ഹരിദ്രാഖണ്ഡം: ഗുണങ്ങൾ, ഉപയോഗങ്ങൾ, പാർശ്വഫലങ്ങൾ

 ഹരിദ്രാഖണ്ഡം (Haridrakhandam) എന്ന പേര് കേൾക്കുമ്പോൾ തന്നെ പ്രധാന ചേരുവയായ മഞ്ഞൾ (Haridra) ആണ് ആദ്യം ഓർമ്മ വരുന്നത്. ആയുർവേദത്തിൽ ഏറെക്കാലമായി ഉപയോഗിച്ചുവരുന്ന ഈ ഔഷധയോഗം പ്രത്യേകിച്ച് ചൊറിച്ചിൽ, ത്വക്കിലെ ചില അസ്വസ്ഥതകൾ, അലർജിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ തുടങ്ങിയവയിൽ പരമ്പരാഗതമായി ഉപയോഗിക്കുന്നു.  

ത്വക്കിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ചൊറിച്ചിൽ, ചെറിയ തിണർപ്പ്, ശരീരത്തിൽ അലർജി പോലുള്ള പ്രതികരണങ്ങൾ എന്നിവയ്ക്ക് ഹരിദ്രാഖണ്ഡം എങ്ങനെ ഉപയോഗിച്ചുവരുന്നു? ഇതിലെ പ്രധാന ചേരുവകൾ ഏതൊക്കെയാണ്? ഹരിദ്രാഖണ്ഡത്തിന്റെ പരമ്പരാഗത ഗുണങ്ങൾ, ഉപയോഗരീതി, സാധാരണയായി പറയുന്ന അളവ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് അറിയാൻ ഈ ലേഖനം സഹായിക്കും.

കുറിപ്പ്: ഹരിദ്രാഖണ്ഡത്തെക്കുറിച്ച് പറയുന്ന ഔഷധഗുണങ്ങളും പ്രയോഗങ്ങളും പ്രധാനമായും ആയുർവേദത്തിലെ പരമ്പരാഗത വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏതെങ്കിലും രോഗാവസ്ഥയ്ക്ക് സ്വയം ചികിത്സയായി ഹരിദ്രാഖണ്ഡം ഉപയോഗിക്കുന്നതിന് മുമ്പ് ആയുർവേദ ഡോക്ടറുടെ നിർദേശം തേടുന്നത് നല്ലതാണ്.

ഹരിദ്രാഖണ്ഡം – ആയുർവേദ ഔഷധത്തിന്റെ ഗുണങ്ങൾ, ചൊറിച്ചിൽ, ശീതപിത്തം, ത്വക്ക് സംബന്ധമായ അലർജി എന്നിവയ്ക്കുള്ള പരമ്പരാഗത ഉപയോഗം.


ഭൈഷജ്യ രത്നാവലിയിൽ ഹരിദ്രാഖണ്ഡത്തെക്കുറിച്ച് പറയുന്നത്

ആയുർവേദത്തിലെ പ്രാമാണിക ഗ്രന്ഥമായ ഭൈഷജ്യ രത്നാവലിയിലെ ശീതപിത്തോദർദ്ദകോഠാധികാരം (ശ്ലോകം 12–16) ഹരിദ്രാഖണ്ഡത്തിന്റെ നിർമ്മാണരീതി, അതിൽ ഉപയോഗിക്കുന്ന ഔഷധദ്രവ്യങ്ങൾ, അവയുടെ അളവ്, ഉപയോഗവിധി, ഔഷധഗുണങ്ങൾ എന്നിവ വളരെ വ്യക്തമായി വിവരിക്കുന്നു.

