വാതരോഗങ്ങൾ ,നേത്രരോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,ആർത്തവപ്രശ്നങ്ങൾ ,വെള്ളപോക്ക് ,ലൈംഗീക ശേഷിക്കുറവ് ,മുലപ്പാൽ വർധന ,ശരീരപുഷ്ടി മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ആശാളി .സംസ്‌കൃതത്തിൽ ചന്ദ്രശൂര എന്നും ഇംഗ്ലീഷിൽ Common Cress എന്നും അറിയപ്പെടുന്നു .രോഗങ്ങളെ ഇല്ലാതാക്കി ചന്ദ്രനെ പോലെ കാന്തിയും ബലവും ആക്കുന്നത് എന്ന അർഥത്തിലാണ് ചന്ദ്രശൂര എന്ന പേരുകൊണ്ട് അർത്ഥമാക്കുന്നത് .ഇവ കൂടാതെ ചന്ദ്രിക ,വാസപുഷ്പ ,പശുമേഹനകാരികാ തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .
Botanical name : Lepidium sativum .
Family : Brassicaceae (Mustard family) .
വിതരണം .
ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ആശാളി ഒരു പച്ചക്കറിയായി കൃഷി ചെയ്യുന്നു .
സസ്യവിവരണം .
30 സെ.മി ഉയരത്തിൽ വളരുന്ന ഒരു ഔഷധസസ്യമാണ് ആശാളി . ഇവയുടെ തണ്ടുകൾ വളരെ നേർത്തതാണ് .ഇവയുടെ ഇലകൾക്ക് നല്ല മിനുസമുള്ളവയാണ് .ഇവയിൽ വെള്ളനിറത്തിലുള്ളതും മൂന്ന് ഇതളുകളോടുകൂടിയതുമായ വളരെ ചെറിയ പൂക്കൾ ഉണ്ടാകുന്നു . ജനുവരി - ഏപ്രിൽ മാസങ്ങളിൽ ഈ സസ്യത്തിൽ പൂവും കായും കാണപ്പെടുന്നു .ഇവയുടെ വിത്തുകൾ വളരെ ചെറുതും വെള്ളത്തിലിട്ടാൽ വഴുവഴുപ്പുള്ളതുമാണ് .ചുവപ്പ് കലർന്ന തവിട്ടുനിറമാണ് ഇവയുടെ വിത്തിന് .
പ്രാദേശിക നാമങ്ങൾ .
Common name : Garden Cress , Garden pepper cress , Pepper grass , pepperwort .
Malayalam name : Aasali .
Hindi name : Chansur, Halim .
Tamil name : Alivirai .
Marathi name : Aliv, Assalia .
Telugu name : Adavi vithulu .
Kannada name : Alavi beeja .
Bengali name : Halim Shak .
Gujarati name : Asheliyo .
Punjabi name : Halium .
Sanskrit name : Chandrashura.
രസാദി ഗുണങ്ങൾ :
രസം : കടു, തിക്തം
ഗുണം : ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം : ഉഷ്ണം
വിപാകം : കടു
ഔഷധയോഗ്യഭാഗം .
വിത്ത് .
ആശാളിയുടെ ഔഷധഗുണങ്ങൾ .
ആശാളി ഒരു പ്രസവരക്ഷൗധമാണ് .മുലപ്പാൽ വർധിപ്പിക്കും ,വാതരോഗങ്ങൾ ,ത്വക്ക് രോഗങ്ങൾ ,നേത്രരോഗങ്ങൾ എന്നിവ ശമിപ്പിക്കും .ദഹനശക്തി വർധിപ്പിക്കും ,ശരീരപുഷ്ടി ഉണ്ടാക്കും ,ആർത്തവം ക്രമപ്പെടുത്തും .ശുക്ലം വർധിപ്പിക്കും .ലൈംഗീക ശക്തി വർധിപ്പിക്കും .രക്തം ശുദ്ധീകരിക്കും .
