നീലിഭൃംഗാദി തൈലം: ഗുണങ്ങൾ, ഉപയോഗം, പാർശ്വഫലങ്ങൾ

രാവിലെ എഴുന്നേറ്റ് മുടി ചീകുമ്പോൾ ചീപ്പിൽ പതിഞ്ഞുകിടക്കുന്ന മുടി കാണുന്നത് പലർക്കും ചെറിയൊരു വിഷമമല്ല. മുടികൊഴിച്ചിൽ കൂടുമ്പോൾ ഒന്നിന് പിന്നാലെ ഒന്നായി ഹെയർ ഓയിലുകൾ വാങ്ങി പരീക്ഷിച്ചിട്ടും കാര്യമായ മാറ്റമൊന്നും തോന്നാതെ മടുത്തവരും കുറവല്ല.

അത്തരം സമയത്താണ് പഴയകാലം മുതൽ നമ്മുടെ വീടുകളിൽ ഉപയോഗിച്ചിരുന്ന ചില പരമ്പരാഗത എണ്ണകൾ വീണ്ടും ശ്രദ്ധ നേടുന്നത്. അതിൽ ഏറെ പരിചിതമായ ഒന്നാണ് നീലിഭൃംഗാദി കേര തൈലം (Neelibringadi Kera Thailam). തലമുടിയുടെയും തലയോട്ടിയുടെയും പരിചരണത്തിനായി ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്ന ഈ തൈലം, മുടിക്ക് ആവശ്യമായ പരിചരണം നൽകാൻ ആഗ്രഹിക്കുന്നവർ പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ്.

നീലിഭൃംഗാദി കേര തൈലം മുടിക്ക് എന്തൊക്കെ ഗുണങ്ങൾ നൽകാം? തലയോട്ടിയുടെ ആരോഗ്യത്തിന് ഇത് എങ്ങനെ സഹായിക്കും? എത്ര നേരം തലയിൽ വെക്കണം, ആഴ്ചയിൽ എത്ര തവണ ഉപയോഗിക്കണം, ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? Neelibringadi Keram Tailam benefits, Neelibringadi oil for hair, നീലിഭൃംഗാദി കേര തൈലം ഗുണങ്ങൾ എന്നിവ അന്വേഷിക്കുന്നവർക്ക് അറിയേണ്ട പ്രധാന കാര്യങ്ങൾ  ഈ ലേഖനത്തിൽ നോക്കാം.

നീലിഭൃംഗാദി തൈലത്തിന്റെ ഗുണങ്ങൾ, മുടികൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പിന്തുണയ്ക്കാനും ഉപയോഗിക്കുന്ന ആയുർവേദ കേശതൈലം


ആയുർവേദ പ്രമാണങ്ങളിൽ നീലിഭൃംഗാദിയെ കുറിച്ച് എന്താണ് പറയുന്നത്?

വെറുമൊരു കൂട്ടല്ല നീലിഭൃംഗാദി. നൂറ്റാണ്ടുകൾക്ക് മുൻപ് രചിക്കപ്പെട്ട പ്രസിദ്ധമായ ആയുർവേദ ഗ്രന്ഥമായ 'സഹസ്രയോഗത്തിലെ' (തൈലയോഗപ്രകരണം) ശ്ലോകത്തിൽ ഇതിന്റെ ചേരുവകളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും കൃത്യമായി പറയുന്നുണ്ട്:

നീലീ ഭൃംഗരാജശ്ശതക്രതുലതാധാത്രീഫലാനാം രസേ ।

ക്ഷീരൈരാജകനാലികേരമഹിഷീധേനൂദ്ഭവൈസ്സാധിതം ॥

തൈലം തത്പയസൈവ പിഷ്ടലുലിതൈര്യഷ്ട്യാഹ്വഗുഞ്ജാഞ്ജനൈഃ ।

കേശാൻ സംജനയേത്തലേപി കരയോരാസ്താം അകേശം ശിരഃ ॥

സഹസ്രയോഗത്തിലെ ഈ പ്രശസ്തമായ ശ്ലോകം നീലിഭൃംഗാദി തൈലത്തിന്റെ ചേരുവകളെയും അത് തയ്യാറാക്കുന്ന രീതിയെയും അതിന്റെ അളവറ്റ ഔഷധവീര്യത്തെയും കൃത്യമായി വെളിപ്പെടുത്തുന്ന ഒന്നാണ്.  ഈ ശ്ലോകത്തെ  വിശകലനം ചെയ്യുമ്പോൾ ലഭിക്കുന്ന ആഴത്തിലുള്ള അർത്ഥം  താഴെ നൽകുന്നു:

ശ്ലോകം ആദ്യവരിയുടെ അർത്ഥം 

'നീലീ ഭൃംഗരാജശ്ശതക്രതുലതാ ധാത്രീഫലാനാം രസേ'

ഈ ആദ്യ പാദത്തിൽ തൈലം കാച്ചാൻ ആവശ്യമായ നാല് പ്രധാന ഔഷധച്ചാറുകളെയാണ് (സ്വരസങ്ങളെയാണ്) ആചാര്യൻ വ്യക്തമാക്കുന്നത്.

