ഒരു അലങ്കാര വൃക്ഷമാണ് പാരിജാതം അഥവാ പവിഴമല്ലി .അതിലുപരി ഒരു ഔഷധസസ്യം കൂടിയാണ് .ഇതിനെ പവിഴമുല്ല ,രാത്രിമുല്ല എന്നി പേരുകളിലും കേരളത്തിൽ അറിയപ്പെടുന്നു .ആയുർവേദത്തിൽ പനി, മലബന്ധം, പൈൽസ്, കുടൽ വിരകൾ, വിഷബാധ മുതലായവയുടെ ചികിത്സയിൽ പാരിജാതം ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ നൈറ്റ് ജാസ്മിൻ അല്ലെങ്കിൽ കോറൽ ജാസ്മിൻ എന്ന് അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ പാരിജാത എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ വാതാരി ,സെഫലിക ,ഖരപത്രക ,ശുക്ലങ്കി തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .
സ്വർഗ്ഗത്തിൽ നിന്നു ജനിച്ചത് അല്ലെങ്കിൽ ദിവ്യലോകത്തിൽ നിന്നുള്ളത് എന്ന അർത്ഥത്തിൽ പാരിജാത എന്ന പേരിലും ,ഈ സസ്യത്തിന് വാതദോഷത്തെ ശമിപ്പിക്കാൻ കഴിവുള്ളതിനാൽ വാതാരി എന്ന പേരിലും .പൂക്കൾ വെളുത്ത നിറത്തിൽ എന്ന അർത്ഥത്തിൽ ശുക്ലങ്കി എന്ന പേരിലും .തേനീച്ചകൾ കൂടുതൽ പൂവിനെ ആകർഷിക്കുന്നതിനാൽ സെഫലിക എന്ന പേരിലും .സസ്യത്തിന്റെ ഇലകൾ പരുക്കനായതുകൊണ്ട് ഖരപത്രക എന്ന സംസ്‌കൃത നാമത്തിലും അറിയപ്പെടുന്നു .
Botanical name : Nyctanthes arbor-tristis .
Family : Oleaceae (Jasmine family).
വിതരണം .
ഇന്ത്യയിൽ ജമ്മുകശ്മീർ ,ഗുജറാത്ത് ,തമിഴ്‌നാട് ,അസ്സം എന്നിവിടങ്ങളിൽ പാരിജാതം കാണപ്പെടുന്നു .മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെ വിരളമായി മാത്രമേ പാരിജാതം അഥവാ പവിഴമല്ലി കാണപ്പെടുന്നൊള്ളു .
സസ്യവിവരണം .
ഒരു കുറ്റിച്ചെടിയായും ഒരു ചെറു മരമായും പവിഴമല്ലി വളരാറുണ്ട് .തടിയുടെ പുറം തൊലിക്ക് നരച്ച തവിട്ടു നിറമാണ് .ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു ,ആദ്യത്തെ ഇലകൾ വലുതും പിന്നീടുള്ളത് ചെറുതുമായിരിക്കും .ഇലകൾ വളരെ പരുപരുപ്പുള്ളതാണ് .പൂക്കൾ കുലകളായി ഉണ്ടാകുന്നു .രാത്രിയിൽ വിരിയുന്ന പൂക്കൾ രാവിലെ പൊഴിഞ്ഞു പോകും .പൂക്കൾക്ക് നല്ല സുഗന്ധമുണ്ട് .
പാരിജാതം ഒരു അലങ്കാര സസ്യമാണ് ,ഇത് പശ്ചിമ ബംഗാളിന്റെ സംസ്ഥാന പുഷ്പമാണ് ,പൂക്കൾ പൂജകൾക്ക് ഉപയോഗിക്കാറുണ്ട് .പൂക്കൾ വാറ്റിയെടുക്കുന്ന തൈലം സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു .
.പാരിജാതം ദേവലോകത്തിൽ വളരുന്ന ദിവ്യമായ ഒരു മരമാണെന്ന് പുരാണങ്ങളിൽ പറയുന്നു. പാലാഴിമഥനം അഥവാ സമുദ്രമഥനം സമയത്ത് ഉത്ഭവിച്ച ദിവ്യ വൃക്ഷങ്ങളിലൊന്നാണ് പാരിജാതം .ഇത് ഇന്ദ്രൻ സ്വർഗ്ഗത്തിലെ നന്ദന വനത്തിൽ നട്ടു എന്നും .ശ്രീകൃഷ്ണനും തന്റെ ഭാര്യയായ സത്യഭാമയും സ്വർഗ്ഗത്തിലേക്ക് പോയപ്പോൾ അവിടെ അവർ പാരിജാതവൃക്ഷം കണ്ടെന്നും. അതിന്റെ സൗന്ദര്യം സത്യഭാമയെ അത്ഭുതപ്പെടുത്തിയെന്നും .അവർ അത് ഭൂമിയിൽ കൊണ്ടുപോയി തന്റെ ദ്വാരകാ ഉദ്യാനത്തിൽ നട്ടുമെന്നുമാണ് കഥ .
രാസഘടന ,
ഇതിന്റെ ഇലകളിൽ മാനിറ്റോൾ ,ബീറ്റാ-അമിറിൻ, ബീറ്റാ-സിറ്റോസ്റ്റെറോൾ, ഹെന്റ്രിയകോണ്ടെയ്ൻ, ബെൻസോയിക് ആസിഡ്, ആസ്ട്രഗാലിൻ, നിക്കോട്ടിഫ്ലോറിൻ, ഒലിയാനോളിക് ആസിഡ്, ഫ്രൈഡെലിൻ, ലുപിയോൾ എന്നിവ അടങ്ങിയിരിക്കുന്നു.ഇലകളിലും വിത്തുകളിലും ഇറിഡോയിഡ് ഗ്ലൈക്കോസൈഡുകൾ അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
English name - Night jasmine, Coral jasmine.
Malayalam name : Paarijaatham, Pavizhamalli
Tamil name: Cuputpam, Cutam, Kaccantakarai .
Telugu name : Bandeda, Pagadapu Jitta, Parijatamu .
Kannada name : Parijatha .
Hindi: Harsingar, Kesar .
Bengali name : Shefalika, Shivuli .
Guajarati name : Harshanagar .
ഔഷധയോഗ്യഭാഗങ്ങൾ .
ഇല ,വേര് ,തൊലി .
രസാദിഗുണങ്ങൾ .
രസം -തിക്തം .
ഗുണം - തീഷ്‌ണം .
വീര്യം -ഉഷ്‌ണം .
വിപാകം -കടു .
പാരിജാതം ഔഷധഗുണങ്ങൾ .
ഒരു ജ്വരഹരൗഷധമാണ് പാരിജാതം .വാതരോഗങ്ങൾ ,ശരീരവേദന, വീക്കം എന്നിവ ശമിപ്പിക്കുന്നു .ദഹനക്കേട് ,വിശപ്പില്ലായ്‌മ ,മലബന്ധം ,വിരശല്യം എന്നിവയ്ക്കും നല്ലതാണ് .രക്തം ശുദ്ധീകരിക്കും .ചുമ ,ആസ്മ ,തൊണ്ടവേദന,പനി ,വിട്ടുമാറാത്ത പനി എന്നിവയ്ക്കും നല്ലതാണ് .വിഷശമന ശക്തിയുണ്ട് .പാമ്പ് ,പഴുതാര ,തേൾ ,പ്രാണി മുതലായവയുടെ വിഷം ശമിപ്പിക്കും .മൂത്രാശയ രോഗങ്ങൾ ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ എന്നിവയ്ക്കും നല്ലതാണ് .ത്വക്ക് രോഗങ്ങൾ, ചൊറി ,വട്ടച്ചൊറി ,കരപ്പൻ ,മുടി വട്ടത്തിൽ കൊഴിച്ചിൽ എന്നിവയ്ക്കും നല്ലതാണ് .തലമുടി വേരുകൾക്കും നല്ലതാണ് .മുടി വളരാനും സഹായിക്കുന്നു .കരൾ പ്ലീഹ രോഗങ്ങൾക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . പാരിജാതം ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.
