ഭാരതത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കൃഷി ചെയ്യുന്ന ഒരു പയർ വർഗ്ഗചെടിയാണ് ചെറുപയർ..ഇത് ധാന്യമായും ഔഷധമായും ഉപയോഗിക്കുന്നു .ആയുർവേദത്തിൽ പനി ,നേത്രരോഗങ്ങൾ ,ദഹനപ്രശ്‌നങ്ങൾ ,ത്വക്ക് രോഗങ്ങൾ മുതലായവയുടെ ചികിത്സയിൽ ചെറുപയർ ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ഗ്രീൻഗ്രാം എന്നും സംസ്‌കൃതത്തിൽ മുദ്ഗ എന്ന പേരിലുമാണ് കൂടുതലായും ചെറുപയർ അറിയപ്പെടുന്നത് . കൂടാതെ വരാഹപ്രിയ ,സൂപ്യ, ഹരിത ,സുബല ,ലഘുശ്രേഷ്ഠ തുടങ്ങിയ സംസ്‌കൃത നാമങ്ങളും ചെറു പയറിനുണ്ട് .
കാട്ടുപന്നിക്ക് ഇഷ്ടപ്പെട്ടത് എന്ന അർത്ഥത്തിൽ വരാഹപ്രിയ എന്ന സംസ്കൃതനാമത്തിലും ,സൂപ്പ് അഥവാ യൂഷം ഉണ്ടാക്കാൻ അനുയോജ്യമായത് എന്ന അർത്ഥത്തിൽ സൂപ്യ എന്ന പേരിലും , പച്ച നിറത്തിലുള്ളത് എന്ന അർത്ഥത്തിൽ ഹരിത എന്ന പേരിലും ,ശരീരത്തിന് ബലം നൽകുന്നു എന്ന അർത്ഥത്തിൽ സുബല എന്ന പേരിലും ,ദഹിക്കാൻ എളുപ്പമുള്ളത് എന്ന അർത്ഥത്തിൽ ലഘുശ്രേഷ്ഠ എന്ന സംസ്കൃതനാമത്തിലും ചെറുപയർ അറിയപ്പെടുന്നു .
Botanical Name – Vigna radiata .
Synonyms – Phaseolus aureus, Phaseolus radiatus .
Family: Fabaceae (Pea family) .
വിതരണം .
ഇന്ത്യയിലുടനീളം കൃഷി ചെയ്‌തു വരുന്നു .വനങ്ങളിലും കാണപ്പെടുന്നു .കാട്ടിൽ കാണപ്പെടുന്ന പയറിനും (Vigna radiata var. sublobata ) ചെറുപയറിന്റെ അതെ ഗുണങ്ങൾ തന്നെയാണ് .ഇവ രണ്ടും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു എങ്കിലും കാട്ടു പയറാണ് കൂടുതലും ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് .
സസ്യവിവരണം .
30 മുതൽ 90 സെൻ്റീമീറ്റർ വരെ ഉയരത്തിൽ നിവർന്നു വളരുന്ന വാർഷികച്ചെടി .തണ്ടുകളിൽ നേരിയ രോമങ്ങളുണ്ടാകും.ഇലകൾ പൊതുവെ മൂന്ന് ഇതളുകൾ ചേർന്നതാണ്. ഇലയുടെ അഗ്രം കൂർത്തതാണ് .പൂക്കൾ ചെറുതും ഇളം മഞ്ഞ അല്ലെങ്കിൽ പച്ച കലർന്ന മഞ്ഞ നിറത്തിൽ കാണപ്പെടുന്നു .പൂക്കൾ തണ്ടിൻ്റെ അറ്റത്തോ ഇലകളുടെ കക്ഷങ്ങളിലോ കൂട്ടമായി ഉണ്ടാകുന്നു .കായ്കൾ നീളമുള്ളതും നേർത്തതും സിലിണ്ടർ ആകൃതിയിലുള്ളതുമാണ്. 6 മുതൽ 10 സെൻ്റീമീറ്റർ വരെ നീളം കാണും .ഇവ പാകമാകുമ്പോൾ തവിട്ടുനിറമായി മാറും . വിത്തുകൾ ചെറുതും ഓവൽ ആകൃതിയിൽ ഉള്ളതുമാണ് .വിത്തുകൾ മിനുസ്സമുള്ളതും പച്ചനിറത്തിലുമാണ് .ഇതാണ് ഏറ്റവും സാധാരണമായ ഇനം. ചില ഇനങ്ങൾ കറുപ്പ് കലർന്നതോ, തവിട്ടുനിറമുള്ളതോ, മഞ്ഞയോ, ചുവപ്പോ ആകാം.
