ഭാരതത്തിൽ വ്യാവസായികമായി കൃഷിചെയ്യുന്ന ഒരു വിളയാണ് കരിമ്പ്.നിരവധി ആരോഗ്യ ഔഷധഗുണങ്ങളുള്ള പ്രകൃതിദത്ത മധുര പലഹാരങ്ങളിൽ ഒന്നാണ് വെല്ലം അഥവാ ശർക്കര .കരിമ്പിന്റെ തണ്ടുകൾ ചതച്ച് പിഴിഞ്ഞ് നീരെടുത്ത് നിർമ്മിക്കുന്ന നിത്യോപയോഗ ഉത്പന്നങ്ങളാണ് ശർക്കരയും പഞ്ചസാരയും .ശർക്കര എന്നത് ശുദ്ധീകരിക്കാത്ത പഞ്ചസാരയാണ് .പോഷക സമൃദ്ധമായ നല്ലൊരു ദാഹശമനിയായി കരിമ്പിൻ ജ്യുസ് ലോകമെമ്പാടും ഉപയോഗിക്കുന്നു .
ആയുർവേദത്തിൽ മഞ്ഞപ്പിത്തം ,ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ,തളർച്ച ,എരിച്ചിൽ ,ദഹനക്കേട് ,തലവേദന തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കരിമ്പിന്റെ വേര് മുതൽ നീര് വരെ ഔഷധമായി ഉപയോഗിക്കാറുണ്ട്. ആയുർവേദത്തിൽ ശർക്കര ചേർത്ത് നിർമ്മിക്കുന്ന വിവിധ അരിഷ്ടങ്ങളും ലേഹ്യങ്ങളും ഉണ്ട് .
ആയുർവേദ ഗ്രന്ഥങ്ങളിൽ കരിമ്പിനെ 'ഇക്ഷു' എന്ന് വിശേഷിപ്പിക്കുന്നു. കൂടാതെ തൃണ രാജ , ദീർഘച്ഛദ,മധു തൃണ ,ഗുഡ ദാരു, ഗുഡ മൂല ,മഹാ രസ ,അസി പത്ര ,സുരസ ,വേണു ,വംശ , സുകുമാരക ,ഗണ്ഡിരി , ഗണ്ഡകീ ,നിസൃത തുടങ്ങിയ സംസ്കൃതനാമങ്ങളും കരിമ്പിനുണ്ട് .
പുല്ലുകളുടെ രാജാവ് അല്ലങ്കിൽ പുൽ വർഗ്ഗത്തിൽപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ സസ്യം എന്ന അർത്ഥത്തിൽ തൃണ രാജ എന്ന സംസ്‌കൃത നാമത്തിലും .നീണ്ട തണ്ടുകളുള്ളത് എന്ന അർത്ഥത്തിൽ ദീർഘച്ഛദ എന്ന പേരിലും .മധുരമുള്ള പുല്ല് എന്ന അർത്ഥത്തിൽ മധു തൃണ എന്ന പേരിലും .ശർക്കരയുടെ (ഗുഡ) ഉത്ഭവസ്ഥാനം എന്ന അർത്ഥത്തിൽ ഗുഡ ദാരു, ഗുഡ മൂല എന്നീ പേരുകളിലും .കരിമ്പിൻ തണ്ടിൽ ധാരാളം നീര് ഉള്ളത് എന്ന അർത്ഥത്തിൽ മഹാ രസ എന്ന പേരിലും .വാളുകൾ പോലെ ഇലകളുള്ളത് എന്ന അർത്ഥത്തിൽ അസി പത്ര ,സ്ഥൂല, അസിപത്രക എന്നീ പേരുകളിലും .ഏറ്റവും നല്ല രുചിയുള്ള നീര് നൽകുന്ന സസ്യം എന്ന അർത്ഥത്തിൽ സുരസ എന്ന പേരിലും .ഇതിന്റെ തണ്ട് മുളയോടു സാദൃശ്യമുള്ളത് എന്ന അർത്ഥത്തിൽ വേണു ,വംശ എന്നീ പേരുകളിലും .കരിമ്പിന്റെ തണ്ടുകൾ കെട്ടുകളോട് കൂടിയത് എന്ന അർത്ഥത്തിൽ ഗണ്ഡിരി , ഗണ്ഡകീ എന്നീ പേരുകളിലും .നീര് വേർതിരിച്ചെടുക്കാൻ എളുപ്പമുള്ളത് എന്ന അർത്ഥത്തിൽ നിസൃത എന്ന സംസ്‌കൃത നാമത്തിലും കരിമ്പ് അറിയപ്പെടുന്നു .
