ആർത്തവപ്രശ്നങ്ങൾ ,ചർമ്മരോഗങ്ങൾ,അസ്ഥികളുടെ ഒടിവ് ,പ്രമേഹം ,അസ്ഥിസ്രാവം മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് അത്തി .കേരളത്തിൽ അത്തിയാൽ എന്ന പേരിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ കൺട്രി ഫിഗ് ,ക്ലസ്റ്റർ ഫിഗ് എന്നീ പേരുകളിലും സംസ്‌കൃതത്തിൽ കൃമിഫല ,ഉദുംബര ,ജന്തുഫല തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
Botanical name : Ficus racemosa .
Family: Moraceae (Mulberry family).
Synonyms: Ficus glomerata, Ficus racemosa ,Ficus lucescens.
വിതരണം .
ഇന്ത്യയിലുടനീളം അത്തിയാൽ കാണപ്പെടുന്നു .
സസ്യവിവരണം .
ആൽമരങ്ങളിൽ ഉൾപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ് അത്തി .മരത്തിൽ പാലുപോലെയുള്ള കറയുണ്ട് .എന്നാൽ ഇതിന് മറ്റ് ആൽ വൃക്ഷങ്ങൾക്കുള്ളതുപോലെ നീളം കൂടിയ വായവ വേരുകളില്ല .വായവ വേരുകൾ നീളം കുറഞ്ഞതും നേർത്തതുമാണ് .ഇവയുടെ പത്രവിന്യാസം ഏകാന്തരമാണ് .ലഘുപത്രം .അനുപർണങ്ങളുണ്ട് .മിനുസമുള്ള ഇലകൾക്ക് 7 -17സെ.മി നീളവും 3 -7 വീതിയുമുണ്ട് .ഇലകൾക്ക് അണ്ഡാകൃതിയാണ് .അറ്റം കൂർത്തിരിക്കും .ഇലകൾക്ക് ഇളം പച്ചനിറം .പാർശ്വസിരകൾ 4 -7 ജോടിയുണ്ടാകും .പത്രസീമാന്തം അഖണ്ഡമാണ് .
മാർച്ച് -മെയ് മാസങ്ങളിലാണ് അത്തിയുടെ പൂക്കാലം .ഇവയുടെ പുഷ്പമഞ്ജരികൾ നീണ്ട കുലകളായി ഉണ്ടാകുന്നു .ഓരോ കുലയിലും ആൺപൂക്കളും പെൺപൂക്കളും പ്രത്യേകം പ്രത്യേകം കാണാം .എന്നാൽ ചില പൂങ്കുലകളിൽ പെൺപൂക്കൾ മാത്രം കാണപ്പെടുന്നു .ഓരോ പുഷ്പത്തിനും മൂന്നോ നാലോ പെരിയാൻഥ് ഖണ്ഡങ്ങളുണ്ട് .ഒന്നോ രണ്ടോ കേസരങ്ങളും .
ഗോളാകൃതിയിലുള്ള അത്തിപ്പഴങ്ങൾ കുലകളായി ഉണ്ടാകുന്നു .ആദ്യം പച്ചനിറത്തിലും മൂപ്പെത്തുമ്പോൾ ചുവപ്പുനിറവുമാകുന്നു .കായകളിൽ മൃദുരോമങ്ങൾ ഉണ്ടാവും .നല്ല മധുരമുള്ള അത്തിപ്പഴം ഉണക്കി സൂക്ഷിക്കാവുന്നതാണ് .പഴത്തിന് നല്ല മധുരം ഉള്ളതുകൊണ്ട് പുഴുക്കളുടെ ശല്യം ഉണ്ടാകാറുണ്ട് .അതുകൊണ്ട് എല്ലാ പഴങ്ങളും ഉപയോഗിക്കാൻ കഴിയില്ല.
