ഒരു ഔഷധസസ്യമാണ് ശതാവരി .ആയുർവേദത്തിൽ മുലപ്പാൽ വർധന ,ലൈംഗീക ശേഷിക്കുറവ് ,മൂത്രാശയ രോഗങ്ങൾ മുതലായവയുടെ ചികിത്സയിൽ ശതാവരി ഔഷധമായി ഉപയോഗിക്കുന്നു ,ഇംഗ്ലീഷിൽ വൈൽഡ് അസ്പരാഗസ് എന്നും സംസ്‌കൃതത്തിൽ ശതാവരി എന്നും അറിയപ്പെടുന്നു .കൂടാതെ ശതപദി ,പീവരി ,അഭിരു ,അധകാണ്ഡക ,ഇന്ദീവരി ,ബഹുസൂത ,മദഭഞ്ജനി ,ശതമൂലി ,ശതവീര്യ ,സൂക്ഷ്മപത്ര ,അതിരസ ,ഋഷ്യപ്രോക്ത ,ഊർദ്ധ്വകണ്ഡക ,നാരായണി ,ഫണിജിഹ്വപർണ്ണി തുടങ്ങിയ നിരവധി സംസ്‌കൃത നാമങ്ങളും ശതാവരിക്കുണ്ട് .
നൂറ് പാദങ്ങൾ അല്ലങ്കിൽ വേരുകളുള്ള എന്ന അർത്ഥത്തിൽ ശതപദി ,ശതമൂലി എന്നീ സംസ്‌കൃത നാമങ്ങളിലും .ഇതിന്റെ വേര് മാംസളമായത് എന്ന അർത്ഥത്തിൽ പീവരി എന്ന പേരിലും .ഇതിന് താഴേക്ക് വളഞ്ഞ മുള്ളുകൾ ഉള്ളതിനാൽ അധകാണ്ഡക എന്ന പേരിലും .കിഴങ്ങുകൾ ശ്രേഷ്ഠമായത് എന്ന അർത്ഥത്തിൽ വരി എന്ന പേരിലും .ഒന്നിലധികം സന്താനങ്ങളെ നൽകുന്നു എന്ന അർത്ഥത്തിൽ ബഹുസൂത എന്ന പേരിലും .ഉന്മാദത്തെ ശമിപ്പിക്കുന്നു എന്ന അർത്ഥത്തിൽ മദഭഞ്ജനി എന്ന പേരിലും .നൂറ് ഗുണങ്ങളുള്ളത് എന്ന അർത്ഥത്തിൽ ശതവീര്യ എന്ന പേരിലും .നേർത്ത ഇലകളുള്ളത് എന്ന അർത്ഥത്തിൽ സൂക്ഷ്മപത്ര എന്ന പേരിലും .ധാരാളം നീരുള്ളത് എന്ന അർത്ഥത്തിൽ അതിരസ എന്ന പേരിലും ഇതിന്റെ ഔഷധഗുണത്തെ ഋഷിമാർ അംഗീകരിച്ചത് എന്ന അർത്ഥത്തിൽ ഋഷ്യപ്രോക്ത എന്ന പേരിലും .മംഗളകരമായത് അല്ലങ്കിൽ ദിവ്യമായത് എന്ന അർത്ഥത്തിൽ നാരായണി എന്ന പേരിലും ..പാമ്പിന്റെ നാക്കുപോലെ ഇലകളുള്ളത് എന്ന അർത്ഥത്തിൽ ഫണിജിഹ്വപർണ്ണി എന്ന പേരിലും .മധുര രസമുള്ളത് എന്ന അർത്ഥത്തിൽ സ്വാദൂരസ എന്ന സംസ്കൃതനാമത്തിലും ശതാവരി അറിയപ്പെടുന്നു .
Botanical name: Asparagus racemosus .
Family: Asparagaceae (Asparagus family).
Synonyms: Asparagopsis abyssinica, Asparagus zeylanicus, Asparagus stachyodes.
വിതരണം .
ഇന്ത്യയിലുടനീളം കാടുകളിലും പറമ്പുകളിലും ശതാവരി കാണപ്പെടുന്നു .
സസ്യവിവരണം .
