അടുക്കളയിലെ ഡോക്ടർ: നമ്മുടെ കടുക് എത്ര വലിയ ഔഷധമാണെന്ന് അറിയാമോ?

അടുക്കളയിൽ ഉപയോഗിക്കുന്ന പലവ്യഞ്ജനങ്ങളിൽ ഒന്നാണ് കടുക് .ഇത് കറികൾക്ക് രുചി കൂട്ടുന്നതിനും അച്ചാറുപോലെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും കടുക് ഉപയോഗിക്കുന്നു .കടുകിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണയാണ് കടുകെണ്ണ .ആയുർവേദത്തിൽ സന്ധിവാതം ,ജലദോഷം ,മൂക്കിലെ ദശവളർച്ച ,ടോൺസിലൈറ്റിസ് ,തലവേദന മുതലായവയുടെ ചികിത്സയിൽ കടുക് ഔഷധമായി ഉപയോഗിക്കുന്നു .സംസ്‌കൃതത്തിൽ സർഷപ ,രാജിഗ ,സിദ്ധാർത്ഥ തുടങ്ങിയ പേരുകളിൽ കടുക് അറിയപ്പെടുന്നു .

കടുക് ഇനങ്ങൾ .

കരിങ്കടുക് ,ചെങ്കടുക് ,മഞ്ഞക്കടുക് അഥവാ വെള്ളക്കടുക്  എന്നിങ്ങനെ കടുക് മൂന്നിനങ്ങളുണ്ട് .ഇവയിൽ എണ്ണയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് കരിങ്കടുകും ,ചെങ്കടുകുമാണ്,ഔഷധ നിര്മ്മാണത്തിന് കൂടുതലും ഉപയോഗിക്കുന്നത് ചെങ്കടുകുമാണ് .

സിദ്ധാർത്ഥ (വെള്ള -മഞ്ഞ ): Sinapis alba .

രാജിഗ (കരിങ്കടുക് ): Brassica nigra .

സർഷപ (Indian Mustard - ചെങ്കടുക്  ) : Brassica juncea .

Family : Brassicaceae (Mustard family) .

Brassica juncea plant with green mustard leaves in sunlight ,കടുക് ഇല സസ്യം — പച്ച നിറമുള്ള Brassica juncea ചെടി ,Mustard greens growing naturally in a home garden ,Brassica juncea leaves close-up showing texture and color ,Fresh mustard leaves used for cooking and herbal medicine


വിതരണം .

ഇന്ത്യയിൽ  രാജസ്ഥാൻ, മധ്യപ്രദേശ് ,ഉത്തർപ്രദേശ് ,ഹരിയാണ ,പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ കടുക് കൃഷി ചെയ്യുന്നു .ഇന്ത്യയിലെ മൊത്തം കടുക് ഉത്പാദനത്തിൻ്റെ ഏകദേശം 45% മുതൽ 49% വരെ സംഭാവന ചെയ്യുന്നത് രാജസ്ഥാനാണ്.

സസ്യവിവരണം .

ഒരു ഏകവർഷി സസ്യമാണ് കടുക് .ഏകദേശം 1 .25 മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് .ഇവയുടെ ഇലകൾ പല ആകൃതിയിൽ കാണപ്പെടുന്നു .മുകൾ ഭാഗത്തെ ഇലകൾ ചെറുതും അടിഭാഗത്തെ ഇലകൾ വലിപ്പമുള്ളതുമാണ് .ഇവയുടെ പൂക്കൾക്ക് മഞ്ഞനിറമാണ് .പൂക്കൾ കുലകളായി ഉണ്ടാകുന്നു .മാർച്ച് -മെയ് മാസങ്ങളിലാണ് ഇവ പൂക്കുന്നതും കായ്ക്കുന്നതും .ഇവയുടെ ഫലത്തിൽ 3 -10 വിത്തുകൾ വരെ കാണും .

കടുക് ഉപയോഗങ്ങൾ .

വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു പ്രധാന വിഭവമാണ് കടുക് . പാചകം, ആയുർവേദ ചികിത്സ, സൗന്ദര്യ സംരക്ഷണം എന്നിവയ്ക്ക് കടുക് ഉപയോഗിക്കുന്നു .

പാചക ആവശ്യങ്ങൾ : ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിൽ കടുക് ഒരു പ്രധാന പങ്കുവഹിക്കുന്നു.കടുക്  എണ്ണയിലോ നെയ്യിലോ വറുത്ത് കറികളിൽ ചേർക്കുന്നത് ഇന്ത്യൻ പാചകത്തിലെ ഒരു പ്രധാന രീതിയാണ്. സാമ്പാർ, അവിയൽ ,തോരൻ  തുടങ്ങിയ വിവിധ വിഭവങ്ങൾക്ക് ഇത് രുചി നൽകുന്നു.അച്ചാറുകൾ, പലതരം മസാലപ്പൊടികൾ എന്നിവയിലും കടുക് ഒരു പ്രധാന ചേരുവയാണ് .

കടുക് എണ്ണ (Mustard Oil) : കേരളത്തിൽ പാചകം ചെയ്യാൻ വെളിച്ചെണ്ണ ഉപയോഗിക്കുന്ന പോലെ വടക്കേ ഇന്ത്യയിലെയും കിഴക്കൻ ഇന്ത്യയിലെയും പല സംസ്ഥാനങ്ങളിലും പാചകത്തിനായി കടുകെണ്ണ വ്യാപകമായി ഉപയോഗിക്കുന്നു .

കടുക് ഇലകൾ (Mustard Greens): കടുക് ചെടിയുടെ ഇലകൾ പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്. ഇത് ചീരപോലെ ഇലക്കറിയായി ഉപയോഗിക്കുന്നു .പല കറികളിലും കടുകിന്റെ ഇല അരച്ചു ചേർക്കാറുണ്ട് .

കടുകിൽ അടങ്ങിയിട്ടുള്ള പ്രധാന രാസഘടകങ്ങൾ.

വിത്തിൽ 28% മുതൽ 42% വരെ എണ്ണ അടങ്ങിയിരിക്കുന്നു .കൂടാതെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ,പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ,എറുസിക് ആസിഡ് എന്നീ ഫാറ്റി ആസിഡുകളും .ഗ്ലൂക്കോസിനോലേറ്റുകൾ ,സിനിഗ്രിൻ ,സൈനാൽബിൻ ,ഐസോതയോസയനേറ്റുകൾ ,അലിൽ ഐസോതയോസയനേറ്റ് എന്നീ സൾഫർ അടങ്ങിയ സംയുക്തങ്ങളും .പ്രോട്ടീൻ ,ഫൈബർ ,വിറ്റാമിനുകൾ ,ധാതുക്കൾ എന്നീ പോഷക ഘടകങ്ങളും അടങ്ങിയിരിക്കുന്നു .

പ്രാദേശികനാമങ്ങൾ .

English name - Mustard ,Mustard Seed .

Malayalam name - Kadugu.

Tamil name - Kadugu.

Telugu name - Avalu ,Sanna avalu .

Kannada name - Sasive Saasuve .

Hindi name - Rai ,Sarson ,Banarasi Rai .

Marathi name - Mohari.

Bengali name Shorshe ,Sarsay,Rai.

Gujarati name - Rai.

Oriya name Sorisa ,Rai sorish .

ഔഷധയോഗ്യഭാഗങ്ങൾ .

വിത്ത് ,എണ്ണ .

രസാദിഗുണങ്ങൾ .

രസം -കടു .

ഗുണം തീഷ്‌ണം .

വീര്യം -ഉഷ്‌ണം .

വിപാകം -കടു .

Brassica juncea used in traditional medicine for its health benefits,കടുക് ഇലയുടെ ഔഷധഗുണങ്ങൾ കാണിക്കുന്ന പ്രകൃതിദത്ത ചിത്രം ,Herbal remedy made from Brassica juncea leaves ,Ayurvedic medicinal use of mustard greens (Brassica juncea)


കടുകിന്റെ ഔഷധഗുണങ്ങൾ .