ആയുർവേദ ഗ്രന്ഥങ്ങളിൽ ചെറുപയറിനെ നിറത്തെ അടിസ്ഥാനമാക്കി വിവിധ ഇനങ്ങളായി തരം തിരിച്ചിരിക്കുന്നു.ദഹനശേഷിയിലെ ലഘുത്വമാണ് ഈ തരംതിരിവിൻ്റെ കാരണം .(ശ്യാമ-കടും പച്ച നിറത്തിലുള്ളത് -ദഹിക്കാൻ ഏറ്റവും എളുപ്പമുള്ളത് ).(ഹരിത -പച്ച-ശ്യാമയെക്കാൾ ദഹിക്കാൻ പ്രയാസമുള്ളത് ) .(പീത-മഞ്ഞ -ഹരിതയെക്കാൾ ദഹിക്കാൻ പ്രയാസമുള്ളത് .(ശ്വേത-വെള്ള -പീതയെക്കാൾ ദഹിക്കാൻ പ്രയാസമുള്ളത് .(രക്ത - ചുവപ്പ് -ഏറ്റവും കൂടുതൽ ദഹിക്കാൻ പ്രയാസമുള്ളത് ).
ചെറുപയറിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസഘടകങ്ങൾ.
പ്രോട്ടീനുകൾ ,കാർബോഹൈഡ്രേറ്റുകൾ ,നാരുകൾ എന്നീ മാക്രോ ന്യൂട്രിയന്റുകളും ,വിറ്റാമിൻ ബി കോംപ്ലക്സ്,ഇരുമ്പ് ,പൊട്ടാസ്യം ,മാംഗനീസ് എന്നീ വിറ്റാമിനുകളും ധാതുക്കളും .ഫീനോളിക് ആസിഡുകൾ ,ഫ്ലേവനോയിഡുകൾ ,ഫൈറ്റിക് ആസിഡ് എന്നീ ബയോ ആക്റ്റീവ് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
🌱ഇംഗ്ലീഷ് - Green Gram .
🌱മലയാളം - ചെറുപയർ .
🌱തമിഴ് - പയറു, പച്ചൈപ്പയറ് .
🌱തെലുങ്ക് - പെസറ പപ്പു.
🌱കന്നഡ - ഹെസരു കാളു .
🌱ഹിന്ദി - മൂംഗ്, മൂംഗ് ദാൽ.
🌱ബംഗാളി -മൂഗ് ഡാൽ ..
🌱ഒറിയ -മുഗ .
🌱പഞ്ചാബി - മൂംഗേൻ.
ഔഷധയോഗ്യഭാഗം .
വിത്ത് ,വേര് .
രസാദിഗുണങ്ങൾ .
രസം -മധുരം ,കഷായം .
ഗുണം -ലഘു ,രൂക്ഷം .
വിപാകം -മധുരം .
ചെറുപയറിന്റെ ഔഷധഗുണങ്ങൾ .
പച്ചക്കറികളിൽ ഏറ്റവും ശ്രേഷ്ഠമായത് ചെറുപയർ ആണെന്ന് ആയുർവേദം പറയുന്നു .ഇത് ദഹിക്കാൻ എളുപ്പമുള്ളതും, പോഷകസമൃദ്ധവും, പിത്ത-കഫ ദോഷങ്ങളെ ശമിപ്പിക്കുന്നതുമാണ് . മറ്റ് പയറുവർഗ്ഗങ്ങളെ അപേക്ഷിച്ച് എല്ലാ രോഗാവസ്ഥകളിലും ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു ഭക്ഷണമാണ് ചെറുപയർ .
ചെറുപയർ രസായന ഗുണങ്ങൾ ഉള്ളതും ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നതുമാണ് .ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നതുമായ ഒരു പയറുവർഗ്ഗമാണ് ചെറുപയർ .ഇത് എല്ലാ പ്രായക്കാർക്കും ഒരുപോലെ അനുയോജ്യമായതും സുരക്ഷിതവുമായ ഭക്ഷണമാണ്.മിക്ക രോഗങ്ങളിലും, ചെറുപയർ സൂപ്പ് രൂപത്തിൽ ഉപയോഗിക്കുന്നത് നല്ലതാണ് . കാരണം ഇത് ദഹിക്കാൻ വളരെ എളുപ്പമുള്ളതും, എന്നാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതുമാണ് .പഞ്ചകർമ്മ ചികിത്സകൾക്ക് ശേഷം ദഹനാഗ്നിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ചെറുപയർ സൂപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന പതിവുണ്ട് .
