ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും.കറികളിൽ (പ്രത്യേകിച്ച് മീൻകറിയിൽ) ഉലുവ ചേർത്ത് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് ഗുണകരമാണ്.
ഉലുവ ചായ : ഉലുവപ്പൊടി തിളച്ച വെള്ളത്തിൽ ഇട്ട് 10 മിനിറ്റ് വെച്ച ശേഷം അരിച്ചെടുത്ത് ചായയായി ഉപയോഗിക്കാം. ദിവസവും 2-3 തവണ ഇത് കുടിക്കുന്നത് മുലപ്പാൽ വർധിപ്പിക്കാൻ ഫലപ്രദമാണ്.
⚠️ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : മുലപ്പാൽ വർദ്ധിപ്പിക്കാൻ ഉലുവ ഉപയോഗിക്കുമ്പോൾ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. അമിതമായാൽ അമ്മയ്ക്കും കുഞ്ഞിനും ഗ്യാസ്, വയറുവേദന, വയറിളക്കം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള അമ്മമാർ ഉലുവയുടെ ഉപയോഗം ആരംഭിക്കുന്നതിന് മുൻപ് ഒരു ആയുർവേദ ഡോക്ടറുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ് .
🔥നെഞ്ചെരിച്ചിലും അസിഡിറ്റിയും മാറാൻ ഉലുവ : 5 ഗ്രാം ഉലുവ ഒരു രാത്രിയിൽ വെള്ളത്തിൽ കുതിർത്ത് വച്ച് ,പിറ്റേന്ന് രാവിലെ ഇത് നന്നായി അരച്ച് ഭക്ഷണത്തിന് മുമ്പ് കഴിക്കാം .ഇത് നെഞ്ചെരിച്ചിൽ ,പുളിച്ചു തികട്ടൽ,വയറുവേദന/എരിച്ചിൽ ,ദഹനക്കേട് ,ഓക്കാനം,ഛർദ്ദി എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു .ഉലുവയിൽ അടങ്ങിയിട്ടുള്ള മ്യൂസിലേജ് (Mucilage) എന്ന പശപോലുള്ള പദാർത്ഥമാണ് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നത്. ഇത് വയറിലെയും അന്നനാളത്തിലെയും ഭിത്തികളിൽ ഒരു ആവരണമായി പ്രവർത്തിച്ച് ആസിഡിന്റെ ദോഷഫലങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.
ALSO READ : മനസ്സിനും ലൈംഗിക ശേഷിക്കും ബലം! വെണ്ണയുടെ അത്ഭുത ഔഷധ രഹസ്യങ്ങൾ .
🌿 മുടികൊഴിച്ചിൽ മാറ്റാൻ ഉലുവ എണ്ണ (Fenugreek Oil) : 50 ഗ്രാം ഉലുവ 150 മില്ലി വെളിച്ചെണ്ണയോ ,എള്ളെണ്ണയോ ,ഒലിവ് ഓയിലോ ഇവയിൽ ഏതെങ്കിലും ഒന്നിൽ ഇട്ടു വച്ച് 10 ദിവസം വെയിൽ കൊള്ളിച്ച് അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം . (അല്ലങ്കിൽ ഇത് ചെയ്യാൻ പ്രയാസമുള്ളവർക്ക് ചെറിയ തീയിൽ ഉലുവയുടെ നിറം ഇളം തവിട്ടുനിറമാകുന്നതുവരെ ചൂടാക്കി തണുത്തതിന് ശേഷം അരിച്ചെടുക്കാം .
ഉപയോഗിക്കേണ്ട രീതി : തയ്യാറാക്കിയ ഉലുവ എണ്ണ ചെറുതായി ചൂടാക്കി, രാത്രി കിടക്കുന്നതിന് മുമ്പ് തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക.തേച്ച് പിടിപ്പിച്ച്, പിറ്റേന്ന് രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ 2-3 തവണ ഇത് ചെയ്യുന്നത് മികച്ച ഫലം നൽകും.
ഉലുവ എണ്ണയുടെ പ്രധാന ഗുണങ്ങൾ : മുടിയിഴകളെ ശക്തിപ്പെടുത്തുന്നു,മുടി പൊട്ടിപ്പോകുന്നത് തടയുന്നു.മുടിയിഴകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും രോമകൂപങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നു.വരണ്ട മുടിക്ക് ഉത്തമം .മുടിക്ക് ഈർപ്പം നൽകി തിളക്കമുള്ളതാക്കുന്നു,താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവ ഇല്ലാതാക്കുന്നു .