വാതരോഗങ്ങൾ ,സന്ധിവാതം, വേദന , മസിൽ വേദന .നീര് എന്നിവ കുറയ്ക്കുന്നു .ചർമ്മ രോഗങ്ങൾ ,ചൊറിച്ചിൽ ,ചർമ്മത്തിലെ തടിപ്പുകൾ ,കുരു ,മുറിവുകൾ ,വ്രണങ്ങൾ  ,താരൻ എന്നിവയ്ക്കും നല്ലതാണ് .ദഹനശക്തി വർധിപ്പിക്കും .പനി ,ചുമ ,ജലദോഷം ,തൊണ്ടവേദന ,മൂക്കിലെ ദശ വളർച്ച എന്നിവയ്ക്കും നല്ലതാണ് .വിരശല്യം ഇല്ലാതാക്കും .വയറുവേദന ,തലവേദന ,ചെവി വേദന ,പല്ലുവേദന ,മാനസിക വൈകല്യങ്ങൾ ,കേൾവിക്കുറവ് ,പ്ലീഹ രോഗങ്ങൾ ,എന്നിവയ്ക്കും നല്ലതാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . കടുക് ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.

കടുക് അല്ലങ്കിൽ കടുകെണ്ണ ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

കൊട്ടംചുക്കാദി തൈലം (Kottamchukkadi Tailam) .

വാതരോഗങ്ങൾ ,സന്ധി വേദന ,നീർക്കെട്ട് ,കഴപ്പ് ,തരിപ്പ് ,പരിക്ക് ,ഉളുക്ക് എന്നിവയ്‌ക്കെല്ലാം കൊട്ടംചുക്കാദി തൈലം പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്നു .

കൊട്ടംചുക്കാദി ചൂർണ്ണം (Kottamchukkadi Churnam) .

വാത സംബന്ധമായ രോഗങ്ങൾ മൂലമുണ്ടാകുന്ന വേദന, നീര്, ,പിടിത്തം, ചുവപ്പ് , പേശീവലിവ് എന്നിവ കുറയ്ക്കാൻ പുറമെ പുരട്ടാനായി ഉപയോഗിക്കുന്ന ഒരു  ആയുർവേദ ഔഷധപ്പൊടിയാണ് കൊട്ടംചുക്കാദി ചൂർണ്ണം .

വജ്രക തൈലം ( Vajraka Tailam ) .

ഉണങ്ങാത്ത മുറിവുകൾ ,പഴുപ്പു നിറഞ്ഞതും അണുബാധയുള്ളതുമായ മുറിവുകൾ .കുരു ,ഫിസ്റ്റുല എന്നിവയുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു ഔഷധ എണ്ണയാണ് വജ്രക തൈലം .കൂടാതെ ചർമ്മരോഗങ്ങൾ ,വാതരോഗങ്ങൾ എന്നിവയുടെ ചികിത്സയിലും വജ്രക തൈലം ഉപയോഗിക്കുന്നു .

ക്ഷാര തൈലം (Kshara Thailam) .

ചെവിയിലുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് ക്ഷാര തൈലം .ചെവി വേദന ,ചെവി പഴുപ്പ് ,കേൾവിക്കുറവ് ,ചെവിയിലെ മൂളിച്ച ,ചെവി ചൊറിച്ചിൽ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു .കൂടാതെ ദന്തരോഗങ്ങളുടെ ചികിത്സയിലും ക്ഷാര തൈലം ഉപയോഗിക്കുന്നു .

പുളിലേഹം (Pulileham) .