കർക്കടക മാസത്തിലെ പത്തിലക്കറിയിൽ ഉൾപ്പെടുന്ന ഒന്നാണ് ചെറുപയറില .കർക്കിടക മാസം ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന മാസമാണ്.ഈ സമയത്ത്, ശരീരത്തിന് ബലം നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണക്രമമാണ് സാധാരണയായി പിന്തുടരുന്നത്. ഇതിൽ ചെറുപയറില ഒരു പ്രധാന പങ്കു വഹിക്കുന്നു
കാട്ടുപയർ : അഥവാ കാട്ടു ചെറുപയറിന്റെ വേര് മദ്ധ്യമ പഞ്ചമൂലം എന്ന ഔഷധകൂട്ടിലെ ഒരു ചേരുവയാണ് .
മദ്ധ്യമ പഞ്ചമൂലം :കുറുന്തോട്ടി ,തഴുതാമ ,ആവണക്ക് ,കാട്ടുഴുന്ന് ,കാട്ടുപയറ് എന്നീ അഞ്ചു സസ്യങ്ങളുടെ വേര് ചേരുന്നതാണ് മദ്ധ്യമ പഞ്ചമൂലം എന്ന് അറിയപ്പെടുന്നത് .ഈ ഔഷധക്കൂട്ടിന് വാത-പിത്ത രോഗങ്ങൾ ,നാഡീ സംബന്ധമായ രോഗങ്ങൾ , തളർച്ച ,ക്ഷീണം, വീക്കം, വേദന എന്നിവയെ ശമിപ്പിക്കാനുള്ള കഴിവുണ്ട് .ച്യവനപ്രാശം പോലെയുള്ള നിരവധി ഔഷധങ്ങളിൽ ഈ ഔഷധക്കൂട്ട് ഒരു പ്രധാന ചേരുവയാണ് .
ആയുർവേദ സൂചനകൾ :ചെറുപയർ പോഷകമാണ് ,ശരീരശക്തിയും ദഹനവും വർധിപ്പിക്കും .കാമം വർധിപ്പിക്കും .മുലപ്പാൽ വർധിപ്പിക്കും .വിശപ്പില്ലായ്‌മ ,വയറിളക്കം ,ഛർദി എന്നിവയ്ക്കും നല്ലതാണ് .ചർമ്മരോഗങ്ങൾ ,വെള്ളപ്പാണ് ,ഹെർപ്പസ്, പ്രമേഹം ,മഞ്ഞപ്പിത്തം ,വിളർച്ച എന്നിവയ്ക്കും നല്ലതാണ് .ചുമ ,ആസ്മ ,മൂക്കൊലിപ്പ് ,ക്ഷയം എന്നിവയ്ക്കും നല്ലതാണ് .മലബന്ധം ,പൈൽസ് ,ഫിസ്റ്റുല എന്നിവയ്ക്കും നല്ലതാണ് .ആർത്തവ പ്രശ്നങ്ങൾ ,അമിത ആർത്തവ രക്തസ്രാവം ,ആർത്തവ വേദന ,ക്രമം തെറ്റിയ ആർത്തവം ,വെള്ളപോക്ക് എന്നിവയ്ക്കും നല്ലതാണ് .വാതരോഗങ്ങൾ ,സന്ധിവാതം ,ഒടിവ് ,ചതവ് ,വീക്കം ,കുരു എന്നിവയ്ക്കും നല്ലതാണ് .ഹൃദ്രോഗം ,മാനസിക വൈക്യല്യങ്ങൾ ,തലകറക്കം ,ബോധക്ഷയം എന്നിവയ്ക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . ചെറുപയർ വേരോ ,വിത്തോ ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.
ചെറുപയർ ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
ധാന്വന്തരം- 101- (Dhanwantharam -101) .
നാഡീ സംബന്ധമായ തകരാറുകൾ ,പക്ഷാഘാതം ,നാഡീ വേദന,Bell's palsy (മുഖം കോടൽ ).റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ,ഓസ്റ്റിയോ ആർത്രൈറ്റിസ് ,-പ്രസവാനന്തര പരിചരണം തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ധാന്വന്തരം- 101 .101 എന്ന സംഖ്യ സൂചിപ്പിക്കുന്നത്, ധാന്വന്തരം തൈലം ഉണ്ടാക്കുന്ന പ്രക്രിയ 101 തവണ ആവർത്തിച്ച് അതിൻ്റെ ശക്തി വർദ്ധിപ്പിച്ചു എന്നാണ് അർത്ഥമാക്കുന്നത് .ഇത് ഇത് സോഫ്റ്റ് ജെൽ കാപ്സ്യൂൾ രൂപത്തിലും തൈല രൂപത്തിലും ലഭ്യമാണ് .