ഹരിദ്രായാഃ പലാന്യഷ്ടൗ ഷട്പലം ഹവിഷസ്തഥാ ।

ക്ഷീരാഢകേന സംയുക്തം ഖണ്ഡസ്യാർധശതം തഥാ ॥ 12॥

പചേന്മൃദ്വഗ്നിനാ വൈദ്യോ ഭാജനേ മൃന്മയേ ദൃഢേ ।

ത്രികടുശ്ച ത്രിജാതശ്ച കൃമിഘ്നം ത്രിവൃതാ തഥാ ॥ 13॥

ത്രിഫലാ കേശരം മുസ്തം ലൗഹം പ്രതി പലം പലം ।

സഞ്ചൂർണ്യ പ്രക്ഷിപേത്തത്ര തോലകാർധം തു ഭക്ഷയേത് ॥ 14॥

കണ്ഡൂവിസ്ഫോടദദ്രൂണാം നാശനം പരമൗഷധം ।

പ്രതപ്തകാഞ്ചനാഭാസോ ദേഹോ ഭവതി നാന്യഥാ ॥ 15॥

ശീതപിത്തോദർദ്ദകോഠാൻ സപ്താഹാദേവ നാശയേത് ।

ഹരിദ്രാനാമതഃ ഖണ്ഡഃ കണ്ഡൂനാം പരമൗഷധം ॥ 16॥

ആയുർവേദ ചികിത്സാരംഗത്തെ പ്രമുഖ പ്രാമാണിക ഗ്രന്ഥമായ ഭൈഷജ്യരത്നാവലിയിലെ ‘ശീതപിത്തോദർദ്ദകോഠചികിത്സ’ എന്ന അധ്യായത്തിലാണ് വിഖ്യാതമായ ഹരിദ്രാഖണ്ഡം നിർമ്മിക്കുന്ന വിധവും അതിന്റെ അത്ഭുതകരമായ ഫലപ്രാപ്തിയും ആചാര്യൻ ഗോവിന്ദദാസ സേനൻ വിശദീകരിക്കുന്നത്. ചർമ്മരോഗങ്ങൾക്കും അലർജികൾക്കും ആയുർവേദം കൽപ്പിച്ചുനൽകിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഔഷധം കൂടിയാണിത്.

ഗ്രന്ഥത്തിലെ 12 മുതൽ 16 വരെയുള്ള ശ്ലോകങ്ങളുടെ തനതായ  വ്യാഖ്യാനവും ആയുർവേദ തത്വങ്ങളും താഴെ വിശദീകരിക്കുന്നു:

ശ്ലോകം – 12

ഹരിദ്രായാഃ പലാന്യഷ്ടൗ ഷട് പലം ഹവിഷസ്തഥാ ।

ക്ഷീരാഢകേന സംയുക്തം ഖണ്ഡസ്യാർധശതം തഥാ ॥ 12॥

ഹരിദ്രായാഃ എന്നാൽ മഞ്ഞളിന്റെ, പലാനി അഷ്ടൗ എന്നാൽ എട്ട് പലം, ഷട് പലം ഹവിഷഃ എന്നാൽ ആറ് പലം ശുദ്ധമായ പശുവിന്റെ നെയ്യ്, ക്ഷീരാഢകേന എന്നാൽ ഒരു ആഢക അളവ് പാലുമായി, സംയുക്തം എന്നാൽ ചേർത്ത്, ഖണ്ഡസ്യ അർധശതം എന്നാൽ അമ്പത് പലം ഖണ്ഡശർക്കരയും ചേർക്കണം എന്നതാണ് അർഥം.

എട്ട് പലം മഞ്ഞൾ, ആറ് പലം പശുവിന്റെ നെയ്യ്, ഒരു ആഢക അളവ് പാൽ, അമ്പത് പലം ഖണ്ഡശർക്കര എന്നിവ ചേർത്ത് ഹരിദ്രാഖണ്ഡത്തിന്റെ നിർമ്മാണം ആരംഭിക്കണമെന്ന് ഈ ശ്ലോകം നിർദേശിക്കുന്നു.

ഈ ശ്ലോകം ഹരിദ്രാഖണ്ഡത്തിന്റെ അടിസ്ഥാനഘടനയാണ് വിവരിക്കുന്നത്. മഞ്ഞൾ പ്രധാന ഔഷധദ്രവ്യമായതിനാൽ അതിനാണ് ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത്. നെയ്യ് ഔഷധത്തിന്റെ ഗുണങ്ങളെ ശരീരധാതുക്കളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. പാൽ ഔഷധത്തിന്റെ ഉഷ്ണഗുണത്തെ സമതുലിതമാക്കി ശരീരത്തിന് പോഷണം നൽകുന്നു. ഖണ്ഡശർക്കര പിത്തശമനത്തിനും രുചി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഈ നാല് ദ്രവ്യങ്ങളുടെ കൃത്യമായ അളവാണ് ഹരിദ്രാഖണ്ഡത്തിന്റെ ഫലപ്രാപ്തിയുടെ അടിസ്ഥാനം.

ശ്ലോകം – 13

പചേന്മൃദ്വഗ്നിനാ വൈദ്യോ ഭാജനേ മൃന്മയേ ദൃഢേ ।

ത്രികടുശ്ച ത്രിജാതശ്ച കൃമിഘ്നം ത്രിവൃതാ തഥാ ॥ 13॥

 പചേത് എന്നാൽ പാകം ചെയ്യണം, മൃദു അഗ്നിനാ എന്നാൽ മിതമായ തീയിൽ, വൈദ്യഃ എന്നാൽ വൈദ്യൻ, ഭാജനേ മൃന്മയേ ദൃഢേ എന്നാൽ ഉറപ്പുള്ള മൺപാത്രത്തിൽ. ത്രികടു എന്നാൽ ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയുടെ സംയോജനം. ത്രിജാതം എന്നാൽ ത്വക് (കറുവപ്പട്ട), ഏലം, തേജപത്രം എന്നീ സുഗന്ധദ്രവ്യങ്ങൾ. കൃമിഘ്നം എന്നാൽ കൃമിനാശകഗുണമുള്ള ദ്രവ്യം (വിദംഗം-വിഴാലരി ). ത്രിവൃതാ എന്നാൽ ത്രിവൃത്ത്.

മുൻപറഞ്ഞ ദ്രവ്യങ്ങൾ ഉറപ്പുള്ള മൺപാത്രത്തിൽ മിതമായ തീയിൽ പാകം ചെയ്യണം. തുടർന്ന് ത്രികടു, ത്രിജാതം, (കറുവപ്പട്ട, ഏലയ്ക്ക .പത്ര )  കൃമിഘ്നദ്രവ്യം, ത്രിവൃത്ത് എന്നിവ ചേർക്കണം.

മിതമായ തീയിൽ പാകം ചെയ്യണമെന്ന നിർദേശം ഔഷധത്തിന്റെ ഗുണം നഷ്ടപ്പെടാതിരിക്കാനാണ്. ത്രികടു ദഹനാഗ്നി വർധിപ്പിക്കുകയും ഔഷധത്തിന്റെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ത്രിജാതം സുഗന്ധവും ദീപന-പാചനഗുണവും നൽകുന്നു. കൃമിഘ്നദ്രവ്യങ്ങൾ ശരീരത്തിലെ ദുഷ്ടദോഷങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ത്രിവൃത്ത് ശരീരശോധനത്തിന് സഹായകമാണ്. ഇതിലൂടെ ഔഷധം ദഹനവ്യവസ്ഥയെയും ദോഷസമതുലനത്തെയും ഒരുപോലെ ലക്ഷ്യമിടുന്നു.

ശ്ലോകം – 14

ത്രിഫലാ കേശരം മുസ്തം ലൗഹം പ്രതി പലം പലം ।

സഞ്ചൂർണ്യ പ്രക്ഷിപേത്തത്ര തോലകാർധം തു ഭക്ഷയേത് ॥ 14॥

ത്രിഫലാ എന്നാൽ ഹരീതകി, വിഭീതകി, ആമലകി( കടുക്ക , താന്നിക്ക ,നെല്ലിക്ക ) എന്നിവയുടെ സംയോജനം. കേശരം എന്നാൽ നാഗകേശരം. മുസ്തം എന്നാൽ മുസ്ത (മുത്തങ്ങ)   ലൗഹം എന്നാൽ ലൗഹഭസ്മം ,ഇരുമ്പ് (Iron). പ്രതി പലം പലം എന്നാൽ ഓരോന്നും ഒരു പലം വീതം. സഞ്ചൂർണ്യ എന്നാൽ നന്നായി പൊടിച്ച്. പ്രക്ഷിപേത് എന്നാൽ ചേർക്കണം. തത്ര എന്നാൽ ആ ഔഷധത്തിൽ. തോലകാർധം എന്നാൽ അര തോല അളവിൽ. ഭക്ഷയേത് എന്നാൽ സേവിക്കണം.

ത്രിഫല, നാഗകേശരം, മുസ്തം, ലൗഹഭസ്മം എന്നിവ ഓരോന്നും ഒരു പലം വീതം എടുത്ത് ചൂർണ്ണമാക്കി ഹരിദ്രാഖണ്ഡത്തിൽ ചേർക്കണം. തുടർന്ന് അര തോല അളവിൽ ഇത് സേവിക്കണം.

