ഒരു സുഗന്ധവ്യഞ്ജനമാണ് കുങ്കുമം .ആയുർവേദത്തിൽ ചർമ്മരോഗങ്ങൾ ,ആർത്തവ ക്രമക്കേടുകൾ ,തലവേദന ,വിഷാദം തുടങ്ങിയവയുടെ ചികിത്സയിൽ കുങ്കുമപ്പൂവ് ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ "സാഫ്രൺ" എന്ന പേരിലും സംസ്‌കൃതത്തിൽ "കേസര" എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ രുധിര ,ശോനിതാഭിധ ,രക്ത .ചാരു ,വർണ്യ ,അഗ്‌നി ശിഖാ , കാശ്മീര തുടങ്ങിയ സംസ്‌കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .
ചുവന്ന നിറത്തിലുള്ള പുഷ്പം എന്ന അർത്ഥത്തിൽ രുധിര ,ശോനിതാഭിധ ,രക്ത എന്നി സംസ്കൃതനാമങ്ങളിലും .കാണാൻ സുന്ദരമായ എന്ന അർത്ഥത്തിൽ ചാരു എന്ന പേരിലും .ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നു എന്ന അർത്ഥത്തിൽ വർണ്യ എന്ന പേരിലും .പൂക്കൾക്ക് തീയുടെ നിറം എന്ന അർത്ഥത്തിൽ അഗ്‌നിശിഖാ എന്ന പേരിലും .കാശ്മീരിൽ വളരുന്നതിനാൽ കാശ്മീര എന്ന സംസ്കൃതനാമത്തിലും അറിയപ്പെടുന്നു
Botanical name : Crocus sativus .
Family : Iridaceae (Iris family) .
വിതരണം .
ജമ്മു കശ്മീരിലാണ് കുങ്കുമം സ്വാഭാവികമായി വളരുന്നത് .ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ പാമ്പൂർ എന്ന സ്ഥലത്താണ് കുങ്കുമംഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് . ഇന്ന് മറ്റു പല സ്ഥലങ്ങളിലും കുങ്കുമം കൃഷി ചെയ്യുന്നു .
സസ്യവിവരണം .
30 സെ.മീ ഉയരത്തിൽ വരെ വളരുന്ന ചെറിയ ചെടി .ഇതിന്റെ ചുവട്ടിൽ ഉള്ളിയുടെ ആകൃതിയുള്ള കിഴങ്ങുണ്ട് .ഈ കിഴങ്ങിൽ നിന്നും വേരും ഇലയും പൂവും ഉണ്ടാകുന്നു .പൂക്കൾ പാടലനിറമോ നീലലോഹിത നിറമോ ആയിരിക്കും .ഇവയുടെ ഫലത്തിൽ ചെറിയ വിത്തുകൾ കാണപ്പെടുന്നു .
ഔഷധം എന്നതിലുപരി ഒരു സുഗന്ധ ദ്രവ്യമാണ് കുങ്കുമപ്പൂ .ഇതിന് ലോകവിപണിയിൽ നല്ല വിലയുള്ളതാണ് .അതിനാൽ തന്നെ കുങ്കുമം എന്നു തോന്നിപ്പിക്കുന്ന പല വസ്‌തുക്കളും ഇതിൽ മായം കലർത്തിയാണ് വിപണിയിൽ വിറ്റു വരുന്നത് .
ശരാശരി 1 പുഷ്പത്തിൽ നിന്ന് ലഭിക്കുന്ന ഉണക്കിയ കുങ്കുമപ്പൂവിന്റെ ഭാരം ഏകദേശം 0.006 ഗ്രാം മാത്രമാണ് .ഒരു കിലോ കുങ്കുമപ്പൂവ് ലഭിക്കാൻ ഏകദേശം 1.5 ലക്ഷം മുതൽ 2 ലക്ഷം പൂക്കൾ വരെ ആവശ്യമാണ്.
രാസഘടന .
കുങ്കുമപ്പൂവിൽ ഒരു ബാഷ്പശീല തൈലം അടങ്ങിയിരിക്കുന്നു .ഈ തൈലത്തിൽ ടർപ്പീനുകൾ ,ടർപീൻ ആൽക്കഹോളുകൾ ,എസ്റ്ററുകൾ എന്നിവ അടങ്ങിയിരിക്കുന്നു .കൂടാതെ ക്രോസിൻ ,പിക്രോക്രോസിൻ ,ക്രോസെറ്റിൻ ,കരോട്ടിനോയിഡുകൾ എന്നിവയും അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
English name- Saffron .
