ഇന്ത്യയിൽ മിക്കവാറും എല്ലാ സ്ഥലത്തും കുളങ്ങളുടെ അരികുകളിലും ചതുപ്പു പ്രദേശങ്ങളിലും കണ്ടുവരുന്ന വളരെയേറെ ഔഷധഗുണമുള്ള സസ്യമാണ് വയമ്പ് .ബർമ്മയിലും വയമ്പ് ധാരാളമായി കണ്ടുവരുന്നു .ബുദ്ധിവികാസത്തിനും കണ്ഠശുദ്ധിക്കും ആയുർവേദത്തിലെ ശ്രഷ്ട്ടമായ ഒരു മരുന്നാണ് വയമ്പ് .പണ്ടുകാലത്ത് വയമ്പിൻ കഷണത്തിൽ സ്വർണ്ണക്കമ്പി കയറ്റി ചാണയിൽ അരച്ച് ദിവസവും കുട്ടികൾക്ക് കൊടുത്തിരുന്നു .വയമ്പിന്റെ തരിപ്പ് കാരണം കുട്ടികൾ വേഗത്തിൽ സംസാരിച്ചിരുന്നു .ഈ രീതി ഇന്നും പലരും ചെയ്യുന്നുണ്ട് .വയമ്പിന്റെ കിഴങ്ങ് വാറ്റിയെടുക്കുന്ന തൈലം വിദേശമദ്യങ്ങളിൽ മണത്തിനും രുചിയും ഉണ്ടാക്കാൻ ചേർക്കുന്നു .ഇന്ത്യയിൽ ചില സ്ഥലങ്ങളിൽ വയമ്പ് കൃഷി ചെയ്യുന്നുണ്ട് .ഏകദേശം 30 സെ.മി ഉയരത്തിൽ വളരുന്ന വയമ്പിന്റെ രണ്ടു വശത്തേക്കാണ് ഇലകൾ ക്രമീകരിച്ചിരിക്കുന്നത് .ഇതിന്റെ നീണ്ട ഇലകൾക്ക് കടും പച്ച നിറമാണ് .ഇലയുടെ അഗ്രഭാഗം കൂർത്തതാണ് .ഇതിന്റെ ഇലകൾക്കും മണ്ണിനടിയിലുള്ള മൂലകാണ്ഡത്തിനും നല്ല ഗന്ധമുണ്ട് .കുങ്കുമാദിതൈലം,വചാദിചൂർണം, വചാദിതൈലം, വിജയചൂർണം, വലിയ രാസ്നാദികഷായം,ഗുഗ്ഗുലുഘൃതം,ധന്വന്തരഘൃതം തുടങ്ങിയ മരുന്നുകളിൽ വയമ്പ് ഒരു ചേരുവയാണ് വയമ്പിന്റെ മൂലകണ്ഡം ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
സസ്യകുടുംബം : Araceae
ശാസ്ത്രനാമം ; Acorus calamus
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ്: Sweet flag
സംസ്കൃതം : വചാ, ഉഗ്രഗന്ധഃ
ഹിന്ദി: വചാ, ഘോടവചാ
തമിഴ് : വശമ്പ്
തെലുങ്ക് : വശ
രസാദിഗുണങ്ങൾ
രസം : കടു, തിക്തം
ഗുണം :തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു
പ്രഭാവം: മേധ്യം
രാസഘടകങ്ങൾ
ഉണങ്ങിയ മൂലകാണ്ഡത്തിൽ ബാഷ്പീകരണ തൈലം അടങ്ങിയിട്ടുണ്ട്.തൈലത്തിലെ മുഖ്യ രാസഘടകങ്ങളായി Asaryl aldehyde ,Eugenol,Pinene ,Camphene ,Calamine എന്നിവ
കാണപ്പെടുന്നു. കാണ്ഡത്തിൽ Acorin എന്ന ഗ്ലൂക്കോഡൈഡ്, Acoretin എന്നിവയും ഉൾപ്പെടുന്നു.
