മഹാനാരായണ തൈലം: ഗുണങ്ങൾ, ഉപയോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 ശരീരത്തിൽ എവിടെയെങ്കിലും വേദനയോ പിടിച്ചിലോ ഉണ്ടായാൽ പലരും ആദ്യം ഓർക്കുന്നത് ഒരു നല്ല എണ്ണ തേച്ച് തിരുമ്മുന്നതാണ്. നമ്മുടെ നാട്ടിൽ പണ്ടുമുതൽ തന്നെ ഇത്തരത്തിലുള്ള എണ്ണകൾ ശരീരപരിചരണത്തിന്റെ ഭാഗമായിരുന്നു. അത്തരത്തിൽ ആയുർവേദത്തിൽ ഏറെ പരിചിതമായ ഒരു തൈലമാണ് മഹാനാരായണ തൈലം (Mahanarayana Thailam).

പ്രത്യേകിച്ച് സന്ധികളിലെ അസ്വസ്ഥത, പേശികളിലെ വേദനയും പിടിച്ചിലും, ശരീരത്തിലെ stiffness, പുറംവേദന, കഴുത്തിലെയും തോളിലെയും വേദന തുടങ്ങിയ പ്രശ്നങ്ങളിൽ മഹാനാരായണ തൈലം പുറമേ പുരട്ടി ഉപയോഗിക്കുന്ന രീതി ആയുർവേദത്തിൽ കാണാം. ശരീരത്തിന് നല്ലൊരു ഉന്മേഷവും ആശ്വാസവും നൽകുന്നതിനായി എണ്ണ തേച്ചുള്ള അഭ്യംഗത്തിനും ഇത് ഉപയോഗിക്കാറുണ്ട്.

മഹാനാരായണ തൈലത്തിൽ പല ഔഷധസസ്യങ്ങളും ചേർന്നിട്ടുള്ളതിനാൽ ഇത് വെറുമൊരു സാധാരണ മസാജ് ഓയിൽ മാത്രമല്ല. വാതദോഷവുമായി ബന്ധപ്പെട്ട ശരീരാസ്വസ്ഥതകളിൽ പരമ്പരാഗതമായി ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. എന്നാൽ ഓരോരുത്തരുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും വ്യത്യസ്തമായതിനാൽ, ഒരു രോഗത്തിനുള്ള ഉറപ്പായ ചികിത്സയായി ഇതിനെ കാണാതെ ആയുർവേദ വിദഗ്ധന്റെ നിർദേശപ്രകാരം ഉപയോഗിക്കുന്നതാണ് ഉചിതം.

മഹാനാരായണ തൈലത്തിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത്? ഇത് എങ്ങനെ ഉപയോഗിക്കാം? ഏത് തരത്തിലുള്ള ശരീരാസ്വസ്ഥതകളിലാണ് പരമ്പരാഗതമായി ഉപയോഗിക്കുന്നത്? എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാമോ?

ഇതൊക്കെയാണ് ഇനി വിശദമായി നോക്കുന്നത്.

മഹാനാരായണ തൈലം – ഗുണങ്ങൾ, ഉപയോഗങ്ങൾ, ആയുർവേദ പ്രയോഗങ്ങൾ കാണിക്കുന്ന ഔഷധ തൈലത്തിന്റെ ചിത്രം


മഹാനാരായണ തൈലത്തെക്കുറിച്ച് ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നത്

മഹാനാരായണ തൈലത്തിന്റെ മാഹാത്മ്യവും ഉത്പത്തിയും വ്യക്തമാക്കുന്ന ഭൈഷജ്യരത്നാവലിയിലെ പ്രശസ്തമായ ശ്ലോകമാണിത്. വാതവ്യാധികളിലും അസ്ഥി-സ്നായു ക്ഷതങ്ങളിലും ഈ തൈലം എന്തുകൊണ്ട് പരമൗഷധമായി കരുതപ്പെടുന്നു എന്ന് പരിശോധിക്കുമ്പോൾ, ഇതിന്റെ ഓരോ പദത്തിലും അതിഗഹനമായ ചികിത്സാതത്ത്വങ്ങൾ അടങ്ങിയിരിക്കുന്നത് കാണാം.:

ദേവാസുരേ യുദ്ധപരെ സമീക്ഷ്യ

സ്നായ്വസ്ഥിഭഗ്നാനസുരൈഃ സുരാംശ്ച ।

നാരായണേനാപി സുബൃംഹണാർത്ഥം

സ്വനാമതൈലം വിഹിതഞ്ച തേഷാം ॥

വ്യാഖ്യാനം:

ദേവാസുരേ — ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധത്തിൽ. യുദ്ധപരെ — യുദ്ധം ശക്തമായി നടന്നുകൊണ്ടിരിക്കുമ്പോൾ. സമീക്ഷ്യ — ശ്രദ്ധാപൂർവം നിരീക്ഷിച്ചപ്പോൾ. സ്നായു — ശരീരത്തിലെ സ്നായുക്കൾ, നാരുകൾ തുടങ്ങിയ ഘടനകൾ. അസ്ഥി — എല്ല്. ഭഗ്നാൻ — ഒടിഞ്ഞതോ ക്ഷതപ്പെട്ടതോ ആയവ. അസുരൈഃ — അസുരന്മാരാൽ. സുരാംശ്ച — ദേവന്മാരെയും. നാരായണേന — നാരായണനാൽ. സുബൃംഹണാർത്ഥം — ശരീരത്തിന് പോഷണവും ബലവും നൽകുന്നതിനായി. സ്വനാമതൈലം — തന്റെ നാമത്തിൽ അറിയപ്പെടുന്ന തൈലം. വിഹിതം — തയ്യാറാക്കുകയോ നിർദേശിക്കുകയോ ചെയ്തത്. തേഷാം — അവർക്കായി.

ശ്ലോകത്തിന്റെ ആശയം

മഹാനാരായണ തൈലത്തിന്റെ പേരിന് പിന്നിൽ ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്ന ഒരു രസകരമായ പരമ്പരാഗത ആഖ്യാനമുണ്ട്. ഭൈഷജ്യരത്നാവലിയിൽ മഹാനാരായണ തൈലത്തെ വിവരിക്കുന്ന ഭാഗത്തിന്റെ അവസാനം ദേവന്മാരും അസുരന്മാരും തമ്മിൽ നടന്ന യുദ്ധത്തെക്കുറിച്ചാണ് പറയുന്നത്. യുദ്ധത്തിൽ ദേവന്മാർക്കും അസുരന്മാർക്കും ശരീരത്തിലെ സ്നായുക്കൾക്കും അസ്ഥികൾക്കും ക്ഷതവും ഭംഗവും സംഭവിച്ച അവസ്ഥ നാരായണൻ ശ്രദ്ധിച്ചതായാണ് ശ്ലോകത്തിൽ പറയുന്നത്.

ഇവിടെ “നാരായണൻ” എന്നത് മഹാവിഷ്ണുവിനെ സൂചിപ്പിക്കുന്നതാണ്. യുദ്ധത്തിൽ പരിക്കേറ്റ ദേവന്മാരുടെ ശരീരത്തിന് വീണ്ടും ബലവും പോഷണവും ലഭിക്കുന്നതിനായി, നാരായണൻ തന്റെ പേരിൽ ഒരു തൈലം നിർദേശിച്ചതായാണ് ഈ പരമ്പരാഗത വിവരണം. അതുകൊണ്ടാണ് ഈ തൈലത്തിന് “നാരായണ തൈലം” എന്ന പേര് ലഭിച്ചതെന്ന ആശയവും ഗ്രന്ഥവ്യാഖ്യാനത്തിൽ കാണാം.