Botanical name: Saccharum officinarum .
Family: Poaceae (Grass family).
വിതരണം .
ലോകത്തെ ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ കരിമ്പ് ധാരാളമായി കൃഷി ചെയ്യുന്നു .ഇന്ത്യയിൽ ഉത്തരാഖണ്ഡ് ,ഹരിയാന ,പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാങ്ങളിലാണ് ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്നത്. കേരളത്തിലും കരിമ്പ് കൃഷി ചെയ്യുന്നുണ്ട് .ഇടുക്കി ജില്ലയിലാണ് കരിമ്പ് ഉത്പാദനം കൂടുതലും . പ്രസിദ്ധമായ മറയൂർ ശർക്കര ഇവിടെ നിന്നുള്ള കരിമ്പിൽ നിന്നാണ് നിർമ്മിക്കുന്നത്.
കരിമ്പ് ഇനങ്ങൾ : ആയുർവേദ ഗ്രന്ഥങ്ങളിൽ നിരവധി ഇനങ്ങൾ കരിമ്പുകളെ കുറിച്ച് വിവരിക്കുന്നുണ്ട് .
പാണ്ഡുരക (Panduraka): വിളറിയതോ ഇളം മഞ്ഞയോ വെളുത്തതോ ആയ നിറമുള്ള തണ്ടോടുകൂടിയ ഇനം.
ഭീരുക (Bhiruka): സാധാരണ കൃഷി ചെയ്യുന്ന ഇനം .
വംശക (Vamsaka): മുളയുടെ തണ്ടിനോട് സാമ്യമുള്ളതും കെട്ടുകളോട് കൂടിയതുമായ കരിമ്പ്.
ശതാപോർഹക (Sataporhka): കൂടുതൽ മുട്ടുകളുള്ള കരിമ്പിനം.
കാന്താര (Kantara): കാട്ടുകരിമ്പ് ,വനങ്ങളിൽ കാണപ്പെടുന്നത് .
തപസേക്ഷു (Tapasekshu): സന്യാസിമാർ ഉപയോച്ചിരുന്ന ഒരിനം കരിമ്പ് .
കാണ്ഡേക്ഷു (Kandekshu): കട്ടിയുള്ള തണ്ടുകളോട് കൂടിയ ഒരിനം കരിമ്പ് .
സൂചിപത്രക (Sucipatraka): സൂചി പോലെ നേർത്തതോ കൂർത്തതോ ആയ ഇലകളുള്ള ഒരിനം കരിമ്പ്.
നൈപാല (Naipala): നേപ്പാൾ പോലെയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം കരിമ്പ് .
ദീർഘപത്ര (Dirghapatra): വളരെ നീളമുള്ള ഇലകളുള്ള ഒരിനം കരിമ്പ് .
കോശകൃത് (Kosakrit): പുറംതൊലി വളരെ കട്ടിയുള്ള ഒരിനം കരിമ്പ് .
മനോഗുപ്ത (Manogupta): മനസിന് സന്തോഷം നൽകുന്ന ഒരിനം കരിമ്പ് .
പൗണ്ഡ്രക (Paundraka): കരിമ്പിനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതും ഔഷധങ്ങൾക്ക് ഉത്തമവുമായ ഒരിനം കരിമ്പ് .ഇത് വെളുത്തതോ ചുവപ്പ് കലർന്നതോ ആയ നിറത്തിൽ കാണപ്പെടുന്നു.
രാസഘടന ,
കരിമ്പിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് മധുരമാണ് .സുക്രോസ് (Sucrose) എന്ന ഘടകം കരിമ്പിലെ പ്രധാന പഞ്ചസാരയാണ് .കൂടാതെ ഇരുമ്പ് ,കാത്സ്യം ,പൊട്ടാസ്യം ,മഗ്നീഷ്യം ,ഫോസ്ഫറസ് ,മാംഗനീസ് ,സിങ്ക് എന്നീ ധാതുക്കളും ,വിറ്റാമിൻ - C , B വിറ്റാമിനുകൾ (B-Complex) , എന്നിവയും അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
ഇംഗ്ലീഷ് - Sugarcane .
