ചൊറിയണം വിഭാഗത്തിൽ ഏറ്റവും ശക്തമായ ചൊറിച്ചിലുണ്ടാക്കുന്ന ഒരു സസ്യമാണ് ആനച്ചൊറിയണം . മലയാളത്തിൽ അങ്കര ,ആനമയക്കി, ആനവണങ്ങി, കട്ടൻപ്ലാവ് , ആനവിരട്ടി, ആനച്ചൊറിയൻ തുടങ്ങിയ പേരുകളിലും അറിയപ്പെടും . ഇംഗ്ലീഷിൽ Stinging Tree, Devil Nettle, Mousa Nettle, Elephant Nettle, Fever nettle തുടങ്ങിയ പേരുകളിൽ അറിയപ്പെടും . ഇതിന്റെ ശാസ്ത്രീയനാമം Dendrocnide sinuata എന്നാണ് .
ആനച്ചൊറിയണം വിവിധ ഭാഷകളിലുള്ള പേരുകൾ .
Common name : Stinging Tree, Devil Nettle, Mousa Nettle, Elephant Nettle, Fever nettle . Malayalam : Kattanplavu, Aanayaviratti, Aanavannangi, Anamayakki, Anachoriyan , Anachoriyanam . Tamil : Anaichorian, Otta-pilavu ,Anachoriya, Anaimeratti . Telugu : Yenugu davadalu . Kannada : Malai Murugan . Hindi : Morange , Utigun . Bengali : Chorpata . Botanical name : Dendrocnide sinuata . Synonyms : Laportea crenulata . Family : Urticaceae (Nettle family) .
ആനച്ചൊറിയണം എവിടെ വളരുന്നു .
ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് സാധാരണ ആനച്ചൊറിയണം കാണപ്പെടുന്നത് . അസം ,സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ആനച്ചൊറിയണം കൂടുതലായി കാണപ്പെടുന്നു . കേരളത്തിൽ പശ്ചിമഘട്ടത്തിൽ 300 മുതൽ 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ആനച്ചൊറിയണം കാണപ്പെടുന്നു .
ആനച്ചൊറിയണം എന്ന സസ്യത്തിന്റെ പ്രത്യേകതകൾ .
3 മുതൽ 4 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടി . ചിലപ്പോൾ ഒരു ചെറിയ വൃക്ഷമായും ഇത് വളരാറുണ്ട് . ഇതിന്റെ തൊലി വെളുത്തതും മിനുസമുള്ളതുമാണ് . തണ്ടുകൾക്ക് പൊതുവെ കട്ടികുറവാണ് . ഈ സസ്യത്തിന്റെ തൊലിയിൽ ബലമുള്ള നാരുകൾ അടങ്ങിയിട്ടുണ്ട് .ഈ സസ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിലും ചെറിയ വെളുത്ത രോമങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു . ആനച്ചൊറിയണത്തിന്റെ ഇലകളുടെ അരികുകളിലാണ് രോമങ്ങൾ കാണപ്പെടുന്നത് . ഇലകൾക്ക് 12 -30 സെ.മി നീളവും . 2.5 -10 സെ.മി വീതിയും കാണും . ഇതിന്റെ പൂങ്കുലകളിൽ രോമങ്ങൾ അധികമായി കാണപ്പെടുന്നു .
ആനച്ചൊറിയണം വിഷസസ്യമാണോ .
ആനച്ചൊറിയണത്തിന്റെ തണ്ട് ,ഇല ,പൂവ് എന്നീ ഭാഗങ്ങളിൽ വിഷാംശം അടങ്ങിയിരിക്കുന്നു . ചൊറിയണം വിഭാഗത്തിൽ ഏറ്റവും ശക്തമായ ചൊറിച്ചിലുണ്ടാക്കുന്ന ഒരു സസ്യമാണ് ആനച്ചൊറിയണം . ഈ സസ്യത്തിലെ രോമങ്ങൾ നമ്മുടെ ശരീരത്തിൽ സ്പർശിച്ചാൽ ശക്തമായ ചൊറിച്ചിലും ,പുകച്ചിലും ,വേദനയുമുണ്ടാകും . ഇത് ദിവസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യും . മഴയുള്ള സമയങ്ങളിൽ ഇതിന്റെ തീവ്രത വളരെ കൂടുതലായിരിക്കും . ആനച്ചൊറിയണം പൂക്കുന്ന സമയത്ത് വിഷശക്തി കൂടുതലായിരിക്കും . ഈ സമയത്ത് ഇവയുടെ രോമങ്ങൾ ശരീരത്തിൽ പറ്റിയാൽ ശക്തമായ ചൊറിച്ചിലും ,പുകച്ചിലും ,നീറ്റലും വേദനയും കൂടാതെ പനി ,തുമ്മൽ ,ഉറക്കക്കുറവ് എന്നിവയും ഉണ്ടാകും .
പേര് സൂചിപ്പിക്കുന്നതുപോലെ ആനയെപ്പോലും വിരട്ടിയോടിക്കാനുള്ള കഴിവ് ഈ സസ്യത്തിനുണ്ട് . ആനച്ചൊറിയണം ആനയുടെ ശരീരത്തിൽ സ്പർശിച്ചാൽ പോലും ആന ചൊറിച്ചിൽ സഹിക്കാതെ ഓടും .അതിനാലാണ് ഈ സസ്യത്തിന് ആനവിരട്ടി, ആനച്ചൊറിയൻ, ആനച്ചൊറിയണം തുടങ്ങിയ പേരുകൾ വരാൻ കാരണം . അപ്പോൾ ലോല ചർമ്മമുള്ള മനുഷ്യശരീരത്തിൽ ഈ സസ്യത്തിന്റെ രോമങ്ങൾ പറ്റിയാലുള്ള അവസ്ഥ എന്തായിരിക്കും .