Malayalam name - Kungumapoo .
Tamil name- Kumkumappu .
Telugu name- Kumkuma pubba .
Kannada name- Kesar .
Hindi name- Kesar .
Marathi name- Kesar .
Bengali name- Jafran .
Guajarati name- Kesar
ഔഷധയോഗ്യഭാഗം .
പുഷ്പകേസരങ്ങൾ .
രസാദിഗുണങ്ങൾ .
രസം -തിക്തം ,കടു .
ഗുണം -സ്‌നിഗ്ദ്ധം .
വീര്യം -ഉഷ്‌ണം .
വിപാകം -കടു .
കുങ്കുമപ്പൂവിന്റെ ഔഷധഗുണങ്ങൾ .
ശരീരകാന്തി വർധിപ്പിക്കും .ചർമ്മത്തിലെ പാടുകൾ ,പുള്ളികൾ ,എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു .മുറിവുകൾ അണുവിമുക്തമാക്കാനും പെട്ടന്ന് ഉണങ്ങുവാനും സഹായിക്കുന്നു .ദഹനശക്തിയും രുചിയും ,വിശപ്പും വർധിപ്പിക്കും. പനി ,.ചുമ ,എക്കിൾ, തൊണ്ടരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .നേത്രരോഗങ്ങങ്ങൾ കാഴ്ചക്കുറവ് എന്നിവയ്ക്കും നല്ലതാണ് .തലവേദന ,ഛർദ്ദി ,വയറിളക്കം ,വിരബാധ എന്നിവയ്ക്കും നല്ലതാണ് .വാതരോഗങ്ങൾ ,വേദന ,വീക്കം എന്നിവയ്ക്കും നല്ലതാണ് .മാനസിക വൈകല്യങ്ങൾ ,വിഷാദം ,ഉത്കണ്ഠ എന്നിവയ്ക്കും നല്ലതാണ് .മലബന്ധം ,വയറുവേദന ,പൊണ്ണത്തടി എന്നിവയ്ക്കും നല്ലതാണ് .രക്തം ശുദ്ധീകരിക്കും ,ലൈംഗീകശേഷി വർധിപ്പിക്കും .മൂത്രാശയ രോഗങ്ങൾ ,മൂത്രം ഒഴിക്കുമ്പോഴുള്ള പുകച്ചിൽ ,വേദന എന്നിവയ്ക്കും നല്ലതാണ് .ആർത്തവ തകരാറുകൾ ,അമിത ആർത്തവം ,ആർത്തവ വേദന എന്നിവയ്ക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . കുങ്കുമം ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.
കുങ്കുമപ്പൂവ് ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
കുങ്കുമാദി തൈലം - Kunkumadi Tailam .
മുഖത്തിന്റെ നിറം വർധിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒരു തൈലമാണ് കുങ്കുമാദി തൈലം . മുഖക്കുരു ,മുഖത്തെ കറുത്ത പാടുകൾ ,കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ ,ചുളിവുകൾ എന്നിവയെല്ലാം ഇല്ലാതാക്കി മുഖത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കാൻ സഹായിക്കുന്നു .കൂടാതെ ഈ തൈലം ചുണ്ടുകളിൽ പുരട്ടുന്നത് ചുണ്ടുകളുടെ നിറം വർധിപ്പിക്കാൻ സഹായിക്കുന്നു .
കാചയാപനം കുഴമ്പ് - Kachayapanam Kuzhampu .
നേത്രരോഗങ്ങൾ ,തിമിരം ,കാഴ്ചക്കുറവ് തുടങ്ങിയവയുടെ ചികിത്സയിൽ .കാചയാപനം കുഴമ്പ് ഉപയോഗിക്കുന്നു .
കച്ചൂരാദി ചൂർണം - Kachuradi Churnam .
തലവേദന ,ചുമ ,തലകറക്കം ,ഉറക്കക്കുറവ് ,ഉത്കണ്ഠ ,മാനസികസമ്മർദ്ദം ,മാനസിക രോഗങ്ങൾ ,പനി ,തല പുകച്ചിൽ ,കണ്ണിലും ,ചെവിയിലും ബാധിക്കുന്ന വിവിധ രോഗങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സയിൽ പുറമെ ഉപയോഗിക്കാൻ കച്ചൂരാദി ചൂർണം ഉപയോഗിക്കുന്നു .
