ഭാരതത്തിലുടനീളം വ്യാപകമായി കാണുന്ന ഒരു സസ്യമാണ് ആവണക്ക്.ആയുർവേദത്തിൽ വാതരോഗങ്ങൾ ,ഉദരരോഗങ്ങൾ ,മഞ്ഞപ്പിത്തം ,ശ്വാസകോശ രോഗങ്ങൾ മുതലായവയുടെ ചികിൽത്സയിൽ ആവണക്ക് ഔഷധമായി ഉപയോഗിക്കുന്നു .ഔഷധഗുണങ്ങളുണ്ടങ്കിലും ആവണക്ക് ഒരു വിഷസസ്യം കൂടിയാണ് .അതിനാൽ തന്നെ ഇത് ശുദ്ധിചെയ്താണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .ഇംഗ്ലീഷിൽ കാസ്റ്റർ ഓയിൽ പ്ലാന്റ് എന്നും സംസ്‌കൃതത്തിൽ എരണ്ഡഃ, എന്ന പേരിലും അറിയപ്പെടുന്നു ,ഗന്ധർവന്മാരുടെ കൈപ്പത്തിക്ക് സമാനമായ ഇലകളോടു കൂടിയ എന്ന അർത്ഥത്തിൽ ഗന്ധർവഹസ്‌തഃ എന്നും .ഇലകൾ അഞ്ചു വിരലുകൾ പോലെ എന്ന അർത്ഥത്തിൽ പഞ്ചാംഗുലഃ എന്നും. എല്ലാത്തരം വാതരോഗങ്ങളും ശമിപ്പിക്കാൻ കഴിവുള്ളത് എന്ന അർത്ഥത്തിൽ വാതാരിഃ എന്നും ആവണക്കിന് സംസ്‌കൃതത്തിൽ പേരുകളുണ്ട് .
Botanical name : Ricinus communis .
Family: Euphorbiaceae (castor family).
വിതരണം .
ഇന്ത്യയിലുടനീളം ആവണക്ക് കാണപ്പെടുന്നു .എണ്ണക്കുരുവിനുവേണ്ടി ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ആവണക്ക് കൃഷി ചെയ്യുന്നു .കൃഷിചെയ്യാതെ കിടക്കുന്ന സ്ഥലങ്ങളിൽ ഈ സസ്യം തനിയെ വളരുന്നത് കാണാം . 2000 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ ഈ സസ്യം ധാരാളമായി വളരുന്നു .
സസ്യവിവരണം .
സാമാന്യം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടി .ഇവ ഏകവർഷിയോ ബഹുവർഷിയോ ആയിരിക്കും .എന്നാൽ ചില സസ്യങ്ങൾ 5 മീറ്റർ ഉയരത്തിൽ വരെ ഒരു ചെറിയ മരമായും വളരും .ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .ഇലകൾ വലുതും അനുപർണ്ണത്തോടു കൂടിയതുമാണ് .
30 - 60 സെ.മി വ്യാസമുള്ള ഇവയുടെ ഇലകൾ വിരലുകൾ പോലെ 5 മുതൽ 10 കർണങ്ങളായി വിഭചിച്ചിരിക്കുന്നു .പത്രവൃന്തം 10 -30 സെ.മി നീളമുള്ളതും ഗ്രന്ഥികളോടു കൂടിയതുമാണ് .ചെടിയുടെ തണ്ടുകളും ശാഖകളും പൂങ്കുലകളിൽ അവസാനിക്കുന്നു .
പൂക്കൾ ഏകലിംഗിക്കളും അപൂർണ്ണവും ആണ് മഞ്ജരീദണ്ഡിന് 30 -60 സെ.മി നീളമുണ്ട് .ഇതിന്റെ മുകൾ ഭാഗത്ത് പെൺപൂക്കളും അടിഭാഗത്ത് ആൺപൂക്കളും ഉണ്ടാകുന്നു .പെൺപൂക്കൾ ആൺപൂക്കളേക്കാൾ വലുതാണ് .അണ്ഡാശയം ഊർധ്വവർത്തിയും 2 അറകളോടു കൂടിയതുമാണ് .ഓരോന്നിനും ഓരോ ബീജാണ്ഡം .