ഇവിടെ പറയുന്ന “ബൃംഹണം” എന്ന ആശയം ആയുർവേദത്തിൽ ശരീരത്തിന് പോഷണം നൽകുക, ക്ഷയിച്ച ശരീരത്തിന് പുഷ്ടിയും ബലവും പിന്തുണയ്ക്കുക എന്നീ അർത്ഥങ്ങളിലാണ് ഉപയോഗിക്കുന്നത്.

മഹാനാരായണ തൈലം – ഭൈഷജ്യരത്നാവലിയിൽ പറയുന്നത്

മഹാനാരായണ തൈലത്തെക്കുറിച്ച് ഭൈഷജ്യരത്നാവലിയുടെ വാതവ്യാധി അധികാരത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട്. തൈലം തയ്യാറാക്കുന്ന വിധം, അതിൽ ചേർക്കുന്ന വിവിധ ഔഷധദ്രവ്യങ്ങൾ, പരമ്പരാഗതമായി ഏത് തരത്തിലുള്ള വാതവ്യാധികളിൽ ഉപയോഗിച്ചിരുന്നുവെന്ന് തുടങ്ങിയ കാര്യങ്ങളാണ് ഈ ഭാഗത്ത് വിവരിക്കുന്നത്.

ഗ്രന്ഥത്തിൽ പറയുന്ന പ്രധാന ശ്ലോകഭാഗം ഇങ്ങനെയാണ്:

ബിൽവാശ്വഗന്ധാ ബൃഹതീ ശ്വദഷ്ട്രാ ശ്യോനാക വാട്യാലക പാരിഭദ്രമ് ।

ക്ഷുദ്രാകഠില്ലാതിബലാഗ്നിമന്ഥം മൂലാനി ചൈഷാം സരണീയുതാനാമ് ॥ 151 ॥

മൂലം വിദധ്യാദഥ പാടലീനാം പ്രസ്ഥം സപാദം വിധിനോദ്ധൃതാനാമ് ।

ദ്രോണൈരപാമഷ്ടഭിരേവ പക്ത്വാ പാദാവശേഷേണ രസേന തേന ॥ 152 ॥

തൈലാഢകാഭ്യാം സമമേവ ദുഗ്ധമാജം നിദധ്യാദഥവാപി ഗവ്യമ് ।

ഏകത്ര സമ്യഗ്വിപചേത്സുബുദ്ധിർദദ്യാദ്രസഞ്ചൈവ ശതാവരീണാമ് ॥ 153 ॥

തൈലേന തുല്യം പുനരേവ തത്ര രാസ്നാശ്വഗന്ധാമിഷിദാരുകുഷ്ഠമ് ।

പർണീചതുഷ്കാഗുരുകേശരാണി സിന്ധൂത്ഥമാംസീരജനീദ്വയഞ്ച ॥ 154 ॥

ശൈലേയകം ചന്ദനപുഷ്കരാണി ഏലാസ്രയഷ്ടീതഗരാബ്ദപത്രമ് ।

ഭൃംഗാഷ്ടവർഗാംബുവചാപലാശം സ്ഥൗണേയവൃശ്ചീരകചോരകാഖ്യമ് ॥ 155 ॥

ഏതൈഃ സമസ്തൈർദ്വിപലപ്രമാണൈരാലോഡ്യ സർവം വിധിനാ വിപക്വമ് ।

കർപ്പൂരകാശ്മീരമൃഗാണ്ഡജാനാം ചൂർണീകൃതാനാം ത്രിപലപ്രമാണമ് ॥ 156 ॥

പ്രസ്വേദദൗർഗന്ധ്യനിവാരണായ ദദ്യാത് സുഗന്ധായ വദന്തി കേചിത് ।

നാരായണം നാമ മഹച്ച തൈലം സർവപ്രകാരൈർവിധിവത്പ്രയോജ്യമ് ॥ 157 ॥

ആശ്വേവ പുംസാം പവനാര്ദിതാനാമംഗഹീനാർദിതവേപനാനാമ് ।

യേ പങ്കവഃ പീഠവിസർപ്പിണശ്ച ബാധിര്യശുക്രക്ഷയപീഡിതാശ്ച ॥ 158 ॥

മന്യാഹനുസ്തംഭശിരോരുജാർത്താ മുക്താമയാസ്തേ ബലവർണ്ണയുക്താഃ ।

സംസേവ്യ തൈലം സഹസാ ഭവന്തി വന്ധ്യാ ച നാരീ ലഭതേ ച പുത്രമ് ॥ 159 ॥

വീരോപമം സർവഗുണോപപന്നം സുമേധസം ശ്രീവിനയാന്വിതഞ്ച ।

ശാഖാശ്രിതേ കോഷ്ഠഗതേ ച വാതേ വൃദ്ധൗ വിധേയം പവനാര്ദിതാനാമ് ॥ 160 ॥

ജിഹ്വാനിലേ ദന്തഗതേ ച ശൂലേ ഉന്മാദകൗബ്ജ്യജ്വരകർഷിതാനാമ് ।

പ്രാപ്നോതി ലക്ഷ്മീം പ്രമദാപ്രിയത്വം വപുഃപ്രകർഷം വിജയഞ്ച നിത്യമ് ॥ 161 ॥

തൈലോപസേവീ ജരയാഭിമുക്തോ ജീവേച്ചിരാച്ചാപി ഭവേദ്യുവേവ ।

ദേവാസുരേ യുദ്ധപരേ സമീക്ഷ്യ സ്നായ്വസ്ഥിഭഗ്നാനസുരൈഃ സുരാംശ്ച ।

നാരായണേനാപി സുബൃംഹണാർത്ഥം സ്വനാമതൈലം വിഹിതഞ്ച തേഷാമ് ॥ 162 ॥

മഹാനാരായണ തൈലം — ശ്ലോകങ്ങളുടെ  വ്യാഖ്യാനം

1. ക്വാഥദ്രവ്യങ്ങളും കഷായ നിർമ്മാണവും (ശ്ലോകം 151 - 152)

ബിൽവാശ്വഗന്ധാ ബൃഹതീ ശ്വദഷ്ട്രാ ശ്യോനാക വാട്യാലക പാരിഭദ്രമ് ।

ക്ഷുദ്രാകഠില്ലാതിബലാഗ്നിമന്ഥം മൂലാനി ചൈഷാം സരണീയുതാനാമ് ॥ 151 ॥

മൂലം വിദധ്യാദഥ പാടലീനാം പ്രസ്ഥം സപാദം വിധിനോദ്ധൃതാനാമ് ।

ദ്രോണൈരപാമഷ്ടഭിരേവ പക്ത്വാ പാദാവശേഷേണ രസേന തേന ॥ 152 ॥

വ്യാഖ്യാനം:

ബിൽവ: കൂവളത്തിന്റെ വേര്. അശ്വഗന്ധാ: ശരീരത്തിന് കുതിരയുടെ കരുത്തും ധാതുപുഷ്ടിയും നൽകുന്ന അമുക്കുരക്കിഴങ്ങ്. ബൃഹതീ: പുത്തരിച്ചുണ്ട വേര്. ശ്വദഷ്ട്രാ: ത്രിദോഷങ്ങളെ ശമിപ്പിക്കുന്ന ഞെരിഞ്ഞിൽ. ശ്യോനാക: പലകപ്പയ്യാനിയുടെ വേര്. വാട്യാലക: വാതത്തെ വേരോടെ പിഴുതെറിയുന്ന കുറുന്തോട്ടിവേര്. പാരിഭദ്രമ്: മുരിക്ക് . ക്ഷുദ്രാ: കണ്ടകാരിവേര് . കഠില്ല: നീർവീഴ്ചയും വീക്കവും അകറ്റുന്ന തഴുതാമവേര്. അതിബലാ: അതീവ ബലം തരുന്ന ആനക്കുറുന്തോട്ടിവേര്. അഗ്നിമന്ഥം: ദഹനത്തെയും വാതത്തെയും നേരെയാക്കുന്ന മുഞ്ഞവേര്. സരണീയുതാനാം: സന്ധികൾക്ക് ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന പ്രസാരണി (തലനീർപ്പടർപ്പ്) കൂടിച്ചേർത്തുള്ള. ഏഷാം മൂലാനി: ഈ പറഞ്ഞ ഔഷധങ്ങളുടെയെല്ലാം വേരുകൾ.