മലയാളം (Malayalam) - കരിമ്പ് (Karimb/Karimpu) .
തമിഴ് (Tamil) - കരിമ്പു (Karumbu) .
തെലുങ്ക് (Telugu) - ചെറുക്കു (Cheruku) .
കന്നഡ (Kannada) - കബ്ബു (Kabbu) .
ഹിന്ദി (Hindi) - ഗന്ന (Ganna), ഈഖ് (Eekh) .
ബംഗാളി (Bengali) - ആഖ് (Aakh).
മറാത്തി (Marathi) - ഊസ് (Oos) .
പഞ്ചാബി (Punjabi) - ഗന്ന (Ganna), കമണ്ട് (Kamand) .
ഒഡിയ (Odia) - ആഖു (Akhu)..
ഗുജറാത്തി (Gujarati) - ഷേഡി (Sherdi).
ഔഷധയോഗ്യ ഭാഗങ്ങൾ .
വേര് ,തണ്ട് .
രസാദിഗുണങ്ങൾ .
രസം -മധുരം .
ഗുണം -ഗുരു ,സ്നിഗ്ദ്ധം .
വീര്യം -ശീതം .
വിപാകം - മധുരം .
കരിമ്പിന്റെ ഔഷധഗുണങ്ങൾ .
കരിമ്പിൽ നിന്നുണ്ടാക്കുന്ന ശർക്കര: മലബന്ധം ഇല്ലാതാകും .മൂത്രത്തിന്റെ അളവ് വർധിപ്പിക്കും ..ശർക്കര അധികമായി കഴിക്കുന്നത് ശരീരഭാരവും കഫദോഷവും വർധിക്കാൻ കാരണമാകും എന്ന് ആയുർവേദം പറയുന്നു .പ്രായമാകുമ്പോൾ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ തളർച്ച, രോഗങ്ങൾ എന്നിവ തടയുന്നു .ഹൃദയത്തെ ബലപ്പെടുത്താനും അതിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു .
കരിമ്പിൻ നീര് : മഞ്ഞപ്പിത്തം ,വിളർച്ച ,മലബന്ധം എന്നിവയ്ക്ക് നല്ലതാണ് .അമിത ദാഹം ,ശരീരം ചുട്ടു നീട്ടൽ ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ ,മൂത്രത്തിൽ കല്ല് എന്നിവയ്ക്കും നല്ലതാണ് .ഓക്കാനം ,ഛർദ്ദി എന്നിവയ്ക്കും നല്ലതാണ് .മുലയൂട്ടുന്ന അമ്മമാരിലെ മുലപ്പാൽ വർധിപ്പിക്കും ,ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും മെച്ചപ്പെടുത്തും .ലൈംഗീക ശേഷി വർധിപ്പിക്കും .ശരീര ശക്തിയും പ്രധിരോധ ശേഷിയും വർധിപ്പിക്കും .ഉന്മേഷം വർധിപ്പിക്കും .ദഹനശക്തി വർധിപ്പിക്കും .മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു .വയറിളക്കം ,രക്തസ്രാവം ,രക്തപിത്തം എന്നിവയ്ക്കും നല്ലതാണ് .
വാതരോഗങ്ങൾ ശമിപ്പിക്കുന്നു .ശരീരത്തിലെ വാതദോഷത്തിന്റെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന രോഗങ്ങളായ സന്ധി വേദന, പക്ഷാഘാതം, മലബന്ധം, വയറുവീർപ്പ് തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുന്നു .ഹൃദയപേശികൾക്ക് ബലം നൽകുകയും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു .
കരിമ്പിന്റെ വേര് : കുടൽ വിരകളെ ഇല്ലാതാക്കും .മൂത്രാശയ സംബന്ധമായ രോഗങ്ങൾ ശമിപ്പിക്കും .വേരിന് ശീതവീര്യം ഉള്ളതിനാൽ ഇത് ശരീരത്തിലെ അമിതമായ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. ഉഷ്ണകാല രോഗങ്ങൾക്കും പിത്തദോഷം വർദ്ധിച്ചതുമൂലമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സഹായിക്കുന്നു .വിഷബാധ, മുറിവുകൾ എന്നിവയ്ക്കും നല്ലതാണ് .