🌿 ഹെയർ കണ്ടീഷണറായി ഉലുവയുടെ ഉപയോഗം : 10 ഗ്രാം ഉലുവ ഒരു രാത്രിയിൽ വെള്ളത്തിൽ കുതിർത്ത് വച്ചിരുന്നു ,പിറ്റേന്ന് ഇത് അരച്ച് ഹെയർ മാസ്‌ക്കായി പുരട്ടാം .തലയിൽ താരനുണ്ടങ്കിൽ അൽപം തൈരോ ,ചെറുനാരങ്ങാ നീരോ ഇതിനൊപ്പം ചേർക്കാം .30 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം .ഇപ്രകാരം ആഴ്ചയിൽ ഒരിക്കൽ ഈ കണ്ടീഷണർ ഉപയോഗിക്കുന്നത് മുടിക്ക് ആരോഗ്യവും തിളക്കവും നൽകാൻ സഹായിക്കും. ഉലുവയുടെ മണം മാറ്റാൻ അൽപം റോസ് വാട്ടർ മുടിയിൽ പുരട്ടുന്നത് നല്ലതാണ്.
ഉലുവയുടെ കണ്ടീഷണർ ഗുണങ്ങൾ : ഉലുവയിൽ അടങ്ങിയിട്ടുള്ള മ്യൂസിലേജ് (Mucilage) എന്ന പശപോലുള്ള പതാർത്ഥം മുടിയിഴകളിൽ ഒരു നേർത്ത പാളി പോലെ പ്രവർത്തിക്കുകയും ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് മുടിക്ക് മൃദത്വം നൽകാൻ സഹായിക്കുന്നു .മുടിയിലെ കുരുക്കുകൾ എളുപ്പത്തിൽ മാറ്റാൻ ഉലുവയുടെ കണ്ടീഷണർ ഗുണം സഹായിക്കുന്നു.മുടിയിഴകളുടെ പുറംപാളിക്ക് കേടുപാടുകൾ സംഭവിക്കുമ്പോളാണ് മുടി പരുപരുത്തതായി തോന്നുന്നത്. ഉലുവയിലെ പോഷകങ്ങൾ ഈ വിടവുകൾ അടച്ച് മുടിക്ക് തിളക്കം നൽകുന്നു.ഉലുവയുടെ ശീതീകരണ സ്വഭാവം തലയോട്ടിയിലെ ചൊറിച്ചിലും മറ്റും കുറച്ച് ആരോഗ്യമുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നു.
🌿 ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ ഉലുവ : ഒരു ടീസ്പൂൺ ഉലുവ ഒരു രാത്രി വെള്ളത്തിൽ കുതിർത്ത്,പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യുക. അല്ലങ്കിൽ ഒരു നുള്ള് ഉലുവപ്പൊടി (വറുക്കാത്തത്) ദിവസവും രാത്രി കിടക്കുന്നതിന് മുൻപ് പാലിൽ കലക്കി കുടിക്കുക .ഇത് കൂടുതൽ ഫലപ്രദമാണ്. ആയുർവേദ പ്രകാരം പാലിനും ഉലുവയ്ക്കും വൃഷ്യ ഗുണങ്ങളുണ്ട് .വൃഷ്യ എന്നാൽ ശുക്ലം ,ബലം ,കാമം ,ഓജസ്സ് എന്നിവ വർധിപ്പിക്കുന്നത് .
ഫലം: ഉലുവയിൽ അടങ്ങിയിരിക്കുന്ന ഫ്യൂറോസ്റ്റാനോൾ സാപ്പോണിൻസ് (Furostanol Saponins) എന്ന സംയുക്തങ്ങൾ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിൻ്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു .ടെസ്റ്റോസ്റ്റിറോൺ അളവ് കൂടുന്നത് ലൈംഗിക താൽപ്പര്യം വർദ്ധിപ്പിക്കാനും, ഉദ്ധാരണശേഷി മെച്ചപ്പെടുത്താനും, മൊത്തത്തിലുള്ള ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
⚠️ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : ലൈംഗിക ശേഷിക്കുറവ് മാനസികമോ മറ്റു ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നത്തിൻ്റെ ലക്ഷണമോ, ഹോർമോൺ വ്യതിയാനങ്ങളോ ആകാം. അതിനാൽ ഒരു ഡോക്ടറെയോ സെക്സോളജിസ്റ്റിനെയോ കണ്ട് കൃത്യമായ രോഗനിർണ്ണയം നടത്തേണ്ടത് അത്യാവശ്യമാണ് .ഉലുവ ഒരു സപ്ലിമെൻ്റ് എന്ന നിലയിൽ മാത്രം ഉപയോഗിക്കുക.