ഔഷധഗുണങ്ങൾ
ബുദ്ധിശക്തി ,ഓർമ്മശക്തി എന്നിവ വർധിപ്പിക്കുന്നു ,സ്വരം നന്നാക്കുന്നു ,കാര്യഗ്രഹണശക്തി പ്രദാനം ചെയ്യുന്നു ,യൗവനം നിലനിർത്തും , കാഴ്ചശക്തി വർദ്ധിപ്പിക്കും ,ശുക്ലം വർദ്ധിപ്പിക്കും ,ഞരമ്പുരോഗങ്ങൾ ഇല്ലാതാക്കും ,വിഷങ്ങൾ ഇല്ലാതാക്കും ,അപസ്മാരം ,ഉന്മാദം എന്നിവ ശമിപ്പിക്കുന്നു ,മലബന്ധവും മൂത്രതടസ്സവും ഇല്ലാതാക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
വയമ്പ് ,ബ്രഹ്മി ,കൊട്ടം കടുക് ,നറുനീണ്ടി കിഴങ്ങ്, തിപ്പലി അരച്ച് നെയ്യ് ചേർത്ത് കാച്ചി കുട്ടികൾക്ക് കൊടുത്താൽ കുട്ടികൾക്ക് ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിക്കും
വയമ്പ് പൊടിച്ചത് 2 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലക്കി ദിവസവും രാവിലെ കഴിച്ചാൽ ഉന്മാദരോഗം ശമിക്കും
വയമ്പ്, ഞാഴൽപ്പൂവ് ,തൊട്ടാവാടി ,ചുക്ക് ,കുരുമുളക് ,തിപ്പലി ,മഞ്ഞൾ എന്നിവ അരച്ച് പശുനെയ്യും ,എരുമ നെയ്യും ചേർത്ത് കാച്ചി 15 ഗ്രാം വീതം രാത്രിയിൽ കിടക്കാൻ നേരം കഴിച്ച് ഒരു ഗ്ലാസ് എരുമപ്പാൽ പുറമെ കുടിച്ചാൽ സ്ത്രീകളുടെ മാറിടങ്ങൾക്ക് വലിപ്പവും ദാർഢ്യവും ഉണ്ടാകും
വയമ്പ് തേനിൽ അരച്ച് സ്വൽപം കഴിച്ചാൽ ഒച്ചയടപ്പ് മാറും
50 mg കോഴിമുട്ടയുടെ വെള്ളക്കരുവിൽ ചേർത്ത് ദിവസം 2 നേരം വീതം കഴിച്ചാൽ വില്ലൻചുമ ശമിക്കും
വയമ്പ് പൊടിച്ച് വിതറിയാൽ മൂട്ട നശിക്കും മറ്റു താളിപ്പൊടികൾക്കൊപ്പം ചേർത്ത് തല കഴുകിയാൽ തലയിലെ പേൻ നശിക്കും
വയമ്പും ബ്രഹ്മിയും സമം പൊടിച്ച് ഒരു ഗ്രാം വീതം 6 mg തേനിൽ ചേർത്ത് ദിവസവും രാവിലെ കഴിച്ചാൽ അപസ്മാരം ശമിക്കും
വയമ്പ് ,കുരുമുളക് ,തിപ്പലി ,ചുക്ക് എന്നിവ ഒരേ അളവിൽ പൊടിച്ച് ദിവസം 3 നേരം വീതം കഴിച്ചാൽ പിച്ചും പേയും പറയുന്ന അവസ്ഥ മാറിക്കിട്ടും
വയമ്പ് ,പാച്ചോറ്റിത്തൊലി ,കൊത്തമ്പാലയരി ,എന്നിവ പനിനീരിൽ അരച്ച് മുഖത്ത് പതിവായി തേയ്ച്ചാൽ മുഖക്കുരു ,കരിമുഖം എന്നിവ മാറി മുഖത്തിന് അസാധാരണ ഭംഗിയുള്ളതായി തീരും
വയമ്പുകൊണ്ട് സ്വർണ്ണ ഏലസ് ഉണ്ടാക്കി കുട്ടികളുടെ അരയിൽ കെട്ടിയാൽ കുട്ടികൾക്ക് അപസ്മാരം ഉണ്ടാകുകയില്ല
വയമ്പ് തേനിൽ ചാലിച്ച് കൊടുത്താൽ കൊച്ചു കുഞ്ഞുങ്ങൾ ദഹനക്കുറവ് വയറുവേദന എന്നിവ മൂലം കരയുന്നത് മാറിക്കിട്ടും
പനിക്കൂർക്ക ഇലയുടെ നീരിൽ വയമ്പ് അരച്ച് കൊടുത്താൽ കുട്ടികളുടെ മലബന്ധം മാറും