ഇവയുടെ ഫലത്തിന്റെ ഉപരിതലത്തിൽ (ആവണക്ക് കായ ) മുള്ളുകൾ കാണപ്പെടുന്നു .ഒരു ഫലത്തിൽ 3 വിത്തുകൾ വരെ കാണും .ഇത് മിനുസമുള്ളതും പല നിറത്തിലുള്ള പുള്ളികളോടു കൂടിയതുമായിരിക്കും .ഫലത്തിന്റെ പുറംതോടിന് നല്ല കട്ടിയുണ്ടായിരിക്കും .ഇവ ഉണങ്ങുമ്പോൾ പൊട്ടി വിത്തുകൾ പുറത്തേയ്ക്ക് തെറിച്ചു വീഴുന്നു .മൂന്നോ നാലോ വർഷം ജീവിക്കുന്ന ആവണക്കിന്റെ ഫലവും വിത്തും വലിപ്പം കൂടിയതായിരിക്കും .ഇതിൽ എണ്ണയും ധാരാളമുണ്ടായിരിക്കും .
ആവണക്ക് വെളുത്തത് ,ചുവന്നത് എന്നിങ്ങനെ രണ്ടുതരമുണ്ട് .ശ്വേത എരണ്ഡ എന്നും രക്ത എരണ്ഡ എന്നും സംസ്‌കൃതത്തിൽ അറിയപ്പെടുന്നു . ചുവന്ന ആവണക്ക് (ചിറ്റാവണക്ക് ) ഇതിന്റെ തണ്ടും ഇലയും ചുവപ്പുനിറത്തോടു കൂടിയതാണ് .ഒരു വർഷം മാത്രം വളരുന്നത് അനേകം വർഷം വളരുന്നത് എന്നിങ്ങനെയും രണ്ടുതരം ആവണക്കുണ്ട് .വെള്ള ആവണക്കാണ് ഔഷധ ആവിശ്യങ്ങൾക്കായി കൃഷി ചെയ്യുന്നത് .പെയിന്റ് ,വർണിഷ് ,സോപ്പ് ,മഷി ,പ്ലാസ്റ്റിക്ക് എന്നിവയുടെ നിർമ്മാണത്തിനും ആവണക്കെണ്ണ ഉപയോഗിക്കുന്നുണ്ട് .
പ്രാദേശിക നാമങ്ങൾ .
English Name – Castor, African Coffee Tree
Malayalam Name – Avanakku
Tamil Name – Amanakku, Amanakkam
Telugu Name – Amudamu
Kannada Name – Haralu, Manda
Hindi Name – Erand, Redi, Erend
Bengali Name – Rehri, Bhairenda
Marathi Name – Erandi
Gujarati Name – Diveligo, Diveli Erandi
ആവണക്കിന്റെ വിഷലക്ഷണങ്ങൾ .
തണ്ട് ,ഇല ,വിത്ത് ,എണ്ണ എന്നിവയിൽ വിഷാംശം അടങ്ങിയിരിക്കുന്നു . കുരുവിലാണ് ഏറ്റവും കൂടുതൽ വിഷം അടങ്ങിയിട്ടുള്ളത് .ഇതിലെ പ്രധാന വിഷഘടകമായ റിസിൻ ശരീരത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കും .ആവണക്കിൻ കുരുവോ മറ്റു ഭാഗങ്ങളോ ഉള്ളിൽ കഴിച്ചാൽ വായിലും തൊണ്ടയിലും നീറ്റൽ അനുഭവപ്പെടും .കൂടാതെ ഛർദ്ദി, വയറുവേദന എന്നിവയുമുണ്ടാകും .കുറച്ചുസമയത്തിനു ശേഷം അമിത ദാഹം ,തലചുറ്റൽ ,തളർച്ച ,രക്തം കലർന്ന വയറിളക്കം എന്നിവയുമുണ്ടായി ഹൃദയത്തിന്റെ പ്രവർത്തനം നിൽക്കുകയും ചെയ്യും .
