കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറങ്ങളിലും സാധാരണ കാണപ്പെടുന്ന ഒരു ചെറു വൃക്ഷമാണ് എരുമനാക്ക് .മലയാളത്തിൽ ഇതിനെ പാറകം ,കേട്ടാത്തി .പേയത്തി .തോണ്ടിത്തേരകം തുടങ്ങിയ പേരുകളിലും അറിയപ്പെടും .സംസ്‌കൃതത്തിൽ കാകോദുംബരികാ ,യജ്ഞാംഗം ,അജാജി ,ഖരപത്രീ ,സദാഫലഃ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
- Botanical name : Ficus hispida
- Family : Moraceae (Mulberry family)
- Synonyms : Ficus compressa, Covellia hispida ,Ficus oppositifolia
- Common name : Hairy Fig, Opposite-leaved fig-tree,Devil fig, Rough-leaved fig
- Malayalam : Erumanakku, Kattatthi, Parakam, Peyatti, Thonditherakam, Thondi
- Hindi: Gobla, Kagsha, Kala umbar, Katgularia, Phalgu
- Tamil : Peyatti
- Telugu : Bomma medi
- Kannada: Kaadatthi, Adavi atthi, Kallatthi
- Marathi : Bokeda, Bokhada, Bokheda
- Gujarati : Dhed umbar
ആവാസമേഖല .
ഇന്ത്യ ,ശ്രീലങ്ക ,ചൈന ,മലയ എന്നീ രാജ്യങ്ങളിൽ എരുമനാക്ക് കാണപ്പെടുന്നു .കേരളത്തിൽ ഇവ കാട്ടിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്നു .
സസ്യവിവരണം .
10 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ചെറു വൃക്ഷമാണ് എരുമനാക്ക് .അത്തിയുടെ കുടുംബത്തിൽ പെട്ടതാണ് ഈ സസ്യം .ഇവയിൽ നിറയെ ഇലകളും ശാഖകളുമുണ്ട് .ഇലകൾക്ക് നല്ല പരുപരുപ്പുള്ളതാണ് .ഇലയുടെ അടിവശം രോമാവൃതമാണ് . ഇത്തരത്തിലുള്ള ഇലകളായതിനാലാണ് എരുമനാക്ക് എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .
ഈ സസ്യത്തിന്റെ പുറംതൊലിക്ക് നല്ല ചാരനിറമാണ് .വെട്ടുപാടിന് പിങ്ക് നിറമായിരിക്കും .തൊലിയുടെ ഉൾവശം വെള്ളനിറമാണ് .ഈ സസ്യത്തിൽ ക്രീം നിറത്തിലുള്ള കറ ധാരാളമായി അടങ്ങിയിരിക്കുന്നു .ഇതിന്റെ തണ്ടിന്റെ ഉൾവശം ഈറ്റ പോലെ പൊള്ളയായിരിക്കും.
പൂങ്കുല ഒറ്റയ്ക്കോ കൂട്ടമായോ ഉണ്ടാകുന്നു .ഇവയുടെ നെല്ലിക്ക പോലെയുള്ള കായകൾ ആദ്യം പച്ചനിറത്തിലും വിളഞ്ഞു കഴിയുമ്പോൾ മങ്ങിയ പച്ച നിറത്തിലും കാണപ്പെടുന്നു .ഫലത്തിനുള്ളിൽ ധാരാളം വിത്തുകൾ ഉണ്ടായിരിക്കും ഫലത്തിൽ പാൽ പോലെയുള്ള കറയുണ്ട് .മുള്ളൻ പന്നിയുടെ ഇഷ്ട്ട ഭക്ഷണമാണ് ഇവയുടെ കായകൾ .അത്തി, ഇത്തി ,തേരകം ,തൊണ്ടി ,ഈ നാലു ഇനം വൃക്ഷങ്ങളുടെയും ഇലകളും കായ്കളും ഏകദേശം ഒരേ ആകൃതിയാണ് .
എരുമനാക്കിന്റെ ഉപയോഗങ്ങൾ .
എരുമനാക്കിന്റെ തടിക്ക് ഈടും ബലവുമില്ല അതിനാൽ തടികൊണ്ട് യാതൊരു പ്രയോജനവുമില്ല .യജ്ഞങ്ങളിൽ എരുമനാക്കിന്റെ വിറക് ഉപയോഗിക്കുന്നുണ്ട് അതിനാൽ യജ്ഞാംഗം എന്നും .വർഷം മുഴുവൻ ഈ സസ്യത്തിൽ ഫലങ്ങൾ കാണുന്നതിനാൽ സദാഫലഃ എന്ന പേരുകളിലും സംസ്‌കൃതത്തിൽ അറിയപ്പെടുന്നു .
