ഒരു ഔഷധ വൃക്ഷമാണ് കടുക്ക .ആയുർവേദത്തിൽ നേത്രരോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,പ്രമേഹം തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കടുക്ക ഔഷധമായി ഉപയോഗിച്ചു വരുന്നു .ഇംഗ്ലീഷിൽ ചെബുലിക് മൈറോബാലൻ എന്നും സംസ്‌കൃതത്തിൽ ഹരിതകി എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ അഭയാ ,രോഹിണി ,ചേതകീ ,ജീവപ്രിയ തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ വൃക്ഷത്തിനുണ്ട് .
Botanical name : Terminalia chebula.
Family : Combretaceae (Rangoon creeper family).
വിതരണം .
ഉത്തരേന്ത്യയിലാണ് കടുക്ക കൂടുതലായും കാണപ്പെടുന്നത് .ഇന്ത്യ കൂടാതെ ശ്രീലങ്ക , ഭൂട്ടാൻ , നേപ്പാൾ , ബംഗ്ലാദേശ് , മ്യാന്മാർ , കംബോഡിയ ,വിയറ്റ്നാം ,ഇൻഡോനേഷ്യ ,മലേഷ്യ ,പാകിസ്ഥാൻ ,തായ്‌ലൻഡ് എന്നിവടങ്ങളിലും ഈ വൃക്ഷം കാണപ്പെടുന്നു .
രൂപവിവരണം .
ഏകദേശം 20 മീറ്റർ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു വൃക്ഷമാണ് കടുക്ക .വൃക്ഷത്തിന്റെ പുറംതൊലിക്ക് കടും തവിട്ടുനിറമാണ് .തൊലി കഷണങ്ങളായി അടർന്നു പോകാറുണ്ട് .വളരെ സാവധാനം വളരുന്ന ഒരു മരമാണ് കടുക്ക .ഇലകൾക്ക് നല്ല വീതിയും കൂർത്ത അഗ്രത്തോട് കൂടിയതുമാണ് .തളിരിലകളിൽ സിൽക്ക് പോലെയുള്ള രോമങ്ങളുണ്ടാകും .മൂത്ത ഇലകളുടെ ഉപരിതലത്തിന് നല്ല തിളക്കമുണ്ടാകും .ഇലകൾക്ക് ഏകദേശം 15 സെ.മി നീളവും 7 സെ.മി വീതിയുമുണ്ടാകും .നരച്ച വെള്ള നിറത്തോട് കൂടിയ ഇവയുടെ പൂക്കൾക്ക് രൂക്ഷ ഗന്ധമാണ് .ശാഖാഗ്രഭാഗത്താണ് പൂങ്കുല ഉണ്ടാകുന്നത് . ഇതിന്റെ ഫലങ്ങൾ നീണ്ടുരുണ്ട് നെടുകെ അഞ്ച് ഖണ്ഡങ്ങളോട് കൂടിയതാണ് .നല്ല കട്ടിയുള്ള പുറന്തോടുള്ള വിത്തിന് അണ്ഡാകൃതിയാണ് .നവംബർ -ഡിസംബർ മാസങ്ങളിലാണ് ഇവയുടെ ഫലങ്ങൾ മൂക്കുന്നത് .അറ്റം കൂർത്ത ഇവയുടെ കായകൾക്ക് ഏറെക്കുറെ ഗോളാകൃതിയാണ് .കായകൾ വിളഞ്ഞാൽ പൊഴിഞ്ഞു വീഴും .കായ വായിലിട്ട് ചവച്ചാൽ ആദ്യം കഷായ രസവും പിന്നീട് ചെറിയ മധുരവും അനുഭവപ്പെടും .
രാസഘടകങ്ങൾ .
കടുക്കയിൽ പ്രധാനമായും ചെബുലിക് അമ്ലം അടങ്ങിയിരിക്കുന്നു.
കടുക്ക ഇനങ്ങൾ .
വിജയാ ,രോഹിണി ,പൂതന ,അമൃത ,അഭയ ,ജീവന്തി ,ചേതകി എന്നിങ്ങനെ ഏഴു ഇനം കടുക്ക മരങ്ങളെക്കുറിച്ച് ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട് .ഈ ഏഴിനങ്ങളിൽ വിജയാ എന്ന ഇനമാണ് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നത് ഇത് എല്ലാ .രോഗങ്ങളുടെ ചികിത്സയിലും ഉപയോഗിക്കുന്നു . ഇത് വിന്ധ്യ പർവതനിരകളിലാണ് കാണപ്പെടുന്നത് എന്നു പറയുന്നു .രോഹിണി എന്ന ഇനം മഹാരാഷ്ട്രയിലാണ് കാണപ്പെടുന്നത് .ഇതിന്റെ ഫലം വൃത്താകൃതിയിലാണ് കാണപ്പെടുന്നത് എന്നു പറയുന്നു .ഇത് മുറിവുകളും വ്രണങ്ങളും ഉണക്കുന്നതിനാണ് ഉപയോഗിക്കുന്നത് .പൂതന എന്ന ഇനം സിന്ധ് പ്രവിശ്യകളിലാണ് കാണപ്പെടുന്നത് . ഫലത്തിന്റെ പുറന്തോടിനു കട്ടി കുറവാണെന്നു പറയുന്നു .ഇത് പുറമെയുള്ള ഉപയോഗത്തിനു മാത്രമാണ് ഉപയോഗിക്കുന്നത് .