പ്രധാനമായും പ്രസവാനന്തരമുള്ള പരിചരണത്തിന് ഉപയോഗിക്കുന്ന ഒരു ആയുർവേദ  ഔഷധമാണ് പുളിലേഹം .ഇതിനെ പുളിങ്കുഴമ്പ് എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, വേദനയുള്ള ആർത്തവം,ക്രമം തെറ്റിയ ആർത്തവം ,ദഹനക്കേട് , വയറുവേദന ,വയറ്റിലെ അസ്വസ്ഥതകൾ, മലബന്ധം എന്നിവയ്ക്കും പുളിലേഹം ഉപയോഗിക്കുന്നു .

കർപ്പാസാസ്ഥ്യാദി തൈലം (Karpasasthyadi Tailam) .

പ്രധാനമായും വാത സംബന്ധമായ നാഡീ-പേശീ രോഗങ്ങൾക്കും  വേദനകൾക്കും ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് കർപ്പാസാസ്ഥ്യാദി തൈലം .പക്ഷാഘാതം ,നാഡീ സംബന്ധമായ പ്രശ്നങ്ങൾ, മരവിപ്പ് , തരിപ്പ് ,മുഖത്തെ കോട്ടം (Facial Palsy ),പേശീ വേദന, സന്ധികളിലെ പിരിമുറുക്കം, ചലനശേഷി കുറയൽ ,ഫ്രോസൺ ഷോൾഡർ ,സെർവിക്കൽ സ്പോണ്ടിലോസിസ് ,ശരീരത്തിൽ വാത ദോഷം വർദ്ധിച്ചുണ്ടാകുന്ന വേദന, വരൾച്ച, തണുപ്പ്, പേശീക്ഷയം തുടങ്ങിയ എല്ലാ അവസ്ഥകളിലും കർപ്പാസാസ്ഥ്യാദി തൈലം പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്നു .

വലിയ ചിഞ്ചാദി തൈലം (Valiya Chinchadi Tailam).

പ്രധാനമായും വാതസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്കായി പുറമേ പുരട്ടാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് വലിയ ചിഞ്ചാദി തൈലം .സന്ധിവാതം ,പക്ഷാഘാതം ,ശരീരത്തിലെ വാതദോഷം വർദ്ധിച്ചുണ്ടാകുന്ന വേദന, ചലനശേഷി കുറവ് തുടങ്ങിയ മറ്റ് എല്ലാ വാത രോഗങ്ങളുടെ ചികിത്സയിലും ചിഞ്ചാദി തൈലം ഉപയോഗിക്കുന്നു .ചിഞ്ച എന്നാൽ പുളിയില എന്നാണ് അർത്ഥമാക്കുന്നത് .തൈലത്തിൻ്റെ പ്രധാന ചേരുവ ചിഞ്ച അഥവാ പുളിയിലയാണ് .

അയസ്കൃതി (Ayaskriti).

പ്രമേഹം ,അമിതവണ്ണം ,വിളർച്ച മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് അയസ്കൃതി .കൂടാതെ ദഹനക്കേട് ,വിശപ്പില്ലായ്‌മ ,ഗ്രഹണി ,മൂലക്കുരു ,ചർമ്മരോഗങ്ങൾ ,വെള്ളപ്പാണ് എന്നിവയുടെ ചികിത്സയിലും അയസ്കൃതി ഉപയോഗിക്കുന്നു ."അയസ്" എന്നാൽ ഇരുമ്പ് (Iron) എന്നാണർത്ഥം .ശുദ്ധി ചെയ്ത ലോഹഭസ്മവും ഈ ഔഷധത്തിൽ ഒരു ചേരുവയാണ് .

യോഗരാജ ഗുഗ്ഗുലു വടിക (Yogaraja Guggulu Vatika) .

