ഒരു ഔഷധ വൃക്ഷമാണ് കുടകപ്പാല .ഇതിനെ കടുകപ്പാല എന്ന പേരിലും അറിയപ്പെടുന്നു .ആയുർവേദത്തിൽ വയറിളക്കം ,പനി ,ചർമ്മരോഗങ്ങൾ ,മൂലക്കുരു മുതലായവയുടെ ചികിത്സയിൽ കുടകപ്പാല ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ടെലിച്ചേരി ട്രീ എന്നും സംസ്‌കൃതത്തിൽ കുടജ എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ കലിംഗാ ,ഇന്ദ്രവൃക്ഷം, ഗിരിമല്ലികാ തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ വൃക്ഷത്തിനുണ്ട് .
Botanical name - Holarrhena pubescens.
Family - Apocynaceae (Oleander family).
Synonyms - Holarrhena antidysenterica .
വിതരണം .
ഇന്ത്യയിലുടനീളം വനങ്ങളിൽ കാണപ്പെടുന്നു .
രൂപവിവരണം .
8 മുതൽ 10 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ചെറിയ വൃക്ഷം .ഇതിന്റെ ഏതുഭാഗത്ത് മുറിവുണ്ടാക്കിയാലും വെളുത്ത പാലുപോലെയുള്ള കറയുണ്ടാകും .ഇലകളിൽ സിരകൾ വ്യക്തമായി കാണാം .പൂക്കൾ ചെറുതും വെള്ള നിറത്തോടു കൂടിയതും സുഗന്ധമുളളതുമാണ് .പൂക്കൾക്ക് മുല്ലപ്പൂവിന്റെ ആകൃതിയാണ് .ഇവയുടെ ഫലങ്ങൾക്ക് 30 സെ.മീ നീളവും 6 -8 മീ.മീ കനവും ഉണ്ടാകും .പച്ച നിറമാണ് .
രാസഘടകങ്ങൾ .
കുടകപ്പാലയുടെ തൊലിയിൽ കുർച്ചിൻ ,കുർച്ചിസിൻ ,കോനിസ്സിൻ ,കോനിസ്സിമൈൻ ,ഹോളാറേനൈൻ ,ലെട്ടോസ്സിൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു .ഇത് കുറഞ്ഞ അളവിൽ വിത്തിലും അടങ്ങിയിട്ടുണ്ട് .
വിഷസസ്യങ്ങളിൽ ഉൾപ്പെടുന്ന ഒരു വൃക്ഷമാണ് കുടകപ്പാല .തൊലിയിലാണ് വിഷാംശം കൂടുതലും അടങ്ങിയിരിക്കുന്നത് .ഇതിൽ അടങ്ങിയിരിക്കുന്ന കുർച്ചിസിൻ ആണ് പ്രധാന വിഷഘടകം .ഇത് അമിത അളവിൽ ഉള്ളിൽ ചെന്നാൽ വിഷബാധ ഉണ്ടാകും .ചൂർണ്ണം 3 മുതൽ 6 ഗ്രാം വരെയും കഷായം 25 മില്ലി മുതൽ 50 മില്ലി വരെയാണ് ഉള്ളിൽ കഴിക്കാവുന്ന അളവ് .
പ്രാദേശികനാമങ്ങൾ .
English Name - Kurchi, Conessi tree, conessi bark.
Malayalam Name - Kudakappala.
Tamil Name - Veppalai.
Kannada Name - Korachi.
Telugu Name - Kodisepala, Kodaga.
Hindi Name - Kuda, Kudaiya.
Bengali Name - Karachi, Kurachi.
Punjabi name - Kenara.
Gujarati Name – kudo.
Marathi Name - Kuda.
ഔഷധയോഗ്യഭാഗങ്ങൾ .
തൊലി ,വിത്ത് ,കായ .
രസാദിഗുണങ്ങൾ .
രസം-തിക്തം, കഷായം.
ഗുണം-ലഘു, രൂക്ഷം.
വീര്യം-ശീതം.
വിപാകം-കടു.
കുടകപ്പാലയുടെ ഔഷധഗുണങ്ങൾ .
