30 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വൃക്ഷമാണ് ആഴാന്ത . കേരളത്തിൽ , പയ്യാനി ,ആഴാന്തൽ , വലിയ പലകപ്പയ്യാനി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
Botanical name : Pajanelia longifolia .
Synonyms : Bignonia longifolia , Bignonia macrostachya , Bignonia pajanelia.
Family : Bignoniaceae (Jacaranda family)
ആവാസകേന്ദ്രം : ഇന്ത്യ ,ശ്രീലങ്ക ,മ്യാന്മാർ എന്നിവിടങ്ങളിൽ ആഴാന്ത സാധാരണയായി കാണപ്പെടുന്നു . കേരളത്തിലെ അർദ്ധഹരിത വനങ്ങളിലും, ഈർപ്പവനങ്ങളിലും ,നാട്ടിൻ പുറങ്ങളിലും ആഴാന്ത വന്യമായി വളരുന്നു .
രൂപവിവരണം : മിക്കവാറും ഒറ്റത്തടിയായി വളരുന്ന ഒരു വൃക്ഷമാണ് ആഴാന്ത . അഗ്രത്തിൽ മാത്രം ശാഖകളുണ്ടാകുന്ന സ്വഭാവമാണ് ഇവയുടേത് . ഒരു തണ്ടിൽ തന്നെ 10 -28 ഇലകൾ വരെക്കാണും . തണ്ടിന് ഒരു മീറ്റർ നീളമുണ്ടാകും . ആഴാന്തയുടെ തൊലിക്ക് ചാരനിറമാണ് .നല്ല കനവുമുണ്ടാകും . ഇല പൊഴിക്കുന്ന ഒരു മരം കൂടിയാണ് ആഴാന്ത.ജനുവരി - മാർച്ച് മാസങ്ങളിലാണ് ആഴാന്തയുടെ പൂക്കാലം . ശാഖാഗ്രത്തിൽ കുലകളായി പൂക്കളുണ്ടാകുന്നു . പൂക്കൾക്ക് മഞ്ഞകലർന്ന ചുവപ്പ് നിറമാണ് . നല്ല നീളമുള്ള പരന്ന കായകളാണ് ഇവയുടേത് . ഇവയിൽ ചിറകുകളുള്ള അനേകം വിത്തുകൾ ഉണ്ട് . കാറ്റുവഴിയാണ് വിത്ത് വിതരണം നടക്കുന്നത് .
ആഴാന്തയുടെ ഉപയോഗങ്ങൾ : ആഴാന്തയുടെ തടിക്ക് നല്ല ഭാരമുണ്ട് . എന്നാൽ ഉണങ്ങി കഴിയുമ്പോൾ ഭാരക്കുറവാണ് . ഫർണിച്ചർ നിർമ്മാണത്തിന് ഇതിന്റെ തടി കൊള്ളില്ല . കാരണം ബലക്കുറവാണ് .ഇതിന്റ തടി അറുത്ത് പലകയാക്കി ഷെഡുകൾ മറയ്ക്കാനും മറ്റും ഉപയോഗിക്കുന്നുണ്ട് . മഴനനയാതെ പുകയേൽക്കുന്ന ഭാഗത്ത് ആഴാന്തയുടെ തടി വളരെക്കാലം കേടുകൂടാതെ ഇരിക്കും .അതിനാൽ പണ്ടുകാലത്ത് അടുക്കളയുടെ കഴിക്കോലിനും ,പട്ടികകൾക്കും ആഴാന്തയുടെ തടി ഉപയോഗിച്ചിരുന്നു .ആഴാന്തയുടെ തടിക്ക് പെട്ടന്ന് തീ പിടിക്കില്ല അതിനാൽ വിറകായിട്ട് ഉപയോഗിക്കാനും കൊള്ളില്ല .
കുരുമുളക് കൃഷിക്ക് : ആഴാന്തയുടെ വളർച്ച വളരെ പെട്ടന്നാണ് . കുരുമുളക് കൃഷിക്ക് ഏറ്റവം അനുയോജ്യമായ ഒരു മരമാണ് ആഴാന്ത.ഇതിന്റെ പരുക്കൻ തൊലിയിൽ കുരുമുളകുവള്ളിയുടെ വേരുകൾ പറ്റിപിടിച്ച് വളരാൻ അനുയോജ്യമാണ് . അതിനാൽ കുരുമുളകുചെടി ആഴാന്തയിൽ നന്നായി പടർന്നു വളരും .
ആഴാന്തയുടെ ഔഷധഗുണങ്ങൾ : ആഴാന്തയ്ക്ക് ഔഷധഗുണങ്ങളുണ്ട് . ഇവയുടെ ,കായ ,ഇല , വേര് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .പ്രമേഹരോഗ ശമനത്തിനാണ് ആഴാന്ത പ്രധാനമായും ഉപയോഗിക്കുന്നത് . ഉദരസംബന്ധമായ രോഗങ്ങൾക്ക് ആഴാന്തയുടെ ഇലയുടെ കഷായം ഉപയോഗിക്കുന്നു . വാതസംബന്ധമായ രോഗങ്ങൾക്ക് ആഴാന്തയുടെ വേര് ഉപയോഗിക്കുന്നു . കൂടാതെ ആഴാന്തയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ വാതരോഗികൾ കുളിക്കുന്നതും വാതരോഗ ശമനത്തിന് വളരെ ഉത്തമമാണ് .
Tags:
വൃക്ഷം