ഇത് ബാക്ടീരിയകളെ പ്രതിരോധിക്കും ,വയറിളക്കം ,പ്ലീഹാ രോഗങ്ങൾ ,പുറം വേദന,വെള്ളപോക്ക് ,ബീജക്കുറവ് ,സ്കർവി രോഗം ,ആസ്മ ,ചുമ ,ശരീരക്ഷതം, അസ്ഥികളുടെ ഒടിവ് എന്നിവയ്ക്കും ആശാളി നല്ലതാണ് .എല്ലൊടിഞ്ഞാൽ ആശാളിയും ,മൂവിലയും ,ചങ്ങലം പരണ്ടയും എന്നൊരു നാടൻ ചൊല്ലുണ്ട് .ഇവയെല്ലാം കൂടി അരച്ച് വച്ചുകെട്ടിയാൽ അസ്ഥിയുടെ ഒടിവ് വേഗം സുഖപ്പെടും .
ആശാളി മൂത്രവും ,മലവും ഇളക്കും .സിഫിലിസ് എന്ന ലൈംഗീക രോഗത്തിനും ഈ രോഗവുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന മൂത്രവും ,മലവും പോകാനുള്ള മുദ്ധിമുട്ടിൽ ആശാളിയുടെ വേര് ഫലപ്രദമാണ്.
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
ആശാളി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
Asalyadi Gulika (ആശാളൃാദി ഗുളിക ).
വായുകോപം ,ഏമ്പക്കം ,ചുമ ,ആസ്മ ,ശ്വാസതടസ്സം ,കുട്ടികളിലെ പനി ,വാതരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് ആശാളൃാദി ഗുളിക.
Dhanwanthararishtam (ധന്വന്തരാരിഷ്ടം).
പ്രധാനമായും പ്രസവാനന്തര ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ധന്വന്തരാരിഷ്ടം.പ്രസവാനന്തരം സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുന്നതിന് ഈ ഔഷധം ഗുണകരമാണ് .മലബന്ധം ,ഹെർണിയ ,പൈൽസ് എന്നിവ ഇല്ലാതാക്കും .ദഹനവും പ്രതിരോധശേഷിയും വർധിപ്പിക്കും .ഗ്യാസ്ട്രബിളും വയറ്റിലെ മറ്റ് അശ്വസ്തതകളും മാറ്റും .വേദനയും വീക്കവും ശമിപ്പിക്കും .വാതരോഗങ്ങളുടെ ചികിൽത്സയിലും .ചിലതരം വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശരീര -പേശി വേദനകൾക്കും ഡോക്ടർമാർ ഈ ഔഷധം നിർദ്ദേശിക്കാറുണ്ട്.
ഗോപീചന്ദനാദി ഗുളിക (Gopeechandanadi Gulika)
കൊച്ചുകുട്ടികളുടെ പനി,ചുമ ,ജലദോഷം ,അപസ്‌മാരം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഗോപീചന്ദനാദി ഗുളിക.
നിർഗുണ്ഡ്യാദി ഗുളിക (Nirgundyadi Gulika).
ചുമ ,ആസ്മ ,ശ്വാസംമുട്ടൽ ,എക്കിൾ ,വയറുവേദന മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് നിർഗുണ്ഡ്യാദി ഗുളിക.
നിർഗുണ്ഡ്യാദി ഘൃതം (Nirgundyadi Ghritam).
ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് നിർഗുണ്ഡ്യാദി ഘൃതം.ഇവയ്ക്ക് പുറമെ അപസ്‌മാരം ,ഗ്രഹണി ,വിഷബാധ തുടങ്ങിയവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിച്ചു വരുന്നു .
വായുഗുളിക (Vayugulika).
ചുമ ,ജലദോഷം ,അലർജി ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിൽത്സയിലും .ദഹനക്കേട് ,വിശപ്പില്ലായ്‌മ ,വയറുവേദന , അപസ്‌മാരം ,എക്കിൾ എന്നിവയുടെ ചികിൽത്സയിലും വായുഗുളിക ഉപയോഗിച്ചു വരുന്നു.
മഹാധാന്വന്തരം ഗുളിക (Mahadhanwantaram gulika) .