വയറുകടിക്ക് ഫലപ്രദമായ ഒരു ഔഷധമാണ് കുടകപ്പാല .രക്തത്തോടും കഫത്തോടും കൂടി ഇടയ്ക്കിടെ അല്പാല്പമായി മലം പോകുന്നതും വയറ്റിൽ കൊളുത്തി പിടിക്കുന്നപോലെ ശക്തമായ വേദന അനുഭവപ്പെടുന്നതുമായ പ്രവാഹിക എന്ന വയറുകടിക്ക് കുടകപ്പാല പണ്ടുമുതലേ വിവിധ തരത്തിൽ ഔഷധമായി ഉപയോഗിക്കുന്നു .
തൊലി ,വിത്ത് ,കായ എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ. 8 മുതൽ 12 വർഷം വരെ പ്രായമായ മരത്തിന്റെ തൊലിയാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. രക്തം ശുദ്ധീകരിക്കും . വയറിളക്കം ,വയറുകടി ,വയറുവേദന ,വായുകോപം, ദഹനക്കേട് ,ഛർദ്ദി ,വിരശല്യം ,വൻകുടൽ പുണ്ണ് എന്നിവയ്ക്ക് ഔഷധമാണ് ,മൂലക്കുരു ,രക്തസ്രാവം ,ചർമ്മരോഗങ്ങൾ , എന്നിവയ്ക്കും നല്ലതാണ് .ഹൃദ്രോഗത്തിനും നല്ലതാണ് .
കാമം വർധിപ്പിക്കും .പനി ,ആസ്മ ,ന്യുമോണിയ എന്നിവയ്ക്കും നല്ലതാണ് .പൊള്ളൽ ,വ്രണം ,എന്നിവയ്ക്കും നല്ലതാണ് .മൂത്രനാളി രോഗങ്ങൾ ,കരൾ പ്ലീഹാരോഗങ്ങൾ ,വാതരോഗങ്ങൾ ,സന്ധിവാതം ,രക്തവാതം,വേദന , ,ആന്തരിക ക്ഷതം ,മുഴകൾ ,തൊണ്ടവീക്കം ,പ്രമേഹം എന്നിവയ്ക്കും നല്ലതാണ് . അണുനാശക ശക്തിയുണ്ട് .
കുടകപ്പാലയരി ,വിഴാലരി ,ഏലത്തരി ,ചെറുപുന്നയരി ,കാർകോകിലരി ,കൊത്തമ്പാലരി (മല്ലി ) എന്നിവ ആറും ചേരുന്നതാണ് അരിയാറ് എന്ന് അറിയപ്പെടുന്നത് .ഇതിനെ അരിവകയാറ് ,അരിശിയാറ് എന്നും അറിയപ്പെടുന്നു .ഇത് പ്രസവരക്ഷയ്ക്കുള്ള മരുന്നാണ് .ഇത് സൂപ്പുണ്ടാക്കാൻ ഉപയോഗിക്കുന്നു .ഇത് പ്രധിരോധശേഷി വർധിപ്പിക്കുന്നതിനും ,മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉദരസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിത്സിക്കരുത് .
കുടകപ്പാല ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
കുടജാരിഷ്ടം -Kutajarishtam,
വയറിളക്കം ,ഛർദ്ദി ,മൂലക്കുരു ,വയറുകടി ,കുടൽപ്പുണ്ണ് എന്നിവയുടെ ചികിത്സയിൽ കുടജാരിഷ്ടം ഉപയോഗിക്കുന്നു .
കുടജത്വഗാദി ലേഹം - Kutajatwagadi Leham .
ഇറിറ്റബിൾ ബവൽ സിൻഡ്രോം ,വയറിളക്കം ,രക്താർശ്ശസ് എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കുടജത്വഗാദി ലേഹം .
ദേവദാർവൃരിഷ്ടം -Devadarvyarishtam.
ഡയബറ്റിക് ന്യൂറോപ്പതി,മൂത്രാശയരോഗങ്ങൾ ,മലബന്ധം ,ദഹനക്കേട്,എക്സിമ മുതലായവയുടെ ചികിൽത്സയിൽ ദേവദാർവൃരിഷ്ടം ഉപയോഗിച്ചുവരുന്നു .