പണ്ടുകാലങ്ങളിൽ ആനക്കൊമ്പ് പോളിഷ് ചെയ്യാൻ ഇതിന്റെ ഇല ഉപയോഗിച്ചിരുന്നു . നാട്ടിൻപുറങ്ങളിൽ പശു ,ആട് എന്നിവയുടെ പ്രസവ ശേഷം മറുപിള്ള പോകാനായി ഇതിന്റെ ഇലകൾ അവയ്ക്ക് ഭക്ഷിക്കാൻ കൊടുക്കുമായിരുന്നു .കൂടാതെ പാത്രങ്ങൾ ചാരമുപയോഗിച്ച് ഉരച്ചു കഴുകാനും ഇതിന്റെ ഇല ഉപയോഗിച്ചിരുന്നു . ഇതിന്റെ കായകൾ ഉണക്കിപ്പൊടിച്ച് കന്നുകാലികൾക്ക് കൊടുത്താൽ അവയുടെ കറവ പറ്റും എന്ന് പറയപ്പെടുന്നു .
രാസഘടകങ്ങൾ .
എരുമനാക്കിന്റെ തൊലിയിലും ഫലത്തിലും ധാരാളം സാപ്പോണിൻ അടങ്ങിയിരിക്കുന്നു .
എരുമനാക്കിന്റെ ഔഷധഗുണങ്ങൾ .
എരുമനാക്കിന്റെ തൊലി കഫപിത്ത രോഗങ്ങൾ ശമിപ്പിക്കുന്നു .രക്തപിത്തം ,ശരീരം ചുട്ടുനീറ്റൽ ,വ്രണം ,ചർമ്മരോഗങ്ങൾ .എന്നിവ ശമിപ്പിക്കുന്നു ,രക്തശുദ്ധിയുണ്ടാക്കുന്നു .ഇവയുടെ ഫലം ഗർഭരക്ഷയ്ക്കും, മുലപ്പാൽ വർധനയ്‌ക്കും ,ശരീരം തടിപ്പിക്കുന്നതിനും വളരെ നല്ലതാണ് .കാകോദുംബരാദി കഷായം എരുമനാക്ക് പ്രധാന ചേരുവായി ചേർത്തുണ്ടാക്കുന്ന ഔഷധമാണ് .
ഔഷധയോഗ്യഭാഗങ്ങൾ : ഫലം ,പട്ട ,വേര് ,കറ
രസാദിഗുണങ്ങൾ .
രസം-കഷായം, മധുരം
ഗുണം-രൂക്ഷം, ഗുരു
വീര്യം-ഉഷ്ണം
വിപാകം-മധുരം
ചില ഔഷധപ്രയോഗങ്ങൾ .
ചർമ്മരോഗങ്ങൾ .
ശ്വിത്രം എന്ന ചർമരോഗത്തിൽ (Leucoderma) എരുമനാക്കിന്റെ ഫലം ഇടിച്ചു പിഴിഞ്ഞ നീര് ശർക്കര ചേർത്തു കഴിച്ചാൽ മതിയാകും. ഫലവും ,പട്ടയും ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തിൽ കഴിച്ചാൽ ഛർദിക്കും. കുഷ്ഠം, ചർമരോഗം ഇവയിൽ ശോധനചികിൽസയ്ക്ക് ഇത് വമനൗഷധമായി ഉപയോഗിക്കാറുണ്ട് .ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് എണ്ണ കാച്ചി പുറമെ പുരട്ടിയാൽ എല്ലാവിധ ത്വക്ക് രോഗങ്ങളും ശമിക്കും.
പേപ്പട്ടി വിഷം .
എരുമനാക്കിന്റെ വേര് ഉമ്മത്തിന്റെ വിത്തുമായി ചേർത്ത് അരച്ച് അരിക്കാടിയിൽ കലക്കി കുടിച്ചാൽ പേപ്പട്ടി വിഷം ശമിക്കും എന്ന് പറയപ്പെടുന്നു .
രക്തപിത്തം.
രോമകൂപങ്ങളിൽ കൂടിയും ,വായിൽ കൂടിയും, മൂക്കിൽ കൂടിയും രക്തം വാർന്നുപോകുന്ന ഒരു രോഗമാണ് രക്തപിത്തം .ഈ രോഗത്തിന് ഈ സസ്യത്തിന്റെ ഫലത്തിന്റെ കറ അൽപ്പാൽപ്പമായി പലതവണ കഴിക്കുന്നത് നല്ലതാണ്.
ആർത്തവ ദിനങ്ങളിലെ അമിത രക്തസ്രാവം.
സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവ കാലത്തെ അധിക രക്തം പോക്കിൽ ഫലത്തിന്റെ കറതേനിൽ ചേർത്ത് കഴിക്കുകയും പാൽ അധികം കുടിക്കുകയും ചെയ്യുന്നത് വളരെ ഗുണപ്രദമാണ്.
മയക്കം ,തലയ്ക്ക് ഭാരം അനുഭവപ്പെടുക ,ഉറക്കക്കുറവ്.
ഇതിന്റെ തളിരില എണ്ണകാച്ചി തളിയിൽ ഉപയോഗിച്ചാൽ .മയക്കം, തലയ്ക്ക് ഭാരം അനുഭവപ്പെടുക ,ഉറക്കക്കുറവ് തുടങ്ങിയവ മാറിക്കിട്ടും .
കുഴിനഖം.
ഇതിന്റെ ഇല അരച്ച് ചെറുനാരങ്ങാ നീരിൽ ചാലിച്ച് പുറമെ പുരട്ടിയാൽ കുഴിനഖം മാറും .
Tags:
വൃക്ഷം