ഒരു വള്ളിച്ചെടിയാണ് ശതാവരി .ഇതിന്റെ ഇലകളിലും തണ്ടുകളിലും മുള്ളുകൾ കാണപ്പെടുന്നു .ഇളം തണ്ടുകൾക്ക് പച്ചനിറവും മൂപ്പെത്തിയിയാൽ ചാരനിറമായി മാറുന്നു .വെളുത്ത നിറത്തിലുള്ള പൂക്കൾ കുലകളായി ഉണ്ടാകുന്നു .ഇവയിൽ പച്ചനിറത്തിലുള്ള ഗോളാകൃതിയിലുള്ള കായകൾ ഉണ്ടാകുന്നു .മണ്ണിനടിയിൽ കപ്പക്കിഴങ്ങുപോലെയുള്ള ധാരാളം ചെറിയ കിഴങ്ങുകൾ ഉണ്ടാകുന്നു .കിഴങ്ങും വിത്തും ഉപയോഗിച്ച് ശതാവരി വളർത്തിയെടുക്കാം .കിഴങ്ങ് ഭക്ഷ്യയോഗ്യമാണ് .അച്ചാറിടാൻ ഉപയോഗിക്കാറുണ്ട് .
ശതാവരി ഇനങ്ങൾ .
ശതാവരി - സാധാരണ ഉപയോഗിക്കുന്നത് - Asparagus racemosu. മഹാ ശതാവരി - വലിയ ഇനം - Asparagus sarmentosus Linn . എന്നിങ്ങനെ രണ്ടിനം ശതാവാരിയെ കുറിച്ചു പറയുന്നുണ്ട് .ഇവയ്ക്ക് രണ്ടിനും സമാന ഗുണങ്ങളാണ് .
രാസഘടകങ്ങൾ .
ശതാവരിയുടെ കിഴങ്ങിൽ ശതാവരിൻ -1 എന്ന ഗ്ലൈക്കോസൈഡ് അടങ്ങിയിരിക്കുന്നു .ഇതിന് രസായന ഗുണങ്ങളുണ്ട് .ഇതിന് മാനസിക സമ്മർദം കുറയ്ക്കാനും മുലപ്പാൽ വർധിപ്പിക്കാനുമുള്ള കഴിവുണ്ട് .കൂടാതെ ഫ്ലേവനോയിഡുകൾ ,പോളിഫീനോളിക് ആസിഡുകൾ ,ഫൈറ്റോ ഈസ്ട്രജനുകൾ എന്നിവയും .വിറ്റാമിൻ സി ,വിറ്റാമിൻ ഇ ,വിറ്റാമിൻ എ ,സിങ്ക് ,മാംഗനീസ് ,കോപ്പർ ,കാൽസ്യം ,പൊട്ടാസ്യം എന്നീ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു .ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ഈസ്ട്രജനുകൾ സ്ത്രീകളിലെ പ്രത്യുത്പാദന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു .ഇത് ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയും ആർത്തവ വിരാമത്തിൻ്റെ കാലയളവിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയുന്നു .
പ്രാദേശികനാമങ്ങൾ .
മലയാളം - ശതാവരി, ശതാവരികിഴങ്ങ് .
തമിഴ് - സതാവരി കിഴങ്ങു ,തണ്ണീർവിട്ടാങ്കിഴങ്ങ്.
തെലുങ്ക് - ചല്ലഗഡ്ഡ , പിള്ളിതേഗലു .
കന്നഡ,- മജ്ജിഗെ ഗഡ്ഡെ ,ഹലവു മക്കള തായി ബേരു.
ഹിന്ദി - ശതാവരി , ശതാവർ, ശതമൂലി .
ബംഗാളി - ശതാമുലി .
മറാത്തി-സതാവരി.
ഗുജറാത്തി - ശതാവരി .
ഒറിയ - വരി .
ഔഷധയോഗ്യഭാഗങ്ങൾ .
കിഴങ്ങ് ,ഇല .
രസാദിഗുണങ്ങൾ .
രസം -തിക്തം ,മധുരം .
ഗുണം -ഗുരു ,സ്നിഗ്ധം.
വീര്യം -ശീതം .
വിപാകം -മധുരം .
പ്രഭാവം - രസായനം.
ശതാവരിയുടെ ഔഷധഗുണങ്ങൾ .
ആയുർവേദത്തിൽ ദശമൂലം പോലെ ഒരു ഔഷധക്കൂട്ടാണ് ജീവനപഞ്ചമൂലം. ശതാവരി ,കോവൽക്കിഴങ്ങ് ,അടപതിയൻ കിഴങ്ങ് ,ജീവകം ,ഇടവകം എന്നിവ അഞ്ചും ചേരുന്നതാണ് ജീവനപഞ്ചമൂലം എന്ന് അറിയപ്പെടുന്നത് .ജീവന പഞ്ചമൂലം എന്നാൽ മധുര രസമുള്ള അഞ്ചു സസ്യങ്ങളുടെ വേരുകളെയാണ് സൂചിപ്പിക്കുന്നത് .ഈ ഔഷധക്കൂട്ട് പിത്തത്തെയും വാതത്തെയും ശമിപ്പിക്കുന്നു. ശരീരശക്തിയും പ്രതിരോധശേഷിയും വർധിപ്പിക്കും .പൊതുവായ ക്ഷീണം, രോഗ ശേഷം ഉണ്ടാകുന്ന ക്ഷീണം എന്നിവ മാറ്റാൻ സഹായിക്കുന്നു.അമിത ദാഹം, ശരീരത്തിലെ പുകച്ചിൽ, ചൂട് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.പ്രത്യുത്പാദന ആരോഗ്യം മെച്ചപ്പെടുത്തുന്നു .