ധാന്വന്തരം ക്രീം (Dhanwantharam Cream) .
പേശിവേദന , അസ്ഥി വേദനകൾ,സന്ധി വേദന ,പേശീ വലിവ് ,വാത രോഗങ്ങളുമായി ബന്ധപ്പെട്ട വേദന ,നടുവേദന ,കഴുത്തുവേദന മുതലായവയ്ക്ക് പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ധാന്വന്തരം തൈലത്തിൻ്റെചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ക്രീം രൂപത്തിലുള്ള ഒരു മരുന്നാണ് ധാന്വന്തരം ക്രീം .
ധാന്വന്തരാരിഷ്ടം -Dhanwanthararishtam.
പ്രധാനമായും പ്രസവാനന്തര ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ധന്വന്തരാരിഷ്ടം.പ്രസവാനന്തരം സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുന്നതിന് ഈ ഔഷധം ഗുണകരമാണ് .മലബന്ധം ,ഹെർണിയ ,പൈൽസ് എന്നിവ ഇല്ലാതാക്കും .ദഹനവും പ്രതിരോധശേഷിയും വർധിപ്പിക്കും .ഗ്യാസ്ട്രബിളും വയറ്റിലെ മറ്റ് അശ്വസ്തതകളും ഇല്ലാതാക്കുകയും ചെയ്യുന്നു .
മഹാസ്നേഹം -Mahasneham Ghrutham.
പ്രധാനമായും വാതരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് മഹാസ്നേഹം.വാതരോഗങ്ങൾ ,സന്ധി വേദന, ആമവാതം, സന്ധികളുടെ പിരിമുറുക്കം എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.വാത രോഗങ്ങൾ കാരണം ബലം കുറഞ്ഞ പേശികൾക്കും നാഡികൾക്കും ശക്തി നൽകി അവ വീണ്ടെടുക്കാൻ സഹായിക്കുന്നു.ഇത് പഞ്ചകർമ്മ ചികിത്സയിലും ഉപയോഗിക്കുന്നു .
ച്യവനപ്രാശം (Chyavanaprasam) .
ആയുർവേദത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു രസായന ഔഷധമാണ് ച്യവനപ്രാശം .രസായനം എന്നാൽ വാർദ്ധക്യം തടയുന്നതും ശരീരത്തിലെ എല്ലാ ധാതുക്കളെയും പോഷിപ്പിക്കുന്നതും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതുമാണ് .ഇത് ഉപയോഗിക്കുന്നത് മൂലം സാധാരണയുണ്ടാകുന്ന രോഗങ്ങളായ ജലദോഷം, ചുമ, പനി എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു.ചുമ ,ആസ്മ ,ശ്വാസം മുട്ട് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കുന്നു .ഇത് ചർമ്മത്തിനും മുടിക്കും പോഷണം നൽകുന്നു .ഇത് ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുകയും, കരളിൻ്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും .ഇത് ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു .ഇത് ഓർമ്മശക്തി വർധിപ്പിക്കാനും തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു .
ബ്രഹ്മരസായനം (Brahma Rasayanam) .
ആയുർവേദത്തിലെ ച്യവനപ്രാശം പോലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രസായന ഔഷധമാണ് ബ്രഹ്മരസായനം.ഇതിന്റെ രസായന ഗുണങ്ങൾ ശരീരത്തിന് മൊത്തത്തിൽ ഊർജ്ജസ്വലതയും യുവത്വവും നൽകുന്നു.വിട്ടുമാറാത്ത ക്ഷീണം, ബലഹീനത എന്നിവ പരിഹരിച്ചു ശരീരത്തിന് ബലം നൽകുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു .മാനസിക സമ്മർദ്ദവും ഉത്കണ്ഠയും ഇല്ലാതാക്കാൻ സഹായിക്കുന്നു .ഇത് തലച്ചോറിലെ കോശങ്ങളെ പോഷിപ്പിക്കുകയും ഓർമ്മശക്തി, ഏകാഗ്രത, പഠനശേഷി എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മൈഗ്രാകോട്ട് ഓയിൽ (Migrakot Oil) .