നീലീ: കേശരഞ്ജനത്തിനും മുടിയുടെ സ്വാഭാവിക കറുപ്പ് നിറത്തിനും പേരു കേട്ട നീലമരി 

ഭൃംഗരാജഃ: ഭൃംഗരാജ് അഥവാ കേശത്തെ തഴപ്പിച്ചു വളർത്താൻ കഴിവുള്ള കൈയ്യോന്നി.

ശതക്രതുലതാ: തലയോട്ടിയിലെ നീരും പിത്തകോപവും മാറ്റി തണുപ്പ് നൽകുന്ന ഉഴിഞ്ഞ.

ധാത്രീഫലാനാം രസേ: ധാത്രി അഥവാ നെല്ലിക്കയുടെ നീരിൽ (രസത്തിൽ) എന്നാണ് ഇതിന്റെ അർത്ഥം.

അതായത്, നീലമരി, കൈയ്യോന്നി, ഉഴിഞ്ഞ, നെല്ലിക്ക എന്നീ നാല് മൂലികകളുടെയും പുതിയ നീരിൽ (സ്വരസത്തിൽ) വേണം ഈ തൈലം സിദ്ധമാക്കാൻ.

ശ്ലോകം രണ്ടാം വരിയുടെ അർത്ഥം 

'ക്ഷീരൈ രാജക നാലികേര മഹിഷീ ധേനൂദ്ഭവൈഃ സാധിതമ്'

രണ്ടാമത്തെ പാദത്തിൽ ഈ തൈല സംസ്കരണത്തിന് ആവശ്യമായ നാല് തരം പാലുകളെക്കുറിച്ച് (ചതുർക്ഷീരം) ഉപദേശിക്കുന്നു.

ക്ഷീരൈഃ: പാലുകൾ കൊണ്ട്.

ആജക: അജ അഥവാ ആടിന്റെ പാൽ (ആട്ടിൻപാൽ).

നാലികേര: നാളികേരത്തിന്റെ പാൽ (തേങ്ങാപ്പാൽ).

മഹിഷീ: എരുമയുടെ പാൽ (എരുമപ്പാൽ).

ധേനൂദ്ഭവൈഃ (ധേനു + ഉദ്ഭവൈഃ): ധേനു അഥവാ പശുവിൽ നിന്നുണ്ടാകുന്ന പാൽ (പശുമതിൻ പാൽ).

സാധിതമ്: ഇവയെല്ലാം കൃത്യമായ പാകത്തിൽ യോജിപ്പിച്ച് കാച്ചി സംസ്കരിച്ചെടുത്തത് എന്നാണ് അർത്ഥം.

ശ്ലോകം മൂന്നാം വരിയുടെ അർത്ഥം 

'തൈലം തത് പയസൈവ പിഷ്ട ലുലിതൈര്യഷ്ട്യാഹ്വ ഗുഞ്ജാഞ്ജനൈഃ'

മൂന്നാമത്തെ പാദത്തിൽ തൈലത്തിൽ അരച്ചുചേർക്കേണ്ട കൽക്ക ഔഷധങ്ങളെയാണ് വിശദീകരിക്കുന്നത്.

തൈലം: അടിസ്ഥാന തൈലം (എള്ളെണ്ണയോ വെളിച്ചെണ്ണയോ - കേര തൈലത്തിൽ ഇത് വെളിച്ചെണ്ണയാണ്).

തത് പയസാ ഏവ: മേൽപ്പറഞ്ഞ പാലുകളിൽ തന്നെ.

പിഷ്ട: അരച്ചെടുത്ത കൽക്കം (Fine paste).

ലുലിതൈഃ: നന്നായി യോജിപ്പിച്ചത്.

യഷ്ട്യാഹ്വ: യഷ്ടിമധുരം അഥവാ ഇരട്ടിമധുരം.

ഗുഞ്ജാ: കുന്നിക്കുരു.

അഞ്ജനൈഃ: അഞ്ജനക്കല്ല് (സൗവീരാഞ്ജനം).

ഈ കൽക്ക ഔഷധങ്ങളെല്ലാം ആ പാലുകളിൽ തന്നെ നന്നായി അരച്ച് തൈലത്തിൽ യോജിപ്പിച്ചു വേണം പാകം ചെയ്യാൻ.

ശ്ലോകം നാലാം വരിയുടെ അർത്ഥം 

'കേശാൻ സംജനയേത്തലേപി കരയോരാസ്താം അകേശം ശിരഃ'

അവസാന പാദത്തിൽ ഈ തൈലത്തിന്റെ അതിവിശിഷ്ടമായ ഔഷധവീര്യത്തെയാണ് ആചാര്യന്മാർ ഉപമയിലൂടെ വർണ്ണിക്കുന്നത്.