ചൊറിച്ചിലുണ്ടാക്കുന്നതു കൊണ്ട് ഈ സസ്യത്തെ ഒരു ഉപദ്രവകാരിയായി കാണരുത് . മണ്ണിലെ വിഷാംശം വലിച്ചെടുത്ത് സ്വന്തം ശരീരത്തിൽ സൂക്ഷിക്കുന്നത് കൊണ്ടാണ് ഈ സസ്യം ചൊറിച്ചിലുണ്ടാക്കുന്നത് . മണ്ണിലെ വിഷാംശം ഈ ചെടി വലിച്ചെടുക്കന്നത് കാരണം ഈ സസ്യം നിൽക്കുന്ന സമീപ പ്രദേശങ്ങളിലുള്ള ജലവും ശുദ്ധജലമാകുന്നു .അതിനാൽ തന്നെ അവിടെ ജീവിക്കുന്ന ജീവജാലങ്ങൾക്കും ഗുണമാകുന്നു . കൂടാതെ നീര്‍ക്കൂവ , ചേര് , കാഞ്ഞിരം ,ആനച്ചൊറിയണം തുടങ്ങിയ വിഷം വലിച്ചെടുക്കുന്ന സസ്യങ്ങൾ നിൽക്കുന്ന പ്രദേശങ്ങളിലെ ഉറവകളിൽ നിന്നും വരുന്ന ജലം ഏറ്റവും ശുദ്ധമായി മാറുന്നു . ഈ വെള്ളം സ്ഥിരമായി കുടിക്കാൻ കഴിയുന്ന മനുഷ്യന്‍ അനുഗ്രഹീതനായി.
നാഗൻമാർ വേശ്യകളെ ശിക്ഷിക്കുന്നത് ആനച്ചൊറിയണത്തിന്റെ മുകളിൽ കിടത്തിയാണ് എന്ന് പറയപ്പെടുന്നു .മണിപ്പൂർ, അരുണാചൽ പ്രദേശ്, അസം, മ്യാൻമർ എന്നിവിടങ്ങളിലെ വളരെ ദുർഘടങ്ങളായ മലനിരകളാണ് നാഗക്കുന്നുകൾ .ഈ കുന്നുകളിൽ താമസിക്കുന്ന ഗോത്രവർഗ്ഗക്കാരാണ് നാഗൻമാർ. ആനച്ചൊറിയണത്തിന്റെ തൊലിയിൽ ബലമുള്ള നാരുകളുണ്ട് .ഈ നാര് ഉപയോഗിച്ച് ഇവർ വസ്ത്രങ്ങളും ചാക്കുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു എന്നു പറയപ്പെടുന്നു . പ്രാചീന നീഗ്രോകൾ വേട്ടയ്ക്ക് അമ്പിൽ വിഷ ദ്രാവകങ്ങൾക്കൊപ്പം ആനച്ചൊറിയണത്തിന്റെ രോമങ്ങൾ കൂടി ഉപയോഗിക്കാറുണ്ടായിരുന്നു .നാഗക്കുന്നുകളിൽ ജനസാന്ദ്രത പൊതുവേ കുറവാണ്.കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കിയ ശേഷം വിളവെടുത്ത് ആ കൃഷിയിടം ഉപേക്ഷിച്ച് മറ്റു കൃഷിയിടങ്ങൾ കണ്ടെത്തി കൃഷിയിറക്കുന്ന സമ്പ്രദായമാണ് നാഗൻമാരുടേത് എന്ന് പറയപ്പെടുന്നു.
ആനച്ചൊറിയണത്തിൽ അടങ്ങിയിരിക്കുന്ന ഫൊമിക് അമ്ലം ആണ് പ്രധാന വിഷഘടകം . കൂടാതെ കാർബോളിക് അമ്ലം . അമോണിയ .ലെസിതിൻ എന്നിവയും പലതരം ലവണങ്ങളും അടങ്ങിയിട്ടുണ്ട് .
ആനച്ചൊറിയണത്തിന്റെ ഔഷധഗുണങ്ങൾ എന്തൊക്കെയാണ് .
ചൊറിച്ചിലുണ്ടാക്കുമെങ്കിലും ഔഷധഗുണമുള്ള ഒരു സസ്യമാണ് ആനച്ചൊറിയണം.ശരീരത്തിലുണ്ടാകുന്ന നീരും വേദനയ്ക്കും ഇതിന്റെ ഇലയും വേരും അരച്ച് പുറമെ പുരട്ടിയാൽ മതിയാകും .ഇതിന്റെ വേര് കഷായം വച്ച് കഴിച്ചാൽ പനി ശമിക്കും. കൂടാതെ മൂത്രാശയരോഗങ്ങൾ , മഞ്ഞപിത്തം , മലേറിയ , ഛർദ്ദി തുടങ്ങിയ രോഗങ്ങൾക്കൊക്കെ ആനച്ചൊറിയണം ഔഷധമായി ഉപയോഗിക്കുന്നു .