പനി ,ചുമ ,തലവേദന ,രക്തശ്രാവം ,മുറിവുകൾ ,പ്രാണിവിഷം ,മൂത്രസംബന്ധമായ രോഗങ്ങൾ ,പ്രമേഹം,വയറിളക്കം ,മൂക്കിലെ ദശവളർച്ച മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് മുക്കുറ്റി .കേരളത്തിൽ ഇതിനെ നിലംതെങ്ങ്, തീണ്ടാനാഴി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ സമങ്ഗ,അലംബുഷഃ ,പീതപുഷ്‌പഃ,കൃതാഞ്ജലി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
Botanical name : Biophytum sensitivum
Family : Oxalidaceae (Wood sorrel family)
Synonyms : Biophytum candolleanum
കാണപ്പെടുന്ന സ്ഥലങ്ങൾ.
സമുദ്രനിരപ്പിൽ നിന്നും 600 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ മുക്കുറ്റി വളരുന്നു .ഇന്ത്യയിൽ കേരളം ,കർണ്ണാടകം ,ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് മുക്കുറ്റി ധാരാളമായി കാണപ്പെടുന്നത് .കേരളത്തിൽ വനങ്ങളിലും നാട്ടിൻപുറങ്ങളിലും മുക്കുറ്റി ധാരാളമായി വളരുന്നു .
സസ്യവിവരണം .
ശരാശരി 30 സെ.മി ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവർഷി ഔഷധി .എന്നാൽ ചിലത് ബഹുവർഷിയാണ് .ഇലകൾ തണ്ടിന്റെ അഗ്രഭാഗത്തുനിന്നും നാലുഭാഗത്തേക്കും കൂട്ടമായി വിന്യസിച്ചിരിക്കുന്നു .ഇലയിൽ 6 -15 ജോഡി പത്രകങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു .താഴെയുള്ള പത്രകങ്ങൾ ചെറുതും മുകളിലുള്ള പത്രകങ്ങൾ വലുതുമായിരിക്കും .തൊട്ടാവാടി പോലെ അത്ര പെട്ടെന്നല്ലങ്കിലും തൊടുമ്പോൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട് .രാത്രിയിൽ ഇവയുടെ ഇലകൾ കൂമ്പിയിരിക്കും .
ഇവയുടെ പൂക്കൾ ചെറുതും മഞ്ഞനിറത്തോടു കൂടിയതുമാണ് .പൂക്കളുടെ അടിഭാഗത്ത് ദീർഘസ്ഥമായി സഹപത്രങ്ങൾ കാണാം .5 ബാഹ്യദളങ്ങളും 5 ദളങ്ങളും 10 കേസരങ്ങളുമുണ്ട് .ഇവയുടെ ഫലം ചെറുതും അനവധി ചെറിയ വിത്തുകളടങ്ങിയ കാപ്സ്യൂൾ ആണ് .വിത്തിലൂടെയാണ് പ്രജനനം .അൽപം കൂടി ഉയരത്തിൽ വളരുന്ന മറ്റൊരിനം മുക്കുറ്റിയും കാണപ്പെടുന്നു ( Biophytum candolleanum) ഇവയ്ക്കു രണ്ടിനും ഔഷധഗുണങ്ങൾ സമാനമായതിനാൽ ഇവ രണ്ടും മുക്കുറ്റിയായി ഉപയോഗിച്ചുവരുന്നു .
മുക്കുറ്റി ഉപയോഗങ്ങൾ .
ഔഷധം എന്നതിലുപരി ഭാരതീയ സംസ്കാരത്തിൽ സുപ്രധാനമായൊരു സ്ഥാനമുണ്ട് മുക്കുറ്റിക്ക് .ആയുർവ്വേദത്തിൽ ഔഷധമായും ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും ഉപയോഗിക്കുന്ന ഒന്നാണ് മുക്കുറ്റി. ഓണപൂക്കളത്തില്‍ ഒഴിച്ചു കൂടാനാകാത്ത പുഷ്പങ്ങളിലൊന്നാണ് മുക്കുറ്റി. പുണ്ണ്യമാസമായ കർക്കിടകത്തിൽസ്ത്രീകൾ തലയിൽ ചൂടുന്ന ദശപുഷ്പങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി.