മൈഗ്രാകോട്ട് ഓയിൽ ബാഹ്യ ഉപയോഗത്തിനുള്ള ഒരു വേദനാസംഹാരി തൈലമാണ് .മൈഗ്രേനും മറ്റ് തരത്തിലുള്ള തലവേദനകൾക്കും വേണ്ടിയാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
വിദാര്യാദി ലേഹം (Vidaryadi Leham).
ശരീരപുഷ്ടിക്കും ,ശരീരബലം വർധിപ്പിപ്പിക്കുന്നതിനും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുമാണ് വിദാര്യാദി ലേഹം പ്രധാനമായും ഉപയോഗിക്കുന്നത് .ഇത് ശരീരത്തിന് ബലവും ഓജസ്സും വർധിപ്പിക്കുന്നു .മെലിഞ്ഞവർക്ക് ശരീരഭാരം കൂട്ടാനും സഹായിക്കുന്നു .ചുമ ,ശ്വാസം മുട്ടൽ ,കഫക്കെട്ട് എന്നിവ ഇല്ലാതാക്കി ശ്വാസകോശത്തിന് ബലം നൽകാൻ സഹായിക്കുന്നു .ഇത് ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും, ബീജങ്ങളുടെ എണ്ണം വർധിപ്പിക്കാനും സഹായിക്കുന്നു .വിദാരി എന്നാൽ പാൽമുതുക്ക് എന്നാണ് അർത്ഥമാക്കുന്നത് .പാൽമുതുക്കാണ് ഇതിലെ പ്രധാന ചേരുവ .
വിദാര്യാദ്യാസവം -Vidaryadyasavam.
ശരീരപുഷ്ടിക്കും ശരീരഭാരം വർധിപ്പിക്കുന്നതിനുമാണ് വിദാര്യാദ്യാസവം പ്രധാനമായും ഉപയോഗിക്കുന്നത് .ശരീരം മെലിഞ്ഞ അവസ്ഥകളിൽ ശരീരഭാരം വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു .ഇത് ഓജസ്സും ലൈംഗിക ശക്തിയും വർധിപ്പിക്കാൻ സഹായിക്കുന്നു .ആസ്ത്മ, വിട്ടുമാറാത്ത ചുമ ,ശ്വാസംമുട്ടൽ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും .വാതരോഗങ്ങൾ, സന്ധി വേദന, ശരീര വേദന എന്നിവയുടെ ചികിത്സയിലും വിദാര്യാദ്യാസവം ഉപയോഗിക്കുന്നു .
വിദാര്യാദി കഷായം -Vidaryadi Kashayam .
ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,ജലദോഷം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ വിദാര്യാദി കഷായം ഉപയോഗിക്കുന്നു ,കൂടാതെ ശരീരം പുഷ്ടിപ്പെടുത്തുന്നതിനും ശരീരക്ഷീണം അകറ്റുന്നതിനും പ്രസവാനന്തര ചികിത്സയിലും വിദാര്യാദി കഷായം ഉപയോഗിക്കുന്നു .
മഹാകല്യാണക ഘൃതം (Mahakalyanaka Ghritam) .
മാനസികവും നാഡീസംബന്ധമായ രോഗങ്ങൾക്കുമാണ് മഹാകല്യാണക ഘൃതം പ്രധാനമായും ഉപയോഗിക്കുന്നത് മാനസികരോഗങ്ങൾ ,ഉന്മാദം ,അപസ്മാരം ,സമ്മർദ്ദം, ഉത്കണ്ഠ എന്നിവയുടെ ചികിത്സയിൽ മഹാകല്യാണക ഘൃതം ഉപയോഗിക്കുന്നു .കൂടാതെ വിളർച്ച ,വന്ധ്യത ,പനി ,ത്വക്ക് രോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിലും മഹാകല്യാണക ഘൃതം ഉപയോഗിക്കുന്നു .
അശോക ഘൃതം (Asoka Ghritam) .
സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് അടിസ്ഥാനമായുള്ള ഒരു ഔഷധമാണ് അശോക ഘൃതം .ഇതിലെ പ്രധാന ചേരുവ അശോകമാണ് (Saraca asoca) . അമിത ആർത്തവ രക്തസ്രാവം ,ആർത്തവ വേദന ,ക്രമം തെറ്റിയ ആർത്തവം ,വെള്ളപോക്ക് ,വിളർച്ച ,വിശപ്പില്ലായ്‌മ ,ആരോഗ്യക്കുറവ് മുതലായവയുടെ ചികിത്സയിൽ അശോക ഘൃതം ഉപയോഗിക്കുന്നു .ഇത് ഗർഭപാത്രത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ശതാവര്യാദി ഘൃതം -Satavaryadi Ghritam.