അമൃത എന്ന ഇനം ബീഹാറിലാണ് കാണപ്പെടുന്നത് .ഇതിന്റെ പുറന്തോട്, കഴമ്പ് എന്നിവ കട്ടി കൂടിയതാണെന്നു പറയപ്പെടുന്നു .ഇത് രക്തശുദ്ധിക്ക് ഉപയോഗിക്കുന്നു .അഭയ എന്ന ഇനവും ബീഹാറിലാണ് കാണപ്പെടുന്നത് .ഫലത്തിന്റെ പുറം തൊലി അഞ്ചു മടക്കുകളോടു കൂടിയുള്ളതാണെന്നു പറയുന്നു .ഇത് നേത്രരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു .ജീവന്തി എന്ന ഇനത്തിന്റെ ഫലം മഞ്ഞ നിറത്തിലുള്ളതാണെന്നും ഇത് ഗുജറാത്തിലാണ് കാണപ്പെടുന്നതെന്നും പറയുന്നു .ഇത് എല്ലാ രോഗങ്ങളുടെയും ചികിത്സയിൽ ഉപയോഗിക്കുന്നു .ചേതകി എന്ന ഇനത്തിന്റെ ഫലത്തിന്റെ തൊലി മൂന്നു മടക്കുകളോടു കൂടിയതാണെന്നും ഹിമാചൽ പ്രദേശിലാണ് കാണപ്പെടുന്നതെന്നും പറയുന്നു . ഇത് വിരേചനൌഷധമായി ഉപയോഗിക്കുന്നു .
മറ്റൊരു ആചാര്യന്റെ അഭിപ്രായത്തിൽ വിജയാ ,രോഹിണി ,പൃഥുക ,അമൃതാ ,ജീവന്തി ,ത്രിവൃതാ ,അഭയാ എന്നിവയാകുന്നു ഏഴു ജാതി കടുക്കയുടെ നാമങ്ങൾ .
വിജയാ എന്ന കടുക്കയുടെ കഴുത്തിന്റെ ഭാഗം ശംഖുപോലെ നേർത്തതും പിൻഭാഗം തടിച്ചിരിക്കുന്നതുമാണ് .രോഹിണി എന്ന കടുക്ക നാലു കോണോടു കൂടിയതാകുന്നു .പൃഥുകാ എന്ന കടുക്കയുടെ തൊലി വെളുത്തതാകുന്നു .അമൃത എന്ന കടുക്കയുടെ തോട് കൂടുതൽ മാംസളമായിരിക്കും .ജീവന്തി എന്ന കടുക്ക സ്വർണ്ണവർണ്ണ നിറമാകുന്നു .,ത്രിവൃതാ എന്ന കടുക്ക അഞ്ചു കോണോടു കൂടിയതാകുന്നു .അഭയാ എന്ന കടുക്ക കറുത്ത നിറത്തിലുള്ളതാകുന്നു .
" വിജയാ വാതരോഗേ ച രോഗിണി സന്നിപാതികേ ശ്‌ളേഷ്മകേ പൃഥുനാമാ ച പൈത്തികേ ചാമൃതാ തഥാ ജീവന്തി നേത്രരോഗേഷു ആർശാംസി ത്രിവൃതാ ഹരേൽ അഭയാ വ്രണഹന്ത്രീ ച സർവം യോഗേ പ്രയോചിതം "
വാതരോഗത്തിൽ വിജയാ എന്ന കടുക്കയും .സന്നിപാതത്തിൽ രോഹിണി എന്ന കടുക്കയും .കഫരോഗത്തിൽ പൃഥുകാ എന്ന കടുക്കയും .പിത്തരോഗത്തിൽ അമൃതാ എന്ന കടുക്കയും .നേത്രരോഗത്തിൽ ജീവന്തി എന്ന കടുക്കയും .അർശോരോഗത്തിൽ ത്രിവൃതാ എന്ന കടുക്കയും .വ്രണരോഗത്തിൽ അഭയാ എന്ന കടുക്കയും വേണം ചേർക്കാൻ .കടുക്ക സകല യോഗങ്ങളിലും ചേർക്കാവുന്നതാവുന്നു .
പ്രാദേശികനാമങ്ങൾ .
English name – Chebulic Myrobalan.
Malayalam name – Katukka .
Tamil name – Kadukkai .
Telugu name – karakkaya, Karakachettu .
Kannada name – Alale Kayi, Anilaikayi .
Hindi name – Harad, Harade .
Marathi name – Harada, Hirad, .
Bengali Name – Haritaki, Baalharitaki .
Gujarati name – Harade, Himaja .
ഔഷധയോഗ്യഭാഗം .
ഫലത്തിന്റെ തോട് (കടുക്കാത്തോട് ) .
രസാദിഗുണങ്ങൾ .
രസം -കഷായം ,തിക്തം ,മധുരം ,അമ്ലം ,കടു .
ഗുണം -രഘു ,രൂക്ഷം .
വീര്യം -ഉഷ്‌ണം .
വിപാകം - മധുരം .
കടുക്കയുടെ ഔഷധഗുണങ്ങൾ .
ആയുർവേദത്തിൽ കടുക്കയ്ക്ക് പ്രഥമ സ്ഥാനമാണുള്ളത് .ഒട്ടുമിക്ക എല്ലാ രോഗങ്ങൾക്കും കടുക്ക യോഗങ്ങളിൽ ചേർത്തും ഒറ്റയ്ക്കും ഔഷധമായി ഉപയോഗിക്കുന്നു .ആയുർവേദത്തിലെ വളരെ പ്രസിദ്ധമായ ഔഷധകൂട്ടായ ത്രിഫല ചൂർണ്ണത്തിലെ ഒരു ചേരുവയാണ് കടുക്ക .