ച്യവനപ്രാശം പോലെയുള്ള മരുന്നുകൾ തയാറാക്കാൻ ഉപയോഗിക്കുന്ന അഷ്ടവർഗത്തിൽ പെടുന്ന സസ്യങ്ങളായ മേദാ ,മഹാമേദാ എന്നീ സസ്യങ്ങൾ കിട്ടാതെ വരുമ്പോൾ അതിനു പകരമായി ശതാവരിക്കിഴങ്ങ് ഉപയോഗിക്കാറുണ്ട് .
രസായന ഗുണങ്ങൾ : ,ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു. കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. ശരീരം ക്ഷയിക്കുന്ന രോഗാവസ്ഥകളിൽ ശരീരത്തിന് ബലം നൽകാനും ഊർജ്ജം തിരികെ കൊണ്ടുവരാനും സഹായിക്കുന്നു .ലൈംഗീക ശേഷി വർധിപ്പിക്കും .ശരീരം പുഷ്ടിപ്പെടുത്തും .മുലപ്പാൽ വർധിപ്പിക്കും .ബീജങ്ങളുടെ എണ്ണം വർധിപ്പിക്കും .ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കും.
മൂത്രാശയ രോഗങ്ങൾ,: മൂത്രത്തിൽ ഉണ്ടാകുന്ന അണുബാധകൾ, പുകച്ചിൽ, കല്ലുകൾ എന്നിവ ഇല്ലാതാകാൻ സഹായിക്കുന്നു .
ആർത്തവ പ്രശ്നങ്ങൾ: ക്രമം തെറ്റിയ ആർത്തവം, ആർത്തവ വേദന , അമിതമായ രക്തസ്രാവം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു. ആർത്തവവിരാമ സമയത്തെ ഹോർമോൺ വ്യതിയാനങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ ,ചൂട്, ക്ഷീണം എന്നിവ ഇല്ലാതാകാൻ സഹായിക്കുന്നു .വെള്ളപോക്കിനും നല്ലതാണ് .
ദഹനപ്രശ്‌നങ്ങൾ : ഇതിൻ്റെ തണുപ്പുള്ള സ്വഭാ,വം വയറ്റിലെ അമിതമായ ചൂടും പിത്തവും കുറയ്ക്കുന്നു. പുളിച്ചു തികട്ടൽ നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്‌മ ,ദഹനക്കേട് എന്നിവ പരിഹരിക്കുന്നു .അൾസർ, ഗ്യാസ്‌ട്രൈറ്റിസ് എന്നിവയ്ക്കും നല്ലതാണ് .
മാനസികാരോഗ്യം : മാനസിക സമ്മർദ്ദം, ഉത്കണ്ഠ,വിഷാദം എന്നിവ ഇല്ലാതാക്കി മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു. ഉറക്കമില്ലായ്മ പരിഹരിക്കാൻ സഹായിക്കുന്നു .
മുലപ്പാൽ ഉത്പാദനം : മുലയൂട്ടുന്ന അമ്മമാരിലെ മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നു .
വന്ധ്യത : സ്ത്രീകളിലെ ഗർഭധാരണ പ്രശ്നങ്ങൾ ,വന്ധ്യത എന്നിവ പരിഹരിക്കാൻ സഹായിക്കുന്നു .ഇത് ഗർഭാശയത്തിന് ബലം നൽകുകയും ചെയ്യുന്നു .
മറ്റ് ഉപയോഗങ്ങൾ : ശരീരത്തിന് കുളിർമ ഉണ്ടാക്കും .രക്തം ശുദ്ധീകരിക്കും .വൃക്കരോഗങ്ങൾ ,കരൾ രോഗങ്ങൾ ,ഹൃദ്രോഗം ,രക്തസമ്മർദ്ദം എന്നിവയ്ക്കും നല്ലതാണ് .പനി ,ആസ്മ ,വയറിളക്കം ,വയറുവേദന ,വീക്കം ,വാതം ,പിത്തം എന്നിവയ്ക്കും നല്ലതാണ് .വേദന ,പുകച്ചിൽ ,രക്തപിത്തം ,മഞ്ഞപ്പിത്തം ,പൈൽസ് എന്നിവയ്ക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . ശതാവരി ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.