പാരിജാതം ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
Arthrella ointment.
വാതരോഗങ്ങളാൽ ഉണ്ടാകുന്ന വേദനയും വീക്കവും കുറയ്ക്കാൻ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു മരുന്നാണ് ആർത്ത്രെല്ല ഓയിന്‍റ്മെന്‍റ് .ശരീരവേദന .പേശിവേദന,തോൾ വേദന ,ഉളുക്ക് എന്നിവയ്ക്കും ഉപയോഗപ്രദമാണ് .
പാരിജാതത്തിന്റെ ചില ഔഷധപ്രയോഗങ്ങൾ .
പാരിജാതം ഇല,തൊലി ,വിത്ത് എന്നിവ ഉണക്കിപ്പൊടിച്ചും ഔഷധമായി ഉപയോഗിക്കാം .തൊലി ഉണക്കിപ്പൊടിച്ച് 2 ഗ്രാം വീതം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് വിരശല്യം മാറാൻ നല്ലതാണ് .വിത്തുകൾ നന്നായി അരച്ച് പുരട്ടിയാൽ മുടിയും താടിയും വട്ടത്തിൽ കൊഴിയുന്ന രോഗം മാറിക്കിട്ടും .
പാരിജാതത്തിന്റെ ഇലയോ തൊലിയോ ഉണക്കിപ്പൊടിച്ച ചൂർണം 2 ഗ്രാം വീതം ഒരു സ്പൂൺ തേനിൽ ചേർത്ത് കഴിക്കുന്നത് ജലദോഷം ,ചുമ ,തൊണ്ടവേദന എന്നിവ മാറാൻ നല്ലതാണ് .ഇല ഇടിച്ചു പിഴിഞ്ഞ നീരിൽ അത്ര തന്നെ തേനും ചേർത്ത് കഴിക്കുന്നതും ചുമ മാറാൻ നല്ലതാണ്. 5 മില്ലി ഇല നീരിൽ ഒരു നുള്ള് തിപ്പലിപ്പൊടി ചേർത്ത് കഴിച്ചാൽ വിശപ്പില്ലായ്‌മ മാറിക്കിട്ടും .ഇലനീര് 10 മില്ലി വീതം കഴിക്കുന്നത് മലബന്ധത്തിനും പൈൽസിനും നല്ലതാണ് .തൊലിയോ ഇലയോ അരച്ചു പുരട്ടുന്നത് കരപ്പൻ ,വട്ടച്ചൊറി എന്നിവ മാറാൻ നല്ലതാണ് ,വ്രണങ്ങൾ പെട്ടന്ന് ഉണങ്ങാനും നല്ലതാണ് .
ALSO READ :പർപ്പടകപ്പുല്ലിന്റെ ഔഷധഗുണങ്ങൾ .
പാരിജാതത്തിന്റെ ഇലയോ തൊലിയോ ഉണക്കിപ്പൊടിച്ച ചൂർണം ഒരു സ്പൂൺ വീതം 2 കപ്പ് വെള്ളത്തിൽ തിളപ്പിച്ച് അരക്കപ്പാക്കി വറ്റിച്ച് അരിച്ച് കുറച്ച് തേനും ചേർത്ത് കഴിക്കുന്നത് ,പനി ,വിട്ടുമാറാത്ത പനി എന്നിവ മാറാൻ നല്ലതാണ് .ഈ കഷായം മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ എന്നിവയ്ക്കും നല്ലതാണ് .
പാരിജാതത്തിന്റെ തൊലിയൊ വേരോ കഷായമുണ്ടാക്കി 30 മില്ലി വീതം ദിവസം രണ്ടുനേരം വീതം കഴിക്കുന്നത് .സന്ധിവേദന ,കാൽമുട്ട് വേദന , ലിഗ്മെന്റ് തേയ്‌മാനം,നടുവേദന എന്നിവ സുഖപ്പെടാൻ സഹായിക്കുന്നു .
പാർശ്വഫലങ്ങൾ .
ഇതിന്റെ മിതമായ ഉപയോഗത്തിലൂടെ അറിയപ്പെടുന്ന പാർശ്വഫലങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