കടുക്ക ,നെല്ലിക്ക ,താന്നിക്ക എന്നിവ ഉണക്കി പൊടിച്ചതിനെയാണ് ത്രിഫലാ ചൂർണം എന്ന് അറിയപ്പെടുന്നത് .ഒരു രസായനദ്രവ്യമാണ് ത്രിഫലാചൂർണം .യൗവനം നിലനിർത്തും. രക്തം ശുദ്ധീകരിക്കും .കാഴ്ച്ചശക്തി വർധിപ്പിക്കും .വിട്ടുമാറാത്ത പനി ,ചുമ ,മലബന്ധം ,വിളർച്ച ,പ്രമേഹം ,പൊണ്ണത്തടി ,ത്വക്ക് രോഗങ്ങൾ ,വ്രണങ്ങൾ ,ആർത്തവ സംബന്ധമായ വേദന എന്നിവയ്‌ക്കെല്ലാം ത്രിഫലാചൂർണം ഔഷധമാണ് .
കടുക്കയുടെ തോടാണ് ഔഷധമായി ഉപയോഗിക്കുന്നത് .ഇത് വിശപ്പ് ഉണ്ടാക്കുന്നതും ദഹനത്തെ വർധിപ്പിക്കുന്നതും മലശോധന ഉണ്ടാക്കുകയും ശരീരത്തിലെ ദുര്‍മേദസ്സുകളെ പുറത്തു കളയുകയും ചെയ്യും .ബുദ്ധിശക്തിയും ഓർമശക്തിയും ആയുസ്സും വർധിപ്പിക്കും .ചർമ്മരോഗങ്ങൾ ,ചർമ്മത്തിലെ നിറവ്യത്യാസം ,ചൊറി ,ചൊറിച്ചിൽ മുറിവ് ,വ്രണങ്ങൾ എന്നിവയ്‌ക്കെല്ലാം നല്ലതാണ് .പനി ,വിട്ടുമാറാത്ത പനി ,മലമ്പനി ,ചുമ ,ആസ്മ ,ജലദോഷം ,ഒച്ചയടപ്പ് തലവേദന എന്നിവയ്ക്കും നല്ലതാണ് .
വാതരോഗങ്ങളെ ശമിപ്പിക്കും .കരൾ പ്ലീഹ രോഗങ്ങൾ ,മഞ്ഞപ്പിത്തം ,വിളർച്ച ,ഗ്രഹണി ,വയറിളക്കം ,വയറുവേദന ,ഛർദ്ദി ,വയറു വീർപ്പ് ,വയറ്റിലെ മുഴ ,വിരബാധ എന്നിവയ്ക്കും നല്ലതാണ് .പ്രമേഹം ,മൂത്രാശയ രോഗങ്ങൾ, ഹൃദ്രോഗം ,വൃക്കരോഗങ്ങൾ ,മൂലക്കുരു ,നേത്രരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .നീര് ,വേദന ,ശരീരവേദന ,ക്ഷീണം എന്നിവയ്ക്കും നല്ലതാണ് ,ശുക്ലം വർധിപ്പിക്കും .
കടുക്കയ്ക്ക് രസായന ഗുണങ്ങളുണ്ട് .രസായന ഗുണങ്ങളുള്ള എല്ലാ ഔഷധസസ്യങ്ങൾക്കും വാർദ്ധക്യ വിരുദ്ധ ഗുണങ്ങളും ലൈംഗീക ശേഷി വർധിപ്പിക്കാനുള്ള കഴിവുണ്ട് .എന്നിരുന്നാലും ഇതിന്റെ ഉഷ്‌ണവീര്യം കാരണം ദീർഘകാല ഉപയോഗം ലൈംഗീകശേഷി കുറയാൻ കാരണമായേക്കാം എന്നു ആചാര്യന്മാർ പറയുന്നു. പണ്ട് കാമശമനത്തിനായി മഹർഷിമാർ കടുക്ക ധാരാളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിത്സിക്കരുത് .കടുക്ക ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ് .
കടുക്ക ചേരുവയുള്ള ചുരുക്കം ചില ആയുർവേദ ഔഷധങ്ങൾ .
അഗസ്ത്യരസായനം - Agasthya Rasayanam.
ആസ്മയ്ക്കും മറ്റു ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ലേഹ്യ രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അഗസ്ത്യരസായനം.ആസ്മ ,ചുമ ,ശ്വാസം മുട്ടൽ ,ക്ഷയം മുതലായവയുടെ ചികിത്സയിൽ അഗസ്ത്യരസായനം ഉപയോഗിക്കുന്നു .
അശോകാരിഷ്ടം - Asokarishtam.
സ്ത്രീരോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അശോകാരിഷ്ടം.ക്രമം തെറ്റിയ ആർത്തവം ,ആർത്തവവേദന ,അമിത ആർത്തവം ,വെള്ളപോക്ക് മുതലായവയുടെ ചികിൽത്സയിൽ അശോകാരിഷ്ടം ഉപയോഗിക്കുന്നു .
ബലധാത്ര്യാദി തൈലം -Baladhatryadi Thailam.
തലവേദന ,തലപുകച്ചിൽ ,കണ്ണിലെ പുകച്ചിൽ ,ശരീരം ചുട്ടു പുകച്ചിൽ എന്നിവയ്ക്കും സന്ധിവാത ചികിൽത്സയിലും ബലധാത്ര്യാദി തൈലം ഉപയോഗിച്ചു വരുന്നു .
ബൃഹച്ഛാഗലാദി ഘൃതം - Brihachagaladi Ghritam .