ഈ ചേരുവകൾ ഹരിദ്രാഖണ്ഡത്തിന്റെ ഔഷധശക്തി കൂടുതൽ വർധിപ്പിക്കുന്നവയാണ്. ത്രിഫല രക്തശുദ്ധിക്കും ദോഷസമതുലനത്തിനും സഹായിക്കുന്നു. നാഗകേശരം കഫ-പിത്തശമനഗുണമുള്ളതാണ്. മുസ്ത  ദഹനശക്തി മെച്ചപ്പെടുത്തി ആമദോഷം കുറയ്ക്കുന്നു. ലൗഹഭസ്മം രക്തധാതുവിനെ പോഷിപ്പിക്കുകയും ശരീരബലം വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഈ യോഗം അലർജി ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന്റെ ആന്തരിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ശ്ലോകം – 15

കണ്ഡൂവിസ്ഫോടദദ്രൂണാം നാശനം പരമൗഷധം ।

പ്രതപ്തകാഞ്ചനാഭാസോ ദേഹോ ഭവതി നാന്യഥാ ॥ 15॥

കണ്ഡു എന്നാൽ ചൊറിച്ചിൽ. വിസ്ഫോട എന്നാൽ ത്വക്കിൽ ഉണ്ടാകുന്ന കുമിളകൾ അല്ലെങ്കിൽ പൊട്ടലുകൾ. ദദ്രൂണാം എന്നാൽ ദദ്രു പോലുള്ള ചർമ്മരോഗങ്ങൾ. നാശനം എന്നാൽ നശിപ്പിക്കുന്നത്. പരമൗഷധം എന്നാൽ അത്യുത്തമമായ ഔഷധം. പ്രതപ്ത കാഞ്ചനാഭാസഃ എന്നാൽ ചൂടാക്കിയ സ്വർണത്തിന്റെ തിളക്കംപോലുള്ള. ദേഹഃ എന്നാൽ ശരീരം. ഭവതി എന്നാൽ ആകുന്നു.

ചൊറിച്ചിൽ, കുമിളകൾ, ദദ്രു പോലുള്ള ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് ഹരിദ്രാഖണ്ഡം അത്യുത്തമമായ ഔഷധമാണ്. ഇത് ശരീരത്തിന് ചൂടാക്കിയ സ്വർണത്തിന്റെ തിളക്കംപോലെയുള്ള കാന്തി നൽകുമെന്നും ഗ്രന്ഥം പറയുന്നു.

ഹരിദ്രാഖണ്ഡത്തിന്റെ പ്രധാന ചികിത്സാഫലങ്ങളാണ് ഈ ശ്ലോകത്തിൽ വിവരിക്കുന്നത്. ചർമ്മത്തിലെ കഫ-പിത്തജന്യ അസ്വസ്ഥതകൾ കുറയ്ക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നതിനാൽ ചർമ്മത്തിന്റെ സ്വാഭാവിക ആരോഗ്യവും നിറവും വീണ്ടെടുക്കാൻ ഇത് സഹായിക്കുമെന്ന് ആയുർവേദം വ്യക്തമാക്കുന്നു. "കാഞ്ചനാഭാസം" എന്ന പ്രയോഗം ശരീരത്തിന്റെ ആരോഗ്യകാന്തിയെയാണ് സൂചിപ്പിക്കുന്നത്.

ശ്ലോകം – 16

ശീതപിത്തോദർദ്ദകോഠാൻ സപ്താഹാദേവ നാശയേത് ।

ഹരിദ്രാനാമതഃ ഖണ്ഡഃ കണ്ഡൂനാം പരമൗഷധം ॥ 16॥

ശീതപിത്തം എന്നാൽ ശീതപിത്തം (ഉർട്ടിക്കേറിയ). ഉദർദ്ദം എന്നാൽ അലർജിയോടുകൂടിയ ത്വക്ക് വീക്കം. കോഠാൻ എന്നാൽ കോഠരോഗങ്ങൾ. സപ്താഹാത് എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ. നാശയേത് എന്നാൽ ശമിപ്പിക്കുന്നു. ഹരിദ്രാനാമ എന്നാൽ ഹരിദ്രയിൽ നിന്ന് നിർമ്മിച്ചതിനാൽ. ഖണ്ഡഃ എന്നാൽ ഖണ്ഡരൂപത്തിലുള്ള ഔഷധം. കണ്ഡൂനാം എന്നാൽ ചൊറിച്ചിലുകൾക്ക്. പരമൗഷധം എന്നാൽ ഏറ്റവും മികച്ച ഔഷധം.

ഹരിദ്രാഖണ്ഡം ശീതപിത്തം, ഉദർദ്ദം, കോഠം, ചൊറിച്ചിൽ തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കാൻ അത്യുത്തമമായ ഔഷധമാണെന്ന് ഗ്രന്ഥം പറയുന്നു. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഗുണം ലഭിക്കാമെന്നും ശ്ലോകത്തിൽ പരാമർശിക്കുന്നു.