അഥ പാടലീനാം മൂലം: അതിനുപുറമെ പാതിരിയുടെ വേരും. വിധിനാ ഉദ്ധൃതാനാം: ശാസ്ത്രവിധിപ്രകാരം ശുദ്ധമായ നിലത്തുനിന്ന് പറിച്ചെടുത്തവ. സപാദം പ്രസ്ഥം വിദധ്യാത്: മേൽപ്പറഞ്ഞ ഓരോ ഔഷധവും ഒന്നേകാൽ പ്രസ്ഥം (ഏകദേശം 20 പലം വീതം) എടുക്കണം. അഷ്ടഭിഃ ദ്രോണൈഃ അപാം: ഇവയെല്ലാം ചതച്ച് എട്ട് ദ്രോണം (ഏകദേശം 100 ലിറ്ററോളം) ശുദ്ധജലത്തിൽ ചേർക്കണം. ഏവ പക്ത്വാ: മന്ദാഗ്നിയിൽ ക്രമമായി തിളപ്പിച്ചു വറ്റിച്ച്. പാദാവശേഷേണ തേന രസേന: നാലിലൊന്നായി (രണ്ട് ദ്രോണമായി) ചുരുക്കി ആ കഷായനീര് അരിച്ചെടുക്കണം.

2. സ്നേഹദ്രവ്യവും ദ്രവദ്രവ്യങ്ങളും (ശ്ലോകം 153 - 154 ആദ്യപകുതി)

തൈലാഢകാഭ്യാം സമമേവ ദുഗ്ധമാജം നിദധ്യാദഥവാപി ഗവ്യമ് ।

ഏകത്ര സമ്യഗ്വിപചേത്സുബുദ്ധിർദദ്യാദ്രസഞ്ചൈവ ശതാവരീണാമ് ॥ 153 ॥

തൈലേന തുല്യം പുനരേവ തത്ര...

വ്യാഖ്യാനം:

സുബുദ്ധിഃ: ശാസ്ത്രബോധവും യുക്തിയുമുള്ള ഭിഷഗ്വരൻ. തൈലാഢകാഭ്യാം: രണ്ട് ആഢകം (ഒരു ദ്രോണത്തിന്റെ പകുതി അഥവാ 8 പ്രസ്ഥം) ശുദ്ധമായ നല്ലെണ്ണയിൽ. ആജം അഥവാ അഭി ഗവ്യം ദുഗ്ധം: എണ്ണയുടെ അതേ അളവിൽ ആട്ടിൻപാലോ അല്ലെങ്കിൽ പശുവിൻപാലോ. സമം ഏവ നിദധ്യാത്: ഒരേ അളവിൽ ചേർക്കണം.ശതാവരീണാം രസം ച ഏവ: വാതപിത്തങ്ങളെ ശമിപ്പിക്കുന്ന ശതാവരിക്കിഴങ്ങിന്റെ നീര്. തൈലേന തുല്യം പുനഃ ഏവ തത്ര: നല്ലെണ്ണയുടെ അതേ തുല്യ അളവിൽ വീണ്ടും അതിലേക്ക് ചേർക്കണം. ഏകത്ര സമ്യക് വിപചേത്: ഇവയെല്ലാം ഒന്നിച്ചുചേർത്ത് ശാസ്ത്രീയമായി പാകം ചെയ്യാൻ തുടങ്ങണം.

3. അരപ്പുദ്രവ്യങ്ങൾ അഥവാ കൽക്കം (ശ്ലോകം 154 രണ്ടാംപകുതി - 156 ആദ്യപകുതി)

...രാസ്നാശ്വഗന്ധാമിഷിദാരുകുഷ്ഠമ് ।

പർണീചതുഷ്കാഗുരുകേശരാണി സിന്ധൂത്ഥമാംസീരജനീദ്വയഞ്ച ॥ 154 ॥

ശൈലേയകം ചന്ദനപുഷ്കരാണി ഏലാസ്രയഷ്ടീതഗരാബ്ദപത്രമ് ।

ഭൃംഗാഷ്ടവർഗാംബുവചാപലാശം സ്ഥൗണേയവൃശ്ചീരകചോരകാഖ്യമ് ॥ 155 ॥

ഏതൈഃ സമസ്തൈർദ്വിപലപ്രമാണൈരാലോഡ്യ സർവം വിധിനാ വിപക്വമ് ।

വ്യാഖ്യാനം:

തൈലത്തിന് വീര്യമേകുന്ന അരപ്പുദ്രവ്യങ്ങൾ ഇവയാണ്: രാസ്നാ: വാതവേദനകളിൽ ഏറ്റവും പ്രധാനമായ അരത്ത. അശ്വഗന്ധാ: അമുക്കുരം. മിഷി: ശതകുപ്പ. ദാരു: ദേവദാരം. കുഷ്ഠമ്: കൊട്ടം. പർണീചതുഷ്ക: ജീവനശക്തി നൽകുന്ന നാല് ഇലച്ചെടികൾ (ഓരില, മൂവില, കാട്ടുപയർ, കാട്ടുഴുന്ന്). അഗുരു: അകിൽത്തടി. കേശരാണി: നാഗപ്പൂവ് (നാഗകേസരം). സിന്ധൂത്ഥ: ഔഷധത്തെ കോശങ്ങളിലേക്ക് ആഴ്ന്നിറക്കുന്ന ഇന്തുപ്പ്. മാംസീ: നാഡികൾക്ക് തണുപ്പ് തരുന്ന ജടാമാഞ്ചി. രജനീദ്വയഞ്ച: രണ്ട് മഞ്ഞളുകൾ (പച്ചമഞ്ഞളും മരമഞ്ഞളും).

ശൈലേയകം: കൽപ്പാസി-(കൽപ്പൂവ് (Parmotrema perlatum.) ചന്ദന: രക്തപ്രസാദകമായ ചന്ദനം. പുഷ്കരാണി: പുഷ്കരമൂലം. ഏലാ: ഏലത്തരി. അസ്ര: രക്തചന്ദനം. യഷ്ടീ: ഇരട്ടിമധുരം. തഗര: തകരം. അബ്ദ: മുത്തങ്ങക്കിഴങ്ങ്. പത്രമ്: എലവർഗ്ഗത്തോൽ (വയണയില). ഭൃംഗ: കഞ്ഞുണ്ണി (കയ്യോന്നി). അഷ്ടവർഗ: ജീവകം, ഇടവകം, മേദ, മഹാമേദ, കാകോളി, ക്ഷീരകാകോളി, ഋദ്ധി, വൃദ്ധി എന്നീ അപൂർവ്വ ധാതുപോഷക രസായനക്കൂട്ടുകൾ. അംബു: ഇരുവേലി. വചാ: വയമ്പ്. പലാശം: പ്ലാശിൻപൂവ്/വിത്ത്. സ്ഥൗണേയ: കൊട്ടം (Kottam). വൃശ്ചീരക: വെള്ളത്തഴുതാമ. ചോരകാഖ്യമ്: ചോരകം  (Angelica glauca).