എല്ലാത്തരം വാതരോഗങ്ങളുടെയും ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ബൃഹച്ഛാഗലാദി ഘൃതം .കൂടാതെ മാനസിക രോഗങ്ങൾ ,അപസ്‌മാരം ,മൂലക്കുരു ,പനി ,ചർമ്മരോഗങ്ങൾ ,രക്തസ്രാവം ,വയറുവേദന ,തലവേദന ,ചെവിവേദന മുതലായ രോഗങ്ങൾക്കും ബൃഹച്ഛാഗലാദി ഘൃതം ഉപയോഗിക്കുന്നു .
ചിരുവില്വാദി കഷായം - Chiruvilvadi Kashayam .
പൈൽസ് ,ഫിസ്റ്റുല ,മലബന്ധം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ചിരുവില്വാദി കഷായം .
ദശമൂല പഞ്ചകോലാദി കഷായം - Dasamulapanchakoladi Kashayam .
അസൈറ്റിസ് അഥവാ മഹോദരത്തിന് പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ദശമൂലപഞ്ചകോലാദി കഷായം .കൂടാതെ മലബന്ധത്തിനും ഈ ഔഷധം ഉപയോഗിക്കുന്നു .
ദശമൂലാരിഷ്ടം - Dasamularishtam .
ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനക്കേട് ,വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,വായുകോപം ,വിളർച്ച ,ശരീരവേദന ,സന്ധിവേദന ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഉപയോഗിക്കുന്നു .
ദശമൂലഹരീതകി ലേഹം - Dasamulaharitaki Leham .
മൂത്രാശയ രോഗങ്ങൾ ,വിളർച്ച ,വിശപ്പില്ലായ്‌മ ,പനി ,ചുമ മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ഔഷധമാണ് ദശമൂലഹരീതകി ലേഹം .
ധനദനയനാദി കഷായം - Dhanadanayanadi Kashayam .
ബെൽസ് പാൾസി ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ധനദനയനാദി കഷായം .
ധാന്വന്തരം കുഴമ്പ് - Dhanwantharam Kuzhambu .
എല്ലാത്തരം വാതരോഗങ്ങളുടെയും ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് ധാന്വന്തരം കുഴമ്പ് .
ദുരാലഭാരിഷ്ടം - Duralabharishtam .
രക്തം പോകുന്ന പൈൽസ് ,മലബന്ധം ,വിശപ്പില്ലായ്‌മ മുതലായവയുടെ ചികിത്സയിൽ ദുരാലഭാരിഷ്ടം ഉപയോഗിക്കുന്നു .
ഇളനീർ കുഴമ്പ് - Elaneer Kuzhampu .
നേത്രരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു കുഴമ്പാണ് ഇളനീർ കുഴമ്പ് .തിമിരം ,കണ്ണിലെ അണുബാധ തുടങ്ങിയ വിവിധ നേത്രരോഗങ്ങളുടെ ചികിത്സയിൽ ഇത് കണ്ണിലൊഴിക്കാൻ ഉപയോഗിക്കുന്നു .
ഗന്ധർവ്വഹസ്താദി കഷായം - Gandharvahasthadi Kashayam .
വാതദോഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവിധ രോഗങ്ങൾ ,നടുവേദന ,മലബന്ധം ,വിശപ്പില്ലായ്‌മ ,വയറുവേദന ,രുചിയില്ലായ്‌മ മുതലായവയുടെ ചികിത്സയിൽ ഗന്ധർവ്വഹസ്താദി കഷായം ഉപയോഗിക്കുന്നു .
ഗുൽഗുലു പഞ്ചപല ചൂർണം - Gulgulu Panchapala Choornam .
ചർമ്മരോഗങ്ങൾ ,ഫിസ്റ്റുല ,ഉണങ്ങാത്ത മുറിവുകൾ എന്നിവയുടെ ചികിത്സയിൽ ഒരു ആയുർവേദ ഔഷധപ്പൊടിയാണ് ഗുൽഗുലു പഞ്ചല ചൂർണം .
ഹിമസാഗര തൈലം - Himasagara Tailam .
വിവിധ നാഡി പേശി രോഗങ്ങൾ ,വാതരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ പുറമെ പുരട്ടുവാനുള്ള ഒരു ആയുർവേദ എണ്ണയാണ് ഹിമസാഗര തൈലം .
ഹിംഗുവചാദി ചൂർണ്ണം - Himguvachadi Choornam .
ദഹനക്കേട് ,വയറിളക്കം ,വായുകോപം ,വിശപ്പില്ലായ്‌മ ,അരുചി, തുടങ്ങിയവയുടെ ചികിത്സയിൽ ഹിംഗുവചാദി ചൂർണ്ണം ഉപയോഗിക്കുന്നു .
ജാത്യാദി ഘൃതം -jatyadi ghritam .
മുറിവുകൾ ,ഉണങ്ങാത്ത വ്രണങ്ങൾ ,പ്രാണി കടിമൂലം ഉണ്ടാകുന്ന ചർമ്മ പ്രശ്‌നങ്ങൾ എന്നിവയുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ജാത്യാദി ഘൃതം .
ജീവന്ത്യാദി ഘൃതം - Jeevanthyadi Ghrutham .
നേത്രരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ജീവന്ത്യാദി ഘൃതം .പ്രത്യേകിച്ച് തിമിരത്തിന്റെ ചികിത്സയിൽ ഉപയോഗിക്കുന്നു .
കല്യാണക ക്ഷാരം - Kalyanaksharam .
മൂലക്കുരു ,മലബന്ധം ,വയറുവേദന മുതലായവയുടെ ചികിത്സയിൽ കല്യാണക ക്ഷാരം ഉപയോഗിക്കുന്നു .
കരിമ്പിരുമ്പാദി കഷായം - Karimbirumbadi Kashayam.