കേശാൻ: മുടിയെ.

സംജനയേത്: സമഗ്രമായി ജനപ്പിക്കുന്നു അല്ലെങ്കിൽ വളർത്തുന്നു.

തലേ അപി കരയോഃ: നമ്മുടെ കൈപ്പത്തിയുടെ (ഉള്ളംകൈയുടെ) പ്രതലത്തിൽ പോലും!

ആസ്താം അകേശം ശിരഃ: അങ്ങനെയെങ്കിൽ, മുടിയില്ലാത്ത തലയുടെ (അകേശം ശിരഃ) കാര്യം പിന്നെ പറയേണ്ടതുണ്ടോ?

കൈപ്പത്തിയുടെ ഉള്ളിൽ പോലും മുടി വളർത്താൻ പോന്നത്ര അപാരമായ ഔഷധശക്തി ഈ കൂട്ടുകൾക്കുമുണ്ട്; അങ്ങനെയുള്ളപ്പോൾ മുടിയില്ലാത്ത തലയിൽ മുടി വളരും എന്ന കാര്യത്തിൽ എന്താണ് സംശയം എന്നാണ് ആചാര്യൻ കാവ്യത്മകമായി ഇവിടെ സ്ഥാപിക്കുന്നത്.

നീലിഭൃംഗാദി തൈലത്തിന്റെ പ്രധാന ഗുണം എന്താണ്?

നീലിഭൃംഗാദി തൈലത്തിന്റെ ശ്ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം അവസാന വരിയിലാണ്:

“കേശാൻ സംജനയേത്…”അഥവാ, കേശങ്ങളെ ജനിപ്പിക്കുകയും വളർത്തുകയും ചെയ്യുക എന്ന ആശയമാണ് ഇവിടെ പ്രധാനമായി പറയുന്നത്.

അതിനെ കൂടുതൽ മനോഹരമായി പറഞ്ഞിരിക്കുന്നത് അടുത്ത ഭാഗത്താണ്. കൈപ്പത്തിയിൽ പോലും മുടി ഉണ്ടാക്കാൻ കഴിയുന്നത്ര ശക്തിയുള്ളതാണെങ്കിൽ, മുടിയില്ലാത്ത തലയിൽ മുടി വളരുന്നതിനെക്കുറിച്ച് എന്തിന് സംശയം? എന്ന കാവ്യാത്മകമായ രീതിയിൽ. ഈ ശ്ലോകം നീലിഭൃംഗാദി തൈലത്തിന് നൽകിയിരിക്കുന്ന കേശജനന-കേശവർദ്ധന പ്രാധാന്യം വളരെ വ്യക്തമായി കാണിച്ചുതരുന്നു.

അതുകൊണ്ടാണ് തലമുടിയുടെ പരിചരണത്തിനായി നീലിഭൃംഗാദി തൈലം പാരമ്പര്യമായി ഉപയോഗിച്ചുവരുന്നത്.ചുരുക്കത്തിൽ, മുടികൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പിന്തുണയ്ക്കാനും സഹായിക്കുന്ന തൈലമാണ് നീലിഭൃംഗാദി തൈലം.”

നീലിഭൃംഗാദി തൈലമോ കേരമോ — ഏതാണ് മുടിക്ക് കൂടുതൽ അനുയോജ്യം?

നീലിഭൃംഗാദി തൈലം എന്നും നീലിഭൃംഗാദി കേര തൈലം എന്നും കേൾക്കുമ്പോൾ രണ്ടും ഒരേ തൈലമാണെന്ന് തോന്നാം. ഔഷധക്കൂട്ടിൽ സാമ്യമുണ്ടെങ്കിലും, ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം അടിസ്ഥാനമായി ഉപയോഗിക്കുന്ന എണ്ണയിലാണ്.

നീലിഭൃംഗാദി തൈലം സാധാരണയായി എള്ളെണ്ണ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കുന്നത്.

നീലിഭൃംഗാദി കേര തൈലം തേങ്ങെണ്ണ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കുന്നത്.

ഈ ഒരു വ്യത്യാസം തന്നെ തൈലത്തിന്റെ സ്വഭാവത്തിലും ഉപയോഗിക്കുന്ന വ്യക്തിയുടെ അനുഭവത്തിലും മാറ്റം വരുത്താം.

എള്ളെണ്ണ അടിസ്ഥാനമായ നീലിഭൃംഗാദി തൈലം

എള്ളെണ്ണയ്ക്ക് ആയുർവേദത്തിൽ സ്നിഗ്ധവും ഉഷ്ണസ്വഭാവമുള്ളതുമായ ഒരു സ്ഥാനമുണ്ട്. അതുകൊണ്ട് തണുത്ത കാലാവസ്ഥയിലും ശൈത്യകാലത്തും, ശരീരത്തിലും തലയോട്ടിയിലും അധികം വരൾച്ച അനുഭവപ്പെടുന്ന സാഹചര്യങ്ങളിലും എള്ളെണ്ണ അടിസ്ഥാനമായ തൈലം കൂടുതൽ അനുയോജ്യമായി കരുതപ്പെടുന്നു.