ഏതൈഃ സമസ്തൈഃ: മേൽപ്പറഞ്ഞ കൽക്കദ്രവ്യങ്ങളെല്ലാം. ദ്വിപലപ്രമാണൈഃ: ഓരോന്നും രണ്ട് പലം വീതം (ഏകദേശം 96 ഗ്രാം വീതം) എടുത്ത്. ആലോഡ്യ: നന്നായി അരച്ച് കഷായത്തിലും പാലിലും എണ്ണയിലും കലക്കിച്ചേർത്ത്. വിധിനാ സർവം വിപക്വം: ശാസ്ത്രീയമായ സ്നേഹപാകവിധി പ്രകാരം മന്ദാഗ്നിയിൽ കാച്ചിയെടുക്കണം.

4. സുഗന്ധ-പ്രക്ഷേപ ദ്രവ്യങ്ങൾ (ശ്ലോകം 156 രണ്ടാംപകുതി - 157)

...കർപ്പൂരകാശ്മീരമൃഗാണ്ഡജാനാം ചൂർണീകൃതാനാം ത്രിപലപ്രമാണമ് ॥ 156 ॥

പ്രസ്വേദദൗർഗന്ധ്യനിവാരണായ ദദ്യാത് സുഗന്ധായ വദന്തി കേചിത് ।

നാരായണം നാമ മഹച്ച തൈലം സർവപ്രകാരൈർവിധിവത്പ്രയോജ്യമ് ॥ 157 ॥

വ്യാഖ്യാനം:

കർപ്പൂര: പച്ചക്കർപ്പൂരം. കാശ്മീര: കാശ്മീരിലെ ശുദ്ധമായ കുങ്കുമപ്പൂവ്. മൃഗാണ്ഡജാനാം: കസ്തൂരിമാനിന്റെ കസ്തൂരി. ചൂർണീകൃതാനാം: ഇവയെല്ലാം സൂക്ഷ്മമായി പൊടിച്ചെടുത്ത്. ത്രിപലപ്രമാണമ്: ആകെ മൂന്നു പലം അളവിൽ പാകം ചെയ്തു വാങ്ങിവെച്ച തൈലത്തിൽ തൂവണം. പ്രസ്വേദ ദൗർഗന്ധ്യ നിവാരണായ: ശരീരത്തിലെ അമിതമായ വിയർപ്പും ദുർഗന്ധവും അകറ്റാനാണ് ഇത് ചേർക്കുന്നത്. സുഗന്ധായ വദന്തി കേചിത്: തൈലത്തിന് ദിവ്യമായ സൗരഭ്യം നൽകുന്നതിനാണ് ഇതെന്നും ചില ആചാര്യന്മാർ വ്യക്തമാക്കുന്നു.

മഹത് നാരായണം നാമ തൈലം: ഇതിനെയാണ് അതിശ്രേഷ്ഠമായ മഹാനാരായണ തൈലം എന്ന് വിളിക്കുന്നത്. സർവപ്രകാരൈഃ: തേച്ചുരുമ്മൽ, ഉള്ളിൽ കഴിക്കൽ, നസ്യം, വസ്തി തുടങ്ങിയ സകല ചികിത്സാരീതികളിലൂടെയും. വിധിവത് പ്രയോജ്യമ്: രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച് കൃത്യമായ അളവിൽ ഉപയോഗിക്കാവുന്നതാണ്.

5. ഫലശ്രുതിയും രോഗശമന ഗുണങ്ങളും (ശ്ലോകം 158 - 161)

ആശ്വേവ പുംസാം പവനാര്ദിതാനാമംഗഹീനാർദിതവേപനാനാമ് ।

യേ പങ്കവഃ പീഠവിസർപ്പിണശ്ച ബാധിര്യശുക്രക്ഷയപീഡിതാശ്ച ॥ 158 ॥

മന്യാഹനുസ്തംഭശിരോരുജാർത്താ മുക്താമയാസ്തേ ബലവർണ്ണയുക്താഃ ।

സംസേവ്യ തൈലം സഹസാ ഭവന്തി വന്ധ്യാ ച നാരീ ലഭതേ ച പുത്രമ് ॥ 159 ॥

വീരോപമം സർവഗുണോപപന്നം സുമേധസം ശ്രീവിനയാന്വിതഞ്ച ।

ശാഖാശ്രിതേ കോഷ്ഠഗതേ ച വാതേ വൃദ്ധൗ വിധേയം പവനാര്ദിതാനാമ് ॥ 160 ॥

ജിഹ്വാനിലേ ദന്തഗതേ ച ശൂലേ ഉന്മാദകൗബ്ജ്യജ്വരകർഷിതാനാമ് ।

പ്രാപ്നോതി ലക്ഷ്മീം പ്രമദാപ്രിയത്വം വപുഃപ്രകർഷം വിജയഞ്ച നിത്യമ് ॥ 161 ॥

 വ്യാഖ്യാനം:

പവനാര്ദിതാനാം പുംസാം: അതിശക്തമായ വാതകോപത്താൽ വലയുന്ന മനുഷ്യർക്ക്. ആശു ഏവ: അതിവേഗം തന്നെ ശമനം തരുന്നു. അംഗഹീന: ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോയ പക്ഷാഘാതം. അർദിത: മുഖം ഒരുവശത്തേക്ക് കോടിപ്പോകുന്ന മുഖവാതം. വേപനാനാം: വിറവാതം, കമ്പവാതം തുടങ്ങിയ രോഗങ്ങൾ. യേ പങ്കവഃ: കാലുകൾക്ക് ശേഷിയില്ലാതെ മുടന്തി നടക്കുന്നവർ. പീഠവിസർപ്പിണഃ ച: സ്വന്തമായി നിൽക്കാനോ നടക്കാനോ കഴിയാതെ പലകയിലോ വീൽചെയറിലോ നിരങ്ങി നീങ്ങേണ്ടിവരുന്ന പരസഹായമില്ലാത്ത തളർവാതരോഗികൾ. ബാധിര്യ: കേൾവിക്കുറവും ബധിരതയും. ശുക്രക്ഷയ പീഡിതാഃ ച: ധാതുക്ഷയം മൂലവും ശുക്ലക്കുറവുമൂലവും പ്രയാസപ്പെടുന്നവർ.

മന്യാസ്തംഭ: കഴുത്ത് തിരിക്കാൻ പറ്റാത്തവിധം മുറുകിപ്പോകുന്ന അവസ്ഥ. ഹനുസ്തംഭ: താടിയെല്ല് അനക്കാനോ വായ തുറക്കാനോ പറ്റാത്ത അവസ്ഥ. ശിരോരുജാ ആർത്താഃ: വിട്ടുമാറാത്ത തലവേദനയുള്ളവർ. സംസേവ്യ തൈലം: ഈ തൈലം വിധിപ്രകാരം ശീലിക്കുന്നതിലൂടെ. സഹസാ മുക്താമയാഃ: രോഗങ്ങളിൽ നിന്നെല്ലാം അതിവേഗം മുക്തി നേടി. ബലവർണ്ണയുക്താഃ ഭവന്തി: ശരീരത്തിന് അപാരമായ ബലവും തിളക്കമുള്ള വർണ്ണവും ഉള്ളവരായി മാറുന്നു.