മിതമായ രീതിയിൽ സ്വാഭാവിക പുനരുത്ഭവം നടക്കുന്നുണ്ട്. പക്ഷികൾ വഴിയാണ് വിത്തുവിതരണം നടത്തുന്നത്.സ്വാഭാവിക പുനരുത്ഭവത്തെക്കാൾ കൃത്രിമമായി എടുക്കുന്ന തൈകളാണ് നടാൻ ഉപയോഗിക്കുന്നത്.കമ്പു മുറിച്ച് വച്ചും മുളപ്പിക്കാവുന്നതാണ് .തൈ നട്ട് 3-4 വർഷത്തിനുള്ളിൽ കായ്കൾ ഉണ്ടാവും. ഇന്ന് ചട്ടികളിൽ നട്ടുവളർത്താവുന്ന വിദേശ ഇനങ്ങൾ അത്തികളും നേഴ്സറികളിൽ ലഭ്യമാണ് .
അത്തിയുടെ സവിശേഷതകൾ .
ജന്മനക്ഷത്ര വൃക്ഷങ്ങളിൽ ഉൾപ്പെടുന്ന ഒരു സസ്യം കൂടിയാണ് അത്തി . കാർത്തിക നാളുകാരുടെ ജന്മ നക്ഷത്ര വൃക്ഷമാണ് അത്തി .നാല്പാമരങ്ങളിൽ ഉൾപ്പെടുന്ന വൃക്ഷങ്ങൾ എല്ലാം തന്നെ ജന്മനക്ഷത്ര വൃക്ഷങ്ങളിൽ ഉൾപ്പെടുന്നവയാണ് .വാസ്തുശാസ്ത്രപ്രകാരം വീടിന്റെ തെക്കു ഭാഗത്ത് അത്തി നില്ക്കുന്നത് ശുഭലക്ഷണമായി കരുതുന്നു. എന്നാൽ വീടിന്റെ വടക്കു ഭാഗത്ത് ഈ മരം നില്ക്കുന്നത് അത്ര നല്ലതല്ല.
രാസഘടകങ്ങൾ .
അത്തിപ്പഴത്തിൽ മാംസ്യം ,കൊഴുപ്പ് ,കാർബോഹൈട്രേറ്റുകൾ ,ഫോസ്‌ഫറസ് ,കാൽസ്യം ,ഇരുമ്പ് ,ഭക്ഷ്യനാരുകൾ ,ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
English Name - Cluster fig tree, Gular fig, redwood fig,Country fig.
Hindi name - Gular.
Kannada name - Atti Mara, Atthi.
Telugu name - Attimaram, Athi.
Tamil name - Atti, Aththi Maram, Araththamaram.
Malayalam name - Aththi.
Bengali Name- Dumur.
Gujarati name - Goolar,Umbaro.
Marathi name - Udumbar,AttiAaudumbara,Gular.
അത്തിയുടെ ഔഷധഗുണങ്ങൾ .
പ്രസിദ്ധമായ നാല്പാമരങ്ങളിൽ ഉൾപ്പെടുന്ന ഒരു വൃക്ഷമാണ് അത്തി .നാല്പാമരാദി എണ്ണയിലെ ഒരു പ്രധാന ഘടകവുമാണ് .അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട എന്ന് അറിയപ്പെടുന്നത്.അത്തി ,ഇത്തി ,അരയാൽ ,പേരാൽ ,കല്ലാൽ ഇവയുടെ അഞ്ചിന്റെയും തൊലിയാണ് പഞ്ചവൽക്കലങ്ങൾ എന്നറിയപ്പെടുന്നത് .ഇത് രക്തം ശുദ്ധീകരിക്കുന്നതും എല്ലാ ചർമ്മരോഗങ്ങളെയും ശമിപ്പിക്കുന്നതുമാണ് .അത്തി,ഇത്തി എന്നിവയുടെ തൊലി ചതച്ച നീര് പാലിലോ വെള്ളത്തിലോ ചേർത്താൽ പുണ്യാഹമായി .
