ആയുർവേദത്തിലെ വളരെ പ്രശസ്തമായ ഒരു ഔഷധമാണ് കൂശ്മാണ്ഡ രസായനം. ചുമ , ആസ്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിലും പ്രധിരോധ ശേഷി വർധിപ്പിക്കുന്നതിനും കൂശ്മാണ്ഡ രസായനം ഉപയോഗിക്കുന്നു .കൂശ്മാണ്ഡം എന്നാൽ കുമ്പളങ്ങ എന്നാണ് .
വള്ളിച്ചെടികളിൽ ഉണ്ടാകുന്ന ഫലങ്ങളിൽ ഏറ്റവും പോഷക സമ്പുഷ്ടമായ ഒരു ഫലമാണ് കുമ്പളങ്ങ എന്ന് ആയുർവേദ ആചാര്യന്മാർ പറയുന്നു .ഇതിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ജലാംശമാണ് .കൂടാതെ പ്രോട്ടീൻ ,കൊഴുപ്പ് ,കാർബോഹൈട്രേറ്റ് ,ധാതുലവണങ്ങൾ ,വിറ്റാമിനുകൾ എന്നിവയും അടങ്ങിയിരിക്കുന്നു .വളരെ രുചികരമായ ഒരു രസായനമാണ് കൂശ്മാണ്ഡ രസായനം.അതേപോലെ ഇത് തയാറാക്കാനും വളരെ എളുപ്പമാണ് .പണ്ടുകാലങ്ങളിൽ ഒട്ടുമിക്ക വീടുകളിലും കുമ്പളങ്ങ രസായനം ഉണ്ടാക്കിയിരുന്നു .
ച്യവനപ്രാശവുമായി ബന്ധമുള്ള ഒരു ഔഷധമാണ് കൂശ്മാണ്ഡ രസായനം.ഭൃഗുവിന്റെ പുത്രനായ ച്യവനമഹർഷിക്ക് അകാലത്തിൽ വാർദ്ധക്യം സംഭവിച്ചപ്പോൾ യൗവനം വീണ്ടെടുക്കാൻ അശ്വിനീ ദേവന്മാർ നിർദ്ദേശിച്ച രസായനൗഷധമാണ് ച്യവനപ്രാശം .ഇതേ അശ്വിനീ ദേവന്മാർ തന്നെയാണ് കൂശ്മാണ്ഡ രസായനവും തയാറാക്കിയത് .
കൂശ്മാണ്ഡ രസായനത്തിൽ ചേരുവയുള്ള ഔഷധങ്ങൾ .
1. കുമ്പളങ്ങ - Benincasa hispida - 4.8 kg .
2. തിപ്പലി - Piper longum- 96 g .
3. ചുക്ക് - Zingiber officinale - 96 g .
4. ജീരകം - Cuminum cyminum . 96 g .
5.കറുകപ്പട്ട - Cinnamomum zeylanicum 24 g .
6. ഏലത്തരി - Elettaria cardamomum 24 g .
7.പച്ചില - Cinnamomum tamala 24 g.
8. കുരുമുളക് - Piper nigrum 24 g .
9. മല്ലി - Coriandrum sativum- 24 g .
10. തേൻ - Honey 384 g .
11. നെയ്യ് - Ghee - 768 g.
12 .കൽക്കണ്ടം - Rock sugar -4.8 kg .
കുമ്പളങ്ങ രസായനം തയാറാക്കുന്ന വിധം .
മൂപ്പെത്തിയ കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞു കഷണങ്ങളാക്കി വാട്ടി പിഴിഞ്ഞ് നീരെടുക്കണം .നീരെടുത്ത ശേഷം കിട്ടുന്ന ഫലമജ്ജ നെയ്യിൽ ബ്രൗൺ നിറം (തേനിന്റെ നിറത്തിൽ വേണമെന്നാണ് പറഞ്ഞിരിക്കുന്നത് ) ആകുന്നതുവരെ വഴറ്റി അരച്ചെടുക്കുക .ശേഷം എടുത്തു വച്ചിരിക്കുന്ന കുമ്പളങ്ങാ നീരിൽ കൽക്കണ്ടം ചേർത്ത് ചൂടാക്കി പാവുപാകത്തിൽ ആകുമ്പോൾ അരച്ചു വച്ചിരിക്കുന്ന കുമ്പളങ്ങയും ചുക്ക് ,തിപ്പലി ,ജീരകം ,ഏലക്ക ,കറുകപ്പട്ട ,പച്ചില ,മല്ലി ,കുരുമുളക് എന്നിവയും നന്നായി പൊടിച്ചു ചേർത്ത് ബാക്കിയുള്ള നെയ്യും ചേർത്ത് ലേഹ്യ പരുവമാകുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി തണുത്തതിനു ശേഷം തേനും ചേർത്തിളക്കി കുപ്പിയിലാക്കി സൂക്ഷിക്കാം .