വന്ധ്യാ ച നാരീ: കുട്ടികളില്ലാത്ത വന്ധ്യയായ സ്ത്രീക്ക്. ലഭതേ ച പുത്രമ്: ഉത്തമനായ പുത്രനെ ലഭിക്കുന്നു; ആ കുട്ടി: വീരോപമം: പരാക്രമശാലിയും. സർവഗുണോപപന്നം: സകല സൽഗുണങ്ങളും നിറഞ്ഞവനും. സുമേധസം: അതീവ ബുദ്ധിമാനും. ശ്രീവിനയാന്വിതഞ്ച: സമ്പത്തും വിനയവും തികഞ്ഞവനുമായിരിക്കും.

ശാഖാശ്രിതേ വാതേ: കൈകാലുകൾ, പേശികൾ തുടങ്ങിയ ശാഖകളിൽ ബാധിച്ച വാതത്തിലും. കോഷ്ഠഗതേ വാതേ: ഉദരം, കുടൽ തുടങ്ങിയ ആന്തരാവയവങ്ങളിൽ കുടുങ്ങിയ വാതത്തിലും. വൃദ്ധൗ: അണ്ഡവൃദ്ധി, ഹെർണിയ തുടങ്ങിയ അവസ്ഥകളിലും. വിധേയം: ഈ തൈലം വളരെ പ്രയോജനപ്രദമാണ്.

ജിഹ്വാ അനിലേ: നാവിന്റെ തളർച്ചയിലും സംസാരശേഷി കുറയുന്നതിലും. ദന്തഗതേ ച ശൂലേ: ഞരമ്പുകളിലെ ബലക്കുറവുമൂലമുണ്ടാകുന്ന കഠിനമായ പല്ലുവേദനയിലും. ഉന്മാദ: മാനസിക നില തെറ്റുന്ന അവസ്ഥകളിൽ. കൗബ്ജ്യ: നട്ടെല്ല് വളഞ്ഞുപോകുന്ന കൂന്. ജ്വരകർഷിതാനാം: വിട്ടുമാറാത്ത പനി ബാധിച്ച് ശരീരം ക്ഷയിച്ചു മെലിഞ്ഞുപോയവരിലും.

പ്രാപ്നോതി ലക്ഷ്മീം: ഇത് ഉപയോഗിക്കുന്ന വ്യക്തി ഐശ്വര്യം നേടുന്നു. പ്രമദാപ്രിയത്വം: മറ്റുള്ളവർക്ക് പ്രിയങ്കരനായി മാറുന്നു. വപുഃപ്രകർഷം: ശരീരത്തിന് നല്ല കരുത്തും വശ്യതയും ഉണ്ടാകുന്നു. വിജയം ച നിത്യമ്: രോഗങ്ങളെ ജയിച്ച് ദീർഘായുസ്സോടെ വിജയം വരിക്കുന്നു.

6. രസായന ഗുണവും ദിവ്യ ഉത്പത്തിയും (ശ്ലോകം 162)

തൈലോപസേവീ ജരയാഭിമുക്തോ ജീവേച്ചിരാച്ചാപി ഭവേദ്യുവേവ ।

ദേവാസുരേ യുദ്ധപരേ സമീക്ഷ്യ സ്നായ്വസ്ഥിഭഗ്നാനസുരൈഃ സുരാംശ്ച ।

നാരായണേനാപി സുബൃംഹണാർത്ഥം സ്വനാമതൈലം വിഹിതഞ്ച തേഷാമ് ॥ 162 ॥

 വ്യാഖ്യാനം:

തൈലോപസേവീ: ഈ തൈലം നിത്യവും ഉപയോഗിക്കുന്നയാൾ. ജരയാ അഭിമുക്തഃ: അകാലവാർദ്ധക്യം, സന്ധിതേയ്മാനം, ഞരമ്പുകളുടെ തളർച്ച എന്നിവയിൽ നിന്നും പൂർണ്ണമായി രക്ഷപ്പെടുന്നു. യുവ ഏവ ഭവേത്: ചെറുപ്പക്കാരനെപ്പോലെ വീര്യമുള്ളവനായി മാറുന്നു. ചിരാത് ജീവേത് ച അപി: ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു.

ദേവാസുരേ യുദ്ധപരേ: പണ്ട് ദേവന്മാരും അസുരന്മാരും തമ്മിൽ അതിഘോരമായ യുദ്ധം നടന്ന വേളയിൽ. അസുരൈഃ: അസുരന്മാരുടെ കഠിനമായ ആയുധപ്രഹരങ്ങളാൽ. സ്നായ്വസ്ഥിഭഗ്നാൻ: സന്ധികളെ ബന്ധിപ്പിച്ചു നിർത്തുന്ന സ്നായുക്കൾക്കും എല്ലുകൾക്കും ഗുരുതരമായി ക്ഷതവും ഒടിവും സംഭവിച്ച. സുരാംശ്ച: ദേവന്മാരെ. സമീക്ഷ്യ: നേരിൽക്കണ്ട് മനസ്സിലാക്കി. നാരായണേനാപി: ജഗത്‌രക്ഷകനായ സാക്ഷാൽ ശ്രീനാരായണനാൽ. തേഷാം: പരിക്കേറ്റ ആ ദേവന്മാർക്ക്. സുബൃംഹണാർത്ഥം: തകർന്ന കലകളെയും ഞരമ്പുകളെയും അതിശക്തമായി പുനരുജ്ജീവിപ്പിച്ചു ബലപ്പെടുത്തുന്നതിനായി. സ്വനാമതൈലം: സ്വന്തം നാമത്തിലുള്ള ഈ വിശിഷ്ട ഔഷധക്കൂട്ടായ നാരായണ തൈലം. വിഹിതം ച: ശാസ്ത്രീയമായി നിർമ്മിച്ച് ഉപദേശിച്ചു നൽകപ്പെടുകയും ചെയ്തു.

മഹാനാരായണ തൈലം ഏതൊക്കെ രോഗങ്ങൾക്ക് ഉപയോഗിക്കുന്നു? ഗ്രന്ഥത്തിൽ പറയുന്നത് എന്താണ്?

മഹാനാരായണ തൈലം എന്ന് കേൾക്കുമ്പോൾ പലർക്കും ആദ്യം ഓർമ്മ വരുന്നത് സന്ധിവേദനയ്ക്കും ശരീരവേദനയ്ക്കും തേച്ചുപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണ എന്നതാണ്. എന്നാൽ ഭൈഷജ്യരത്നാവലിയുടെ വാതവ്യാധി അധികാരത്തിൽ വരുന്ന മഹാനാരായണ തൈലത്തിന്റെ ശ്ലോകങ്ങൾ നോക്കിയാൽ, ഇതിന്റെ പരമ്പരാഗത പ്രയോഗം അതിലും വിശാലമാണെന്ന് മനസ്സിലാകും. സന്ധികൾ, പേശികൾ, സ്നായുക്കൾ, ചലനക്കുറവ്, വാതവ്യാധികൾ, ശരീരക്ഷയം തുടങ്ങിയ പല അവസ്ഥകളും ശ്ലോകങ്ങളിൽ പരാമർശിക്കുന്നുണ്ട്.