10 മുതൽ 20 വരെ ആവണക്കിൻക്കുരു ഉള്ളിൽ കഴിച്ചാൽ മാരകവിഷമാണ്. മരണം സംഭവിക്കും .കുറഞ്ഞ അളവിൽ കഴിച്ചാലും അഞ്ചോ ആറോ ദിവസത്തിനുള്ളിൽ മരണം സംഭവിക്കും .ആവണക്കെണ്ണ ഞരമ്പിൽ കുത്തിവച്ചാൽ പെട്ടന്നുതന്നെ മരണം സംഭവിക്കും .ആവണക്കിൻക്കുരു എണ്ണ ആട്ടിയെടുത്ത ശേഷം കിട്ടുന്ന പിണ്ണാക്കിലും റിസിൻ എന്ന വിഷഘടകം ധാരാളമായി അടങ്ങിയിരിക്കുന്നു .ഇത് കന്നുകാലികൾക്ക് കൊടുത്താലും വിഷബാധയേൽക്കും .പിണ്ണാക്കിന്റെ പൊടി കണ്ണിലും മൂക്കിലും വീഴുന്നതും അപകടമാണ് .ഇത് ആസ്മയ്ക്കും അലർജിക്കും കാരണമാകും .
കാണാൻ ഭംഗിയുള്ള ആവണക്കിൻക്കുരു കുട്ടികൾ അറിയാതെ കഴിച്ച് മരണമുണ്ടായ കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട് .ആവണക്കിന്റെ കുരുവോ മറ്റു ഭാഗങ്ങളോ ഉള്ളിൽ കഴിച്ചാൽ രോഗിയെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണം.
ആവണക്കിൻക്കുരു ശുദ്ധിചെയ്യേണ്ട രീതി .
ഔഷധആവിശ്യങ്ങൾക്കായി ആവണക്കിൻക്കുരു ആട്ടി എണ്ണ എടുക്കുമ്പോൾ ആവണക്കിൻക്കുരു ചൂടുവെള്ളത്തിൽ തിളപ്പിച്ചോ ചൂട് ആവി ഏൽപ്പിച്ചോ ആണ് എണ്ണ എടുക്കുന്നത് .ചൂടുകൊണ്ട് വേഗം ദ്രവീകൃത മാകുന്നതിനാൽ കൂടുതൽ എണ്ണ കിട്ടുകയും ചെയ്യും .ഇങ്ങനെ ചെയ്യുന്നതിലൂടെ എണ്ണയിലെ വിഷഗുണം നഷ്ട്ടപ്പെടുന്നതിനാലാണ് കുരുവിനെ അപേക്ഷിച്ച് ആവണക്കെണ്ണ നിരുപദ്രവ കാരിയാകുന്നത് .ആവണക്കിൻക്കുരു പാലിൽ 1 -2 മണിക്കൂർ ഇട്ടുവച്ചതിനു ശേഷമെടുത്താൽ ആവണക്കിൻക്കുരു ശുദ്ധിയാകുന്നതാണ് .കരിക്കിൻ വെള്ളത്തിൽ ആവണക്കിൻക്കുരു പുഴുങ്ങി കഴുകിയെടുത്താലും ശുദ്ധിയാകുന്നതാണ്.വിഷമയമായതിനാല്‍ ഇതിന്റെ കുരുവിന്റെ പിണ്ണാക്ക് വളമായി മാത്രമേ ഉപയോഗിക്കാറുള്ളൂ .
ഔഷധയോഗ്യഭാഗങ്ങൾ .
വേര് ,ഇല ,കുരു ,വിത്തിൽനിന്നും എടുക്കുന്ന എണ്ണ.
രസാദി ഗുണങ്ങൾ .
രസം :മധുരം, കടു, കഷായം .
ഗുണം :ഗുരു, സ്നിഗ്ധം, തീക്ഷ്ണം, സൂക്ഷ്മം .
വീര്യം :ഉഷ്ണം .
വിപാകം :മധുരം.
ആവണക്കിന്റെ ഔഷധഗുണങ്ങൾ .
