ഒരു ഔഷധസസ്യമാണ് മുരിങ്ങ .കൂടാതെ ഭക്ഷണത്തിന്റെ ഭാഗമായും മുരിങ്ങ കാലങ്ങളായി ഉപയോഗിക്കുന്നു .മുരിങ്ങയുടെ ഇല ,കായ എന്നിവ തോരനും കറിക്കും ഉപയോഗിക്കുന്നു .ആയുർവേദത്തിൽ വാതരോഗങ്ങൾ ,നീര് ,വേദന ,വ്രണം ,ആർത്തവ പ്രശ്നങ്ങൾ മുതലായവയുടെ ചികിത്സയിൽ മുരിങ്ങ ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ഡ്രംസ്റ്റിക്ക് ട്രീ എന്നും സംസ്‌കൃതത്തിൽ ശിഗ്രു എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ ശിഗ്രജം ,മോചക ,അക്ഷിവ തുടങ്ങിയ സംസ്‌കൃത നാമങ്ങളും ഈ സസ്യത്തിനുണ്ട് .
Botanical name : Moringa oleifera .
Family : Moringaceae (Drumstick family).
Synonyms : Moringa zeylanica .
വിതരണം .
ഇന്ത്യയിലുടനീളം മുരിങ്ങ കാണപ്പെടുന്നു .
സസ്യവിവരണം .
ശരാശരി 8 മീറ്റർ ഉയരത്തിൽ വരെ ശാഖോപശാഖകളായി വളരുന്ന ചെറിയ വൃക്ഷം .കാണ്ഡം ബലമില്ലാത്തതാണ് .തൊലിക്ക് പച്ചകലർന്ന ചാരനിറം .പൂക്കൾ വെളുത്ത നിറത്തിലും കുലകളായി ഉണ്ടാകുകയും ചെയ്യുന്നു .
ആയുർവേദ ഗ്രന്ഥങ്ങളിൽ പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി വെളുപ്പ് ,മഞ്ഞ ,നീല ,ചുവപ്പ് എന്നിങ്ങനെ നാലിനം മുരിങ്ങകളെപ്പറ്റി പറയുന്നുണ്ട് .ഇതിൽ വെളുപ്പും മഞ്ഞയുമാണ് സാധാരണ കാണപ്പെടുന്നത് .
രാസഘടന .
മുരിങ്ങയുടെ തൊലിയിൽ മൊരിൻജിനിൻ ,മൊരിൻജിൻ എന്നീ ആൽക്കലോയിഡും ഒരു ബാഷ്പശീലതൈലവും അടങ്ങിയിരിക്കുന്നു .ഇലയിൽ കരോട്ടിൻ, തയാമിൻ , റൈബോഫ്ലേവിൻ ,നിയാസിൻ ,വിറ്റാമിൻ സി ,കാൽസ്യം ,കലോറികൾ ,കാർബോഹൈഡ്രേറ്റ്സ് ,സിങ്ക് ,പ്രോട്ടീൻ ,പൊട്ടാസ്യം ,ഫോസ്ഫറസ് ,മഗ്നീഷ്യം ,ഇരുമ്പ് ,ഫൈബർ ,കൊഴുപ്പ് ,ചെമ്പ് എന്നീ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
English name – Drumstick, Moringa .
Malayalam name – Muringa .
Tamil name – Munagai .
Kannada name – Nugge mara, Nugge kayi .
Hindi name – Shigru, Sahijjan, Munaga .
Marathi name – Shevga .
Punjabi name – Surjana .
Gujarati name – Saragyo .
Oriya name – Sujuna .
ഔഷധയോഗ്യഭാഗങ്ങൾ .
വേര് ,തൊലി ,ഇല ,കായ ,പൂവ് .
രസാദിഗുണങ്ങൾ .
രസം -കടു ,കഷായം ,തിക്തം .
ഗുണം -ലഘു ,രൂക്ഷം ,തീഷ്‌ണം ,സരം .
വിപാകം -കടു .
മുരിങ്ങയുടെ ഔഷധഗുണങ്ങൾ .