🌿മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും ഇല്ലാതാക്കാൻ ഉലുവ : ഉലുവ കുതിർത്ത് അരച്ചതിൽ കുറച്ച് തേനും ചേർത്ത് മുഖത്തു പുരട്ടി 20 മിനിട്ടിനു ശേഷം കഴുകി കളയുന്നത് മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും ഇല്ലാതാക്കാൻ സഹായിക്കുന്നു .ഇത് ദിവസവും ഉപയോഗിക്കുന്നത് മുഖക്കുരു പെട്ടന്നു കുറയ്ക്കാൻ സഹായിക്കും .തേൻ ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറും ആന്റി-ബാക്ടീരിയൽ ഏജൻ്റുമാണ്. ഇത് ഉലുവയുമായി ചേരുമ്പോൾ പാടുകൾ വേഗത്തിൽ മങ്ങാൻ സഹായിക്കുന്നു .
🌿 വാതരോഗങ്ങൾ ശമിപ്പിക്കാൻ ഉലുവയുടെ പ്രയോഗങ്ങൾ : ഉലുവ നന്നായി വറുത്തെടുക്കുക (കരിയാതെ ശ്രദ്ധിക്കുക), എന്നിട്ട് പൊടിച്ച് സൂക്ഷിക്കുക. ദിവസവും 1/2 ടീസ്പൂൺ ഈ പൊടി ചൂടുവെള്ളത്തിൽ കലക്കി കഴിക്കുകയോ, ഭക്ഷണത്തിൽ (ചോറിലോ കറികളിലോ) ചേർത്ത് കഴിക്കുകയോ ചെയ്യുക.ഇത് സന്ധികളിലെ വീക്കം കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു .വാതമുള്ളവർ ദിവസേന ഉലുവ ചേർത്ത കഞ്ഞി, അല്ലെങ്കിൽ ഉലുവ പ്രധാന ചേരുവയായ കറികൾ എന്നിവ കഴിക്കുന്നത് വാതദോഷത്തെ ശമിപ്പിക്കാൻ സഹായിക്കും.
ഉലുവ വറുത്ത് പൊടിച്ച് നെയ്യും ശർക്കരയും ചേർത്തുണ്ടാക്കുന്ന ലേഹ്യം ( മേഥിക ലേഹ്യം) വാത രോഗങ്ങൾക്ക് ബലവും ശക്തിയും നൽകാൻ ഉത്തമമാണ്.ഇത് സന്ധികൾക്ക് ബലം നൽകാനും വാതം പോലുള്ള സന്ധി രോഗങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.ഉലുവ വെള്ളത്തിൽ കുതിർത്ത് അരച്ചു പുരട്ടുന്നത് സന്ധികളിലെ വേദനയ്ക്കും നീർക്കെട്ടിനും ആശ്വാസം നൽകും.
🌿ആർത്തവ വേദന കുറയ്ക്കുന്നതിന് ഉലുവ : ഒരു ടീസ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കുക.ഈ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുക.ആർത്തവം തുടങ്ങുന്നതിന് ഒന്ന്-രണ്ട് ദിവസം മുൻപും ആർത്തവ സമയത്തും ഇത് പതിവായി കഴിക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും.ഉലുവയിൽ അടങ്ങിയിട്ടുള്ള ചില സംയുക്തങ്ങൾക്ക് വേദന സംഹാരികളായ (Analgesic) ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന, തലവേദന, ക്ഷീണം തുടങ്ങിയവ കുറയ്ക്കാൻ സഹായിക്കും.
വായ്പുണ്ണിനും തൊണ്ടവേദനയ്ക്കും ഉലുവയില കഷായം : ഉലുവയില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കവിൾക്കൊള്ളുന്നത് (Gargle) ആവർത്തിച്ചുണ്ടാകുന്ന വായ്പ്പുണ്ണിനും തൊണ്ടവേദനയ്ക്കും നല്ലതാണ് .
🌿ഉലുവ ശരീരത്തിൽ പുറമേ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന പ്രധാന ഗുണങ്ങൾ : ഉലുവ കുതിർത്ത് അരച്ചെടുത്ത് ഉണ്ടാക്കുന്ന കുഴമ്പ്, മുറിവുകൾ, പരുക്കൾ (Boils), കുരുക്കൾ (Abscess), നീർക്കെട്ട് (Swellings) എന്നിവയുള്ള ഭാഗത്ത് പുരട്ടുന്നത് ആ ഭാഗത്തെ രക്തയോട്ടം വർദ്ധിപ്പിക്കുകയും വേദനയും വീക്കവും കുറയ്ക്കുകയും ചെയ്യുന്നു.
മുളപ്പിച്ച ഉലുവ അരച്ച് കുഴമ്പാക്കി, ഒറ്റയ്ക്കോ അല്ലെങ്കിൽ കറ്റാർ വാഴ ജെല്ലുമായി (Aloe Gel) ചേർത്തോ തലയോട്ടിയിൽ തേക്കുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും താരൻ നീക്കം ചെയ്യാനും സഹായിക്കുന്നു.