മുടിക്ക് എണ്ണപ്പരിചരണം നൽകുന്നതിനൊപ്പം വരണ്ട തലയോട്ടിക്ക് സ്നിഗ്ധത നൽകുന്നതിലും ഇത് സഹായകരമായേക്കാം.

തേങ്ങെണ്ണ അടിസ്ഥാനമായ നീലിഭൃംഗാദി കേരം

ഇവിടെയാണ് നീലിഭൃംഗാദി കേരത്തിന് പ്രത്യേകത. തേങ്ങെണ്ണയ്ക്ക് ആയുർവേദത്തിൽ ശീതസ്വഭാവം കണക്കാക്കപ്പെടുന്നു. അതിനാൽ ചൂടുള്ള കാലാവസ്ഥയിലും, തലയിൽ ചൂട്, burning sensation പോലുള്ള അസ്വസ്ഥത കൂടുതലായി അനുഭവപ്പെടുന്നവരിലും, പിത്തപ്രാധാന്യമുള്ള ശരീരപ്രകൃതിയുള്ളവരിലും തേങ്ങെണ്ണ അടിസ്ഥാനമായ കേരം കൂടുതൽ അനുയോജ്യമാകാമെന്ന് ആയുർവേദപരമായി പരിഗണിക്കപ്പെടുന്നു.

അതുകൊണ്ട്ചുരുക്കി പറഞ്ഞാൽ:

എള്ളെണ്ണ അടിസ്ഥാനമായ നീലിഭൃംഗാദി തൈലം

തണുത്ത കാലാവസ്ഥ, ശൈത്യകാലം, വരണ്ട മുടിയും തലയോട്ടിയും ഉള്ള സാഹചര്യങ്ങൾ എന്നിവയിൽ കൂടുതൽ അനുയോജ്യമാകാം.

 തേങ്ങെണ്ണ അടിസ്ഥാനമായ നീലിഭൃംഗാദി കേരം

ചൂടുള്ള കാലാവസ്ഥ, തലയിൽ ചൂട് അനുഭവപ്പെടുന്നവർ, പിത്തപ്രാധാന്യമുള്ളവർ എന്നിവരിൽ കൂടുതൽ അനുയോജ്യമാകാം.

അതിനാൽ “ഏതാണ് നല്ലത്?” എന്നതിനേക്കാൾ, “എന്റെ ശരീരപ്രകൃതിക്കും കാലാവസ്ഥയ്ക്കും തലയോട്ടിയുടെ അവസ്ഥയ്ക്കും ഏതാണ് കൂടുതൽ അനുയോജ്യം?” എന്നതാണ് ശരിയായ ചോദ്യം.അതേസമയം, ശരീരപ്രകൃതി, തലയോട്ടിയുടെ അവസ്ഥ, കാലാവസ്ഥ എന്നിവ നോക്കി വ്യക്തിഗതമായി തിരഞ്ഞെടുക്കാൻ ആയുർവേദ വിദഗ്ധന്റെ നിർദേശം ഏറ്റവും നല്ലതാണ്.

നീലിഭൃംഗാദി തൈലം എങ്ങനെ ഉപയോഗിക്കണം?

നീലിഭൃംഗാദി തൈലം പുറമേ പുരട്ടാൻ മാത്രമുള്ളതാണ്. തലയിൽ പുരട്ടുമ്പോൾ വലിയ അളവിൽ എണ്ണ ഒഴിക്കുന്നതിനേക്കാൾ, ആവശ്യത്തിന് മാത്രം എടുത്ത് തലയോട്ടിയിൽ നന്നായി പുരട്ടുകയാണ് നല്ലത്.

തൈലം തലയോട്ടിയിൽ പുരട്ടിയ ശേഷം വിരൽത്തുമ്പുകൾ ഉപയോഗിച്ച് ഏകദേശം അഞ്ച് മിനിറ്റ് സാവധാനത്തിൽ മസാജ് ചെയ്യാം. ശക്തമായി ഉരയ്ക്കേണ്ടതില്ല. തലയോട്ടിയിലും മുടിയിലും എണ്ണ ഒരുപോലെ എത്തുന്ന രീതിയിൽ പതുക്കെ മസാജ് ചെയ്താൽ മതി.

രാത്രി പുരട്ടാമോ?

തീർച്ചയായും. രാത്രി കിടക്കുന്നതിന് മുമ്പ് തലയോട്ടിയിൽ തൈലം പുരട്ടി മസാജ് ചെയ്യാം. ശേഷം രാത്രി മുഴുവൻ വെച്ചിട്ട് രാവിലെ തല കഴുകാം.