വേര് ,കറ ,തൊലി ,ഇല ,കായ് എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ .ഗർഭച്ഛിദ്ര സാധ്യതയെ ഫലപ്രദമായി ചെറുക്കും .രക്തം ശുദ്ധീകരിക്കും .കുഷ്‌ഠം ,വ്രണം ,ഒടിവ്, ചർമ്മരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .മൂലക്കുരുവിനും യോനിരോഗങ്ങൾക്കും നല്ലതാണ് .വേര് മുറിക്കുമ്പോൾ കിട്ടുന്ന കറ കരൾരോഗങ്ങൾക്കും കൈകാൽ വീണ്ടുകീറുന്നതിനും നല്ലതാണ് .ചെങ്കണ്ണ് ,പനി ,പ്രമേഹം ,വയറിളക്കം ,വായ്പ്പുണ്ണ് ,മൂത്രാശയരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .ഇലയുടെ നീര് മുറിവുകൾക്കും വ്രണങ്ങൾക്കും നല്ലതാണ് .അത്തിപ്പഴത്തിന്റെ നീര് ഉദരരോഗങ്ങൾക്കും ,രക്തശ്രാവത്തിനും ,ആർത്തവക്രമക്കേടുകൾക്കും നല്ലതാണ് .അത്തിയുടെ കറ കാമം വർധിപ്പിക്കുന്നതിനും ശരീരക്ഷതത്തിനും വയറിളക്കത്തിനും നല്ലതാണ് .തൊലി ഗർഭാശയമുഴ അർബുദം എന്നിവയ്ക്കും നല്ലതാണ് .അത്തിയുടെ തൊലിക്ക് വിഷം ശമിപ്പിക്കാനുള്ള കഴിവുണ്ട് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
അത്തി ചേരുവയുള്ള ചില ഔഷധങ്ങൾ .
പഞ്ചവല്കാദി തൈലം (Panchavalkadi Tailam).
എക്സിമ ,ഡെർമറ്റൈറ്റിസ് ,മുറിവുകൾ ,രക്തശ്രാവം മുതലായവയുടെ ചികിൽത്സയിൽ പഞ്ചവല്കാദി തൈലം ഉപയോഗിച്ചു വരുന്നു .ഇത് പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .
ഉശീരാസവം (Usirasavam).
ചർമ്മരോഗങ്ങൾ ,മുഖക്കുരു ,വിളർച്ച മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് ഉശീരാസവം .
ദിനേശവല്യാദി കുഴമ്പ് (Dinesavalyadi Kuzhampu).
ചർമ്മരോഗങ്ങൾ ,മുറിവുകൾ എന്നിവയുടെ ചികിൽത്സയിലും ചർമ്മത്തിന്റെ നിറം വർധിപ്പിക്കാനും ദിനേശവല്യാദി കുഴമ്പ് ഉപയോഗിക്കുന്നു .ഇത് പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .
നാല്‍പാമരാദി തൈലം (Nalpamaradi Tailam).
ആയുർവേദത്തിൽ ചർമ്മസംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു എണ്ണയാണ് നാല്‍പാമരാദി തൈലം.നാല്പാമരാദി തൈലവുമുണ്ട് നാല്പാമരാദി കേര തൈലവുമുണ്ട് .എള്ളണ്ണയിൽ തയാറാക്കുന്നതിനെ നാല്‍പാമരാദി തൈലമെന്നും വെളിച്ചെണ്ണയിൽ തയാറാക്കുന്നതിനെ നാല്പാമരാദി കേര തൈലമെന്നും അറിയപ്പെടുന്നു .ചൂടുള്ള കാലാവസ്ഥയിൽ നാല്പാമരാദി കേരമാണ് നല്ലത് .അതെ പോലെ ശരീരത്തിന് ചൂട് കൂടുതൽ അനുഭവപ്പെടുന്നവരും നാല്പാമരാദി കേരമാണ് ഉപയോഗിക്കേണ്ടത് .
ഈ എണ്ണ ചൊറി ,ചിരങ്ങ് ,കരപ്പൻ ,കുഷ്ടം എന്നിവയുൾപ്പടെ എല്ലാ ചർമ്മരോഗങ്ങൾക്കും ഉപയോഗിക്കാം .കൂടാതെ ചർമ്മസൗന്ദര്യം വർധിപ്പിക്കാനും ഉപയോഗിക്കാം .മുഖക്കുരു ,മുഖത്തെ കറുത്തപാടുകൾ ,കരുവാളിപ്പ് എന്നിവയെല്ലാം ഇല്ലാതാക്കി മുഖത്തിന്റെ നിറം വർധിപ്പിക്കാനും നാല്‍പാമരാദി തൈലം ഉപയോഗിക്കാം .എല്ലാ ദിവസവും രാത്രിയിൽ മുഖത്ത് പുരട്ടി രാവിലെ പയറുപൊടിയോ വീര്യം കുറഞ്ഞ ഫേയ്‌സ് വാഷോ ഉപയോഗിച്ച് കഴുകിക്കളയാം .
