കേരളത്തിൽ കർക്കടക മാസം എത്തിയാൽ പല വീടുകളിലും ഒരു പ്രത്യേക വിഭവം വീണ്ടും അടുക്കളയിൽ എത്തും — കർക്കടക കഞ്ഞി. ചിലർ ഇതിനെ മരുന്നുകഞ്ഞി എന്നും ഔഷധക്കഞ്ഞി എന്നും വിളിക്കും. പലർക്കും ഇത് ഒരു പഴയ ആചാരമായിരിക്കാം. എന്നാൽ ആയുർവേദത്തിന്റെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, ഇത് ഒരു ആചാരം മാത്രമല്ല; കാലാവസ്ഥയ്ക്ക് അനുസരിച്ച് ശരീരത്തെ സംരക്ഷിക്കാൻ രൂപപ്പെടുത്തിയ ഒരു ഭക്ഷണരീതിയാണ്.
മഴക്കാലം തുടങ്ങുമ്പോൾ പലർക്കും ദഹനക്കുറവ്, വയറുവീക്കം, ശരീരവേദന, ക്ഷീണം, ഇടയ്ക്കിടെയുള്ള ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ കൂടുതലായി അനുഭവപ്പെടാറുണ്ട്. "മഴയായതുകൊണ്ടായിരിക്കും" എന്ന് കരുതി പലരും അത് അവഗണിക്കും. എന്നാൽ ആയുർവേദം ഇതിനെ വളരെ നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട്. ഈ സമയത്ത് ശരീരത്തിന്റെ ദഹനശേഷി കുറയുകയും വാതദോഷം വർധിക്കുകയും ചെയ്യുമെന്നാണ് ഗ്രന്ഥങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ ഈ കാലത്ത് കഴിക്കുന്ന ഭക്ഷണവും അല്പം ശ്രദ്ധിച്ചിരിക്കണം.
അവിടെയാണ് കർക്കടക കഞ്ഞിയുടെ പ്രാധാന്യം. ഇത് വെറുമൊരു അരിക്കഞ്ഞിയല്ല. ദഹിക്കാൻ എളുപ്പമുള്ള ധാന്യങ്ങൾ, ദഹനം മെച്ചപ്പെടുത്തുന്ന സുഗന്ധവ്യഞ്ജനങ്ങൾ, ശരീരത്തെ പോഷിപ്പിക്കുന്ന ചേരുവകൾ, ആവശ്യമായപ്പോൾ വൈദ്യൻ നിർദേശിക്കുന്ന ഔഷധസസ്യങ്ങൾ എന്നിവ ചേർന്ന ഒരു ചികിത്സാപരമായ ഭക്ഷണമാണ് ഇത്.
എന്നാൽ ഒരു കാര്യം പ്രത്യേകം ഓർക്കണം. എല്ലാവർക്കും ഒരേ രീതിയിലുള്ള കർക്കടക കഞ്ഞി അനുയോജ്യമാകണമെന്നില്ല. വീട്ടിൽ തയ്യാറാക്കുന്ന കഞ്ഞിയും, ആയുർവേദ ആശുപത്രികളിൽ രോഗിയുടെ ആരോഗ്യനിലയും പ്രകൃതിയും അനുസരിച്ച് നൽകുന്ന ഔഷധ കഞ്ഞിയും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് ചികിത്സയുടെ ഭാഗമായി നൽകുന്ന കർക്കടക കഞ്ഞിക്ക് കൂടുതൽ പ്രാധാന്യമുള്ളത്.
ഈ ലേഖനത്തിൽ കർക്കടക കഞ്ഞിയുടെ പ്രധാന ഗുണങ്ങൾ, അതിലെ ഔഷധ ചേരുവകൾ എന്തൊക്കെയാണെന്നും, മഴക്കാലത്ത് ഇത് ശരീരത്തിന് എങ്ങനെ സഹായിക്കുന്നുവെന്നും വിശദമായി നോക്കാം.
കർക്കടക കഞ്ഞിയിലെ ആ 'മാന്ത്രിക' ചേരുവകൾ!
കർക്കടക കഞ്ഞിയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് അറിയാമോ? ഇതിൽ ചേർക്കുന്ന ഓരോ സാധനവും വെറുതെ ഒരു രുചിക്ക് വേണ്ടി മാത്രം ഇടുന്നതല്ല. കനത്ത മഴയുള്ള ഈ സമയത്ത് നമ്മുടെ ശരീരത്തിന് എന്തൊക്കെ പിന്തുണ വേണോ, അതൊക്കെ കൃത്യമായി മനസ്സിൽ കണ്ടുകൊണ്ടാണ് ഇതിലെ ഓരോ ചേരുവയും തിരഞ്ഞെടുത്തിരിക്കുന്നത്.
സാധാരണയായി ഒരു നല്ല കർക്കടക കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ചേരുവകൾ ഇവയൊക്കെയാണ്:
ഞവര അരി: കർക്കടക കഞ്ഞിയുടെ റാണിയെന്ന് വേണമെങ്കിൽ ഞവര അരിയതിനെ വിളിക്കാം. ഇത് ദഹിക്കാൻ വളരെ എളുപ്പമാണ്, ഒപ്പം ശരീരത്തിന് നല്ല ബലവും ഊർജ്ജവും നൽകുകയും ചെയ്യും. ഇനി ഞവര അരി കിട്ടാൻ ബുദ്ധിമുട്ടാണെങ്കിൽ വിഷമിക്കേണ്ട, നമ്മുടെ സാധാരണ മട്ട അരി ഉപയോഗിച്ചാലും മതി.