ഈ അവസാന ശ്ലോകം ഹരിദ്രാഖണ്ഡത്തിന്റെ പ്രധാന ചികിത്സാപ്രയോഗങ്ങളെ സംഗ്രഹിക്കുന്നു. പ്രത്യേകിച്ച് കഫ-പിത്തദോഷങ്ങളുടെ അസന്തുലിതാവസ്ഥ മൂലം ഉണ്ടാകുന്ന ശീതപിത്തം, അലർജി, ചൊറിച്ചിൽ, ചർമ്മവികാരങ്ങൾ എന്നിവയിൽ ഹരിദ്രാഖണ്ഡത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഭൈഷജ്യ രത്നാവലി വ്യക്തമാക്കുന്നു. ഇവിടെ പറയുന്ന "സപ്താഹാത്" എന്നത് എല്ലാ രോഗികൾക്കും കൃത്യമായി ഏഴ് ദിവസത്തിനുള്ളിൽ രോഗം മാറുമെന്ന് അർഥമല്ല; മറിച്ച്, ശരിയായ രോഗനിർണയത്തോടെയും വൈദ്യന്റെ നിർദേശപ്രകാരമുള്ള ഉപയോഗത്തോടെയും താരതമ്യേന വേഗത്തിൽ ഫലം ലഭിക്കാമെന്ന ഗ്രന്ഥകാരന്റെ സൂചനയായാണ് ആയുർവേദാചാര്യന്മാർ ഇതിനെ വിശദീകരിക്കുന്നത്.

ഹരിദ്രാഖണ്ഡം – ഏത് രോഗങ്ങൾക്ക് ഉപയോഗിക്കാം?

ഭൈഷജ്യരത്നാവലിയിലെ ആ അഞ്ച് ശ്ലോകങ്ങൾ വെറുതെയൊന്ന് വായിച്ചുപോയാൽ ഇതൊരു സാധാരണ മഞ്ഞൾക്കൂട്ടാണെന്നേ ആർക്കും തോന്നൂ. എന്നാൽ ആ വരികൾ ഓരോന്നും ഇഴകീറി പരിശോധിച്ചാൽ, എന്തുകൊണ്ടാണ് തലമുറകളായി നമ്മുടെ നാട്ടിലെ വൈദ്യന്മാർ അലർജിക്കും സ്കിൻ പ്രശ്നങ്ങൾക്കും ഹരിദ്രാഖണ്ഡത്തെ ആദ്യത്തെ ചോയ്‌സായി കാണുന്നത് എന്ന് വ്യക്തമാകും.

ശ്ലോകത്തിൽ ആചാര്യൻ എടുത്തുപറയുന്ന രോഗാവസ്ഥകളെയും ശരീരത്തിൽ ഇത് ഉണ്ടാക്കുന്ന മാറ്റങ്ങളെയും നമുക്കൊന്ന് അടുത്ത് പരിചയപ്പെടാം.

1. കണ്ഡൂ (അസഹ്യമായ ചൊറിച്ചിൽ)

ശ്ലോകം അവസാനിക്കുന്നത് തന്നെ 'കണ്ഡൂനാം പരമൗഷധം' എന്ന് പറഞ്ഞുകൊണ്ടാണ്. അതായത് ചൊറിച്ചിൽ മാറ്റാൻ ഇതിലും മികച്ചൊരു ദിവ്യൗഷധം വേറെയില്ലെന്ന് അർത്ഥം. അലർജി വന്നോ, പ്രാണികൾ കടിച്ചോ, വരൾച്ച കൊണ്ടോ ഒക്കെ ശരീരം ചൊറിഞ്ഞുതഴമ്പിക്കുന്ന അവസ്ഥയുണ്ടല്ലോ. ആ ചൊറിച്ചിലിന്റെ ഉള്ളിലിറങ്ങി ചൊറിച്ചിലുണ്ടാക്കുന്ന പിത്ത-കഫ ദോഷങ്ങളെ ശമിപ്പിക്കാൻ ഇതിലെ മഞ്ഞളിനും മറ്റ് മരുന്നുകൾക്കും കഴിയും.

2. വിസ്ഫോടം (കുമിളകളും പഴുപ്പുള്ള കുരുക്കളും)

ചർമ്മത്തിൽ വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ, ചൂടുകുരുക്കൾ വന്ന് പഴുക്കുക, ചെറിയ പൊള്ളലുകൾ പോലെ തൊലി പൊന്തിവരുക തുടങ്ങിയ അവസ്ഥകളെയാണ് ആയുർവേദത്തിൽ വിസ്ഫോടം എന്ന് പറയുന്നത്. ഇതിലെ തിപ്പലിയും വിഴാലരിയും ലോഹഭസ്മവുമെല്ലാം ചേർന്ന് ആ കുമിളകളിലെ വിഷാംശത്തെയും നീർക്കെട്ടിനെയും വേഗത്തിൽ വറ്റിച്ചുണക്കുന്നു.

