ഒരു ഔഷധസസ്യമാണ് നീലയമരി .ആയുർവേദത്തിൽ പനി ,കരൾ ,പ്ലീഹ രോഗങ്ങൾ ,സന്ധിവാതം ,ആമവാതം ,കേശസംരക്ഷണം തുടങ്ങിയവയുടെ ചികിൽത്സയിൽ നീലയമരി ഔഷധമായി ഉപയോഗിക്കുന്നു .ഈ സസ്യത്തിൽ നിന്നാണ് നീലം ഉണ്ടാക്കുന്നത് .അതിനാലാണ് നീല അമരി എന്ന പേര് .ഇംഗ്ലീഷിൽ ഇൻഡിഗോ പ്ലാന്റ് എന്നും സംസ്‌കൃതത്തിൽ നീലിനി എന്നും അറിയപ്പെടുന്നു .കൂടാതെ നീലാ ,നീലിനി ,നീലികാ ,തുതഥ ,ഗ്രാമിണീ ,രജ്‌ഞിനീ തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .
Botanical name : Indigofera tinctoria.
Family: Fabaceae (Pea family).
Synonyms: Indigofera indica Lam. Indigofera sumatrana.
വിതരണം .
ഇന്ത്യയിലുടനീളം നീലയമരി കാണപ്പെടുന്നു .കൂടാതെ ഔഷധാവിശ്യങ്ങൾക്കും വ്യവസായ ആവിശ്യങ്ങൾക്കും കൃഷി ചെയ്തും വരുന്നു .
സസ്യവിവരണം .
ഒന്നര മീറ്റർ ഉയരത്തിൽ വരെ ശാഖോപശാഖകളായി വളരുന്ന ഒരു കുറ്റിച്ചെടി .ധാരാളം ശിഖിരങ്ങൾ നീലയമരി ചെടിയുടെ പ്രത്യേകതയാണ് .ഇലകൾ അസമപിച്ഛകസംയുക്തം .അവ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .പത്രകങ്ങൾ ഒൻപതെണ്ണം കാണും .ഇവ ചെറുതും നീലകലർന്ന പച്ചനിറവുമാണ് .
നീലയമരി പൂവ് വളരെ ചെറുതും ഇളം ചുവപ്പുനിറത്തിലോ മഞ്ഞകലർന്ന തവിട്ടുനിറത്തിലോ കാണപ്പെടുന്നു .പൂങ്കുല കക്ഷീയമായി ഉണ്ടാകുന്നു .പൂങ്കുലവൃന്തത്തിന് ഇലകളെക്കാൾ നീളം കുറവായിരിക്കും .ബാഹ്യദളപുടം വളരെ ചെറുതും സംയുക്തദളീയവും 5 ഖണ്ഡങ്ങളോട് കൂടിയതുമാണ് . ഇവയുടെ ഫലം പോഡാണ് .
നീലയമരി ഉപയോഗങ്ങൾ .
നീലം ഉൽപ്പാദിപ്പിക്കുന്നതിനും വസ്ത്രങ്ങൾക്ക് നിറം പിടിപ്പിക്കുന്നതിനു വേണ്ടിയും ഈ സസ്യം വ്യാപകമായി കൃഷി ചെയ്യുന്നു .രാസപദാർത്ഥങ്ങൾ ഒന്നും തന്നെയില്ലാതെ മുടി കറുപ്പിക്കാൻ ഉപയോഗിക്കുന്ന ഹെയർഡൈ ആണ് നീലയമരിപ്പൊടി .ഇതിന്റെ ഇല ഉണക്കിപ്പൊടിച്ചാണ് നീലയമരി ഡൈ തയാറാക്കുന്നത് .
രാസഘടകങ്ങൾ .
നീലയമരിയിൽ ഇൻഡിഗോട്ടിൻ എന്ന വസ്തു അടങ്ങിയിട്ടുണ്ട് .നീലയമരി സമൂലം ചതച്ച് വെള്ളത്തിൽ തിളപ്പിക്കുമ്പോൾ അടിയിൽ അടിഞ്ഞു കൂടുന്ന വസ്തു ഉണക്കിയതിൽ സൾഫ്യൂറിക്കമ്ലം ചേർക്കുമ്പോൾ സൾഫ്യൂറിക്കമ്ലത്തിൽ ലയിച്ചു കിട്ടുന്ന വസ്തുവാണ് ഇൻഡിഗോട്ടിൻ.