അമൃതാരിഷ്ടം -Amritarishtam.
എല്ലാത്തരം പനികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അമൃതാരിഷ്ടം.
പുനർനവാമണ്ഡൂരം -Punarnavamanduram.
അനീമിയ ,പൈൽസ് ,വിട്ടുമാറാത്ത പനി ,ഗ്രഹണി ,ഡെർമറ്റൈറ്റിസ്, കൃമിശല്ല്യം ,ദഹനക്കേട് മുതലായവയുടെ ചികിൽത്സയിൽ പുനർനവാമണ്ഡൂരം ഉപയോഗിക്കുന്നു .
പുനർനവാദി മണ്ഡൂരം - Punarnavadi Manduram .
വിളർച്ച ,കരൾ-പ്ലീഹാ രോഗങ്ങൾ ,സന്ധിവാതം ,വിശപ്പില്ലായ്‌മ മുതലായവയുടെ ചികിത്സയിൽ പുനർനവാദി മണ്ഡൂരം ഉപയോഗിക്കുന്നു .
മഹാതിക്തക ഘൃതം -Mahatiktakaghritam.
ചർമ്മരോഗങ്ങൾ ,ഹെർപ്പിസ് ,ഗ്യാസ്ട്രൈറ്റിസ്,സന്ധിവാതം ,അനീമിയ ,മഞ്ഞപ്പിത്തം ,പനി ,അമിത ആർത്തവം ,വെള്ളപോക്ക് ,പെപ്റ്റിക് അൾസർ ,മാനസിക സമ്മർദം ,ഉത്ക്കണ്ഠ ,അപസ്‌മാരം മുതലായവയുടെ ചികിത്സയിൽ മഹാതിക്തകഘൃതം ഉപയോഗിച്ചു വരുന്നു .ക്യാപ്സൂൾ രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .
മൂലകാദി കഷായം - Mulakadi Kashayam.
കുട്ടികളിലെ ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മൂലകാദി കഷായം.എക്സിമ ,ചൊറി ,പരു ,കുരുക്കൾ ,മുറിവുകൾ ,വീക്കം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
ചവികാസവം -Chavikasavam.
ഉദരസംബന്ധമായ രോഗങ്ങളുടെയും മൂത്രസംബന്ധമായ രോഗങ്ങളുടെയും ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ചവികാസവം .വയറുവേദന ,വയറുവീർപ്പ് ,ഹെർണിയ ,വയറ്റിലെ മുഴകൾ ,മൂത്രനാളിയിലെ തകരാറുകൾ എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ചുമ ,ജലദോഷം ,ആസ്മ ,അലർജി മൂലമുണ്ടാകുന്ന മൂക്കൊലിപ്പ് ,തുമ്മൽ തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
അയസ്കൃതി -Ayaskrithi.
ത്വക്ക് രോഗങ്ങൾ ,പ്രമേഹം ,വെള്ളപ്പാണ്ട്, വിളർച്ച ,അമിതവണ്ണം ,മൂത്രരോഗാണുബാധ, മൂലക്കുരു ,വിശപ്പില്ലായ്മ ,വിരശല്യം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന കഷായ രൂപത്തിലുള്ള ഒരു ഔഷധമാണ് അയസ്കൃതി .
മൂലകാദ്യരിഷ്ടം - Mulakadyarishtam .
ചർമ്മ അലർജി ,കുരു ,പരു ,വീക്കം മുതലായവയുടെ ചികിൽത്സയിൽ മൂലകാദ്യരിഷ്ടം ഉപയോഗിക്കുന്നു .
ആരഗ്വധാദി കഷായം - Aragvadhadi Kashayam .
പ്രമേഹം ,ചൊറി ,വട്ടച്ചൊറി ,കരപ്പൻ ,ഉണങ്ങാത്ത മുറിവുകൾ,പനി ,ഛർദ്ദി മുതലായവയുടെ ചികിൽത്സയിൽ ആരഗ്വധാദി കഷായം ഉപയോഗിച്ചു വരുന്നു .
പടോലാദി ഘൃതം -Patoladi Ghritam .
