നമ്മുടെ അടുക്കളകളിൽ എപ്പോഴും കാണുന്ന ഒരു പച്ചക്കറിയാണ് ക്യാരറ്റ് .വിവിധ തരം കറികൾ ,അച്ചാറുകൾ ,പലഹാരങ്ങൾ ,സലാഡുകൾ ,ജ്യൂസ്സ് എന്നിവ തയാറാക്കാൻ ക്യാരറ്റ് ലോകമെബാടും ഉപയോഗിക്കുന്നു .എന്നാൽ കേവലം സാലഡുകളിലും കറികളിലും മാത്രം ഒതുങ്ങേണ്ടതല്ല ക്യാരറ്റ് ,മലബന്ധം ,പൈൽസ് ,നേത്രരോഗങ്ങൾ ,പ്രധിരോധ ശേഷിക്കുറവ് ,ചർമ്മരോഗങ്ങൾ മുതലായവയ്ക്ക് ക്യാരറ്റ് കൈകൊണ്ട ഔഷധമാണ് .
സംസ്‌കൃതത്തിൽ ഗർജരം (Garjaram) എന്ന പേരിലാണ് ക്യാരറ്റ് കൂടുതലായും അറിയപ്പെടുന്നത് .കൂടാതെ ശികിമൂല ,ശിഖാകന്ദ ,നാരംഗ വർണ്ണക ,പീതക ,വർത്തുള ,ഗ്രന്ഥിമൂല ,സ്വാദുമൂല ,ദീന്ദീരമോദക തുടങ്ങിയ സംസ്‌കൃത നാമങ്ങളും ക്യാരറ്റിനുണ്ട് .
ശികിമൂല (Shikimoola): മയിലിന്റെ തലയിലെ മുടിപോലെയുള്ള കിഴങ്ങും ഇലയുമുള്ളത്
നാരംഗ വർണ്ണക (Naranga varnaka) : ഓറഞ്ചിന്റെ നിറമുള്ളത് .
യവനേഷ്ട (Yavaneshta): ഗ്രീക്കുകാർ, പേർഷ്യക്കാർ തുടങ്ങിയ പടിഞ്ഞാറൻ രാജ്യക്കാർക്ക് പ്രിയപ്പെട്ട ഭക്ഷണം എന്ന അർത്ഥത്തിൽ.
വർത്തുള (Vartula) : ഉരുണ്ട ആകൃതിയിലുള്ളത് .
ഗ്രന്ഥിമൂല (Granthimoola) : മുഴകളോടുകൂടിയ വേര്/കിഴങ്ങ് .
സ്വാദുമൂല (Swadumula) : കാരറ്റിന്റെ വേരിന്റെ സ്വാഭാവികമായ മധുരത്തെ സൂചിപ്പിക്കുന്നു.
ദീന്ദീരമോദക (Dindeeramodaka) : പ്രത്യേകതരം സുഗന്ധമുള്ളത് .
Botanical name : Daucus carota subsp. sativus .
Family : Apiaceae (Carrot family).
വിതരണം .
ഇന്ത്യയിൽ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും കാരറ്റ് കൃഷി ചെയ്യുന്നത്.
സസ്യവിവരണം .
മണ്ണിനടിയിൽ മധുരമുള്ള കിഴങ്ങും, മുകളിലേക്ക് ശിഖരങ്ങളോടു കൂടിയ തൂവൽ പോലുള്ള ഇലകളും, കുടയുടെ ആകൃതിയിലുള്ള പൂക്കളുമുള്ള ഒരു സസ്യമാണ് ക്യാരറ്റ് .ക്യാരറ്റും (കാട്ടു ക്യാരറ്റുമുണ്ട് - Daucus carota) .
രാസഘടന .
ക്യാരറ്റിലെ പ്രധാന ഘടകം ജലമാണ്.കൂടാതെ ബീറ്റാ കരോട്ടിൻ ,ആൽഫാ കരോട്ടിൻ, ലൈക്കോപീൻ , പഞ്ചസാരകൾ ,നാരുകൾ ,സ്റ്റാർച്ച് ,വിറ്റാമിൻ A ,വിറ്റാമിൻ K1 ,വിറ്റാമിൻ C ,പൊട്ടാസ്യം,മംഗനീസ്, കാത്സ്യം , ഫീനോളിക് സംയുക്തങ്ങൾ ,പോളിഅസെറ്റിലിൻസ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളും കാർബോഹൈഡ്രേറ്റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു .ഈ ഘടകങ്ങൾ കാരണം കാരറ്റ് ഒരു ജനറൽ ടോണിക് ആയി പ്രവർത്തിക്കുകയും കാഴ്ചശക്തി മുതൽ രോഗപ്രതിരോധ ശേഷി വരെ വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രാദേശികനാമങ്ങൾ .
മലയാളം (Malayalam) - കാരറ്റ് (Carrot) .
തമിഴ് (Tamil) - കാരറ്റ് (Carrot) .
ഹിന്ദി (Hindi) - ഗാജർ (Gajar) .
തെലുങ്ക് (Telugu) - ഗാജറ മുലകമു (Gajaramūlakaṃ), കാരറ്റ് (Carrot).
കന്നഡ (Kannada) - ഗാജരി (Gajari), കാരട്ട് (Carrot) .
മറാത്തി (Marathi) - ഗാജർ (Gajar).
ഗുജറാത്തി (Gujarati) - ഗാജർ (Gajar).
ബംഗാളി (Bengali) - ഗാജർ (Gajar).
ഔഷധയോഗ്യഭാഗം .
കിഴങ്ങ് .വിത്ത് ,
രസാദി ഗുണങ്ങൾ .
രസം -മധുരം ,തിക്തം .
ഗുണം -ലഘു , തീക്ഷ്ണം.
വീര്യം - ഉഷ്ണം.
വിപാകം - മധുരം .
ക്യാരറ്റിന്റെ ഔഷധഗുണങ്ങൾ .
ക്യാരറ്റ് ദഹനം മെച്ചപ്പെടുത്തുന്നു .ഇത് ദഹനാഗ്നിയെ ഉത്തേജിപ്പിക്കുകയും വിശപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ഇതിലടങ്ങിയ നാരുകൾ ദഹന വ്യവസ്ഥയുടെ ചലനം വർദ്ധിപ്പിച്ച് മലബന്ധം അകറ്റാൻ സഹായിക്കുന്നു.ഇത് ശരീരത്തിന് പുഷ്ടി നൽകാനും തൂക്കം കുറഞ്ഞവർക്ക് ആരോഗ്യകരമായ ഭാരം വർദ്ധിപ്പിക്കാനും സഹായിക്കുന്നു .ഇത് ആരോഗ്യം നിലനിർത്താനും വാർദ്ധക്യം തടയാനും സഹായിക്കുന്നു .
വാതരോഗങ്ങൾ ,വാതദോഷം മൂലമുണ്ടാകുന്ന സന്ധിവേദന, പേശീവലിവ്, വയറുവീർപ്പ് തുടങ്ങിയവ ശമിപ്പിക്കുന്നു .നേത്രരോഗങ്ങൾക്കും നല്ലതാണ് .കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും വർധിപ്പിക്കും .ഹൃദയത്തിനും നല്ലതാണ് ,ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.ഇതിൽ പൊട്ടാസ്യം ധാരാളമായി ഉള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.ആർത്തവ തകരാറുകൾ ,അമിത ആർത്തവ രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .വയറിളക്കം ,ഗ്രഹണി ,മൂലക്കുരു ,വിരബാധ എന്നിവയ്ക്കും നല്ലതാണ് .
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു ,ക്യാരറ്റിലെ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ - സി യും രോഗങ്ങളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു .ചർമ്മകാന്തി വർധിപ്പിക്കുന്നു ,ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും, വരണ്ട ചർമ്മം,മുഖക്കുരു തുടങ്ങിയവ ഇല്ലാതാക്കാൻ സഹായിക്കുന്നു .മുറിവുകൾക്കും നല്ലതാണ് ,മുറിവുകൾ വേഗത്തിൽ ഉണങ്ങാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ക്യാരറ്റ് സഹായിക്കുന്നു. ക്യാരറ്റ് പതിവായി കഴിക്കുന്നത് ശ്വാസകോശ കാൻസർ,പ്രോസ്റ്റേറ്റ് കാൻസർ, വൻകുടലിലെ കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു .
ക്യാരറ്റു കൊണ്ടുള്ള ചില വീട്ടുവൈദ്യങ്ങൾ .
🍃 മലബന്ധത്തിനും മൂലക്കുരുവിനും ക്യാരറ്റ് ഇലനീര് : ക്യാരറ്റിന്റെ ഇല നീര് 15 മില്ലി വീതം ദിവസത്തിൽ ഒന്നോ രണ്ടോ നേരം വീതം കഴിക്കുന്നത് മലബന്ധം മാറാൻ സഹായിക്കുന്നു .മൂലക്കുരു സാധാരണയായി മലബന്ധത്തിന്റെ ഫലമായാണ് ഉണ്ടാകുന്നത് ,മലബന്ധം മാറുന്നതിലൂടെ പൈൽസിന് ആശ്വാസം കിട്ടുന്നു .ക്യാരറ്റ് കഴിക്കുന്നതും നല്ലതാണ് .മലബന്ധത്തിനും പൈൽസിനും ആശ്വാസം നൽകാൻ കാരറ്റ് നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരു മികച്ച മാർഗ്ഗമാണ് .
🥕 കൊളസ്‌ട്രോൾ കുറയ്ക്കാൻ കാരറ്റ് ജ്യൂസ് : 100 മില്ലി ക്യാരറ്റ് ജ്യൂസിൽ ഒരു നുള്ള് കറുവപ്പട്ട പൊടി ,ഒരു നുള്ള് ഉപ്പ് ,അര ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് ദിവസത്തിൽ ഒന്നോ രണ്ടോ തവണ കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു .ഇത് കരളിനും നല്ലതാണ് .ഇത് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു .
🥕ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കാൻ ക്യാരറ്റ് : ക്യാരറ്റ് നല്ല പേസ്റ്റുപോലെ അരച്ച് അല്‌പം ഒലിവ് ഓയിലും ചേർത്ത് മുഖത്ത് പുരട്ടി 30 മിനിട്ടിനു ശേഷം കഴുകി കളയുക .ഇത് ചർമ്മത്തിന് നല്ല തിളക്കം കിട്ടാൻ സഹായിക്കുന്നു .ഇത് ചർമ്മത്തിലെ ചുളിവുകൾ മാറാനും സഹായിക്കുന്നു .ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ,വിറ്റാമിൻ C എന്നിവ ശക്തമായ ആന്റി ഓക്‌സിഡന്റുകളാണ്.ഇവ സൂര്യരശ്മി,അന്തരീക്ഷ മലിനീകരണം എന്നിവ മൂലമുണ്ടാകുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.ഇത് ചർമ്മത്തിലെ ചുളിവുകൾ,നേർത്ത വരകൾ എന്നിവ കുറയ്ക്കാനും ചർമ്മം വേഗത്തിൽ വാർദ്ധക്യത്തിലേക്ക് എത്തുന്നത് തടയാനും സഹായിക്കുന്നു.
🔥അസിഡിറ്റി മാറാൻ ക്യാരറ്റ് : വെള്ളം ചേർക്കാതെ ഉണ്ടാക്കിയ ക്യാരറ്റ് ജ്യൂസ് അസിഡിറ്റി കുറയ്ക്കാൻ ഉത്തമമാണ്.ഒരു ചെറിയ ക്യാരറ്റ് നന്നായി കഴുകി പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുന്നത് അസിഡിറ്റി വരുമ്പോൾ ഉടനടി ആശ്വാസം നൽകാൻ സഹായിക്കും. ക്യാരറ്റിന് സ്വാഭാവികമായി ക്ഷാരഗുണം ഉണ്ട്. ഇത് ആമാശയത്തിൽ എത്തുമ്പോൾ അവിടെയുള്ള അമിതമായ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു. ഇത് നെഞ്ചെരിച്ചിലിനും പുളിച്ചു തികട്ടലിനും പെട്ടെന്ന് ആശ്വാസംനൽകാൻ സഹായിക്കുന്നു .