മധുരകടുകഷായരസങ്ങളുള്ളതും ഉഷ്ണവീര്യത്തോടുകൂടിയതും ഗുരുസ്‌നിഗ്ധ ഗുണങ്ങളുള്ളതുമാണ് ആവണക്ക് .ശരീരവേദനയും നീരും കുറയ്ക്കാനുള്ള കഴിവ് ആവണക്കെണ്ണയ്ക്കുണ്ട് .ഇത് ഉദരകൃമികളെ നശിപ്പിക്കും .മലത്തെ ഇളക്കുകയും കുടലിനേയും ഗർഭാശയത്തെയും ശുദ്ധിയാക്കുകയും വായുകോപവും വാതവും ശമിപ്പിക്കും .മൂത്രത്തെ ശുദ്ധിയാക്കുകയും വിശപ്പ് വർധിപ്പിക്കാനും സഹായിക്കുന്നു .എണ്ണ മുടി വളരുന്നതിനും കറുക്കുന്നതിനും ഉത്തമമാണ് .വയറുവേദന ,പിത്തം ,കഫം ,ഉദരമുഴകൾ ,പനി ,ഹൃദ്രോഗം എന്നിവയ്ക്കും ആവണക്കെണ്ണ നല്ലതാണ് .ഗുദ വേദനയ്ക്കും ,അർശസ്സിനും ,മലം പോകാൻ പ്രയാസമുള്ള അവസരങ്ങളിലും ആവണക്കെണ്ണ കഴിക്കുന്നത് നല്ലതാണ് .പരു ,കാൽവിള്ളൽ ,മുലക്കണ്ണ് വിള്ളൽ എന്നിവയ്ക്കും ആവണക്കെണ്ണ നല്ലതാണ് .
ആവണെക്കിൻ വേര് എല്ലാ വാതരോഗങ്ങൾക്കും സിരാരോഗങ്ങൾക്കും ഔഷധമാണ് .കൂടാതെ കഫവും ,വിരയും ,മലവും ,മൂത്രവുമിളക്കും .കാമം വർധിപ്പിക്കും .മുലപ്പാൽ വർധിപ്പിക്കും .വായുകോപം ശമിപ്പിക്കും ..രക്തം ശുദ്ധീകരിക്കും .ഉദരരോഗങ്ങൾ ,ആമദോഷം ,മലബന്ധം ,വീക്കം ,ചർമ്മരോഗങ്ങൾ ,പുറം വേദന ,വിരശല്യം എന്നിവയ്ക്കും നല്ലതാണ് .വേരിന്റെ കഷായം കാലിലെ വീക്കത്തിനും വായുകോപം മൂലം വയറ്റിലുണ്ടാകുന്ന വേദനയ്ക്കും ,ആസ്മയ്ക്കും,രക്തവാതത്തിനും നല്ലതാണ് .
ഇല മുലപ്പാൽ വർധിപ്പിക്കും .വിരശല്യം ,കാഴ്ചക്കുറവ് ,തീപ്പൊള്ളൽ ,വാതരോഗങ്ങൾ ,സന്ധിവേദന ,മൂത്രമൊഴിക്കുമ്പോഴുള്ള വേദന .മൂത്രതടസ്സം തലവേദന, മഞ്ഞപ്പിത്തം,വയറ്റിലെ മുഴകൾ,ഹെർണിയ എന്നിവയ്ക്കും, നല്ലതാണ് .തളിരില കാഴ്ചക്കുറവ് പരിഹരിക്കുന്നതിന് നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .മാത്രവുമല്ല ആവണക്ക് ഒരു വിഷസസ്യം കൂടിയാണ് .അതിനാൽ ആവണക്ക് ഔഷധമായി ഉപയോഗിക്കുമ്പോൾ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
ആവണക്ക് ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
മഹാരാസ്നാദി കഷായം (Maharasnadi Kashayam).
എല്ലാവിധ വാതരോഗങ്ങൾക്കും വിശേഷപ്പെട്ട ഒരു ഔഷധമാണ് മഹാരാസ്നാദി കഷായം.അതിനോടൊപ്പം കഴുത്തുവേദന ,നടുവേദന ,മുട്ടുവേദന ,വിറയൽ, ചില വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശാരീരിക ,പേശി ,സന്ധി വേദനകൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ സ്ത്രീ -പുരുഷ വന്ധ്യതയുടെ ചികിൽത്സയിലും മഹാരാസ്നാദി കഷായം ഉപയോഗിക്കുന്നു .
ഗന്ധർവ്വഹസ്താദി കഷായം (Gandharvahasthadi Kashayam ).
വാതസംബന്ധമായി ഉണ്ടാകുന്ന വിവിധ രോഗങ്ങൾ ,വയറുവേദന ,വയറുവീർപ്പ് ,രുചിയില്ലായ്‌മ ,ദഹനക്കേട് മുതലായവയ്ക്ക് ഈ ഔഷധം ഉപയോഗിക്കുന്നു .ഇത് ദഹനശക്തി വർധിപ്പിക്കുകയും വയറ് ശെരിയായ രീതിയിൽ ഒഴിഞ്ഞുപോകാനും സഹായിക്കുന്നു . കഷായ രൂപത്തിലും ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .
നിംബാമൃതാദി എരണ്ഡതൈലം (Nimbamritadi Eranda Tailam).
ചർമ്മരോഗങ്ങളുടെയും വാതരോഗങ്ങളുടെയും ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് നിംബാമൃതാദി എരണ്ഡതൈലം.കൂടാതെ മലബന്ധത്തിന് ഈ തൈലം ഉള്ളിലേക്ക് കഴിക്കാനും ഉപയോഗിക്കുന്നു .
ബ്രാഹ്മരസായനം (Brahma Rasayanam).
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ച്യവനപ്രാശത്തിന് സമാനമായ ഒരു ആയുർവേദ ഔഷധമാണ് ബ്രാഹ്മരസായനം.ബുദ്ധിശക്തി ,ഓർമ്മശക്തി ,മാനസിക പിരിമുറുക്കം, ബുദ്ധിമാന്ദ്യം , ശരീരക്ഷീണം ,ചർമ്മത്തിലെ ചുളിവുകൾ ,അകാലനര, മുടികൊഴിച്ചിൽ ,പ്രധിരോധശേഷിക്കുറവ് മുതലായവയുടെ ചികിൽത്സയിൽ ബ്രാഹ്മരസായനം ഉപയോഗിച്ചുവരുന്നു .
വിദാര്യാദ്യാസവം (Vidaryadyasavam).
വാതരോഗങ്ങൾ ,ശരീരവേദന ,ദഹനസംബന്ധമായ പ്രശ്‍നങ്ങൾ ,ചുമ ,ആസ്മ എന്നിവയുടെ ചികിൽത്സയിലും ശരീരഭാരം വർധിപ്പിക്കുന്നതിനും വിദാര്യാദ്യാസവം ഉപയോഗിച്ചു വരുന്നു .
വലിയ ചിഞ്ചാദി ലേഹം (Valiya Chinchadi Leham) .
മഞ്ഞപ്പിത്തം ,വിളർച്ച ,പനി ,വിശപ്പില്ലായ്‌മ ,ദഹനക്കേട് ,വായ്‌നാറ്റം തുടങ്ങിയവയുടെ ചികിൽത്സയിലും പ്രസവാനന്തര ചികിൽത്സയിലും വലിയ ചിഞ്ചാദി ലേഹം ഉപയോഗിച്ചു വരുന്നു .
ചെറിയ രാസ്‌നാദി കഷായം (Cheriya Rasnadi Kashayam).
ആമവാതം,കഴുത്തു വേദന (Cervical spondylosis),ലംബർ സ്‌പോണ്ടിലോസിസ്, ആൻകൈലോസിങ് സ്‌പോൺഡിലൈറ്റിസ് മുതലായവയുടെ ചികിൽത്സയിൽ ചെറിയ രാസ്‌നാദി കഷായം ഉപയോഗിച്ചു വരുന്നു .
ബലാരിഷ്ടം (Balarishtam).
ശരീരബലം വർധിപ്പിക്കുന്നതിനും ശരീരപുഷ്ടി വരുത്തുന്നതിനും ബലാരിഷ്ടത്തിന്റെ ഉപയോഗം മൂലം സാധിക്കും . കൂടാതെ മുട്ടുവേദന ,നടുവേദന ,കഴുത്ത് വേദന തുടങ്ങിയ എല്ലാത്തരം വാതവേദനകൾക്കും ബലാരിഷ്ടം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .പക്ഷാഘാതം ,സയാറ്റിക്ക ,ആമവാതം ,ഉറക്കമില്ലായ്‌മ ,കൈകാലുകളിലുണ്ടാകുന്ന തരിപ്പ് ,വിറയൽ ,മസിലുകളുടെ ബലക്കുറവ് ,വിശപ്പില്ലായ്‌മ ,അരുചി തുടങ്ങിയ അവസ്ഥകളിലെല്ലാം ബലാരിഷ്ടം ഉപയോഗിച്ചു വരുന്നു .
ആവണക്കിന്റെ ചില ഔഷധപ്രയോഗങ്ങൾ .