കര്‍ക്കിടകത്തില്‍ സ്ത്രീകള്‍ കുളിച്ചിട്ട് മുക്കുറ്റിപ്പൂവ് മുടിയില്‍ ചൂടുന്നത് ഐശ്വര്യമായി കരുതുന്നു.മുക്കുറ്റി തലയിൽ ചൂടിയാൽ ഭർത്താവിന് നല്ലതു വരുമെന്നും വീട്ടിൽ സൂക്ഷിച്ചാൽ ദൃഷ്ടി ദോഷം മാറുമെന്നുമുള്ള വിശ്വാസം കേരളത്തിലുണ്ട് .
കർക്കിടക മാസത്തിലെ ചിട്ടകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റിച്ചാന്ത്. ചെടിയുടെ ഇലകൾ കൈകളിൽ വെച്ച് ഞെരുടി പിഴിയുമ്പോൾ കിട്ടുന്ന പച്ചനിറത്തിലെ നീര് നെറ്റിയിൽ സ്ത്രീകൾ തൊടുന്ന ശീലം പണ്ട് മുതൽക്കെ ഉണ്ടായിരുന്നു. കർക്കിടക മാസത്തിലെ ആദ്യ ഏഴ് ദിനങ്ങളിലാണ് മുക്കുറ്റിച്ചാന്ത് സ്ത്രീകൾ തൊടുന്നത്.
മുക്കുറ്റിച്ചാന്ത് തിരുനെറ്റിയില്‍ തൊടുന്നതിനു പിന്നിൽ ആരോഗ്യപരമായ ഗുണങ്ങളുണ്ട് .നെറ്റിയില്‍ പൊട്ടു തൊടുന്ന ഭാഗം നാഡികളുടെ കേന്ദ്ര ഭാഗം കൂടിയാണ്. ഇവിടെ ഈ പൊട്ടു തൊടുന്നതിലൂടെ ഈ പ്രത്യേക ഭാഗം ഉത്തേജിതമായി രോഗ സാധ്യത ഏറെയുള്ള കര്‍ക്കിടകത്തിലെ പഞ്ഞ മാസത്തില്‍ ആരോഗ്യപരമായ പല ഗുണങ്ങളും ശരീരത്തിനു ലഭിക്കുന്നു.
രാസഘടകങ്ങൾ .
മുക്കുറ്റിയുടെ ഔഷധഗുണങ്ങൾ .
രക്തശ്രാവത്തെ നിയന്ത്രിക്കാനും മുറിവുകൾ കൂട്ടിച്ചേർക്കാനുള്ള മുക്കുറ്റിയുടെ ശക്തികാരണം ചരകൻ ഈ സസ്യത്തെ സന്ധാനീയ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു .രക്തശ്രാവം ശമിപ്പിക്കും .മുറിവുകളും വ്രണങ്ങളും ഉണക്കും .പനി , ചുമ ,കഫക്കെട്ട് ,തലവേദന ,ആസ്മ ,വയറിളക്കം ,പ്രമേഹം എന്നിവ ശമിപ്പിക്കും .മൂത്രം വർധിപ്പിക്കുകയും മൂത്രത്തിലെ കല്ലിനെ അലിയിച്ചു കളയുകയും ചെയ്യും .
ശരീരത്തിലെ ദുർനീര് ഇളക്കിക്കളയും .മുക്കുറ്റി ഒരു വിഷഹാരിയാണ് .പഴുതാര ,കടന്നൽ മുതലായവയുടെ വിഷം ശമിപ്പിക്കും .ഇതിന് അണുനാശക സ്വഭാവവും രക്തശ്രാവത്തെ നിയന്ത്രിക്കാനുമുള്ള കഴിവുള്ളതിനാൽ രക്താർശ്ശസിനും , ,മുറിവുകൾക്കും ,ത്വക്ക് രോഗങ്ങൾക്കും ഫലപ്രദമാണ് . ഇതിന് ഉത്തേജക ഗുണങ്ങളുണ്ട് .
മുക്കുറ്റി ചേരുവയുള്ള ഔഷധങ്ങൾ .
Katakakhadiradi Kashayam - കതകഖദിരാദി കഷായം.
പ്രമേഹ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കതകഖദിരാദി കഷായം.ഈ ഔഷധം ക്യാപ്‌സൂൾ രൂപത്തിലും ലഭ്യമാണ് .പ്രമേഹവും ഈ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ ആരോഗ്യപ്രശ്‌നങ്ങൾക്കും കതകഖദിരാദി കഷായം ഫലപ്രദമാണ് .
Chemparuthyadi keratailam -ചെമ്പരുത്യാദി കേര തൈലം.