3. ദദ്രു (ഫംഗൽ അണുബാധകളും ചിരങ്ങും)

നമ്മൾ സാധാരണ കാണുന്ന 'റിംഗ് വോം' (Ringworm), വിയർപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന ഫംഗൽ ഇൻഫെക്ഷനുകൾ, വട്ടത്തിൽ പടരുന്ന ചൊറി എന്നിവയ്ക്കാണ് ദദ്രു എന്ന് പറയുന്നത്. ശ്ലോകം പറയുന്നത് ഇത് വെറുമൊരു ശമനമല്ല, 'നാശനം' തന്നെ ഉണ്ടാക്കും എന്നാണ്. ഫംഗസിനെ ശരീരത്തിൽ വളരാൻ അനുവദിക്കാത്ത വിധം രക്തത്തെ ശുദ്ധീകരിക്കാൻ ത്രിഫലയും മഞ്ഞളും അടങ്ങിയ ഈ കൂട്ടിന് സാധിക്കും.

4. ശീതപിത്തം, ഉദർദ്ദം, കോഠം (Urticaria & Rashes)

ഇതാണ് ഹരിദ്രാഖണ്ഡത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. തണുത്ത കാറ്റോ വെള്ളമോ തട്ടുമ്പോൾ പെട്ടെന്ന് ശരീരം മുഴുവൻ ചുവന്നു തടിച്ചുപൊന്തുന്ന അവസ്ഥയാണ് ശീതപിത്തവും ഉദർദ്ദവും (Urticaria/Hives). ഇനി ചിലർക്ക് ഭക്ഷണത്തിലെ എന്തെങ്കിലും അലർജി കാരണമോ രക്തത്തിലെ അശുദ്ധി കാരണമോ ദേഹമാസകലം വട്ടത്തിൽ ചുവന്നുതുടുക്കും, അതാണ് കോഠം. ഈ മൂന്ന് അവസ്ഥകൾക്കും ഇതിലും മികച്ചൊരു പരിഹാരം ആയുർവേദത്തിലില്ല.

5. കേവലം ഒരാഴ്ച കൊണ്ടുള്ള മാറ്റം (സപ്താഹാദേവ നാശയേത്)

ആയുർവേദ മരുന്നുകൾക്ക് ഫലം കിട്ടാൻ മാസങ്ങളെടുക്കും എന്നൊരു പൊതുധാരണയുണ്ട്. എന്നാൽ ആചാര്യൻ ഇവിടെ വെല്ലുവിളിക്കുന്നത് പോലെയാണ് പറയുന്നത്—'സപ്താഹാദേവ നാശയേത്' എന്ന്. അതായത് കൃത്യമായ പഥ്യത്തോടെ കഴിച്ചാൽ വെറും ഏഴ് ദിവസങ്ങൾ കൊണ്ട് തന്നെ ഈ അലർജി തടിപ്പുകൾ അടങ്ങിത്തുടങ്ങും. അത്രയും തീവ്രവും വേഗത്തിലുള്ളതുമാണ് ഇതിന്റെ പ്രവർത്തനം.

6. അലർജിയുടെ വേരറുക്കുന്ന ഉള്ളിലെ ചികിത്സ

ശ്ലോകത്തിൽ പറയുന്ന ചേരുവകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും. ഇതിൽ 'കൃമിഘ്നം' (വിഴാലരി) ചേർത്തിട്ടുണ്ട്. ആയുർവേദ പ്രകാരം ഉദരത്തിലെ വിരശല്യവും കൃമികളും പലപ്പോഴും തൊലിപ്പുറത്തെ അലർജിയായി മാറാറുണ്ട്. ആ വിരകളെ നശിപ്പിക്കാനും, 'ത്രിവൃത്' (ത്രികോൽപ്പക്കൊന്ന) വഴി വയറ്റിലെ മാലിന്യങ്ങളെ സുഖമായി പുറന്തള്ളാനും, 'ത്രികടു' വഴി ദഹനക്കേട് മാറ്റി 'ആമം' അഥവാ ടോക്സിനുകൾ ഇല്ലാതാക്കാനും ഇതിന് സാധിക്കും. ചുരുക്കത്തിൽ അലർജിയുടെ വേര് എവിടെയാണോ, അവിടെയാണ് ഈ മരുന്ന് ചെന്ന് തൊടുന്നത്.

7. സ്വർണ്ണത്തിന്റെ തിളക്കം (പ്രതപ്തകാഞ്ചനാഭാസോ)

രോഗം മാറ്റിയെടുക്കുക മാത്രമല്ല ഹരിദ്രാഖണ്ഡം ചെയ്യുന്നത്. 'പ്രതപ്തകാഞ്ചനാഭാസോ ദേഹോ ഭവതി നാന്യഥാ'—ഉലയിൽ വെന്തുപാകമായ തനി തങ്കത്തിന്റെ പ്രഭപോലെ ചർമ്മം തിളങ്ങുമെന്നാണ് ശ്ലോകം പറയുന്നത്, അതിലൊരു തരിമ്പും സംശയം വേണ്ടെന്നും ഉറപ്പുനൽകുന്നു. വിളർച്ച മാറി മുഖത്തിന് നല്ലൊരു തിളക്കവും തുടുപ്പും വരാൻ ഇതിലെ ലോഹഭസ്മവും നെയ്യും പാലും രസായന ഗുണങ്ങളും വലിയ പങ്കുവഹിക്കുന്നു.

എങ്ങനെ കഴിക്കണം?

ശ്ലോകത്തിൽ അളവ് കൃത്യമായി പറഞ്ഞിട്ടുണ്ട്: 'തോലകാർധം തു ഭക്ഷയേത്'. അതായത് ഏകദേശം അര തോല (ഇന്നത്തെ കണക്കിൽ 5 മുതൽ 6 ഗ്രാം വരെ, ഏകദേശം ഒരു ചെറിയ ടീസ്പൂൺ). രാവിലെയും വൈകിട്ടും ഭക്ഷണത്തിന് ശേഷം അല്പം ചെറുചൂടുള്ള പാലിലോ ചൂടുവെള്ളത്തിലോ ഇത് സേവിക്കാം.

ഈ ലേഖനത്തിൽ പ്രധാനമായും വിശദീകരിച്ചിരിക്കുന്നത് ഭൈഷജ്യരത്നാവലിയിലെ ശ്ലോകങ്ങളെ ആധാരമാക്കിയുള്ള പരമ്പരാഗത അറിവുകളും, അതിൽ വ്യക്തമാക്കുന്ന ത്വക്ക് രോഗങ്ങൾ (ശീതപിത്തം, ഉദർദ്ദം, കോഠം മുതലായവ) സംബന്ധിച്ച വിവരങ്ങളുമാണ്.

എന്നാൽ പ്രായോഗിക ആയുർവേദ ചികിത്സയിൽ, രോഗിയുടെ ശരീരപ്രകൃതിയും ദോഷാവസ്ഥയും കണക്കിലെടുത്ത് ചില വൈദ്യന്മാർ അലർജിക് റൈനൈറ്റിസ് ഉൾപ്പെടെയുള്ള ശ്വാസകോശ അലർജികൾക്കും ഇത് നിർദ്ദേശിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പലപ്പോഴും പ്രധാന മരുന്നുകൾക്കൊപ്പമുള്ള ഒരു സഹൗഷധമായാണ് (Adjuvant) ഹരിദ്രാഖണ്ഡം ഉപയോഗിക്കുന്നത്. അതിനാൽ കൃത്യമായ അളവിലും രീതിയിലും ഇത് ഉപയോഗിക്കാൻ ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.

ഹരിദ്രാഖണ്ഡം: പാർശ്വഫലങ്ങളും (Side Effects) ശ്രദ്ധിക്കേണ്ട കാര്യങ്ങളും

തികച്ചും സുരക്ഷിതമായ ആയുർവേദ ഔഷധമാണെങ്കിലും, ചില ശരീരപ്രകൃതിയുള്ളവരിലും തെറ്റായ രീതിയിൽ കഴിക്കുമ്പോഴും ഹരിദ്രാഖണ്ഡം ചില അസ്വസ്ഥതകൾ ഉണ്ടാക്കാം. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്:

ശരീരത്തിൽ ഉഷ്ണം കൂടലും വായ്പ്പുണ്ണും: മഞ്ഞളും ചുക്ക്-കുരുമുളക്-തിപ്പലി (ത്രികടു) കൂട്ടുകളും ഉഷ്ണവീര്യമുള്ള ഔഷധങ്ങളാണ്. അതിനാൽ സ്വാഭാവികമായി പിത്തപ്രകൃതിയുള്ളവരിലോ ശരീരത്തിൽ ചൂട് കൂടുതലുള്ളവരിലോ ഇത് കഴിക്കുമ്പോൾ ശരീരത്തിൽ അമിതമായ ചൂട് അനുഭവപ്പെടുക, വായ്പ്പുണ്ണ് (Mouth ulcers), വയറുവീർക്കൽ (Fullness of abdomen/Gas) എന്നിവ ചിലപ്പോൾ കണ്ടേക്കാം.:ഹരിദ്രാഖണ്ഡം ചെറുചൂടുള്ള പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ ഈ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകുറവാണ് . പാലിന്റെ ശീതവീര്യവും നെയ്യുടെ സാന്നിധ്യവും മരുന്നിന്റെ ചൂടിനെ സന്തുലിതമാക്കും.

ഇരുമ്പിന്റെ സാന്നിധ്യം (Contains Iron): ഇതിൽ ഔഷധമായി ശുദ്ധീകരിച്ച 'ലോഹഭസ്മം' അടങ്ങിയിരിക്കുന്നു. അതിനാൽ ശരീരത്തിൽ ഇരുമ്പിന്റെ അംശം കൂടുന്ന അവസ്ഥകളുള്ളവരോ (Hemochromatosis / Iron overload), അയൺ അടങ്ങിയ മരുന്നുകൾ കഴിക്കാൻ പാടില്ലെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളവരോ ഇത് പൂർണ്ണമായും ഒഴിവാക്കണം.

കുട്ടികളിലെ അമിതമാത്ര (Overdose): ഇരുമ്പ് അടങ്ങിയിട്ടുള്ള ഔഷധമായതിനാൽ കുട്ടികൾ ഇത് കൂടുതൽ അളവിൽ അബദ്ധത്തിൽ എടുത്തു കഴിച്ചാൽ ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമാകും. അതിനാൽ ഡോക്ടറുടെ കൃത്യമായ നിർദ്ദേശമില്ലാതെ കുട്ടികൾക്ക് നൽകരുത്; ഒപ്പം അവരുടെ കൈയെത്താത്ത ഉയരത്തിൽ മാത്രം സൂക്ഷിക്കുക.

Disclaimer (അറിയിപ്പ്)

ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ആയുർവേദ ഔഷധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആരോഗ്യപരമായ അറിവുകളും പൊതുവായ അറിവിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി മാത്രമാണ് നൽകുന്നത്. ഇവ ഒരു ആയുർവേദ ഡോക്ടറുടെയോ മറ്റ് ആരോഗ്യവിദഗ്ധരുടെയോ വ്യക്തിഗത ചികിത്സാനിർദേശത്തിന് പകരമല്ല.

ആരോഗ്യപ്രശ്നങ്ങളുള്ളവർ, സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, പ്രായമായവർ എന്നിവർ ഏതെങ്കിലും ആയുർവേദ ഔഷധം ഉപയോഗിക്കുന്നതിന് മുമ്പ് ആയുർവേദ ഡോക്ടറുടെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണം.

ഈ വെബ്സൈറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വയം രോഗനിർണയം നടത്തുകയോ നിലവിലുള്ള ചികിത്സ നിർത്തുകയോ മരുന്നിന്റെ അളവിലും ഉപയോഗരീതിയിലും സ്വമേധയാ മാറ്റം വരുത്തുകയോ ചെയ്യരുത്.

ഏതെങ്കിലും ഔഷധം ഉപയോഗിച്ചതിന് ശേഷം അസാധാരണമായ അസ്വസ്ഥതകളോ പാർശ്വഫലങ്ങളോ അനുഭവപ്പെടുകയാണെങ്കിൽ, ഉപയോഗം തുടരുന്നതിന് മുമ്പ് ആരോഗ്യവിദഗ്ധന്റെ നിർദേശം തേടുക.

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ രോഗനിർണയം നടത്തുന്നതിനോ രോഗം ചികിത്സിക്കുന്നതിനോ രോഗശമനം ഉറപ്പുനൽകുന്നതിനോ ഉള്ള നേരിട്ടുള്ള മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതിയും ശരീരപ്രകൃതിയും വ്യത്യസ്തമായതിനാൽ, ഔഷധങ്ങളുടെ ഉപയോഗം വ്യക്തിഗതമായ വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.

© 2026 VillageTips.net – All Rights Reserved.

Post a Comment

Previous Post Next Post