മഞ്ഞപിത്തം ,മറ്റ് കരൾ രോഗങ്ങൾ ,വിളർച്ച തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുർവേദമരുന്നാണ് കരിമ്പിരുമ്പാദി കഷായം.ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .
കതകഖദിരാദി കഷായം - Katakakhadiradi Kashayam .
പ്രമേഹത്തിന് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കതകഖദിരാദി കഷായം .
ഖദിരാരിഷ്ടം - Khadirarishtam .
വിവിധ തരം ത്വക്ക് രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഖദിരാരിഷ്ടം .
കുമാര്യാസവം - Kumaryasavam .
പ്രമേഹം ,വൃക്കയിലെ കല്ലുകൾ ,വയറുവേദന മുതലായവയുടെ ചികിത്സയിൽ കുമാര്യാസവം ഉപയോഗിക്കുന്നു .
ലോഹാസവം - Lohasavam .
വിളർച്ചയ്ക്കുള്ള ഒരു ഔഷധമാണ് ലോഹാസവം .കൂടാതെ ,വിശപ്പില്ലായ്‌മ ,പ്രമേഹം ,മൂലക്കുരു ,ഫിസ്റ്റുല മുതലായവയുടെ ചികിത്സയിലും ലോഹാസവം ഉപയോഗിക്കുന്നു .
ത്രിഫലാദി ഘൃതം - Triphaladi Ghrutham .
തിമിരത്തിന്റെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ത്രിഫലാദി ഘൃതം .
മഹാരാജപ്രസരണി തൈലം -Maharajaprasarini Thailam .
വാതസംബന്ധമായ എല്ലാ രോഗങ്ങളിലും മഹാരാജപ്രസരണി തൈലം ഉപയോഗിക്കുന്നു .ഇത് ബാഹ്യ ഉപയോഗത്തിനും ഉള്ളിലേക്ക് കഴിക്കാനും ഉപയോഗിക്കുന്നു. ക്യാപ്‌സൂൾ രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .
മഹാതിക്തക ഘൃതം - Mahatiktakaghritam .
ചർമ്മരോഗങ്ങൾ ,ഹെർപ്പിസ് ,ഗ്യാസ്ട്രൈറ്റിസ്,സന്ധിവാതം ,അനീമിയ ,മഞ്ഞപ്പിത്തം ,പനി ,അമിത ആർത്തവം ,വെള്ളപോക്ക് ,പെപ്റ്റിക് അൾസർ ,മാനസിക സമ്മർദം ,ഉത്ക്കണ്ഠ ,,അപസ്‌മാരം മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് മഹാതിക്തകഘൃതം .ഇത് ക്യാപ്സൂൾ രൂപത്തിലും ലഭ്യമാണ് .
മഹാതിക്തം കഷായം - Mahatiktam kashayam .
ത്വക്ക് രോഗങ്ങൾ ,വ്രണങ്ങൾ ,ചർമ്മത്തിലെ നിറവ്യത്യാസം ,സിഫിലിസ് ,ഫിസ്റ്റുല ,താരൻ ,തലയിലെ സോറിയാസിസ് ,വെള്ളപ്പാണ്ട് തുടങ്ങിയവയുടെ ചികിത്സയിൽ മഹാതിക്തം കഷായം ഉപയോഗിക്കുന്നു .
മണ്ഡൂര വടകം - Mandooravatakam .
മഞ്ഞപ്പിത്തം ,വിളർച്ച ,പ്രമേഹം ,മൂലക്കുരു ,വിശപ്പില്ലായ്‌മ മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് മണ്ഡൂര വടകം .
മഞ്ജിഷ്ടാദി തൈലം - Manjishtadi Thailam .
തല ,കണ്ണ് എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് മഞ്ജിഷ്ടാദി തൈലം .തലവേദന ,തലകറക്കം ,തിമിരം മുതലായവയുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ മഞ്ജിഷ്ടാദി തൈലം ഉപയോഗിക്കുന്നു .
മൂലകാദി കഷായം - Mulakadi Kashayam .
എക്സിമ ,ചൊറി ,പരു തുടങ്ങിയ കുട്ടികളിലെ ചർമ്മരോഗങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മൂലകാദി കഷായം .
നരസിംഹരസായനം -Narasimha Rasayanam.
ശരീരഭാരം വർധിപ്പിക്കുന്നതിനും, യൗവ്വനം നിലനിർത്തുന്നതിനും, ലൈംഗീകാരോഗ്യം നിലനിർത്തുന്നതിനും ,മുടിവളർച്ചയ്ക്കുമൊക്കെ നരസിംഹരസായനം ഉപയോഗിക്കുന്നു .
നവായസ ചൂർണം - Navayasa Churnam .
മഞ്ഞപ്പിത്തം ,വിളർച്ച ,ചർമ്മരോഗങ്ങൾ ,മൂലക്കുരു എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ആയൂർവേദ ഔഷധപ്പൊടിയാണ് നവായസ ചൂർണം . ഇത് ഗുളിക രൂപത്തിലും ലഭ്യമാണ് .
നീരുര്വാദി ഗുളിക -Niruryadi Gulika.
പ്രമേഹ രോഗത്തിന് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു മരുന്നാണ് നീരുര്യാദി ഗുളിക.
പഞ്ചതിക്തകം ഘൃതം -Panchathikthakam Ghrutham .
ത്വക്ക് രോഗങ്ങൾ, വിട്ടുമാറാത്ത പനി, വിളർച്ച,മൂലക്കുരു,സന്ധിവാതം തുടങ്ങിയവയുടെ ചികിത്സയിൽ പഞ്ചതിക്തം ഘൃതം ഉപയോഗിക്കുന്നു .