പ്രാദേശികനാമങ്ങൾ .
Common name-True Indigo ,Diard Indgo , Indigo Plant.
Malayalam-Amari ,Avari , Neelayamari.
Hindi-Neel , Neelkaper , Neelika.
Tamil -Avari , Neelamavari , Amuri.
Telugu-Aviri, Neelichettu.
Kannada-Anjoora, Neeli.
Bengali-Neel , Neelagachi.
Gujarati -Gali ,Neel.
Marathi-Neeli , Guli.
ഔഷധയോഗ്യഭാഗങ്ങൾ .
സമൂലം .
രസാദിഗുണങ്ങൾ .
രസം-തിക്തം.
ഗുണം-രൂക്ഷം, ലഘു.
വീര്യം-ഉഷ്ണം.
വിപാകം-കടു .
നീലയമരിയുടെ ഔഷധഗുണങ്ങൾ .
നീല അമരിയിൽ അടങ്ങിയിരിക്കുന്ന ഇൻഡിഗോട്ടിൻ എന്ന ഘടകം ജരാനരകളെ അകറ്റുന്നതും മുടിയഴക് വർധിപ്പിക്കുന്നതുമാണ് .കരൾ രോഗങ്ങൾക്കും വാത രോഗങ്ങൾക്കും ഉത്തമ ഔഷധമാണ് .കരളിന്റെയും പ്ലീഹയുടെയും പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു .വാതരക്തം ,സന്ധിവാതം ,ആമവാതം എന്നിവയെ ശമിപ്പിക്കും .വയറുവേദന ,വയറ്റിലെ മുഴകൾ ,വിരബാധ എന്നിവയ്ക്കും നല്ലതാണ് .പനി ,തലവേദന ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയ്ക്കും നല്ലതാണ് .തലകറക്കം ,വിഭ്രാന്തി ,അപസ്‌മാരം എന്നിവയ്ക്കും നല്ലതാണ് .മുറിവുകൾ ,ചർമ്മരോഗങ്ങൾ ,പ്രമേഹം ,മൂത്രതടസ്സം,മൂത്രത്തിൽ കല്ല് എന്നിവയ്ക്കും നല്ലതാണ് .വിഷശമന ശക്തിയുണ്ട്. പ്രാണികളുടെ കടി ,തേൾവിഷം മുതലായവ ശമിപ്പിക്കും .അണുബാധയെ ചെറുക്കുന്നതിനുമുള്ള കഴിവുണ്ട് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിത്സിക്കരുത് .
നീലയമരി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
നീലിഭൃംഗാദി കേരതൈലം - Nilibhringadi keratailam.
മുടിയുടെ സംരക്ഷണത്തിന് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന എണ്ണയാണ് നീലിഭൃംഗാദി എണ്ണ .മുടികൊഴിച്ചിൽ ,മുടിയുടെ അറ്റം പിളരുക ,താരൻ ,തലയിലെ ചൊറിച്ചിൽ ,അകാലനര എന്നിവ ഇല്ലാതാക്കി നല്ല കറുപ്പോടെ മുടി സമൃദ്ധമായി വളരാൻ നീലിഭൃംഗാദി ഉപയോഗിക്കുന്നു . ഇത് വെളിച്ചെണ്ണയിൽ കാച്ചിയെടുക്കുന്നതിനെ നീലിഭൃംഗാദി കേരതൈലം എന്നും എള്ളെണ്ണയിൽ കാച്ചിയെടുക്കുന്നതിനെ നീലിഭൃംഗാദി തൈലം എന്നും അറിയപ്പെടുന്നു . പ്രായം ,ശരീരഘടന എന്നിവ മനസിലാക്കി ഒരു ഡോക്ടറാണ് തീരുമാനിക്കേണ്ടത് ഇതിൽ ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടതെന്ന് .
ചെമ്പരുത്യാദി കേരതൈലം - Chemparuthyadi keratailam.