രാത്രി മുഴുവൻ എണ്ണ വെക്കാൻ സാധിക്കാത്തവർക്ക് മറ്റൊരു എളുപ്പവഴിയുണ്ട്. തലകുളിക്കുന്നതിന് അരമണിക്കൂർ മുമ്പ് തൈലം പുരട്ടിയാലും മതി.

ദിവസവും ഉപയോഗിക്കണമെങ്കിൽ വളരെ ചെറിയ അളവിൽ പുരട്ടുന്നതാണ് നല്ലത്. മുടിയിൽ അമിതമായി എണ്ണ കെട്ടിക്കിടക്കാതെ, തലയോട്ടിക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നത്ര മാത്രം ഉപയോഗിക്കുക.

എണ്ണ തേച്ച ശേഷം എത്ര നേരം കഴിഞ്ഞ് തല കഴുകണം?

തൈലം പുരട്ടിയ ഉടൻ തന്നെ തല കഴുകേണ്ടതില്ല. കുറഞ്ഞത് 30 മിനിറ്റെങ്കിലും കാത്തിരിക്കുന്നത് നല്ലതാണ്.

സാധാരണയായി കൂടുതൽ സമയം തലയോട്ടിയിൽ വെച്ചാൽ കൂടുതൽ സമയം എണ്ണയുടെ സാന്നിധ്യം ലഭിക്കും. എന്നാൽ വളരെ oily ആയ മുടിയുള്ളവർക്ക് ഏറെ നേരം എണ്ണ വെക്കേണ്ട ആവശ്യമില്ല.

എണ്ണ എങ്ങനെ കഴുകിക്കളയാം?

ആയുർവേദ രീതിയിൽ ഹെർബൽ ഹെയർ വാഷ് പൊടികൾ ഉപയോഗിച്ച് എണ്ണ കഴുകുന്നത് നല്ലൊരു മാർഗമാണ്. സാധാരണയായി ഒന്നോ രണ്ടോ തവണ കഴുകിയാൽ മുടിയിലെ അധിക എണ്ണ നീക്കം ചെയ്യാം.

മുടിയിൽ ചെറിയൊരു എണ്ണപ്പാടുണ്ടായാലും വിഷമിക്കേണ്ടതില്ല. മുടി പൂർണ്ണമായും എണ്ണമറ്റതായി മാറ്റേണ്ടതില്ല; കുറച്ച് സ്നിഗ്ധത ബാക്കിയായാലും പ്രശ്നമില്ല.

ഹെർബൽ ഹെയർ വാഷ് പൊടി ലഭ്യമല്ലെങ്കിൽ സോപ്പോ ഷാംപൂവോ ഉപയോഗിക്കാം.

ചൂടുവെള്ളമോ തണുത്ത വെള്ളമോ?

പരമ്പരാഗത ആയുർവേദ ഗ്രന്ഥങ്ങളിൽ, പ്രത്യേകിച്ച് അഷ്ടാംഗസംഗ്രഹത്തിലെ ദിനചര്യാ അധ്യായത്തിൽ, തലയും മുഖവും കഴുകാൻ തണുത്ത വെള്ളത്തെക്കുറിച്ച് പരാമർശമുണ്ട്.

എന്നാൽ എണ്ണ പുരട്ടിയ മുടി കഴുകുമ്പോൾ ഇളംചൂടുവെള്ളം ഉപയോഗിക്കാം. പ്രത്യേകിച്ച് എണ്ണ കൂടുതലായി പിടിച്ചിരിക്കുന്ന മുടിയിൽ ഇത് കഴുകാൻ എളുപ്പമാക്കും.

പക്ഷേ വളരെ ചൂടുള്ള വെള്ളം ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായ ചൂട് മുടിയിലും തലയോട്ടിയിലും വരൾച്ച കൂട്ടാൻ സാധ്യതയുണ്ട്.

ചുരുക്കത്തിൽ

രാത്രിയിൽ പുരട്ടി രാവിലെ കഴുകാം. അല്ലെങ്കിൽ തലകുളിക്കുന്നതിന് 30 മിനിറ്റ് മുമ്പ് പുരട്ടാം. ഏകദേശം 5 മിനിറ്റ് സാവധാനത്തിൽ മസാജ് ചെയ്യാം. ഹെർബൽ ഹെയർ വാഷ് പൊടി ഉപയോഗിക്കുന്നത് നല്ലത്; ആവശ്യമെങ്കിൽ ഷാംപൂ ഉപയോഗിക്കാം. വളരെ ചൂടുള്ള വെള്ളം ഒഴിവാക്കുക.