🥕വാർദ്ധക്യം തടയാൻ ക്യാരറ്റ് : ക്യാരറ്റ് ,മോര് ,തൈര് ,അല്ലങ്കിൽ മുളപ്പിച്ച ധാന്യങ്ങൾ ഇവയോടൊപ്പം കഴിക്കുന്നത് വാർദ്ധക്യം തടയാൻ സഹായിക്കുന്നു. ക്യാരറ്റിലെ ഏറ്റവും പ്രധാന ഘടകമായ ബീറ്റാ കരോട്ടിനുകൾ ശരീരത്തിൽ പ്രവേശിച്ചാൽ ഉടൻ തന്നെ അവ വിറ്റാമിൻ- എ ആയി മാറുന്നു .അതിനാൽ ക്യാരറ്റിനൊപ്പം തൈരോ മുളപ്പിച്ച ധാന്യങ്ങളോ കഴിക്കുന്നത് കോശങ്ങളുടെ ശോഷണം കുറയ്ക്കുകയും വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്നു .
ALSO READ : നിങ്ങളുടെ അടുക്കളയിലെ സൂപ്പർ ഹീറോ: കറിവേപ്പില നൽകും സൗന്ദര്യവും ആരോഗ്യവും.
🔥 വെള്ളപ്പാണ്ട് മാറാൻ ക്യാരറ്റ് വിത്ത് :ക്യാരറ്റ് ,മുള്ളങ്കി എന്നിവയുടെ വിത്തുകൾ തുല്യ അളവിലെടുത്ത് ഗോമൂത്രത്തിൽ 5 ദിവസം കുതിർത്തു വച്ചിരുന്ന ശേഷം ,ഇത് അരച്ച് വെള്ളപ്പാണ്ട് ഉള്ളടത്ത് പുരട്ടുന്നത് വെള്ളപ്പാണ്ടിന് ശമനം ഉണ്ടാകാൻ സഹായിക്കുന്നു .ഇതിനൊടൊപ്പം ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഖാദിരാരിഷ്ടം പോലെയുള്ള ഔഷധങ്ങൾ ഉള്ളിൽ കഴിക്കുകയും ചെയ്താൽ നല്ല ഫലമുണ്ടാകും .
🥕 വായ്പ്പുണ്ണ് മാറാൻ ക്യാരറ്റ് നീര് : ക്യാരറ്റ് നീര് കഴിക്കുന്നത് വായ്പ്പുണ്ണ് മാറാൻ സഹായിക്കുന്നു .പലപ്പോഴും വിറ്റാമിൻ B കോംപ്ലക്‌സ് (പ്രത്യേകിച്ച് B12), ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയുടെ കുറവാണ് വായ്പ്പുണ്ണിന് കാരണമാകുന്നത്. ഇവ ധാരാളമായി ക്യാരറ്റിൽ അടങ്ങിയിരിക്കുന്നു .അതിനാൽ കാരറ്റ് നീര് കഴിക്കുമ്പോൾ ഈ പോഷകങ്ങളുടെ കുറവ് പരിഹരിക്കപ്പെടുകയും വായ്പ്പുണ്ണ് വേഗത്തിൽ ഉണങ്ങുകയും പുതിയവ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.ഇത് മോണവീക്കം മാറാനും നല്ലതാണ് .ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ മോണയിൽ ഉണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
👀 കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ക്യാരറ്റ് നീര് : ക്യാരറ്റ് നീര് കാഴ്ചശക്തിക്ക് ഏറ്റവും ഉത്തമമായ പാനീയമായി കണക്കാക്കപ്പെടുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ എന്ന പോഷകമാണ് അതിനു കാരണം .ബീറ്റാ കരോട്ടിൻ ക്യാരറ്റിന് ഓറഞ്ച് നിറം നൽകുന്ന സംയുക്തമാണ് .ശരീരം ഇതിനെ ആഗിരണം ചെയ്ത ശേഷം വിറ്റാമിൻ A ആയി മാറ്റുന്നു.കണ്ണിൻ്റെ റെറ്റിനയുടെ ശരിയായ പ്രവർത്തനത്തിന് വിറ്റാമിൻ A ആവശ്യമാണ് .വിറ്റാമിൻ A, കണ്ണിൻ്റെ റെറ്റിനയിൽ പ്രകാശത്തെ തിരിച്ചറിയാൻ സഹായിക്കുന്ന റോഡോപ്സിൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.ഇത് പ്രത്യേകിച്ച് രാത്രിയിൽ അനുഭവപ്പെടുന്ന കാഴ്ചക്കുറവ് (നിശാന്ധത -Night Blindness) പരിഹരിക്കാൻ സഹായിക്കുന്നു .