വയറുവേദന ,ഗ്യാസ്ട്രബിൾ ,വാതവേദന ,നാഡി വൈകല്യങ്ങൾ എന്നിവയുടെ ചികിൽത്സയിൽ മഹാധാന്വന്തരം ഗുളിക ഉപയൊഗിക്കുന്നു .കൂടാതെ ഗർഭകാല പരിചരണത്തിനും ഈ ഔഷധം ഉപയോഗിക്കുന്നു . ഗർഭകാലത്തെ ഏതാനും മാസങ്ങൾ ഈ ഔഷധം ഉപയോഗിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നു .
ശ്വാസഹരലേഹം (Svasahara Leham).
ചുമ ,ആസ്മ ,ജലദോഷം ,ശ്വാസതടസ്സം മുതലായവയുടെ ചികിത്സയിൽ ശ്വാസഹരലേഹം ഉപയോഗിച്ചു വരുന്നു .
ചതുർബീജം .
ആശാളി,ഉലുവ, പെരുഞ്ജീരകം, അയമോധകം എന്നിവയെ ചതുർബീജം എന്ന് വിളിക്കുന്നു. ഈ കൂട്ട് ആമാശയവീക്കം , മലബന്ധം ,ഗ്യാസ്ട്രബിൾ ,പൊണ്ണത്തടി ,വയറിളക്കം എന്നിവയെ ഇല്ലാതാക്കും .മുലപ്പാൽ വർധിപ്പിക്കും .രോഗപ്രതിരോധശേഷി വർധിപ്പിക്കും .ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യവും തിളക്കവും വർധിപ്പിക്കും .ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പടുത്തും .ഈ പൊടി 2 ഗ്രാം വീതം മോരിൽ കലക്കി ദിവസം രണ്ടുനേരം കഴിച്ചാൽ വയറിളക്കം, വയറുകടി എന്നിവ മാറും .
ആശാളിയുടെ ചില ഔഷധപ്രയോഗങ്ങൾ .
ആശാളിയുടെ വിത്ത് വെള്ളത്തിൽ കുതിർത്ത് തേങ്ങാപ്പാലും ,നെയ്യും ,ശർക്കരയും ചേർത്ത് ലേഹ്യമുണ്ടാക്കി പ്രസവാനന്തരം സ്ത്രീകൾ കഴിച്ചാൽ ശരീരവേദനയും ക്ഷീണവും മാറുകയും ,മുലപ്പാൽ വർദ്ധിക്കുകയും ,ദഹനശക്തി വർദ്ധിക്കുകയും ചെയ്യും .ആശാളിയുടെ വിത്തും , ജീരകവും തുല്ല്യ അളവിൽ അരച്ച് നാരങ്ങാനീരിൽ ചാലിച്ച് പുറമെ പുരട്ടിയാൽ സന്ധിവാതം,ആമവാതം എന്നിവ കൊണ്ട് സന്ധികളിൽ ഉണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .ആശാളിയുടെ വിത്ത് അരച്ച് 3 ഗ്രാം വീതം പാലിൽ കലക്കി കഴിച്ചാൽ വാത വേദന ശമിക്കും .
ആശാളിയുടെ വിത്ത് അരച്ച് 3 ഗ്രാം വീതം ചൂടുവെള്ളത്തിൽ കലക്കി കഴിച്ചാൽ വയറുവേദന ,വയറ് പെരുപ്പ് , ഗുല്മം എന്നിവ ശമിക്കും .ആശാളിയുടെ വിത്ത് പൊടിച്ച് ശർക്കരയും നെയ്യും ചേർത്ത് കഴിച്ചാൽ ദഹനക്കേട് ,ഓക്കാനം തുടങ്ങിയവ മാറിക്കിട്ടും .ഒരു സ്പൂൺ ആശാളിയുടെ വിത്ത് അരച്ച് പാലിൽ കാച്ചി അല്പം പഞ്ചസാരയും ചേർത്ത് രാത്രിയിൽ ഭക്ഷണത്തിന് മുമ്പ് കുറച്ചുദിവസം പതിവായി കഴിച്ചാൽ മുലപ്പാൽ വർധിക്കും ..ഒരു സ്പൂൺ ആശാളി വിത്ത് ചൂടുവെള്ളത്തിൽ കുറച്ചുനേരം കുതിർത്ത് തണുത്തതിന് ശേഷം ദിവസം ഒരുനേരം വീതം പതിവായി കഴിച്ചാൽ ആമാശയവീക്കത്തിന് ശമനമുണ്ടാകും .
