ഒരു ഔഷധസസ്യമാണ് പിച്ചി .ഇതിനെ പിച്ചകം എന്നും അറിയപ്പെടുന്നു .ആയുർവേദത്തിൽ നേത്രരോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,മുറിവുകൾ ,ദുഷ്ട വ്രണം ,മോണ രോഗങ്ങൾ മുതലായവയുടെ ചികിത്സയിൽ പിച്ചി ഔഷധമായ ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ സ്പാനിഷ് ജാസ്മിൻ എന്ന പേരിലും സംസ്‌കൃതത്തിൽ ജാതി എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ ഹൃദ്യഗന്ധ ,മനോജ്ഞ, രാത്രിപുഷ്പ, മാലതി,വർഷഭാവ തുടങ്ങിയ നിരവധി സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് . ഹൃദയത്തെ ആനന്ദിപ്പിക്കുന്ന സുഗന്ധമുള്ളത് എന്ന അർത്ഥത്തിൽ ഹൃദ്യഗന്ധ എന്ന പേരിലും .മനസ്സിന് നവോന്മേഷം നൽകുന്നു എന്ന അർത്ഥത്തിൽ മനോജ്ഞ എന്ന പേരിലും .പൂക്കൾ രാത്രിയിൽ വിരിയുന്നതിനാൽ രാത്രിപുഷ്പ എന്ന പേരിലും .പൂക്കൾ മഴക്കാലത്ത് അധികമായി വിരിയുന്നതിനാൽ വർഷഭാവ എന്ന പേരിലും .അതിമനോഹരമായ പുഷ്പങ്ങൾ ഉള്ളത് എന്ന അർത്ഥത്തിൽ മാലതി എന്ന പേരിലും അറിയപ്പെടുന്നു .
Botanical name: Jasminum grandiflorum .
Family: Oleaceae (Jasmine family).
Synonyms: Jasminum officinale , Jasminum sambac .
വിതരണം .
ഇന്ത്യയിൽ മിക്കവാറുമുള്ള എല്ലാ വനങ്ങളിലും പിച്ചി സ്വാഭാവികമായി കാണപ്പെടുന്നു .കൂടാതെ അലങ്കാര ചെടിയായിമിക്ക വീടുകളിലും നട്ടു വളർത്തുന്നു .
സസ്യവിവരണം .
ബലമുള്ള വള്ളികളോടു കൂടിയ ബഹുവർഷ സസ്യമാണ് പിച്ചി .മറ്റു സസ്യങ്ങളിൽ ചുറ്റിപ്പടർന്നു വളരുന്നു .ഇവയുടെ പൂക്കൾ വെളുത്തതും നല്ല സുഗന്ധമുള്ളതും അഞ്ചു ഇതളുകളോടു കൂടിയതുമാണ് .വർഷകാലത്ത് ഇവയിൽ പൂക്കൾ അധികമായി ഉണ്ടാകുന്നു .
രാസഘടകങ്ങൾ .
ഇലയിൽ അസ്കോർബിക് ആസിഡ് ,ആന്ത്രാനിലിക് ആസിഡ് , സാലിസിലിക് ആസിഡ് എന്നിവയും ജാസ്മിനിൻ എന്ന ആൽക്കലോയിഡും അടങ്ങിയിരിക്കുന്നു .പൂവിൽ ബൻസാൽ അസറ്റേറ്റ് ,മീഥൈൽ ആന്ത്രാനിലേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
English name- Spanish Jasmine.
Malayalam name - pichi ,pichakam .
Tamil name- Malligai .
Kannada name- Mallige .
Telugu name- Jai puvvu .
Hindi name- Chameli .
Bengali name- Chameli .
Gujarathi name- Chabeli .
ഔഷധയോഗ്യഭാഗം .
സമൂലം .
രസാദിഗുണങ്ങൾ .
രസം -തിക്തം ,കഷായം .
ഗുണം -ലഘു ,സ്‌നിഗ്ധം .
വീര്യം -ഉഷ്‌ണം .
വിപാകം -കടു .
പിച്ചിയുടെ ഔഷധഗുണങ്ങൾ .
രക്തം ശുദ്ധീകരിക്കും .ലൈംഗീക ശേഷി വർധിപ്പിക്കും ,ത്വക് രോഗങ്ങൾ, വ്രണം ,മുറിവുകൾ ,ചൊറി ,ചിരങ്ങ് ,കരപ്പൻ ,കുരു ,പരു ,പുഴുക്കടി എന്നിവയ്ക്ക് നല്ലതാണ് .അണുനാശക ശക്തിയുണ്ട് .വായിലെ രോഗങ്ങൾ ,മോണ പഴുപ്പ് ,മോണവീക്കം ,പല്ലുവേദന ,പല്ലിന്റെ ബലക്കുറവ് ,വായ്പ്പുണ്ണ് എന്നിവയ്ക്കും നല്ലതാണ് .ആർത്തവ ക്രമക്കേടുകൾ ,അമിത ആർത്തവം ,വേദനയോടു കൂടിയ ആർത്തവം ,ആർത്തവം ഇല്ലാത്ത അവസ്ഥ എന്നിവയ്ക്കും നല്ലതാണ് .