ത്വക്ക് രോഗങ്ങളുടെ ചികിത്സയ്ക്കായി ആയുർവേദത്തിൽ ഉപയോഗിക്കുന്ന വളരെ പ്രശസ്‌തമായ ഒരു എണ്ണയാണ് ചെമ്പരുത്യാദി കേര തൈലം .പ്രത്യേകിച്ച് കുട്ടികളുടെ ചൊറി ,കരപ്പൻ മുതലായ എല്ലാ ചർമ്മ രോഗങ്ങൾക്കും ചെമ്പരുത്യാദി കേര തൈലം ഉപയോഗിച്ചു വരുന്നു .
കുന്തളകാന്തി തൈലം - Kuntalakantitailam.
മുടികൊഴിച്ചിൽ ഇല്ലാതാക്കാനും ,മുടിക്ക് നല്ല ഉള്ള് വെയ്ക്കാനും ,മുടിക്ക് നല്ല കറുപ്പു നിറം കിട്ടാനും കുന്തളകാന്തി തൈലം ഉപയോഗിക്കുന്നു .
നീലീദളാദി കേര തൈലം - Nilidaladi Kera Tailam.
ചിലന്തി പോലെയുള്ള വിഷജന്തുക്കളുടെ കടിമൂലമുള്ള വിഷബാധയും അതുമൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങൾക്കും നീലീദളാദി കേര തൈലം ഉപയോഗിച്ചു വരുന്നു .പുറമെ ഉള്ള ഉപയോഗത്തിനു മാത്രമാണ് ഈ തൈലം ഉപയോഗിക്കുന്നത് .
വിഭാ ഹെയർ കെയർ ക്രീം - Vibha Hair Care Cream .
മുടിയുടെ തിളക്കവും നിറവും വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഹെയർ ക്രീമാണ് വിഭാ ഹെയർ കെയർ ക്രീം.
അരവിന്ദാസവം -Aravindasavam.
കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അരവിന്ദാസവം .കുട്ടികൾക്കുണ്ടാകുന്ന എല്ലാ ശാരീരിക മാനസിക രോഗങ്ങൾക്കും വളരെ ഫലപ്രദമാണ് ഈ ഔഷധം .വിശപ്പില്ലായ്‌മ ,ശരീര ഭാരക്കുറവ് ,ആരോഗ്യമില്ലായ്മ ,കാരണമില്ലാതെ കരയുക, ഉന്മേഷമില്ലായ്‌മ തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
മഹാപഞ്ചഗവ്യഘൃതം -Mahapanchagavya Ghritam.
പനി ,ചുമ ,അപസ്‌മാരം ,ഫിഷർ ,ഫിസ്റ്റുല ,കരൾരോഗങ്ങൾ ,വിളർച്ച ,മാനസികരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ മഹാപഞ്ചഗവ്യഘൃതം ഉപയോഗിക്കുന്നു .
നീലയമരിയുടെ ചില ഔഷധപ്രയോഗങ്ങൾ .
നീലയമരിയുടെ ഇല അരച്ച് പുരട്ടുന്നത് പൊള്ളലിനും മുറിവുകൾക്കും ,തേൾ ,പഴുതാര മുതലായവയുടെ വിഷം ശമിക്കുന്നതിനും നല്ലതാണ് .ഇല എണ്ണകാച്ചി പുരട്ടുന്നത് പഴകിയ വ്രണങ്ങൾ,ശരീരം ചൊറിച്ചിൽ ,പുഴുക്കടി ,ചുണങ്ങ് എന്നിവയ്ക്ക് നല്ലതാണ് .
ഇലനീര് 10 മില്ലി വീതം തേനും ചേർത്ത് ദിവസം രണ്ടുനേരം വീതം കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .ഇത് പ്ലീഹാ വീക്കത്തിനും നല്ലതാണ് .ഇല അരച്ച് നെറുകയിൽ പുരട്ടുന്നത് കാഴ്ച്ചശക്തി വർധിപ്പിക്കാൻ നല്ലതാണ് .ഇല നീര് കഴിക്കുന്നത് വൃക്കരോഗം മൂലം ശരീരത്തിലുണ്ടാകുന്ന നീര് മാറാൻ നല്ലതാണ് .ഇത് ചുമ ,ആസ്മ എന്നിവയ്ക്കും നല്ലതാണ് .ഇല അരച്ച് പാലിൽ ചേർത്ത് കഴിക്കുന്നത് ഭക്ഷ്യ വിഷബാധ മാറാൻ നല്ലതാണ് .