അരിമേദാദി തൈലം -Arimedadi Tailam.
.ദന്തരോഗങ്ങളുടെ ചികിൽത്സയിലാണ് ഈ തൈലം പ്രധാനമായും ഉപയോഗിക്കുന്നത് .പല്ലുകളുടെയും മോണകളുടേയും ബലം വർധിപ്പിക്കുന്നതിനും വായിലുണ്ടാകുന്ന പല രോഗങ്ങളെ തടയുന്നതിനും ഈ തൈലം ഉപയോഗിക്കുന്നു .
മാനസമിത്ര വടകം -Manasamitra Vatakam .
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാനസമിത്ര വടകം . വിഷാദരോഗം , ടെൻഷൻ, ഉന്മാദം, ഉറക്കക്കുറവ് ,അപസ്‌മാരം തുടങ്ങിയ അവസ്ഥകളുടെ ചികിത്സയിൽ മാനസമിത്ര വടകം ഉപയോഗിക്കുന്നു .
വസന്തകുസുമകരരസം - Vasantakusumakararasam ,
പ്രമേഹം ,മൂത്രാശയരോഗങ്ങൾ,ഓർമ്മക്കുറവ് ,ലൈംഗീകശേഷിക്കുറവ് ,അകാലനര മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് വസന്തകുസുമകരരസം.
അസനേലാദി കേരതൈലം (Asanailadi Kera Tailam).
തലവേദന ,കണ്ണ് ,ചെവി എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു തൈലമാണ് അസനേലാദിതൈലം .ഇത് എള്ളെണ്ണയിൽ തയാറാക്കുന്നതിനെ അസനേലാദി തൈലം എന്നും ,വെളിച്ചെണ്ണയിൽ തയാറാക്കുന്നതിനെ അസനേലാദി കേര തൈലം എന്നും അറിയപ്പെടുന്നു .അസന എന്നാൽ വേങ്ങ എന്നാണ് .വേങ്ങ ഈ തൈലത്തിൽ ഒരു പ്രധാന ചേരുവയാണ് .
ബലാധാത്ര്യാദി തൈലം - Baladhathryadi Tailam .
തലവേദന ,ശരീരം പുകച്ചിൽ ,തലപുകച്ചിൽ ,കണ്ണ് പുകച്ചിൽ ,സന്ധിവാതം മുതലായവയുടെ ചികിൽത്സയിൽ ബലാധാത്ര്യാദി തൈലം ഉപയോഗിച്ചു വരുന്നു .
ദശമൂല രസായനം - Dasamoola Rasayanam .
ചുമ ,ആസ്മ ,മൂക്കൊലിപ്പ് ,ബ്രോങ്കൈറ്റിസ് മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ഔഷധമാണ് ദശമൂല രസായനം .
ഗോരോചനാദി ഗുളിക -Gorochanadi Gulika.
പനി ,ചുമ ,ജലദോഷം ,ആസ്മ ,ന്യൂമോണിയ ,ടോൺസിലൈറ്റിസ് എന്നിവയ്ക്കും ദഹനക്കേട് ,ഗ്യാസ്ട്രബിൾ ,നെഞ്ചെരിച്ചിൽ മുതലായവയുടെ ചികിത്സയിലും ഗോരോചനാദി ഗുളിക ഉപയോഗിക്കുന്നു .ഇത് കുട്ടികളുടെ ചികിത്സയിലും ഉപയോഗിക്കുന്നു .
ബലാ തൈലം - Bala Thailam .
വാതരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ആയുർവേദ എണ്ണയാണ് ബലാ തൈലം .ഇവയ്ക്കു പുറമെ ജലദോഷം ,ആസ്മ ,ചുമ എന്നിവയുടെ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു .ഇത് ഉള്ളിലേക്ക് കഴിക്കുന്നതിനും പുറമെ പുരട്ടുന്നതിനും ഉപയോഗിക്കുന്നു .ക്യാപ്‌സൂൾ രൂപത്തിലും ഈ ഔഷധം ലഭ്യമാണ് ..ബലാ എന്നാൽ കുറുന്തോട്ടി എന്നാണ് .കുറുന്തോട്ടിയാണ് ഈ തൈലത്തിലെ പ്രധാന ചേരുവ .