ആവണക്കെണ്ണ ഒരു വിരേചന ഔഷധമാണ് .വൃദ്ധന്മാർക്കും ,ബാലൻ മാർക്കും ഇത് ഉപയോഗിച്ച് വയറിളക്കുന്നത് അപകടമാണ് .വിഷാംശം അടങ്ങിയ ഭക്ഷണം കഴിച്ചു എന്ന് ബോധ്യമായാൽ ഒന്നര ഔൺസ് ആവണക്കെണ്ണ കഴിച്ച് വയറിളക്കണം . ആവണക്കെണ്ണ കഴിച്ച് അധികമായി വയറിളകിയാൽ ചെറുനാരങ്ങാ നീരിൽ തേൻ ചേർത്ത് കഴിക്കണം .ആവണക്കെണ്ണ ചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ചാലും വയറിളകും .
ഒരു ഔൺസ് ആവണക്കെണ്ണ ചൂടുവെള്ളത്തിലോ ചൂടുപാലിലോ ചേർത്ത് രാത്രിയിൽ പതിവായി കഴിച്ചാൽ വാതരോഗങ്ങളും അവ മൂലമുണ്ടാകുന്ന നീര് ,വേദന എന്നിവയും നടുവേദന ,വയറുവേദന വിബന്ധം (മലബന്ധം) ,വായു എന്നിവയും മാറിക്കിട്ടും . കരിനൊച്ചിയിലനീരും ആവണക്കെണ്ണയും ചേർത്ത് കഴിക്കുന്നത് നട്ടെല്ലുരോഗങ്ങൾക് വളരെ ഗുണപ്രദമാണ്.ആവണക്കിന്റെ വേര് ചുക്കും ചേർത്ത് കഷായമുണ്ടാക്കി കന്മദവും ചേർത്ത് കഴിക്കുന്നത് എല്ലാത്തരം വാതരോഗങ്ങൾക്കും നല്ലതാണ് .ഉഴിഞ്ഞയില ആവണക്കെണ്ണയിൽ വേവിച്ച് അരച്ചു പുരട്ടിയാൽ വാതം മൂലം സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .
ആവണക്കിന്റെ 3 തളിരില അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് തുടർച്ചായി 7 ദിവസം കഴിച്ചാൽ മഞ്ഞപ്പിത്തം മാറും .വെളുത്ത ആവണക്കിന്റെ തളിരിലയും കീഴാർനെല്ലിയും സമാസം അരച്ച് ഒരു ചെറിയ നാരങ്ങയുടെ വലുപ്പത്തിൽ രാവിലെ പാലിലോ കരിക്കിൻ വെള്ളത്തിലോ ചേർത്ത് 3 ദിവസം കഴിക്കുകയും നാലാം ദിവസം വയറിളക്കുകയും ചെയ്‌താൽ മഞ്ഞപ്പിത്തം ശമിക്കും .ആവണക്കിന്റെ കുരുന്നിലയും ,കീഴാർനെല്ലിയും ,കയ്യോന്നിയും ,ജീരകവും ചേർത്ത് അരച്ച് ഒരു ചെറിയ നാരങ്ങയുടെ വലുപ്പത്തിൽ പശുവിൻ പാലിൽ ചേർത്ത് കഴിക്കുന്നതും മഞ്ഞപ്പിത്തം മാറാൻ നല്ലതാണ് .
ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണ 100 മില്ലി പാലിൽ ചേർത്ത് രാവിലെയും വൈകിട്ടും കുറച്ചുദിവസം പതിവായി കഴിച്ചാൽ സ്ത്രീകളുടെ യോനിയിൽ അനുഭവപ്പെടുന്ന അസഹ്യമായ ചൊറിച്ചിലും വരൾച്ചയും മാറിക്കിട്ടും .
ആവണക്കിന്റെ തളിരില നെയ്യിൽ വറുത്ത് കഴിച്ചാൽ നിശാന്ധത എന്ന രോഗം മാറിക്കിട്ടും (മങ്ങിയ വെളിച്ചത്തിലും ഇരുട്ടിലും അനുഭവപ്പെടുന്ന കാഴ്ചക്കുറവിനെയാണ് നിശാന്ധത എന്ന് പറയുന്നത്).കാഴ്ച്ചക്കുറവിനും നല്ലതാണ് .ഒട്ടുമിക്ക നേത്ര രോഗങ്ങൾക്കും ആവണക്കെണ്ണ കണ്ണിലൊഴിക്കുന്നത് നല്ലതാണ് .