വരണ്ട ചർമ്മമുള്ളവർക്കും ഉപയോഗിക്കാൻ പറ്റിയ ഒരു തൈലമാണ് നാല്‍പാമരാദി തൈലം.ഈ തൈലം തേച്ചുകുളിക്കുന്നതിലൂടെ സ്‌കിന്‍ മോയ്‌സ്ച്വറാക്കി നിലനിർത്തുകയും ഡ്രൈനസ് കുറയ്ക്കുന്നതിനും സഹായിക്കുന്നു .കൂടാതെ ഡ്രൈ സ്‌കിന്‍ മൂലം കാലുകളിലുണ്ടാകുന്ന മൊരി ഇല്ലാതാക്കാനും ഈ തൈലം ഉപയോഗിക്കാം .പ്രസവത്തിനുശേഷമുള്ള സ്‌ട്രെച്ച് മാര്‍ക്കുകൾ ഇല്ലാതാക്കാനും നാല്‍പാമരാദി തൈലം പതിവായി ഉപയോഗിക്കുന്നതിലൂടെ സാധിക്കും .കുട്ടികളെ തേച്ചുകുളിപ്പിക്കാൻ പറ്റിയ ഒരു എണ്ണകൂടിയാണ് നാല്‍പാമരാദി തൈലം.പതിവായി ഈ തൈലം തേച്ചു കുളിപ്പിച്ചാൽ കുട്ടികൾക്ക് ചർമ്മരോഗങ്ങൾ വരാതിരിക്കുകയും നല്ല നിറം വയ്ക്കുന്നതിനും സഹായിക്കും .
അരിമേദാദി തൈലം (Arimedadi Tailam).
ആയുർവേദത്തിൽ മുഖരോഗ ചികിൽത്സയിൽ നിർദ്ദേശിച്ചിരിക്കുന്ന ഒരു തൈലമാണ് അരിമേദാദി തൈലം.മുഖരോഗം എന്നാൽ വായിലുണ്ടാകുന്ന രോഗങ്ങൾ എന്നാണ് .ദന്തരോഗങ്ങളുടെ ചികിൽത്സയിലാണ് ഈ തൈലം പ്രധാനമായും ഉപയോഗിക്കുന്നത് .പല്ലുകളുടെയും മോണകളുടേയും ബലം വർധിപ്പിക്കുന്നതിനും വായിലുണ്ടാകുന്ന പല രോഗങ്ങളെ തടയുന്നതിനും ഈ തൈലം വളരെ ഫലപ്രദമാണ് .
യഷ്ടീമധുകാദി തൈലം (Yashtimadhukadi Kera Tailam).
ചൊറി ,ചൊറിച്ചിൽ ,സ്കാബീസ്,കരപ്പൻ മുതലായവയുടെ ചികിൽത്സയിൽ പുറമെ പുരട്ടുവാൻ യെഷ്ടീമധുകാദി തൈലം ഉപയോഗിക്കുന്നു .
നീരുര്യാദി ഗുളിക(Niruryadi Gulika).
പ്രമേഹ രോഗത്തിന് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു മരുന്നാണ് നീരുര്യാദി ഗുളിക.പ്രമേഹ രോഗം മൂലമുണ്ടാകുന്ന എല്ലാ ശാരീരിക ബുദ്ധിമുട്ടുകൾക്കും ഈ ഔഷധം ഫലപ്രദമാണ് .
വലിയ ചന്ദനാദി തൈലം(Valiya Chandanadi Tailam).