ചർമ്മരോഗങ്ങൾ ,ചെവി ,മൂക്ക് ,തൊണ്ട എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ ,നേത്രരോഗങ്ങൾ ,പനി തുടങ്ങിയവയുടെ ചികിത്സയിലും പഞ്ചകർമ്മ ചികിത്സയിലും ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് പടോലാദി ഘൃതം.
ഗുഗ്ഗുലു തിക്തം കഷായം -Gulguluthiktham Kashayam.
വാതസംബന്ധമായ എല്ലാ രോഗങ്ങളിലും ഗുഗ്ഗുലു തിക്തം കഷായം ഉപയോഗിക്കുന്നു .കൂടാതെ ഉണങ്ങാത്ത മുറിവുകൾ ,ഫിസ്റ്റുല ,സോറിയാസിസ്,ചൊറി ,പരു ,എക്സിമ ,അലർജി ത്വക്ക് രോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
മഞ്ജിഷ്ഠാദി ക്വാതം - Manjishthadi Kwatham.
വിട്ടുമാറാത്ത ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് മഞ്ജിഷ്ഠാദി ക്വാതം.സോറിയാസിസ് ,എക്സിമ,,ചർമ്മത്തിലെ ചൊറിച്ചിൽ ,ഉണങ്ങാത്ത മുറിവുകൾ ,വെരിക്കോസ് അൾസർ മുതലായവയുടെ ചികിൽത്സയിൽ മഞ്ജിഷ്ഠാദി ക്വാതം ഉപയോഗിച്ചുവരുന്നു .
തിക്തകം കഷായം -Tiktakam Kashayam .
ത്വക്ക് രോഗങ്ങൾ ,വെള്ളപ്പാണ്ട് ,അനീമിയ ,ഉണങ്ങാത്ത വ്രണങ്ങൾ , ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് അഥവാ ഐ ബി ഡി,കരൾ രോഗങ്ങൾ, ഉത്കണ്ട ,മാനസിക സമ്മർദം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഔഷധമാണ് തിക്തകം കഷായം .ഇത് ഗുളിക രൂപത്തിലും (തിക്തകം ക്വാഥം) ലഭ്യമാണ് .
വസിഷ്ഠരസായനം -Vasishtha Rasayanam.
ചുമ ,ജലദോഷം ,ആസ്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വസിഷ്ഠരസായനം . കൂടാതെ പനി ,വിശപ്പില്ലായ്‌മ ,ആരോഗ്യക്കുറവ് മുതലായവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
സുരണാദി ഘൃതം - Suranadi Ghritam.
മൂലക്കുരുവിന് ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് സുരണാദി ഘൃതം .
പുഷ്യാനുഗ ചൂര്‍ണ്ണം - Pushyanuga Churnam .
ആർത്തവ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് പുഷ്യാനുഗ ചൂര്‍ണ്ണം.ആർത്തവ സമയത്തെ അമിത രക്തസ്രാവം ,ആർത്തവ വേദന ,വിവിധ കാരണങ്ങളാലുണ്ടാകുന്ന രക്തസ്രാവം ,ക്രമംതെറ്റിയ ആർത്തവം ,വെള്ളപോക്ക് എന്നിവയുടെ ചികിൽത്സയിൽ പുഷ്യാനുഗ ചൂര്‍ണ്ണം ഉപയോഗിക്കുന്നു .ഇവ കൂടാതെ അർശ്ശസ് ,ഇറിറ്റബിൾ ബവൽ സിൻഡ്രോം,വജൈനൽ യീസ്റ്റ് ഇൻഫെക്ഷൻ എന്നിവയ്ക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
ഗോപീചന്ദനാദി ഗുളിക -Gopeechandanadi Gulika .
കൊച്ചുകുട്ടികളുടെ പനി,ചുമ ,ജലദോഷം ,അപസ്‌മാരം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഗോപീചന്ദനാദി ഗുളിക.
ലോധ്രാസവം -Lodhrasavam .