മഹാരാജപ്രസാരണീ തൈലം -Maharajaprasarani Tailam.
നാഡി സംബന്ധമായ രോഗങ്ങളിലും വാതസംബന്ധമായ എല്ലാ രോഗങ്ങളിലും മഹാരാജപ്രസാരണീ തൈലം ഉപയോഗിക്കുന്നു .ഈ തൈലം പുറമെ പുരട്ടുവാനും ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .ക്യാപ്‌സൂൾ രൂപത്തിലും (Maharajaprasarani Tailam Soft Gel Capsule) ഈ ഔഷധം ലഭ്യമാണ് .പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് ,ശീഘ്രസ്കലനം തുടങ്ങിയ ലൈംഗീക പ്രശ്നങ്ങൾക്കും .സ്ത്രീകളിലെ വെള്ളപോക്ക് ,വന്ധ്യത എന്നിവയുടെ ചികിത്സയിലും ഈ തൈലം ഉപയോഗിക്കുന്നു .പ്രസാരണി ( Merremia tridentata ) എന്ന ഔഷധസസ്യമാണ് ഈ തൈലത്തിലെ പ്രധാന ചേരുവ .
മദന കാമേശ്വരി ലേഹ്യം -Madanakameswari Lehyam.
പ്രധാനമായും ലൈംഗീക സംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മദന കാമേശ്വരി ലേഹ്യം. ലൈംഗീക താല്പര്യം വർധിപ്പിക്കുന്നതിനും ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും മദന കാമേശ്വരി ലേഹ്യം ഉപയോഗിക്കുന്നു .
പുഷ്യാനുകം ചൂർണം - Pushyanugam Choornam.
ആർത്തവ പ്രശ്‌നങ്ങൾ ,വെള്ളപോക്ക് ,മൂലക്കുരു ,വയറിളക്കം മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് പുഷ്യാനുകം ചൂർണം .
കുങ്കുമപ്പൂവിന്റെ ചില ഔഷധപ്രയോഗങ്ങൾ .
മുഖക്കുരു ,കറുത്ത പാടുകൾ ,കരുവാളിപ്പ് എന്നിവയ്ക്ക് : ഒരു ടീസ്പൂൺ ചൈനാ ക്ലേ ,ഒരു ടീസ്പൂൺ നെയ്യ് ,മൂന്നോ നാലോ കുങ്കുമപ്പൂ എന്നിവ നന്നായി അരച്ച് മുഖം നനച്ച ശേഷം മുഖത്തു പുരട്ടി 30 മിനിട്ടിനു ശേഷം കഴുകി കളയാം .ഇപ്രകാരം കുറച്ചു ദിവസം പതിവായി ആവർത്തിച്ചാൽ മുഖക്കുരു ,മുഖത്തെ കറുത്ത പാടുകൾ ,കരുവാളിപ്പ് എന്നിവ മാറി മുഖത്തിനു നല്ല നിറം കിട്ടാൻ സഹായിക്കുന്നു .കുങ്കുമപ്പൂ മാത്രം അരച്ചു പുരട്ടുന്നതും നല്ലതാണ് .ചൈന ക്ലേ (കയോലിൻ ക്ലേ) ചർമ്മത്തിന് വളരെ നല്ലതാണ്, ഇത് ചർമ്മത്തിലെ അധിക എണ്ണയും മാലിന്യങ്ങളും നീക്കം ചെയ്യുകയും ചർമ്മത്തെ മൃദുലമാക്കുകയും ചെയ്യുന്നു. ഇത് എല്ലാത്തരം ചർമ്മത്തിനും അനുയോജ്യമാണ്.
കുങ്കുമപ്പൂവിന്റെ പൊടി ഒരു നുള്ള് വീതം പാലിൽ ചേർത്ത് പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കുന്നു .പുരുഷന്മാരിലെ ലൈംഗീക ശേഷിക്കുറവ് ,ഉദ്ധാരണക്കുറവ് എന്നിവയ്ക്ക് കുങ്കുമപ്പൂ പാലിൽ ചേർത്ത് പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് നല്ലതാണ് .ഇത് ,വിഷാദം ,ഉത്കണ്ഠ എന്നിവയ്ക്കും നല്ലതാണ് .ഹിന്ദു ആചാരത്തിൽ വിവാഹശേഷം ആദ്യ രാത്രിയിൽ നവദമ്പതികൾക്ക് കുങ്കുമപ്പൂവ് ചേർത്ത പാൽ കൊടുക്കുന്ന പതിവ് ഉത്തരേന്ത്യയിലുണ്ട് .ഇത് നവദമ്പതികൾക്ക് മാനസികോല്ലാസം കിട്ടാൻ സഹായിക്കുന്നു .