ഒരു സ്പൂൺ ആശാളി വിത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രിയിൽ കുതിർത്ത് വച്ച് രാവിലെ വെറുംവയറ്റിൽ പതിവായി കുടിച്ചാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും . പ്രധിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇങ്ങനെ കഴിക്കുന്നത് വളരെ നല്ലതാണ് .ആശാളി വിത്ത് 5 ഗ്രാം വീതം തേനിൽ അരച്ച് രാത്രിയിൽ കിടക്കാൻ നേരം പതിവായി കഴിച്ചാൽ പുരുഷന്മാരുടെ ലൈംഗീകശക്തി വർദ്ധിക്കും .ആശാളി ,കിരിയാത്ത് ,ജീരകം എന്നിവ സമമായി എടുത്ത് ജീരക കഷായത്തിൽ അരച്ച് വെരിക്കിൻ പുഴുവും ചേർത്ത് ഒരു കാപ്പിക്കുരു വലുപ്പത്തിൽ ഉരുട്ടിയെടുത്ത് നിഴലിൽ ഉണക്കി ഇതിൽ നിന്നും ഓരോ ഗുളിക വീതം ജീരക കഷായത്തിൽ കലക്കി കുടിച്ചാൽ വായുകോപവും അതുമൂലമുണ്ടാകുന്ന വിലക്കവും വീർപ്പുമുട്ടലും മാറിക്കിട്ടും .
ALSO READ : അരൂത അപസ്മാരത്തെ തടയുന്ന ഔഷധം .
ആശാളി നന്നായി പൊടിച്ച് ശർക്കരയിൽ ചേർത്ത് കഴിച്ചാൽ ദഹനശക്തി വർധിക്കുകയും നല്ല വിശപ്പുണ്ടാകുകയും ചെയ്യും .ആശാളി ശർക്കര വെള്ളത്തിൽ കുതിർത്ത് നന്നായി അരച്ച് വൈകുന്നേരം കഴിക്കുന്നത് വെള്ളപോക്ക് മാറാൻ നല്ലതാണ് .ഇത് ആർത്തവത്തിനു മുമ്പുള്ള ദിവസങ്ങളിൽ കഴിക്കുന്നത് ആർത്തവ വേദന ,അമിത ആർത്തവം എന്നിവയ്ക്കും നല്ലതാണ് . ആശാളി പഞ്ചസാരയും ചേർത്ത് പൊടിച്ചുകഴിച്ചാൽ വയറുവേദന വയറിളക്കം എന്നിവയ്ക്ക് ആശ്വാസം കിട്ടും .
ആശാളി പാലിൽ അരച്ച് കഴിച്ചാൽ അടി ,തട്ട് ,വീഴ്ച്ച എന്നിവ മൂലമുണ്ടായ പരുക്കുകൾ മാറിക്കിട്ടും .കൂടാതെ ത്വക്ക് രോഗങ്ങൾ, വാതരോഗങ്ങൾ ,നേത്രരോഗങ്ങൾ ,ആർത്തവ പ്രശ്നങ്ങൾ ,ശരീരപുഷ്ടി എന്നിവയ്ക്കും ഇപ്രകാരം കഴിക്കുന്നത് നല്ലതാണ് .ആശാളി അരച്ച് പുറമെ പുരട്ടുന്നത് വേദന ,വീക്കം ,വെരിക്കോസ് വെയ്ൻ,ചർമ്മത്തിലെ ചൊറിച്ചിൽ എന്നിവയ്ക്കും ഫലപ്രദമാണ് .അസ്ഥിഭംശത്തിനു ആശാളിയുടെ കഷായം ദിവസം മൂന്നു നേരം വീതം കഴിക്കുന്നത് നല്ലതാണ് .