ഉലുവ: മഴക്കാലത്ത് പലരെയും അലട്ടുന്ന സന്ധിവേദനയ്ക്കും വാത സംബന്ധമായ പ്രശ്നങ്ങൾക്കും കഞ്ഞിയിൽ ചേർക്കുന്ന ഉലുവ വലിയൊരു ആശ്വാസമാണ്.
ജീരകം: വയറു വീർത്തു കെട്ടുന്നതും ഗ്യാസ് ട്രബിളും ഒക്കെ മാറ്റി, നമ്മുടെ ദഹനപ്രക്രിയ എപ്പോഴും ഉഷാറാക്കാൻ ജീരകം സഹായിക്കും.
ചുക്ക്: തണുപ്പുകാലത്ത് ശരീരത്തിന് നല്ല ചൂട് നൽകാനും ദഹനശക്തി വർദ്ധിപ്പിക്കാനും ചുക്ക് അത്യാവശ്യമാണ്.
കുരുമുളക്: ദഹനം നന്നക്കാനും കഫക്കെട്ട് മാറ്റാനും സഹായിക്കുമെന്ന് മാത്രമല്ല, നമ്മൾ കഴിക്കുന്ന മറ്റ് ഔഷധങ്ങളുടെ ഗുണം ശരീരത്തിന് കൃത്യമായി പിടിച്ചുകിട്ടാനും കുരുമുളക് സഹായിക്കും.
തേങ്ങാപ്പാൽ: കഞ്ഞിക്ക് നല്ലൊരു രുചി തരുന്നതിനൊപ്പം ശരീരത്തെ പോഷിപ്പിക്കാനും വാതദോഷങ്ങൾ ശമിപ്പിക്കാനും തേങ്ങാപ്പാൽ ചേർക്കുന്നത് നല്ലതാണ്.
നെയ്: ശരീരത്തിന് ആവശ്യമായ പോഷണവും ഒരു മിനുസവും (സ്നിഗ്ധത) നൽകാൻ പശുവിൻ നെയ്യ് സഹായിക്കും.
ശർക്കര: കഞ്ഞിക്ക് അല്പം മധുരം നൽകുന്നതിനൊപ്പം, മഴക്കാലത്തെ തളർച്ചയൊക്കെ മാറി പെട്ടെന്ന് ഊർജ്ജം കിട്ടാൻ ശർക്കര സഹായിക്കും.
കുടുംബ കഞ്ഞിയും ഔഷധ കഞ്ഞിയും: രണ്ടും ഒന്നാണോ?
കർക്കടക മാസം തുടങ്ങിയാൽ മിക്ക വീടുകളിലും കഞ്ഞി തിളയ്ക്കും. എന്നാൽ നമ്മൾ വീട്ടിൽ വെക്കുന്ന കർക്കടക കഞ്ഞിയും, ഒരു ആയുർവേദ ആശുപത്രിയിലോ ചികിത്സാകേന്ദ്രത്തിലോ കിട്ടുന്ന ഔഷധ കഞ്ഞിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് എത്രപേർക്ക് അറിയാം?
മഴക്കാലത്ത് ദഹനം നന്നക്കാനും ശരീരത്തിന് ആരോഗ്യം നൽകാനും വേണ്ടിയാണ് രണ്ടും കുടിക്കുന്നതെങ്കിലും, ഇവ ഉണ്ടാക്കുന്ന രീതിയിലും ഇതിൽ ചേർക്കുന്ന മരുന്നുകളിലും വലിയ മാറ്റങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
1. കുടുംബ കഞ്ഞി (വീട്ടിൽ തയ്യാറാക്കുന്ന കർക്കടക കഞ്ഞി)
ഇത് പൊതുവെ വീട്ടിലുള്ള എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കുന്ന ഒരു കാലാനുസൃത ഭക്ഷണമാണ്. മുത്തശ്ശിക്കും അമ്മയ്ക്കും കുട്ടികൾക്കും ഒരേപോലെ കുടിക്കാൻ പറ്റുന്ന രീതിയിലാണ് ഇതിന്റെ ചേരുവകൾ.
എന്തൊക്കെയാണ് ഇതിലുണ്ടാകുക?: നമ്മൾ നേരത്തെ പറഞ്ഞതുപോലെ ഞാവര അരി (അല്ലെങ്കിൽ മട്ട അരി), ഉലുവ, ജീരകം, ചുക്ക്, കുരുമുളക്, തേങ്ങാപ്പാൽ, നെയ്, മധുരത്തിന് അല്പം ശർക്കര എന്നിവയാണ് ഇതിലെ മെയിൻ ഐറ്റംസ്.
ചില വീടുകളിൽ പാരമ്പര്യമായി അറിയാവുന്ന ചില പച്ചില മരുന്നുകളോ നീരോ ഇതിൽ ചേർക്കാറുണ്ട്. എങ്കിലും, വീട്ടിലുള്ള ആർക്കെങ്കിലും പ്രത്യേക രോഗങ്ങളുണ്ടോ എന്ന് നോക്കിയല്ല ഇത് തയ്യാറാക്കുന്നത്. എല്ലാവർക്കും ഒരുപോലെ കുടിക്കാം എന്നതുതന്നെയാണ് ഇതിന്റെ പ്രത്യേകത.