തളർവാതങ്ങളും നാഡീരോഗങ്ങളും

ശ്ലോകത്തിൽ ആദ്യം തന്നെ പറയുന്നത് കഠിനമായ വാതകോപം കൊണ്ട് വലയുന്നവരെക്കുറിച്ചാണ് (പവനാര്ദിതാനാം). ശരീരം ഒരുവശം തളർന്നുപോകുന്ന പക്ഷാഘാതം അഥവാ പാരാലിസിസ് (അംഗഹീന), മുഖത്തിന്റെ പേശികൾ കോടിപ്പോകുകയും വായ ഒരുവശത്തേക്ക് ചരിഞ്ഞുപോകുകയും ചെയ്യുന്ന ബെൽസ് പാൾസി അഥവാ മുഖവാതം (അർദിത), കൈകാലുകൾ അനിയന്ത്രിതമായി വിറയ്ക്കുന്ന പാർക്കിൻസൺസ് അഥവാ കമ്പവാതം (വേപന) എന്നിവയ്ക്കൊക്കെ ഈ തൈലം തളർന്ന നാഡികളെ ഉണർത്താൻ സഹായിക്കും.

നടക്കാൻ കഴിയാത്ത അവസ്ഥകളും സന്ധി-സ്നായു തകരാറുകളും

കാലുകൾക്ക് സ്വാധീനക്കുറവുള്ളതുകൊണ്ട് വേച്ചുനടക്കുന്നവർക്കും മുടന്തുള്ളവർക്കും (പങ്കു) ഈ തൈലം വളരെ ആശ്വാസമാണ്. ഇതിലും കഷ്ടമാണ് നടക്കാൻ പോയിട്ട് സ്വന്തമായി എഴുന്നേറ്റുനിൽക്കാൻ പോലും കഴിയാതെ പലകയിലോ വീൽചെയറിലോ നിരങ്ങി നീങ്ങേണ്ടിവരുന്ന പരസഹായമില്ലാത്ത കിടപ്പുരോഗികളുടെ അവസ്ഥ (പീഠവിസർപ്പിണഃ); അവർക്ക് പേശികൾക്ക് ജീവൻ നൽകാൻ മഹാനാരായണ തൈലത്തിന്റെ അഭ്യംഗം വലിയ പങ്കുവഹിക്കുന്നു. ഒപ്പം കഴുത്ത് അനക്കാൻ പറ്റാത്തവിധം കല്ലിച്ചുപോകുന്ന സെർവിക്കൽ സ്പോണ്ടിലോസിസ് അഥവാ മന്യാസ്തംഭം (മന്യാസ്തംഭ), വായ തുറക്കാനോ ഭക്ഷണം ചവയ്ക്കാനോ പറ്റാതെ താടിയെല്ലുകൾ പൂട്ടിപ്പോകുന്ന ലോക്ക്-ജോ അവസ്ഥ (ഹനുസ്തംഭ), നട്ടെല്ല് വളഞ്ഞുപോയി കൂന് വരുന്ന അവസ്ഥകൾ (കൗബ്ജ്യ) എന്നിവയിലെല്ലാം അസ്ഥികൾക്കും സന്ധികൾക്കും വഴക്കം നൽകാൻ ഇത് ഉത്തമമാണ്. കൂടാതെ, ദേവാസുരയുദ്ധത്തിൽ പരിക്കേറ്റവർക്കായി നിർദ്ദേശിച്ചതുപോലെ, ലിഗമെന്റുകൾക്ക് ഏൽക്കുന്ന കീറലുകൾ, ടെൻഡൻ ഇഞ്ചുറികൾ, ഒടിവുചതവുകൾ എന്നിവയിലെല്ലാം കോശങ്ങളെ വീണ്ടും യോജിപ്പിക്കാൻ (സ്നായ്വസ്ഥിഭഗ്ന) ഇതിലും മികച്ചൊരു കൂട്ട് ആയുർവേദത്തിൽ വേറെയില്ല.

ഇന്ദ്രിയങ്ങളെയും ശിരസ്സിനെയും ബാധിക്കുന്ന പ്രശ്നങ്ങൾ

ശരീരത്തിന്റെ പുറമെയുള്ള വേദനകൾക്ക് മാത്രമല്ല ഇത്. നാഡികളുടെ ക്ഷയം കാരണം ഉണ്ടാകുന്ന കേൾവിക്കുറവിനും ബധിരതയ്ക്കും (ബാധിര്യ), നാവ് കുഴഞ്ഞുപോകുന്നതിനും സംസാരിക്കാൻ ബുദ്ധിമുട്ട് വരുന്നതിനും (ജിഹ്വാനില), ഞരമ്പുകളിലെ ബലക്കുറവ് കാരണം പല്ലിന്റെ വേരുകളിൽ നിന്നുണ്ടാകുന്ന അതികഠിനമായ പല്ലുവേദനയ്ക്കും (ദന്തശൂല), വല്ലാത്ത തലവേദനയ്ക്കും മൈഗ്രേനിനും (ശിരോരുജാ) ഈ തൈലം കൃത്യമായ വിധിപ്രകാരം പ്രയോഗിക്കാറുണ്ട്.

ആന്തരാവയവങ്ങളിലെ വാതവും ശരീരവീക്കങ്ങളും

കൈകാലുകളിലെ പേശികളിൽ തങ്ങിനിൽക്കുന്ന ശാഖാശ്രിത വാതത്തിലും (ശാഖാശ്രിതേ വാതേ), ആമാശയവും കുടലും അടങ്ങുന്ന ആന്തരാവയവങ്ങളിൽ അടിഞ്ഞുകൂടി വയറുവേദനയും ഗ്യാസും ഉണ്ടാക്കുന്ന കോഷ്ഠഗത വാതത്തിലും (കോഷ്ഠഗതേ വാതേ) ഇത് ഒരുപോലെ ഫലം ചെയ്യും. കൂടാതെ വൃഷണം വീർത്തു വരുന്ന അവസ്ഥകൾ, ഹൈഡ്രോസിൽ, ഹെർണിയ പോലുള്ള രോഗങ്ങളിലും (വൃദ്ധൗ) ശ്ലോകം ഈ തൈലപ്രയോഗം പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്.

മാനസികാരോഗ്യവും വിട്ടുമാറാത്ത പനിയും

ശരീരത്തിൽ വാതം അതിരൂക്ഷമാകുമ്പോൾ അത് മനസ്സിനെയും ബാധിക്കാം. അത്തരത്തിൽ ബുദ്ധിഭ്രമവും അമിതമായ ഉത്കണ്ഠയും മനോനില തെറ്റലും ഉണ്ടാകുന്ന ഉന്മാദാവസ്ഥകളിലും (ഉന്മാദ), വിട്ടുമാറാത്ത പനി വന്ന് ശരീരം മെലിഞ്ഞ് എല്ലും തോലുമായി പോയവരിലും (ജ്വരകർഷിത) നഷ്ടപ്പെട്ട കരുത്ത് തിരിച്ചുപിടിക്കാൻ ഈ തൈലം ഉള്ളിലേക്കും പുറമേക്കും നിർദ്ദേശിക്കാറുണ്ട്.