വെള്ളപ്പാണ്ട് ,വിളർച്ച ,അമിതവണ്ണം എന്നിവയുടെ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് ലോധ്രാസവം .കൂടാതെ അമിത ആർത്തവം ,ആർത്തവ വേദന ,ഗർഭാശയ രക്തശ്രാവം ,പൈൽസ് , പൈൽസ് മൂലമുള്ള രക്തശ്രാവം ,വെള്ളപോക്ക് എന്നിവയുടെ ചികിൽസയിലും ഈ ഔഷധം ഉപയോഗിക്കുന്നു .ഇവയ്ക്കു പുറമെ ദഹനക്കേട് , വിശപ്പില്ലായ്‌മ ,അരുചി തുടങ്ങിയ ദഹനപ്രശ്നങ്ങൾക്കും ലോധ്രാസവം ഉപയോഗിക്കുന്നു .ത്വക്ക് രോഗങ്ങൾ .കുടൽ വിരകൾ ,പ്രമേഹം ,മൂത്രസംബധമായ തകരാറുകൾ ,ഗ്രഹണി തുടങ്ങിയവയുടെ ചികിൽത്സയിലും ലോധ്രാസവം ഉപയോഗിക്കുന്നു .
ആരഗ്വധമഹാതിക്തകം ഘൃതം - Aragwadamahathikthakam ghrutham.
സോറിയാസിസ് ,എക്സിമ ,വെള്ളപ്പാണ്ട് തുടങ്ങിയ എല്ലാ ത്വക്ക് രോഗങ്ങളുടെയും ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ആരഗ്വധമഹാതിക്തകം ഘൃതം.
ദശമൂലാരിഷ്ടം -Dasamularishtam.
ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഉപയോഗിക്കുന്നു .
കുറുഞ്ഞികുഴമ്പ് -Kurunji Kuzhampu .
പ്രസവാനന്തര പരിചരണത്തിന് ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ഔഷധമാണ് കുറുഞ്ഞികുഴമ്പ് .
മഹാപഞ്ചഗവ്യഘൃതം -Mahapanchagavya Ghritam.
പനി ,ചുമ ,അപസ്‌മാരം ,ഫിഷർ ,ഫിസ്റ്റുല ,കരൾരോഗങ്ങൾ ,വിളർച്ച ,മാനസികരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ മഹാപഞ്ചഗവ്യഘൃതം ഉപയോഗിക്കുന്നു .
ഷഡ്‌ധാരണ ചൂർണം - Shaddharna Churnam .
സന്ധിവാതം ,പ്രമേഹം ,മൂലക്കുരു ,ചർമ്മരോഗങ്ങൾ ,പൊണ്ണത്തടി,വായുകോപം തുടങ്ങിയവയുടെ ചികിത്സയിൽ ഷഡ്‌ധാരണ ചൂർണം ഉപയോഗിക്കുന്നു .
യോഗരാജ ചൂർണം - Yogaraja Churnam .
പൈൽസ് ,ഫിസ്റ്റുല എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ഔഷധമാണ് യോഗരാജ ചൂർണം .കൂടാതെ വായുകോപം ,വിശപ്പില്ലായ്‌മ ,വിളർച്ച ,മഞ്ഞപ്പിത്തം ,ആസ്മ ,ചുമ എന്നിവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
കുടകപ്പാലയുടെ ചില ഔഷധപ്രയോഗങ്ങൾ .
കുടകപ്പാലയുടെ തൊലി ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം തേനിൽ ചാലിച്ച് ദിവസം 3 നേരം വീതം കഴിച്ചാൽ വയറിളക്കം ,വയറുകടി എന്നിവ മാറും .തൊലി കഷായമുണ്ടാക്കി 30 മില്ലി വീതം കഴിച്ചാലും ഇതേ ഗുണം ലഭിക്കും .ഈ കഷായം കഴിക്കുന്നത് മൂലക്കുരുവിനും നല്ലതാണ് .ഇത് പനിക്കും ഇടവിട്ടുണ്ടാകുന്ന പനിക്കും അലർജി ത്വക്ക് രോഗങ്ങൾക്കും നല്ലതാണ് . കുടകപ്പാലയരി ,ജീരകം ,പെരുംജീരകം എന്നിവ സമമായി പൊടിച്ച് 10 ഗ്രാം വീതം 200 മില്ലി വെള്ളത്തിൽ തിളപ്പിച്ച് തണുത്തതിനു് ശേഷം 30 മില്ലി വീതം ദിവസം രണ്ടോ മൂന്നോ നേരം കഴിച്ചാൽ രാപ്പനി മാറും .
