കിഴങ്ങുവർഗ്ഗത്തിൽ പെട്ട ഒരു പച്ചക്കറിയാണ് ചേന . അതിലുപരി ഒരു ഔഷധസസ്യം കൂടിയാണ് .ആയുർവേദത്തിൽ മൂലക്കുരു ,ആസ്മ ,ഛർദ്ദി ,സന്ധിവേദന ,മുറിവുകൾ മുതലായവയ്ക്ക് ചേന ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ എലെഫന്റ്റ് ഫൂട് യാം എന്ന പേരിലും സംസ്‌കൃതത്തിൽ സുരണ എന്ന പേരിൽ അറിയപ്പെടുന്നു .കൂടാതെ അർഷോഘ്ന ,സ്ഥൂലകാണ്ഡേ ,രുച്യകാണ്ഡം തുടങ്ങിയ സംസ്‌കൃത നാമങ്ങളും ഈ സസ്യത്തിനുണ്ട് ,അർശസ് എന്ന മൂലവ്യാധിയെ ഇല്ലാതാക്കാൻ കഴിവുള്ളത് എന്ന അർത്ഥത്തിൽ അർഷോഘ്ന എന്നും കിഴങ്ങ് വലിപ്പമുള്ളതിനാൽ സ്ഥൂലകാണ്ഡേ എന്ന പേരിലും കിഴങ്ങ് സ്വാദിഷ്ടമായ എന്ന അർത്ഥത്തിൽ രുച്യകാണ്ഡം എന്ന സംസ്‌കൃത നാമത്തിലും അറിയപ്പെടുന്നു .
Botanical name : Amorphophallus paeoniifolius.
Family : Araceae (Arum family).
Synonyms : Amorphophallus campanulatus.
വിതരണം .
ഇന്ത്യയിലുടനീളം കൃഷി ചെയ്‌തു വരുന്നു .
സസ്യവിവരണം ,
ശരാശരി ഒരു മീറ്റർ ഉയരത്തിൽ വരെ ഒറ്റ തണ്ടായിവളരുന്ന സസ്യം .തണ്ടിന്റെ അറ്റത്ത് ഇല രൂപാന്തരം പ്രാപിച്ചു വരുന്നു .വളർച്ച പൂർത്തിയായി കഴിയുമ്പോൾ തണ്ടും ഇലയും വാടി കരിഞ്ഞു പോകുകയും പിന്നീട് ആ സ്ഥാനത്ത് പൂവ് ഉണ്ടാവുകയും ചെയ്യുന്നു .മണ്ണിനടിയിൽ ഉണ്ടാകുന്ന കന്ദമാണ് ചേന .ഈ കന്ദമുപയിഗിച്ചു പ്രജനനം നടത്തുന്നു .
ഇന്ത്യയിലുടനീളം ആഹാരത്തിനായി കൃഷി ചെയ്‌തു വരുന്നതാണ് ചേന .എന്നാൽ തരിശു ഭൂമിയിലും വനപ്രദേശങ്ങളിലും തനിയെ വളരുന്നതാണ് കാട്ടുചേന (Amorphophallus Sylvaticus , Synantherias sylvatica) .ആയുർവേദ ഗ്രന്ഥങ്ങളിൽ സുരണ, സിതസുരണ എന്നിങ്ങനെ രണ്ടിനങ്ങളെ കുറിച്ച് പറയുന്നുണ്ട് .ഇതിൽ സിതസുരണ എന്നത് കാട്ടു ചേനയാണ് .
കാട്ടുചേന വിഷസസ്യങ്ങളിൽ പെടുന്ന ഒന്നാണ് .കാട്ടു ചേനയിൽ എരിവും തീഷ്‌ണ ഗുണവുമുള്ള ഒരു ദ്രാവകം അടങ്ങിയിരിക്കുന്നു ,ഇത് ശരീരത്തിൽ സ്പർശിച്ചാൽ അസഹനീയമായ ചൊറിച്ചിലുണ്ടാകും .ഇത് ഉള്ളിൽ കഴിച്ചാലും വായിലും .തൊണ്ടയിലും ചൊറിച്ചിലും വീക്കവും ഉണ്ടാകും .ചേനയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ഓക്സലേറ്റാണ് ചൊറിച്ചിലുണ്ടാക്കുന്നത് .ഇത് കാട്ടു ചേനയിൽ കൂടുതലായി അടങ്ങിയിരിക്കുന്നു .കാട്ടു ചേനയ്ക്കാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത്,
കാട്ടുചേനയിൽ വിഷാംശം അടങ്ങിയിക്കുന്നതിനാൽ ശുദ്ധി ചെയ്താണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .അതിനാൽ കാട്ടു ചേന ഔഷധമായി ഉപയോഗിക്കുമ്പോൾ വൈദ്യ നിർദേശത്തിൽ മാത്രം ഉപയോഗിക്കുക ..ഇതിന്റെ ഇലയും തണ്ടുമൊക്കെ ചില സ്ഥലങ്ങളിൽ തോരനും കറിയുമൊക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട് .പാചകം ചെയ്യുമ്പോൾ വാളൻപുളി ചേർത്ത് നന്നായി വേവിച്ചാൽ ചൊറിച്ചിൽ ഒഴിവാക്കാം.
പ്രാദേശികനാമങ്ങൾ .
English name – Elephant foot yam, Elephant yam .
Malayalam name – Chena .
Tamil name – Karynai kilamku, Chenaikkirangu .
Kannada name – Suvarnagadde .
Telugu name – Kandagadde .
Hindi name – Suran, Jamikand .
Marathi name – Suran .
Gujarati name – Suran .
ഔഷധയോഗ്യഭാഗങ്ങൾ .
ചേന ,തണ്ട് ,ഇല .
ചേനയുടെ ഔഷധഗുണങ്ങൾ .
മലബന്ധം ,പൈൽസ് ,ഫിസ്റ്റുല ,അമിത വണ്ണം എന്നിവയുടെ ചികിത്സയിൽ ചേന വ്യാപകമായി ഉപയോഗിക്കുന്നു .ദഹനവും രുചിയും വർധിപ്പിക്കുന്നു .ശരീര ക്ഷീണം അകറ്റും ..ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയ്ക്കും നല്ലതാണ് .ഉദരരോഗങ്ങൾ ,വയറുവേദന ,വയറ്റിലെ മുഴകൾ ,വിരബാധ എന്നിവയ്ക്കും നല്ലതാണ്..ആർത്തവ ക്രമക്കേടുകൾ ,അമിത ആർത്തവ രക്തസ്രാവം ,ആർത്തവ വേദന എന്നിവയ്ക്കും നല്ലതാണ് , ,മുറിവുകൾ , പൊള്ളൽ എന്നിവയ്ക്കും നല്ലതാണ് .ഉത്തേജകമാണ് .കാമം വർധിപ്പിക്കും ,വാതരോഗങ്ങൾ ,സന്ധിവേദന ,വീക്കം ,ക്ഷതം എന്നിവയ്ക്കും നല്ലതാണ് .
പൊട്ടാസ്യം ,മഗ്നീഷ്യം ,ഫോസ്ഫറസ് ,കോപ്പർ ,സിങ്ക് ,കാൽസ്യം ,സെലിനിയം തുടങ്ങിയ ധാതുക്കൾ ചേനയിൽ അടങ്ങിയിരിക്കുന്നു .കൂടാതെ ഒമേഗാ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട് .ഇത് രക്തത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു .ചേനയിൽ അടങ്ങിയിരിക്കുന്ന ഡയോസ്ജെനിൻ എന്ന ഘടകത്തിന് ക്യാൻസർ വിരുദ്ധ ഗുണങ്ങളുണ്ട് .കർക്കടക മാസത്തിലെ പത്തിലക്കറിയിൽ ഉൾപ്പെടുന്ന ഒന്നാണ് ചേനയില .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . ചേന ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.
ചേന ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
സുരണാദി ഘൃതം - Suranadi Ghritam .
മൂലക്കുരുവിന്റെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധ നെയ്യാണ് സുരണാദി ഘൃതം .
സൂരണമോദകം - Vaidyaratnam Sooranamodakam .
മൂലക്കുരുവിന് ഉപയ്യോഗിക്കുന്ന ഒരു ആയുർവേദ ഔഷധപ്പൊടിയാണ് സൂരണമോദകം .
വനസുരണാദി ലേഹം - Vanasuranadi Leham .
മൂലക്കുരു ,ദഹനക്കേട് ,വിശപ്പില്ലായ്‌മ ,വിളർച്ച തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ഔഷധമാണ് വനസുരണാദി ലേഹം .വനസുരണ എന്നാൽ കാട്ടു ചേന എന്നാണ് അർത്ഥമാക്കുന്നത് .
കങ്കായനം ഗുളിക - Kankayanam Gulika .
മൂലക്കുരുവിന് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കങ്കായനം ഗുളിക .
പൈലോണിൽ ടാബ്ലറ്റ് - Vaidyaratnam Pilonil Tablet .
മൂലക്കുരുവിന് ഉപയോഗിക്കുന്ന ഒരു ആയുർവേദ ഗുളികയാണ് പൈലോണിൽ ടാബ്ലറ്റ് .