മുടിക്ക് എണ്ണ തേയ്ക്കുന്നതിലും പ്രധാനമാണ് അളവും രീതിയും. അധികം എണ്ണ പുരട്ടുന്നതിനെക്കാൾ, സ്ഥിരമായി ശരിയായ രീതിയിൽ ഉപയോഗിക്കുന്നതാണ് കൂടുതൽ പ്രയോജനകരം.

നീലിഭൃംഗാദി തൈലം എത്ര നാളിൽ ഫലം കാണിക്കും?

“നീലിഭൃംഗാദി തൈലം ഉപയോഗിക്കാൻ തുടങ്ങിയാൽ എത്ര നാളിൽ ഫലം കാണും?” എന്നത് പലരും ചോദിക്കുന്ന കാര്യമാണ്. ഇതിന് എല്ലാവർക്കും ഒരേ സമയപരിധി പറയാൻ കഴിയില്ല. മുടികൊഴിച്ചിലിന്റെ കാരണം, മുടിയുടെ ആരോഗ്യസ്ഥിതി, ഉപയോഗിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങൾ അനുസരിച്ച് ഫലം ലഭിക്കുന്ന സമയം മാറാം.

പാരമ്പര്യ ഉപയോഗത്തെ അടിസ്ഥാനമാക്കി നോക്കുമ്പോൾ, മുടികൊഴിച്ചിൽ കുറയുന്നതിൽ ഏകദേശം ഒരു മാസത്തിനുള്ളിൽ മാറ്റം ശ്രദ്ധിക്കാനാകാം. എന്നാൽ പുതിയ മുടി വളരുന്നതിന് കുറച്ചുകൂടി സമയം വേണ്ടിവരും. തൈലം മാത്രം ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഏകദേശം മൂന്ന് മാസം വരെ സ്ഥിരമായ ഉപയോഗത്തിന് ശേഷം മുടിവളർച്ചയിൽ മാറ്റം ശ്രദ്ധിക്കാനാകാമെന്നാണ് പൊതുവായി പറയപ്പെടുന്നത്.

എന്നാൽ ഇത് എല്ലാവർക്കും ഒരേപോലെ ആയിരിക്കണമെന്നില്ല. മുടികൊഴിച്ചിലിന്റെ പിന്നിൽ പാരമ്പര്യ ഘടകങ്ങൾ, തൈറോയ്ഡ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾ, പോഷകക്കുറവ് തുടങ്ങിയ കാരണങ്ങൾ ഉണ്ടെങ്കിൽ ഫലം ലഭിക്കാൻ കൂടുതൽ സമയം വേണ്ടിവരാം. കാരണം നിയന്ത്രിക്കാനായാൽ മാറ്റം വേഗത്തിൽ കാണാനും സാധിക്കും.

ആയുർവേദത്തിൽ തലയിൽ എണ്ണ തേയ്ക്കുന്നത് സ്ഥിരമായ ദിനചര്യയുടെ ഭാഗമായും കണക്കാക്കപ്പെടുന്നു. ദിവസവും ഉപയോഗിക്കണമെങ്കിൽ, തലയോട്ടിക്ക് അനുയോജ്യമായ ചെറിയ അളവിൽ പുരട്ടുന്നത് മതി.

വളരെ ചുരുക്കത്തിൽ

1 മാസം: മുടികൊഴിച്ചിലിൽ കുറവ് ശ്രദ്ധിക്കാനാകാം.

3 മാസം: തൈലം മാത്രം ഉപയോഗിക്കുമ്പോൾ മുടിവളർച്ചയിൽ മാറ്റം കാണാൻ സമയം വേണ്ടിവന്നേക്കാം.

കൂടുതൽ സമയം: പാരമ്പര്യ ഘടകങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഫലം വൈകാം.

അതുകൊണ്ട്, എണ്ണ ഉപയോഗിച്ചിട്ട് കുറച്ച് ദിവസത്തിനുള്ളിൽ തന്നെ വലിയ മാറ്റം പ്രതീക്ഷിക്കുന്നതിനേക്കാൾ ക്ഷമയോടെ, സ്ഥിരമായി ഉപയോഗിക്കുന്നതാണ് പ്രധാനം.

മുടികൊഴിച്ചിൽ വളരെ കൂടുതലാണെങ്കിൽ, കാരണം കണ്ടെത്തുന്നത് പ്രധാനമാണ്. ആവശ്യമായപ്പോൾ ആയുർവേദ വിദഗ്ധന്റെയോ ഡോക്ടറുടെയോ നിർദേശം തേടുക.

നീലിഭൃംഗാദി തൈലത്തിന്റെ പാർശ്വഫലങ്ങൾ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നീലിഭൃംഗാദി തൈലം പൊതുവെ മുടിയുടെയും തലയോട്ടിയുടെയും പരിചരണത്തിനായി ഉപയോഗിക്കുന്ന തൈലമാണ്. എന്നാൽ മറ്റേതൊരു എണ്ണയെയും പോലെ, എല്ലാവർക്കും ഒരേ രീതിയിൽ ഇത് അനുയോജ്യമാകണമെന്നില്ല. ചിലരിൽ ഉപയോഗിച്ചതിന് ശേഷം ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാം.