പടോലാദി കഷായം - Patoladi Kashayam .
പ്രധാനമായും ചർമ്മരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് പടോലാദി കഷായം .സോറിയാസിസ് ,ചുണങ്ങ് ,ചൊറിച്ചിൽ എന്നിവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
പ്രമേഹ മിഹിര തൈലം - Prameha Mihira Tailam .
പ്രമേഹം ,വാതരോഗങ്ങൾ ,മൂത്രാശയരോഗങ്ങൾ ,വിട്ടുമാറാത്ത പനി എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
പുനർനവാമണ്ഡൂരം - Punarnavamanduram .
അനീമിയ ,പൈൽസ് ,വിട്ടുമാറാത്ത പനി ,ഗ്രഹണി ,ഡെർമറ്റൈറ്റിസ്, കൃമിശല്ല്യം ,ദഹനക്കേട് മുതലായവയുടെ ചികിൽത്സയിൽ പുനർനവാമണ്ഡൂരം ഉപയോഗിക്കുന്നു .
സാരസ്വതം ഘൃതം - Sarswatham Grutham .
കുട്ടികളുടെ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിന് ഒരു പൊതു ടോണിക്കായി സാരസ്വതം ഘൃതം ഉപയോഗിക്കുന്നു .
തേകരാജ തൈലം -Tekaraja Thailam.
ചുമ ,ജലദോഷം ,ആസ്മ തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ തേകരാജ തൈലം ഉപയോഗിക്കുന്നു .
വില്വാദി ഗുളിക - Vilwadi Gulika.
വയറിളക്കം ,ഛർദ്ദി ,മലബന്ധം ,പനി ,ഗ്യാസ്ട്രബിൾ ,ഭക്ഷ്യ വിഷബാധ ,തേൾ ,ചിലന്തി ,പ്രാണികൾ ,പാമ്പ് എന്നിവയുടെ വിഷബാധ തുടങ്ങിയവയുടെ ചികിത്സയിൽ വില്വാദി ഗുളിക ഉപയോഗിക്കുന്നു .
കടുക്കയുടെ ചില ഔഷധപ്രയോഗങ്ങൾ .
കടുക്ക ഒരു ഗ്രാം മുതൽ 3 ഗ്രാം വരെ രസായന ഔഷധമായി ഉപയോഗിക്കാം .വർഷകാലത്ത് ഇന്തുപ്പ് ചേർത്തും .വസന്തകാലത്ത് തേൻ ചേർത്തും . ഗ്രീഷ്മത്തിൽ ശർക്കര ചേർത്തും .ശിശിരത്തിൽ തിപ്പലി ചേർത്തും ശരത്തിൽ പഞ്ചസാര ചേർത്തും .ഹേമന്തത്തിൽ ചുക്കു ചേർത്തും കടുക്ക കഴിയ്ക്കണമെന്ന് ആചാര്യന്മാർ പറയുന്നു .
5 ഗ്രാം കടുക്ക പൊടിച്ചത് 5 മില്ലി ആവണെക്കെണ്ണയിൽ ചാലിച്ച് ചൂടുവെള്ളത്തോടൊപ്പം 2 മുതൽ 4 ആഴ്ചവരെ രാവിലെയോ വൈകുന്നേരമൊ കഴിച്ചാൽ സന്ധിവാതം ,സയാറ്റിക്ക എന്നിവ ശമിക്കും .
ഒരു ടീസ്പൂൺ കടുക്കപ്പൊടി 8 ഇരട്ടി വെള്ളത്തിൽ തിളപ്പിച്ച് നാലിലൊന്നാക്കി വറ്റിച്ച് തേൻ ചേർത്ത് കഴിച്ചാൽ വയറിളക്കം മാറും .ഇത് കരൾ വീക്കത്തിനും നല്ലതാണ് .കടുക്കയും തിപ്പലിയും സമമായി പൊടിച്ച് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നതും വയറിളക്കം മാറാൻ നല്ലതാണ് .
കടുക്ക പൊടിച്ചു പല്ലു തേച്ചാൽ മോണ പഴുപ്പ് ,മോണവീക്കം ,മോണയിൽ നിന്നുള്ള രക്തസ്രാവം ,ദന്തക്ഷയം ,ദന്തസുഷിരം എന്നിവ മാറിക്കിട്ടും .ഇത് വയ്പ്പുണ്ണിനും നല്ലതാണ് .കടുക്ക അരച്ചു പുരട്ടിയാൽ വായ്പ്പുണ്ണ് ശമിക്കും .
കടുക്ക അരച്ച് തേൻ ചേർത്ത് കഴിക്കുന്നത് ത്വക്ക് രോഗങ്ങൾ മാറാൻ നല്ലതാണ്. കടുക്ക അരച്ച് .വെണ്ണയിൽ ചാലിച്ചു പുരട്ടിയാൽ ചൊറി ,ചിരങ്ങ് മുതലായവ മാറിക്കിട്ടും . കടുക്ക കത്തിച്ച ചാരം നെയ്യിൽ ചാലിച്ചു പുരട്ടിയാൽ ഒരുവിധപ്പെട്ട എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും .കടുക്ക അരച്ച് തേനിൽ ചാലിച്ച് വൈകിട്ട് കിടക്കാൻ നേരം കണ്ണിനു ചുറ്റും പുരട്ടിയാൽ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറിക്കിട്ടും .കടുക്ക ,നെല്ലിക്ക ,താന്നിക്ക ,ഇരട്ടിമധുരം എന്നിവ സമമായി പൊടിച്ച പൊടി (ത്രിഫലാദി ചൂർണം ) 2 ഗ്രാം വീതം ഒരു സ്‌പൂൺ തേനും അര സ്പൂൺ നെയ്യും ചേർത്ത് രാത്രി ഭക്ഷണശേഷം പതിവായി കഴിച്ചാൽ കണ്ണിന്റെ കാഴ്ചശക്തി വർധിക്കുകയും നേത്ര രോഗങ്ങൾ മാറിക്കിട്ടുകയും ചെയ്യും .ഇത് രസായന ഔഷധമാണ് .പാലിൽ ചേർത്ത് കഴിച്ചാൽ ചെറുപ്പം നിലനിർത്താൻ സഹായിക്കും .