വാതരോഗങ്ങൾ ,മുഖ പക്ഷാഘാതം ,നീര് ,വേദന എന്നിവയ്ക്കും നല്ലതാണ് .തലയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ ,തലവേദന ,തലകറക്കം ,ചെവി വേദന ,ചെവി പഴുപ്പ് ,നേത്രരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .മൂത്രാശയ രോഗങ്ങൾ മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ ,മൂത്ര തടസ്സം എന്നിവയ്ക്കും നല്ലതാണ് ,വിഷബാധ ,പനി എന്നിവയ്ക്കും നല്ലതാണ് .മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . പിച്ചി ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.
പിച്ചി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
ജാത്യാദി ഘൃതം - Jathyadi Gritham .
ആഴത്തിലുള്ള മുറിവുകൾ ,വ്രണങ്ങൾ ,പഴുപ്പു നിറഞ്ഞ ഉണങ്ങാത്ത മുറിവുകൾ തുടങ്ങിയവയ്ക്ക് പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് ജാത്യാദി ഘൃതം .കൂടാതെ വട്ടച്ചൊറി ,പ്രാണികളുടെ കടി മൂലമുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങൾ ,ചർമ്മത്തിലെ ചൊറിച്ചിൽ .തുടങ്ങിയവയുടെ ചികിത്സയിലും ജാത്യാദി ഘൃതം ഉപയോഗിക്കുന്നു ,ജാതി എന്നാൽ പിച്ചി എന്നാണ് .
ജാത്യാദി തൈലം - Jathyadi Thailam .
ഉണങ്ങാത്ത മുറിവുകൾ ,വ്രണങ്ങൾ ,കുരു ,പൊള്ളൽ ,എക്സിമ ,കൈകാൽ വീണ്ടു കീറൽ എന്നിവയ്ക്ക് പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് ജാത്യാദി തൈലം .കൂടാതെ പൈൽസ് ,ഫിസ്റ്റുല ,ഫിഷർ എന്നിവയുടെ ചികിത്സയിലും ജാത്യാദി തൈലം ഉപയോഗിക്കുന്നു .
മാലത്യാദി കേര തൈലം - Malatyadi Kera Tailam .
മുടി വട്ടത്തിൽ കൊഴിയുന്നതിന് പ്രധാനമായും ഉപയോഗിക്കുന്ന ഒരു തൈലമാണ് മാലത്യാദി കേര തൈലം .കൂടാതെ അമിതമായ മുടികൊഴിച്ചിൽ ,താരൻ എന്നിവയ്ക്കും ഉപയോഗപ്രദമാണ് .ഇത് പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .മാലതി എന്നതും പിച്ചിയുടെ സംസ്‌കൃതനാമമാണ് .
വജ്രക തൈലം - Vajraka Tailam .
ഉണങ്ങാത്ത മുറിവുകൾ ,പഴുപ്പു നിറഞ്ഞതും അണുബാധയുള്ളതുമായ മുറിവുകൾ .കുരു ,ഫിസ്റ്റുല എന്നിവയുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു ഔഷധ എണ്ണയാണ് വജ്രക തൈലം .കൂടാതെ ചർമ്മരോഗങ്ങൾ ,വാതരോഗങ്ങൾ എന്നിവയുടെ ചികിത്സയിലും വജ്രക തൈലം ഉപയോഗിക്കുന്നു .
ബൃഹച്ഛാഗലാദി ഘൃതം - Brihachagaladi Ghritam .
ലൈംഗീകശേഷി വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധ നെയ്യാണ് ബൃഹച്ഛാഗലാദി ഘൃതം .
ആരണ്യതുലസ്യദി കേര തൈലം - Aranyatulasyadi Kera Tailam .
ഫംഗസ് മൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങൾ ,കരപ്പൻ ,ചൊറി മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് ആരണ്യതുലസ്യദി കേര തൈലം .
കല്യാണക ഘൃതം - Kalyanaka Ghritam .
പനി ,ചുമ ,അപസ്‌മാരം ,വിളർച്ച ,ഓർമ്മക്കുറവ് ,മാനസിക വൈകല്യങ്ങൾ ,വന്ധ്യത തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് കല്യാണക ഘൃതം .
വസന്തകുസുമാകരരസം - Vasantakusumakara Rasam .
പ്രമേഹം ,മൂത്രാശയ രോഗങ്ങൾ ,ഓർമ്മക്കുറവ് മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധപ്പൊടിയാണ് വസന്തകുസുമാകരരസം .ഇത് ഗുളിക രൂപത്തിലും ലഭ്യമാണ് .