നെറ്റിയിൽ ചെറിയ കുരുക്കൾ

തൈലം തലയിൽ പുരട്ടി വളരെ നേരം കഴുകാതെ വെച്ചാൽ, ചിലരിൽ നെറ്റിയിലോ hairline-ലോ ചെറിയ കുരുക്കൾ വരുന്നത് ശ്രദ്ധിക്കാം. എണ്ണയുടെ അളവ് കൂടുതലായാലും ഇങ്ങനെ സംഭവിക്കാം.

അതിനാൽ തലയിൽ ആവശ്യത്തിന് മാത്രം തൈലം പുരട്ടി, വളരെ നേരം വെക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്.

തലവേദന

ചിലർക്ക് നീലിഭൃംഗാദി തൈലം ഉപയോഗിച്ചതിന് ശേഷം തലവേദന അനുഭവപ്പെടാം. ഉപയോഗിച്ച ശേഷം അസ്വസ്ഥത ആവർത്തിച്ച് ഉണ്ടാകുന്നുണ്ടെങ്കിൽ, ഉപയോഗത്തിന്റെ സമയം കുറയ്ക്കുകയോ രാവിലെ മാത്രം ഉപയോഗിക്കുകയോ ചെയ്യാം.

രാത്രി ഉപയോഗിക്കുമ്പോൾ ജലദോഷം.

ചിലർ രാത്രിയിൽ തൈലം പുരട്ടുമ്പോൾ ജലദോഷം, മൂക്കടപ്പ്, സൈനസ് അസ്വസ്ഥത എന്നിവ കൂടുതൽ തോന്നുന്നതായി പറയാറുണ്ട്. തൈലത്തിന്റെ ശീതസ്വഭാവം ഇതിന് ഒരു കാരണമാകാമെന്ന് ആയുർവേദപരമായി കരുതപ്പെടുന്നു.

അത്തരത്തിൽ രാത്രി ഉപയോഗിക്കുന്നതിനേക്കാൾ രാവിലെ അല്ലെങ്കിൽ തലകുളിക്കുന്നതിന് മുമ്പ് പുരട്ടുന്നതാണ് കൂടുതൽ സൗകര്യപ്രദമായിരിക്കുക.

ചില ആയുർവേദ പ്രയോഗങ്ങളിൽ, രാത്രി ഉപയോഗിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ തൈലം നേരിയ ചൂടിൽ സംസ്കരിച്ച് ഉപയോഗിക്കുന്ന രീതിയും പറയുന്നുണ്ട്. ഉദാഹരണത്തിന്, 200 മില്ലി തൈലത്തിൽ 10 ഗ്രാം കുരുമുളക് പൊടി ചേർത്ത് ഏകദേശം 3 മിനിറ്റ് നേരം മൃദുവായ ചൂടിൽ ചൂടാക്കി, ശേഷം അരിച്ചെടുത്ത് ഉപയോഗിക്കുക എന്നൊരു രീതിയുണ്ട്.

എന്നാൽ ഇത് എല്ലാവർക്കും സ്വയം പരീക്ഷിക്കേണ്ട ഒരു നിർബന്ധിത മാർഗമല്ല. പ്രത്യേകിച്ച് ജലദോഷം, സൈനസ്, അലർജി തുടങ്ങിയ പ്രശ്നങ്ങൾ പതിവായി ഉണ്ടാകുന്നവർ ആയുർവേദ വിദഗ്ധന്റെ നിർദേശത്തോടെ മാത്രമേ ഇത്തരം മാറ്റങ്ങൾ ചെയ്യുന്നത് നല്ലത്.

അസ്വസ്ഥത തുടർന്നാൽ എന്ത് ചെയ്യണം?

തൈലം ഉപയോഗിച്ചതിന് ശേഷം പ്രശ്നങ്ങൾ ആവർത്തിച്ച് ഉണ്ടാകുന്നുണ്ടെങ്കിൽ, അത് അവഗണിക്കാതെ ഉപയോഗം നിർത്തി നോക്കുക. പലർക്കും രാവിലെ ഉപയോഗിക്കുന്നത് കൂടുതൽ സൗകര്യപ്രദമായി തോന്നാം.

ചുരുക്കത്തിൽ: നീലിഭൃംഗാദി തൈലം ഉപയോഗിക്കുമ്പോൾ അളവും സമയവും ശ്രദ്ധിക്കണം. നെറ്റിയിൽ കുരുക്കൾ, തലവേദന, ജലദോഷം അല്ലെങ്കിൽ സൈനസ് അസ്വസ്ഥത എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉപയോഗരീതി മാറ്റുന്നതാണ് നല്ലത്.