💪 പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ക്യാരറ്റ് നീര് : ക്യാരറ്റിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ C, രോഗപ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കുകയും അവയുടെ പ്രവർത്തന ശേഷി കൂട്ടുകയും ചെയ്യുന്നു.ഇതിനായി ദിവസവും ഒരു ഗ്ലാസ് ക്യാരറ്റ് നീര് കുടിക്കുന്നത് നല്ലതാണ് .ഇതോടൊപ്പം അൽപം ഇഞ്ചി, മഞ്ഞൾ എന്നിവ കൂടി ചേർക്കുന്നത് ഫലപ്രാപ്തി വർധിപ്പിക്കാൻ സഹായിക്കുന്നു .
🥕ഗ്യാസ്സ്, വയറുവേദന എന്നിവ മാറാൻ ക്യാരറ്റ് നീര് : അര കപ്പ് ക്യാരറ്റ് നീരിൽ കാൽ ടീസ്പൂൺ ജീരകപ്പൊടി ,ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് കഴിക്കുന്നത് വയറുവേദന വായുകോപം എന്നിവ മാറാൻ സഹായിക്കുന്നു .
🔥ദഹനക്കേട് ,ഛർദ്ദി എന്നിവ മാറാൻ ക്യാരറ്റ് നീര് : ഒരു കപ്പ് ക്യാരറ്റ് നീരിൽ അര ടീസ്പൂൺ ഇഞ്ചി നീരും നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് ദഹനക്കേട് ,ഛർദ്ദി എന്നിവ മാറാൻ സഹായിക്കുന്നു
🍶 വിളർച്ച മാറാനും ചർമ്മം തിളങ്ങാനും ക്യാരറ്റ് പാൽ ടോണിക് : അര ഗ്ലാസ് പാല് ,അര ഗ്ലാസ് ക്യാരറ്റ് നീര് എന്നിവയിൽ ഒരു സ്‌പൂൺ നെയ്യും അര സ്പൂൺ തേനും ചേർത്ത് കഴിക്കുന്നത് രക്തം കൂട്ടാനും ചർമ്മത്തിന്റെ നിറം വർധിപ്പിക്കാനും നല്ലതാണ് .ഇത് ശരീരം പുഷ്ടിപ്പെടുത്തുന്നതിനും കാഴ്ച്ചശക്തി വർധിപ്പിക്കുന്നതിനും നല്ലതാണ് .
🥕വാതരോഗത്തിന് ക്യാരറ്റ് കഷായം : ഒന്നോ രണ്ടോ ക്യാരറ്റ് കൊത്തി അരിഞ്ഞ് 2 കപ്പ് വെള്ളത്തിൽ തിളപ്പിച്ച് അര ടീസ്പൂൺ ജീരകപ്പൊടിയും കുറച്ച് പനം ചക്കരയും ചേർത്ത് കഴിക്കുന്നത് വാതരോഗം മൂലം ശരീരത്തിൽ അനുഭവപ്പെടുന്ന , വരൾച്ച, തണുപ്പ്, ചലന ശേഷിക്കുറവ് ,വേദന എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു .ഇത് ദഹനക്കേട് ,വയറു വീർപ്പ് ,പുളിച്ചു തികട്ടൽ ,മലബന്ധം ,വയറിളക്കം എന്നിവയ്ക്കും നല്ലതാണ് .