ആവണക്കില തീയിൽ വാട്ടി സന്ധികളിൽ വച്ചുകെട്ടിയാൽ സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .വാതരോഗങ്ങൾക്ക് ആവണക്കില വെള്ളം തിളപ്പിച്ചു കുളിക്കുന്നതും ഗുണകരമാണ് .ഒന്നിൽ കൂടുതൽ വർഷം വളരുന്ന ആവണക്കിന്റെ ഇലയാണ് ഏറ്റവും നല്ലത് .രക്തവാതത്തിന് ആവണക്കെണ്ണ പുറമെ പുരട്ടുന്നത് ഗുണകരമാണ് .ആവണക്കിന്റെ ഇല വാട്ടി അടിവയറ്റിൽ വെച്ച് കെട്ടിയാൽ സ്ത്രീകളിലെ ആർത്തവ സംബന്ധമായ വേദന മാറും.
ആവണക്കിലയിൽ എള്ളെണ്ണ പുരട്ടി തീയിൽ വാട്ടി മാറിടങ്ങളിൽ വച്ചാൽ സ്തനങ്ങളിലെ നീരും വേദനയും മാറിക്കിട്ടും .ആവണക്കിന്റെ ഉണങ്ങിയ വേര് 20 ഗ്രാം വീതം വെള്ളത്തിൽ തിളപ്പിച്ച് 40 -50 അളവിൽ ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിക്കുന്നത് നടുവേദന ഇല്ലാതാക്കാൻ സഹായിക്കുന്നു .ഇത് മലബന്ധം മാറാനും ഉത്തമമാണ് .
ആവണക്കിന്റെ ഇലയും ,എരിക്കിലയും ,നീർ മാതളത്തിന്റെ ഇലയും ചേർത്ത് വെള്ളം തിളപ്പിച്ച് തുണിമുക്കി ആവിപിടിച്ചാൽ എത്ര ശക്തമായ വാതവേദനകളും മാറും .പഴുതാര ,തേൾ തുടങ്ങിയ വിഷജന്തുക്കൾ കടിച്ചാൽ കടിയേറ്റ ഭാഗത്ത് ആവണക്കില അരച്ചു പുരട്ടിയാൽ മതിയാകും .
ആവണക്കെണ്ണ ആഴ്ചയിലൊരു ദിവസം ശരീരം മുഴുവൻ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം കുളിച്ചാൽ ചർമ്മകാന്തിയും, ചർമ്മത്തിന് നല്ല മൃദുത്വവും, തിളക്കവും ലഭിക്കും.
ALSO READ :അമ്പഴം വീട്ടില്‍ ഒഴിവാക്കാനാവാത്ത മരം.
പുരികത്തിന് കട്ടി കുറവുള്ളവർ ആവണക്കെണ്ണ പതിവായി പുരികത്തിൽ പുരട്ടിയാൽ പുരികത്തിന് കട്ടി കൂടാൻ സഹായിക്കും. ആവണക്കെണ്ണ പതിവായി തലയിൽ തേച്ചു കുളിച്ചാൽ മുടികൊഴിച്ചിലും താരനും മാറി മുടി സമൃദ്ധമായി വളരും.കൂടാതെ മുടിക്ക് നല്ല കറുപ്പുനിറം കിട്ടുകയും ചെയ്യും .
ആവണക്കെണ്ണയിൽ ബ്രഹ്മിനീരോ ,കയ്യോന്നി നീരോ ചേർത്ത് കൊട്ടം അരച്ചു കലക്കി കാച്ചിയെടുക്കുന്ന തൈലം പതിവായി തലയിൽ തേച്ചാൽ മുടി സമൃദ്ധമായി വളരാൻ ഉത്തമമാണ് .ആവണക്കിന്റെ വേരിലെ കറ എടുത്ത് വേദനയുള്ള പല്ലിന്റെ ഊനിൽ പുരട്ടിയാൽ പല്ലുവേദന പെട്ടെന്ന് ശമിക്കും.