ശതാവരി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
ശതാവരീഗുളം (Satavarigulam).
സ്ത്രീ രോഗങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന ഒരു മരുന്നാണ് ശതാവരീഗുളം .വെള്ളപോക്ക് ,ആർത്തവ കാലത്തെ അമിത രക്തസ്രാവം ,ആർത്തവ വേദന ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ എന്നിവയ്ക്കും ശരീരപുഷ്ടിക്കും ഈ ഔഷധം ഉപയോഗിക്കുന്നു .ശരീരത്തിലെ ധാതുക്കളെ പോഷിപ്പിച്ച് പ്രതിരോധശേഷിയും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. കൂടാതെ നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടൽ, ഗ്യാസ്‌ട്രൈറ്റിസ്,അൾസർ തുടങ്ങിയവയ്ക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
ശതാവര്യാദി ഘൃതം (Satavaryadi Ghritam).
മൂത്രാശയ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ മരുന്നാണ് ശതാവര്യാദി ഘൃതം. മൂത്രതടസ്സം ,മൂത്രത്തിൽ കല്ല് മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു . കൂടാതെ കൈകാൽ വേദന ,വയറുവേദന ,മുലപ്പാൽ വർധന ,ദഹനപ്രശ്നങ്ങൾ തുടങ്ങിയവയുടെ ചികിൽത്സയിലും ശതാവര്യാദി ഘൃതം ഉപയോഗിക്കുന്നു .
സാരസ്വതാരിഷ്ടം (Saraswatarishtam).
ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കുന്ന ഒരു ടോണിക്കാണ് സാരസ്വതാരിഷ്ടം.മാനസികമായും ഞരമ്പു സംബന്ധമായും ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കുവാനും ശരീരാരോഗ്യം മെച്ചപ്പെടുത്താനും സാധാരണയായി ഈ ഔഷധം ഉപയോഗിക്കുന്നു .അപസ്‌മാരം ,ഭ്രാന്ത് ,വിഷാദരോഗം എന്നിവയുടെ ചികിൽത്സയിലും പ്രധിരോധ ശേഷിക്കുറവ് ,ആർത്തവക്രമക്കേടുകൾ ,രക്തക്കുറവ് ,ബീജത്തിന്റെ കൗണ്ട് കുറവ് എന്നിവയുടെ ചികിൽത്സയിലും സാരസ്വതാരിഷ്ടം ഉപയോഗിക്കുന്നു .
വിദാര്യാദ്യാസവം (Vidaryadyasavam).
വാതരോഗങ്ങൾ ,ശരീരവേദന ,ദഹനസംബന്ധമായ പ്രശ്‍നങ്ങൾ ,ചുമ ,ആസ്മ എന്നിവയുടെ ചികിൽത്സയിലും ശരീരഭാരം വർധിപ്പിക്കുന്നതിനും വിദാര്യാദ്യാസവം ഉപയോഗിച്ചു വരുന്നു .
ധന്വന്തരം തൈലം (Dhanwantharam Thailam ).
എല്ലാത്തരം വാതരോഗങ്ങളുടെയും ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് ധന്വന്തരം തൈലം. കൂടാതെ ഒടിവ് ,ചതവ് ,മുറിവ് ,ക്ഷതം , വേദന, തലവേദന തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് ധന്വന്തരം തൈലം ഉപയോഗിച്ചു വരുന്നു .പ്രസവശേഷം സ്ത്രീകളുടെ ശരീരബലം വർധിപ്പിക്കുന്നതിന് ഇത് മസ്സാജിങ്ങിനായി ഉപയോഗിക്കുന്നു .
ച്യവനപ്രാശം (Chyavanaprasam) .
ആയുർവേദത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു രസായന ഔഷധമാണ് ച്യവനപ്രാശം .രസായനം എന്നാൽ വാർദ്ധക്യം തടയുന്നതും ശരീരത്തിലെ എല്ലാ ധാതുക്കളെയും പോഷിപ്പിക്കുന്നതും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതുമാണ് .ഇത് ഉപയോഗിക്കുന്നത് മൂലം സാധാരണയുണ്ടാകുന്ന രോഗങ്ങളായ ജലദോഷം, ചുമ, പനി എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു.ചുമ ,ആസ്മ ,ശ്വാസം മുട്ട് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കുന്നു .ഇത് ചർമ്മത്തിനും മുടിക്കും പോഷണം നൽകുന്നു .ഇത് ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുകയും, കരളിൻ്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും .ഇത് ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു .ഇത് ഓർമ്മശക്തി വർധിപ്പിക്കാനും തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു .
വാതാശമനീ തൈലം (Vatasani Tailam).
എല്ലാത്തരം വാതരോഗങ്ങൾക്കും ഉപയോഗിക്കുന്ന ഒരു തൈലമാണ് വാതാശമനീ തൈലം.കൂടാതെ ഉളുക്ക് ,ഒടിവ് തുടങ്ങിയവയുടെ ചികിത്സയിലും ഉപയോഗിക്കുന്നു .
ബലാധാത്ര്യാദി തൈലം (Baladhathryadi Tailam) .
തലവേദന ,ശരീരം പുകച്ചിൽ ,തലപുകച്ചിൽ ,കണ്ണ് പുകച്ചിൽ ,സന്ധിവാതം മുതലായവയുടെ ചികിൽത്സയിൽ ബലാധാത്ര്യാദി തൈലം ഉപയോഗിച്ചു വരുന്നു .
മഹാസ്നേഹം (Mahasneham Ghrutham).
പ്രധാനമായും വാതരോഗങ്ങളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .വാത രോഗങ്ങൾ ,സന്ധി വേദനകൾ, സന്ധികളിലെ പിടുത്തം ,വീക്കം തുടങ്ങിയ വാതസംബന്ധമായ എല്ലാ രോഗങ്ങളിലും ഈ ഔഷധം ഉപയോഗിക്കുന്നു .
അമൃതപ്രാശ ഘൃതം (Amrithaprasa Ghritam)
പനി ,ആസ്മ ,ചുമ ,ലൈംഗീകശേഷിക്കുറവ് ,ബീജങ്ങളുടെ എണ്ണക്കുറവ് ,വെള്ളപോക്ക് മുതലായവയുടെ ചികിൽത്സയിൽ അമൃതപ്രാശഘൃതം ഉപയോഗിക്കുന്നു .
ഹിമസാഗര തൈലം (Himasagara Tailam).
വാതസംബന്ധമായി ഉണ്ടാകുന്ന വേദന ,പുകച്ചിൽ ,ശരീരവേദന ,തോള് ,കഴുത്ത് എന്നിവിടങ്ങളിലുണ്ടാകുന്ന വേദന, മരവിപ്പ് .എന്നിവയുടെ ചികിൽത്സയിലും .ഉറക്കക്കുറവ് ,മാനസിക രോഗങ്ങൾ ,അമിത കോപം .മുടികൊഴിച്ചിൽ ,അകാല നര എന്നിവയുടെ ചികിത്സയിലും ഹിമസാഗര തൈലം ഉപയോഗിച്ചു വരുന്നു .ഈ തൈലം പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .
വിദാര്യാദി ലേഹം (Vidaryadi Leham).
ശരീരപുഷ്ടിക്കും ,ശരീരബലം വർധിപ്പിക്കുന്നതിനും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുമാണ് വിദാര്യാദി ലേഹം പ്രധാനമായും ഉപയോഗിക്കുന്നത് .ഇത് ശരീരത്തിന് ബലവും ഓജസ്സും വർധിപ്പിക്കുന്നു .മെലിഞ്ഞവർക്ക് ശരീരഭാരം കൂട്ടാനും സഹായിക്കുന്നു .ചുമ ,ശ്വാസം മുട്ടൽ ,കഫക്കെട്ട് എന്നിവ ഇല്ലാതാക്കി ശ്വാസകോശത്തിന് ബലം നൽകാൻ സഹായിക്കുന്നു .ഇത് ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും, ബീജങ്ങളുടെ എണ്ണം വർധിപ്പിക്കാനും സഹായിക്കുന്നു .വിദാരി എന്നാൽ പാൽമുതുക്ക് എന്നാണ് അർത്ഥമാക്കുന്നത് .പാൽമുതുക്കാണ് ഇതിലെ പ്രധാന ചേരുവ .
ധാന്വന്തരം കഷായം (Dhanvantaram Kashayam)
പ്രസവാനന്തര ക്ഷീണം അകറ്റാനും ,ദഹനപ്രശ്‌നങ്ങൾ ,ചുമ, ജലദോഷം, ബ്രോങ്കൈറ്റിസ്,വാതരോഗങ്ങൾ ,മൂത്രാശയരോഗങ്ങൾ ,ഹെർണിയ തുടങ്ങിയ രോഗങ്ങൾക്ക് ധാന്വന്തരം കഷായം ഉപയോഗിച്ചു വരുന്നു .