പ്രധാനമായും സന്ധിരോഗങ്ങൾക്കും വാത സംബന്ധമായ അസുഖങ്ങൾക്കും ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ്.യോഗരാജ ഗുഗ്ഗുലു .സന്ധിവാതം , ആമവാതം തുടങ്ങിയ വാത സംബന്ധമായ  എല്ലാ രോഗങ്ങളിലും യോഗരാജ ഗുഗ്ഗുലു ഉപയോഗിച്ചു വരുന്നു .കൂടാതെ ദഹന പ്രശ്നങ്ങൾ ,ദഹനക്കേട് ,വിശപ്പില്ലായ്‌മ ,മലബന്ധം ,ചർമ്മരോഗങ്ങൾ ,വ്രണം തുടങ്ങിയവയുടെ ചികിത്സയിലും യോഗരാജ ഗുഗ്ഗുലു വടിക ഉപയോഗിക്കുന്നു .വടിക എന്നാൽ ഗുളിക എന്നാണ് അർത്ഥമാക്കുന്നത് .

യോഗരാജ ചൂർണം (Yogaraja Churnam) .

വാതസംബന്ധമായ രോഗങ്ങൾ ,സന്ധികളിലെ വേദന, നീർക്കെട്ട്, പിടുത്തം എന്നിവയ്ക്കും .ദഹനപ്രശ്ങ്ങൾ ,ദഹനക്കേട് ,വിശപ്പില്ലായ്‌മ ,മലബന്ധം ,പൈൽസ് ,ഫിസ്റ്റുല ,ചർമ്മരോഗങ്ങൾ ,ഉണങ്ങാത്ത വ്രണങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധപ്പൊടിയാണ് യോഗരാജ ചൂർണം .

പ്രഭഞ്ജനവിമർദ്ദനം കുഴമ്പ് (Prabhanjanavimarddanam Kuzhampu) .

പ്രധാനമായും വാത രോഗങ്ങളുടെ ചികിത്സയിൽ  പുറമേ പുരട്ടാനായി ഉപയോഗിക്കുന്ന ഒരു ഔഷധ എണ്ണയാണ്.പ്രഭഞ്ജനവിമർദ്ദനം കുഴമ്പ് .സന്ധിവാതം ,നടുവേദന ,പക്ഷാഘാതം ,നാഡീ സംബന്ധമായ വേദനകൾ ,മരവിപ്പ് , പേശികളുടെ ബലക്കുറവ്, ചലനശേഷി കുറയുന്ന അവസ്ഥകൾ, ബെൽസ് പാൾസി (മുഖ പക്ഷാഘാതം) തുടങ്ങിയവയുടെ ചികിത്സയിൽ പ്രഭഞ്ജനവിമർദ്ദനം കുഴമ്പ് ഉപയോഗിക്കുന്നു .

സർഷപാദി ചൂർണം (Sarshapadi Churnam) .

ചൊറി ,ചൊറിച്ചിൽ ,ചിരങ്ങ് ,കരപ്പൻ മുതലായ ത്വക്ക് രോഗങ്ങളുടെ ചികിത്സയിലും കഴലവീക്കം,മന്ത് രോഗം , സന്ധിവാതം, പേശീവലിവ്, സന്ധികളിലെ മറ്റ് വീക്കങ്ങൾ മുതലായവയുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധപ്പൊടിയാണ് സർഷപാദി ചൂർണം .സർഷപ എന്നാൽ കടുക് എന്നാണ് അർത്ഥമാക്കുന്നത് .

കടുകു കൊണ്ടുള്ള ചില വീട്ടുവൈദ്യങ്ങൾ .

വിട്ടുമാറാത്ത ചുമ ,മൂക്കൊലിപ്പ് എന്നിവയ്ക്ക് കടുക് : കടുക് ഒരു പാത്രത്തിൽ ചൂടാക്കി പൊടിച്ചു ഒന്നോ രണ്ടോ നുള്ള് വീതം ഒരു ടീസ്പൂൺ തേനിൽ ചേർത്ത് ദിവസവും കഴിക്കുന്നത് ചുമ ,മൂക്കൊലിപ്പ്, കഫക്കെട്ട് എന്നിവ മാറാൻ സഹായിക്കുന്നു .