മൂത്രാശയ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ മരുന്നാണ് ശതാവര്യാദി ഘൃതം. മൂത്രതടസ്സം ,മൂത്രത്തിൽ കല്ല് മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .കൂടാതെ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ,വെള്ളപോക്ക് ,വന്ധ്യത ,മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർധിപ്പിക്കുന്നതിനും ,പൊതുവായ ക്ഷീണം, വിളർച്ച, ശരീരഭാരം കുറയൽ ,എന്നിവയ്ക്കും ശതാവര്യാദി ഘൃതം ഉപയോഗിക്കുന്നു .ഇത് ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താൻ പുരുഷന്മാരിലും ഉപയോഗിക്കാറുണ്ട് .
പെയിൻ ബാം (Kottakkal Pain Balm) .
പേശി വേദന, സന്ധി വേദന ,നടുവേദന ,തലവേദന ,വീഴ്ച്ച ,ഉളുക്ക് ,ചതവ് ,നീർക്കെട്ട് ,വേദന എന്നിവയ്ക്ക് പുറമെ പുരട്ടുവാൻ പെയിൻ ബാം ഉപയോഗിക്കുന്നു .
തെങ്ങിൻ പുഷ്പാദി തൈലം (Thengin Pushpadi Thailam) .
തലയിൽ ഉണ്ടാകുന്ന അമിതമായ ചൂട്മൂലമുണ്ടാകുന്ന തലവേദന, നേത്രരോഗങ്ങൾ ,വാതസംബന്ധമായ വേദന, വീക്കം ,പുകച്ചിൽ,ഉറക്കക്കുറവ് മുതലായവയുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ തെങ്ങിൻ പുഷ്പാദി തൈലം ഉപയോഗിക്കുന്നു .തെങ്ങിൻ്റെ പൂങ്കുല( Cocos nucifera) ആണ് ഇതിലെ പ്രധാന ചേരുവ .
മഹാരാജപ്രസാരണീ തൈലം (Maharajaprasarani Tailam).
നാഡി സംബന്ധമായ രോഗങ്ങളിലും വാതസംബന്ധമായ എല്ലാ രോഗങ്ങളിലും മഹാരാജപ്രസാരണീ തൈലം ഉപയോഗിക്കുന്നു .ഈ തൈലം പുറമെ പുരട്ടുവാനും ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .ക്യാപ്‌സൂൾ രൂപത്തിലും (Maharajaprasarani Tailam Soft Gel Capsule) .ലഭ്യമാണ് .വാത രോഗങ്ങൾ ,പക്ഷാഘാതം ,ഞരമ്പ് വേദന ,പേശീ വൈകല്യങ്ങൾ ,സന്ധിവേദ, പേശികളുടെ കാഠിന്യം ,കഴുത്ത്, തോളുകൾ, നടുവ് എന്നിവിടങ്ങളിലെ വേദനയും പിടിത്തവും മുതലായവയ്ക്ക് മഹാരാജപ്രസാരണീ തൈലം ഉപയോഗിക്കുന്നു .കൂടാതെ പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവിനും ഇത് ഉപയോഗിക്കുന്നു .
വലിയ ചന്ദനാദി തൈലം (Valiya Chandanadi Tailam) .
ഒരു പ്രകൃതിദത്ത ശീതീകരണ എണ്ണയാണ് വലിയ ചന്ദനാദി തൈലം .പേര് സൂചിപ്പിക്കുന്നത് പോലെ ചന്ദനമാണ് ഇതിലെ പ്രധാന ചേരുവ.പിത്ത ദോഷത്തെ ശമിപ്പിക്കാനും, ശരീരത്തിനും മനസ്സിനും തണുപ്പ് നൽകാനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഉറക്കമില്ലായ്മ , മാനസിക പ്രശ്നങ്ങൾ , ഉത്കണ്ഠ, വിഷാദം ,ഓർമ്മക്കുറവ് ,തലയിലോ ശരീരത്തിലോ ഉണ്ടാകുന്ന അമിതമായ ചൂട്, എരിച്ചിൽ, പുകച്ചിൽ ,തലകറക്കം ,മഞ്ഞപ്പിത്തം ,രക്തസ്രാവം ,വാതം, ഹെർപ്പസ് തുടങ്ങിയ രോഗാവസ്ഥകളിലെ വേദനയും എരിച്ചിലും കുറയ്ക്കാൻ ഇത് തലയിലും ശരീരത്തും തേച്ചു കുളിക്കാനും നസ്യം ചെയ്യുവാനും ഈ എണ്ണ ഉപയോഗിക്കുന്നു .