വരാവിശാലാദി കഷായം - Varavisaladi Kashayam .
മാനസിക വൈകല്യങ്ങൾ ,അപസ്‌മാരം ,ബുദ്ധിക്കുറവ് ,പ്രമേഹം ,വിളർച്ച ,ആസ്മ ,പനി ,ചൊറിച്ചിൽ ,വിഷബാധ മുതലായവയുടെ ചികിത്സയിൽ വരാവിശാലാദി കഷായം ഉപയോഗിക്കുന്നു .
വെൽവാക് ക്രീം - Velwak cream .
കാൽപാദം വീണ്ടു കീറുന്നതിന് ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധ ക്രീമാണ് വെൽവാക് ക്രീം .
പിച്ചിയുടെ ചില ഔഷധപ്രയോഗങ്ങൾ .
പിച്ചിയുടെ തൊലിയും ഇലയും അരച്ച് വെണ്ണയിൽ ചാലിച്ചു പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങാൻ സഹായിക്കുന്നു .എണ്ണകാച്ചി പുരട്ടുന്നതും നല്ലതാണ് .പിച്ചിപ്പൂവ് ഇട്ടു കാച്ചിയ എണ്ണ പുരട്ടിയാൽ ചൊറി ,ചിരങ്ങ് ,കരപ്പൻ മുതലായവ മാറിക്കിട്ടും .ചൊറി ,ചൊറിച്ചിൽ മുതലായ ചർമ്മരോഗങ്ങൾക്ക് പിച്ചി സമൂലം അരച്ചു പുരട്ടുന്നതും എണ്ണകാച്ചി പുരട്ടുന്നതും നല്ലതാണ് .
പിച്ചിയുടെ ഇലയിട്ട് കാച്ചിയ എണ്ണ ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, ചെവിപഴുപ്പ് എന്നിവ മാറാൻ നല്ലതാണ് .പിച്ചിപ്പൂവിന്റെ നീര് കണ്ണിലൊഴിക്കുന്നത് ചെങ്കണ്ണ് രോഗം മാറാൻ നല്ലതാണ് .കൂടാതെ കണ്ണിലെ ചൊറിച്ചിൽ ,വേദന എന്നിവയ്ക്കും നല്ലതാണ് .പിച്ചിയുടെ വേര് അരച്ച് അടിവയറ്റിൽ പുരട്ടുന്നത് മൂത്ര തടസ്സം, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന , പുകച്ചിൽ എന്നിവ മാറാൻ നല്ലതാണ് .വേര് അരച്ച് കുഴമ്പു പരുവത്തിൽ മുഖത്ത് പുരട്ടുന്നത് മുഖത്തിന്റെ നിറം വർധിപ്പിക്കാൻ നല്ലതാണ് .
പിച്ചിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് വായ്പ്പുണ്ണ് .മോണപഴുപ്പ് ,മോണവീക്കം ,പല്ലിന്റെ ബലക്കുറവ് എന്നിവയ്ക്ക് നല്ലതാണ് .പിച്ചിയുടെ രണ്ടോ മൂന്നോ ഇലകൾ ദിവസവും ചവച്ചിറക്കിയാലും ഇതേ ഫലം ലഭിക്കും .പിച്ചിയുടെ വേര് അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദനയ്ക്ക് ആശ്വാസം കിട്ടും .പൂവും വേരുമിട്ട് കാച്ചിയ എണ്ണ തലയിൽ പുരട്ടുന്നത് തലവേദന ,തലകറക്കം എന്നിവ മാറാൻ നല്ലതാണ് .
ALSO READ : വയൽച്ചുള്ളി ലൈംഗീകശേഷി വർധിപ്പിക്കുന്ന ഔഷധി .
പിച്ചിയുടെ വേര് ഇട്ടു കാച്ചിയ എണ്ണ മുഖത്ത് പുരട്ടുന്നത് മുഖ പക്ഷാഘാതം മാറുന്നതിന് നല്ലതാണ് .പിച്ചിയുടെ വേര് അരച്ച് ലിംഗത്തിൽ പതിവായി ലേപനം ചെയ്‌താൽ പുരുഷന്മാരിലെ ഉദ്ധാരണശേഷി വർധിക്കും .പിച്ചിപ്പൂവ് ഇട്ട തിളപ്പിച്ച വെള്ളം കുടിക്കുന്നത് പനിക്ക് നല്ലതാണ് .
പിച്ചിപ്പൂവ് അരച്ച് മാറിടത്തിൽ പുരട്ടുകയും പിച്ചി സമൂലമിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുകയും ചെയ്യുന്നത് പ്രസവാനന്തരം മുലപ്പാൽ വറ്റിക്കുന്നതിന് നല്ലതാണ് .ഇപ്രകാരം നാലോ അഞ്ചൊ ദിവസം ചെയ്താൽ മതിയാകും .