നെഞ്ചിലെ കഫക്കെട്ടിന് കടുക് : കടുക് നന്നായി പൊടിച്ച് വെള്ളത്തിൽ ചാലിച്ച് തുണിയിൽ പുരട്ടി നെഞ്ചിന്റെ മധ്യഭാഗത്തായി കുറച്ചു സമയം വയ്ക്കുന്നത് കടുകിന്റെ എരിവും ചൂടും കാരണം കഫം ഇളകി പോകുവാൻ സഹായിക്കുന്നു .കടുക് ചർമ്മത്തിൽ ചൂടുണ്ടാക്കുകയും ചിലപ്പോൾ പൊള്ളലോ ചുവന്ന പാടുകളോ ഉണ്ടാക്കുകയും ചെയ്യാം.അതിനാൽ നേരിട്ട് പുരട്ടുന്നത് ഒഴിവാക്കണം .കുട്ടികളിൽ ഇത് ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം .

കുട്ടികളിലെ വിട്ടുമാറാത്ത ജലദോഷത്തിന് കടുക് : കടുക് ,കുരുമുളക് എന്നിവ സമമായി പൊടിച്ച് ഒരു തുണിയിൽ കിഴികെട്ടി കുട്ടികളുടെ തലയുടെ മധ്യഭാഗത്തായി അര മണിക്കൂർ സമയത്തേക്ക് വയ്ക്കുന്നത് തൊണ്ടവേദന ,വിട്ടുമാറാത്ത ജലദോഷം ,മൂക്കൊലിപ്പ് ,ചുമ എന്നിവ മാറാൻ സഹായിക്കുന്നു .

സന്ധിവേദനയ്ക്കും പേശിവേദനയ്ക്കും കടുക് :  കടുക് ,വെളുത്തുള്ളി ,ഗ്രാമ്പു എന്നിവ തുല്യ അളവിൽ അരച്ചു പുരട്ടുന്നത് ,സന്ധിവേദന ,പേശിവേദന ,വീക്കം എന്നിവ മാറാൻ നല്ലതാണ് .ഇത് പുരട്ടുന്നത് ചതവ് മൂലമുണ്ടാകുന്ന മുറിവിനും നീരിനും നല്ലതാണ് .കടുകെണ്ണ ഒരു നുള്ള് ഇന്തുപ്പും ചേർത്ത് ചൂടാക്കി ചെറിയ ചൂടോടെ സന്ധികളിൽ പുരട്ടുന്നത് സന്ധിവാതം മൂലമുള്ള വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു .

ടോൺസിലൈറ്റിസിന് കടുക് : ഒരു ടീസ്പൂൺ കടുക് ചെറുനാരങ്ങാ നീരിൽ അരച്ച് തൊണ്ടയുടെ പുറത്ത് ബാഹ്യമായി പുരട്ടുന്നത് ടോൺസിലൈറ്റിസ് മൂലമുള്ള വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു .ഇപ്രകാരം രണ്ടോ മൂന്നോ ദിവസം ആവർത്തിക്കണം .ഇത് തലയിൽ പുരട്ടുന്നത് തലയിലെ താരൻ പോകാൻ സഹായിക്കുന്നു .കടുകിന് ചൂടും എരിച്ചിലും കൂടുതലാണ് .ഇത് ചർമ്മത്തിൽ  ചൊറിച്ചിൽ, അല്ലെങ്കിൽ പുകച്ചിൽ  എന്നിവ ഉണ്ടാക്കാൻ സാധ്യതയുണ്ട്..അതിനാൽ അത്തരത്തിൽ എന്തെങ്കിലും അനുഭവപ്പെട്ടാൽ ഉടൻ കഴുകി കളയണം .

ALSO READ : പൈൽസിന് പ്രതിവിധി, പോഷകങ്ങളുടെ കലവറ! ചേനയുടെ അത്ഭുത ഗുണങ്ങൾ.

തലവേദനയ്ക്കും പല്ലുവേദനയ്ക്കും കടുക് : കടുക് വെള്ളം ചേർത്ത് നന്നായി അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദനയ്ക്ക് ആശ്വാസം കിട്ടും .ഈ പേസ്റ്റ് വേദനയുള്ള ഭാഗത്ത് മോണയിൽ പുരട്ടിയാൽ പല്ലുവേദനയ്‌ക്ക്‌ ആശ്വാസം കിട്ടും .വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന നീരും വേദനയും മാറുന്നതിന് കടുക് അരച്ചു പുരട്ടുന്നത് നല്ലതാണ് .

മുറിവുകൾക്കും വ്രണങ്ങൾക്കും കടുക് : കടുക് വറത്തു പൊടിച്ച് എള്ളെണ്ണയിൽ ചാലിച്ചു പുരട്ടിയാൽ വ്രണങ്ങളും മുറിവുകളും പെട്ടന്ന് ഉണങ്ങാൻ സഹായിക്കുന്നു .

മൂക്കിലെ ദശവളർച്ചയ്‌ക്ക്‌ കടുകെണ്ണ : 25 മില്ലി കടുകെണ്ണയിൽ രണ്ടു നുള്ള് ഉപ്പും ചേർത്ത് ചൂടാക്കി അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം .ഈ എണ്ണ 2 തുള്ളി വീതം ദിവസവും മൂക്കിൽ ഇറ്റിക്കുന്നത് മൂക്കിലെ ദശവളർച്ച മാറാൻ നല്ലതാണ് .ഈ എണ്ണ മലദ്വാരത്തിന് ചുറ്റും പുരട്ടുന്നത് പൈൽസ് മൂലമുള്ള വീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു .

ചർമ്മ രോഗങ്ങൾക്കും ചൊറിച്ചിലിനും കടുകെണ്ണ :കടുകെണ്ണയിൽ അൽപം മഞ്ഞൾപ്പൊടിയും ചേർത്ത് ചൂടാക്കി പുറമെ പുരട്ടുന്നത് ചൊറിച്ചിൽ ,തിണർപ്പ് ,കുരു എന്നിവ മാറാൻ സഹായിക്കുന്നു .പുരട്ടുന്നതിനു മുമ്പ് അലർജിയില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ് .

ചെവി വേദനയ്ക്ക് കടുകെണ്ണ : കടുകെണ്ണ, വെളുത്തുള്ളി, മഞ്ഞൾ എന്നിവ ചേർത്ത് കാച്ചിയ വെളിച്ചെണ്ണ തണുത്തതിനു ശേഷം അരിച്ചെടുത്ത് ഒന്നോ രണ്ടോ തുള്ളി വീതം ചെവിയിൽ ഒഴിക്കുന്നത് ചെവി വേദന മാറാൻ സഹായിക്കുന്നു .

ശരീരം മസാജ് ചെയ്യാൻ കടുകെണ്ണ : തണുപ്പു കാലത്ത് കടുകെണ്ണ ശരീരത്തിൽ പുരട്ടി കുളിക്കുന്നത്  ശരീരത്തിന് ചൂട് നൽകാനും രക്തയോട്ടം കൂട്ടാനും ചർമ്മം വരളുന്നത് തടയാനും സഹായിക്കുന്നു.

തലയ്ക്ക് അനുഭവപ്പെടുന്ന ഭാരം ഇല്ലാതാക്കാൻ കടുക് : കടുക് അരച്ച് കാൽവെള്ളയിൽ പുരട്ടിയാൽ തലയ്ക്ക് അനുഭവപ്പെടുന്ന ഭാരം മാറിക്കിട്ടും .

ശരീരത്തിലുണ്ടാകുന്ന പരുവിനും കുരുവിനും കടുകില : കടുകിന്റെ ഇല കുറച്ച് മഞ്ഞളും ഇഞ്ചിയും ചേർത്ത് അരച്ച് പരുവിന്റെ മുകളിൽ പുരട്ടിയാൽ പരു വേഗം പഴുത്തു പൊട്ടി സുഖം പ്രാവിക്കും . 

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം - ആറാട്ടായ് .

Previous Post Next Post