2. ഔഷധ കഞ്ഞി (ആയുർവേദ ചികിത്സയുടെ ഭാഗമായുള്ള കഞ്ഞി)
ആയുർവേദ ആശുപത്രികളിൽ നൽകുന്ന ഔഷധ കഞ്ഞി വെറുമൊരു ഭക്ഷണമല്ല, അതൊരു 'പഥ്യാഹാരമാണ്' (ചികിത്സയുടെ ഭാഗം). ഓരോ രോഗിയുടെയും ആരോഗ്യം കൃത്യമായി വിലയിരുത്തിയ ശേഷം ആയുർവേദ വൈദ്യൻ നിർദ്ദേശിക്കുന്ന മരുന്നുകളാണ് ഇതിൽ ചേർക്കുന്നത്.
ബേസിക് ചേരുവകൾ വീട്ടിലെ കഞ്ഞിക്ക് സമാനമാണെങ്കിലും, രോഗിയുടെ അവസ്ഥ അനുസരിച്ച് താഴെ പറയുന്ന മൂന്ന് പ്രധാന ഔഷധക്കൂട്ടുകൾ ഇതിലേക്ക് ചേർക്കാറുണ്ട്:
ആദ്യത്തേത് 'ദശപുഷ്പം' (Dashapushpa)
കേരളത്തിലെ മഴക്കാലത്ത് നമ്മുടെ തൊടിയിൽ തനിയെ വളരുന്ന പത്ത് ഔഷധസസ്യങ്ങളുടെ കൂട്ടാണിത്. ഇതിൽ പ്രധാനമായും ചേർക്കുന്നത് ഇവയാണ്:
മുക്കുറ്റി (Biophytum sensitivum)
തഴുതാമ (Boerhavia diffusa)
മുയൽചെവിയൻ (Emilia sonchifolia)
കീഴാർനെല്ലി (Phyllanthus amarus)
ഉഴിഞ്ഞ (Cardiospermum halicacabum)
ഇവ കൂടാതെ മറ്റ് അഞ്ച് പരമ്പരാഗത ഇലകളും ഇതിലുണ്ട്. മഴക്കാലത്തെ കടുത്ത ക്ഷീണം മാറ്റാനും, പ്രതിരോധശേഷി കൂട്ടാനും, വാതസംബന്ധമായ വേദനകൾ കുറയ്ക്കാനും ദശപുഷ്പം സഹായിക്കും.
രണ്ടാമത്തേത് 'ദശമൂലം' (Dashamoola)
പത്ത് ഔഷധച്ചെടികളുടെ വേരുകൾ ചേർത്തുവെച്ച ഒരു മാന്ത്രികക്കൂട്ടാണിത്.
ദശമൂലം: കൂവളം, മുഞ്ഞ (അഗ്നിമന്ഥം), പലകപ്പയ്യാനി (ശ്യോനാകം), പാതിരി, കുമിഴ് (ഗംഭാരി), ഞെരിഞ്ഞിൽ, ചെറുചുണ്ട (ബൃഹതി), കണ്ടകാരിചുണ്ട, ഓരില, മൂവില എന്നീ പത്ത് ചെടികളുടെ വേരുകൾ.
ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, ശരീരത്തിലെ നീർക്കെട്ടും വീക്കവും കുറയ്ക്കാനും, വാതദോഷം ശമിപ്പിക്കാനും ദശമൂലം കഞ്ഞിയിൽ ചേർക്കാറുണ്ട്.
മൂന്നാമത്തേത് 'പഞ്ചകോലം' (Panchakolam)
മഴക്കാലത്ത് വില്ലനാകുന്ന ദഹനക്കേട് മാറ്റാൻ ആയുർവേദം ഉപയോഗിക്കുന്ന അഞ്ച് ഉഗ്രൻ മരുന്നുകളാണിത്:
തിപ്പലി ,കാട്ടുതിപ്പലി ,കാട്ടുമുളക് ,കൊടുവേലി ,ചുക്ക് എന്നിവയാണ് ഈ അഞ്ചുപേർ.
വയറു വീർത്തുകെട്ടൽ, വിശപ്പില്ലായ്മ, അജീർണം എന്നിവയൊക്കെ പമ്പകടത്താൻ ഈ കൂട്ടിച്ചേർക്കൽ സഹായിക്കും.
ഏറ്റവും പ്രധാനപ്പെട്ട കാര്യം: എല്ലാവർക്കും ഒരേ കഞ്ഞിയല്ല!
ഇവിടെയാണ് ആയുർവേദത്തിന്റെ പ്രത്യേകത. ദശപുഷ്പമോ ദശമൂലമോ പഞ്ചകോലമോ ഒന്നും എല്ലാ ഔഷധക്കഞ്ഞിയിലും ഒരുപോലെ വരാറില്ല.
സന്ധിവേദനയുള്ള ഒരാൾക്ക് നൽകുന്ന കഞ്ഞിയായിരിക്കില്ല പ്രമേഹമുള്ള (Diabetes) ഒരാൾക്ക് നൽകുന്നത്.
അതുപോലെ ആസ്ത്മയോ അലർജിയോ ഉള്ളവർക്കും, പഞ്ചകർമ്മ ചികിത്സയിൽ കഴിയുന്നവർക്കും നൽകുന്ന കഞ്ഞിയുടെ കൂട്ടുകൾ വ്യത്യസ്തമായിരിക്കും.
ചുരുക്കത്തിൽ, ഓരോരുത്തരുടെയും ശരീരപ്രകൃതി (Prakriti), ദഹനശക്തി (Agni), അവരുടെ ശരീരത്തിലെ വാത-പിത്ത-കഫ ദോഷങ്ങളുടെ അവസ്ഥ എന്നിവ നോക്കിയാണ് വൈദ്യൻ മരുന്നുകൾ നിശ്ചയിക്കുന്നത്. അതുകൊണ്ട് വീട്ടിലെ കഞ്ഞി ഒരു ഹെൽത്തി ഫുഡ് ആണെങ്കിൽ, ആശുപത്രിയിലെ ഔഷധക്കഞ്ഞി ഒരു വ്യക്തിഗത ചികിത്സ തന്നെയാണ്!
മഴക്കാലത്ത് ആയുർവേദം എന്തുകൊണ്ടാണ് കർക്കടക കഞ്ഞി ശുപാർശ ചെയ്യുന്നത്?
കർക്കടക മാസം എത്തുമ്പോൾ പലർക്കും ചില ആരോഗ്യപ്രശ്നങ്ങൾ പതിവാണ്. വിശപ്പ് കുറയുക, ദഹനക്കേട്, വയറുവീക്കം, ശരീരവേദന, സന്ധികൾക്ക് മുറുക്കം, ഇടയ്ക്കിടെയുള്ള ജലദോഷം, പനി, അമിത ക്ഷീണം... "മഴയായതുകൊണ്ടാണ്" എന്ന് പറഞ്ഞ് പലരും ഇത് നിസ്സാരമായി കാണാറുണ്ട്. എന്നാൽ ആയുർവേദം ഈ മാറ്റങ്ങളെ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ വിശദീകരിച്ചിട്ടുണ്ട്.
ആയുർവേദത്തിലെ വർഷഋതുചര്യ പ്രകാരം മഴക്കാലം ശരീരത്തിന് ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യമായ കാലമാണ്. ഈ സമയത്ത് ദഹനശേഷി കുറയുകയും, വാതദോഷം വർധിക്കുകയും, രോഗപ്രതിരോധശേഷി ദുർബലമാകുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ കാലത്ത് കർക്കടക കഞ്ഞി പോലുള്ള ഔഷധഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ആയുർവേദം ശുപാർശ ചെയ്യുന്നത്.
1. ദഹനശക്തി (അഗ്നി) ദുർബലമാകുന്ന സമയം
ആയുർവേദത്തിൽ ദഹനശേഷിയെ അഗ്നി എന്നാണ് വിളിക്കുന്നത്. മഴക്കാലത്ത് അന്തരീക്ഷത്തിലെ തണുപ്പും ഈർപ്പവും കൂടുന്നതിനാൽ ഈ അഗ്നി സ്വാഭാവികമായി ക്ഷയിക്കുന്നു.
അതുകൊണ്ടാണ് മഴയുള്ള ദിവസങ്ങളിൽ വറുത്തതോ എണ്ണയിൽ പൊരിച്ചതോ ആയ ഭക്ഷണങ്ങൾ കഴിച്ചാൽ വയറിന് ഭാരം തോന്നുകയും അജീർണം, വയറുവീക്കം, അസ്വസ്ഥത എന്നിവ ഉണ്ടാകുകയും ചെയ്യുന്നത്.
കർക്കടക കഞ്ഞിയിൽ ചേർക്കുന്ന ചുക്ക്, ജീരകം, കുരുമുളക് തുടങ്ങിയ ചേരുവകൾ ദഹനശക്തിയെ ഉണർത്തുകയും ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഞവര അരി പോലുള്ള ദഹിക്കാൻ എളുപ്പമുള്ള ധാന്യങ്ങൾ ശരീരത്തിന് പോഷണം നൽകുകയും ദഹനവ്യവസ്ഥയ്ക്ക് അധികഭാരം നൽകാതിരിക്കുകയും ചെയ്യുന്നു.
2. വാതദോഷം വർധിക്കുന്ന കാലം
മഴയും തണുപ്പും കൂടുമ്പോൾ ശരീരത്തിൽ വാതദോഷം വർധിക്കുന്നത് ആയുർവേദം വിശദീകരിക്കുന്ന പ്രധാന മാറ്റങ്ങളിലൊന്നാണ്.
ഇതിന്റെ ഫലമായി പലർക്കും:
സന്ധിവേദന
മുട്ടുവേദന
നടുവേദന
കൈകാലുകളിൽ മുറുക്കം
പേശിവേദന
എന്നിവ കൂടുതൽ അനുഭവപ്പെടാം.
കർക്കടക കഞ്ഞിയിൽ ഉപയോഗിക്കുന്ന ഉലുവ, നെയ്, തേങ്ങാപ്പാൽ, ഞവര അരി തുടങ്ങിയ ചേരുവകൾ വാതദോഷത്തെ ശമിപ്പിക്കാനും ശരീരത്തിന് ആവശ്യമായ സ്നിഗ്ധതയും പോഷണവും നൽകാനും സഹായിക്കുന്നു.
3. രോഗപ്രതിരോധശേഷി കുറയുന്ന സമയം
ആയുർവേദപ്രകാരം കർക്കടക മാസം ഋതുസന്ധി എന്നറിയപ്പെടുന്ന കാലഘട്ടത്തിന്റെ ഭാഗമാണ്. ഒരു ഋതുവിൽ നിന്ന് മറ്റൊന്നിലേക്ക് ശരീരം മാറുന്ന സമയമായതിനാൽ ഈ കാലത്ത് രോഗപ്രതിരോധശേഷി താരതമ്യേന കുറവായിരിക്കും.
അതുകൊണ്ടുതന്നെ പനി, ജലദോഷം, വൈറൽ അണുബാധകൾ, മറ്റ് പകർച്ചവ്യാധികൾ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.
കർക്കടക കഞ്ഞിയിൽ ആവശ്യാനുസരണം ചേർക്കുന്ന ദശപുഷ്പം, ദശമൂലം, പഞ്ചകോലം തുടങ്ങിയ ഔഷധസംയോജനങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷിയെ പിന്തുണയ്ക്കുകയും മഴക്കാലത്ത് ആരോഗ്യസംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്നു.
4. ശരീരത്തെ ശുദ്ധീകരിക്കാനും പുതുക്കാനും
നമ്മൾ വാഹനങ്ങൾ ഇടയ്ക്കിടെ സർവീസ് ചെയ്യുന്നതുപോലെ, ശരീരത്തിനും ഇടയ്ക്കിടെ ഒരു 'റീസെറ്റ്' ആവശ്യമാണ്. ആയുർവേദത്തിന്റെ കാഴ്ചപ്പാടിൽ, മഴക്കാലം അതിന് ഏറ്റവും അനുയോജ്യമായ സമയമാണ്.
ദഹനക്കുറവ് മൂലം ശരീരത്തിൽ രൂപപ്പെടുന്ന ആമ (Ama) എന്ന മാലിന്യങ്ങളെ കുറയ്ക്കാനും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ഈ കാലത്ത് ശരിയായ ഭക്ഷണക്രമത്തിനും ഔഷധാഹാരത്തിനും വലിയ പ്രാധാന്യമുണ്ട്.
കർക്കടക കഞ്ഞിയിലെ ഔഷധചേരുവകൾ ദഹനത്തെ മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതിലൂടെ ശരീരത്തിന് പുതുമയും ഉന്മേഷവും ലഭിക്കാൻ സഹായകമാകുന്നു.
കർക്കടക കഞ്ഞി – ചികിത്സ മാത്രമല്ല, പ്രതിരോധവും
ആയുർവേദത്തിന്റെ ഏറ്റവും വലിയ പ്രത്യേകത രോഗം വന്ന ശേഷം ചികിത്സിക്കുക മാത്രമല്ല, രോഗം വരാതിരിക്കാൻ ശരീരത്തെ തയ്യാറാക്കുക എന്നതാണ്.
കർക്കടക കഞ്ഞിയും അതേ ആശയത്തിന്റെ ഭാഗമാണ്. മഴക്കാലത്ത് ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റങ്ങളെ മനസ്സിലാക്കി, ദഹനശേഷി മെച്ചപ്പെടുത്താനും വാതദോഷം നിയന്ത്രിക്കാനും രോഗപ്രതിരോധശേഷിയെ പിന്തുണയ്ക്കാനും ശരീരത്തെ പോഷിപ്പിക്കാനുമാണ് ഇത് ശുപാർശ ചെയ്യുന്നത്.
അതുകൊണ്ടുതന്നെ കർക്കടക കഞ്ഞി ഒരു പരമ്പരാഗത വിഭവം മാത്രമല്ല; മഴക്കാലത്ത് ആരോഗ്യകരമായി ജീവിക്കാൻ ആയുർവേദം നിർദേശിക്കുന്ന ഒരു ഔഷധഗുണമുള്ള ആഹാരരീതിയാണ്.
കർക്കടക കഞ്ഞി എപ്പോൾ കഴിക്കണം? എത്ര ദിവസം കഴിക്കണം?
കർക്കടക കഞ്ഞി ഉണ്ടാക്കാൻ അറിയുന്നത് മാത്രം പോരാ. എപ്പോൾ കഴിക്കണം, എങ്ങനെ കഴിക്കണം, കഴിക്കുന്ന സമയത്ത് എന്തൊക്കെ ശ്രദ്ധിക്കണം എന്നതും അത്രതന്നെ പ്രധാനമാണ്. ശരിയായ രീതിയിൽ കഴിച്ചാൽ മാത്രമേ കർക്കടക കഞ്ഞിയുടെ യഥാർത്ഥ ഗുണം ശരീരത്തിന് ലഭിക്കൂ.
കർക്കടക കഞ്ഞി കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സാധാരണയായി മലയാള മാസമായ കർക്കടകത്തിലാണ് (ജൂലൈ–ഓഗസ്റ്റ്) കർക്കടക കഞ്ഞി കഴിക്കുന്നത്. മഴ ശക്തമാകുന്ന ഈ കാലത്താണ് ദഹനശേഷി കുറയുകയും വാതദോഷം വർധിക്കുകയും രോഗപ്രതിരോധശേഷി ദുർബലമാവുകയും ചെയ്യുന്നതായി ആയുർവേദം വിശദീകരിക്കുന്നു.
രാവിലെയാണോ? രാത്രിയാണോ?
കർക്കടക കഞ്ഞി ഒരു പ്രധാന ഭക്ഷണത്തിന് പകരമായാണ് (Meal Replacement) കഴിക്കേണ്ടത്. അതായത് കഞ്ഞി കുടിച്ചതിന് ശേഷം അതോടൊപ്പം ചോറോ ചപ്പാത്തിയോ മറ്റ് പ്രധാന ഭക്ഷണങ്ങളോ കഴിക്കുന്നത് ഒഴിവാക്കണം.
രാത്രി കഴിക്കുന്നതാണ് ഏറ്റവും നല്ലത്
മിക്ക ആയുർവേദ വൈദ്യന്മാരും രാത്രി അത്താഴത്തിന് പകരമായി കർക്കടക കഞ്ഞി കഴിക്കാനാണ് ശുപാർശ ചെയ്യുന്നത്.
കാരണം, മഴക്കാലത്ത് പ്രത്യേകിച്ച് രാത്രിയിൽ ദഹനപ്രവർത്തനം കൂടുതൽ മന്ദഗതിയിലായിരിക്കും. അത്തരം സമയത്ത് ദഹിക്കാൻ എളുപ്പമുള്ള കർക്കടക കഞ്ഞി കഴിക്കുന്നത് വയറിന് അമിതഭാരം നൽകുന്നില്ല. അതോടൊപ്പം ശരീരത്തിന് ആവശ്യമായ ഊഷ്മാവും പോഷണവും നൽകാനും ഇത് സഹായിക്കുന്നു.
രാവിലെയും കഴിക്കാം
രാത്രിയിൽ കഞ്ഞി കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇത് പ്രഭാതഭക്ഷണത്തിന് പകരമായും കഴിക്കാം. രാവിലെ കഴിക്കുമ്പോൾ ദിവസം മുഴുവൻ ദഹനത്തെ പിന്തുണയ്ക്കാനും ശരീരത്തിന് ഊർജം നൽകാനും ഇത് സഹായിക്കും.
എത്ര ദിവസം തുടർച്ചയായി കഴിക്കണം?
ആയുർവേദത്തിൽ കർക്കടക കഞ്ഞി സാധാരണയായി 7, 14, 21 അല്ലെങ്കിൽ 28 ദിവസം എന്നിങ്ങനെ കഴിക്കാൻ നിർദേശിക്കാറുണ്ട്.
7 ദിവസം – ശരീരത്തിൽ ആദ്യഘട്ട മാറ്റങ്ങൾ അനുഭവപ്പെടാൻ സഹായിക്കും.
14 ദിവസം – ദഹനശേഷിയും ശരീരത്തിന്റെ പ്രവർത്തനങ്ങളും കൂടുതൽ മെച്ചപ്പെടാൻ സഹായിക്കും.
21 ദിവസം – ശരീരത്തിന് കൂടുതൽ ഉന്മേഷവും ആരോഗ്യകരമായ മാറ്റങ്ങളും ലഭിക്കുന്ന ഘട്ടം.
28 ദിവസം (കർക്കടക മാസം മുഴുവൻ) – പരമ്പരാഗതമായി ഏറ്റവും ഉത്തമമായി കണക്കാക്കുന്ന രീതിയാണിത്.
സമയം ലഭിക്കുന്നവർക്ക് കർക്കടക മാസം മുഴുവൻ കഴിക്കാം. അല്ലാത്തവർക്ക് കുറഞ്ഞത് ഏഴ് ദിവസം തുടർച്ചയായെങ്കിലും കർക്കടക കഞ്ഞി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.
കർക്കടക കഞ്ഞി കഴിക്കുമ്പോൾ പാലിക്കേണ്ട പഥ്യങ്ങൾ
കർക്കടക കഞ്ഞി കഴിക്കുന്ന കാലത്ത് ഭക്ഷണത്തിലും ജീവിതശൈലിയിലും ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ അതിന്റെ ഗുണം കൂടുതൽ ലഭിക്കും.
1. കൊഴുപ്പേറിയ ഭക്ഷണങ്ങൾ ഒഴിവാക്കുക
ചിക്കൻ, മട്ടൻ, ബീഫ്, എണ്ണയിൽ വറുത്ത മീൻ തുടങ്ങിയ ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ ഈ ദിവസങ്ങളിൽ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ദഹനവ്യവസ്ഥയ്ക്ക് അധികഭാരം നൽകാം.
2. ചെറുചൂടുവെള്ളം കുടിക്കുക
ഫ്രിഡ്ജിൽ സൂക്ഷിച്ച തണുത്ത വെള്ളം, ഐസ് ചേർത്ത പാനീയങ്ങൾ എന്നിവയ്ക്ക് പകരം തിളപ്പിച്ചാറ്റിയ ചെറുചൂടുവെള്ളം കുടിക്കുന്നത് ദഹനത്തിന് കൂടുതൽ അനുയോജ്യമാണെന്ന് ആയുർവേദം നിർദേശിക്കുന്നു.