പ്രത്യുൽപാദനശേഷിയും വന്ധ്യതാ നിവാരണവും

ശുക്ലക്കുറവും ധാതുക്ഷയവും ലൈംഗിക തളർച്ചയും കൊണ്ട് വിഷമിക്കുന്ന പുരുഷന്മാർക്ക് (ശുക്രക്ഷയപീഡിത) ഇത് മികച്ച പോഷണം നൽകുന്നു. അതുപോലെതന്നെ കുട്ടികളുണ്ടാകാതെ വിഷമിക്കുന്ന സ്ത്രീകൾക്ക് ഗർഭധാരണത്തിന് സഹായകമായി (വന്ധ്യാ ച നാരീ ലഭതേ ച പുത്രമ്) ആയുർവേദത്തിൽ ഈ തൈലം വിധിക്കാറുണ്ട്. അങ്ങനെ ജനിക്കുന്ന കുഞ്ഞ് ആരോഗ്യവാനും ധൈര്യശാലിയും സകല സൽഗുണങ്ങളും വിനയവും തികഞ്ഞവനുമായിരിക്കും (വീരോപമംവഗുണോപപന്നം) എന്നും ശ്ലോകത്തിൽ ആചാര്യന്മാർ വാഴ്ത്തുന്നു.

യൗവനവും ശരീരസൗന്ദര്യവും വിയർപ്പുനാറ്റവും

കസ്തൂരിയും കുങ്കുമപ്പൂവും പച്ചക്കർപ്പൂരവും ചേർത്ത് കാച്ചിയെടുക്കുന്നതുകൊണ്ട്, അമിതമായി വിയർക്കുന്നതും വിയർപ്പിന്റെ അസഹ്യമായ ദുർഗന്ധം മാറ്റുന്നതിനും (പ്രസ്വേദദൗർഗന്ധ്യനിവാരണായ) ഇത് വളരെ നല്ലതാണ്. ശരീരത്തിന് അപാരമായ ബലവും തിളങ്ങുന്ന ചർമ്മകാന്തിയും (ബലവർണ്ണയുക്താഃ) വശ്യതയും (വപുഃപ്രകർഷം) നൽകുന്ന ഈ തൈലം സ്ഥിരമായി ശീലിക്കുന്നവർക്ക് അകാലവാർദ്ധക്യം ഉണ്ടാവില്ലെന്നും ദീർഘകാലം ചെറുപ്പക്കാരെപ്പോലെ ആരോഗ്യത്തോടെ ജീവിക്കാമെന്നും (ജരയാഭിമുക്തോ ഭവേദ്യുവേവ) ഭൈഷജ്യരത്നാവലി സാക്ഷ്യപ്പെടുത്തുന്നു.

മഹാനാരായണ തൈലം എങ്ങനെ ഉപയോഗിക്കുന്നു?

മഹാനാരായണ തൈലം എന്ന് കേൾക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരുടെയും മനസ്സിൽ വരുന്നത്, കടയിൽ നിന്ന് വാങ്ങി വേദനയുള്ള കാൽമുട്ടിലോ നടുവിലോ കുറച്ചു തടവി വിടുന്ന കാര്യം മാത്രമായിരിക്കും. എന്നാൽ പഴയ ഗ്രന്ഥങ്ങൾ പറയുന്നത് രോഗത്തിന്റെ കാഠിന്യമനുസരിച്ച് ഒരൊറ്റ എണ്ണ കൊണ്ട് തന്നെ നാല് വ്യത്യസ്ത വഴികളിലൂടെ ശരീരത്തെ സുഖപ്പെടുത്താം എന്നാണ്.

പുറമെ തേച്ചുപിടിപ്പിക്കൽ (അഭ്യംഗം)

നമ്മൾ സാധാരണയായി ചെയ്യുന്ന രീതിയാണിത്. പക്ഷേ ഇതിലുമൊരു ചെറിയ ശ്രദ്ധ വേണം. എണ്ണ നേരിട്ട് തീയിൽ വെച്ച് ചൂടാക്കാതെ, ഒരു ചെറിയ പാത്രത്തിലൊഴിച്ച് ചൂടുവെള്ളത്തിൽ ഇറക്കിവെച്ച് ഇളംചൂടാക്കി വേണം പുരട്ടാൻ. വേദനയുള്ള ഭാഗങ്ങളിൽ എണ്ണ പതുക്കെ തേച്ചുപിടിപ്പിച്ച് മൃദുവായി തടവുകയാണ് വേണ്ടത്; അല്ലാതെ ശക്തിയായി തിരുമ്മുകയല്ല ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ തൈലത്തിലെ ഔഷധഗുണങ്ങൾ ചർമ്മത്തിലെ സൂക്ഷ്മ സുഷിരങ്ങളിലൂടെ ഞരമ്പുകളിലേക്ക് ഇറങ്ങിച്ചെല്ലും. അരമണിക്കൂറിന് ശേഷം ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണി കൊണ്ട് ഒപ്പിയെടുക്കുകയോ കുളിക്കുകയോ ചെയ്യുമ്പോൾ പേശികളിലെ മുറുക്കം താനേ അയയും. നടുവേദനയ്ക്കുള്ള കടിബസ്തിയും മുട്ടുവേദനയ്ക്കുള്ള ജാനുബസ്തിയുമൊക്കെ ഇത്തരത്തിൽ പുറമെ ചെയ്യുന്ന പ്രത്യേക ചികിത്സകളാണ്.

ഉള്ളിലേക്ക് കഴിക്കുന്നത് (പാനം)

എണ്ണ കുടിക്കുക എന്ന് കേൾക്കുമ്പോൾ പലർക്കും ചെറിയൊരു അതിശയം തോന്നാം. എന്നാൽ നാഡികൾ വല്ലാതെ ക്ഷയിച്ചുപോയ അവസ്ഥകളിലും തളർവാതത്തിലും പുറമെ മാത്രം എണ്ണ തേച്ചതുകൊണ്ട് പെട്ടെന്ന് ഫലം കിട്ടണമെന്നില്ല. അത്തരം ഘട്ടങ്ങളിൽ ഔഷധവീര്യം നേരിട്ട് ആന്തരിക കോശങ്ങളിലേക്ക് എത്താൻ ഡോക്ടർമാർ ഇത് ഉള്ളിലേക്ക് കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്. സ്വന്തം ഇഷ്ടപ്രകാരം കുടിക്കുന്ന ഒന്നല്ലിത്. രോഗിയുടെ ദഹനശേഷി നോക്കി, തിളപ്പിച്ചാറിയ പാലിലോ നിർദ്ദിഷ്ട കഷായങ്ങളിലോ വളരെ കുറഞ്ഞ അളവിൽ തുള്ളികളായി ചേർത്താണ് വൈദ്യന്മാർ ഇത് സേവിക്കാൻ നൽകുന്നത്.

മൂക്കിലൂടെയുള്ള പ്രയോഗം (നസ്യം)

കഴുത്തിന് മുകളിലോട്ടുള്ള രോഗങ്ങൾക്ക് ആയുർവേദം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വഴിയാണിത്. കാരണം, തലച്ചോറിലേക്കും അവിടുത്തെ നാഡീവ്യൂഹങ്ങളിലേക്കുമുള്ള എളുപ്പവഴിയാണ് നമ്മുടെ നാസാരന്ധ്രങ്ങൾ. മുഖം ഒരുവശത്തേക്ക് കോടിപ്പോകുന്ന മുഖവാതം, കഴുത്ത് അനക്കാൻ പറ്റാത്തവിധം കല്ലിച്ചുപോകുന്ന അവസ്ഥ, ഞരമ്പുകളുടെ തളർച്ച കൊണ്ടുള്ള കേൾവിക്കുറവ്, തലവേദന എന്നിവയിലൊക്കെ മഹാനാരായണ തൈലം കൃത്യമായ അളവിൽ മൂക്കിലേക്ക് ഇറ്റിക്കുന്ന നസ്യചികിത്സ ചെയ്യാറുണ്ട്. ഇത് തളർന്ന നാഡികളെ വളരെ വേഗത്തിൽ ഉണർത്താൻ സഹായിക്കും.