ധാന്വന്തരാരിഷ്ടം (Dhanwanthararishtam)
പ്രധാനമായും പ്രസവാനന്തര ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ധന്വന്തരാരിഷ്ടം.പ്രസവാനന്തരം സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുന്നതിന് ഈ ഔഷധം ഗുണകരമാണ് .മലബന്ധം ,ഹെർണിയ ,പൈൽസ് എന്നിവ ഇല്ലാതാക്കും .ദഹനവും പ്രതിരോധശേഷിയും വർധിപ്പിക്കും .ഗ്യാസ്ട്രബിളും വയറ്റിലെ മറ്റ് അശ്വസ്തതകളും ഇല്ലാതാക്കുകയും ചെയ്യുന്നു .
മുറിവെണ്ണ (Murivenna).
മുറിവ് ,വ്രണങ്ങൾ ,പൊള്ളൽ .ഒടിവ് ,ചതവ് ,ഉളുക്ക് ,വേദന എന്നിവയ്‌ക്കെല്ലാം മുറിവെണ്ണ സാധാരണയായി ഉപയോഗിക്കുന്നു .വാതസംബന്ധമായ രോഗങ്ങൾ .അസ്ഥികളുടെ തേയ്‌മാനം തുടങ്ങിയ അവസ്ഥകളിൽ ഇത് ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .
പ്രസാരിണി തൈലം (Prasarani Tailam).
ആമവാതം, പക്ഷാഘാതം ,മുഖത്തെ പക്ഷാഘാതം (ബെൽസ് പാൾസി) എന്നീ രോഗാവസ്ഥകളിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു എണ്ണയാണ് പ്രസാരിണി തൈലം .ഇത് ബാഹ്യമായി മാത്രമാണ് ഉപയോഗിക്കുന്നത് .
വരണാദി കഷായം (Varanadi Kashayam).
വായുകോപം ,ദഹനക്കേട് , തലവേദന ,സൈനസൈറ്റിസ്,മൈഗ്രെയ്ൻ ,അമിതവണ്ണം മുതലായവയുടെ ചികിൽത്സയിൽ വരണാദി കഷായം ഉപയോഗിച്ചു വരുന്നു .
ദശമൂലാരിഷ്ടം (Dasamularishtam).
ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഉപയോഗിക്കുന്നു .
ബൃഹച്ഛാഗലാദി ഘൃതം (Brihachagaladi Ghritam).
ലൈംഗീകശേഷി വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ബൃഹച്ഛാഗലാദി ഘൃതം.കൂടാതെ പക്ഷാഘാതം ,അപസ്‌മാരം മുതലായവയുടെ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു .
സുകുമാരം കഷായം (Sukumaram kashayam)
പ്രധാനമായും സ്ത്രീ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സുകുമാരം കഷായം.വന്ധ്യത ,അമിത ആർത്തവം ,ആർത്തവ വേദന ,ആർത്തവത്തിന് മുമ്പുണ്ടാകുന്ന മാനസിക പിരിമുറുക്കം ,വയറുവേദന ,തലവേദന ,മലബന്ധം ,മൂലക്കുരു ,നടുവേദന ,ഹെർണിയ ,വായുകോപം ,ആഹാര ശേഷം ഉടൻതന്നെ വയറ്റിൽ നിന്നു പോകുന്ന അവസ്ഥ ,പ്ലീഹ, കരൾ, വൃക്ക എന്നിവയുടെ തകരാറുകൾ തുടങ്ങിയവയുടെ ചികിൽത്സയിൽ സുകുമാരം കഷായം ഉപയോഗിച്ചു വരുന്നു .ഇത് ഗുളിക രൂപത്തിലും നെയ്യ് രൂപത്തിലും ലേഹ്യ രൂപത്തിലും ലഭ്യമാണ് .
ധാത്ര്യാദി ഘൃതം (Dhathryadi Ghritam).
വെള്ളപോക്ക് ,അമിത ആർത്തവം ,വിളർച്ച ,സ്ത്രീവന്ധ്യത മുതലായവയുടെ ചികിൽത്സയിൽ ധാത്ര്യാദി ഘൃതം ഉപയോഗിച്ചു വരുന്നു .
നാരായണ തൈലം ( Narayana Tailam).