അമിത ആർത്തവ രക്തസ്രാവത്തിന് : ഒന്നോ രണ്ടോ കുങ്കുമപ്പൂ ഒരു ടീസ്പൂൺ തേനുമായി ചേർത്ത് ദിവസം ഒന്നോ രണ്ടോ തവണ കഴിക്കുന്നത് അമിത ആർത്തവ രക്തസ്രാവത്തിന് നല്ലതാണ് .ഇത് ആർത്തവത്തിന് മൂന്ന് ദിവസം മുമ്പ് കഴിച്ചു തുടങ്ങി രക്തസ്രാവം നിക്കുന്നത് വരെ കഴിക്കാം .ഈ രീതിയിൽ രക്തസ്രാവം നിയന്ത്രണ വിധേയമാകുന്നതുവരെ എല്ലാ മാസവും കഴിക്കാം .ഇത് ആർത്തവ സമയത്തെ വേദനയ്ക്കും നല്ലതാണ് .കൂടാതെ ആർത്തവ സമയത്തെ വിഷാദം, ഉത്കണ്ഠ, ദേഷ്യം, ക്ഷീണം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും നല്ലതാണ് .
ALSO READ : പാരിജാതം അഥവാ പവിഴമല്ലി എത്ര കടുത്ത പനിക്കും ഔഷധം .
മൈഗ്രെയ്ൻ തലവേദനയ്ക്ക് : രാവിലെ ഭക്ഷണത്തിന് മുമ്പ് മുഖത്ത് എള്ളെണ്ണ പുരട്ടി ആവി കൊണ്ട് മുഖം വിയർപ്പിച്ച ശേഷം കുങ്കുമപ്പൂ നന്നായി പൊടിച്ചു ഒരു നുള്ള് വീതം ഒരു ടീസ്പൂൺ നെയ്യിൽ കലർത്തി രണ്ടു മൂക്കിലും ഓരോ തുള്ളി വീതം ഇറ്റിക്കണം .അരമണിക്കൂർ സമയത്തിനുള്ളിൽ കുളിക്കാനോ ഭക്ഷണം കഴിക്കാനോ പാടില്ല .ഇപ്രകാരം രണ്ടാഴ്ച്ച തുടർന്നാൽ മൈഗ്രെയ്ൻ വിട്ടുമാറാൻ സഹായിക്കുന്നു .മൂടിക്കെട്ടിയ കാലാവസ്ഥയിൽ ഈ ചികിത്സ ചെയ്യാൻ പാടില്ല . സാധാരണ ഉണ്ടാകുന്ന തലവേദന മാറാൻ കുങ്കുമപ്പൂ നെയ്യിൽ കലർത്തി നെറ്റിയിൽ പുരട്ടുന്നത് നല്ലതാണ് .
ഒരു നുള്ള് കുങ്കുമപ്പൊടി പാലിൽ കലർത്തി പതിവായി കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു .ഇത് വാത സംബന്ധമായ വേദന ഒഴിവാക്കുന്നതിനും നല്ലതാണ് .കൂടാതെ മലബന്ധം ,വയറുവേദന എന്നിവ ഒഴിവാക്കാനും നല്ലതാണ് .ഒരു നുള്ള് കുങ്കുമപ്പൊടിയും അത്ര തന്നെ ഏലത്തരിയും ചൂടുവെള്ളത്തിൽ കലർത്തി കഴിക്കുന്നത് മൂത്ര തടസ്സം ,മൂത്രം ഒഴികുമ്പോഴുള്ള വേദന ,പുകച്ചിൽ എന്നിവ മാറാൻ നല്ലതാണ് .
പാർശ്വഫലങ്ങൾ .
ഇതിന്റെ മിതമായ ഉപയോഗത്തിലൂടെ അറിയപ്പെടുന്ന പാർശ്വഫലങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