ബലാഹഠാദി കേരതൈലം (Balahathadi keratailam ) .
മൈഗ്രേൻ ഉൾപ്പെടെയുള്ള പലതരം തലവേദനകളുടെ ചികിത്സയിൽ ഈ തൈലം ഉപയോഗിക്കുന്നു .കൂടാതെ തലകറക്കം ,ഉറക്കക്കുറവ് എന്നിവയുടെ ചികിത്സയിലും ബലാഹഠാദി കേരതൈലം ഉപയോഗിക്കുന്നു .
ചെറുപയറിന്റെ ചില ഔഷധപ്രയോഗങ്ങൾ .
ശരീരബലം വർധിപ്പിക്കാൻ ചെറുപയർ വേര് കഷായം :ചെറുപയറിന്റെ വേര് കഴുകി വൃത്തിയാക്കി ചതച്ച് പാലിൽ തിളപ്പിച്ച് അരിച്ചെടുത്ത് കുറച്ച് ശർക്കരയും ചേർത്ത് കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു .
ചെറുപയർ സൂപ്പ് : 60 ഗ്രാം മുളപ്പിച്ച ചെറുപയർ 500 മില്ലി വെള്ളത്തിൽ തിളപ്പിച്ച് കുറുക്കി 200 മില്ലിയാക്കിയതിൽ ആവിശ്യത്തിന് ഇന്തുപ്പ് ,ചുക്ക് ,മല്ലി ,കുരുമുളക് എന്നിവ പൊടിച്ചു ചേർത്ത് .ഇതിലേക്ക് 25 മില്ലി ഉറുമാമ്പഴനീരും ചേർത്ത് ചുവന്നുള്ളിയും കറിവേപ്പിലയും കൂടി നെയ്യിൽ താളിച്ച് തയാറാക്കുന്ന സൂപ്പ് ഒരു പ്രസവ രക്ഷ ഔഷധമാണ് .കൂടാതെ അമിത ദാഹം, മലശോധനക്കുറവ് എന്നിവയ്ക്കും ചർമ്മം വരണ്ടുണങ്ങുന്നതിനും ഈ സൂപ്പ് ഉപയോഗിക്കാം .ഇത് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ് .കണ്ണിനു കുളിർമ നൽകാനും കണ്ണിന്റെ ആരോഗ്യത്തിനും ചെറുപയർ സൂപ്പ് ഉപയോഗിക്കാറുണ്ട് .
യൂഷം (Yusha) : ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ളതും ഒരുപാട് ഔഷധഗുണങ്ങൾ ഉള്ളതുമായ ഒരു സൂപ്പാണ് യൂഷം .പ്രധാനമായും പയറുവർഗ്ഗങ്ങളിൽ നിന്നോ പ്രത്യേകിച്ച് ചെറുപയർ അല്ലങ്കിൽ തുവര പരിപ്പിൽ നിന്നോ ആണ് യൂഷം തയാറാക്കുന്നത് .ഇവയിൽ ഏതെങ്കിലും ഒന്ന് നിശ്ചിത അളവിൽ വെള്ളത്തിൽ തിളപ്പിച്ച് അതിൻ്റെ പോഷകാംശങ്ങൾ വെള്ളത്തിൽ ലയിപ്പിച്ച ശേഷം ഊറ്റിയെടുക്കുന്ന നേരിയ ചാറാണ് യൂഷം . ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് .ഇത് ദഹിക്കാൻ വളരെ എളുപ്പമാണ് .ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ബലവും നൽകുന്നു . ദീർഘകാല രോഗങ്ങൾ മൂലം അവശരായവർക്ക് ഊർജ്ജം വീണ്ടെടുക്കാൻ യൂഷം സഹായിക്കുന്നു.കൂടാതെ പനി വന്നു പോയതിനു ശേഷമുള്ള ശരീര ക്ഷീണത്തിനും അല്ലാതെയുള്ള ക്ഷീണം മാറാനും യൂഷം സഹായിക്കുന്നു .ഇത് ശരീരബലവും ലൈംഗീക ശക്തിയും വർധിപ്പിക്കുന്നതുമാണ് .
