ഇന്ത്യ ,ശ്രീലങ്ക ,ആഫ്രിക്ക ,മലയ എന്നീ രാജ്യങ്ങളിൽ കാണുന്ന ഒരു വൃക്ഷമാണ് അരയാഞ്ഞിലി , ഇതിനെ അരാഞ്ഞിലി ,മരവുരി ,കരാഞ്ഞിലി ,നെട്ടാവിൽ തുടങ്ങിയ പേരുകളിലും അറിയപ്പെടും . കേരളം കർണ്ണാടക ,മഹാരാഷ്ട്ര ,ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഈ വൃക്ഷം ധാരാളമായി കാണപ്പെടുന്നു .
ഏകദേശം 40 മീറ്റർ ഉയരത്തിൽ വളരുന്ന ഈ മരം ഒരു ഇലകൊഴിയും വൃക്ഷമാണ് .ഇതിന്റെ പരുപരുത്ത തൊലിക്ക് നല്ല കട്ടിയാണ് .പണ്ടുകാലങ്ങളിൽ മരവുരി ഉണ്ടാക്കാൻ ഇതിന്റെ തൊലിയാണ് ഉപയോഗിച്ചിരുന്നത് . അതുകൊണ്ട് മരവുരി എന്നൊരു പേരും ഈ മരത്തിന് ലഭിക്കാൻ കാരണമായി .
എന്താണ് മരവുരി
ഇന്നത്തെ തലമുറയ്ക്ക് മരവുരി എന്താണെന്ന് അറിയില്ല . മുൻപ് പറഞ്ഞല്ലോ ഈ മരത്തിന്റെ തൊലിക്ക് നല്ല കട്ടിയാണന്ന് . ഏതാണ്ട് 2 സെമി മുകളിൽ വരും .ഈ മരത്തിന്റെ തൊലി ചതച്ചാണ് പണ്ടുള്ളവർ നാണം മറച്ചിരുന്നത് .അതായത് പണ്ട് വസ്ത്രങ്ങൾ കണ്ടുപിടിക്കുന്നതിന് മുൻപ് മനുഷ്യൻ വസ്ത്രമായി ഉപയോഗിച്ചിരുന്നത് ഈ മരത്തിന്റെ തൊലിയാണ് .
അക്കാലത്തുള്ള വസ്ത്രത്തിന്റെ പേരാണ് മരവുരി . രാമായണം വായിച്ചിട്ടുള്ളവർ മരവുരിയെ കുറിച്ച് കേട്ടിട്ടുണ്ടാകും . രാമലക്ഷ്മണന്മാർക്കൊപ്പം വനവാസത്തിനു പോകുന്ന സീതാദേവിക്ക് ധരിക്കാൻ കൈകേയി മരവുരി നൽകുന്ന ഒരു ഭാഗം രാമായണത്തിലുണ്ട് . അതുപോലെ പണ്ടുകാലത്ത് വേടന്മാർ അരയാഞ്ഞിലിയുടെ കറ അമ്പിൽ വിഷമായി പുരട്ടിയിരുന്നു . ഇതിന്റെ തടിയിൽ ആന്റിറിയാരിൻ എന്ന വിഷക്കറ അടങ്ങിയിട്ടുണ്ട് .