ശ്രദ്ധിക്കുക : ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
കരിമ്പ് ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ : മിക്ക ആയുർവേദ മരുന്നുകളിലും ശർക്കര ഒരു ഘടകമാണ് .എങ്കിലും കരിമ്പ് പ്രധാന ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
കരിമ്പിരുമ്പാദി കഷായം (Karimbirumbadi Kashayam).
മഞ്ഞപ്പിത്തത്തിന്റ ആയുർവേദ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കരിമ്പിരുമ്പാദി കഷായം .കൂടാതെ വിളർച്ച (Anaemia) യുടെ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു .ദഹനക്കേട് ,വിശപ്പില്ലായ്‌മ എന്നിവയ്ക്കും ഇത് ഉപയോഗിക്കുന്നു .പേരു സൂചിപ്പിക്കുന്ന പോലെ ശുദ്ധി വരുത്തിയ ഇരുമ്പിന്റെ അംശം (Loha Bhasma) ചേർന്നാണ് ഈ കഷായം തയാറാക്കുന്നത് .അതിനാൽ ഇരുമ്പിന്റെ അംശം കുറയുന്നതു മൂലമുണ്ടാകുന്ന വിളർച്ച തടയാൻ ഈ ഔഷധം ഫലപ്രദമായി ഉപയോഗിച്ചു വരുന്നു .ഇത് ഗുളിക രൂപത്തിലും ലഭ്യമാണ് .
Nalikerasavam (നാളികേരാസവം) .
മൂത്രാശയ അണുബാധ ,അടിക്കടി മൂത്രം ഒഴിക്കാൻ തോന്നുക, മൂത്രം ഒഴിക്കുമ്പോൾ വേദന ,പുകച്ചിൽ ,ചർമ്മത്തിലോ ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളിലോ അനുഭവപ്പെടുന്ന എരിച്ചിൽ, ചുട്ടുനീറ്റൽ എന്നിവയുടെ ചികിത്സയിലും ,ശരീര ക്ഷീണം ,തളർച്ച എന്നിവ ഇല്ലാതാക്കി ശരീരബലം വർധിപ്പിക്കുന്നതിനും ,പുരുഷന്മാരിലെ ലൈംഗീക പ്രശ്നങ്ങൾ,ശീഘ്രസ്‌ഖലനം ,ഉദ്ധാരണക്കുറവ് തുടങ്ങിയവയ്ക്കും നാളികേരാസവം ഉപയോഗിക്കുന്നു .ശരീരഭാരം കൂട്ടാനും പേശീബലം വർദ്ധിപ്പിക്കാനും സഹായിക്കുന്നതിനാൽ, ഇത് ഒരു ജനറൽ ടോണിക് ആയി ഉപയോഗിക്കാറുണ്ട്.പേരു സൂചിപ്പിക്കുന്ന പോലെ ഇതിലെ പ്രധാന ചേരുവ കരിക്കിൻ വെള്ളമാണ് .
പ്രസൂതികാമൃത രസായനം (Prasootikamritha Rasayanam) .
പ്രസവാനന്തര ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് പ്രസൂതികാമൃത രസായനം.പ്രസവശേഷമുള്ള ശരീരക്ഷീണമകറ്റാനും ശരീര സൗന്ദര്യം വീണ്ടെടുക്കുന്നതിനും ഇത് ഉപയോഗിക്കുന്നു .
ബലാജീരകാദി കഷായം (Balajeerakadi Kashayam) .
ചുമ ,ആസ്മ ,ശ്വാസം മുട്ട് ,കഫക്കെട്ട് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ബലാജീരകാദി കഷായം ഉപയോഗിക്കുന്നു .പേരു സൂചിപ്പിക്കുന്ന പോലെ ബല അഥവാ കുറുന്തോട്ടിയും ജീരകവുമാണ് ഇതിലെ പ്രധാന ചേരുവ .
വസന്ത കുസുമാകര രസം (Vasanta kusumakara rasam) .