കൂശ്മാണ്ഡ രസായനത്തിന്റെ ഗുണങ്ങൾ .
ശ്വാസകോശ സംബന്ധമായ രോഗങ്ങളിലാണ് കൂശ്മാണ്ഡ രസായനം ആചാര്യന്മാർ നിർദേശിച്ചിരിക്കുന്നത് .ചുമ ,ആസ്മ ,അലർജി ,വലിവ് ,ക്ഷയം ,ഉരക്ഷതം, രക്തം ചുമച്ചു തുപ്പൽ .പനി ,എക്കിൾ എന്നിവയ്ക്ക് ഉത്തമമാണ് കൂശ്മാണ്ഡ രസായനം .കൂടാതെ രക്തസ്രാവ വൈകല്യങ്ങൾ ,രക്തപിത്തം ,മൂക്കിലൂടെയുള്ള രക്തസ്രാവം ,ആർത്തവകാലത്തെ അമിത രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .
രോഗപ്രതിരോധശേഷി വർധിപ്പിക്കും .ബുദ്ധിശക്തിയും ഓർമ്മശക്തിയും ധാരണശക്തിയും വർദ്ധിപ്പിയ്ക്കും .മാനസിക പിരിമുറുക്കം,ഉറക്കക്കുറവ് എന്നിവ പരിഹരിക്കും .ദഹനവും വിശപ്പും വർധിപ്പിക്കും .ക്ഷീണിതർക്കും മെലിഞ്ഞവർക്ക് ശരീരം പുഷ്ടിപ്പെടുത്താനും ആരോഗ്യപരിപാലനത്തിനും കൂശ്മാണ്ഡ രസായനം ഉപയോഗിക്കാം .പലവിധ രോഗങ്ങൾ വന്നു പോയതിനു ശേഷമുള്ള ശാരീരികാരോഗ്യം വീണ്ടെടുക്കാനും കൂശ്മാണ്ഡ രസായനം ഉപയോഗിക്കാം .
ഉപയോഗിക്കുന്ന രീതിയും അളവും .
മുതിർന്നവർക്ക് 5 ഗ്രാം മുതൽ 10 ഗ്രാം വരെയും . 5 വയസിനും 12 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 5 ഗ്രാം വീതവും . 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് 1 ഗ്രാം മുതൽ 2 ഗ്രാം വരെയും ദിവസത്തിൽ ഒന്നോ രണ്ടോ തവണ കഴിക്കാം .കഴിച്ച ശേഷം അരക്കപ്പ് ചെറു ചൂടുവെള്ളം അല്ലങ്കിൽ പാൽ പുറമെ കുടിക്കാൻ നിർദേശിച്ചിരിക്കുന്നു .ശരീരഭാരം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഒരു ടേബിൾ സ്പൂൺ വീതം ഒരു ടീസ്പൂൺ നെയ്യിൽ കലർത്തി കഴിച്ച ശേഷം പുറമെ അരക്കപ്പ് ചെറു ചൂടുവെള്ളം കുടിക്കാൻ നിർദേശിച്ചിരിക്കുന്നു .
പാർശ്വഫലങ്ങൾ .
മിതമായ അളവിൽ കഴിച്ചാൽ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല. എന്നിരുന്നാലും ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക . പ്രത്യേകിച്ചു പ്രമേഹ രോഗികൾ ഒരു ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കരുത് .
ഈ വെബ്‌സൈറ്റിൽ വിവരിക്കുന്ന കാര്യങ്ങൾ അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല . അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .