പ്രമേഹം ,മൂത്രാശയരോഗങ്ങൾ ,നേത്രരോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,വിരശല്യം മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് അടപതിയൻ .കേരളത്തിൽ അടകൊടിയൻ , അടപൊതിയൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. സംസ്‌കൃതത്തിൽ അർക്കപുഷ്പി, ക്ഷീരിണി, പയസ്വിനി, നാഗവല്ലീ, മധുസ്രവ,ജീവന്തി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .ഇതിന്റെ പൂവിന് എരുക്കിന്റെ പൂവിനോട് സാദൃശ്യമുള്ളതിനാലാണ് അർക്കപുഷ്പി എന്ന സംസ്‌കൃത നാമം .
Botanical name: Holostemma annulare, Holostemma ada-kodien,Leptadenia reticulata.
Family: Apocynaceae (Oleander family).
വിതരണം .
ഇന്ത്യയിലുടനീളം കാടുകളിലും വെളിമ്പറമ്പുകളിലും അടപതിയൻ കാണപ്പെടുന്നു .
സസ്യവിവരണം .
ഒരു വള്ളിച്ചെടിയാണ് അടപതിയൻ .ഇളം തണ്ടിന് പച്ചനിറവും പ്രായമായ തണ്ടിന് ചുവപ്പുനിറവുമുള്ള ഈ ചെടിയിൽ വെളുത്ത കറയുണ്ട് .ഇവയുടെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു .ഇലകൾ ഹൃദയാകാരവും അഗ്രം കൂർത്തതുമാണ് .ഇലകൾക്ക് 7 -15 സെ.മി നീളവും 5 -10 സെ.മി വീതിയുമുണ്ടാകും .ഇലഞെട്ടിന് 2 -4 സെ.മി നീളമുണ്ടാകും .ഇലയുടെ മുകൾഭാഗം മിനുസമുള്ളതും അടിഭാഗം രോമാവൃതവുമാണ് .ഇവയുടെ വേരുകൾ തടിച്ചതാണ് .ചെടിയുടെ പ്രായവും വേരിൽ അടങ്ങിയിരിക്കുന്ന അന്നജത്തിന്റെ അളവുമനുസരിച്ച് ഇവയുടെ കനത്തിൽ വിത്യാസമുണ്ടാകാം .ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ഇവയിൽ പൂവും കായും കാണപ്പെടുന്നു .പൂക്കൾ പത്രകക്ഷത്തിൽ ഉണ്ടാകുന്നു .ഒരു പൂങ്കുലയിൽ നാലോ അഞ്ചോ പൂക്കൾ കാണപ്പെടുന്നു .പൂക്കൾക്ക് വെളുപ്പുനിറവും നേരിയ സുഗന്ധവുമുണ്ട് .ബാഹ്യദളപുടവും ദളപുടവും പഞ്ചപാളിതമാണ് .കേസരങ്ങൾ 5 .ഫലം രണ്ട് മെരികാർപ്പുകളോടുകൂടിയ ഫോളിക്കുകൾ . 9 -12 സെ.മി നീളവും 3 മുതൽ 6 വരെ സെ.മി വീതിയുമുണ്ടാകും .ഇവയുടെ വിത്തുകൾ പരന്നതും അഗ്രത്തിൽ ഒരു കൂട്ടം രോമങ്ങളോടുകൂടിയതുമാണ് .ഇവയുടെ ഉണങ്ങിപ്പൊട്ടിയ കായുടെ ഉള്ളിൽ നിന്നും അപ്പൂപ്പൻതാടി പോലെ വിത്തുകൾ കാറ്റിൽ പറന്നുപോകും .ഇങ്ങനെയാണ് ഇവയുടെ വിത്തുവിതരണം നടക്കുന്നത് .
രാസഘടകങ്ങൾ .
അടപതിയന്റെ വേരിൽ പ്രോട്ടീൻ ,പഞ്ചസാര ,നാര് എന്നിവ അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
English Name - Holostemma.
Malayalam Name - Adapathiyan.
Hindi Name - Chhirvel,Arkapushpi,Morna ada.
Marathi Name - Dudruli, Tultumi,Shirdodi.
Kannada Name ― Muraligana kasa,Jeeva haale balli.
Gujarati Name - Kharivel,Kharner, Khirvel.
Telugu Name - Dudidapalatiga,Palagurugu, Bandiguruvinda teega.
Tamil Name - Palaikkirai, Cheevanthi ,Chitakathi,Keeripalai.
അടപതിയന്റെ ഔഷധഗുണങ്ങൾ .
വാതപിത്തരോഗങ്ങൾ ശമിപ്പിക്കും .വേര് ശരീരത്തെ തണുപ്പിക്കുകയും ശരീരത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യും .പോഷകദ്രവ്യമാണ് .യൗവനം നിലനിർത്തും .മുലപ്പാൽ വർധിപ്പിക്കും .ശരീരക്ഷീണം ഇല്ലാതാക്കും .ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കും .കാമം വർധിപ്പിക്കും .ശുക്ലം വർധിപ്പിക്കും .സ്വരം നന്നാക്കും .പ്രമേഹം ,നേത്രരോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,കർണ്ണരോഗങ്ങൾ, പനി ,ചുമ ,ആസ്മ , വയറുവേദന, വെള്ളപോക്ക് ,രക്തപിത്തം ,ഹൃദ്രോഗം എന്നിവയ്ക്കും നല്ലതാണ് . മൂത്രക്കടച്ചിൽ ,മൂത്രത്തിൽ കല്ല് ,വീക്കം ,വിരശല്യം ,വിശപ്പില്ലായ്‌മ, രുചിയില്ലായ്‌മ ,വിളർച്ച എന്നിവയ്ക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
അടപതിയൻ ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
ബ്രാഹ്മരസായനം (Brahma Rasayanam).
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ച്യവനപ്രാശത്തിന് സമാനമായ ഒരു ആയുർവേദ ഔഷധമാണ് ബ്രാഹ്മരസായനം.ബുദ്ധിശക്തി ,ഓർമ്മശക്തി ,മാനസിക പിരിമുറുക്കം, ബുദ്ധിമാന്ദ്യം , ശരീരക്ഷീണം ,ചർമ്മത്തിലെ ചുളിവുകൾ ,അകാലനര, മുടികൊഴിച്ചിൽ ,പ്രധിരോധശേഷിക്കുറവ് മുതലായവയുടെ ചികിൽത്സയിൽ ബ്രാഹ്മരസായനം ഉപയോഗിച്ചുവരുന്നു .
സുകുമാരം കഷായം (Sukumaram kashayam)
പ്രധാനമായും സ്ത്രീ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സുകുമാരം കഷായം.വന്ധ്യത ,അമിത ആർത്തവം ,ആർത്തവ വേദന ,ആർത്തവത്തിന് മുമ്പുണ്ടാകുന്ന മാനസിക പിരിമുറുക്കം ,വയറുവേദന ,തലവേദന ,മലബന്ധം ,നടുവേദന ,ഹെർണിയ ,വായുകോപം ,ആഹാര ശേഷം ഉടൻതന്നെ വയറ്റിൽ നിന്നു പോകുന്ന അവസ്ഥ ,പ്ലീഹ, കരൾ, വൃക്ക എന്നിവയുടെ തകരാറുകൾ തുടങ്ങിയവയുടെ ചികിൽത്സയിൽ സുകുമാരം കഷായം ഉപയോഗിച്ചു വരുന്നു .
സുകുമാരലേഹം (Sukumara Leham).
ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും വേദനയ്ക്കും ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സുകുമാരലേഹം .കൂടാതെ മലബന്ധം ,ദഹനക്കേട് ,വിശപ്പില്ലായ്‌മ ,വയറുവേദന ,വെള്ളപോക്ക് മുതലായവയുടെ ചികിൽത്സയിലും സുകുമാരലേഹം ഉപയോഗിക്കുന്നു .
കോട്ടക്കൽ ച്യവനൂൾസ് (Chyavanules)
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന തരി രൂപത്തിലുള്ള ഒരു ഔഷധമാണ് ച്യവനൂൾസ്.
വിദാര്യാദി കഷായം (Vidaryadi Kashayam)
പേശിവേദന ,നീര് ,ആസ്മ ,ചുമ ,ജലദോഷം ,ബ്രോങ്കൈറ്റിസ് മുതലായവയുടെ ചികിൽത്സയിൽ വിദാര്യാദി കഷായം ഉപയോഗിക്കുന്നു .
നളദാദി ഘൃതം (Naladadi Ghritam).
(ADHD) അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ ,ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാവാതെ വരുന്ന അവസ്ഥ . (അഫേസിയ ) ആശയവിനിമയം തകരാറിലാക്കുന്ന അവസ്ഥ ,ഓട്ടിസം മുതലായവയുടെ ചികിൽത്സയിൽ നളദാദി ഘൃതം ഉപയോഗിക്കുന്നു .
വിദാര്യാദി ലേഹ്യം-Vidaryadi Leham.
പേശിക്ഷയം ,ശരീരവേദന ,വയറുവീർപ്പ് ,ഗ്യാസ്ട്രബിൾ ,ആസ്മ ,ശരീരക്ഷീണം ,പോഷകാഹാരക്കുറവ്,ഉറക്കക്കുറവ് മുതലായവയുടെ ചികിൽത്സയിലും ശരീരഭാരം വർധിപ്പിക്കുന്നതിനും ,ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും വിദാര്യാദി ലേഹ്യം ഉപയോഗിക്കുന്നു .കൂടാതെ പൈൽസ് ,ഹൃദയ സംബന്ധമായ രോഗങ്ങൾ മുതലായവയുടെ ചികിൽത്സയിലും വിദാര്യാദി ലേഹ്യം ഉപയോഗിക്കുന്നു .
ച്യവനപ്രാശം (Chyavanaprasam).
ആയുർവേദ മരുന്നുകളിൽ ഏറെ പ്രശസ്‌തമായ ഒന്നാണ് ച്യവനപ്രാശം .ഇതൊരു രസായനൗഷധമാണ്. ആയുർവേദത്തിൽ രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും യൗവനം നിലനിർത്താനുമുള്ള ഒരു ഔഷധമാണ് ച്യവനപ്രാശം..
കാമിലാരി ക്യാപ്‌സ്യൂൾ (Kamilari capsule )
കരൾരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കാമിലാരി ക്യാപ്‌സ്യൂൾ.മഞ്ഞപ്പിത്തം ,ഫാറ്റി ലിവർ,മദ്യപാനം മൂലമുണ്ടാകുന്ന കരൾ തകരാറുകൾ മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
അണുതൈലം (Anu Tailam).
കഴുത്തിനു മുകളിലോട്ടുള്ള എല്ലാവിധ രോഗങ്ങൾക്കും നസ്യം ചെയ്യുവാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് അണുതൈലം. തലവേദന, മൈഗ്രേൻ, സൈനസൈറ്റിസ്, മുടികൊഴിച്ചിൽ മുതലായവയുടെ ചികിൽത്സയിൽ അണുതൈലം ഉപയോഗിച്ചു വരുന്നു .
ജീവന്ത്യാദി യമകം (Jivantyadi yamakam).
വിവിധ ചർമ്മരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ജീവന്ത്യാദി യമകം.സോറിയാസിസ് ,എക്സിമ ,ചർമ്മ അലർജി ,കാൽപാദം വീണ്ടുകീറുക മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
ജീവന്ത്യാദി കഷായം (Jivantyadi kashayam).
ചർമ്മരോഗങ്ങളുടെയും പനിയുടെയും ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന ഒരു ഔഷധമാണ് ജീവന്ത്യാദി കഷായം.പനി ,ചുണങ്ങ് ,പരു ,ചൊറിച്ചിൽ ,പ്രമേഹം മൂലമുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങൾ മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
ബലാരിഷ്ടം (Balarishtam).
ശരീരബലം വർധിപ്പിക്കുന്നതിനും ശരീരപുഷ്ടി വരുത്തുന്നതിനും ബലാരിഷ്ടത്തിന്റെ ഉപയോഗം മൂലം സാധിക്കും . കൂടാതെ മുട്ടുവേദന ,നടുവേദന ,കഴുത്ത് വേദന തുടങ്ങിയ എല്ലാത്തരം വാതവേദനകൾക്കും ബലാരിഷ്ടം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .പക്ഷാഘാതം ,സയാറ്റിക്ക ,ആമവാതം ,ഉറക്കമില്ലായ്‌മ ,കൈകാലുകളിലുണ്ടാകുന്ന തരിപ്പ് ,വിറയൽ ,മസിലുകളുടെ ബലക്കുറവ് ,വിശപ്പില്ലായ്‌മ ,അരുചി തുടങ്ങിയ അവസ്ഥകളിലെല്ലാം ബലാരിഷ്ടം ഉപയോഗിച്ചു വരുന്നു .
മാനസമിത്ര വടകം (Manasamitra Vatakam) .
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാനസമിത്ര വടകം. വിഷാദരോഗം , ടെൻഷൻ, ഉന്മാദം, ഉറക്കക്കുറവ് ,അപസ്‌മാരം തുടങ്ങിയ അവസ്ഥകളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
ഗന്ധ തൈലം - Gandha Tailam .
അസ്ഥികളുടെ ഒടിവുകൾ ,ബലക്കുറവ് ,സന്ധിവാതം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .ഇത് പുറമെ പുരട്ടുവാനും ഉള്ളിലേക്കു കഴിക്കാനും ഉപയോഗിക്കുന്നു .കാപ്സ്യൂൾ രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .
ദേഹപോഷണയമകം (Dehaposhana Yamakam).
ശരീരഭാരവും ബലവും വർധിപ്പിക്കുന്നതിന് ദേഹപോഷണയമകം ഉപയോഗിച്ചു വരുന്നു .
ശതാവര്യാദി ഘൃതം (Satavaryadi Ghritam).
മൂത്രാശയ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ മരുന്നാണ് ശതാവര്യാദി ഘൃതം.മൂത്രതടസ്സം ,മൂത്രത്തിൽ കല്ല് മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .കൂടാതെ കൈകാൽ വേദന ,വയറുവേദന തുടങ്ങിയവയുടെ ചികിൽത്സയിലും ശതാവര്യാദി ഘൃതം ഉപയോഗിക്കുന്നു .
വസിഷ്ഠരസായനം (Vasishtha Rasayanam).
ചുമ ,ജലദോഷം ,ആസ്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വസിഷ്ഠരസായനം.
മഹാരാജപ്രസാരണീ തൈലം (Maharajaprasarani Tailam).
നാഡി സംബന്ധമായ രോഗങ്ങളിലും വാതസംബന്ധമായ എല്ലാ രോഗങ്ങളിലും മഹാരാജപ്രസാരണീ തൈലം ഉപയോഗിക്കുന്നു .ഈ തൈലം പുറമെ പുരട്ടുവാനും ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .ക്യാപ്‌സൂൾ രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് ,ശീഘ്രസ്കലനം തുടങ്ങിയ ലൈംഗീക പ്രശ്നങ്ങൾക്കും .സ്ത്രീകളിലെ വെള്ളപോക്ക് ,വന്ധ്യത എന്നിവയുടെ ചികിൽത്സയിലും ഈ ഔഷധം സൂചിപ്പിച്ചിരിക്കുന്നു .
ജീവന്ത്യാദി ഘൃതം (Jeevanthyadi Ghrutham) .
നേത്രരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ജീവന്ത്യാദി ഘൃതം.
ഔഷധയോഗ്യഭാഗം .
വേര് ,തണ്ട് ,ഇല .
രസാദിഗുണങ്ങൾ .
രസം : മധുരം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം : ശീതം
വിപാകം : മധുരം
അടപതിയന്റെ ചില ഔഷധപ്രയോഗങ്ങൾ .
അടപതിയന്റെ വേര് പാലിൽ പുഴുങ്ങി ഉണങ്ങി പൊടിച്ച് 6 ഗ്രാം വീതം പാലിൽ കലക്കി ദിവസവും രാത്രിയിൽ കഴിച്ചാൽ ലൈംഗീക ശക്തി വർധിക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ശരീരം പുഷ്ടിപ്പെടുകയും ചെയ്യും .കൂടാതെ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കാനും ഗർഭകാലത്തുണ്ടാകുന്ന തളർച്ച അകറ്റാനും പ്രസവാനന്തരം കൂടുതൽ മുലപ്പാലുണ്ടാകാനും ഇത് നല്ലതാണ് .കൂടാതെ മൂത്രത്തിൽ കല്ല് മാറുന്നതിനും,ചുമ ,പനി ,ശ്വാസംമുട്ടൽ ,ശരീരം പുകച്ചിൽ ,വയറുവേദന , കർണ്ണരോഗങ്ങൾ ,നേത്രരോഗങ്ങൾ ,പ്രമേഹം ,മലബന്ധം തുടങ്ങിയ എല്ലാ രോഗങ്ങൾക്കും ഇങ്ങനെ കഴിക്കുന്നത് നല്ലതാണ് .അടപതിയന്റെ വേര് പച്ചപ്പാലിൽ അരച്ച് കഴിക്കുന്നതും പ്രമേഹം മാറാൻ നല്ലതാണ് .
ALSO READ : കൊടിത്തൂവയുടെ ഔഷധഗുണങ്ങൾ .
അടപതിയന്റെ പച്ച വേരിന്റെ നീര് മുലപ്പാലും ചേർത്ത് കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും .കൂടാതെ എല്ലാ നേത്രരോഗങ്ങൾക്കും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.ഇല അരച്ച് കൺപോളകളിൽ പുരട്ടുന്നതും ചെങ്കണ്ണ് മാറാൻ നല്ലതാണ് .വേരിന്റെ ഉണങ്ങിയ പൊടി വെള്ളത്തിൽ ചാലിച്ച് കണ്ണിനു ചുറ്റും പുരട്ടിയാൽ കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ മാറിക്കിട്ടും .അടപതിയനും ചന്ദനവും ചേർത്ത് പാൽക്കഷായമുണ്ടാക്കി കഴിച്ചാൽ വെള്ളപോക്ക് മാറിക്കിട്ടും . ഈ കഷായം രക്തപിത്തത്തിനും നല്ലതാണ് .ഇലയും വേരുമുൾപ്പടെ കഷായം വച്ച് ജീരകവും ,പഞ്ചസാരയും ,പാലും ചേർത്ത് കഴിച്ചാൽ മൂത്രമൊഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ എന്നിവ മാറാൻ നല്ലതാണ് .ഇലയും വേരും ഉൾപ്പടെ അരച്ച് പുറമെ പുരട്ടുന്നത് നീരും വേദനയും മാറാൻ നല്ലതാണ് .