പ്രമേഹം ,ഓർമ്മക്കുറവ് ,ലൈംഗീക ശേഷിക്കുറവ് മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലോ പൊടി രൂപത്തിലോ ഉള്ള ഒരു ഔഷധമാണ് വസന്ത കുസുമാകര രസം .ഇതിൽ സ്വർണ്ണം, വെള്ളി ,ഇരുമ്പ് തുടങ്ങിയ ലോഹങ്ങളുടെ ഭസ്മങ്ങൾ അടങ്ങിയിട്ടുണ്ട് .ഇത് ഒരു രസായനമാണ് .ശരീരത്തിന് മൊത്തത്തിലുള്ള ബലം നൽകുന്നു.ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും പ്രത്യുത്പാദന വ്യവസ്ഥയെ ശക്തിപ്പെടുത്താനും ,ഓജസ്സ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു .രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു .നാഡീസംബന്ധമായ തകരാറുകൾ പരിഹരിക്കാൻ സഹായിക്കുന്നു .തലച്ചോറിന് ശക്തി നൽകുന്നു.ഓർമ്മശക്തി ,ഏകാഗ്രത, മാനസികശക്തി എന്നിവ വർദ്ധിപ്പിക്കുന്നു.
പരുഷകാദി ലേഹം (Parushakadi Leham) .
ആമാശയത്തിലെയും കുടലിലെയും ആസിഡിന്റെ അളവ് വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ലേഹ്യ രൂപത്തിലുള്ള ഒരു ഔഷധമാണ് പരുഷകാദി ലേഹം .ആമാശയത്തിലെ അൾസർ ,ചെറുകുടലിന്റെ ആദ്യഭാഗമായ ഡുവോഡിനത്തിലെ അൾസർ എന്നിവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
വലിയ ചന്ദനാദി തൈലം (Valiya Chandanadi Tailam) .
ഒരു പ്രകൃതിദത്ത ശീതീകരണ എണ്ണയാണ് വലിയ ചന്ദനാദി തൈലം .പേര് സൂചിപ്പിക്കുന്നത് പോലെ ചന്ദനമാണ് ഇതിലെ പ്രധാന ചേരുവ.പിത്ത ദോഷത്തെ ശമിപ്പിക്കാനും, ശരീരത്തിനും മനസ്സിനും തണുപ്പ് നൽകാനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഉറക്കമില്ലായ്മ , മാനസിക പ്രശ്നങ്ങൾ , ഉത്കണ്ഠ, വിഷാദം ,ഓർമ്മക്കുറവ് ,തലയിലോ ശരീരത്തിലോ ഉണ്ടാകുന്ന അമിതമായ ചൂട്, എരിച്ചിൽ, പുകച്ചിൽ ,തലകറക്കം ,മഞ്ഞപ്പിത്തം ,രക്തസ്രാവം ,വാതം, ഹെർപ്പസ് തുടങ്ങിയ രോഗാവസ്ഥകളിലെ വേദനയും എരിച്ചിലും കുറയ്ക്കാൻ ഇത് തലയിലും ശരീരത്തും തേച്ചു കുളിക്കാനും നസ്യം ചെയ്യുവാനും ഈ എണ്ണ ഉപയോഗിക്കുന്നു .
പ്രപൗണ്ഡരീകാദി തൈലം (Prapaundarikadi Tailam) .
തലയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് പ്രപൗണ്ഡരീകാദി തൈലം .പ്രപൗണ്ഡരിക എന്നത് കരിമ്പിനെയാണ് സൂചിപ്പിക്കുന്നത് .അകാല നര,മുടി കൊഴിച്ചിൽ ,തലവേദന, മൈഗ്രേൻ ,മാനസിക സമ്മർദ്ദം ,ഉറക്കമില്ലായ്മ ,തലചുറ്റൽ, കണ്ണുകൾ, തല എന്നിവിടങ്ങൾ അനുഭവപ്പെടുന്ന പുകച്ചിൽ തുടങ്ങിയവയുടെ ചികിത്സയിൽ പ്രപൗണ്ഡരീകാദി തൈലം ഉപയോഗിക്കുന്നു.
മിശ്രകസ്നേഹം (Misrakasneham) .
വിട്ടുമാറാത്ത മലബന്ധം ,ഹെർണിയ ,വൃഷണവീക്കം തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധ നെയ്യാണ് മിശ്രകസ്നേഹം .മിശ്രക എന്നാൽ കലർന്നത് എന്നാണർത്ഥം, സ്നേഹം എന്നാൽ നെയ്യ്, എണ്ണ ,അതായത്, നെയ്യ്, എണ്ണ ,പാൽ എന്നീ പല ചേരുവകളും ചേർത്ത ഒരു പ്രത്യേക ഔഷധക്കൂട്ട് ആണിത്.ഇതിൽ ആവണക്കെണ്ണ ഒരു ഘടകമാണ് .ശക്തമായ വിരേചന ഗുണമുള്ള ഒരു ഔഷധമാണിത് . ശരീരത്തിലെ വിഷവസ്തുക്കളെ അലിയിച്ച് ദഹനനാളത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി ഇത് പഞ്ചകർമ്മ ചികിത്സയിലും ഉപയോഗിക്കുന്നു .ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കൾ, നീർക്കെട്ടുകൾ ,വാതം മൂലമുണ്ടാകുന്ന സന്ധി വേദന, മരവിപ്പ്, പേശികളുടെ ബലക്കുറവ്, ശരീരത്തിൻ്റെ വരൾച്ച തുടങ്ങിയവയുടെ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു .
കരിമ്പ് ,ശർക്കര എന്നിവ കൊണ്ടുള്ള ചില വീട്ടുവൈദ്യങ്ങൾ .
മൂത്രാശയ രോഗങ്ങൾക്ക് കരിമ്പിൻ നീര് : കരിമ്പിൻ നീരിൽ നാരങ്ങാ നീരോ ഇഞ്ചി നീരോ ചേർത്ത് കഴിക്കുന്നത് മൂത്ര തടസ്സം ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ ,മൂത്രത്തിൽ രക്താംശം കാണപ്പെടുക ,വൃക്കയിലെയും മൂത്രാശയത്തിലെയും കല്ലുകൾ എന്നിവ മാറാൻ നല്ലതാണ് .
ദഹനക്കേടിനും വായുകോപത്തിനും ശർക്കര : ശർക്കരയും ജീരകം പൊടിച്ചതും തുല്യ അളവിൽ കലർത്തി 5 ഗ്രാം വീതം ചെറു ചൂടുവെള്ളത്തിൽ കലർത്തി ഭക്ഷണത്തിന് മുമ്പ് ദിവസം ഒന്നോ രണ്ടോ നേരം കഴിക്കുന്നത് ദഹനക്കേട് ,വായുകോപം ,പുളിച്ചു തികട്ടൽ മുതലായവ മാറാൻ സഹായിക്കുന്നു .10 ഗ്രാം ശർക്കരയിൽ ഒന്നോ രണ്ടോ നുള്ള് കല്ലുപ്പ് ചേർത്ത് കഴിക്കുന്നത് വയറുവീർപ്പ് ,ഗ്യാസ് എന്നിവ മാറാൻ നല്ലതാണ് .
ശരീരത്തിലെ ചുട്ടു നീറ്റൽ മാറാൻ കരിമ്പിൻ നീര് : കരിമ്പിൻ നീരിൽ കുറച്ച് തൈരും കൽക്കണ്ടവും ചേർത്ത് കഴിച്ചാൽ ശരീരത്തിൽ അനുഭവപ്പെടുന്ന ചുട്ടു നീറ്റൽ മാറിക്കിട്ടും .
വിളർച്ച മാറാൻ കരിമ്പിൻ നീര് : കരിമ്പിൻ നീര് ,നെല്ലിക്ക നീര് എന്നിവ കൂട്ടിക്കലർത്തി തേനും ചേർത്ത് കഴിക്കുന്നത് വിളർച്ച മാറാൻ നല്ലതാണ് .
മഞ്ഞപ്പിത്തം മാറാൻ കരിമ്പിൻ നീര് : കരിമ്പിൻ നീര് ധാരാളമായി കഴിക്കുന്നത് മഞ്ഞപ്പിത്തം മാറാൻ സഹായിക്കും .മഞ്ഞപ്പിത്തം എന്നത് ഒരു രോഗമല്ല,രക്തത്തിൽ ബിലിറൂബിൻ എന്ന പദാർത്ഥം വർധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗ ലക്ഷണമാണ്.കരളാണ് ബിലിറൂബിൻ പുറന്തള്ളേണ്ടത്. കരിമ്പിൻ നീര് കരളിലെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും, കരളിൽ നിന്ന് ബിലിറൂബിൻ നീക്കം ചെയ്യാനുള്ള ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. 3 ഗ്രാം വീതം കടുകരോഹിണി ശർക്കരയുമായി ചേർത്ത് കഴിക്കുന്നത് മഞ്ഞപ്പിത്തം മാറാൻ നല്ലതാണ് .