വൻകുടലിലേക്ക് നൽകുന്ന വസ്തിചികിത്സ

ആയുർവേദത്തിൽ വസ്തിചികിത്സയ്ക്ക് വാതവ്യാധികളുടെ ചികിത്സയിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് നൽകുന്നത്. അതുകൊണ്ടുതന്നെ മഹാനാരായണ തൈലത്തെക്കുറിച്ച് പറയുമ്പോൾ വസ്തിയെക്കുറിച്ചും അറിയുന്നത് നല്ലതാണ്.

വസ്തി എന്നത് ഗുദമാർഗത്തിലൂടെ ഔഷധദ്രവ്യങ്ങൾ നിർദ്ദിഷ്ട രീതിയിൽ ശരീരത്തിലേക്ക് നൽകുന്ന ആയുർവേദ ചികിത്സാരീതിയാണ്. ഇത് വെറുതെ തൈലം ഉള്ളിലേക്ക് ഒഴിക്കുന്ന ഒരു രീതിയല്ല. ഏത് തൈലം ഉപയോഗിക്കണം, എത്ര അളവിൽ നൽകണം, എപ്പോൾ നൽകണം, എത്ര ദിവസം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ രോഗിയുടെ അവസ്ഥ നോക്കിയാണ് തീരുമാനിക്കുന്നത്.

വാതദോഷവുമായി ബന്ധപ്പെട്ട ചില രോഗാവസ്ഥകളിൽ തൈല വസ്തി, പ്രത്യേകിച്ച് അനുവാസന വസ്തി, ആയുർവേദ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കാറുണ്ട്. നടുവിനും കാലിനും പടരുന്ന വേദന, സയാറ്റിക്കയുമായി ബന്ധപ്പെട്ട ചില വാതാവസ്ഥകൾ, സന്ധി-സ്നായു സംബന്ധമായ ചില പ്രശ്നങ്ങൾ തുടങ്ങിയവയിൽ രോഗനിർണയത്തിന് ശേഷം വസ്തി ചികിത്സ പരിഗണിക്കാം.

ആയുർവേദത്തിന്റെ കാഴ്ചപ്പാടിൽ കോഷ്ഠം വാതത്തിന്റെ പ്രധാന സ്ഥാനങ്ങളിലൊന്നാണ്. അതുകൊണ്ടാണ് വാതവ്യാധികളുടെ ചികിത്സയിൽ വസ്തിക്ക് ഇത്രയും പ്രാധാന്യം നൽകുന്നത്. എന്നാൽ “വൻകുടലിലേക്ക് തൈലം കൊടുത്താൽ ശരീരത്തിലെ എല്ലാ വാതപ്രശ്നങ്ങളും മാറും” എന്ന രീതിയിൽ ഇതിനെ  പറയുന്നത് ശരിയല്ല. വസ്തിയുടെ ഫലം രോഗത്തിന്റെ സ്വഭാവത്തെയും രോഗിയുടെ ശരീരാവസ്ഥയെയും ചികിത്സാരീതിയെയും ആശ്രയിച്ചിരിക്കും.

മറ്റൊരു പ്രധാന കാര്യം — വസ്തി വീട്ടിൽ സ്വയം പരീക്ഷിക്കേണ്ട ചികിത്സയല്ല. ശരിയായ രീതിയിൽ ചെയ്യാത്ത പക്ഷം അസ്വസ്ഥതകളും സങ്കീർണതകളും ഉണ്ടാകാം. രോഗിയുടെ ദോഷാവസ്ഥ, ശരീരശക്തി, പ്രായം, ദഹനശക്തി, രോഗത്തിന്റെ ഘട്ടം തുടങ്ങിയവ പരിഗണിച്ചാണ് ആയുർവേദ ഡോക്ടർ വസ്തിയുടെ തരം തിരഞ്ഞെടുക്കുന്നത്.

ചുരുക്കത്തിൽ പറഞ്ഞാൽ, മഹാനാരായണ തൈലത്തിന്റെ ഗുണം എണ്ണയുടെ പേരിൽ മാത്രം തീരുമാനിക്കപ്പെടുന്നതല്ല. ആർക്കാണ്, ഏത് രോഗാവസ്ഥയിലാണ്, എങ്ങനെ, എത്ര അളവിൽ, ഏത് ചികിത്സാരീതിയിലാണ് ഉപയോഗിക്കുന്നത് എന്നതും പ്രധാനമാണ്. അതുകൊണ്ടുതന്നെ ശ്ലോകങ്ങളിൽ പറയുന്ന പരമ്പരാഗത പ്രയോഗങ്ങൾ മനസ്സിലാക്കി, സ്വന്തം രോഗാവസ്ഥയ്ക്ക് അനുയോജ്യമായ ഉപയോഗരീതി വൈദ്യന്റെ നിർദേശത്തോടെ തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതമായ സമീപനം.

Disclaimer (അറിയിപ്പ്)

ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ആയുർവേദ ഔഷധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആരോഗ്യപരമായ അറിവുകളും പൊതുവായ അറിവിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി മാത്രമാണ് നൽകുന്നത്. ഇവ ഒരു ആയുർവേദ ഡോക്ടറുടെയോ മറ്റ് ആരോഗ്യവിദഗ്ധരുടെയോ വ്യക്തിഗത ചികിത്സാനിർദേശത്തിന് പകരമല്ല.

ആരോഗ്യപ്രശ്നങ്ങളുള്ളവർ, സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, പ്രായമായവർ എന്നിവർ ഏതെങ്കിലും ആയുർവേദ ഔഷധം ഉപയോഗിക്കുന്നതിന് മുമ്പ് ആയുർവേദ ഡോക്ടറുടെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണം.

ഈ വെബ്സൈറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വയം രോഗനിർണയം നടത്തുകയോ നിലവിലുള്ള ചികിത്സ നിർത്തുകയോ മരുന്നിന്റെ അളവിലും ഉപയോഗരീതിയിലും സ്വമേധയാ മാറ്റം വരുത്തുകയോ ചെയ്യരുത്.

ഏതെങ്കിലും ഔഷധം ഉപയോഗിച്ചതിന് ശേഷം അസാധാരണമായ അസ്വസ്ഥതകളോ പാർശ്വഫലങ്ങളോ അനുഭവപ്പെടുകയാണെങ്കിൽ, ഉപയോഗം തുടരുന്നതിന് മുമ്പ് ആരോഗ്യവിദഗ്ധന്റെ നിർദേശം തേടുക.

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ രോഗനിർണയം നടത്തുന്നതിനോ രോഗം ചികിത്സിക്കുന്നതിനോ രോഗശമനം ഉറപ്പുനൽകുന്നതിനോ ഉള്ള നേരിട്ടുള്ള മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതിയും ശരീരപ്രകൃതിയും വ്യത്യസ്തമായതിനാൽ, ഔഷധങ്ങളുടെ ഉപയോഗം വ്യക്തിഗതമായ വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.

© 2026 VillageTips.net – All Rights Reserved.

Post a Comment

Previous Post Next Post