കുടകപ്പാലയുടെ തൊലിയും കൂവളത്തിന്റെ ഇലയും സമമായി എടുത്ത് കഷായമുണ്ടാക്കി പതിവായി കഴിച്ചാൽ വൻകുടൽ പുണ്ണ് മാറും .ഇത് വിരശല്യം മാറുന്നതിനും നല്ലതാണ് .
കുടകപ്പാലയുടെ തൊലി ഉണക്കിപ്പൊടിച്ചത് 96 ഗ്രാം 384 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 96 മില്ലിയാക്കി വറ്റിച്ചതിൽ 96 മില്ലി ആട്ടിൻപാലും ചേർത്ത് വീണ്ടും തിളപ്പിച്ച് പാലിന്റെ അളവിൽ വറ്റിച്ച് (96 മില്ലി ) തണുത്തതിനു ശേഷം അരിച്ചെടുത്ത് 8 ഗ്രാം തേനും ചേർത്ത് ഇളക്കി തയാറാക്കുന്ന പാൽക്കഷായത്തിനെ കുടജ ക്ഷീരപക എന്ന് അറിയപ്പെടുന്നു .ഈ കഷായം 48 മില്ലി വീതം ദിവസം 2 നേരം എന്ന കണക്കിൽ കഴിച്ചാൽ വൻകുടൽ പുണ്ണ് ,ഗ്രഹണി ,വയറിളക്കം ,ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവ മാറിക്കിട്ടും .
ALSO READ :കുപ്പമേനിയുടെ ഔഷധഗുണങ്ങൾ .
കുടകപ്പാലയുടെ തൊലി അരച്ചത് 4 ഗ്രാം പാലിൽ തിളപ്പിച്ച് ഉറയൊഴിച്ച് തൈരാക്കി കടഞ്ഞു കിട്ടുന്ന വെണ്ണ അര ടീസ്പൂൺ വീതം പതിവായി കഴിക്കുന്നത് രക്താർശ്ശസ് മാറാൻ നല്ലതാണ് .കുടകപ്പാലയുടെ തൊലിയുടെ ചൂർണം 3 ഗ്രാം വീതം വെള്ളത്തിൽ കലർത്തി ഭക്ഷണ ശേഷം കഴിക്കുന്നതും രക്താർശ്ശസ് മാറാൻ നല്ലതാണ് ,
കുടകപ്പാലയുടെ തൊലി കഷായമുണ്ടാക്കി ആ കഷായം കൊണ്ട് വ്രണങ്ങൾ കഴുകുകയും .തൊലി അരച്ചു വ്രണങ്ങളിൽ പുരട്ടുകയോ തൊലി ഉണക്കിപ്പൊടിച്ച് വ്രണങ്ങളിൽ വിതറുകയോ ചെയ്‌താൽ ഉണങ്ങാത്ത വ്രണങ്ങൾ പെട്ടന്ന് സുഖപ്പെടും .പൊടി വിതറുന്നത് കിടക്കപ്പുണ് മാറാനും നല്ലതാണ് .
കുടകപ്പാലയുടെ തൊലി ഉണക്കിപ്പൊടിച്ചത് 3 ഗ്രാമും അതെ അളവിൽ നെല്ലിക്കാപ്പൊടിയും കുറച്ചു മഞ്ഞൾപ്പൊടിയും ചേർത്ത് വെള്ളം തിളയ്പ്പിച്ച് പതിവായി കഴിക്കുന്നത് പ്രമേഹരോഗശമനത്തിന് നല്ലതാണ് .കുടകപ്പാലയുടെ പൂവ് നിഴലിൽ ഉണക്കി ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നെയ്യിൽ വറുത്ത് കഴിക്കുന്നത് വിശപ്പില്ലായ്‌മ ,വയറിളക്കം ,പനി ,പനിമൂലമുള്ള ശരീരക്ഷീണം എന്നിവയ്ക്കു നല്ലതാണ് .