സന്ധിവാതം ,പക്ഷാഘാതം ,നേത്രരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ നാരായണ തൈലം ഉപയോഗിച്ചു വരുന്നു .ഈ എണ്ണ പുറമെ പുരട്ടുവാനും ഉള്ളിലേക്ക് കഴിക്കാനും നസ്യം ചെയ്യാനും ഉപയോഗിക്കുന്നു .പക്ഷാഘാതം ,വിറയൽ ,കഴുത്തിനുണ്ടാകുന്ന പിടുത്തം .കൈകാലുകൾക്കുണ്ടാകുന്ന ശോഷം .മാനസിക അസ്വസ്ഥതകൾ .സ്ത്രീ വന്ധ്യത ,തലവേദന ,പനിക്കു ശേഷമുണ്ടാകുന്ന ശരീരവേദന ,പേശി സന്ധി വേദനകൾ ,ഒടിവു ചതവുകൾ ,വിവിധ തരം വാതരോഗങ്ങൾ എന്നിവയ്‌ക്കെല്ലാം നാരായണ തൈലം ഉപയോഗിച്ചു വരുന്നു .മൈഗ്രെയ്ൻ ,വിഷാദം തുടങ്ങിയവയുടെ ചികിൽത്സയിൽ തലയിൽ പുരട്ടുന്നതിനും ഈ തൈലം ഉപയോഗിക്കുന്നു .
നരസിംഹരസായനം -Narasimha Rasayanam.
ശരീരഭാരം വർധിപ്പിക്കുന്നതിനും, യൗവ്വനം നിലനിർത്തുന്നതിനും, ലൈംഗീകാരോഗ്യം നിലനിർത്തുന്നതിനും ,മുടിവളർച്ചയ്ക്കുമൊക്കെ നരസിംഹരസായനം ഉപയോഗിക്കുന്നു .
വസ്ത്യാമയാന്തകഘൃതം (Vastyamayantaka Ghritam).
മൂത്രാശയരോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വസ്ത്യാമയാന്തകഘൃതം. അറിയാതെ മൂത്രം പോകുക ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,മൂത്രത്തിൽ കല്ല് ,പ്രോസ്റ്റേറ്റ് വീക്കം എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
ശതാവരിയുടെ ചില ഔഷധപ്രയോഗങ്ങൾ .
ലൈംഗീകശേഷി വർധിപ്പിക്കാൻ ശതാവരി : ശതാവരി കിഴങ്ങ് ഉണക്കി പൊടിച്ച ചൂർണ്ണം 3 മുതൽ 5 ഗ്രാം വരെ ഒരു ഗ്ലാസ് പാലിൽ തിളപ്പിച്ച് ദിവസത്തിൽ രണ്ടുനേരം വീതം കഴിക്കുന്നത് ലൈംഗീക ശേഷിക്കുറവ് ,ക്ഷീണം ,അലസത ,ഉന്മേഷക്കുറവ് മുതലായവ പരിഹരിക്കുന്നതിന് നല്ലതാണ് .
ശരീരഭാരം വർധിപ്പിക്കാൻ ശതാവരി : ശതാവരി കിഴങ്ങ് ഉണക്കി പൊടിച്ച ചൂർണ്ണവും തിപ്പലിപ്പൊടിയും സമമായി 3 ഗ്രാം വീതം വാഴപ്പഴം മിൽക്ക് ജ്യുസിൽ ചേർത്ത് രാത്രിയിൽ കിടക്കാൻ നേരം പതിവായി രണ്ടുമാസം കഴിച്ചാൽ ശരീരഭാരം വർധിക്കും .
ബീജങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ശതാവരി : ശതാവരി കിഴങ്ങ് ,അമുക്കുരം ,നായ്ക്കരുണ എന്നിവ സമമായി പൊടിച്ചത് 3 മുതൽ 5 ഗ്രാം വരെ ഒരു ഗ്ലാസ് പാലിൽ തിളപ്പിച്ച് ദിവസവും കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും ലൈംഗീക ശേഷി വർധിപ്പിക്കുന്നതിനും നല്ലതാണ് .
മുലപ്പാൽ വർധിപ്പിക്കാൻ ശതാവരി : ശതാവരി കിഴങ്ങ് ഉണക്കി പൊടിച്ച ചൂർണം 10 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ തിളപ്പിച്ച് രാവിലെ കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാരിലെ മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നു .ശതാവരിയുടെ രണ്ടോ മൂന്നോ കിഴങ്ങ് പശുക്കൾക്ക് തീറ്റയോടൊപ്പം കൊടുത്താൽ കൂടുതൽ പാൽ കിട്ടാൻ സഹായിക്കുന്നു .