ചേനയുടെ ചില ഔഷധപ്രയോഗങ്ങൾ .
മലബന്ധം ,വിശപ്പില്ലായ്മ ,മൂലക്കുരു തുടങ്ങിയവയ്ക്ക് ചേന പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ് . ആവശ്യാനുസരണം ഉപ്പും പുളിയും മഞ്ഞൾപ്പൊടിയും ചേർത്ത് .ചേന നന്നായി വേവിച്ചു ഒരു ഗ്ലാസ് മോരിനൊപ്പം ദിവസവും കഴിക്കുന്നത് പൊണ്ണത്തടി ,കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ നല്ലതാണ് .
മൂലക്കുരുവിന് : മൂപ്പെത്തിയ ചേന നന്നായി കഴുകി അരിഞ്ഞ് തണലിൽ ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാം .ഇതിൽ നിന്നും 3 ഗ്രാം പൊടി വീതം ദിവസവും കഴിക്കുന്നത് മൂലക്കുരു ഇല്ലാതാക്കാൻ സഹായിക്കുന്നു .മോരിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ് .കൂടാതെ മലബന്ധം ,ഫിഷർ എന്നിവ ഇല്ലാതാക്കാനും നല്ലതാണ് .3 ഗ്രാം പൊടി വീതം തേനിൽ ചേർത്ത് പതിവായി കഴിക്കുന്നത് ഫാറ്റി ലിവർ മാറാൻ സഹായിക്കുന്നു .
ALSO READ : കുങ്കുമപ്പൂവിന്റെ ഔഷധഗുണങ്ങൾ .
വാതരോഗങ്ങൾ മൂലം സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറാൻ ചേന നന്നായി അരച്ച് ഇഞ്ചി നീരിൽ ചാലിച്ചു പുറമെ പുരട്ടുന്നത് നല്ലതാണ് .ചേനയും ചുണ്ണാമ്പും ചേർത്ത് അരച്ചു പുരട്ടിയാൽ കാലിലെ ആണിരോഗം മാറിക്കിട്ടും .ചേന നെയ്യിൽ വറത്തു പൊടിച്ചു തേനിൽ ചാലിച്ചു കഴിച്ചാൽ ലൈംഗീക ശക്തി വർധിക്കും .
കാട്ടു ചേന നന്നായി കഴുകി നുറുക്കി മോരിലോ പുളിയില നീരിലോ രണ്ടോ മൂന്നോ മണിക്കൂർ വേവിച്ച് വെയിലിൽ ഉണക്കിയെടുത്താൽ കാട്ടുചേന ശുദ്ധിയാകും .അല്ലങ്കിൽ കാട്ടുചേന മണ്ണ് കുഴച്ചു പൊതിഞ്ഞ് മണ്ണിന് ചുവപ്പു നിറമാകുന്നതു വരെ തീയിൽ ചുട്ട് വെയിലിൽ ഉണക്കിയെടുത്താലും കാട്ടു ചേന ശുദ്ധിയാകും .ഇതിൽ നിന്നും 3 ഗ്രാം വീതം ദിവസം ഒരു നേരം എന്ന കണക്കിൽ കഴിക്കുന്നത് മൂലക്കുരു മാറാൻ നല്ലതാണ് .
കാട്ടു ചേന 16 ഭാഗം .കൊടുവേലിക്കിഴങ്ങ് 8 ഭാഗം .ചുക്കുപൊടി 2 ഭാഗം .കുരുമുളകു പൊടി ഒരു ഭാഗം .ഇവയെല്ലാം കൂടി ശർക്കരയും ചേർത്ത് ഇടിച്ചു ചെറിയ ഉരുളകളാക്കി ഓരോന്നു വീതം ദിവസവും കഴിച്ചാൽ മൂലക്കുരു ശമിക്കും .
ശുദ്ധി ചെയ്ത കാട്ടുചേന 32 പലം . ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ് 16 പലം .ചുക്ക് 4 പലം .കുരുമുളക് 2 പലം .എന്നിവ പൊടിച്ച് 108 പലം ശർക്കരയിൽ ലേഹ്യമുണ്ടാക്കി ഒരു താന്നിക്ക വലുപ്പത്തിൽ ദിവസവും കഴിച്ചാൽ എത്ര കഠിനമായ പൈൽസും ശമിക്കും .
പുളിച്ച മോരോ, ചെറുനാരങ്ങാ നിരോ വാളൻ പുളിയോ കഴിക്കുന്നത് കാട്ടു ചേന കഴിച്ചുണ്ടാകുന്ന വിഷവികാരങ്ങൾക്ക് പ്രതിവിധിയാണ് .
 