ആവണക്കെണ്ണയും കയ്യോന്നിനീരും തുല്യ അളവിൽ ചേർത്ത് ഒരു ഔൺസ് വീതം കഴിച്ചാൽ കൃമിശല്ല്യം മാറിക്കിട്ടും .കുട്ടികളിലെയും മുതിർന്നവരിലേയും അതിസാരത്തിന് ആവണക്കെണ്ണ കഴിക്കാം .കുട്ടികൾക്ക് പശുവിൻ പാലിലോ മുലപ്പാലിലോ കൊടുക്കാം .മുതിർന്നവർക്ക് ജീരകവെള്ളത്തിലോ ചുക്കുവെള്ളത്തിലോ കഴിക്കാം .കുട്ടികൾക്ക് ഒരു സ്പൂണും മുതിർന്നവർക്ക് 3 സ്പൂണും കഴിക്കാം .
കാൽതുടം ആവണെക്കെണ്ണ കരിക്കിൻ വെള്ളത്തിൽ കലർത്തി കഴിച്ചാൽ മൂത്രതടസ്സം മാറും .കാൽപാദം വെടിക്കുന്നതിന് രാത്രിയിൽ കിടക്കാൻ നേരം കാലുകൾ നന്നായി കഴുകി വൃത്തിയാക്കി പാദങ്ങളിൽ ആവണക്കെണ്ണ പുരട്ടിയാൽ മതിയാകും .
ആവണക്കിന്റെ തളിരില പാലിൽ പുഴുങ്ങി അരച്ച് ആണിയുടെ മുകളിൽ പതിവായി പുരട്ടിയാൽ കാലിലെ ആണി രോഗം മാറും .ആവണക്കെണ്ണയും ചുണ്ണാമ്പും ചേർത്ത് പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന പരുക്കൾ പെട്ടന്ന് പഴുത്തു പൊട്ടി പോകും .ആവണക്കിന്റെ തളിരില അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും .
ശരീരം ചൊറിഞ്ഞു തടിക്കുന്നതിന് ആവണക്കെണ്ണ പുറമെ പുരട്ടിയാൽ മതിയാകും .ശരീരത്തിലെയും കൈകാലുകളിലെയും തൊലി വിള്ളുന്നതിനും സ്ത്രീകളിലെ മുലക്കണ്ണ് വിള്ളുന്നതിനും ആവണക്കെണ്ണ പുരട്ടുന്നത് നല്ലതാണ് .രാത്രിയിൽ കിടക്കാൻ നേരം ആവണക്കെണ്ണ മുഖത്ത് പതിവായി പുരട്ടിയാൽ മുഖത്തെ കറുപ്പുനിറം മാറിക്കിട്ടും .
മുലപ്പാൽ വർധിപ്പിക്കാൻ ആവണക്കെണ്ണ സ്തനങ്ങളിൽ പുരട്ടി മസാജ് ചെയ്താൽ മതിയാകും .ആവണക്കിന്റെ ഇല നീരിൽ നല്ലെണ്ണ ചേർത്ത് കഴിക്കുന്നത് വേദന മാറാൻ ഉത്തമമാണ് .ആവണക്കിന്റെ ഇല നീരും വേപ്പെണ്ണയും ചേർത്ത് കാച്ചിയെടുക്കുന്ന തൈലം ഒരു മാസത്തോളം തുടർച്ചായി കഴിച്ചാൽ കുഷ്‌ഠ രോഗം മാറും .ചുമ ശമിക്കാന്‍ തൊണ്ടക്കുഴിയില്‍ അല്‍പ്പം ആവണക്കെണ്ണ പുരട്ടുന്നതു ഫലപ്രദമാണ് .
രണ്ട് ഔൺസ് ആവണക്കെണ്ണയും 500 മില്ലി സോപ്പുവെള്ളവും ചേർത്ത് വസ്‌തി ചെയ്താൽ മലബന്ധം മാറിക്കിട്ടും .ശുദ്ധമായ ആവണക്കെണ്ണ മോരിലോ പാലിലോ ചേർത്ത് കഴിക്കുന്നതും മലബന്ധംമാറാൻ നല്ലതാണ് .ആവണക്കെണ്ണ പാലിൽ ചേർത്ത് കഴിക്കുന്നത് മൂലക്കുരുവിന് നല്ലതാണ് .
250 മില്ലി ആവണക്കെണ്ണ വീതം 3 -4 ദിവസം രാവിലെ തീറ്റയോടൊപ്പം പശുക്കൾക്ക് കൊടുത്താൽ പശുക്കളുടെ ഗർഭംഅലസാതിരിക്കാൻ സഹായിക്കും .