മൂത്രാശയ രോഗങ്ങൾക്ക് ശതാവരി : ശതാവരി കിഴങ്ങ് ഉണക്കി പൊടിച്ച ചൂർണ്ണം 3 മുതൽ 5 ഗ്രാം വരെ രാത്രിയിൽ പതിവായി കഴിക്കുന്നത് മൂത്രത്തിലെ അണുബാധ ,മൂത്രത്തിലൂടെ രക്തം കലർന്ന് പോകുക ,നടുവേദന മുതലായവയ്ക്ക് ശമനമുണ്ടാകും . 5 മുതൽ 10 ഗ്രാം വരെ ചൂർണം ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു വച്ചിരുന്ന് രാവിലെ ഈ വെള്ളം കുടിക്കുന്നതും മൂത്രത്തിലെ അണുബാധ ,മൂത്രത്തിലൂടെ രക്തം കലർന്ന് പോകുക,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ എന്നിവ ഇല്ലാതാകാൻ നല്ലതാണ് .
ആർത്തവ പ്രശ്നങ്ങൾക്ക് ശതാവരി : ശതാവരിക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് 15 മില്ലി വീതം അല്ലങ്കിൽ ചൂർണ്ണം 3 ഗ്രാം വീതം പാലോ പഞ്ചസാരയോ ചേർത്ത് കഴിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ ,ക്രമം തെറ്റിയ ആർത്തവം, അമിതമായ രക്തസ്രാവം, ആർത്തവ വേദന എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു .ആർത്തവ വിരാമ സമയത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ഇത് നല്ലതാണ് .കൂടാതെ മഞ്ഞപ്പിത്തം ,രക്തപിത്തം ,വെള്ളപോക്ക് എന്നിവയ്ക്കും ഇത് നല്ലതാണ് .
ALSO READ : കർക്കിടകത്തിൽ ക്ഷീണം അകറ്റി പ്രതിരോധം കൂട്ടാം! ചെറുപയറിൻ്റെ അത്ഭുത ഗുണങ്ങൾ.
ദഹനപ്രശ്‌നങ്ങൾക്ക് ശതാവരി :ശതാവരിക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് 15 മില്ലി വീതം അല്ലങ്കിൽ ചൂർണ്ണം 3 ഗ്രാം വീതം പാലോ ചേർത്ത് കഴിക്കുന്നത് പുളിച്ചുതികട്ടൽ ,വയറെരിച്ചിൽ ,ഗ്യാസ്‌ട്രൈറ്റിസ് ,അൾസർ മുതലായവയ്ക്ക് നല്ലതാണ് .
ശരീരം പുകച്ചിലിന് ശതാവരി : ശതാവരിക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരിൽ രാമച്ചപ്പൊടി ചേർത്ത് പുരട്ടിയാൽ ശരീരം പുകച്ചിൽ ,ഉള്ളങ്കാൽ ചുട്ടുനീറ്റൽ എന്നിവ മാറിക്കിട്ടും .
മറ്റ് ഉപയോഗങ്ങൾ : ശതാവരിക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് 15 മില്ലി വീതം തുല്യ അളവിൽ പാലും ചേർത്ത് കഴിക്കുന്നത് അപസ്മാരത്തിന് നല്ലതാണ് .പാലിൽ അൽപം ശതാവരിക്കിഴങ്ങിന്റെ ചൂർണ്ണം ചേർത്ത് കൊടുക്കുന്നത് കുട്ടികളുടെ വിളർച്ച മാറാൻ നല്ലതാണ് .ശതാവരിക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് ഒരു സ്പൂൺ വീതം ദിവസവും കഴിക്കുന്നത് പ്രമേഹത്തിന് നല്ലതാണ് .ശതാവരിക്കിഴങ്ങിന്റെ നീരോ ചൂർണ്ണമോ പഞ്ചസാര ചേർത്ത് കഴിക്കുന്നത് വിശപ്പ് വർധിപ്പിക്കാൻ നല്ലതാണ് . ശതാവരികിഴങ്ങ് കഷായമുണ്ടാക്കി കഴിക്കുന്നത് രക്തശുദ്ധിക്കും കരൾ രോഗങ്ങൾക്കും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും വിഷാദരോഗത്തിനും നല്ലതാണ് .ശതാവരിക്കിഴങ്ങിന്റെ ചൂർണ്ണം ദിവസവും കിടക്കാൻ നേരം പാലിൽ ചേർത്ത് കഴിക്കുന്നത് മലബന്ധം മാറാൻ നല്ലതാണ് .ശതാവരിക്കിഴങ്ങ് കഷായമുണ്ടാക്കി പാലും ചേർത്ത് കഴിക്കുന്നത് മൂത്രത്തിൽ കല്ല് ,മൂത്രച്ചൂടിച്ചിൽ ,മൂത്രതടസ്സം എന്നിവ മാറാൻ നല്ലതാണ്.