രുചിയും ദഹനശക്തിയും വർധിപ്പിക്കും .രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു .വാതരോഗങ്ങൾ ,നീര് ,വേദന എന്നിവയ്ക്കും നല്ലതാണ് .ശരീരത്തിലെ കൊഴുപ്പും പൊണ്ണത്തടിയും കുറയ്ക്കാൻ സഹായിക്കുന്നു .വയറിളക്കം ,വയറുവേദന ,വയറു വീർപ്പ് ,വയറ്റിലെ മുഴ എന്നിവയ്ക്കും നല്ലതാണ് .പുരുഷ ബീജങ്ങളുടെ എണ്ണം വർധിപ്പിക്കും .ഹൃദ്രോഗത്തിനും കരൾ പ്ലീഹ രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും നല്ലതാണ് .കണ്ണിന്റെ കാഴ്ച്ചശക്തി വർധിപ്പിക്കും .
രക്തം ശുദ്ധീകരിക്കും .ചർമ്മ രോഗങ്ങൾ,മുഖക്കുരു എന്നിവയ്ക്കും നല്ലതാണ് .കൃമിശല്യം ഇല്ലാതാക്കും .മുറിവുകൾ ,വ്രണം ,ചതവ് എന്നിവയ്ക്കും നല്ലതാണ് .വിഷശമന ശക്തിയുണ്ട് .പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് ,ആസ്മ ,ബ്രോങ്കൈറ്റിസ്, തലവേദന എന്നിവയ്ക്കും നല്ലതാണ് .മൂത്രം വർധിപ്പിക്കും ,മൂത്രത്തിൽ കല്ലിനും നല്ലതാണ് .ആർത്തവപ്രശ്നങ്ങൾ ,അമിത ആർത്തവം ,ആർത്തവ വേദന എന്നിവയ്ക്കും നല്ലതാണ് .അപസ്‌മാരം ,ഉന്മാദം എന്നിവയ്ക്കും നല്ലതാണ് .തൊലി ഗർഭച്ഛിദ്രം ഉണ്ടാക്കും .മൂലക്കുരു ,മഞ്ഞപ്പിത്തം എന്നിവയ്ക്കും നല്ലതാണ് .ഗ്രന്ഥി വീക്കത്തിനും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .മുരിങ്ങ ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ് .
മുരിങ്ങ ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
മുറിവെണ്ണ - Murivenna.
മുറിവ് ,വ്രണങ്ങൾ ,പൊള്ളൽ .ഒടിവ് ,ചതവ് ,ഉളുക്ക് ,വേദന എന്നിവയ്‌ക്കെല്ലാം മുറിവെണ്ണ സാധാരണയായി ഉപയോഗിക്കുന്നു .വാതസംബന്ധമായ രോഗങ്ങൾ .അസ്ഥികളുടെ തേയ്‌മാനം തുടങ്ങിയ അവസ്ഥകളിൽ ഇത് ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .
നിംബഹരിദ്രാദി ചൂർണം -Nimbaharidradi Churnam.
ചൊറി ,ചൊറിച്ചിൽ ,എക്സിമ ,അലർജി ത്വക്ക് രോഗങ്ങൾ ,മുഖക്കുരു മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ആയുർവേദ മരുന്നാണ് നിംബഹരിദ്രാദി ചൂർണം.
യഷ്‌ടീമധുകാദി കേര തൈലം - Yashtimadhukadi Kera Tailam .
ചൊറി ,ചൊറിച്ചിൽ ,കരപ്പൻ മുതലായവയുടെ ചികിത്സയിൽ പുറമെ പുരട്ടുന്നതിനുള്ള ഒരു തൈലമാണ് യഷ്‌ടീമധുകാദി കേര തൈലം .
ചന്ദ്രശൂരാദി കഷായം - Chandrasuradi Kashayam .
പ്രധാനമായും വിരബാധയുടെ ചികിത്സയിൽ ചന്ദ്രശൂരാദി കഷായം ഉപയോഗിക്കുന്നു .
കൊട്ടംചുക്കാദി തൈലം - Kottamchukkadi Tailam .