മുഖകാന്തി വർധിപ്പിക്കാൻ ചെറുപയർ പൊടി : തൊലി കളഞ്ഞ ചെറുപയർപ്പൊടി വെള്ളത്തിൽ ചാലിച്ച് മുഖത്തു പുരട്ടി ഇത് ഉണങ്ങുമ്പോൾ കഴുകി കളയുക .ഇത് ചർമ്മത്തിലെ അഴുക്ക്, എണ്ണമയം, മൃതകോശങ്ങൾ എന്നിവ നീക്കം ചെയ്യുന്നു.ഇത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.ഇതിന്റെ പതിവായ ഉപയോഗമൂലം ചർമ്മത്തിലെ കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ ഇല്ലാതാക്കി ചർമ്മത്തിന് കൂടുതൽ നിറം കിട്ടാൻ സഹായിക്കുന്നു .
അര ടീസ്പൂൺ വീതം ചെറുപയർപ്പൊടി ,മഞ്ഞൾപ്പൊടി എന്നിവ ഒരു ടീസ്പൂൺ വീതം ചെറുനാരങ്ങാ നീര് ,പശുവിൻ പാൽ എന്നിവയിൽ കലർത്തി ഒരു നുള്ള് കല്ലുപ്പും ചേർത്ത് നന്നായി യോചിപ്പിച്ച് മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കടലപ്പൊടി ഉപയോഗിച്ച് ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകുക .ഇത് ദിവസത്തിൽ ഒന്നോ രണ്ടോ തവണ ആവർത്തിക്കാം .ഇത് മുഖത്തിന് നല്ല നിറവും തിളക്കവും കിട്ടാൻ സഹായിക്കുന്നു .15 ദിവസം കൊണ്ടുതന്നെ ഫലം കണ്ടു തുടങ്ങും .
ശെരിയായ ദഹനത്തിന് വേവിച്ച ചെറുപയർ : തൊലിയോടു കൂടിയ ചെറുപയർ മോരിൽ വേവിച്ചു ആവിശ്യത്തിന് ഉപ്പ് ,കുരുമുളക് പൊടി ,ചുക്കുപൊടി എന്നിവ ചേർത്ത് വൈകുന്നേരം കഴിക്കുന്നത് ദഹനശേഷി വർധിപ്പിക്കുന്നതിനും മലവിസർജ്ജനം സുഖമമാക്കുന്നതിനും സഹായിക്കുന്നു .ഇത് കുടലിനെ ശക്തിപ്പെടുത്തുന്നു .ആയുർവേദത്തിലും ആധുനിക പോഷകാഹാര ശാസ്ത്രത്തിലും ചെറുപയറിന് വലിയ പ്രാധാന്യം നൽകുന്നുണ്ട് .മറ്റ് കട്ടിയുള്ള പയറുവർഗ്ഗങ്ങളെപ്പോലെ ദഹനപ്രക്രിയയെ താറുമാറാക്കാതെ തന്നെ ശരീരത്തിന് ബലം നൽകാൻ ഇതിന് കഴിയുന്നു . .മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു.കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു.ഇത് ദഹനം എളുപ്പമാക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും പോഷണവും നൽകുന്നു.
ALSO READ : പൈൽസിന് പ്രതിവിധി, പോഷകങ്ങളുടെ കലവറ! ചേനയുടെ അത്ഭുത ഗുണങ്ങൾ.
താരൻ കളയാൻ ചെറുപയർ പൊടി : ചെറുപയർ പൊടിയും തൈരും നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി തലയിൽ നന്നായി തേച്ചു പിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകി കളയാം .ഇപ്രകാരം ആഴ്ച്ചയിൽ 3 പ്രാവിശ്യം വീതം ചെയ്താൽ തലയിലെ താരൻ വിട്ടുമാറാൻ സഹായിക്കുന്നു .പ്രത്യേകിച്ചു തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട് .ഇത് താരൻ ഉണ്ടാക്കുന്ന ഫംഗസിനെ ചെറുക്കാൻ സഹായിക്കുന്നു .ചെറുപയർ പൊടി തലയിൽ പതിവായി തേച്ചു കുളിക്കുന്നത് അകാല നര ഒഴിവാക്കാൻ നല്ലതാണ് .
കുട്ടികളുടെ ഓർമ്മശക്തി വർധിപ്പിക്കാൻ ചെറുപയർ : ചെറുപയർ വറുത്തു പൊടിച്ച് ശർക്കരയോ പഞ്ചസാരയോ ചേർത്ത് കുട്ടികൾക്ക് പതിവായി കൊടുത്താൽ അവരുടെ ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു .പ്രോട്ടീനുകളും ആവശ്യ അമിനോ ആസിഡുകളും ചെറുപയറിൽ ധാരാളമായി അടങ്ങിയിരിക്കുന്നു .ഇത് തലച്ചോറിൻ്റെ ആരോഗ്യകരമായ വികാസത്തിന് സഹായിക്കുന്നു.