കടുക്ക പൊടിച്ചത് ശർക്കരയോടൊപ്പം ചേർത്ത് കഴിക്കുന്നത് മൂലക്കുരു മാറാൻ നല്ലതാണ് .കടുക്ക ഗോമൂത്രത്തിൽ വേവിച്ച് തേൻ ചേർത്ത് കഴിക്കുന്നതും മൂലക്കുരുവിന് ഔഷധമാണ് .കടുക്ക അരച്ച് മോരിൽ ചേർത്ത് കഴിക്കുന്നതും മൂലക്കുരു മാറാൻ നല്ലതാണ് .
കടുക്ക ചതച്ച് വെള്ളത്തിൽ ഇട്ടുവച്ചിരുന്ന് പിറ്റേന്ന് ഈ വെള്ളം കൊണ്ട് കണ്ണു കഴുകുന്നത് നേത്രരോഗങ്ങൾ മാറാൻ നല്ലതാണ് .കടുക്ക ,താന്നിക്ക ,നെല്ലിക്ക എന്നിവ സമമായി ഉണക്കിപ്പൊടിച്ച ചൂർണം (ത്രിഫല ചൂർണം ) 3 ഗ്രാം വീതം തേനും നെയ്യും വിത്യസ്ത അളവിൽ ചേർത്ത് പതിവായി കഴിച്ചാൽ എല്ലാവിധ നേത്രരോഗങ്ങളും ശമിക്കും .ഇത് ചുമ മാറാനും നല്ലതാണ് .ഇത് നെയ്യിൽ ചാലിച്ചു പുരട്ടുന്നത് മുറിവുകൾക്കും വ്രണങ്ങൾക്കും നല്ലതാണ്
കടുക്ക കഷായമുണ്ടാക്കി കഴിച്ചാൽ മലബന്ധം മാറിക്കിട്ടും . 6 ഗ്രാം കടുക്ക ചൂടുവെള്ളത്തിൽ കലർത്തി രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ വയറിളകും. കടുക്കാപ്പൊടി 3 ഗ്രാം വീതം ശർക്കരയിൽ ചേർത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നത് ദഹനക്കേട് മാറാൻ നല്ലതാണ് .കടുക്ക ,ചുക്ക് എന്നിവ സമമായി പൊടിച്ച് ശർക്കരയും ഇന്തുപ്പും ചേർത്ത് കഴിച്ചാൽ ദഹനക്കേട് മാറിക്കിട്ടും .
3 ഗ്രാം കടുക്ക തേൻ ചേർത്ത് കുറച്ചു ദിവസം പതിവായി കഴിച്ചാൽ തൊണ്ടയിലുണ്ടാകുന്ന രോഗങ്ങൾ മാറിക്കിട്ടും .കടുക്കാപ്പൊടി 2 ഗ്രാം വീതം തേനിൽ ചേർത്ത് കുറച്ചു ദിവസം പതിവായി കഴിച്ചാൽ ചുമ, കഫക്കെട്ട് ,ഒച്ചയടപ്പ് എന്നിവ മാറും .കടുക്ക ,ഏലക്ക ,ആടലോടകത്തിന്റെ ഇല ,ഉണക്കമുന്തിരി എന്നിവ കഷായമുണ്ടാക്കി തേൻ ചേർത്ത് കഴിക്കുന്നത് ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് നല്ലതാണ് .
കടുക്കത്തോട് ,ഞെരിഞ്ഞിൽ എന്നിവയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാൽ മൂത്ര തടസം മാറിക്കിട്ടും .കടുക്ക തേനിൽ ചാലിച്ചു അരച്ചു പുരട്ടിയാൽ പൊള്ളൽ ശമിക്കും .കടുക്കാപ്പൊടി തേനിൽ ചാലിച്ചു കഴിച്ചാൽ ഛർദ്ദി ശമിക്കും .കടുക്കത്തോട് 2 ഗ്രാം വീതം തേനിൽ ചാലിച്ചു കഴിക്കുന്നത് മൂത്ര തടസ്സം മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ എന്നിവ മാറാൻ നല്ലതാണ് .ഇത് പനിക്കും നല്ലതാണ് .