തരിപ്പ് ,കഴപ്പ് ,കടച്ചിൽ ,നീര് ,വേദന തുടങ്ങിയ വാതസംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ കൊട്ടംചുക്കാദി തൈലം ഉപയോഗിച്ചു വരുന്നു .
ചിഞ്ചാദി തൈലം - Chinchadi Tailam .
നാഡി സംബന്ധമായ അവസ്ഥകളിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് ചിഞ്ചാദി തൈലം ,സന്ധിവാതം ,പക്ഷാഘാതം തുടങ്ങിയ വാതസംബന്ധമായ രോഗങ്ങളിലും ,പരുക്ക് ,ഉളുക്ക് ,വേദന എന്നിവയുടെ ചികിത്സയിലും ചിഞ്ചാദി തൈലം പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്നു .
സുദർശനാസവം - Sudarsanasavam.
എല്ലാത്തരം പനികളുടെയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചുമ ,ശരീരവേദന ,ശരീരക്ഷീണം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് സുദർശനാസവം.
സാരസ്വത ഘൃതം - Saraswataghritam .
കുട്ടികളിലെ സംസാരശേഷിക്കുറവ് ,ബുദ്ധിക്കുറവ് ,ഓർമ്മക്കുറവ് എന്നിവ പരിഹരിക്കുന്നതിന് ഒരു പൊതു ടോണിക്കായി സാരസ്വതഘൃതം ഉപയോഗിക്കുന്നു .
മിശ്രകസ്നേഹം -Misrakasneham.
മലബന്ധം ,വയറുവേദന ,ഹെർണിയ ,വൃഷണവീക്കം മുതലായവയുടെ ചികിത്സയിലും പഞ്ചകർമ്മ ചികിത്സയിലും മിശ്രകസ്നേഹം ഉപയോഗിച്ചു വരുന്നു .
നിർഗുണ്ഡ്യാദി കഷായം - Nirgundyadi Kashayam .
ദഹനസംബന്ധമായ രോഗങ്ങളുടെയും ശ്വാസകോശസംബന്ധമായ രോഗങ്ങളുടെയും ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് നിർഗുണ്ഡ്യാദി കഷായം .വയറുവേദന ,ദഹനക്കേട് ,വിശപ്പില്ലായ്‌മ ,മലബന്ധം ,വിട്ടുമാറാത്ത അലർജി ,തുമ്മൽ ,ജലദോഷം, ചുമ ,തലവേദന ,സൈനസൈറ്റിസ് എന്നിവയുടെ ചികിത്സയിലും .കുട്ടികളിലെയും മുതിർന്നവരിലെയും കൃമിശല്യം ഇല്ലാതാക്കുന്നതിനും നിർഗുണ്ഡ്യാദി കഷായം ഉപയോഗിച്ചു വരുന്നു .
ധനദനയനാദി കഷായം - Dhanadanayanadi kashayam .
മുഖ പക്ഷാഘാതം ,കോച്ചിപ്പിടുത്തം ,വിറയൽ തുടങ്ങിയ വാത സംബന്ധമായ അസുഖങ്ങൾ മൂലമുണ്ടാകുന്ന അവസ്ഥകളിൽ ധനദനയനാദി കഷായം ഉപയോഗിക്കുന്നു .
കാർപ്പാസാസ്ഥ്യാദി കുഴമ്പ് - Karpasasthyadi Kuzhampu .
തോൾ വേദന,കഴുത്ത് വേദന , മരവിപ്പ്, പക്ഷാഘാതം, മുഖം കോടൽ അഥവാ ഫേഷ്യൽ പാൾസി മുതലായവയ്ക്ക് കാർപ്പാസാസ്ഥ്യാദി കുഴമ്പ് ഉപയോഗിക്കുന്നു .പുറമെയുള്ള ഉപയോഗത്തിനാണ് ഇത് ഉപയോഗിക്കുന്നത് .
വരണാദി കഷായം - Varanadi Kashayam .
വായുകോപം ,ദഹനക്കേട് , തലവേദന ,സൈനസൈറ്റിസ്,മൈഗ്രെയ്ൻ ,അമിതവണ്ണം മുതലായവയുടെ ചികിൽത്സയിൽ വരണാദി കഷായം ഉപയോഗിച്ചു വരുന്നു .