3. പകൽ ഉറക്കം ഒഴിവാക്കുക
മഴക്കാലത്ത് ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും, പകൽ അമിതമായി ഉറങ്ങുന്നത് ശരീരത്തിൽ കഫദോഷം വർധിപ്പിക്കുമെന്നും അതുവഴി മന്ദതയും അസ്വസ്ഥതയും കൂടാനിടയുണ്ടെന്നും ആയുർവേദം പറയുന്നു.
4. ലഹരിപദാർഥങ്ങളിൽ നിന്ന് വിട്ടുനിൽക്കുക
മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ശരീരത്തിന്റെ സ്വാഭാവിക ആരോഗ്യപ്രക്രിയകളെ ബാധിക്കാം. അതിനാൽ കർക്കടക കഞ്ഞി കഴിക്കുന്ന ദിവസങ്ങളിൽ ഇത്തരം ശീലങ്ങൾ ഒഴിവാക്കുന്നത് കൂടുതൽ ഗുണകരമാണ്.
5. ലഘുഭക്ഷണം ശീലമാക്കുക
കർക്കടക കഞ്ഞി കഴിക്കുന്ന ദിവസങ്ങളിൽ അമിതമായി ഭക്ഷണം കഴിക്കുന്നതിനേക്കാൾ ലളിതവും ദഹിക്കാൻ എളുപ്പമുള്ളതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. പഴങ്ങൾ, വേവിച്ച പച്ചക്കറികൾ, ചെറുപയർ വിഭവങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തുന്നത് ശരീരത്തിന് കൂടുതൽ അനുയോജ്യമാണ്.
കർക്കടക കഞ്ഞി ഒരു ഔഷധഗുണമുള്ള ഭക്ഷണമാണെങ്കിലും, അതിന്റെ ഗുണം പൂർണമായി ലഭിക്കണമെങ്കിൽ ശരിയായ സമയത്തും ശരിയായ രീതിയിലും കഴിക്കേണ്ടത് പ്രധാനമാണ്. അതോടൊപ്പം അനുയോജ്യമായ പഥ്യങ്ങളും പാലിക്കുമ്പോൾ മഴക്കാലത്ത് ദഹനശേഷിയെ പിന്തുണയ്ക്കാനും ശരീരത്തെ പോഷിപ്പിക്കാനും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താനും ഇത് സഹായിക്കും.
കർക്കടക കഞ്ഞി: ആവശ്യമായ ചേരുവകളും അളവും
ഞവര അരി: 100 ഗ്രാം
നുറുക്കരി: 10 ഗ്രാം
ആശാളി: 10 ഗ്രാം
ഉലുവ: 10 ഗ്രാം
ജീരകം: 10 ഗ്രാം
ദശമൂലം ചൂർണ്ണം: 5 ഗ്രാം
പഞ്ചകോലം ചൂർണ്ണം: 10 ഗ്രാം (തിപ്പലി, കാട്ടുതിപ്പലി, കാട്ടുമുളക്/ചവ്യം, കൊടുവേലി, ചുക്ക് എന്നിവ സമ അളവിൽ പൊടിച്ചത്)
ദശപുഷ്പം ചൂർണ്ണം (അല്ലെങ്കിൽ പച്ചിലനീര്): 10 ഗ്രാം
പശുവിൻ നെയ്യ്: 1-2 ടീസ്പൂൺ
തേങ്ങാപ്പാലും ശർക്കരയും: പാകത്തിന്
വെള്ളം: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം (Step-by-Step)
ഇത് ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. താഴെ പറയുന്ന രീതിയിൽ സിംപിളായി ചെയ്തെടുക്കാം:
മരുന്ന് വെള്ളം തിളപ്പിക്കാം: ആദ്യം ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം വെച്ച് അതിലേക്ക് ദശമൂലം ചൂർണ്ണം ഇട്ട് നന്നായി തിളപ്പിച്ചെടുക്കുക.
അരി ചേർക്കാം: വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ, കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ഞവര അരിയും നുറുക്കരിയും ഇതിലേക്ക് ഇടുക.
പഞ്ചകോലവും മറ്റ് ചേരുവകളും: അരിയോടൊപ്പം തന്നെ ജീരകം, ഉലുവ, ആശാളി എന്നിവയും, ഒപ്പം നമ്മുടെ ദഹനശക്തി കൂട്ടാനും വയറിലെ അസ്വസ്ഥതകൾ മാറ്റാനും നമ്മൾ എടുത്തു വെച്ചിരിക്കുന്ന പഞ്ചകോലം ചൂർണ്ണവും ചേർത്ത് നന്നായി ഇളക്കുക. ചെറുതീയിൽ വെച്ച് ഇതെല്ലാം നന്നായി വേവിച്ചെടുക്കണം.
പച്ചിലക്കൂട്ട് ചേർക്കാം: അരിയും മരുന്നുകളും നന്നായി വെന്തു കുറുകി വരുമ്പോൾ, അതിലേക്ക് ദശപുഷ്പം ചൂർണ്ണമോ (അല്ലെങ്കിൽ ദശപുഷ്പത്തിന്റെ ഇലകൾ അരച്ചു പിഴിഞ്ഞെടുത്ത നീരോ) ചേർത്ത് നന്നായി ഇളക്കുക.