കടുക്ക 3 മുതൽ 6 ഗ്രാം വരെ ഗോമൂത്രത്തിൽ ഇട്ടുവച്ചിരുന്ന് പിറ്റേന്ന് രാവിലെ അരച്ചു കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാൻ നല്ലതാണ് .ഇത് മൂലക്കുരുവിനും അസൈറ്റിസ് അഥവാ മഹോദരത്തിനും നല്ലതാണ് .ഇത് 3 ഗ്രാം വീതം 15 മില്ലി ആവണക്കെണ്ണയിൽ ചേർത്ത് രാവിലെ കഴിക്കുന്നത് വൃഷണവീക്കം മാറാൻ നല്ലതാണ് .കടുക്ക പൊടിച്ചു 3 ഗ്രാം വീതം ആവണക്കെണ്ണയിൽ ചാലിച്ച് ദിവസവും കഴിക്കുന്നത് ആമവാതത്തിനും വൃഷണവീക്കത്തിനും നല്ലതാണ്
5 ഗ്രാം കടുക്ക ഒരു ഗ്രാം ഇന്തുപ്പ് എന്നിവ 50 മില്ലി ഗോമൂത്രവും കുറച്ച് ആവണക്കെണ്ണയും ചേർത്ത് എണ്ണ അവശേഷിക്കുന്നതുവരെ തിളപ്പിച്ച് വറ്റിച്ച് അരിച്ചെടുത്ത എണ്ണ രണ്ടോ മൂന്നോ തുള്ളി വീതം ചെറു ചൂടുവെള്ളത്തിൽ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ ബീജങ്ങളുടെ എണ്ണം വർധിക്കും
ALSO READ : പാൽമുതുക്ക് ,ശരീരശക്തിക്കും ലൈംഗീകശക്തിക്കും .
കടുക്കയും ഗോമൂത്രവും ചേര്‍ന്ന ഗോമൂത്രഹരീതകി വൃക്കരോഗങ്ങൾക്ക് നല്ലതാണ് .Gomutra Haritaki ഗുളിക രൂപത്തിലും ചൂർണ രൂപത്തിലും ലേഹ്യ രൂപത്തിലും വിപണിയിൽ ലഭ്യമാണ് . 200 കടുക്ക 16 ഇടങ്ങഴി ഗോമൂത്രത്തിൽ വേവിച്ച് വറ്റിച്ച് ഉണക്കി സൂക്ഷിക്കാം .ഇതിൽ നിന്നും രണ്ടു കടുക്ക വീതം കുരു കളഞ്ഞ് തേൻ ചേർത്ത് കഴിച്ചാൽ വൃക്കരോഗങ്ങൾ ശമിക്കും .ഒരു വൈദ്യ മേൽനോട്ടത്തിൽ സൂക്ഷ്‌മമായ പഥ്യത്തോടെ കഴിച്ചാൽ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയയുടെ ആവിശ്യം വരില്ലെന്ന് ആചാര്യന്മാർ പറയുന്നു .ഇവയ്ക്കു പുറമെ പൈൽസ്, ത്വക്ക് രോഗങ്ങൾ, വീക്കം, വയറിലെ മുഴകൾ, പ്രമേഹം, വിരബാധ, പൊണ്ണത്തടി, വിളർച്ച തുടങ്ങിയവയ്ക്കും ഗോമൂത്രഹരീതകി ഔഷധമായി ഉപയോഗിക്കുന്നു . .
കടുക്ക ,കുമിഴിൻ വേര് ,ചുക്ക് ,മുത്തങ്ങ ,വയമ്പ് ,പുത്തരിച്ചുണ്ട വേര് ,മല്ലി ,ദേവതാരം ,ചെറുതേക്കിൻ വേര് ,പർപ്പടകപ്പുല്ല് എന്നിവ സമമായി എടുത്ത് കഷായമുണ്ടാക്കി തണുത്തതിനു ശേഷം അൽപം കായവും തേനും ചേർത്ത് കഴിച്ചാൽ പനി ,ചുമ ,വയറുവേദന ,വായുകോപം ,ദഹനക്കേട് ,രുചിയില്ലായ്‌മ ,വായിൽ അനുഭവപ്പെടുന്ന വരൾച്ച എന്നിവ മാറിക്കിട്ടും .
കടുക്ക ,താന്നിക്ക ,നെല്ലിക്ക ,കൂവളത്തിൻ വേര് ,മാങ്ങയണ്ടിപ്പരിപ്പ് ,ഇലവിൻ പശ ,താതിരിപ്പൂവ് ,ചുക്ക് ,ജീരകം എന്നിവ സമമായി അരച്ച് മോരിൽ വേവിച്ച് ഇന്തുപ്പും ചേർത്ത് കഴിച്ചാൽ എത്ര ശക്തിയായ വയറിളക്കവും ശമിക്കും .
ഒരു സ്‌പൂൺ കടുക്കപ്പൊടി വെള്ളത്തിൽ കലർത്തി കുറച്ചുദിവസം പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും .കടുക്ക ,താന്നിക്ക ,നെല്ലിക്ക , ദേവതാരം ,മുത്തങ്ങാക്കിഴങ്ങ് എന്നിവ സമമായി എടുത്ത് കഷായമുണ്ടാക്കി തേൻ ചേർത്ത് കഴിച്ചാൽ പ്രമേഹം ശമിക്കും .കടുക്ക ,താന്നിക്ക ,നെല്ലിക്ക ,മഞ്ഞൾ ,മരമഞ്ഞൾ ,തേറ്റാമ്പരൽ ,നീർമരുതിൻ തൊലി ,ഏകനായകത്തിൻ വേര് എന്നിവ സമമായി കഷായമുണ്ടാക്കി തേൻ ചേർത്ത് കഴിക്കുന്നതും പ്രമേഹരോഗ ശമനത്തിന് നല്ലതാണ് .
കടുക്ക കഴിക്കാൻ പാടില്ലാത്തവർ .
ഗർഭിണികളും ,മുലയൂട്ടുന്ന അമ്മമാരും ,5 വയസിൽ താഴെയുള്ള കുട്ടികളും, ക്ഷീണിതരും ,മെലിഞ്ഞവരും ,ഉപവസിക്കുന്നവരും, ശരീരത്തിൽ അമിതമായി ചൂട് അനുഭവപ്പെടുന്നവരും കടുക്ക ഉപയോഗിക്കരുത് .