ALSO READ : നിങ്ങളുടെ അടുക്കളയിലെ സൂപ്പർ ഹീറോ: കറിവേപ്പില നൽകും സൗന്ദര്യവും ആരോഗ്യവും.
ചുമയ്‌ക്കും ജലദോഷത്തിനും ശർക്കര : കുറച്ച് ശർക്കരയിൽ 5 മില്ലി ഇഞ്ചി നീര് കലർത്തി ദിവസം ഒന്നോ രണ്ടോ തവണ കഴിക്കുന്നത് . വിട്ടുമാറാത്ത ചുമയ്‌ക്കും ജലദോഷത്തിനും നല്ലതാണ് .
ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ശർക്കര :ശർക്കരയും കടുകെണ്ണയും തുല്യ അളവിൽ കലർത്തി കഴിക്കുന്നത് ആസ്മയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും ആശ്വാസം കിട്ടാൻ സഹായിക്കുന്നു .
തലവേദന മാറാൻ ശർക്കര : ശർക്കര ഇഞ്ചി നീരിൽ കലർത്തി തുണിയിൽ നന്നായി അരിച്ചെടുത്ത് ഒന്നോ രണ്ടോ തുള്ളി വീതം മൂക്കിൽ ഒഴിക്കുന്നത് സൈനസൈറ്റിസ് തലവേദനയ്ക്ക് നല്ലതാണ് . .
ശരീരക്ഷീണം മാറ്റാൻ ശർക്കര : 10 ഗ്രാം ശർക്കര ചെറു ചൂടുവെള്ളത്തിൽ കലർത്തി ,ഇതിലേക്ക് കുറച്ചു കുരുമുളക് പൊടിയും ചേർത്ത് കഴിക്കുന്നത് ശരീരക്ഷീണം മാറാൻ സഹായിക്കുന്നു .ഇതിനെ പാനകം എന്ന് അറിയപ്പെടുന്നു .
ലൈംഗീക ശേഷി വർധിപ്പിക്കാൻ ശർക്കര : ശർക്കര ,തേങ്ങ ,നെയ്യ് എന്നിവ കൂട്ടി കലർത്തി കഴിച്ചാൽ ലൈംഗീക ശേഷി വർധിക്കും .ഇത് ശരീരത്തിന് ഊർജ്ജവും ശക്തിയും നൽകുന്നു .മുൻകാലങ്ങളിൽ ആളുകൾ ഇത് ഉപയോഗിച്ചിരുന്നു .
ആർത്തവ വേദനയ്ക്ക് ശർക്കര : കറുത്ത എള്ളും ശർക്കരയും തുല്യ അളവിൽ കലർത്തി 10 ഗ്രാം വീതം ദിവസം രണ്ടുനേരം വീതം കഴിക്കുന്നത് ആർത്തവ വേദന ഒഴിവാക്കാൻ സഹായിക്കുന്നു .ഇത് വിളർച്ച മാറാനും നല്ലതാണ് .
മൂക്കിലൂടെയുള്ള രക്തസ്രാവം മാറാൻ കരിമ്പിൻ നീര് : കരിമ്പിൻ നീരും മുന്തിരി നീരും തുല്യ അളവിൽ എടുത്ത് മൂക്കിൽ നസ്യം ചെയ്താൽ മൂക്കിലൂടെ രക്തം വാർന്നു പോകുന്നത് തടയാൻ നല്ലതാണ് .
വിരശല്യം മാറാൻ കരിമ്പിൻ വേര് കഷായം : കരിമ്പിൻ വേര് കഷായം വച്ച് 50 മില്ലി വീതം മൂന്നോ ,നാലോ ദിവസം കഴിക്കുന്നത് വിരശല്യം മാറാൻ സഹായിക്കുന്നു .
പ്രധിരോധശേഷി വർധിപ്പിക്കാൻ കരിമ്പിൻ നീര് : കരിമ്പിൻ നീരിൽ ശക്തമായ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നു.ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും, അണുബാധകൾ, ജലദോഷം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.കരിമ്പിൻ നീരിൽ കാൽസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.ഇത് എല്ലുകളുടെയും പല്ലുകളുടെയും ബലം വർധിപ്പിക്കുന്നു .