ആരഗ്വധാദി കഷായം - Aragvadhadi Kashayam .
ചർമ്മരോഗങ്ങൾ ,ചൊറി ,ചൊറിച്ചിൽ ,വട്ടച്ചൊറി ,ഉണങ്ങാത്ത മുറിവുകൾ ,പനി ,ഛർദ്ദി ,പ്രമേഹം മുതലായവയുടെ ചികിത്സയിൽ ആരഗ്വധാദി കഷായം ഉപയോഗിച്ചു വരുന്നു .
മുരിങ്ങയുടെ ചില ഔഷധപ്രയോഗങ്ങൾ .
മുരിങ്ങയില ഉണക്കിപ്പൊടിച്ചത് 3 ടീസ്പൂൺ വീതം തേനിൽ കുഴച്ച് കഴിച്ചതിനു ശേഷം പുറമെ അരക്കപ്പ് വെള്ളം കുടിക്കുന്നത് പൊണ്ണത്തടി ഉയർന്ന കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കാൻ നല്ലതാണ് .പൊടി എള്ളെണ്ണയിൽ കുഴച്ച് ചെറു ചൂടുവെള്ളത്തോടൊപ്പം കഴിക്കുന്നത് വാതത്തിന്റെ ആധിക്യം മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് നല്ലതാണ് .പൊടി നെയ്യിൽ കുഴച്ച് ഇളം ചൂടുവെള്ളത്തോടൊപ്പം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ് .ഇത് അസിഡിറ്റിക്കും നല്ലതാണ്.മുരിങ്ങയിലപ്പൊടി കഷായം ഉണ്ടാക്കിയും ഉപയോഗിക്കാം .ഒരു സ്‌പൂൺ മുരിങ്ങപ്പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ചു സമയം തിളപ്പിച്ചു അരിച്ചെടുത്ത് തേൻ ,എള്ളെണ്ണ ,നെയ്യ് ഇവയിൽ ഏതെങ്കിലും മേമ്പൊടി ചേർത്ത് കഴിക്കാം .
മുരിങ്ങയുടെ വേരിന്റെ നീര് പാലും ചേർത്ത് കഴിക്കുന്നത് ദഹനക്കേട് ,മൂത്രത്തിൽ കല്ല് ,വാതരോഗങ്ങൾ ,ചുമ ,ആസ്മ ,കരൾ പ്ലീഹ രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം നല്ലതാണ് .രണ്ടോ മൂന്നോ സ്പൂൺ മുരിങ്ങയില നീരിൽ അത്രയും തന്നെ തേങ്ങാപ്പാൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ കുറച്ചു ദിവസം പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .
മുരിങ്ങക്കുരു അരച്ച് പാലിൽ ചേർത്ത് കിടക്കാൻ നേരം കഴിക്കുന്നത് പുരുഷന്മാരിലെ ശീഘ്രസ്കലനം മാറാൻ നല്ലതാണ് .മുരിങ്ങയില ഇട്ട് വെള്ളം തിളപ്പിച്ച് ദിവസവും ഒരു നേരം കഴിക്കുന്നത് കൊളസ്‌ട്രോൾ ,രക്തസമ്മർദം എന്നിവ കുറയ്ക്കുന്നതിനും ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും നല്ലതാണ് .
മുരിങ്ങയില തോരനുണ്ടാക്കി പതിവായി കഴിക്കുന്നത് കണ്ണിന്റെ കാഴ്ച്ചശക്തി വർധിപ്പിക്കാൻ നല്ലതാണ് .മുരിങ്ങയില ഇടിച്ചു പിഴിഞ്ഞ നീര് നന്നായി അരിച്ചു കണ്ണിലൊഴിക്കുന്നത് ചെങ്കണ്ണ് മാറാൻ നല്ലതാണ് .
ALSO READ : മൂവില ,ഹൃദ്രോഗത്തിനും മറ്റു നിരവധി രോഗങ്ങൾക്കും ഔഷധം .