തീവ്രമായോ തുടർച്ചയായോ അസ്വസ്ഥതകൾ ഉണ്ടാകുകയാണെങ്കിൽ ഡോക്ടറെയോ ആയുർവേദ വിദഗ്ധനെയോ സമീപിക്കുക.

നീലിഭൃംഗാദി തൈലം ലഭിക്കുന്ന പ്രധാന ആയുർവേദ സ്ഥാപനങ്ങൾ

സഹസ്രയോഗത്തിൽ പരാമർശിക്കുന്ന ഒരു ക്ലാസിക്കൽ ആയുർവേദ തൈലയോഗമാണ് നീലിഭൃംഗാദി തൈലം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ആയുർവേദ ഔഷധനിർമ്മാതാക്കൾ വിപണിയിൽ നീലിഭൃംഗാദി തൈലം എന്നും നീലിഭൃംഗാദി കേരം എന്നും പേരുകളിൽ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

എള്ളെണ്ണ അടിസ്ഥാനമാക്കിയ രൂപത്തെയും തേങ്ങെണ്ണ അടിസ്ഥാനമാക്കിയ കേരരൂപത്തെയും വിവിധ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതായി കാണാം. അതിനാൽ ഒരേ പേരിലുള്ള ഉൽപ്പന്നങ്ങൾക്കിടയിലും ചേരുവകളിലും തയ്യാറാക്കുന്ന രീതിയിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം.

വിപണിയിൽ നീലിഭൃംഗാദി തൈലം അല്ലെങ്കിൽ കേരം ലഭിക്കുന്ന ചില പരിചിതമായ ആയുർവേദ സ്ഥാപനങ്ങൾ:

കോട്ടയ്ക്കൽ ആര്യവൈദ്യശാല (Kottakkal Arya Vaidya Sala)

വൈദ്യരത്നം ഔഷധശാല (Vaidyaratnam Oushadhasala)

സീതാറാം ആയുർവേദ ഫാർമസി (Sitaram Ayurveda)

കേരള ആയുർവേദ ലിമിറ്റഡ് (Kerala Ayurveda Limited)

Arya Vaidya Pharmacy (AVP), Coimbatore

SNA Oushadhasala

Nagarjuna Ayurveda

ഇവയ്ക്ക് പുറമെ മറ്റു ആയുർവേദ സ്ഥാപനങ്ങളുടെയും പേരിൽ നീലിഭൃംഗാദി തൈലവും കേരവും ലഭ്യമായേക്കാം. ഓരോ നിർമ്മാതാവിന്റെയും ഉൽപ്പന്നത്തിൽ അടിസ്ഥാന എണ്ണ, ചേരുവകൾ, അളവ്, തയ്യാറാക്കുന്ന രീതി എന്നിവ വ്യത്യാസപ്പെടാം.

അതുകൊണ്ട് വാങ്ങുമ്പോൾ പേര് മാത്രം നോക്കാതെ ingredients list, base oil, manufacturer details, batch number, expiry date എന്നിവ പരിശോധിക്കുന്നത് നല്ലതാണ്.

⚠️ സുപ്രധാന മുന്നറിയിപ്പ് (Disclaimer)

ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ആയുർവേദ ഗ്രന്ഥങ്ങൾ, ഔഷധസസ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ, കേരളത്തിലെ പാരമ്പര്യ അറിവുകൾ എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. ഓരോ ഔഷധസസ്യത്തിന്റെയും ഗുണങ്ങൾ, പരമ്പരാഗത ഉപയോഗങ്ങൾ, വിവിധ ആയുർവേദ ഔഷധങ്ങളിൽ അവയുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള പൊതുവായ അറിവുകൾ പങ്കുവെക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ സ്വയം ചികിത്സ നടത്താനുള്ള മാർഗനിർദേശമല്ല. ഒരേ രോഗത്തിന് പോലും ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി, പ്രായം, ആരോഗ്യസ്ഥിതി, രോഗത്തിന്റെ തീവ്രത എന്നിവ അനുസരിച്ച് ചികിത്സാരീതി മാറാം. അതുകൊണ്ട് ഒരു  ആയുർവേദ ഡോക്ടറുടെ നിർദേശമില്ലാതെ ഈ ലേഖനത്തിലെ വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കി ഔഷധങ്ങൾ ഉപയോഗിക്കരുത്.

സ്വയം ചികിത്സ ചിലപ്പോൾ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കും. അതിനാൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ, അംഗീകൃത ആയുർവേദ ഡോക്ടറുടെയോ മറ്റ് ആരോഗ്യവിദഗ്ധരുടെയോ നിർദേശം തേടുന്നതാണ് ഏറ്റവും സുരക്ഷിതം.

ഈ ലേഖനത്തിലെ വിവരങ്ങൾ ഒരു കാരണവശാലും പ്രൊഫഷണൽ വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല.

Post a Comment

Previous Post Next Post