ത്വക്ക് രോഗങ്ങളുടെ ചികിൽത്സയ്ക്കായി ആയുർവേദത്തിൽ ഉപയോഗിക്കുന്ന വളരെ പ്രശസ്‌തമായ ഒരു എണ്ണയാണ് ചെമ്പരുത്യാദി കേര തൈലം .പ്രത്യേകിച്ച് കുട്ടികളുടെ ചൊറി ,കരപ്പൻ മുതലായ എല്ലാ ചർമ്മരോഗങ്ങൾക്കും ചെമ്പരുത്യാദി കേര തൈലം വളരെ ഫലപ്രദമാണ് .പുറമെ ഉപയോഗിക്കാൻ മാത്രമാണ് ഈ തൈലം ഉപയോഗിക്കുന്നത് .
മുടികൊഴിച്ചിൽ ,താരൻ ,തലയിലെ ചൊറിച്ചിൽ ,തലയിലുണ്ടാകുന്ന കുരു ,ചൊറി ,സ്വകാര്യഭാഗത്തും വിരലുകൾക്കിടയിലും ഉണ്ടാകുന്ന ചൊറിച്ചിൽ (സ്‌കാബീസ് ) തുടങ്ങിയ അവസ്ഥകളിൽ മുതിർന്നവരിലും ചെമ്പരുത്യാദി കേര തൈലം ഉപയോഗിക്കാവുന്നതാണ് .ഇത് തലയിലും ശരീരത്തും ഒരുപോലെ ഉപയോഗിക്കാം .മുക്കുറ്റി ഇതിൽ ഒരു ചേരുവയാണങ്കിലും ചെമ്പരത്തി ഇലയാണ് ഇതിലെ മുഖ്യഘടകം .
Mukkutty Lehyam - മുക്കുറ്റി ലേഹ്യം .
വിട്ടുമാറാത്ത അലർജി ,തുമ്മൽ ,സൈനസൈറ്റിസ് എന്നിവയുടെ ശമനത്തിനായി മുക്കുറ്റി ലേഹ്യം ഉപയോഗിക്കുന്നു .ഇതിലെ പ്രധാന ചേരുവ മുക്കുറ്റിയാണ് .ഇതോടൊപ്പം മുയൽച്ചെവിയൻ ,പൂവാംകുറുന്തൽ ,കൂവളം ,ഓരില, മൂവില, കുമ്പിൾ, പാതിരി, പലകപ്പയ്യാനി, കരിമ്പ്, ചെറുചുണ്ട, ഞെരിഞ്ഞിൽ, കടുക്ക, താന്നിക്ക , നെല്ലിക്ക, വയമ്പ്,കുരുമുളക്,ചുക്ക് ,കാട്ടുതിപ്പലി, ഇരട്ടിമധുരം എന്നീ മരുന്നുകളും ചേർത്താണ് ഈ ലേഹ്യം നിർമ്മിച്ചിരിക്കുന്നത് .SBM Ayur എന്ന കമ്പിനിയാണ് ഈ ലേഹ്യം നിർമ്മിച്ചിരിക്കുന്നത് .
പ്രാദേശിക നാമങ്ങൾ .
English name - Tropical Little Tree Plant
Malayalam name - Mukkutti
Tamil name - Tintanali
Hindi name - Lajalu
Marathi name - Jharera
Telugu name - Pulicenta
Kannada name - Horamuni
Bengali name - Jhalai
രസാദി ഗുണങ്ങൾ
രസം : തിക്തം, കഷായം
ഗുണം : ലഘു, രൂക്ഷം
വീര്യം : ശീതം
വിപാകം : കടു
മുക്കുറ്റിയുടെ ചില ഔഷധപ്രയോഗങ്ങൾ .
മുക്കുറ്റിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പ്രമേഹം കുറയും .അതിനായി അഞ്ചോ ആറോ മൂട് മുക്കുറ്റി വേരോടെ പിഴുതെടുത്ത് കഴുകി വൃത്തിയാക്കി വെള്ളം തിളപ്പിച്ച് സാധാരണ ദാഹശമനി പോലെ ഉപയോഗിക്കുകയാണ് വേണ്ടത് .ഇപ്രകാരം പതിവായി കഴിച്ചാൽ പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും .
5 മൂട് മുക്കുറ്റി വേരോടെ പിഴുത് കഴുകി വൃത്തിയാക്കി 5 കുരുമുളകും ചേർത്തരച്ച് ദിവസവും രാവിലെ 41 ദിവസം തുടർച്ചയായി കഴിച്ചാൽ വിട്ടുമാറാത്ത അലർജി , ആസ്ത്മ , തുമ്മൽ എന്നിവ മാറും .
വിഷശമനത്തിനായി മുക്കുറ്റി വേരോടെ പിഴുതെടുത്ത് കഴുകി വൃത്തിയാക്കി അരച്ച് മുറിപ്പാടിൽ പുരട്ടുകയും കുറച്ച് ഉള്ളിൽ കഴിക്കുകയും ചെയ്താൽ കടന്നൽ ,പഴുതാര മുതലായവയുടെ വിഷം ശമിക്കും .കടന്നൽ, തേനീച്ച മുതലായവയുടെ കുത്തു മൂലം ഉണ്ടാകുന്ന നീര് മാറാൻ മുക്കുറ്റി വേരോടെ അരച്ച് വെണ്ണയിൽ ചാലിച്ച് കുത്തേറ്റ ഭാഗത്ത് പുരട്ടിയാൽ മതിയാകും .
മുക്കുറ്റി വേരോടെ പിഴുതെടുത്ത് കഴുകി വൃത്തിയാക്കി അരച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി രാവിലെ വെറുംവയറ്റിൽ കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .ഇങ്ങനെ കഴിക്കുന്നത് മൂത്രതടസ്സം മാറാനും നല്ലതാണ് .
ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകൾക്ക് മുക്കുറ്റിയുടെ ഇല വെള്ളം തൊടാതെ അരച്ച് മുറിവിൽ വച്ചു കെട്ടിയാൽ മതിയാകും .മുക്കുറ്റി വെള്ളം തൊടാതെ ഇടിച്ചു പിഴിഞ്ഞ നീര് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും .
മുക്കുറ്റി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 4 -5 തുള്ളികൾ വീതം 21 ദിവസം തുടർച്ചയായി മൂക്കിൽ ഇറ്റിച്ചാൽ മൂക്കിലെ ദശ വളർച്ച മാറും .
വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലർത്തി ദിവസം രണ്ടുനേരം കഴിച്ചാൽ മതിയാകും .
മുക്കുറ്റി വേരോടെ പിഴുതെടുത്ത് കഴുകി വൃത്തിയാക്കി അരച്ച് തേൻ ചേർത്ത് കഴിച്ചാൽ ചുമ ,കഫക്കെട്ട് മുതലായവയ്ക്ക് ആശ്വാസം കിട്ടും .
മുക്കുറ്റി വേരോടെ പിഴുതെടുത്ത് അരച്ച് നെറ്റിയിൽ പുരട്ടിയാൽ സാധാരണ ഉണ്ടാകുന്ന തലവേദനയ്ക്കും ,കൊടിഞ്ഞി തലവേദനയ്ക്കും ആശ്വാസം കിട്ടും .
മുക്കുറ്റിയുടെ 11 ഇലകൾ ചതച്ച് നീരെടുത്ത് ഒരു താറാവിൻ മുട്ടയിൽ ചേർത്ത് 10 ചുവന്നുള്ളിയും അരിഞ്ഞു ചേർത്ത് നെയ്യിൽ പൊരിച്ച് 11 ദിവസം തുടർച്ചയായി കഴിച്ചാൽ രക്താർശ്ശസ് മാറും .
മുക്കുറ്റി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് കഴിച്ചാൽ പനിക്ക് ആശ്വാസം കിട്ടും .
മുക്കുറ്റി സമൂലം അരച്ച് തലയിൽ പൊതിഞ്ഞ് കുറച്ചുസമയത്തിന് ശേഷം കുളിച്ചാൽ തലയിലെ താരൻ മാറിക്കിട്ടും .ഇത് മുടി നന്നായി വളരുന്നതിനും നല്ലതാണ് .
നാട്ടിൻപുറങ്ങളിൽ പ്രസവാനന്തരം ഗർഭപാത്രം ശുദ്ധിയാക്കുന്നതിനുവേണ്ടി മുക്കുറ്റി ശർക്കരയിൽ ചേർത്ത് കുറുക്കി കഴിക്കാറുണ്ട് . കൂടാതെ നിത്യയൗവനം നിലനിർത്തുന്നതിനും മുക്കുറ്റികുറുക്ക് ഉണ്ടാക്കി കഴിക്കാറുണ്ട് .