ഫിനിഷിംഗ് ടച്ച്: കഞ്ഞി പാകമായിക്കഴിഞ്ഞാൽ മധുരത്തിന് ആവശ്യമായ ശർക്കരയും നല്ല കൊഴുപ്പുള്ള തേങ്ങാപ്പാലും ചേർക്കുക. തേങ്ങാപ്പാൽ ഒഴിച്ചതിന് ശേഷം ഒരുപാട് തിളച്ചു മറിയരുത്, ചെറുതായിട്ടൊന്ന് ചൂടായാൽ ഉടനെ തന്നെ അടുപ്പിൽ നിന്ന് വാങ്ങി വെക്കാം.
നെയ്യ് ചേർക്കാം: കഞ്ഞി അടുപ്പിൽ നിന്ന് ഇറക്കി വെച്ച ശേഷം ഇതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ പശുവിൻ നെയ്യ് കൂടി ചേർത്ത് നന്നായി ഇളക്കുക. (കൂടുതൽ രുചി ആഗ്രഹിക്കുന്നവർക്ക് ചെറിയ ഉള്ളി നെയ്യിൽ മൂപ്പിച്ച് ഇതിലേക്ക് ഒഴിക്കാവുന്നതുമാണ്).
നല്ല ആവി പറക്കുന്ന ചെറുചൂടോടെ തന്നെ ഈ കഞ്ഞി കുടിക്കാൻ ശ്രദ്ധിക്കുക. മഴക്കാലത്ത് ദിവസത്തിൽ ഒരു നേരം (പ്രത്യേകിച്ച് രാത്രി ഭക്ഷണത്തിന് പകരമായി) ഇത് കഴിക്കുന്നത് ശരീരത്തിന് പൂർണ്ണമായ ആരോഗ്യവും പ്രതിരോധശേഷിയും നൽകും.
കർക്കടക കഞ്ഞിക്കൊപ്പം ഒരു 'പത്തിലത്തോരൻ' ആയാലോ?
കർക്കടക കഞ്ഞി കുടിക്കുമ്പോൾ അതിന്റെ കൂടെ എണ്ണയിൽ വറുത്തതോ, കൊഴുപ്പ് കൂടിയതോ ആയ സൈഡ് ഡിഷുകൾ ഒഴിവാക്കണം എന്ന് നമ്മൾ പറഞ്ഞല്ലോ. അങ്ങനെയെങ്കിൽ കഞ്ഞിക്കൊപ്പം കൂട്ടാൻ പറ്റിയ ഏറ്റവും ബെസ്റ്റ് കോമ്പിനേഷൻ ഏതാണെന്ന് അറിയാമോ? അത് വേറെയൊന്നുമല്ല, നമ്മുടെ നാടൻ 'പത്തിലത്തോരൻ' ആണ്!
മഴക്കാലത്ത് നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ തനിയെ വളർന്നു വരുന്ന, ഔഷധഗുണമുള്ള പത്ത് ഇലകൾ ചേർത്താണ് ഈ തോരൻ ഉണ്ടാക്കുന്നത്. മഴക്കാലത്ത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും തതുല്യമായ പോഷകങ്ങളും നൽകാൻ ഈ ഇലക്കറികൾക്ക് കഴിയും.
ഏതൊക്കെയാണ് ആ പത്ത് ഇലകൾ? അത് ശരീരത്തിന് എങ്ങനെ ഗുണം ചെയ്യും എന്ന് വിശദമായി അറിയാൻ ഞങ്ങളുടെ 👉 ഈ പോസ്റ്റ് കൂടി വായിക്കൂ:
ഇനി മരുന്നുകൾ തപ്പി നടക്കേണ്ട! വീട്ടിലിരുന്ന് തന്നെ വാങ്ങാം മികച്ച 'കർക്കടക കഞ്ഞി കിറ്റുകൾ'
കർക്കടക കഞ്ഞിയുടെ ഗുണങ്ങളും അത് ഉണ്ടാക്കേണ്ട രീതിയും ഒക്കെ വായിച്ചപ്പോൾ ഒന്നുണ്ടാക്കി നോക്കണം എന്ന് തോന്നുന്നുണ്ടല്ലേ? പക്ഷേ, നമ്മൾ മുകളിൽ പറഞ്ഞ ആ ഞവര അരിയും, ദശമൂലവും, പഞ്ചകോലവും ഒക്കെ എവിടെപ്പോയി തപ്പും എന്നോർത്ത് വിഷമിക്കേണ്ട !
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ ഈ ഔഷധങ്ങളെല്ലാം ഓരോന്നായി അങ്ങാടിമരുന്നുകടകളിൽ പോയി കൃത്യമായ അളവിൽ ഒപ്പിച്ചെടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.
എന്നാൽ വിഷമിക്കേണ്ട! ഇതിനൊരു അടിപൊളി പരിഹാരമുണ്ട്. നമുക്ക് ആവശ്യമുള്ള എല്ലാ ചേരുവകളും കൃത്യമായ അളവിൽ ചേർത്ത 'റെഡിമെയ്ഡ് കർക്കടക കഞ്ഞി കിറ്റുകൾ' (Oushadha Kanji Kits) ഇന്ന് വിപണിയിൽ എളുപ്പത്തിൽ ലഭ്യമാണ്.