നീലയമരിയുടെ വേര് കഷായമുണ്ടാക്കി കഴിച്ചാൽ വയറുവേദനയ്ക്ക് ശമനമുണ്ടാകും .ഈ കഷായം ഹെര്‍ണിയ അഥവാ കുടലിറക്കം മാറാനും നല്ലതാണ് .നീലയമരിയുടെ വേര് അരച്ച് ചൂടാക്കി ചെറിയ ചൂടോടെ നാഭിക്കു താഴെ പൂശിയാൽ മൂത്ര തടസ്സം മാറിക്കിട്ടും .നീലയമരിയുടെ വേര് കഷായമുണ്ടാക്കി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .
ALSO READ : ശതാവരി , ശരീരപുഷ്ടിക്കും ലൈംഗികശേഷിക്കും ഔഷധം .
ഇല അരച്ച് രക്തചന്ദനവും ചേർത്ത് പതിവായി മുഖത്ത് പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറിക്കിട്ടും .കസ്തൂരിമഞ്ഞള്‍, രക്ത ചന്ദനം, മഞ്ചട്ടി എന്നിവ നീലയമരി നീരില്‍ അരച്ച് പുരട്ടുന്നതും മുഖത്തെ പാടുകള്‍മാറാൻ നല്ലതാണ് .നീലയമരിയുടെ ഇല , വേര് ,തൊലി എന്നിവ അരച്ച് പാൽപ്പാടയിൽ ചാലിച്ച് കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കൺതടങ്ങളിലെ കറുപ്പ് മാറും..നീലയമരിയുടെ ഇലയുടെ നീര് ചെവിയിൽ ഒഴിച്ചാൽ ചെവി പഴുപ്പ് മാറിക്കിട്ടും .ഇല അരച്ച് തലയിൽ തേച്ചു കുളിക്കുന്നത് താരൻ ,തലയിലെ ചൊറിച്ചിൽ എന്നിവ മാറാൻ നല്ലതാണ് .
നീല അമരി ,കയ്യോന്നി ,നെല്ലിക്ക ,തുളസിയില എന്നിവ സമമായി ഇടിച്ചു പിഴിഞ്ഞ നീരിൽ എണ്ണ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ മാറുകയും മുടി തഴച്ച് വളരുകയും ചെയ്യും .മൈലാഞ്ചിയില ,കൊന്നപ്പൂവ് , നീലയമരി, വള്ളിയുഴിഞ്ഞ, ചെമ്പരത്തി എന്നിവ സമമായി അരച്ച് എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കുന്നത് മുടി പൊട്ടി പോകുന്നത് മാറാൻ നല്ലതാണ് .
അമരിയില ,ത്രിഫല ,കയ്യോന്നി എന്നിവ അരച്ച് ഇരുമ്പിൻ പൊടിയും ചേർത്ത് തലയിൽ പതിവായി പുരട്ടിയാൽ ചെമ്പിച്ച മുടി കറക്കുമെന്ന് പറയപ്പെടുന്നു .നീലയമരിയുടെ ഇല അരച്ച് വെളിച്ചെണ്ണ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടിക്കായ മാറിക്കിട്ടും.
നീലയമരി പൊടി കൊണ്ട് നരച്ച മുടി എങ്ങനെ കറുപ്പിക്കാം.
ഒരു ഗ്ലാസ് വെള്ളത്തിൽ മൂന്നോ നാലോ സ്പൂൺ തേയിലപ്പൊടി ഇട്ടു തിളപ്പിച്ചു അരിച്ചെടുക്കുക .തണുത്തതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ മൈലാഞ്ചി പൊടി ചേർത്തിളക്കി മുടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക .കഴുകി കളയുമ്പോൾ മുടിക്ക് ബ്രൗൺ നിറമാകും.മുടി കറുപ്പിക്കാൻ വേണ്ടി അൽപം ചൂടുവെള്ളത്തിൽ മുടിയിൽ തേക്കുവാൻ ആവശ്യമായ നീലയമരിപ്പൊടി കലക്കി മുടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക .ഇത് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം. ഇതേപോലെ മൂന്നു ദിവസം അടുപ്പിച്ചു ചെയ്യണം .പിന്നീട് ആഴ്ചയിലൊരു ദിവസം ചെയ്താൽ മതിയാകും .