ഒരു പ്രകൃതിദത്ത ശീതീകരണ എണ്ണയാണ് വലിയ ചന്ദനാദി തൈലം .തലപുകച്ചിൽ ,തലവേദന ,തലകറക്കം ,മൂക്കിലൂടെയുള്ള രക്തശ്രാവം എന്നിവയ്ക്ക് തലയിൽ പുരട്ടുവാനും നസ്യം ചെയ്യുവാനും ഈ എണ്ണ ഉപയോഗിക്കുന്നു .കൂടാതെ മഞ്ഞപ്പിത്തം, ഹെർപ്പസ്, സന്ധിവാതം എന്നിവയ്ക്ക് ശരീരം മുഴുവൻ പുരട്ടുവാനും ഈ എണ്ണ ഉപയോഗിക്കുന്നു .
മർമ്മ ഗുളിക (Marma Gulika).
മസ്തിഷ്കം, ഹൃദയം,വൃക്ക തുടങ്ങിയ ശരീരത്തിലെ സുപ്രധാന അവയവങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മർമ്മ ഗുളിക .
രസാദിഗുണങ്ങൾ .
രസം-കഷായം,മധുരം.
വീര്യം-ശീതം.
ഗുണം-ഗുരു,രുക്ഷം.
വിപാകം-കടു.
അത്തിയുടെ ചില ഔഷധപ്രയോഗങ്ങൾ .
അത്തിപ്പഴം പഞ്ചസാരയും ചേർത്ത് കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തശ്രാവം ശമിക്കും .ശരീരബലക്കുറവ് ,ലൈംഗീകശേഷിക്കുറവ് ,വിളർച്ച ,അമിതാർത്തവം ,വയറിളക്കം എന്നിവയ്ക്കും അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ് .കുട്ടികളിലെ ക്ഷീണം മാറാൻ അത്തിപ്പഴം നിത്യവും കൊടുക്കുന്നത് നല്ലതാണ് .
അത്തിയുടെ കറ തേനും ചേർത്ത് കഴിക്കുന്നത് പ്രമേഹത്തിന് ഉത്തമമാണ് .അത്തി ,ഇത്തി ,അരയാൽ ,പേരാൽ ,ഞാറ ,നീർമാതളം എന്നിവയുടെ തൊലിയും മഞ്ഞളും ചേർത്ത് കഷായമുണ്ടാക്കി തേനും ചേർത്ത് കഴിച്ചാൽ പ്രമേഹം പൂർണ്ണമായും മാറും .അത്തിപ്പഴത്തിന്റെ കുരു പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നതും പ്രമേഹത്തിന് നല്ലതാണ് .അത്തിയുടെ കായ ചതച്ച നീര് തേൻ ചേർത്ത് കഴിച്ചാൽ രക്തപിത്തം മാറിക്കിട്ടും .അത്തിയുടെ മരത്തിൽ മുറിവുണ്ടാക്കി ശേഖരിക്കുന്ന വെള്ളം (അത്തിവെള്ളം ) ശുദ്ധജലത്തിൽ ചേർത്ത് കഴിക്കുന്നത് പ്രമേഹത്തിന് ഉത്തമമാണ് .
അത്തിയുടെ ഇല ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നത് പിത്തം ശമിക്കുവാൻ നല്ലതാണ് .അത്തിയുടെ തൊലിയും ഇലയുമിട്ട് വെള്ളം തിളപ്പിച്ച് കവിൾ കൊള്ളുന്നത് മോണപഴുപ്പ് ,വായ്പ്പുണ്ണ് എന്നിവ മാറാൻ നല്ലതാണ് .അത്തിയുടെ ഇളം കായ കഴിക്കുന്നത് വയറിളക്കം മാറാൻ നല്ലതാണ് .അത്തിയുടെ ഇലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കണ്ണ് കഴുകിയാൽ ചെങ്കണ്ണ് മാറിക്കിട്ടും .അത്തിയുടെ കറ നല്ലെണ്ണയും ചേർത്ത് അർബുദ വ്രണങ്ങളിൽ പുരട്ടുവാൻ ഉപയോഗിക്കുന്നു .
അത്തി ,ഇത്തി ,അരയാൽ ,പാച്ചോറ്റി എന്നിവയുടെ തൊലി കഷായമുണ്ടാക്കി കഴിക്കുകയും ഇതുകൊണ്ട് യോനി കഴുകുകയും ചെയ്താൽ വെള്ളപോക്കും ഫംഗസ് ബാധയും മാറിക്കിട്ടും .ഇത് ആർത്തവ സംബന്ധമായ എല്ലാ രോഗങ്ങൾക്കും നല്ലതാണ് .അത്തിപ്പഴം, മുരിക്കിൻ കായ എന്നിവ പാലും തേനും ചേർത്ത് അരച്ച് യോനിയിൽ പുരട്ടിയാൽ അയഞ്ഞ യോനി ചുരുങ്ങും .അത്തി ,ഇത്തി ,അരയാൽ,പേരാൽ എന്നിവയുടെ തൊലി വെള്ളം തിളപ്പിച്ച് മുറിവ് കഴുകിയാൽ മുറിവ് പെട്ടന്ന് കരിയും .അത്തിയുടെ തൊലിയുടെ നീര് വെള്ളത്തിൽ കലക്കി കഴിക്കുന്നത് രക്താർശസിന് നല്ലതാണ് .അത്തിയുടെ കറ പുറമെ പുരട്ടുന്നത് വേദന മാറാൻ നല്ലതാണ്
ALSO READ : കൊടിത്തൂവയുടെ ഔഷധഗുണങ്ങൾ .
അത്തിപ്പഴം തേൻ ചേർത്ത് കഴിക്കുന്നത് രക്തം ചുമച്ചു തുപ്പൽ ,വായ്പ്പുണ്ണ് .അമിത ആർത്തവം എന്നിവ മാറാൻ നല്ലതാണ് .ഗർഭം അലസാതിരിക്കാൻ പ്രതിരോധം എന്ന നിലയിൽ അത്തിയുടെ തൊലി കഷായം വച്ചു കഴിക്കുന്നത് നല്ലതാണ് .ഹൃദയത്തിലേക്ക് രക്തപ്രവാഹം കുറയുന്ന Angina Pectoris എന്ന രോഗം മാറാൻ അത്തിപ്പഴം നിത്യവും കഴിക്കുന്നത് നല്ലതാണ്
അത്തിപ്പഴം കഴിക്കുന്നത് മലബന്ധം മാറാൻ നല്ലതാണ് .അത്തിയുടെ തൊലി ഉണക്കിപ്പൊടിച്ച് ആട്ടിൻപാലിൽ ചേർത്ത് കഴിച്ചാൽ അമിത വിശപ്പ് മാറിക്കിട്ടും .അത്തി ,ഇത്തി ,അരയാൽ ,പേരാൽ ,കല്ലാൽ എന്നിവ കഷായമുണ്ടാക്കി കഴിക്കുകയും ധാരകോരുകയും ചെയ്‌താൽ മണ്ഡലി പാമ്പിൻ വിഷം ശമിക്കും .അത്തിയുടെ ഇല നീര് എണ്ണ കാച്ചി പുരട്ടുന്നത് ശരീരത്തിൽ അനുഭവപ്പെടുന്ന ചുട്ടുനീറ്റൽ മാറാൻ നല്ലതാണ് .
മൂന്നോ നാലോ അത്തിപ്പഴം രാത്രിയിൽ ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വച്ചിരുന്നു പിറ്റേന്ന് രാവിലെ ഈ അത്തിപ്പഴം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്‌താൽ മൂലക്കുരു ശമിക്കും .ഇപ്രകാരം ഒരു മാസം കഴിക്കണം .അത്തിയുടെ ഇല ഉണക്കിപ്പൊടിച്ച് 10 ഗ്രാം വീതം ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ചു സമയം തിളപ്പിച്ച് അരിച്ചെടുത്ത് ചായപോലെ കഴിക്കുന്നത് പ്രമേഹം ,രക്തസമ്മർദം എന്നിവ കുറയാൻ സഹായിക്കും. ഇത് വയറുവേദനയ്ക്കും നല്ലതാണ് .ഈ പൊടി 6 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ ചേർത്ത് കഴിക്കുന്നത് മൂത്രം മഞ്ഞ നിറത്തിൽ പോകുന്നത് മാറാൻ നല്ലതാണ്