മുരിങ്ങയില അരച്ചു പുരട്ടിയാൽ മുറിവുകൾ പെട്ടന്ന് ഉണങ്ങും .മുരിങ്ങയിലയും ഉപ്പും കുരുമുളകും ചേർത്ത് അരച്ചു കഴിച്ചാൽ വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ എന്നിവ മാറിക്കിട്ടും .
മുരിങ്ങയില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ പാൽ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് .മുരിങ്ങയില ഇട്ട് വെള്ളം തിളപ്പിച്ച് ദിവസവും കഴിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ് .മുഖക്കുരു ,ആർത്തവ വേദന എന്നിവയ്ക്കും നല്ലതാണ് .
മുരിങ്ങയില നീരും സമം ചെറുനാരങ്ങ നീരും ചേർത്ത് ദിവസവും കഴിക്കുന്നത് മൂലക്കുരുവിന് നല്ലതാണ് .മുരിങ്ങയില അരച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മാറിക്കിട്ടും .
മുരിങ്ങ കുരുവിൽ നിന്നും എടുക്കുന്ന തൈലം വാതരോഗങ്ങൾ മൂലമുണ്ടാകുന്ന വേദനയ്ക്ക് പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .മുരിങ്ങയിലയും ഉപ്പും ചേർത്ത് അരച്ചു പുരട്ടിയാൽ സന്ധികളിലെ നീരും വേദനയും മാറിക്കിട്ടും .
മുരിങ്ങയുടെ കുരു ,കടലാടി വിത്ത് എന്നിവ അരച്ച് അമരിയില ഇടിച്ചു പിഴിഞ്ഞ നീരും ചേർത്ത് കാച്ചിയ എണ്ണ മൂക്കിൽ നസ്യം ചെയ്താൽ എത്ര പഴകിയ തലവേദനയും മാറും .മുരിങ്ങക്കുരു വെള്ളത്തിൽ നന്നായി അരച്ച് മൂക്കിൽ നസ്യം ചെയ്താൽ കഫക്കെട്ട് മൂലമുണ്ടാകുന്ന തലവേദന മാറും .
മുരിങ്ങയുടെ വേര് അരച്ചു കഴിക്കുന്നത് അപസ്‌മാരത്തിനും ഇടവിട്ടുണ്ടാകുന്ന പനിക്കും നല്ലതാണ് .പ്രസവത്തിനു താമസം നേരിട്ടാൽ മുരിങ്ങയുടെ വേര് അരച്ച് യോനിയിൽ പുരട്ടിയാൽ ഉടനടി പ്രസവം നടക്കും എന്നു പറയപ്പെടുന്നു .മുരിങ്ങയുടെ വേര് അരച്ച് പുരട്ടിയാൽ മ്യഗങ്ങൾ കടിച്ചതു മൂലമുള്ള വിഷം ശമിക്കും .
മുരിങ്ങയുടെ തൊലിയുടെ നീര് ചെവിയിൽ ഒഴിച്ചാൽ ചെവിവേദനയ്‌ക്ക് ശമനമുണ്ടാകും .മോണയിൽ പുരട്ടിയാൽ പല്ലുവേദന മാറിക്കിട്ടും .മുരിങ്ങയുടെ തൊലിയും വെളുത്തുള്ളിയും ചേർത്ത് അരച്ച് വെള്ളത്തിൽ കലക്കി തളിച്ചാൽ പാമ്പുകളുടെ ശല്യം ഉണ്ടാകുകയില്ല .മുരിങ്ങയില കഷായമുണ്ടാക്കി ഇന്തുപ്പും കായവും ചേർത്ത് രാവിലെ കഴിക്കുന്നത് അപ്പന്റിസൈറ്റിസിനു നല്ലതാണ് .
മുരിങ്ങയില നീരിൽ തേൻ ചേർത്ത് കുറച്ചു ദിവസം പതിവായി കഴിച്ചാൽ കൊക്കോപ്പുഴു നശിക്കും .മുരിങ്ങ വേര് കഷായമുണ്ടാക്കി കഴിക്കുന്നത് മൂത്രത്തിൽ കല്ല് ,മൂത്ര തടസം ,കൃമിശല്യം ,ആർത്തവ വേദന എന്നിവയ്ക്ക് നല്ലതാണ് .